19/04/2026

നീ മാത്രം : ഭാഗം 31

രചന – വൈദേഹി ദേഹി

കാർ മെയിൻ റോഡിലോട്ട് കയറിയതും വരുൺ സ്പീഡ് കൂട്ടി ഓടിക്കാൻ തുടങ്ങി… ഭഗവാനെ… ഈ കാലൻ എന്നെ കൊല്ലാൻ കൊണ്ടു പോവണോ… ഇങ്ങനെ പോയാൽ തന്റെ പിള്ളേർക്ക് തള്ള ഇല്ലാതാവുമെടോ… നന്ദു കണ്ണുമടച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു…വരുൺ പിന്നേം സ്പീഡ് കൂട്ടാൻ തുടങ്ങിയതും അവൾ വിറച്ചുകൊണ്ട് അവനെ നോക്കി… അ… അതേ… എവിടെ… ചെറുക്കന് നോ മൈൻഡ്… ഇങ്ങേർക്ക് ചെവിയും കേട്ടൂടെ… വ… വരുണേട്ടാ… ഈ സ്പീഡ് ഒന്ന് കുറക്കുവോ… പേടി ആകുന്നു… വരുൺ അവളെ രൂക്ഷമായി ഒന്ന് നോക്കി… പിന്നെ കുറച്ചൊന്നു സ്പീഡ് കുറച്ചു… ഹോ… ഇതായാലും മതി… മനുഷ്യന്റെ നല്ല ജീവനങ്ങു പോയി… കാലമാടൻ… നന്ദു വരുണിനെ ഒന്ന് നോക്കി മനസ്സിൽ പറഞ്ഞു… നിനക്കിന്നു എന്താരുന്നു അസുഖം… നന്ദു ഞെട്ടി അവനെ നോക്കി… അ… അത് പിന്നെ… തലവേദന… ഹ്മ്മ്മ്… നിനക്കെന്താ വിക്കുണ്ടോ… എന്തേലും ചോദിക്കുമ്പോ കിടന്ന് വിക്കുന്നുണ്ടല്ലോ… ഇല്ലല്ലോ… ഒരു കുഴപ്പോം ഇല്ലല്ലോ… ഹ്മ്മ്… കുഴപ്പൊന്നും ഇല്ലെങ്കിൽ കൊള്ളാം… എല്ലാർക്കും… അവസാന വാക്ക് അവളെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അവൻ പറഞ്ഞു…

ഇങ്ങേരെന്താ ഇങ്ങനൊക്കെ പറയുന്നേ… ഈശ്വരാ ആ വിനു വല്ലോം പറഞ്ഞുകൊടുത്തിട്ടുണ്ടാവുമോ…എന്നാ നിന്റെ അന്ത്യമാടാ തെണ്ടി… നന്ദു മനസ്സിൽ പറഞ്ഞോണ്ട് പുറത്തേക്ക് നോക്കി പല്ലു ഞെരിച്ചു… നീ എന്തുവ ഇരുന്ന് പിറുപിറുക്കുന്നെ… ഒന്നുല്ല… അവൾ അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു… അവൻ അവളെ ഒന്ന് നോക്കിട്ട് പിന്നേം നേരെ നോക്കി ഇരുന്നു… ഈശ്വരാ ഏത് നേരത്താണോ ആ അച്ഛമ്മക്ക് ഇങ്ങേർടെ കൂടെ എന്നെ വിടാൻ തോന്നിയത്… ഇതൊരുമാതിരി അവാർഡ് പടം പോലെ… അതും ഓർത്തോണ്ടവൾ വണ്ടിയിലെ സിസ്റ്റം ഓൺ ആക്കി… ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി വരുൺ ഞെട്ടി അവളെ ഒന്ന് നോക്കി… സുഭാഷ്…ഇങ്ങേരുടെ ഈ വണ്ടിയോടിക്കലിനു ആണേ അറം പറ്റും ഈ പാട്ട്… അതും ഓർത്തോണ്ട് അവൾ അവനെ ഒന്ന് ഇളിച്ചു കാണിച്ചോണ്ട് അടുത്ത പാട്ടു വെച്ചു…

