രചന – ശ്രീതു ശ്രീ
“ഹലോ….” ശബ്ദം കേട്ട മാത്രയിൽ തന്നെ അത് നേഹയാണെന്ന് ലിന്റയ്ക്ക് മനസിലായി… “ഹായ് നേഹ…. തനിക്കെന്നെ മനസിലായിക്കാണും എന്നു കരുതുന്നു….. “സോറി…. ആരാന്നു എനിക്കങ്ങോട്ട് മനസിലായില്ല……ഇച്ചായൻ ഇവിടുണ്ട്….ഇപ്പൊ കൊടുക്കാം….” ഓ… ഇനി അതിനായിട്ട് ജോണിയേ വിളിക്കണ്ട…..ലിന്റ വിളിച്ചിരുന്നുവെന്ന് ഒന്ന് പറഞ്ഞിരുന്നാൽ മതി…. അത് കേട്ട നിമിഷം നേഹ ഞെട്ടാതിരുന്നില്ല….. എന്തിനെന്നറിയാതെ ആ മനമൊന്നു പിടഞ്ഞു….. കുറച്ചു മുൻപ് കൂടി ലിന്റ വിളിക്കാറുണ്ടെന്ന് ജോണി പറഞ്ഞെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല…… പക്ഷെ ഇപ്പൊ….!! ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ പടരുന്നത് അവളറിഞ്ഞു….. “എന്തിനാ വിളിച്ചത്….? “അത് തനിക്കറിയാവുന്ന കാര്യം തന്നെ ആണ്…ഞാൻ ജോണിയോടും നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്…..താൻ ഇപ്പൊ അയാൾടെ ഭാര്യയല്ലേ…? അപ്പൊ പറഞ്ഞിരിക്കുമല്ലോ എന്നെക്കണ്ട കാര്യമൊക്കെ……? ഇല്ലേ…..? “ഓ… പറഞ്ഞിരുന്നു…… പെട്ടെന്ന് ഞാനത് വിട്ടുപോയി….” തന്റെ ഭർത്താവ് എന്തെങ്കിലും തന്നിൽ നിന്ന് മറച്ചു വയ്ക്കുന്നു എന്ന് മറ്റൊരാൾ മനസ്സിലാക്കുന്നത് അവൾക്ക് വലിയൊരു തന്നെ കുറവ് ആയി തോന്നിയിരിക്കണം………
അത് കൊണ്ടു തന്നെ ലിന്റയ്ക്ക് മുന്നിൽ ഉള്ളിൽ ഉള്ളതൊന്നും തുറന്നുകാട്ടാൻ നേഹ ആഗ്രഹിച്ചില്ല…. എങ്കിലും താൻ പറഞ്ഞത് മുഴുവനും ജോണി നേഹയോട് പറയാൻ ഒട്ടും സാധ്യത ഇല്ലെന്ന് ലിന്റയ്ക്ക് നന്നായി അറിയാമായിരുന്നു….എന്നിരുന്നാലും കൂടുതലൊന്നും നേഹയോട് പറയാനും അവൾ ആഗ്രഹിച്ചില്ല….. “”മ്… ഞാൻ ജോണിയുമായി പിന്നെ സംസാരിച്ചോളാം “”എന്നു പറഞ്ഞവൾ ഫോൺ വച്ചു…. ജോണിയുടെ ഫോൺ അവന് കൊടുക്കാതെ അതുമായി നേഹ അടിക്കളയിലേക്ക് നടന്നു…… ഇനിയും ലിന്റ വിളിച്ചാൽ ചില കാര്യങ്ങൾ ചോദിക്കണമെന്ന് അവൾ തീർച്ചപ്പെടുത്തി…. ഇത്രയും നാളും തിരിഞ്ഞു നോക്കാതിരുന്ന ജനിയെ ഇപ്പോൾ അവൾക്കെന്തിനാണ്….?ഈ വരവിനു പിന്നിൽ ഒരിക്കലും ജനിയോടുള്ള സ്നേഹം ആയിരിക്കില്ല … ലിന്റയ്ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്ശ്യം കാണും…. അടുക്കളയിൽ നിന്ന് ചപ്പാത്തിക്കുള്ള കറിയുണ്ടാക്കുമ്പോൾ നേഹയുടെ ചിന്ത മുഴുവൻ ലിന്റയുടെ പുറകെ ആയിരുന്നു…
