18/04/2026

മൂക്കുത്തി : ഭാഗം 07

രചന – ആയിഷ അക്ബർ

ആ കുട്ടി വന്നോ അഞ്ചു…

അവൾ കയറി വന്ന പാടേ ജാനകി ചോദിച്ചത് അതായിരുന്നു….

കുട്ടിയോ….. ഒരു മുതുക്കൻ വന്നിട്ടുണ്ട്….

അവളതും പറഞ്ഞോന്നു ചിറി കോട്ടി….

ഈ പെണ്ണിനിതെന്തിന്റെ കേടാ……

ജാനകി അവളെ നോക്കിയൊന്ന് നെടു വീർപ്പിട്ടു കൊണ്ട് മംഗലത്തേക്ക് നടന്നു…..

അന്ന് ക്ലാസ്സിലിരിക്കുമ്പോൾ മുഴുവൻ അവളുടേ ചിന്ത അവനെ കുറിച് തന്നെയായിരുന്നു…..

അതിനേക്കാളേറെ ഇനി മംഗലത് നിന്ന് അവനെ കൂടി കാണണ്ടേ എന്നൊരു ആശങ്കയുമായിരുന്നു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അജു….. നിനക്ക് ജാനകിയെ അറിയില്ലേ…..

ജാനകി വന്നതും മുത്തശ്ശി അതും പറഞ് തന്റടുത്തേക്ക് വരുമ്പോൾ അർജുനോന്നെഴുന്നേറ്റു..

ഹാ… അറിയാം മുത്തശ്ശി…..

അവൻ അതും പറഞ് അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

സുഗമായിരിക്കുന്നോ…
കുശലാന്വേഷണം എന്ന പോൽ വളരേ മയത്തോടെയാണ് അവൻ അവരോടത് ചോതിച്ചത്…

ജാനകി ഒരു അത്ഭുതത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്…

മ്മ്….
മോൻ ആളാകെ മാറി പ്പോയി….
അവർ പതിയേ ഒന്ന് പുഞ്ചിരിച്ചു..

അവനും ഒരു പുഞ്ചിരി പകരം നൽകി…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരം ജാനകി പോയതും അഞ്ജലി മംഗലത്തേക്കെത്തി……

അവനെ കാണണ്ടെയെന്ന് കരുതി പിറക് വശത്തു കൂടെയാണ് മംഗലത്തമ്മയുടെ മുറിയിലേക്ക് കയറിയത്…..

ജാനകി ചേച്ചി…….
അല്പം ചൂട് വെള്ളം…..

മംഗലത്തമ്മയുടെ മുറിയിലേക്ക് കയറിയപ്പോഴേ ഉമ്മറത്തു നിന്നുള്ള അവന്റെ ശബ്ദം തന്നിലൊരു ഭയം നിറച്ചു….

അമ്മ ഇവിടെ നിന്ന് പോയത് അവനറിഞ്ഞിട്ടുണ്ടാവില്ല ഒരു പക്ഷെ ……..

മോളേ അഞ്ചു…. അല്പം വെള്ളം എടുത്ത് കൊടുക്കുമോ അവന്….

മംഗലത്തമ്മ അത് പറഞ്ഞതും അവൾ വേഗം അടുക്കളയിലേക്ക് നടന്നു…..

സ്റ്റോവിനു മുകളിലേക്ക് വെള്ളം വെക്കുമ്പോഴും ഇനി ഇതവന് കൊണ്ട് കൊടുക്കേണ്ട കാര്യം ആലോചിച്ചായിരുന്നു അവൾക്കേറെ പ്രയാസം തോന്നിയത്……..

അവന്റെ മുഖത്തേക്ക് നോക്കാൻ തനിക്ക് അത്ര മേൽ പ്രയാസമാണ്…..

ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ …..
ജാനകി ചേച്ചി പോയേക്കുവാണോ മുത്തശ്ശി…..

അതും ചോദിച്ചായിരുന്നു അർജുൻ മുറിയിലേക്ക് കയറി വന്നത്…..

ആ…. അവള് പോയി….
അഞ്ജലി വന്നിട്ടുണ്ട്….
അവള് വെള്ളം എടുക്കുന്നുണ്ട്……

മുത്തശ്ശി അത് പറഞ്ഞതും അഞ്ജലിയെന്ന ആ വാക്കിൽ അവന്റെ മനസ്സൊന്നു കുരുങ്ങി…..

അവൻ നേരെ പോയത് അടുക്കളയിലേക്കായിരുന്നു…..

അടുക്കളയിൽ ചെന്നപാടെ സ്റ്റവിലിരിക്കുന്ന വെള്ളത്തിലേക്കും അതിനടുത്തായി നിൽക്കുന്ന അവളിലേക്കും മിഴികൾ നീങ്ങി…..

മ്മ്ഹ്ഹ്…

അവൻ അവളെ അറിയിക്കാനെന്ന വണ്ണം ഒന്ന് മുരടനക്കിയതും അവൾ ചിന്തകളിൽ നിന്ന് ഞെട്ടി….

