The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി ദേഹി
പിറ്റേന്ന് വെളുപ്പിന് തന്നെ ഗായത്രി ദേവിയെ വിളിച്ചുണർത്തി…മടിച്ചു മടിച്ചു പിന്നേം കിടന്ന അവളെ ഗായത്രി ഉന്തിത്തള്ളി ബാത്‌റൂമിലേക്ക് വിട്ടു…അവൾ പെട്ടന്ന് തന്നെ പല്ലുതേച്ചു കുളിച്ചു ഒരു ചുരിദാറും ഇട്ടിറങ്ങി…കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ഒന്ന് ഉടക്ക് കളഞ്ഞു വിരിച്ചിട്ടു… അപ്പോഴാണ് കണ്ണാടിയിലൂടെ തലവഴി പുതപ്പും ഇട്ടു കിടന്നുറങ്ങുന്ന ശ്രുതിയെ അവൾ കാണുന്നത്…
അല്ല… ഈ പെണ്ണിന്നലെ എപ്പോ വന്നു കിടന്നോ ആവോ…
അപ്പോഴേക്കും താഴേന്നു ഗായത്രിയുടെ വിളി വന്നിരുന്നു…
ദാ വരുന്നമ്മേ…
അതും പറഞ്ഞുകൊണ്ട് ദേവി പെട്ടന്ന് താഴേക്ക് ഓടി… ലക്ഷ്മിയമ്മയും വരുണും റെഡി ആയി നിൽപ്പുണ്ടാരുന്നു അമ്പലത്തിൽ പോകാൻ…ദേവി വന്നതും അവർ മൂന്നുപേരൂടെ പെട്ടന്ന് തന്നെ അമ്പലത്തിലേക്ക് പോയി…അവിടെയെത്തി അവളുടെ പേരിൽ വഴിപാടുകൾ കഴിച്ചു അവർ തൊഴുതിറങ്ങി…വീട്ടിൽ എത്തിയപ്പോഴേക്കും അവിടെ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു…
ദേവൂ… വാ വന്നു ഭക്ഷണം കഴിച്ചേ… ദാ…എല്ലാം റെഡി ആയി…ഇല്ലേൽ പിന്നെ സമയം കിട്ടില്ല കഴിക്കാൻ…അല്ല എപ്പോഴാ ബ്യൂട്ടീഷ്യൻ വരുന്നേ…
ആഹ് അമ്മേ…ഇപ്പോ എത്തും…
അതും പറഞ്ഞു ദേവി ഒരു പാത്രത്തിലേക്ക് ഇഡലിയും സാമ്പാറും എടുത്തു… അവളത് കഴിക്കാൻ ആയി ഇരുന്നതും ഗായത്രി വന്നു അത് കയ്യിൽ വാങ്ങി അവൾക്ക് മുറിച്ചു വായിൽ വെച്ചുകൊടുക്കാൻ തുടങ്ങി… ദേവി ഒരു ചിരിയോടെ അത് വാങ്ങി കഴിച്ചു…
ദേവൂ… ദാ ബ്യൂട്ടീഷ്യൻ വന്നിട്ടുണ്ട്…
അങ്ങോട്ടേക്ക് വന്ന ശ്രുതി പറഞ്ഞതും ദേവി പെട്ടന്ന് കഴിപ്പ് മതിയാക്കി വാ കഴുകി അങ്ങോട്ടേക്ക് ഓടി…
8 മണി അപ്പോഴേക്കും തിരക്കുകൾ തുടങ്ങിയിരുന്നു… എല്ലാവരും ഒരുങ്ങാനും കൃഷ്ണനും വരുണും വിനുവും എല്ലാം അടുപ്പിക്കാനും ഒക്കെയായി ഓടി നടന്നു…
ദാ… ഇനിയൊന്നു കണ്ണുതുറന്നു നോക്കിയേ…
ഒരുക്കാൻ വന്നവർ പറഞ്ഞതും ദേവി പതിയെ കണ്ണുകൾ തുറന്നു തന്റെ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി… അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…