ജോണിച്ചായൻ പറയാതിരുന്നതിനു കാരണം ചിലപ്പോൾ ഞാൻ എന്തെങ്കിലും സംശയിച്ചാലോ എന്നതാവാം…. അല്ലെങ്കിൽ ലിന്റയുടെ വാക്കുകൾക്ക് അത്ര വിലയെ ഇച്ചായൻ കൊടുക്കുന്നുള്ളായിരിക്കും….. താനും ലിന്റ വിളിച്ച കാര്യം പറയാതിരുന്നത് അവരൊരിക്കലും ഒന്നിക്കാതിരിക്കാൻ ആണല്ലോ …. തന്നിലേക്ക് ജോണിച്ചായന്റെ സ്നേഹം എത്തിതുടങ്ങിയിട്ടേയുള്ളു…. അത് നഷ്ടപ്പെടുത്താൻ തന്റെ മനസ്സൊട്ടും ആഗ്രഹിക്കുന്നില്ല…. അവൾ തന്റെ അപ്പച്ചനെ വിളിച്ചത് ജോണിച്ചായനോട് പറഞ്ഞാൽ ജോണിച്ചായൻ അതിനു പിന്നാലെ പോയി അവർ തമ്മിൽ ഒരു കോംപ്രമൈസിൽ കാര്യങ്ങൾ എത്തിയാൽ ആഗ്രഹിക്കാത്ത ചില സംഭവങ്ങൾ നടന്നുവെന്ന് വരാം….. അങ്ങനെ അവൾ ജനിയെ കൊണ്ടുപോയാൽ ജോണിയെ തനിക്ക് നഷ്ടപെട്ടാലോ എന്ന ചിന്തയായിരുന്നു ആ ഉദ്യമത്തിന് പിന്നിൽ…..
എന്തൊക്കെ പറഞ്ഞാലും ലിന്റ ജനിയുടെ അമ്മ തന്നെയാണ്….അതൊരിക്കലും വിസ്മരിക്കാൻ പറ്റിയ സംഗതിയല്ല… പക്ഷേ എല്ലാം മറന്നുകൊണ്ട് ജോണിച്ചായൻ അവളെ സ്വീകരിക്കുമെന്നും കരുതാൻ കഴിയില്ല…… പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവളുടെ ചിന്ത മുറിഞ്ഞുപോയി…… തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല….. തന്റെ തോന്നലാകാം എന്ന് കരുതി അവൾ തന്റെ ജോലി തുടർന്നു…… ജിനു നോട്ടെഴുതാൻ ഉണ്ടെന്ന് പറഞ്ഞു പോയി…കുട്ടികളും അവൾക്കൊപ്പം തന്നെയാണ്….. അന്നമ്മയാണേൽ പതിവ് സീരിയലിനു മുന്നിലും ആണ്….. ഇടക്കൊക്കെ വന്ന് വേണ്ടതൊക്കെ അരിഞ്ഞു സഹായിച്ചിട്ടാണ് അവരും പോയത്… സ്വന്തം വീട്ടിൽ നിന്ന് പോലും കിട്ടാത്ത അത്ര പിന്തുണയും സ്നേഹവും തനിക്ക് വീട്ടിൽനിന്ന് കിട്ടുന്നുണ്ട്…… ഇടയ്ക്കൊക്കെ ഒന്ന് പിണങ്ങേണ്ടി വരുന്നത് പോലും ജോണിച്ചായനോട് മാത്രമാണ്….
പക്ഷേ അതൊന്നും അത്രനേരം നീണ്ടുനിൽക്കാറില്ല….. പുറമേ കുറച്ച് മസിൽ പിടിത്തം ഒക്കെ കാണിക്കുമെങ്കിലും ആള് ഉള്ളിൽ പാവമാണ്…… ജോണി ഫോൺ തിരഞ്ഞ് അവിടെയ്ക്കൊന്നു വന്നു…. അവന്റെ കാൽപെരുമാറ്റമായിരുന്നു അവൾ കേട്ടതും…. ‘”ഡീ… എന്റെ ഫോൺ നീയെവിടെ വച്ചു…?റോഹൻ നിന്റെ കയ്യിൽ തന്നെന്ന് പറഞ്ഞല്ലോ…. ” ദാ ഇവിടിരുപ്പുണ്ടായിരുന്നു……” അവൾ ഫോണെടുത്ത് അവന് നേരെ നീട്ടി… എന്നിട്ട് മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു…… “ലിന്റ വിളിച്ചിരുന്നു….” അത് കേട്ടപ്പോൾ അവന്റെ മനസാകെ നിശ്ചലമായി……തന്നോട് അവൾ പറഞ്ഞതൊക്കെ നേഹയോട് പറഞ്ഞു കാണുമൊ എന്നവൻ ഭയപ്പെട്ടു…… അവളെ നോക്കിയപ്പോൾ ഗൗരവത്തിൽ തന്നെ തന്റെ ജോലി തുടരുകയാണ്….. അവൻ മടിച്ചുമടിച്ചു ചോദിച്ചു…… “വിളിച്ചിട്ട് അവൾ എന്തുപറഞ്ഞു….?” “ഓ… എന്നോടെന്തു പറയാനാ….?എല്ലാം ഇച്ചായനോട് പറയാറുണ്ടല്ലോ…..” ആ വാക്കുകൾ കേട്ടപ്പോൾ അവന് എന്തൊ സംശയം തോന്നാതിരുന്നില്ല….