ഒരു വേനൽ കാറ്റിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയി ‎ഒടുവിൽ നാം ഒന്നു ചേർന്നതീ തണുവോലും തേൻ തടാകത്തിൽ‎ ഇനിയൊരു ജന ഭേരിയായ് വരാം ഈ ജന്മം മാത്രമായ്… അടിപൊളി… നന്ദു വരുണിനെ ഒന്ന് നോക്കി… ഇപ്പൊ അവളെ ജ്യൂസ്‌ ആക്കിയാൽ ഒറ്റ വലിക്ക് കുടിക്കും… അമ്മാതിരി നോട്ടം… എന്റെ സമയം തീരെ ശെരിയല്ല… നന്ദു ആ സിസ്റ്റം ഓഫ്‌ ആക്കി പുറത്തെ കാഴ്ചകളിൽ മുഴുകി… വെറുതെ എന്തിനാ പണി ഇരന്നു വാങ്ങുന്നെ… വരുൺ ഒന്നും മിണ്ടാതെ അത് വീണ്ടും ഓൺ ആക്കി… നിൻ ഉയിരിനേ അനുദിനം നിഴലുപോൽ പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ… എൻ വെയിലിനും മുകിലിനുംഅലിയുവാൻ നിൻ മനമിതാവെണ്ണിലാവാനമായ് ഒരേ വഴിയിലീരാവോള ഒഴുകി നാം… കെടാതെരിയണേനമ്മളിൽ നമ്മളെന്നെന്നും… പാട്ടു കേട്ടതും വരുണിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞെങ്കിലും അവനത് വിദഗ്ദ്ധമായി ഒളിപ്പിച്ചു… നന്ദു ഞെട്ടി നോക്കി… കുറച്ചു മുന്നേ ദുരന്തഗാനം കേട്ടിടത്ത് ദേണ്ടെ പ്രണയം വരിഞ്ഞൊഴുകുന്നു…കണ്ടകശനി ആണല്ലോ ഈശ്വരാ… അവൾ പതിയെ വരുണിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി…

എവിടെ… സ്ഥായി ഭാവം… ഇങ്ങേർക്ക് വികാരങ്ങൾ ഒന്നും ഇല്ലേ ഈശ്വരാ… നന്ദു ഒന്ന് ആത്‍മഗതിച്ചു… പക്ഷെ സൗണ്ട് ഒരല്പം കൂടിപ്പോയി… നീ എന്തെങ്കിലും പറഞ്ഞാരുന്നോ… വരുൺ ചോദിച്ചു… ഇ…ഇല്ല… ഒന്നും പറഞ്ഞില്ല… ഹ്മ്മ്… അതും പറഞ്ഞവൾ പുറത്തോട്ട് നോക്കി ഇരുന്നു…പിന്നീട് ചെമ്പകത്തു എത്തുന്ന വരെയും അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല…വീടിന്റെ ഗേറ്റ് കടന്നു അവൻ വണ്ടി ഒതുക്കിയതും നന്ദു ബാഗുമെടുത്തു ചാടിയിറങ്ങി ഒറ്റ പോക്കാരുന്നു… ഹോ… രക്ഷപെട്ടു… ഒരു മാതിരി എയർ ഫ്രൈയറിൽ ഇരിക്കുന്ന തന്ദൂരി ചിക്കന്റെ അവസ്ഥ ആരുന്നു ഇതുവരെ… സമാധാനം… അവൾ മനസ്സിൽ ഓർത്തോണ്ട് അകത്തേക്ക് കേറി… വരുൺ ആണേ ഒരു ചിരിയോടെ അവളുടെ പോക്കും നോക്കികൊണ്ട് പതുക്കെ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു…

