17/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 13

രചന – ആയിഷ അക്ബർ

അവൻ വരുന്നതും കാത്ത് ഭാഗ്യം പുറത്തേക്കിറങ്ങി നിന്നിരുന്നു…..

വാക്കുകൾക്കിടം കൊടുക്കാതെ ഒരു കയ്യിൽ ബാഗും മറു കയ്യിൽ ഭാഗ്യത്തെയും ചേർത്ത് പിടിച്ചവൻ നടന്നു…..

ഉള്ളിന്റെ യുള്ളിൽ ആർത്തിരമ്പുന്ന അവളെന്ന സാഗരത്തിനിന്നൊരു മൂടലാണ്……

അവ തന്റെ കാഴ്ചയെ മറക്കുന്നു…..

തൊണ്ടക്കുഴിയിൽ വിങ്ങി നിൽക്കുന്ന തന്റെ ദുഃഖ ഭാരം ശബ്ദങ്ങളെ പുറപ്പെടാൻ അനുവധിക്കുന്നില്ല……

കാതുകളിൽ അവളുടെയാ വാക്കുകൾ മാത്രം…..
അതിനു നിന്റെ കയ്യിലെന്തുണ്ട്……

വില മതിക്കാനാവാത്ത തന്റെ സ്നേഹത്തെ കാണാനുള്ള കഴിവവൾക്കുണ്ടാവില്ല…..

ഉണ്ടായിരുന്നെങ്കിലൊരു പക്ഷെ ഇന്ന് ഞങ്ങളുടെ കൂടെ അവളും കാണുമായിരുന്നു……

പണ്ടിത് പോലെ ഇവിടെ നിന്ന് നിന്റെ ഉപ്പാന്റെ കൈ പിടിച് ട്രെയിൻ കയറിയവളാണ് ഞാൻ……

ഏതോ ഒരു നാട്ടിലേക്കുള്ള ടിക്കറ്റുമെടുത് ട്രെയിനിലിരിക്കുമ്പോഴാണ് തന്റെ കൈ പിടിച് അമ്മയത് പറയുന്നത്…

അവനൊന്നു പുഞ്ചിരിച്ചു…..
തന്റെ പുഞ്ചിരിയിൽ ഉള്ളിലെ വിങ്ങൽ വന്നു പെടരുതേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു…..

എങ്ങോട്ടാ റാനീ നമ്മൾ…..

അറിയില്ല……
എങ്ങോട്ട് പോയാലെന്താണമ്മാ ..
എവിടെയും നമ്മൾക്കാരുമില്ലല്ലോ….

അതും പറഞ്ഞ് റാനി സീറ്റിലേക്ക് ചാഞ്ഞു കിടന്നു മിഴികളടച്ചു…..

എന്തിനാണ് ഇങ്ങോട്ട് വന്നത്….

അവളെ കാണാനോ….
ഒരിക്കലും ഉണങ്ങാത്തൊരു മുറിവ് തന്നിലേൽപ്പിക്കാനോ….

വിധിയോട് അവനോത്തിരി ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും ഒന്നിലും ഉത്തരം കിട്ടിയിരുന്നില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി ഇറുകെയടച്ച കണ്ണുകൾ തുറന്നു…..

താനൊത്തിരി വർഷങ്ങളും ദൂരങ്ങളും പിറകിലേക്ക് സഞ്ചരിച്ചെങ്കിലും ആദിത്യൻ തന്നെ നോക്കി അതെയിരിപ്പാണ്……

ഒന്ന് കൂടി ഒഴിക്ക്….

കുഴഞ്ഞ ശബ്ദത്തിൽ വീണ്ടും അവനത് പറഞ്ഞതും ആദിക്ക് ദേഷ്യം വന്നു……

ഇവിടെ സ്റ്റോക്ക് കഴിഞ്ഞത്രേ…..

അവൻ ദേഷ്യതോടെ അതും പറഞ് തല ചെരിച്ചു…..

എന്നോട് സ്റ്റോക്ക് തീർന്നെന്ന് പറയാൻ നീയാരാടാ……
പോയി വിളിക്കെടാ…..

റാനി വീണ്ടും അത് പറഞ്ഞതും ആദിത്യൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു……

എഴുന്നേൽക്കെടാ…..

അവൻ റാനിക്ക് നേരെ നിന്ന് അവനെ ഉയർത്തി….

