18/04/2026

നീ മാത്രം : ഭാഗം 38

രചന – വൈദേഹി ദേഹി

എന്തോ സംസാരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ വരുണിന്റെ കണ്ണുകൾ ഒന്ന് വിടർന്നു… താൻ സെലക്ട്‌ ചെയ്‌ത ദാവണി ഉടുത്തു ഒരുങ്ങി വന്ന നന്ദുനെ കണ്ടു അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… വരുണിന്റെ കണ്ണുകൾ പോയ ഭാഗത്തേക്ക്‌ നോക്കിയ നവി കാണുന്നത് നന്ദുവിന്റെ കൂടെ കൊടിമരചുവട്ടിൽ നിന്നു കണ്ണുകളടച്ചു തൊഴുന്ന ദേവിയെ ആണ്… ഒരു നിമിഷം അവൻ ശ്വാസം എടുക്കാൻ പോലും മറന്നു…അവന്റെ കണ്ണുകൾ അവളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി…

നിർത്താതെ ഉള്ള ഒരു ചുമ കേട്ടാണ് വരുണും നവിയും ഞെട്ടി നോക്കിയത്…നോക്കിയപ്പോ കണ്ടു അവരെ തന്നെ മാറി മാറി നോക്കികൊണ്ട് ഒരു ആക്കിയ ചിരിയോടെ നിൽക്കുന്ന വിനുനെ… അവർ പരസ്പരം ഒന്ന് നോക്കി…

നിനക്കെന്താ ക്ഷയമാണോ… ഇങ്ങനങ്ങ് ചുമക്കാൻ…

മുഖത്തെ ചമ്മൽ വിദഗ്ദമായി മറച്ചുകൊണ്ട് കുറച്ചു കലിപ്പ് വരുത്തി വരുൺ അവനോട് ചോദിച്ചു… നവി മുണ്ട് മടക്കികുത്തി അവനെ നോക്കി…

വിനു രണ്ടുപേരേം മാറി മാറി ഒന്ന് നോക്കി…ഇപ്പൊ വല്ലോം ചോദിച്ചാ രണ്ടുപേരൂടെ അവനെ തൂക്കി എടുത്തു ആ കുളത്തിൽ ഇടുമെന്നവന് മനസ്സിലായി…

ഏയ്… ഞാൻ ചുമ്മാ… അല്ല… നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ… അകത്തേക്ക് വരുന്നില്ലേ…

വിനു അവിടുന്ന് രക്ഷപെടാൻ എന്നോണം ചോദിച്ചു…

മ്മ്മ്… നീ ചെല്ല്… ഞങ്ങളങ്ങ് വന്നേക്കാം…

വരുൺ അവനെ നോക്കി മീശ പിരിച്ചോണ്ട് പറഞ്ഞു…

ഓ… ആയിക്കോട്ടെ…

വിനു അതും പറഞ്ഞു അകത്തേക്ക് നടന്നു… നവിയും വരുണും പരസ്പരം ഒന്ന് നോക്കി…

താഴ്ന്നൊന്നു കൊടുത്താൽ ആ വാൽമാക്രി തലയിൽ കേറും…ഇതാ സേഫ്…

വിനു പോയ വഴിയേ നോക്കികൊണ്ട് വരുൺ പറഞ്ഞത് കേട്ടതും നവി ഒന്ന് ചിരിച്ചു…

ശ്രീകോവിലിൽ നിന്നു തിരുമേനി തിരി കൊളുത്തി അച്ഛമ്മക്ക് കൈമാറി… അച്ഛമ്മ ചുറ്റുവിളക്കിലെ ആദ്യ തിരി തെളിച്ചതും ബാക്കിയുള്ളവർ അതിൽ നിന്നു ദീപം പകർത്തി ചുറ്റുവിളക്ക് തെളിയിക്കാൻ തുടങ്ങി… അപ്പോഴേക്കും ദീപാരാധനക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു… ദീപാരാധന കഴിഞ്ഞാണ് ദേവിയെ ശ്രീകോവിലിൽ നിന്നു പുറത്തെടുത്തുള്ള പൂജയും വിളക്കെടുപ്പും…നമ്മുടെ ദേവി അല്ലാട്ടോ… ഒറിജിനൽ ദേവി…

