16/04/2026

ശിവാനി : ഭാഗം 01

രചന – ജ്വാലാമുഖി

“ശിവാനി…. ”

“ധാ വരണൂ…. ”

“എന്ത് ഒരുക്കം ആണ് പെണ്ണേ… കതകു തുറന്നെ നീ… ”

ഇനിയും കതകു തുറന്നില്ലേൽ നമ്മുടെ ഭദ്രകാളി ഇതു ചവിട്ടി പൊളിക്കും…

“എപ്പോ കേറിയതാ ഇതിനുള്ളിൽ… ഇതുവരെ കഴിഞ്ഞില്ലേ… ”

“എന്റെ അമ്മേ… കുറെ നാളു കൂടി എന്നെ എല്ലാരും കാണുവല്ലേ… അപ്പൊ സുന്ദരി ആയി വേണ്ടേ പോകാൻ… ”

“പിന്നെ നിന്നെ കാണാൻ ആണല്ലോ എല്ലാരും വരണേ.. ”

“ഹോ.. എന്റെ പൊന്നു അമ്മേ.. കല്യാണപ്രായം ആയൊരു പെണ്ണല്ലേ ഞാൻ… നല്ല വല്ല ചെക്കന്മാരോ അവരുടെ പേരെന്റ്സൊ കണ്ടാൽ ഒരു നല്ല ആലോചന വരാനും മതി… ”

“ഹോ.. അങ്ങനെ ഇപ്പൊ അമ്മക്ക് എളുപ്പം ഉണ്ടാക്കി തരണ്ട… വേഗം വാ… ചെക്കന്റെ കൂട്ടർ ഇപ്പൊ എത്തിക്കാണും… ”

“അമ്മ.. താഴേക്കു പൊക്കൊ… കണ്ണടച്ചു തുറക്കുമ്പോളേക്കും ഞാൻ എത്തിയിരിക്കും…

“ഇല്ലെങ്കിൽ നിന്റെ കണ്ണടിച്ചു പൊട്ടിക്കും ഞാൻ… ”

“ഹോ .. ഇതെന്തു ഫൂലൻ ദേവി ആണ് എന്റെ കൃഷ്ണ.. ”

താഴെ അച്ഛൻ കാറിനുള്ളിൽ കിടന്നു വെരുകിക്കൊണ്ടു ഹോൺ അടിച്ചു വെറുപ്പിക്കുന്നുണ്ട്…

ഇന്ന് അമ്മേടെ ഒരേ ഒരു ചേച്ചിടെ മോൾടെ കല്യാണ നിശ്ചയം ആണ്…

തലേന്നേ പോകേണ്ടതാ.. പക്ഷെ അച്ഛന് അമ്മ വീട്ടുകാരെ അത്ര ഇഷ്ടം പോരാ…

“ശിവാനി… നീ വരണുണ്ടോ… ”

ഇനിയും പോയില്ലേൽ സീൻ കോണ്ട്രാ ആകും ..

നല്ല മെറൂൺ കളർ ഫ്രോക്ക് എടുത്തു ഇട്ടു…

ഇപ്പൊ മാല ഇല്ലാത്തതു ആണല്ലോ ഫാഷൻ…

കണ്ണാടിയിൽ നോക്കി സുന്ദരി ആയെന്നു ഒന്നുകൂടെ ഉറപ്പ് വരുത്തി…

“നിന്റെ മാല എന്തെ ശിവ… ”

“മാല ഇല്ലാത്തതാ ഇപ്പൊ ട്രെൻഡ് അച്ഛാ… ”

“ഓരോ കോപ്രായം കാട്ടി നടന്നോളും.. അതിന് കൂട്ട് ഒരമ്മയും.. ”

ഹഹഹ… ഇനി അവർ തമ്മിൽ ആയിക്കോളും..

“ഞാനോ.. പെണ്ണ് വലുതായി… ഇപ്പൊ ഞാൻ പറയണതൊന്നും അവൾ ഇടില്ല.. പ്രത്യേകിച്ച് നിങ്ങടെ മോൾ… ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട്‌ പോകും.. ഈ തെലുങ്കന്മാരുടെ കൂടെ അരുന്നല്ലോ.. മര്യാദകൾ ഒക്കെ മറന്നു …. ”

“നിനക്കായിരുന്നില്ലേ അവളെ ഹൈദരാബാദ് വിടാണ്ട് വിഷമം… ”

“ഒന്ന് നിർത്തോ രണ്ടും.. ഹോ… ഒരാൺകുട്ടി ആയി ജനിച്ചാൽ മതിയാരുന്നു… ”

“ഉവ്വ്‌… പെണ്ണായിട്ടു ഞങ്ങൾക്ക് പിടിച്ചിട്ടു കിട്ടണില്ല നിന്നെ പിന്നെയാ.. ആണായാൽ… ”

“ശിവ… ഇനിമുതൽ ഇങ്ങനെ കോപ്രായം കാട്ടി നടക്കുന്നത് ഞാൻ കാണരുത്.. ”

ഞാൻ ഒന്നും മിണ്ടിയില്ല… ഈശ്വര എനിക്ക് നല്ല ഫ്രീക്കൻ ചെക്കനെ കിട്ടണേ….