കൈ വിടടാ….
റാനി അവനെ തള്ളാൻ ശ്രമിച്ചു……

ഇനി നീ ഒരു തുള്ളി കുടിച്ചാൽ ഞാൻ നിന്നെ ഇവിടെ തന്നെയിട്ട് മൂടും….

ആടി കുഴഞ്ഞ അവനെ ചുമരിലേക്ക് ചാരി നിർത്തി കഴുത്തിൽ പിടിച്ചു കൊണ്ടാണ് ആദിത്യന്നത് പറഞ്ഞത്…..

പിന്നെ റാനി ഒന്നും മിണ്ടിയില്ല….

കട്ടിലിലേക്ക് നേരെ വീണു….

ഡേയ്….. ആം യുവർ ബോസ്സ്….

കട്ടിലിൽ കിടക്കുന്ന അവൻ കുഴഞ്ഞ ശബ്ദത്തിലത് പറഞ്ഞതും ആദിത്യന് ശെരിക്കും ചിരി വന്നിരുന്നു……

അതേ…. ഉമ്മയെ കഴിഞ്ഞാൽ റാനിയെ വഴക്ക് പറയാനും ശാസിക്കാനുമുള്ള അവകാശം തന്റെ വെറുമൊരു ജോലിക്കാരനായ ആദിത്യന് തന്നെയാണ്….

വെറുമൊരു ജോലിക്കാരനായ ആദിത്യനല്ല…..
ആത്മാർത്ഥ സുഹൃത്തായ ആദിത്യനാണ്……

താൻ ഒന്നുമില്ലായ്മയിൽ നിന്നും ഇന്നീ സൗഭാഗ്യങ്ങൾക്ക് നടുവിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിനു അവൻ കൂടി കാരണക്കാരനാണ്….

അതേ…. ആ ട്രെയിൻ നിന്നെത്തിയത് അവന്റെ നാട്ടിലായിരുന്നു…..

ദാരിദ്രനായി ഈ നാട്ടിൽ കാല് കുത്തുമ്പോൾ തനിക്കറിയില്ലായിരുന്നു ഈ നഗരം തന്നെ ആരാധനയോടെ അതിലേറെ അസൂയയോടെ നോക്കുമെന്ന്……

അപ്രതീക്ഷിതമായാണെങ്കിലും താമസിക്കാനൊരു സ്ഥലം കിട്ടുമോയെന്ന് വഴിയിൽ നിന്ന് അന്ന്വേഷിച്ചത് തന്റെ സമ പ്രായം തോന്നുന്ന ഒരു യുവാവിനോടായിരുന്നു…

അവൻ അത് പറഞ്ഞ് തരുന്നതിനിടയിലാണ് അമ്മ തല ചുറ്റി വീഴുന്നത്….

ഒട്ടും മടി കൂടാതെ അവന്റെ കുഞ് വീട്ടിലേക്ക് അവൻ അവൻ ഞങ്ങളെ ക്ഷണിച്ചു…..

ഞങ്ങളെ പോലെ അമ്മയും അവനുമായ ആ കുടുംബത്തിൽ ഞങ്ങളും ആരൊക്കെയോ ആണെന്ന് തോന്നും വിധം അവൻ ഞങ്ങളെ പരിചരിച്ചു ….

അതേ…. അവനാണ് തന്റെ പ്രിയ മിത്രം….

ആദിത്യൻ….

റാനി അബോധവസ്ഥയിലും അവനെ നോക്കിയോന്ന് പുഞ്ചിരിച്ചു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

റാനി വീട്ടിലേക്ക് ചെല്ലുമ്പോൾ പതിവ് പോലെ അവിടെ കുട്ടികളുടെ കളികളും മൂത്തമ്മ മാരും അമ്മായി മാരുടെയും സംസാരങ്ങളും ഒക്കെ ആ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു…..

എല്ലാവർക്കും പതിഞ്ഞൊരു പുഞ്ചിരി നൽകിയവൻ മുറിയിലേക്ക് തിരിഞ്ഞു……

അവിടെ വെച്ച ഉപ്പാന്റെ വലിയൊരു ഫോട്ടോക്ക് മുമ്പിൽ പോയി തല കുനിച്ചങ്ങനെ ഇരുന്നു….