വരുണും വിനുവും ദേവിയും നന്ദുവും നവിയും മറ്റു കുടുംബാംഗംങ്ങളും എല്ലാരുടെ വിളക്കുകൾ കൊളുത്താൻ തുടങ്ങി… നാദസ്വര മേളം ആ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി…

തിരി തെളിക്കുന്നതിനിടക്ക് നവിയുടെ കണ്ണുകൾ പലപ്പോഴും ദേവിയെ തേടി പോയിരുന്നു… അവന്റെ നോട്ടം കാണുന്നുണ്ടെങ്കിലും അത് കാണാത്ത പോലെ അവൾ നിന്നു…വിളക്കുകൾ കൊളുത്തി കൊളുത്തി നവി ദേവിയുടെ തൊട്ട് അപ്പുറത്തായി വന്നു…

സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണെ…

അവൻ അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു…

അവളുടെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടെങ്കിലും അവളത് ഒളിപ്പിച്ചു…

അല്ലേലും ഞാൻ സുന്ദരി തന്നെയാ…

അവൾ അവനെ ഒന്ന് നോക്കി പുച്ഛിച്ചിട്ടു നേരെ നോക്കി പറഞ്ഞു…

ഓഹോ… ശോ… ഒരു താലി ഉണ്ടാരുന്നേൽ വെറുതെ ഇന്നൊരു ദിവസം വേസ്റ്റ് ചെയ്യണ്ടാരുന്നു…

അവന്റെ പറച്ചിൽ കേട്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…

അതിനു നിങ്ങൾടെ ആ മറ്റവൾ ഇല്ലേ… ശില്പ മോള്… അവളോട് ചെന്നു പറ… അവളാണേ നിങ്ങളെ കെട്ടാൻ മുട്ടി നിക്കുവല്ലേ…

അതും പറഞ്ഞവനെ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ അപ്പുറത്തേക്ക് പോയി…

ശെടാ… ഇവളത് വിട്ടില്ലേ… ഇവൾടെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാനാ ആ പിശാശ്ശിനെ പോയി പ്രൊപ്പോസ് ചെയ്‌തേന്ന്…

അവൻ അപ്പുറത്തെ സൈഡിൽ നിന്ന് ഗായത്രിക്കൊപ്പം വിളക്ക് കൊളുത്തുന്ന ദേവിയെ ഒന്ന് നോക്കി…

ആഹ് തല്ക്കാലം ഒന്നും മിണ്ടാൻ പോകണ്ട… അതിന്റെ ചൂട് ഒന്ന് കുറയട്ടെ… അല്ലേലും ഇടി വെട്ടുമ്പോ മെയിൻ സ്വിച്ച് അങ്ങ് ഓഫ്‌ ആക്കുന്നതാ നല്ലത്… അടിച്ചുപോവില്ലല്ലോ…

ഒന്ന് ശ്വാസം വിട്ടുകൊണ്ട് അവൻ അതും പറഞ്ഞു വിളക്കുകൾ കൊളുത്താൻ തുടങ്ങി…

വിനും നന്ദുവും കൂടെയാരുന്നു വിളക്ക് കൊളുത്തികൊണ്ട് നിന്നത്…

എടിയേ…

വിനു അവളെ വിളിച്ചു… അവൾ തിരി കൊളുത്തികൊണ്ട് തന്നെ അവനെ ഒന്ന് നോക്കി…

മ്മ്മ്? എന്താ…

നിനക്ക് ദേവൂന്റേം നവിയേട്ടന്റേം കാര്യത്തിൽ വല്ല ഡൗട്ടും ഉണ്ടോ…

അങ്ങേ സൈഡിൽ നിന്ന് വിളക്ക് കൊളുത്തികൊണ്ട് നിന്ന നവിയേം ദേവിയേം നോക്കികൊണ്ട് വിനു ചോദിച്ചു…