“നിങ്ങൾക്ക് ഇത്തിരി സ്പീഡിൽ പൊക്കുടേ… ”

“പിന്നെ ഞാൻ നിന്റെ അമ്മക്ക് വായുഗുളിക വാങ്ങാൻ പോവല്ലേ …. ”

“നിങ്ങൾക്ക് അല്ലേലും നിങ്ങടെ അനിയന്മാരുടെ വീട്ടിലൊക്കെ പോകാനേ ഇഷ്ടം ഉള്ളുലോ… ”

രണ്ടും കൂടെ പിന്നേം തുടങ്ങി…

ഭാഗ്യം അച്ഛൻ ഇത്രയും കാലം ഗൾഫിൽ നിന്നത്.. നാട്ടിൽ ആയിരുന്നു എങ്കിൽ രണ്ടിൽ ഒന്ന് പയറ്റി ചത്തേനെ…

ഞാൻ വേഗം പെൻഡ്രൈവ് കുത്തി നല്ല സൗണ്ടിൽ ഒരു പാട്ടു വച്ചു…

ആഹാ.. നല്ല ആശ്വാസം … രണ്ടും മിണ്ടുന്നില്ല…

കാർ വല്യമ്മേടെ വീടിന്റെ ഗേറ്റ് കടന്നു…

എല്ലാരെക്കാളും മുന്നേ അമ്മ ഇറങ്ങി അകത്തേക്ക് ഓടി…

എനിക്കാണേൽ ഈ ഫ്രോക്ക് തടഞ്ഞിട്ടു നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്….

എല്ലാരും എന്നെ ശ്രദ്ധിക്കുന്നുണ്ട്.. ഹോ ഉള്ളിൽ ഒരു കുളിര്…

ഞാൻ നല്ല സ്ലോ മോഷനിൽ നടന്നു…

“ഇതാര് ശിവനിമോളോ… എന്നാ വന്നേ… ”

“ഇന്നലെ വന്നുള്ളൂ ആന്റി… ”

“പഠിപ്പൊക്കെ കഴിഞ്ഞോ… ”

“കഴിഞ്ഞു… ”

“ഇനി അടുത്ത കല്യാണം അപ്പൊ അവിടെ ആണല്ലോ അല്ലെ ദാസാ… ” ആന്റി അച്ഛനെ നോക്കി അതു പറയുമ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു അങ്ങോട്ട്‌ വന്നു…

“ആ നോക്കണം… ”

“നല്ല സുന്ദരി ആയിട്ടുണ്ട്… എന്താ കുട്ടി മാല ഇടാഞ്ഞേ… ”

“അതൊക്കെ ഇപ്പോളത്തെ പാഷൻ ആണ്…. അതറിയത്തില്ല്യോ… ”

അച്ഛൻ എന്നെ ശരിക്കൊന്നു ആക്കിയിട്ട്.. ഒരു കസേരയിൽ കയറി ഇരുന്നു.. അപ്പോളേക്കും വല്യച്ഛൻ വന്നു അച്ഛനെ വിളിച്ചു കൊണ്ടു പോയി…

ഞാൻ അകത്തു കയറി നമ്മുടെ കാപ്പിരി പീക്കിരി പിള്ളേരെ കൂട്ടി ബാൽക്കണിയിൽ പോയി നിന്നു…

“ശിവ ചേച്ചി… ചെക്കന്റെ ആൾകാർ വന്നുന്ന്.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു ചേച്ചിനോട് ”

ഞാൻ സ്റ്റെപ് ഇറങ്ങി… അങ്ങോട്ട്‌ നടന്നു…

പന്തൽ നിറയെ ആൾകാർ.. ഹോ എന്തൊരു തിരക്കു.. അവിടെ തന്നെ നിന്നാൽ മതിയാരുന്നു…

ഞാൻ തിക്കി തിരക്കി ഇടയിൽ കയറി ഫ്രണ്ടിൽ പോയി നിന്നു…

മോതിരം മാറലും.. പത്രിക വായിക്കലും ഒക്കെ കഴിഞ്ഞു… ചേച്ചിയും ചേട്ടനും കൂടെ സ്റ്റേജിന്ന് ഇറങ്ങി ഫോട്ടോഷൂട്ട്‌ നു നടന്നു..

ഞങ്ങൾ പിന്നാലെയും…

“കൈ മിഥുന്റെ തോളിലൂടെ വക്കു… ”

നല്ല ക്യാമറമാൻ…

ചേട്ടന്റെ കൈ വിറക്കുന്ന കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ വയ്യാ….