കാരണം അവന്റെ ശബ്ദം അവൾക്ക് വ്യക്തമായി മനസ്സിലായിരുന്നു ….

അവൾ തിരിഞ്ഞില്ല….

അവനെന്തിനു വന്നോ അത് ചെയ്ത് പോകട്ടെയെന്ന് കരുതി പതിയേ ഒരു വശത്തേക്ക് നീങ്ങി നിന്നും …..

അവനവളെയൊന്ന് നോക്കി…..

ശേഷം സ്റ്റവ് ഓഫ് ചെയ്തു….

വെള്ളം ഗ്ലാസ്സിലേക്ക് ഒഴിക്കാനായി ചൂടുള്ള പാത്രം പിടിക്കാൻ എന്തെങ്കിലും ഉണ്ടോയെന്നവന്റെ മിഴികൾ തിരഞ്ഞു…..

ഞാൻ…. ഞാനെടുത് തരാം…..

അപ്പുറത്ത് നിന്നും ഒരു തുണിയെടുത് അതെടുക്കാനെന്ന വണ്ണം മുന്പോട്ട് വന്നു അവൾ പതിയേ യാണത് പറഞ്ഞത്….

അവൻ അവളിലേക്ക് തലയൊന്ന് തിരിച്ചു….

വേണമെന്നില്ല…..ചെയ്തിടത്തോളം മതി….

അവൻ അവളെ നോക്കി ഗൗരവത്തോടെ അത് പറയുമ്പോൾ നെറ്റിയിലെ ആ മുറിവിൽ ഒന്ന് കൈ വെച്ചിരുന്നു….

അവൾ പെട്ടെന്ന് തല താഴ്ത്തി…..

തന്റെ മുമ്പിൽ മുഖം വീർപ്പിച്ചു തല താഴ്ത്തി നിൽക്കുന്നവളെ അവനൊന്നു നോക്കി…

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു..

തന്നെ ഇടം കണ്ണിട്ട് നോക്കുന്ന അവളുടെയാ നോട്ടത്തിന് മുമ്പിൽ നിന്നും അവനാ പുഞ്ചിരിയെ വിദഗ്ധമായി മറച്ചു വെച്ചു…..

അവൾ കയ്യിലെ തുണി കഷ്ണം അവന് വേണ്ടിയെന്ന പോൽ അവിടെ വെച്ചു കൊണ്ട് അവൻ കാണാതെയെന്ന വണ്ണം ചിറിയൊന്നു കോട്ടി തിരിഞ്ഞു നിന്നു…..

അവളുടേ ഓരോ ചലനങ്ങളും ഒപ്പിയെടുത് നിൽക്കുന്ന അവനെ അവളുടേ കണ്ണുകൾ കണ്ടിരുന്നില്ല…..

അവനാ തുണി കൊണ്ട് ചൂടുള്ള പാത്രത്തിന്റെ വക്കത്ത് പിടിച് ഗ്ലാസ്സിലേക്കൊഴിച്ചതും വശമില്ലാത്ത പണിയായത് കൊണ്ടാവാം അത് കൈകൾക്ക് മേൽ വീണു പോയത്……

ആ…..
പെട്ടെന്നവൻ ശബ്ധിച്ചതും അവൾ വേഗം അവന്റെ കയ്യിൽ പിടിച്ചത് മനപ്പൂർവമായിരുന്നില്ല…..

പൊള്ളിയതിന്റെ ആഴം നോക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നത്…..

ഒരു വേള അവളുടേ സ്പർശനം അവന്റെ ശ്വാസം പിടിച്ചു നിർത്തിയിരുന്നു…..

അവൻ അവളിലേക്ക് തന്നെ നോക്കി….

തന്റെ കൈകൾ പിടിച്ചു നോക്കുന്നതിനിടയിലാണ് അവൾ പെട്ടെന്നൊന്നു നിശ്ചലയായതും അതേ വേഗത്തിൽ തന്റെ മുഖത്തേക്ക് തലയുയർത്തിയതും……

അവൻ അവളുടേ നോട്ടം അറിഞ്ഞതും മുഖത്ത് ദേഷ്യത്തെ കൂട്ട് പിടിച്ചു…..

അറിയാതെ സംഭവിച്ചതാണെന്ന വിധം അവളുടേ മുഖം ദയനീയമായതും തന്റെ കൈകളിലെ പിടുത്തം വിട്ടവൾ അകന്ന് മാറിയതും ഒരുമിച്ചായിരുന്നു….

അവൻ ദേഷ്യത്തോടെ അവിടെ നിന്ന് നടന്ന് പോരുമ്പോഴും ഹൃദയം എന്തെന്നറിയാത്തൊരു വികാരത്തെ പേറിയിരുന്നു….

അവൻ മുറിയിലെ ആ കസേരയിൽ വന്നൊന്ന് ചാരിയിരുന്നു…..

പൊള്ളിയ ആ കൈകളിലേക്കൊന്ന് നോക്കി….

