പ്രണയരാഗം 06

ഭാഗം 6

അവൻ ഫോൺ കട്ട് ചെയ്തപ്പോൾ മരിയയെ പറ്റി പറയാത്ത വേദനയായിരുന്നു അമലക്കുണ്ടായിരുന്നത്.  അവളെപ്പറ്റിയും അവളുടെ സാഹചര്യത്തെ പറ്റി ആദ്യമേ അവനോട് പറയണം എന്ന് വിചാരിച്ചതാണ്. സണ്ണി പറയുന്നതുപോലെ എല്ലാ പെൺകുട്ടികളോടും കാണിക്കുന്നതുപോലെ എന്തെങ്കിലും കുസൃതി അവൻ അവളുടെ അടുത്ത് എടുക്കുമെന്ന് കരുതിയാണ് അവളെക്കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്.  അപ്പോഴേക്കും അവൻ ഫോണും കട്ട് ചെയ്തു. ഇനി അവൻ ഇവിടെ എത്തുന്നതിനു മുൻപ് എങ്ങനെ മരിയയെക്കുറിച്ച് സംസാരിക്കും എന്നായിരുന്നു അമല ചിന്തിച്ചത്..

ഫോണുമായി ആലോചനയോടെ നിൽക്കുന്ന അമലയെ കണ്ടുകൊണ്ടാണ് സണ്ണി അടുക്കളയിലേക്ക് വന്നത്.

” എന്താണ് ഇത്ര വലിയ ആലോചന..!

സണ്ണി അവളോട് ആയി ചോദിച്ചു..

”  ഞാൻ സോളമനെ വിളിക്കായിരുന്നു. നിങ്ങൾ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് അവൻ ഒരു കൂട്ടുകാരന്റെ വീട്ടിലായിരുന്നുവെന്ന്.  ഞാൻ കാരണം പപ്പയ്ക്ക് ഒരു നാണക്കേട് വേണ്ടല്ലോന്ന്…അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം. ആവശ്യമില്ലാതെ നിങ്ങൾ അവനെ കുറ്റപ്പെടുത്തുന്നത് പോലെ എനിക്ക് തോന്നുന്നത്…

അമല പരിതപിച്ചു

” ഈ സമയത്ത് ഞാനെങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അവന്റെ സ്വഭാവം എങ്ങനെ ആവുമെന്ന് അറിയാൻ പറ്റില്ല.  വലിയൊരു നഗരത്തിൽ ജീവിക്കുന്ന അവന് നിരവധി കൂട്ടുകെട്ടുകൾ ഉണ്ട്. അവന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെങ്കിൽ പോലും ഈ രീതികളൊന്നും ശരിയല്ല.  ആരും നിയന്ത്രിക്കാൻ ഇല്ലെന്ന് കണ്ടാൽ ഇപ്പോഴത്തെ കുട്ടികളല്ലേ,  എന്റെ മോൻ ആരേം ചതിക്കില്ലന്ന് എനിക്ക് ഉറപ്പുണ്ട്.  പിന്നെ അവന്റെ പ്രായത്തിന്റെ  പക്വത കുറവായിട്ട് ഇതിനെ എനിക്ക് കാണാൻ പറ്റുന്നില്ല.  എന്തൊക്കെ പറഞ്ഞാലും ഇത് ഒരുതരം ഫ്ല്ലേട്ടിങ് തന്നെയാണ്.  അത് നിർത്തണം.  അവന്റെ ആ സ്വഭാവമാറ്റിയില്ലെങ്കിൽ വന്നു കയറാൻ പോകുന്ന ഒരു പെങ്കൊച്ചിന്റെ ജീവിതമാണ് ബുദ്ധിമുട്ടിൽ ആവാൻ പോകുന്നത്. അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്. അത് അവനും നന്നായിട്ട് അറിയാം.. പിന്നെ ഞാൻ പുറത്തു പോയിട്ട് എന്തെങ്കിലും ഭക്ഷണം മേടിക്കാം. ഇന്നിനി ഉണ്ടാക്കാൻ നിൽക്കണ്ട. യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം കാണുമല്ലോ….