ചേച്ചി എന്നെ കണ്ണോണ്ടും കലോണ്ടും ഒക്കെ ഓരോന്ന് കാണിക്കുന്നുണ്ട്…

എനിക്കാണേൽ ചിരിച്ചിട്ട് ബോധം ഇല്ല..

പാലടയുടെ മണം കേട്ടിട്ട് എനിക്ക് വട്ടുപിടിച്ചു തുടങ്ങി… ചെക്കന്റെ വീട്ടുകാർ ഇരുന്നു തീരാതെ എങ്ങനെ ഇരിക്കും…

സാരല്ല്യ.. പോയി ഇരിക്കാം… അമ്മുനേം ചിമ്മുനേം ഒക്കെ വിളിച്ചു കൂട്ടി ഊണ് കഴിക്കാൻ ഇരുന്നു..

ചോറ് കഴിച്ചെന്നു വരുത്തി പാലടയിൽ ഒരു പിടി പിടിച്ചു…

ഒരു ഗ്ലാസ്‌.. രണ്ടു ഗ്ലാസ്‌.. മൂന്ന് ഗ്ലാസ്‌.. നാല് ഗ്ലാസ്‌… പിന്നെ അയാൾ ആ വഴിക്കേ വന്നില്ല…

അങ്ങനെ ഒന്ന് സമാധാനം ആയി ഒരു ഏമ്പക്കം വിടുമ്പോൾ ആണ് നേരെ ഇരിക്കുന്ന സുന്ദരൻ ചെക്കനെ ഞാൻ കാണുന്നെ…

ഈശ്വര അവൻ പായസം കുടി നമ്പർ എടുത്തു കാണുമോ ആവോ…

സാരല്ല്യ… ചെക്കന്റെ ആൾകാർ ആണ്… അവര് പൊക്കോളും.. ഞാനും ചെക്കന്റെ വീടാണെന്ന് കരുതിക്കോളും…

ഞാൻ എണീറ്റു കൈ കഴുകാൻ നടന്നു…

കൈ കഴുകി തിരിഞ്ഞതും… ഒരു കൂട്ടിയിടി… നമ്മൾ സിനിമയിൽ ഒക്കെ കാണില്ലേ.. അതുപോലെ..

“എവിടെ നോക്കി ആടോ നടക്കണേ.. ”

ഞാൻ അങ്ങോട്ട്‌ തട്ടിക്കേറി…

“താൻ അല്ലെ ഇങ്ങോട്ട് വന്നിടിച്ചേ… ”

“ദേ ചെക്കാ… ”

അപ്പോളേക്കും അവന്റെ ഫ്രഡ്സ് അങ്ങോട്ട്‌ വന്നു..

“എന്താടാ പ്രശ്നം… ”

“അതു ഈ പെൺകൊച്ചു പായസം അടിച്ചു പറ്റായി എന്റെ മേലെ വീണെടാ.. എന്നിട്ട് ഇങ്ങോട്ട് തർക്കിക്കാൻ വരുവാ… ”

“ആണോടി കൊച്ചേ… ”

“നീ പോടാ… ഇയാൾ എന്റെ മേലെ വന്നു വീണതാ… ”

“ശിവമോൾ കഴിച്ചോ.. ചെക്കന്റെ വീട്ടുകാർ കഴിച്ചു കഴിഞ്ഞില്ലരുന്നു.. അപ്പോളേക്കും നീ ചാടി അങ്ങ് ഇരുന്നോ… ”

ഹോ എന്റെ ആന്റി ആണ്… സാധനം… വരാൻ കണ്ട നേരം…

അവന്മാർ ചിരിച്ചു വെളിവില്ലാതെ എന്നെ നോക്കി നിൽപ്പുണ്ട്..

“പോടാ… ”

എന്നും പറഞ്ഞു ഞാൻ പതുക്കെ അവിടന്ന് എസ്‌കേപ്പ് ആയി…

ഞാൻ അകത്തേക്ക് പോന്നു…

ചെ… ആകെ നാണക്കേട് ആയല്ലോ കൃഷ്ണ…

“മോളെ.. അവർ ഇറങ്ങാറായി അങ്ങോട്ട്‌ വരു… ”

ഞാൻ പുറത്തേക്കു ചെന്നു നിന്നു…

ആ ഉണ്ടക്കണ്ണൻ ബസിൽ കേറിയോ എന്ന് ഞാൻ എത്തിച്ചു നോക്കി…

ഇല്ല.. ഇവൻ ഇത് എവിടെ പോയി…

ഞാൻ പയ്യെ നീങ്ങി നിൽക്കാൻ നോക്കിയപ്പോൾ നീങ്ങാൻ പറ്റുന്നില്ല…

തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ എന്റെ ഫ്രോക്കിൽ ചവിട്ടി പിടിച്ചു നിൽപ്പാണ് നമ്മുടെ ഉണ്ടക്കണ്ണൻ സുന്ദരൻ…..

തുടരും……