അങ്ങനെ ഇരിക്കുമ്പോഴെല്ലാം ഉപ്പ അടുത്തുള്ള പോലെയൊരു തോന്നലാണ്……

പതിയേ ഉപ്പയെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

പിന്നീട് പതിയേ അതൊരു കരച്ചിലായി പരിണമിച്ചു……

കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത വിധം കണ്ണു നീർ ഞെങ്ങി ഞെരുങ്ങി…….

കൈ കൊണ്ട് പതിയേ അവൻ മുഖം പൊതി പിടിച്ചു……

ഉപ്പാന്റെ റാനി എങ്ങനെയാണ് ഇത്രയും മാറിയതെന്ന് അറിയില്ല….

ചുറ്റും എല്ലാം ഉണ്ടായിട്ടും ഇരുട്ടിലാണ് ഞാൻ……
എനിക്കിതിൽ നിന്ന് പുറത്ത് കടക്കാൻ എങ്ങനെ കഴിയും ഉപ്പാ….

അവൻ ഒരു തേങ്ങലോടെ അതും പറഞ് കൊണ്ട് താഴെക്കൂർന്നിരുന്നു കാലുകൾക്ക് മേൽ തല വെച്ചു പൊട്ടി കരഞ്ഞു….

അതേ…. താൻ പോലും ആഗ്രഹിക്കാത്ത ഒരു ജീവിതമാണിന്ന് ജീവിച്ചു തീർക്കുന്നത്……
മാറാൻ അതിയായി ആഗ്രഹിക്കുമ്പോഴും മാറ്റാൻ കഴിയാത്ത ശീലങ്ങൾ……

ഇരുട്ടിലാണ്….. മനസ്സ് മൊത്തം ഇരുട്ടിലാണ്….

അവൻ ചുണ്ടുകൾ കൊണ്ടത് പറയുമ്പോൾ റാനിയെന്നൊരു വിളി തനിക്ക് മാത്രമായി കേൾക്കാൻ കഴിഞ്ഞു….

അതേ…. വിചാരിച്ചത് പോലെ തന്നെ ഉപ്പയാണ്….

തന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നാണ് തന്നോട് സംസാരിക്കുന്നത്…..

റാനി….. നിനക്കിപ്പോൾ അത്യാവശ്യമുള്ള ഒന്നുണ്ട്…..

അറബിയിൽ അതിനെ നൂറെന്ന് പറയും…..

പ്രകാശം…..

ഇരുട്ടിനെ വകഞ്ഞു മാറ്റാൻ തക്ക ഒരു നൂറാണ് നിനക്കിപ്പോൾ ആവശ്യം…..

നിന്റെ നൂറിനെ നീ തന്നെ കണ്ടെത്തണം….

ഉള്ളിലെ കനലുകളെന്താണോ ആ കനലുകളിലെ പ്രകാശത്തെയാണ് നീ സ്വന്തമാക്കേണ്ടത്….

ഒരിക്കലും കെടാത്ത തീക്ഷണതയുള്ള ഒരു നൂർ……

അവൻ ഉപ്പാന്റെ ഫോട്ടോയിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി…..
നിരയോത്ത പല്ലുകൾ കാട്ടി ചിരിച്ചങ്ങനെ നിൽക്കുകയാണ്……

കണ്ണു നീർ കവിളുകളെ കുതിർത്തിയിരിക്കുന്നെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആ വാക്കുകൾ തന്നിലെന്തൊക്കെയോ മാറ്റം വരുത്തുമെന്നൊരു പ്രതീക്ഷ അവനിൽ നിറഞ്ഞു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്നത്തെ ദിവസം ….. ആരെയോ സ്വയം പ്രതീക്ഷിക്കും പോലെ…..

മനസ്സ് താൻ ഓർക്കുന്നില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുമ്പോഴും ഹൃദയം അവളെ തന്നെ ഓർമിപ്പിക്കുന്നുണ്ട്…..

ഇന്നാണ് അവൾ ജോയിൻ ചെയ്യുന്ന ദിവസമെന്ന് ഓർക്കുന്ന ഭാവം ഇല്ലെങ്കിൽ കൂടി ഇടക്കിടെ എന്തോ ഒരു വെപ്രാളം തോന്നുന്നുണ്ട്…..

നേരത്തെ തന്നെ ഓഫീസിൽ എത്തിയിരുന്നവൻ……

ആദിത്യൻ കേബിനിലേക്ക് കടക്കുമ്പോൾ ചെയറിലിരിക്കുന്ന റാനിയെ കണ്ടോന്നമ്പരന്നിരുന്നു….