കൃഷ്ണാ… നീ സാവിത്രിയെ വിളിച്ച് പൂജയുടെ കാര്യം പറഞ്ഞപ്പോൾ അവൾ എന്താ പറഞ്ഞത്… ചായ കുടിച്ചോണ്ടിരുന്ന ലക്ഷ്മിയമ്മ കൃഷ്ണനോട് ചോദിച്ചു…ഗായത്രി ചിരിച്ചു… ഓഹ്… സ്ഥിരം ഉള്ളപോലെ തന്നെ… അവളോട് നമ്മൾ പറയാൻ മറന്നു പോയതാരിക്കും…ഇത് നേരത്തേ തീരുമാനിച്ചതാകും… അതാണ് വരുണും വിനും ഒക്കെ വന്നത് എന്നൊക്കെ പറഞ്ഞങ്ങു തുടങ്ങി… അയാൾ ഒരു ചിരിയോടെ പറഞ്ഞു… ഓഹ്… അതിലിപ്പോ എന്താ അത്ഭുതപ്പെടാൻ…എന്നും അങ്ങനെ തന്നെ അല്ലെ സാവിത്രിയപ്പച്ചി…ചുമ്മാ ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കി കൊണ്ടിരിക്കും… ദേവി പറഞ്ഞു… ഗായത്രി അവളെ നോക്കി കണ്ണുരുട്ടി… അതങ്ങനെ ഒന്ന് ആയിപ്പോയി… എന്ത് ചെയ്യാനാ… എന്റെ അനിയത്തീടെ ഒരേയൊരു മകളല്ലേ… ആ ഒരു വാത്സല്യം പണ്ട് മുതലേ ഉണ്ടാരുന്നു… പോരാത്തേന് എനിക്ക് രണ്ട് ആൺമക്കളും… അപ്പൊ അവളോട് എനിക്കിത്തിരി ഇഷ്ടം കൂടിപ്പോയി… അതിന്റെ സ്വാതന്ത്ര്യമാ അവൾക്ക്… നിങ്ങളത് കാര്യമാക്കണ്ട… ഹ്മ്മ്… ഇല്ല ഇല്ല…ഞങ്ങടെ മെക്കിട്ടു വന്നു കേറാതിരുന്ന മതി… വിനു പറഞ്ഞു…

നീയായിട്ട് അങ്ങോട്ട് ചെല്ലാതിരുന്ന മതി… അവളൊന്നിനും വരില്ല… കൃഷ്ണൻ പറഞ്ഞു… ഉവ്വ്…അല്ല അപ്പച്ചി എന്നാണ് ഇങ്ങ് ലാൻഡ് ചെയ്യുന്നത്…പ്രിപേർഡ് ആയി ഒന്നിരിക്കണമല്ലോ… ഓഖിയും സുനാമിയും ഒരുമിച്ചല്ലേ വരണേ… അറിയില്ല… പൂജക്കിനി രണ്ട് മൂന്ന് ദിവസം കൂടെ അല്ലെ ഉള്ളൂ… നാളെയോ മറ്റെന്നാളോ എത്തും… നന്നായി… ദേണ്ടെ രണ്ടിനോടും കൂടിയ… സാവിത്രി ചുമ്മാ വല്ലൊക്കെ പറഞ്ഞോണ്ടിരിക്കും… അതിന്റെ ഒക്കെ വാല് പിടിക്കാൻ പോയാൽ അതിനേ നേരം കാണു… അത്കൊണ്ട് രണ്ടുപേരും വെറുതെ അവളോട് വഴക്കുണ്ടാക്കാൻ നിക്കല്ല്… കേട്ടല്ലോ പറഞ്ഞെ… ഗായത്രി വിനുനോടും ദേവിയോടും കൂടി ആയി പറഞ്ഞു… ആയിക്കോട്ടെ… ഞങ്ങളായിട്ട് ഒന്നിനും പോണില്ല… പക്ഷെ അപ്പച്ചി ഞങ്ങളെ ചൊറിയാൻ വന്നാൽ ഞങ്ങൾ മാന്തി വിടും അത്രേ ഉള്ളൂ… വാടാ… അതും പറഞ്ഞു ദേവിയും വിനും എണീറ്റുപോയി… ദൈവമേ… ഇനി എന്തൊക്കെ കാണണോ എന്തോ… കൃഷ്ണൻ നെഞ്ചത്ത് കൈവെച്ചു മുകളിലേക്ക് നോക്കി പറഞ്ഞു…ഗായത്രിയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി…

