23/04/2026

നീ മാത്രം : ഭാഗം 45

രചന – വൈദേഹി ദേഹി

തൊട്ടപ്പുറത്തു ആരോ കിടക്കുന്ന പോലെ തോന്നിയപ്പോഴാണ് ദേവി കണ്ണുതിരുമ്മി ചാടി എണീറ്റത്…

എടീ…ശ്രുതീ… നീയിതെപ്പോ വന്നു…

ദേവി അവളെ തട്ടി വിളിച്ചതും അവൾ കണ്ണും തടവി എണീറ്റു…

ഓഹ്… എന്തുവാടി… ഉറങ്ങാനും സമ്മതിക്കില്ലേ…

നീയിതെപ്പോ വന്നു…

വെളുപ്പിന്…ടൂർ കഴിഞ്ഞ് ഞാൻ നേരെ ഇങ്ങോട്ടിങ്ങു പോന്നു… ഇനി നിന്റെ നിശ്ചയോം കൂടിട്ടേ ഞാൻ പോന്നുള്ളു മോളെ…അല്ല നിന്റെ കൈക്കിത് എന്ത് പറ്റിയതാ…

ബെസ്റ്റ്… അപ്പൊ നിന്റെ മദർ നിന്നോട് ഒന്നും പറഞ്ഞില്ലിയോ…

ഓഹ്… എന്നോടെന്ത്‌ പറയാൻ… അല്ലെ തന്നെ അമ്മ പറയുന്നത് ആര് കേൾക്കാനാ…രണ്ടു ദിവസമായി എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്… ഞാനതൊന്നും ശ്രെദ്ധിക്കാറുപോലുമില്ല… ആകെ കേട്ടത് നിന്റെ നിശ്ചയമാന്ന് മാത്രമാ… കേട്ട പാതി ഞാനിങ്ങ് പോന്നു… എപ്പടി…

മുടുക്കി…അല്ലേൽ ആരാ അപ്പച്ചി പറയുന്നത് കേൾക്കാൻ പോണേ… വന്നപ്പോ തൊട്ട് എന്തൊക്കെയോ പറയുന്നുണ്ടാരുന്നു… വിനു ആണേ അപ്പച്ചിയെ എടുത്ത് കിണറ്റിൽ ഇട്ടാലോന്നൊക്കെ പറയുന്നുണ്ടാരുന്നു…

ശേ…അവൻ പറഞ്ഞെ ഉള്ളൂ? ഞാൻ കരുതി എടുത്തിട്ട് കാണുമെന്നു…

അതും പറഞ്ഞു അവൾ കട്ടിലിലോട്ട് വീണ്ടും കിടന്നു ഒരു തലയിണ എടുത്ത് കെട്ടിപിടിച്ചു…

അല്ല നിന്റെ കൈക്കിത് എന്ത് പറ്റിയതാന്ന് പറഞ്ഞില്ലല്ലോ…

അത്… അത് ഞാൻ ഒന്ന് വീണതാടി… വിളക്കെടുപ്പിന്റെ അന്ന്…

ആണോ… പൊട്ടൽ ഉണ്ടോടി…

ഏയ്… ഇല്ല…ചതവേ ഉള്ളൂ… രണ്ടുമൂന്നു ദിവസം കഴിഞ്ഞെടുക്കും ഇത്…എന്നാ നീ കിടന്നോ… ഞാൻ പോയി പതുക്കെ ഫ്രഷ് ആകട്ടെ… കോളേജിൽ പോണം…

ആഹ്… നീ ഇറങ്ങിട്ട് വിളിക്ക്…

വോകെ…

അതും പറഞ്ഞു ദേവി ബാത്‌റൂമിലേക്ക് കയറിയതും ശ്രുതി തലവഴി പുതപ്പിട്ടു…

•••••••••••••••••••••••••••••••••••••••••••

നവി…പറഞ്ഞത് ഓർമ ഉണ്ടല്ലോ… ഞങ്ങൾ ഒരു 2 മണി ആകുമ്പോഴേക്കും ടെക്സ്റ്റ്ടൈൽസിലേക്ക് എത്തും…നീ ഇവരേം കൂട്ടി അങ്ങ് വന്നാ മതി…