സാധാരണ താൻ വന്ന ശേഷമാണ് അവൻ വരാറുള്ളത്……

നീയെപ്പോ വന്നു…..

ഹാഷിം റാനി എന്ന് പേരെഴുതി അവന്റെ മുമ്പിൽ വെച്ച ആ നെയിം ബോർഡ്‌ തിരിച്ചു കൊണ്ട് ആദിയത് ചോദിച്ചപ്പോൾ അവൻ മുഖമൊന്നുയർത്തി നോക്കി…….

കുറച്ചു നേരമായി…..

ഓഹോ… അപ്പൊ ഇവിടെ നീ ക്ലീൻ ചെയ്തോ….

ആദിയവനെ കളിയാക്കി കൊണ്ടത് ചോദിച്ചതും അവൻ തുറിച്ചൊരു നോട്ടം നൽകി..

ആദി പിന്നെ അവിടെ നിന്നിരുന്നില്ല…..

സ്റ്റാഫുകൾ ഓരോരുത്തരായി വരുന്നുണ്ട്……

എല്ലാവരിലും തന്റെ മിഴികൾ അവളെ തിരയുകയാണോ…

ഇനിയവൾ വരാതിരിക്കുമോ…..

വന്നില്ലെങ്കിൽ തനിക്കെന്താണ്…..

അവൻ ഓരോന്നാലോചിച് ഇരുന്നിടത് നിന്നും എഴുന്നേറ്റു……

അപ്പോഴാണ് ആദി അകത്തേക്ക് കയറി വരുന്നത്…..

സർ….. നമ്മുടെ പുതിയ അപ്പോയ്ന്റ്മെന്റ് ആണ്….

അതും പറഞ് കൊണ്ട് ആദി മുമ്പിലേക്ക് വന്നതും പിറകിലായി വരുന്നവളിൽ തട്ടി റാനിയുടെ ഹൃദയം നിശ്ചലമായിരുന്നു……

അവൻ അവളെ ഉറ്റ് നോക്കിയങ്ങനെ നിന്നു….

താഴേക്ക് പതിപ്പിച്ചിരുന്ന മിഴികൾ അവൾ അവന് നേരെ ഉയർത്തിയപ്പോൾ
ആ വെള്ളാരം കണ്ണുകളിൽ ഭാവങ്ങൾ ഇളകി മറിയുകയായിരുന്നു….

ആ കണ്ണുകളിൽ അവൻ പാടേ തളരുന്നത് പോലെ തോന്നി…..

റാനി…..
അവളുടേ ചുണ്ടുകൾ മൊഴിഞ്ഞെങ്കിലും ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല…..

റാനിയുടെ മനസ് എക്സിബിഷൻ ഹാളിൽ നിന്നും തുടങ്ങി മുത്തപ്പൻ ബസ്സിലെ നല്ല നിമിഷങ്ങളും കടന്ന് ആ രാത്രയിലെത്തി നിന്നു….

ആദ്യമായി മനസ്സിനിഷ്ടം തോന്നിയവൾ തന്റെ സമ്പത്തിലേക്ക് വിരൽ ചൂണ്ടി തന്റെ പ്രണയത്തെ ചുട്ട് ചാമ്പലാക്കിയ ആ ദിവസം……

ഓർമ്മകൾ അവന്റെ കണ്ണിൽ കനലായി ജ്വലിച്ചു…..

എന്താ പേര്….

ഗൗരവമേറിയ ആ ചോദ്യം ഹിമയെ പാടേ തളർത്തിയിരുന്നു….

അതായിരുന്നില്ല അവൾ പ്രതീക്ഷിച്ചതെന്ന് പെട്ടെന്ന് മുഖത്തുണ്ടായ ആ മങ്ങൽ വിളിച്ചോതുന്നുണ്ട്…..

അവളൊന്നും മിണ്ടാത്തെ അവനെ തന്നെ നോക്കി നിൽക്കുകയാണ്……

അവന്റെ കണ്ണുകളിൽ അവളോടുള്ള ദേഷ്യം ആളി കത്തിയിരുന്നു……

പേരെന്താണെന്ന്…..

ശബ്ദം അല്പം കൂട്ടി കനപ്പിച്ചു കൊണ്ട് അവൻ വീണ്ടും ചോദിക്കുമ്പോഴും അവൾ അത് കേട്ടിരുന്നില്ല….