അത്രയും പറഞ്ഞ് സണ്ണി പുറത്തേക്ക് പോയിരുന്നു… ആ സമയം കൊണ്ട് അമല ഒരു ജ്യൂസ് ഉണ്ടാക്കി.  മരിയ്ക്ക്  കൊടുക്കാൻ  അകത്തേക്ക് ചെന്നപ്പോൾ അവൾ കുളിക്കുകയാണെന്ന് തോന്നിയിരുന്നു.  അമല പോകാൻ തുടങ്ങിയ സമയത്താണ് കുളി കഴിഞ്ഞ് മരിയ ഇറങ്ങിയത്…

” മോൾ തലയും കഴുകിയോ..?

”  ഭയങ്കര തലവേദന ആയിരുന്നു..

”   ക്ലോറിൻ വെള്ളമാ, മുടി പോകാൻ വേറെ ഒന്നും വേണ്ട.  ഒന്നെങ്കിൽ 24 മണിക്കൂർ എങ്കിലും വെള്ളം പിടിച്ചു വയ്ക്കണം. അല്ലെങ്കിൽ ക്യാൻവാട്ടർ ഉപയോഗിക്കണം.  ഞാനിവിടെ രണ്ട് ദിവസം കൂടുമ്പോഴാണ് തല നനയ്ക്കുന്നത്. സോളമൻ എല്ലാ ദിവസവും  തല കഴുകും  അതിനുവേണ്ടി ഒരു ദിവസം ഒരായിരം രൂപയെങ്കിലും ചെലവാക്കും, മോളുടെ കാര്യം പറഞ്ഞ പോലെ അവനും തല കഴുകിയില്ലെങ്കിൽ എന്നും തലവേദനയാണ്..

അവൾ നന്നായി ഒന്ന് ചിരിച്ചു.

” മോളി ജ്യൂസ് കുടിക്ക്, ഞാൻ ഇതുകൊണ്ട് വന്നതാ..

” അടുക്കളയിൽ എന്തെങ്കിലും ഹെല്പ് ചെയ്യണോ ആന്റി…

ഗ്ലാസ് വാങ്ങിക്കൊണ്ട് ചോദിച്ചവൾ

” ഒന്നും വേണ്ട മോളെ യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം,  അതുകൊണ്ട് അങ്കിൾ പോയിരിക്കുകയാണ് ഫുഡ് വാങ്ങാൻ.

”  അയ്യോ ഞാൻ ഉണ്ടാക്കായിരുന്നല്ലോ ആന്റി,  അങ്കിളിനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു.  ചില ദിവസം ഇങ്ങനെ യാത്ര കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ പുറതൂന്ന് ആണ് ഫുഡ് വാങ്ങിക്കുന്നത്.  അതൊന്നും ഒരു ബുദ്ധിമുട്ടല്ല.  പിന്നെ മോളോട് അമ്മ എന്തൊക്കെയാ പറഞ്ഞുതന്നു വിട്ടിരിക്കുന്നത് എനിക്ക് അറിയില്ല. മോൾ എയർപോർട്ടിൽ വെച്ച് പറഞ്ഞ പോലെ മോളെ ഞാൻ ഇവിടെക്ക് യൊക്കെ കൊണ്ടുവന്നത് ഇവിടുത്തെ ജോലി ചെയ്യിപ്പിക്കാനും അല്ല. മോള് പഠിച്ച നല്ലൊരു നിലയിൽ എത്തണം.  അത്രയേ ഉള്ളൂ.  അതിന് ആന്റിയെ കൊണ്ട് പറ്റുന്ന ഒരു സഹായം ചെയ്തു എന്ന് മാത്രം.