“നീയെന്താ അങ്ങനെ പറഞ്ഞത്….?” “ഓ…. ഞാനൊന്ന് പറഞ്ഞൂന്നേയുള്ളു…… “എന്തേലുമുണ്ടേൽ പറയെഡോ…. ഓരോന്ന് വെറുതെ തന്റെ മനസിലിട്ട് ആധി കയറ്റണ്ട…. ഇപ്പൊ ഒന്നുമില്ല… ജോണിച്ചായൻ ചെല്ല്……. “അപ്പൊ എന്നെ പറഞ്ഞുവിടാനാ നിനക്ക് താല്പര്യം… ദുഷ്ട….ഇതിനുള്ളത് ഞാൻ തരാട്ടോ…..”. എന്നു പറഞ്ഞുകൊണ്ട് നേഹയെ ചുറ്റിപ്പിടിച്ചൊരു മുത്തവും കൊടുത്തിട്ട് ജോണി മുറിയിലേക്ക് പോകാൻ തുടങ്ങി…. പക്ഷേ ലിന്റയുടെ ചിന്തയിൽ അവൻ അവിടെ തന്നെ നിന്നുപോയി…. ലിൻഡ എന്തു പറഞ്ഞുഎന്ന് ഒന്നുകൂടി അവളോട് ചോദിച്ചു മനസ്സിലാക്കിയിട്ട് പോകാമെന്ന് അവൻ വിചാരിച്ചു…… “ഡീ… എന്താ പറഞ്ഞതെന്ന് ഒന്നു പറ… “ഓക്കേ പറയാം … പക്ഷേ ആദ്യം അവൾ എന്താ ഇച്ചായനോട് പറഞ്ഞതെന്ന് എന്നോട് പറ…. എന്നിട്ട് എന്നോട് പറഞ്ഞത് ഒക്കെ ഞാൻ പറയാം…. ” നിനക്ക് ആദ്യം പറഞ്ഞു എന്നുവെച്ച് കൊമ്പൊന്നും മുളക്കാൻ പോകുന്നില്ലല്ലോ… ” നിങ്ങളോട് തർക്കിക്കാൻ ഞാൻ ഇല്ല….. ” എങ്കിൽ പറയണ്ട….” എന്ന് ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ജോണി അവിടെ നിന്നും പോയി……
അവൻ ദേഷ്യപ്പെട്ട് പോകുന്നത് കണ്ടിട്ടും അവൾക്കൊന്നും തോന്നിയില്ല….. അവന്റെ ദേഷ്യം കുറച്ചുനേരത്തേക്ക് ഉള്ളൂവെന്ന് മറ്റാരെക്കാളും നന്നായിട്ട് നേഹയ്ക്കു അറിയാം…. കഴിക്കാൻ വിളിക്കാൻ നേരം നേഹ ജോണിയെ മുറിയിലൊക്കെ നോക്കിയെങ്കിലും കണ്ടില്ല…. മറ്റുള്ളവരോട് ഒക്കെ ചോദിച്ചെങ്കിലും അവരൊക്കെ കൈമലർത്തി…… പപ്പ കൂടി വരട്ടെ എന്ന് പറഞ്ഞ് രോഹിൻ കഴിക്കാൻ സമ്മതിച്ചെങ്കിലും ബാക്കിയുള്ളവരൊക്കെ കഴിക്കാൻ ഇരുന്നു…. അവൻ കിട്ടിയ സമയത്തിന് അന്നമ്മ കൈയ്യടക്കി വെച്ചിരുന്ന ടിവിയുടെ റിമോട്ട് തപ്പിയെടുത്ത് അവന്റെ സ്വന്തം കൊച്ചു ടി വി വച്ച് കാർട്ടൂൺ കണ്ടുകൊണ്ടിരുന്നു…… ജോണി എവിടെയായിരിക്കും എന്ന് നേഹയ്ക്ക് ഒരു ഊഹം ഉണ്ടായിരുന്നു…. അതുകൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി കിണറിന്റെ അടുത്തേക്ക് നടന്നു…. അവൾ പ്രതീക്ഷിച്ചത് പോലെ ജോണി അവിടെ സിഗരറ്റ് വലിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു….. പുറകിലൂടെ അനങ്ങാതെ ചെന്ന് അവനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു…