ശെരി അച്ഛാ…

രാവിലെ ബ്രേക്ഫാസ്റ് കഴിഞ്ഞു കോളേജിലേക്ക് പോകാൻ ഇറങ്ങിയതാരുന്നു നവി… അപ്പോഴാണ് ഉമ്മറത്തിരുന്നു ഗോപി ഉച്ചക്കലത്തെ കാര്യം പറഞ്ഞത്… കൂടെ നന്ദുവും ഉണ്ടായിരുന്നു… റെഡി ആയി ദേവിയേം വെയിറ്റ് ചെയ്‌തിരിക്കുവാരുന്നു അവൾ…ഉച്ചക്ക് ദേവിയേം നന്ദുനേം കൂടെ വിളിക്കണമെന്നുള്ളതുകൊണ്ട് അവൻ കാറിലാണ് പോകാൻ ഇറങ്ങിയത്…അവൻ ഇറങ്ങിയതും മാലതി സാരിയുടെ മുന്താണിയിൽ കയ്യും തുടച്ചു അങ്ങോട്ട് വന്നു…

അവൻ പോയോ…

മ്മ്മ് ഇറങ്ങിയമ്മേ… എന്താ…

ഏയ് ഒന്നുല്ല… ശോ… എന്ത് പെട്ടന്നാണല്ലേ കല്യാണക്കാര്യം എല്ലാം തീരുമാനമായത്…

അവരതും പറഞ്ഞു അങ്ങോട്ടിരുന്നു… ഗോപി അത് കേട്ടു ചിരിച്ചു…

പിന്നല്ലാതെ… നമ്മുടെ സലിംകുമാർ പറയുന്ന പോലെ… എല്ലാം ശട പടെ ശട പടേന്നാരുന്നു..

കയ്യും കാണിച്ചു നന്ദു അത് പറഞ്ഞതും മാലതി അവളുടെ കയ്യിലൊരു തട്ട് കൊടുത്തു…

അതേ… ഇനി നിന്റെ കാര്യം വരുമ്പോഴും മോളിത് തന്നെ പറയണം…

അതിന് ഞാനിപ്പൊഴേ കെട്ടുന്നില്ലല്ലോ…

അയ്യടി… ആര് പറഞ്ഞു… കേട്ടോ ഗോപിയേട്ടാ…ഈ നിശ്ചയം ഒന്ന് കഴിഞ്ഞിട്ട് വേണം നമുക്കിവളുടെ ജാതകം കൂടെ ഒന്നു നോക്കിക്കാൻ… വല്ലോന്റേം കൂടെ ചാടി പോകുവെന്നോ മറ്റോ ഉണ്ടേൽ നമ്മൾ വെറുതെ അടുപ്പത്തു വെള്ളം വെക്കണ്ടല്ലോ…

മാലതി ഒരു ആക്കി ചിരിയോടെ ഗോപിയോടത് പറഞ്ഞതും അവൾ അവരെ കൂർപ്പിച്ചു നോക്കി…

അയ്യടി മനമേ… ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ… എനിക്ക് കിട്ടാനുള്ളതെല്ലാം ചോദിച്ചു മേടിച്ചേ ഞാൻ പോകു… അങ്ങനെ ഞാനിപ്പോ ചാടി പോകുവെന്നും നോക്കി ആരും ഇരിക്കേണ്ട… കേട്ടല്ലോ…

അതും പറഞ്ഞവൾ രണ്ടുപേരെയും ഒന്നും നോക്കി അകത്തേക്ക് പോയി… മാലതിയും ഗോപിയും ഒരു ചിരിയോടെ അവളുടെ പോക്ക് നോക്കിയിരുന്നു…

•••••••••••••••••••••••••••••••••••••••••••

ആഹാ അപശ്രുതി ഇതെപ്പോ ലാൻഡ് ചെയ്തു…

മുകളിൽ നിന്ന് ദേവിയോടൊപ്പം ഇറങ്ങി വരുന്ന ശ്രുതിയെ നോക്കി ഡൈനിംഗ് ടേബിളിൽ ഇരുന്നുകൊണ്ട് വിനു ചോദിച്ചു… അവൾ അവനെ നോക്കി മുഖം കോട്ടി…

ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പോ വരും… അതിനു നിനക്കെന്താടാ…

അവളതും പറഞ്ഞു അവന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള ടേബിളിൽ വന്നിരുന്നു…

ഓഹോ…

കിട്ടേണ്ടത് കിട്ടിയല്ലോ… ഇനി മോൻ അടങ്ങി ഇരുന്നു ചേച്ചിക്കാ പ്ലേറ്റിലോട്ട് ആ ചപ്പാത്തി ഇട്ട് തന്നെ…

അവന്റെ അപ്പുറത്തെ സീറ്റിൽ വന്നിരുന്നുകൊണ്ട് ദേവി പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി പുച്ഛിച്ചുകൊണ്ട് ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ചപ്പാത്തിയും കറിയും പകർത്തി അവൾക്ക് കൊടുത്തു…