ചൂട് വെള്ളം വീണു പൊള്ളിയതാണെങ്കിലും അതത്ര മേൽ മനസ്സിലേക്ക് ചൊരിയുന്നത് തണുപ്പായിരുന്നു……

അതവളിൽ നിന്ന് വന്ന പെട്ടെന്നുള്ള ഒരു റീഫ്ളക്സ് ആക്ഷൻ മാത്രമായിരുന്നെങ്കിൽ കൂടി ആ പതിനാല് വയസ്സുകാരിയുടെ ഓർമകളോട് അവനത് അത്ര മേൽ ഹൃദയത്തിലേക്ക് ചേർത്തെഴുതി വെച്ചിരുന്നു…..

അവൻ അടുക്കളയിൽ നിന്ന് പോയതും അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

തനിക്കവനോട് ദേഷ്യം മാത്രമല്ല…. ചെറിയൊരു ഭയം കൂടെയുണ്ട്……

എന്തൊക്കെയാണെങ്കിലും അന്ന് മുറിവാക്കേണ്ടിയിരുന്നില്ല എന്നൊരു കുറ്റ ബോധവും….

എല്ലാം കൂടി തിങ്ങി നിറഞ്ഞ അവന്റെ മുഖത്ത് നോക്കാൻ തന്നെ തനിക്ക് പ്രയാസമാണ്….

അങ്ങനെയുള്ള അവന്റെ കയ്യിൽ വന്ന ദിവസം തന്നെ കയറി പിടിച്ച താനെന്ത്‌ വിഡ്ഢിയാണ്….

അവൾക്ക് സ്വയം ദേഷ്യമോ സങ്കടമോ വന്നതെന്ന് അവൾക്കറിയുന്നില്ലായിരുന്നു……

അവന്റെ കൈ പിടിച് നിൽക്കുന്ന തന്നെയും തന്നെ അത്രയേറെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അവന്റെയും ഒരു ചിത്രം അവളുടേ മനസ്സിനെ അസ്വസ്ഥ മാക്കി……

അവൾ പതിയേ മുറിയിലേക്ക് നടന്നു…..

അഞ്ചു….. അജുവിന് വെള്ളം കൊടുത്തിരുന്നില്ലേ…..

മംഗലത്തമ്മ പെട്ടെന്നത് ചോദിച്ചതും അടുക്കളയിൽ കഴിഞ്ഞ ഓരോ നിമിഷങ്ങളും മനസ്സിലൂടെ കടന്ന് പോയത് കൊണ്ടാവാം എന്ത് പറയണമെന്നറിയാതെ അവൾ കൊടുത്തു എന്ന അർത്ഥത്തിലൊന്ന് തലയാട്ടിയത്…..

അവളുടേ മനസ്സ് വീണ്ടും അസ്വസ്ഥമായി…

മംഗലത്തമ്മയോടൊരു കള്ളം പറഞ്ഞു…
ഇനി അവനെങ്ങാൻ വെള്ളം കിട്ടിയില്ലെന്ന് പറഞ്ഞാൽ…..

അവൾ വീണ്ടും അടുക്കളയിലേക്ക് നടന്നു…

വെള്ളം ചൂടാക്കി ഗ്ലാസ്സിലേക്ക് പകർത്തി….

കോണിപ്പടികൾ കയറുമ്പോൾ മനസ്സിൽ തിങ്ങി നിറഞ്ഞിരുന്ന വികാരങ്ങൾ പലതായിരുന്നു……

ഇന്നലെ വരെ ഇവിടെ എന്തൊരു സ്വസ്ഥതയായിരുന്നു തനിക്ക്….
എന്നാൽ ഇന്നോ….

അവളൊന്ന് നെടു വീർപ്പിട്ടു……

അവന്റെ മുറിയുടെ വാതിൽ തുറന്ന് തന്നെ കിടക്കുന്നുണ്ട്……

കസേരയിൽ ജനലിലൂടെ മുറ്റത്തേക്ക് നോക്കിയിരിക്കുന്ന അവനെ കണ്ടതും അവളുടേ ഹൃദയമിടിപ്പ് കൂടിയിരുന്നു…..

അവൾ വേഗം ആ വെള്ളം അവനടുത്തുള്ള മേശയിൽ കൊണ്ട് വെച്ച് വേഗം ആ മുറി വിട്ടിറങ്ങി……
താൻ കൊടുത്ത വെള്ളം അവൻ കുടിക്കില്ലെന്ന് അവൾക്കറിയാമായിരുന്നെങ്കിൽ കൂടി
മംഗലത്തമ്മ യോട് പറഞ്ഞ ആ വാക്കുകൾ സത്യമാക്കാൻ വേണ്ടി മാത്രമായിരുന്നത്…..

അവൻ മേശ മേൽ നീണ്ട അവളുടേ നീളൻ വിരലുകൾ കണ്ടെങ്കിലും മുഖമുയർത്തിയില്ല…..

അവൾ പോയിട്ടും ആ മുറിയിൽ അവളുടേ ഗന്ധം നിറഞ്ഞു നിൽക്കുന്നതായി അവന് തോന്നി……

ആ ഗ്ലാസ്സവൻ ചുണ്ടോടു ചേർത്തു…..

(തുടരും)