അപ്പൊ എങ്ങനെയാ… എല്ലാം ഒക്കെ അല്ലെ… നവി വരുണിനോട് ചോദിച്ചു… ഗോപികയുടെ മടിയിൽ തലവെച്ചുകൊണ്ട് കിടക്കുവാരുന്ന വരുൺ അവനെ ഒന്ന് നോക്കി… എല്ലാം ഒക്കെ ആണ്…നമ്മൾ ഇനി നേരിട്ട് ഇറങ്ങുവാ… ശിവ എന്ന ശല്യം എന്നന്നേക്കുമായി തീർക്കാൻ… വരുൺ പറഞ്ഞു… സൂക്ഷിക്കണം… അവനെ നിസ്സാരക്കാരനായി കാണരുതെന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ രണ്ടുപേരോടും…ഇന്ന് ദേവു വന്നില്ലാരുന്നെങ്കിലോ… എന്റെ മോള്… അത് മുഴുവിപ്പിക്കാൻ പോലും അവർക്കു സാധിച്ചില്ല…അത് തന്നെ ആരുന്നു നവിയുടെയും അവസ്ഥ…വരുൺ കണ്ണുകൾ മുറുകെ അടച്ചു… എന്റെ നന്ദു… കൊന്നേനെ ഞാൻ അവനെ… അവൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ പറഞ്ഞു… അവൻ കണ്ണുകൾ തുറന്നപ്പോൾ അവക്ക് രക്തവർണമാരുന്നു…ഗോപികയും നവിയും പരസ്പരം നോക്കി… പോട്ടെടാ… കുഴപ്പൊന്നും പറ്റിയില്ലല്ലോ… ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതെ നമുക്ക് സൂക്ഷിക്കണം… ഗോപിക അവന്റെ തലമുടിയിൽ തഴുകികൊണ്ട് പറഞ്ഞു…

നവി വരുണിനെ ഒന്ന് നോക്കി ചിരിച്ചു… അത് ഓർത്തു ഗോപുവമ്മ ഇനി ടെൻഷൻ ആകണ്ട… ഇനി ഒരിക്കൽ കൂടി നന്ദുന് അവന്റെ ശല്യം ഉണ്ടാവാതെ ഞങ്ങൾ നോക്കിക്കോളാം… അല്ലേടാ… അതേ… എന്തോ ഓർത്തു വരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു… ഗോപിക ഒരു ചിരിയോടെ അവരുടെ രണ്ടുപേരുടേം നെറുകയിൽ ഒന്ന് തഴുകി… വൈകിട്ട് എന്നത്തേയും പോലെ ടർഫിൽ കളിക്കാൻ വന്നതാരുന്നു ശിവ… കളികഴിഞ്ഞു ഒരു ടവൽ കൊണ്ടു മുഖവും തുടച്ച് സ്നാക്ബാറിൽ നിന്ന് ഒരു കോൾഡ്കോഫിയും വാങ്ങി കുടിച്ചു ഫോണിൽ നോക്കികൊണ്ട് കാർ പാർക്ക്‌ ചെയ്‌തിടത്തേക്ക് നടക്കുകയാരുന്നു അവൻ… ഡാ… ശിവാ… ആരോ വിളിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി… ആദ്യം മനസ്സിലായില്ലെങ്കിലും പെട്ടന്ന് അവന്റെ കണ്ണുകൾ വിടർന്നു…അവൻ ഒരു പുഞ്ചിരിയോടെ ഓർമയിലെ ആ പേര് പറഞ്ഞു… നിരഞ്ജൻ… ………….. തുടരും…………..