കരിമ്പച്ചയും ചുവപ്പും കൂടിയുള്ള ലഹങ്കയിൽ അവളുടെ സൗന്ദര്യം ഒന്നൂടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു…മുടി ഫ്രണ്ടിൽ കുറച്ചു ബ്രയിഡ് ചെയ്തു ബാക്കിൽ മുല്ലപ്പൂ വെച്ച് അഴിച്ചിട്ടിരുന്നു…കാതിൽ പച്ചയും ചുവപ്പും കല്ല് വെച്ച ജിമുക്കിയും കഴുത്തിൽ അതിന്റെ തന്നെ കല്ല് വെച്ച നെക്‌ളസും… പിന്നെ ഒരു സിമ്പിൾ ചെയിനും… നെറ്റിച്ചുട്ടിയും വെച്ച് ചുവന്ന പൊട്ടും കുത്തി ചുണ്ടിൽ ലൈറ്റ് ആയി ചുവന്ന ലിപ്സ്റ്റിക്കും ഇട്ടിരുന്നു…
ഡീ… ഒരുങ്ങി കഴിഞ്ഞോ…
അതും പറഞ്ഞു അകത്തേക്ക് വന്ന ശ്രുതി ഒരു നിമിഷം ഒന്ന് നിന്നു…
എന്റെ പൊന്നോ… എന്നാ ഭംഗി ആടി നിന്നേ കാണാൻ… മിക്കവാറും മോതിരം ഇടുന്നേനു പകരം എവിടുന്നേലും ഒരു താലി ഒപ്പിച്ചു ഇന്ന് തന്നെ നവിയേട്ടൻ കല്യാണം നടത്തും…
പിന്നേ…
അതും പറഞ്ഞു ശ്രുതിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ അവിടിരുന്ന കുപ്പിവളകൾ ഇടകലർത്തി രണ്ടു കൈയിലുമായി ഇട്ടു…
ഒരുക്കം ഒക്കെ കഴിഞ്ഞെങ്കിൽ മോളു താഴേക്ക് വന്നാട്ടെ… ഫോട്ടോഗ്രാഫർസ് റെഡി ആയി നിൽപ്പുണ്ട്… നീ വേഗം വന്നില്ലേ അവരുടെ ക്യാമറ മിക്കവാറും വിനുന്റെ ഫോട്ടോ എടുത്ത് ഫുൾ ആകും…
വിനുന്റെയോ…
പിന്നല്ലാതെ… രാവിലെ ഒരുങ്ങി റെഡി ആയി ദാ ഒന്ന് രണ്ട് കാൻഡിഡ് എടുത്തേ… അൺഎക്സ്‌പെക്ടഡ് എടുത്തേ എന്നൊക്കെ പറഞ്ഞു ആ ഫോട്ടോഗ്രാഫർസിനെ ഒരു വഴിക്ക് ആക്കിട്ടുണ്ട്…
ഇയ്യോ… എന്നാ ഞാൻ ചെല്ലട്ടെ…
അതും പറഞ്ഞു ദേവിയും ശ്രുതിയും കൂടി താഴേക്ക് പോയി…പിന്നെ എല്ലാരുടെ നിന്നുള്ള ഫോട്ടോഷൂട്ടും എല്ലാം കൂടെ ആകെ ബഹളമായി…
വരുൺ… മോനെ അമ്പലത്തിൽ നിന്നു മോതിരം പൂജിച്ചത് വാങ്ങിയില്ലല്ലോ… ആ കാര്യമേ അങ്ങ് മറന്നു…
അത് കുഴപ്പില്ല ചെറിയച്ചാ… ഞാനിപ്പോ പോയി വാങ്ങിട്ടു വരാം…
അതും പറഞ്ഞു വരുൺ അമ്പലത്തിലേക്ക് പോയി…
10 മണി ആയപ്പോഴേക്കും ചെമ്പകത്തുന്നു നവിയും ഗോപിയും മാലതിയും നന്ദുവും ഗോപികയും പിന്നെ മാലതിയുടെ കുറച്ചു അടുത്ത ബന്ധുക്കളും നന്ദ്യരത്ത് എത്തി…കൃഷ്ണനും വിനുവും എല്ലാരുടെ ചേർന്ന് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി… നന്ദു ആണേ വന്നുടനെ അകത്തേക്ക് ഓടി… എങ്കിലും അവളുടെ കണ്ണുകൾ ചുറ്റിനും വരുണിനെ തേടുന്നുണ്ടാരുന്നു…