അവളങ്ങനെ അവനെ നോക്കി നിന്നു…..

ആദിത്യൻ പതിയേ അവളെയൊന്നു നോക്കി….

കുട്ടീ…. പേര് പറയു….

അവൻ അല്പം ശബ്ദം കുറച്ചു അവളുടേ നേർക്ക് പറഞ്ഞപ്പോൾ അവളൊരു ഞെട്ടലിൽ നിന്നെന്ന പോലെ ഉണർന്നു….

ശരീരം കുഴയുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു..

എങ്കിലും തളർന്നു നിൽക്കാൻ മനസ്സനുവദിക്കാത്തത് കൊണ്ട് തന്നെ അവൾ ശ്വാസമൊന്ന് നേരെ വിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

ഹിമ…..

ഹിമക്ക് വാലൊന്നുമില്ലേ….

കസേരയുടെ മുകളിലായി കൈ രണ്ടും അമർത്തി വെച്ച് ഗൗരവത്തോടെ വീണ്ടും റാനിയത് ചോദിക്കുമ്പോൾ ഊർന്ന് പോയ ശാളിന്റെ അറ്റം നേരെ വലിച്ചു കൊണ്ട് ഗൗരവത്തോടെ തന്നെ പറഞ്ഞു…..

ഹിമ മഹേഷ്വരി……

നിന്ന നിൽപ്പിൽ കണ്ണുകൾ ചുരുക്കി അവളെ തന്നെ നോക്കി റാനി അൽപ നേരം നിന്നു….

ഓക്കേ….. യു കാൻ ജോയിൻ നൗ…..
സർട്ടിഫിക്കേട്സ് ഒക്കെ ടേബിളിൽ വെച്ചോളൂ….

അതും പറഞ്ഞവൻ കസേരയിലേക്കിരുന്നു….

പ്രൌടിയോടെ ആ കസേര യിലേക്കമരുമ്പോൾ ആ മുഖത്ത് അവളോടുള്ള പ്രതികാരം മുഴുവനവൻ തീർത്തിരുന്നു…..

എങ്കിലും ഹൃദയം അകാരണമായി വേവും പോലെ….

ടേബിളിലേക്ക് ഫയൽ വെച്ചു കൊണ്ടവനെ അവളൊന്ന് നോക്കി…..

അവന്റെ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായത് കൊണ്ട് തന്നെ അവൾ വേഗം അവനിൽ നിന്നും തല ചെരിച്ചു….

വരൂ … ജോലിയുടെ കാര്യങ്ങൾ പറഞ്ഞ് തരാം….

ആദിയത് പറഞ്ഞതും അവൾ അവന് പിറകെ പുറത്തേക്ക് നടന്നു…..

ആദിത്യാ…..
ശമ്പളത്തിന്റെ കാര്യമൊക്കെ ആദ്യമേ പറഞ് ക്ലിയർ ആക്കണം……
അല്ലെങ്കി ചിലപ്പോ പാതി വെച്ച് പോരെന്നു തോന്നിയാലോ ……

തിരിഞ്ഞു നടക്കുമ്പോൾ അവൾ കേട്ടിരുന്നു അവന്റെ പരിഹാസ തോടെയുള്ള വാക്കുകളെ…..

പതിവില്ലാത്ത അവന്റെ ഭാവത്തിലും സംസാരത്തിലും സംശയം തോന്നി ആദിയൊന്നു തിരിഞ്ഞു നോക്കിയെങ്കിലും അവൾ അവനിലേക്ക് തിരിഞ്ഞില്ല….

കാരണം…. തന്റെ റാനിയിൽ നിന്നും അങ്ങനെയൊരു ഭാവം അവളാഗ്രഹിക്കുന്നുണ്ടായിരുന്നില്ല…..

അവന്റെ അവഗണന തന്നെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിനെ അവൾക്ക് മനസ്സിലാക്കി കൊടുക്കാനെന്ന വണ്ണം ആ വെള്ളാരം കണ്ണുകൾ നനഞ്ഞിരുന്നു…..

അവൾ ആരും കാണാതിരിക്കാൻ പെട്ടെന്ന് തന്നെ ശാള് കൊണ്ട് അമർത്തി തുടച്ചിരുന്നു……..

(തുടരും )