എന്നോട് പിണങ്ങി ഇരിക്കുവാണോ…? അവനൊന്നും മിണ്ടിയില്ല…. പകരം തന്റെ ദേഹത്ത് ചുറ്റിയ അവളുടെ കൈ ഉടനെ അഴിച്ചുമാറ്റി….. പക്ഷേ നേഹ പിന്മാറിയില്ല… അവൾ വീണ്ടും അതേ കൈ തന്നെ അവനെ ചുറ്റികൊണ്ട് ചോദിച്ചു…. “” ഇതിങ്ങനെ വലിച്ചു കേറ്റി കൊണ്ടിരിക്കാതെ വന്നു വല്ലോം കഴിക്കാൻ നോക്ക്…. “എനിക്കൊന്നും വേണ്ട….” അവൻ ദേഷ്യത്തിൽ പറഞ്ഞു… “ഓ …. ഇനി പഴയ ഭാര്യ തിരിച്ചു വരാന്കൊണ്ട് നോമ്പ് എടുക്കുവാണോ…. ” നീ വല്ലൊം എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുമേ… ഇനി പറഞ്ഞില്ലെന്ന് വേണ്ട…. ജോണിക്ക് പുകഞ്ഞ കൊള്ളി എന്നും പുറത്തു തന്നെയായിരിക്കും….. അതിൽ മാറ്റം ഒന്നുമില്ല…. ഇനി ഏതെങ്കിലും ഇരുന്ന് പൊകഞ്ഞാലും എടുത്തു വെളിയിൽ കളയും “” അവൻ ഗൗരവത്തോടെ തന്നെ പറഞ്ഞു നിർത്തി…. ” അവസാനത്തെ വരി എനിക്കിട്ട് വച്ചതാണ്… അല്ലേ..? ” തോന്നിയോ…? ” ” ഹേയ് ഒട്ടും തോന്നിയില്ല… അതല്ലേ ചോദിച്ചത്….” ഗൗരവം കൈവിട്ടവൻ ഒന്ന് ചെറുതായി ചിരിച്ചു….പിന്നവൻ ചുണ്ടിലിരുന്ന സിഗരറ്റും എടുത്തു ദൂരേക്കെറിഞ്ഞു…..
അവളപ്പോഴും അവനിലെ പിടിവിട്ടിരുന്നില്ല….. മനസ്സൊന്നു തണുത്തപ്പോൾ അവൻ പറഞ്ഞു… “ജനിയെ ഇനി തിരികെ വേണമെന്ന് പറഞ്ഞാണ് ലിന്റ വിളിച്ചത്… ഈ ജന്മത്ത് ഞാൻ എന്റെകുഞ്ഞിനെ അവൾക്ക് കൊടുക്കാൻ പോകുന്നില്ല….. ” എന്നോടും ഇതുതന്നെയാ അവൾ ഇച്ചായാ പറഞ്ഞത്…. ജോണിക്ക് അത് കേട്ടപ്പോൾ ആശ്വാസമായി….. ” ഇനി അവൾ വിളിക്കുകയാണെങ്കിൽ നീ സംസാരിക്കാനേ നിൽക്കണ്ട… കേട്ടോ…. “മമ്മാ…. ഇങ്ങ് വന്നേ…. ” ജനിയുടെ വിളിയെത്തിയപ്പോൾ ഇരുവരും അകത്തേക്ക് നടന്നു…..  🌹🌹🌹🌹🌹 പതിവുകൾ തുടർന്നുകൊണ്ടേയിരുന്നു…. ഓരോ ദിവസങ്ങളും ഓർമ്മകളിൽ ചേക്കേറിക്കൊണ്ടിരുന്നു….. വീട്ടിലെ ജോലികളൊക്കെ ഒന്നൊതുക്കി വിശ്രമിക്കുന്നതിന് ഇടയ്ക്ക് ഒരു ഫോൺ കോൾ നേഹയെത്തേടി എത്തി… (തുടരും )

by