ഇന്നാ… കേറ്റ്‌…

ഇങ്ങ് താ ദേവൂ… ഞാൻ എടുത്തു തരാം…

ഗായത്രി പറഞ്ഞതും അവളാ പ്ലേറ്റ് അവരുടെ അടുത്തേക്ക് നീക്കി കൊടുത്തു…

ശോ… എന്തോ പറയാനാ… എന്നാലും ദേവൂന്റെ കൈക്കീ പറ്റിയതേ… എന്തായാലും ഞായറാഴ്ചക്കുള്ളിൽ ഇത് മാറ്റുമാരിക്കും അല്ലെ നാത്തൂനെ…

സാവിത്രി അത് പറഞ്ഞതും ഗായത്രി ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ വായിലേക്ക് ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വെച്ചുകൊടുത്തു…

എന്റപ്പച്ചി… ഇവളുടെ കൈക്ക് ഒരു ചതവല്ലേ ഉള്ളൂ… അപ്പച്ചിയുടെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഇവൾടെ കൈ മുറിച്ചു മാറ്റിയെന്ന്…

വിനു കഴിച്ചോണ്ട് തന്നെ പറഞ്ഞു…
അപ്പോഴാണ് വരുൺ ഷർട്ടിന്റെ കയ്യും മടക്കി വെച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നത്…

ആഹ് വരുൺമോനെ… ദേണ്ടെ ശ്രുതിമോൾ വന്നത് മുതൽ വരുണേട്ടനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോന്നും പറഞ്ഞു നടക്കുവാരുന്നു…

സാവിത്രി അത് പറഞ്ഞതും വായിലോട്ടു മുറിച്ചു വെക്കാൻ പോയ ചപ്പാത്തി അത് പോലെ തന്നെ പിടിച്ചോണ്ട് ഇതൊക്കെ എപ്പോ എന്നുള്ള രീതിയിൽ ശ്രുതി അവരെ നോക്കി… വിനുനും ദേവിക്കുമാണെ അവളുടെ ആ ഇരിപ്പ് കണ്ടു ചിരി വന്നു…

അതിനു ശ്രുതി വെളുപ്പിന് വന്നപ്പോ തന്നെ എന്നെ കണ്ടാരുന്നല്ലോ അപ്പച്ചി… ഞാൻ ഓടാൻ പോകാൻ ഇറങ്ങിയപ്പോ ആരുന്നു അവൾ വന്നത്…

വരുണത് പറഞ്ഞതും വിനുവും ദേവിയും വാ പൊത്തി ചിരിച്ചു…സാവിത്രി ആകെ ചമ്മിപ്പോയി… പിന്നെയവർ ഒന്നും പറയാൻ പോയില്ല…

വരുൺ… നീ വന്നിട്ടേ കഴിക്കുന്നുള്ളോ…

അച്ഛമ്മ ചോദിച്ചു…

ആഹ് അച്ഛമ്മേ… വന്നിട്ടേ കഴിക്കുന്നുള്ളു… ദേവൂ കഴിച്ചു തീർന്നെങ്കിൽ വാ…

ആഹ് ദാ വരുന്നു…

അവളതും പറഞ്ഞു എണീറ്റു പോയി വാ കഴുകി അവന്റെ പിറകെ ചെന്നു…

വിനു നോക്കിയപ്പോ ശ്രുതി ഒരു ചപ്പാത്തി കൂടി എടുത്തു കഴിക്കുന്നു…

ഇവൾക്കിത് അവിടെ ഭക്ഷണം ഒന്നും കിട്ടാണ്ട് കിടക്കുവാരുന്നോ… എന്നാ പോളിങ്ങാ ഇത്…

അവൻ അവളെ നോക്കി അതും മനസ്സിൽ പറഞ്ഞോണ്ട് കഴിപ്പ് തുടർന്നു…

•••••••••••••••••••••••••••••••••••••••••••

സ്റ്റാഫ്റൂമിലേക്ക് കയറി ടേബിളിൽ ബാഗും വെച്ച് ഷെൽഫിന്ന് ഒരു ടെക്സ്റ്റും എടുത്തുകൊണ്ട് നവി സീറ്റിലേക്ക് ഇരുന്നു…നേരത്തേ ആയതുകൊണ്ട് വേറാരും അവിടെ ഉണ്ടായിരുന്നില്ല…അപ്പോഴാണ് ശിവ അങ്ങോട്ടേക്ക് കയറി വന്നത്…അവനെ കണ്ടതും നവിയുടെ മുഖം മാറിയെങ്കിലും അവനത് മറച്ചു പിടിച്ചു അവനെ നോക്കി ഒന്ന് ചിരിച്ചു…