പൊളിച്ചു മുത്തേ… എന്നാ ഭംഗിയാ എന്റെ കൊച്ചിനെ കാണാൻ…
അതും പറഞ്ഞു നന്ദു ദേവിയെ കെട്ടിപിടിച്ചു…
ബാ… നമുക്ക് സെൽഫി എടുക്കാം…
അതും പറഞ്ഞു അവർ രണ്ടുപേരൂടെ നിന്ന് സെൽഫി എടുക്കാൻ തുടങ്ങി…
ഹമ്പടികളെ… എന്നെ കൂട്ടാതെ ഒറ്റക്ക് നിന്ന് എടുക്കുന്നോ…
അതും പറഞ്ഞു വിനു വന്നു ഇടക്ക് കേറി…
അയ്യേ… നീ ഇതെന്തുവാ കണ്ണാടി ഒക്കെ വെച്ച്…
എന്തെടി… എനിക്ക് കുറച്ചു മച്യുരിറ്റിയും ഗ്ലാമറും ഒക്കെ കൂടിയത് കണ്ടിട്ട് നിനക്ക് പിടിക്കുന്നില്ലേ…
അവൻ നന്ദുനോട് ചോദിച്ചു കൊണ്ടു കണ്ണാടി ഒന്നുടെ ശെരിയാക്കി വെച്ചു…എന്നിട്ട് അവളെ ഒന്ന് നോക്കിയതും അവൾ ശർദ്ധിക്കുന്ന പോലെ കാണിച്ചു…അവനെന്തോ പറയാൻ വന്നതും അച്ഛമ്മ വിളിക്കുന്നെന്ന് പറഞ്ഞു ശ്രുതി ദേവിയെ വന്നു അകത്തേക്ക് കൂട്ടികൊണ്ട് പോയി…അപ്പോഴാണ് വരുൺ അമ്പലത്തിൽ നിന്നു വന്നു അകത്തേക്ക് കയറിയത്… അവന്റെ ഡ്രസ്സിന്റെ കളർ കണ്ടതും നന്ദുന്റെ മുഖം വീർത്തു…ശ്രുതിയുടെ ഡ്രസ്സിന്റെ അതേ കളർ…
സാ മ ഗാ പ മ നി ദ പാ
ഗ മ പ ദ നി സാ രി സാ…
അവനെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന നന്ദുന്റെ ചെവിക്കീഴിൽ ചെന്നു വിനു നമ്മുടെ മൊയ്‌ദീന്റേം കാഞ്ചനമാലേടേം ബിജിഎം പാടിയതും അവൾ ചുണ്ടുകൾ വിതുമ്പിക്കൊണ്ട് അവനെ ഒന്ന് നോക്കി…
തളരരുത് രാമൻകുട്ടി… നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ അല്ലേ… മോളു ബാ… അങ്ങേരു പോയ സ്ഥിതിക്ക് നമുക്ക് വേറെ ആൺപിള്ളേരെ പോയി വായിനോക്കാം…
അതും പറഞ്ഞു വിനു അവളേം വിളിച്ചുകൊണ്ടു പുറത്തേക്ക് നടന്നു…
മുഹൂർത്തം ആയതും ചടങ്ങുകൾ തുടങ്ങി…നവിയെ ഗോപി സ്റ്റേജിലേക്ക് കൈപിടിച്ച് കയറ്റി… കൂടെ മാലതിയും നന്ദുവും ഗോപികയും കയറി…
അപ്പോഴാണ് അകത്തുന്നു കൃഷ്ണന്റെ കൈയും പിടിച്ചു വരുന്ന ദേവിയെ നവി കണ്ടത്… ഒരു നിമിഷം അവന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു…
ദേവ ❤️
അവന്റെ ചുണ്ടുകൾ പതിയെ പറഞ്ഞു…
കൃഷ്ണന്റെ കയ്യും പിടിച്ചു സദസ്സിന്റെ നടുവിലൂടെ ദേവി സ്റ്റേജിലേക്ക് കയറി… അവരുടെ ഒപ്പം ലക്ഷ്മിയമ്മയും ഗായത്രിയും വരുണും വിനുവും സാവിത്രിയും ശ്രുതിയും കയറി…നന്ദുവാണേ വരുണിനെ നോക്കാനേ പോയില്ല… കൊച്ചിന് കുറച്ചു ബെസമമുണ്ടേ…