അവൾ ഒന്ന് നിന്നു…എന്നിട്ട് അവൻ നോക്കുന്ന ഭാഗത്തേക്ക്‌ ഒന്ന് നോക്കി…

എനിക്ക് ഡൗട്ടൊന്നും ഇല്ല…

അവളുടെ മറുപടി കേട്ടതും അവന്റെ മുഖമൊന്നു ചുളിഞ്ഞു… അവൻ അവളെ തിരിഞ്ഞു നോക്കി…

ഇല്ലേ…

മ്മ്ഹും…ഇല്ല…

കണ്മുന്നിൽ ഇത്രേമൊക്കെ നടന്നിട്ടും നിനക്കെന്താടി ഡൗട്ടില്ലാത്തെ…

അവൾ അവനെ ഒന്ന് നോക്കി… എന്നിട്ട് തിരി തെളിച്ചുകൊണ്ട് തന്നെ മറുപടി പറഞ്ഞു…

ഉറപ്പുള്ള കാര്യത്തിനെന്തിനാ ഡൗട്ട് വരണേ…

ആദ്യം അവനു അവളുടെ മറുപടി മനസ്സിലായില്ലെങ്കിലും അത് കത്തിയപ്പോ അവന്റെ മുഖം വിടർന്നു… അവൻ പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവളെ ഒന്ന് നോക്കി…

ഉറപ്പാണോ…

മ്മ്മ്… അതേ…പക്ഷെ…

എന്ത് പക്ഷെ…

അത് രണ്ടും അങ്ങോട്ട് അംഗീകരിച്ചു തരില്ല…

വിനു ദേവിയേം നവിയേം ഒന്ന് നോക്കികൊണ്ട് താടിയുഴിഞ്ഞു…

ഓഹോ… അങ്ങനെയാണോ…

മ്മ്മ്… പിന്നല്ലാതെ… ഇന്നലെ ആാ ശില്പ വന്നു നവിയേട്ടനെ പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ കണ്ടതാ…ദേവി അത് കേട്ടന്ന് മനസ്സിലായപ്പൊ പതറി പോയ ഏട്ടന്റെ മുഖം… അവൾക്കാണേ അത് കേട്ടിട്ടും വല്ലാത്തൊരു കോൺഫിഡൻസ് ഉണ്ടാരുന്നു മുഖത്ത്…

നന്ദു അത് പറഞ്ഞതും വിനു അവളെ സംശയത്തിൽ ഒന്ന് നോക്കി…

അവൾക്ക് അങ്ങനെയൊന്നു കേട്ടാൽ പോലും സഹിക്കില്ലെന്ന് നവിയേട്ടനും നവിയേട്ടൻ സ്വപ്നത്തിൽ പോലും മറ്റവളോട്‌ ഒരു യെസ് പറയില്ലെന്ന് അവൾക്കും നല്ല ഉറപ്പുണ്ട്…

ദേവിയേം നവിയേം നോക്കികൊണ്ട് തന്നെ ഉള്ള നന്ദുന്റെ പറച്ചിൽ കേട്ടതും വിനു അത്ഭുതത്തോടെ അവരെ ഒന്ന് നോക്കി…

കൊള്ളാല്ലോ രണ്ടും… അപ്പൊ ഇനി ഒന്ന് തുറന്ന് സമ്മതിച്ചാൽ മതിയല്ലേ…

വിനു അവരെ നോക്കി മീശ പിരിച്ചോണ്ട് പറഞ്ഞു…

പിന്നല്ലാതെ…

മ്മ്മ്… നമുക്ക് വഴിയുണ്ടാക്കാം…

വിനു പറഞ്ഞത് കേട്ടതും നന്ദു അവനെ നോക്കി ഒന്ന് തംസ്അപ്പ് കാണിച്ചു… എന്നിട്ട് തിരി കൊളുത്താൻ തുടങ്ങി… വിനു അവളെ ഒന്ന് നോക്കി…