നീയിന്ന് നേരത്തേ വന്നോ…

ശിവ അവനോട് ചോദിച്ചുകൊണ്ട് അവന്റെ തൊട്ടപ്പുറത്തെ ചെയറിലോട്ട് ഇരുന്നു…

ഏയ്… ഞാൻ ദാ ഇപ്പോ അങ്ങോട്ട് വന്നതേ ഉള്ളൂ…

മ്മ്മ്… എടാ… പിന്നെ എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടാരുന്നു…

ശിവ പറഞ്ഞതും നവി സംശയത്തിൽ അവനെ നോക്കി…

അത്… ശില്പ എന്നോടൊരു കാര്യം പറഞ്ഞു… ആക്ച്വലി എനിക്കത് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി… നീ എന്റെ ഫ്രണ്ട് അല്ലെ…അവൾക്ക് നിന്നെക്കാൾ നല്ല ബെസ്റ്റ് ഒരു ഓപ്ഷൻ ഇല്ല…അതുകൊണ്ടു ഞാൻ…

മതി ശിവാ…

അവനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ നവി ഇടക്ക് കയറി പറഞ്ഞു…

ഈ ടോപ്പിക്ക് നമുക്ക് വിടാം… ശില്പ എന്നോട് പറഞ്ഞതിന് മറുപടി ഞാൻ അപ്പോഴേ കൊടുത്തതാണ്… ആൻഡ് ദാട്സ് ഫൈനൽ…

ഒക്കെ… ഒക്കെ… ഞാൻ ചോദിച്ചന്നെ ഉള്ളൂ… പിന്നെ നവി… നിന്റെ മനസ്സിൽ അങ്ങനെ വേറാരെങ്കിലും ഉണ്ടോ… അല്ലാ… അവളങ്ങനെ പറഞ്ഞത് പോലെ…

ശിവ അവന്റെ മുഖത്ത് നോക്കി ചോദിച്ചതും നവിയുടെ കയ്യിലിരുന്ന പേന ഒന്ന് ഞെരിഞ്ഞു…

ഉണ്ട് ശിവ… അത് ഞാൻ പറയേണ്ട ടൈം ആകുമ്പോ പറയാം…പിന്നെ ശിൽപയുടെ കാര്യം… അതിനി എന്നോട് പറയണമെന്നില്ല…

അതും പറഞ്ഞവൻ ടെക്സ്റ്റും എടുത്ത് ക്ലാസ്സിലേക്ക് നടന്നു…അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന ശിവയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു…

•••••••••••••••••••••••••••••••••••••••••••

കാറിലിരുന്നപ്പോഴും അറിയാതെ പോലും നന്ദുവിന്റെ നേർക്ക് ഒരു നോട്ടം വരുണിൽ നിന്നുണ്ടായില്ല…അതിലവൾക്ക് ചെറുതായി വിഷമം തോന്നി…

ഇന്നെന്ത് പറ്റി… മറ്റേത് ചുമ്മാതെങ്കിലും ഒന്ന് നോക്കുന്നതാണല്ലോ…

നന്ദു മനസ്സിൽ പറഞ്ഞുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു…

കോളേജ് എത്തുന്നത് വരെ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാൻ പോയില്ല… കോളേജ് ഗേറ്റിന്റെ അവിടെ അവരെ അവൻ ഇറക്കി…

ശെരി ഏട്ടാ… ഉച്ചക്ക് ഞങ്ങൾ നവിയേട്ടന്റെ കൂടെ അങ്ങ് വന്നോളാം…

ദേവി പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു വണ്ടി മുന്നോട്ടെടുത്തു…നന്ദു ആണെ അവനെ നോക്കാനെ പോയില്ല… അങ്ങോട്ട് നോക്കിയാലല്ലേ ഇങ്ങോട്ട് നോക്കുന്നില്ലെന്ന് അറിയുള്ളു… വെറുതെ എന്തിനാ ഉള്ള മനസ്സമാധാനം കൂടെ കളയുന്നെ…

അവർ രണ്ടുപേരും ക്ലാസ്സിലോട്ട് ചെന്നതും അവളുടെ കുറെ ഫ്രണ്ട്‌സ് വന്നു കൈക്കെന്ത് പറ്റിയെന്നൊക്കെ ചോദിച്ചു… വീണതാണെന്ന് അവൾ മറുപടി പറഞ്ഞു ശില്പയെ ഒന്ന് നോക്കിയതും അവളൊന്നു പുച്ഛിച്ചു മുഖം തിരിച്ചു…