ഇനി അപ്പൊ ചടങ്ങുകൾ തുടങ്ങാമല്ലേ…
ആയിക്കോട്ടെ പണിക്കരെ…
ലക്ഷ്മിയമ്മ പറഞ്ഞതും അയാൾ എല്ലാരും കേൾക്കെ ജാതകകുറിപ്പടി വായിക്കാൻ തുടങ്ങി…
ഇനി മോതിരങ്ങൾ മാറാം…
അയാൾ പറഞ്ഞതും ഗോപി നവിയുടെ കൈയിലേക്ക് അവന്റെ പേര് കൊത്തിയ മോതിരം കൊടുത്തു… അവൻ അവളെ ഒന്ന് നോക്കി… അവൾ ഒരു ചിരിയോടെ അവളുടെ വലതുകൈ അവനു നേരെ നീട്ടി…അവൻ ആ കൈ പിടിച്ചു അവളുടെ മോതിരവിരലിലേക്ക് അത് അണിയിച്ചു…അവൾ അതിലേക്കൊന്ന് നോക്കി…
Navi ❤️
ആ പേര് വായിച്ചതും അവൾ അവനെ ഒന്ന് നോക്കി… അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു…
ഇനി പെൺകുട്ടി മോതിരം ഇട്ടോളൂ…
അയാളത് പറഞ്ഞതും കൃഷ്ണൻ മോതിരം എടുത്ത് ദേവിയുടെ കൈയിലേക്ക് കൊടുത്തു… അവളൊരു ചിരിയോടെ നവി നീട്ടിയ അവന്റെ വലതുകൈയിലേക്ക് മോതിരം ഇട്ടു…അവനൊരു ചിരിയോടെ തന്റെ കൈയിലെ മോതിരത്തിലെ പേര് വായിച്ചു…
Deva ❤️
അവൻ കണ്ണുകളുയർത്തി അവളെ നോക്കിയതും അവൾ അവനെ കണ്ണിറുക്കി കാണിച്ചു…
ചടങ്ങുകൾ കഴിഞ്ഞതും പിന്നെ ഫോട്ടോ എടുപ്പ് തുടങ്ങി… അച്ഛമ്മയുടേയും അച്ഛന്മാരുടേയും അമ്മമാരുടേയും ഗോപികയുടെയും ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുത്തു കഴിഞ്ഞതും മുതിർന്നവർ എല്ലാം സ്റ്റേജിൽ നിന്നിറങ്ങാൻ പോയി…
ഇറങ്ങാൻ പോകുന്നേന്റെ ഇടയ്ക്കാണ് കൃഷ്ണൻ നവിയുടെ അടുത്തേക്ക് ചെന്നത്…
അല്ല നവി…നീ ഇന്നലെ രാത്രി എപ്പോഴാ അങ്ങ് ചെന്നത്…
ഇന്നലെ ഒരു 12.30 ആയി കൃഷ്ണന്മ…
അവന്റെ ചെവിക്കീഴിൽ ചെന്നു പതുക്കെ കൃഷ്ണൻ ചോദിച്ചതും പെട്ടന്ന് നവി മറുപടി പറഞ്ഞു… പറഞ്ഞുകഴിഞ്ഞാണ് അയാൾ ചോദിച്ചത് എന്താന്ന് അവനു പിടി കിട്ടിയത്… അവൻ ഒരു ചമ്മിയ മുഖത്തോടെ അയാളെ നോക്കി… അയാളൊരു ചിരിയോടെ അവന്റെ പുറത്തൊന്നു തട്ടി…
മാമേ… അത്… ഞാൻ…
ഏയ്…എന്തായാലും ഈ കാര്യത്തിൽ എനിക്ക് എന്റെ മോളേക്കാൾ വിശ്വാസം ആഹ് നിന്നേ… പിന്നേ…ഇത് സ്ഥിരം ആക്കണ്ട കേട്ടോ…
അയാളത് പറഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങി…
ശേ…മാനം പോയി…