അവരുടെ കാര്യം ഒരു വഴിയ്ക്കാക്കീട്ട് വേണം മോളെ നിന്റേം വരുണേട്ടന്റേം ഇടയ്ക്ക് എനിക്കൊരു പാലം പണിയാൻ…

വിനു അതും മനസ്സിൽ പറഞ്ഞോണ്ട് തിരി തെളിയിക്കാൻ തുടങ്ങി…

ചുറ്റുവിളക്കും മറ്റു വിളക്കുകളും തെളിഞ്ഞതും ക്ഷേത്രപരിസരം മുഴുവൻ ദീപാലംകൃതമായി…നാദസ്വര മേളം ഉയർന്നു കേട്ടു… ദീപാരാധനയ്ക്കു നട അടച്ചു… എല്ലാവരും നടയ്ക്കു മുന്നിൽ പ്രാർത്ഥനയോടെ കൈകൂപ്പി നിന്നു…അല്പസമയത്തിന് ശേഷം മുഴങ്ങി കേട്ട മണിയടിയുടെ അകമ്പടിയോടെ ശ്രീക്കോവിലിന്റെ നട തുറക്കപ്പെട്ടു… സർവ്വാഭരണ വിഭൂഷിതയായ ദേവിയെ കണ്ടു എല്ലാരും തൊഴുകൈകളോടെ പ്രാർത്ഥിച്ചു…

ദീപാരാധനക്കു ശേഷം ദേവിയെ ശ്രീകോവിലിൽ നിന്നു പുറത്തേക്കാനയിക്കാൻ വേണ്ടി സ്ത്രീകൾ എല്ലാവരും താലമെടുക്കാൻ കമ്മിറ്റി ഓഫീസിന്റെ അവിടേക്ക് പോയി… ഓരോരുത്തരായി താലം എടുത്ത് അമ്പലമുറ്റത്തേക്ക് നടന്നു…

ദേവിയും നന്ദുവും അടുത്തടുത്താരുന്നു താലവുമായി നിന്നിരുന്നത്…അവിടെ നിന്നപ്പോഴും നന്ദുവിന്റെ കണ്ണുകൾ വരുണിനെ തിരഞ്ഞു കൊണ്ടിരുന്നു… അവനും നവിയും വിനുവും കൂടെ എല്ലാ താലങ്ങളിലും എണ്ണ പകർത്തികൊണ്ട് വരുവാരുന്നു… നന്ദുവിന്റെ അടുത്ത് വന്നപ്പോൾ അവൻ അവളെ ഒന്ന് നോക്കി… അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളുമായി കൊരുത്തു… അവൾ നോക്കിയതും അവൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു… എന്നിട്ടൊരു കള്ളചിരിയോടെ അവളുടെ താലത്തിൽ എണ്ണ പകർത്തികൊണ്ട് അവൻ അപ്പുറത്തേക്ക് പോയി…നന്ദു ഒരു നിമിഷം അവനെ തന്നെ നോക്കികൊണ്ട് നിന്നു…അപ്പോഴാണ് തൊട്ടപ്പുറത്തു നിന്നു എന്തോ തപ്പുന്ന ദേവിയെ അവൾ ശ്രദ്ധിച്ചത്…

ഡീ… നീയെന്തുവാ ഈ കാലിലിട്ട് തപ്പുന്നേ…

ദേവി വലത്തേ കാലിട്ട് ഇടത്തെ കാലിൽ തപ്പുന്നത് കണ്ട നന്ദു ചോദിച്ചു…

എടീ… എന്റെ സ്വർണകൊലുസു കാണുന്നില്ല…

ഏഹ്… കൊലുസു കാണുന്നില്ലന്നോ…

ആഹ് ടി…ഉറുമ്പ് കടിച്ചത് ചൊറിയാൻ നോക്കിയപ്പോഴാ ഞാൻ ശ്രെദ്ധിച്ചേ…ഈശ്വരാ… കഴിഞ്ഞ മാസം അങ്ങോട്ട് വാങ്ങിയതേ ഉള്ളൂ… അമ്മ എന്നെ കൊല്ലും…