പോടീ പുസ്തകകൃമി…

ദേവി മനസ്സിലവളെ നല്ലവണ്ണം ഒന്ന് സ്മരിച്ചുകൊണ്ട് സീറ്റിലേക്ക് ഇരുന്നു…ഫസ്റ്റ് അവർ നവിയുടേതാരുന്നു…അവൻ ക്ലാസ്സിൽ വന്നെങ്കിലും അവൾ അവനെ നോക്കാനേ പോയില്ല… എങ്കിലും ഇടക്കിടക്ക് അവന്റെ കണ്ണുകൾ അവളെ തേടി പോകുന്നുണ്ടാരുന്നു… നന്ദുവിന് അതുകണ്ട് ചിരി വന്നെങ്കിലും അത് ശ്രെദ്ധിച്ച ശിൽപയുടെ മുഖം ഇരുണ്ടു…ബെൽ അടിച്ചതും ദേവി ഒന്ന് പുറത്തേക്ക് വരാൻ പറഞ്ഞുകൊണ്ടു അവൻ ക്ലാസിനു വെളിയിലേക്കിറങ്ങി…

നന്ദുനെ ഒന്ന് നോക്കി അവൾ പതിയെ അവനു പിറകെ ചെന്നു…

മ്മ്മ്?എന്താ വിളിച്ചത്…

നീയെന്താ ഇന്നലെ രാത്രി ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞത്…

അത്…ഞാൻ ഉറങ്ങിപ്പോയി…

ഹ്മ്മ്… കൈക്ക് ഇപ്പോ എങ്ങനെ ഉണ്ട്… വേദന ഉണ്ടോ…

മ്മ്മ് കുറഞ്ഞു വരുന്നു…

നിന്റെ മുഖത്തെന്താടി കടന്നലു കുത്തിയോ… മോന്തേം വീർപ്പിച്ചിരിക്കാൻ…

നവി ചോദിച്ചതും അതിനു മറുപടി പറയാൻ വന്നപ്പോഴാണ് ശിവ ക്ലാസ്സിലേക്ക് വരുന്നതവൾ കണ്ടത്… അവളുടെ നോട്ടം കണ്ട് തിരിഞ്ഞു നോക്കിയ അവൻ ശിവയെ കണ്ടു…എന്നിട്ട് അവളെ നോക്കി…

ചെല്ല്… ഉച്ചക്ക് ആ പാർക്കിംഗ് ലോട്ടിലേക്ക് വന്നാൽ മതി…

അതും പറഞ്ഞവൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി… അവൾ തിരിച്ചു ക്ലാസ്സിലേക്കും കയറി…അകത്തേക്ക് കയറിയ ദേവിയേം നവിയേം ഒന്ന് നോക്കി ശിവ ക്ലാസ്സിലേക്ക് നടന്നു…

ദേ വരുന്നുണ്ട് കാലൻ…

അതും പറഞ്ഞു ദേവി നന്ദുന്റെ അടുത്തേക്കിരുന്നതും ശിവ ക്ലാസ്സിലേക്ക് കയറിയതും ഒരുമിച്ചാരുന്നു…ശിവ തന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം പഴയത് പോലെ പേടി തോന്നുന്നില്ലെന്നത് നന്ദുന് തന്നെ അത്ഭുദമാരുന്നു…ദേവി പിന്നെ അവനെ ശ്രെദ്ധിക്കാനേ പോയില്ല…

വാട്ട്‌ ഹാപ്പെൻഡ് ദേവി… ഇതെന്താ തന്റെ കയ്യിൽ ബാൻഡേജ് ഒക്കെ…

ശിവ ഒരു ആക്കിയ ചിരിയോടെ ദേവിയുടെ മുന്നിലേക്ക് വന്നു നിന്നുകൊണ്ട് ചോദിച്ചു… അവൾ ദേഷ്യം കടിച്ചമർത്തി എണീറ്റു…

ഒന്ന് വീണതാ സർ…

ഓഹ്…സിറ്റ്… സിറ്റ്…എന്തായാലും കൂടുതൽ ഒന്നും പറ്റിയില്ലല്ലോ… ഭാ…ഗ്യം…

അവസാന വാക്ക് ഒന്നിരുത്തി പറഞ്ഞുകൊണ്ടവൻ തിരിഞ്ഞു നടന്നു…

തെണ്ടി…

ദേവി അവനെ നോക്കി പല്ലുകടിച്ചോണ്ട് പറഞ്ഞു…

………………… തുടരും…………….