അയാളെ നോക്കികൊണ്ട് നവി മനസ്സിൽ പറഞ്ഞു…ദേവിയെ നോക്കിയപ്പോ അവളെന്താന്ന് തല പൊക്കി ചോദിച്ചു… അവനൊന്നുമില്ലെന്ന് തലയാട്ടി…പിന്നെ ഫോട്ടോഷൂട്ടിന്റെ ബഹളമാരുന്നു… വരുണും വിനുവും നന്ദുവും ശ്രുതിയും എല്ലാരുടെ നിന്നു തകർത്തു ഫോട്ടോസെടുത്തു… ദേവിയാണേ അവര് പറയുന്ന പോസിലൊക്കെ നിന്നുകൊടുത്തു… നവിക്കാണേ ഇടക്ക് ദേഷ്യം വന്നെങ്കിലും അവൻ വല്ലോം പറയുന്നേന് മുന്നേ ദേവി അവനെ പിടിച്ചു വെച്ച് പോസ് ചെയ്തുകൊണ്ടിരുന്നു…
കണ്ടു പടിക്കെടി… അവൾ കിട്ടിയ അവസരം പരമാവധി മുതലാക്കുന്നുണ്ട്… നീയിവിടെ ഊണും കഴിച്ചിരുന്നോ… അവസാനം നിന്റെ ഇലയിലുള്ള ചോറ് ദോ… ലവള് കഴിച്ചിട്ട് പോകും…
കഴിച്ചുകൊണ്ടിരുന്നതിനിടക്ക് എന്തോ പറഞ്ഞു ചിരിക്കുന്ന വരുണിനേം ശ്രുതിയേം കാണിച്ചു വിനു നന്ദുനോട് പറഞ്ഞതും അവൾ അവരേം അവനേം മാറി മാറി നോക്കി…
ഉച്ച കഴിഞ്ഞപ്പോഴേക്ക് വന്ന ബന്ധുക്കൾ എല്ലാരും മടങ്ങി…നന്ദ്യാരത്തുള്ളവരും ചെമ്പകത്തുള്ളവരും മാത്രമായി അവിടെ…
എന്നാ പിന്നെ ഞങ്ങളും ഇറങ്ങട്ടെ ലക്ഷ്മിയമ്മേ…
ആയിക്കോട്ടെ ഗോപി… അങ്ങനെ ദൈവാനുഗ്രഹം കൊണ്ടു എല്ലാം ഭംഗിയായി കഴിഞ്ഞു…
അതേ…
ഹ്മ്മ്… ഈ കണക്കിന് പോയാൽ അടുത്തത് ലവരുടെ തന്നെ ആകും…
വിനു നന്ദുവിന്റെ ചെവിയിൽ പറഞ്ഞു… അവളുടെ കണ്ണുകളും സംസാരിച്ചിരിക്കുന്ന വരുണിലും ശ്രുതിയിലും തന്നെ ആരുന്നു…അവനത് പറഞ്ഞതും അവൾ തിരിഞ്ഞു അവനെ ഒന്ന് രൂക്ഷമായി നോക്കി…അവളുടെ നോട്ടം കണ്ടതും അവൻ നേരെ ഇരുന്നു…
അല്ല നവിയും ദേവിയും എവിടെ…
അവരെ ദാ ആ ഫോട്ടോഗ്രാഫർസ് ആ കണ്ടത്തിൽ കൊണ്ടു നാട്ടിയിട്ടുണ്ട് ഫോട്ടോ എടുക്കാനെന്നും പറഞ്ഞു…
അവനത് പറഞ്ഞു തീർന്നതും കണ്ടു വിയർത്തൊലിച്ചു വരുന്ന ദേവിയേം നവിയേം… അവൻ അവളെ നോക്കി പേടിപ്പിക്കുന്നുമുണ്ട്…അവളാണേ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ മുകളിലേക്ക് നോക്കി രണ്ടു കൈകൊണ്ടും മുഖത്തേക്ക് വീശികൊണ്ട് നടന്നു വരുന്നുണ്ടായിരുന്നു…
പാവം… അവന്മാർ നവിയേട്ടനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടുണ്ട്…
വിനു നന്ദുനോട് പറഞ്ഞു…
ഡാ മോനെ… ഇറങ്ങാം…
ഇറങ്ങാം അച്ഛാ… ഇനിം ഇവിടെ നിന്നാൽ അവന്മാർ പിന്നേം വരും…
അവനത് പറഞ്ഞതും എല്ലാരും ചിരിച്ചുപോയി…
……………. തുടരും………..