ദേവി ആകെ വല്ലാതായി…

നീയിങ്ങനെ ടെൻഷൻ ആവാതെ…നീ വീട്ടീന്ന് വന്നപ്പോ കാലിൽ ഉണ്ടാരുന്നോ…

മ്മ്മ്… ഉണ്ടാരുന്നു…ഇവിടെ വന്നു വിളക്ക് കൊളുത്തികൊണ്ട് നിന്നപ്പോ ദാവണീടെ സ്കെർട്ട് അതിൽ കുരുങ്ങിയാരുന്നു…അപ്പൊഴും കാലിൽ ഉണ്ടാരുന്നു…

എന്നാ അതിവിടെ എവിടേലും തന്നെ കാണും…നീ പേടിക്കണ്ട… നമുക്കിത് കഴിഞ്ഞു പോയി നോക്കാം…

ഡീ… ഞാനെന്ന പോയി ആ കമ്മിറ്റി ഓഫീസിന്റെ അവിടൊക്കെ ഒന്ന് നോക്കീട്ട് വരാം… നീ ഇതൊന്നു നോക്കിക്കോണേ…

ഡീ ഇപ്പൊ പോകണ്ട… ഞാനുടെ…

നന്ദു പറഞ്ഞു തീരുന്നേനു മുന്നേ ദേവി താലം അവിടോട്ട് വെച്ചു കമ്മിറ്റി ഓഫീസിന്റെ അവിടേക്ക് ഓടി…നന്ദു അവളുടെ പിറകെ പോകാൻ വിനുനെ വിളിക്കാൻ നോക്കിയെങ്കിലും അവൻ എണ്ണ പകർന്നു കൊടുത്തോണ്ട് നിന്നത് കൊണ്ടു അവളുടെ വിളി ശ്രദ്ധിച്ചില്ല…

കമ്മിറ്റി ഓഫീസിലേക്ക് പോകുന്ന വഴി താഴെയെല്ലാം നോക്കികൊണ്ടാണ് ദേവി നടന്നത്…എല്ലാവരും വിളക്കെടുക്കുന്നിടത്തായതു കൊണ്ടു അവിടെയെല്ലാം ഇരുട്ടു മൂടി വിജനമായി കിടക്കുകയായിരുന്നു…

ഈശ്വരാ… ഇതെവിടെ പോയി…എന്റെ ദേവീ… എന്റെ കൊലുസൊന്നു കാട്ടി തരണേ…

അവൾ ഒരു നിമിഷം നിന്നുകൊണ്ട് കണ്ണടച്ച് പ്രാർത്ഥിച്ചു…

പെട്ടന്നാണ് പിറകിൽ ഒരു കാൽപെരുമാറ്റം പോലെ അവൾക്കു തോന്നിയത്… അവൾ തിരിഞ്ഞു നോക്കി… അവിടെ ആരും ഇല്ലാരുന്നു… തനിക്ക് തോന്നിയതാകുമെന്ന് കരുതി അവൾ പിന്നെയും മുന്നോട്ട് നടന്നു…കുറച്ചങ്ങോട്ട് നീങ്ങിയതും തന്നെയാരോ പിൻതുടരുന്നത് പോലെ അവൾക്കു തോന്നി… അവൾ ഒന്ന് നിന്നു…തലയുയർത്തി അവൾ മുന്നോട്ട് നോക്കി… അവളുടെ കണ്ണുകൾ പതിയെ ഒരു സൈഡിലേക്ക് നീങ്ങി… അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയതും ആരോ അവളുടെ വാ പൊത്തിപിടിച്ചുകൊണ്ട് അപ്പുറത്തേക്ക് കൊണ്ടു പോയി…

…………. തുടരും………..