” എനിക്ക് ജോലി ഒന്നും ചെയ്യുന്നത് ഒരു ബുദ്ധിമുട്ട്  അല്ല ആന്റി. ഞാന് എന്തോരം ജോലി ചെയ്തിരിക്കുന്നു.  കുട്ടിക്കാലം മുതലേ എനിക്ക് ഇതൊക്കെ ശീലമാ,  അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത വേദനയാണ് ആ നിമിഷം അമലയ്ക്ക് തോന്നിയിരുന്നത്..

വാത്സല്യത്തോടെ അവളുടെ തലമുടി ഇഴകളിൽ അവരൊന്ന് തലോടി..  ആ സമയം തന്നെ സണ്ണി ഭക്ഷണവും വാങ്ങി വന്നിരുന്നു. മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ അമലയെക്കാൾ രസികനാണ് സണ്ണി എന്ന് അവൾക്ക് മനസ്സിലായിരുന്നു.  എങ്കിലും ഒരു പരിധിയിൽ കൂടുതൽ പുരുഷന്മാരോട് അടുത്തിടപഴകാൻ അവൾക്ക് മടി തോന്നിയിരുന്നു.  അങ്ങനെ പരിചയമില്ലാത്തതു കൊണ്ടായിരിക്കും.  അല്പം ഉള്‍വലിഞ്ഞ പ്രകൃതം തന്നെയായിരുന്നു അവൾ.  ഭക്ഷണം കഴിഞ്ഞു പാത്രങ്ങളൊക്കെ കഴുകാനായി അമലയ്ക്ക് ഒപ്പം തന്നെ അവൾ നിന്നു. അമല വേണ്ടെന്നു പറഞ്ഞെങ്കിലും എല്ലാ ജോലികളിലും അവളും സഹായവുമായി ഒപ്പം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിളിച്ച് അമലയോട് സംസാരിച്ച് അതോടൊപ്പം തന്നെ മരിയോടും.യാത്ര ചെയ്തത് കൊണ്ട് തന്നെ അന്ന് രാത്രി എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങിയിരുന്നു.

രാവിലെ ആദ്യം എഴുന്നേറ്റത് മരിയ തന്നെയാണ്.  എഴുന്നേറ്റു പുറത്തേക്ക് വന്നപ്പോൾ ആരും ഉണർന്നിട്ടില്ല എന്ന് അവൾക്ക് തോന്നിയിരുന്നു.  അടുക്കളയിലേക്ക് ചെന്നപ്പോഴും ചെയ്യാൻ ജോലികൾ ഒന്നും ബാക്കിയില്ല. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ പാലും ഇരിപ്പില്ല.  പിന്നെ അവൾ കുറച്ച് കട്ടൻ ചായ ഉണ്ടാക്കി എല്ലാവർക്കും ഫ്ലാസ്കിൽ ഒഴിച്ചുവെച്ചു. രാവിലെ എഴുന്നേറ്റ് എന്തെങ്കിലും ജോലി ചെയ്തില്ലെങ്കിൽ ഒരുതരം മരവിപ്പാണ്.  ഇപ്പോൾ അത് ജീവിതത്തിന്റെ ഭാഗമായതു കൊണ്ടായിരിക്കാം. അത് കഴിഞ്ഞ് അവൾ നേരെ ലിവിങ് റൂമിലേക്കാണ് വന്നത്. അവിടെ ഈശോയുടെ ഒരു വലിയ രൂപമുണ്ട്.  അതിന് അരികിൽ ആയി മെഴുകുതിരി ഇരിക്കുന്നത് കണ്ടു. അതൊന്ന് കത്തിച്ചു പ്രാർത്ഥിച്ചു.  വീണ്ടും എന്തെങ്കിലും ജോലി ചെയ്യാൻ ഉണ്ടോ എന്ന് നോക്കി നടന്നു.   ഇല്ലാത്തതുകൊണ്ട് തന്നെ മുറിയിൽ പോയി കുറച്ചു നേരം ഇരുന്നു..അമല ഉണർന്നു വന്നപ്പോൾ ആദ്യം കാണുന്നത് ഈശോയുടെ രൂപത്തിന് മുന്നിൽ തെളിഞ്ഞു നിൽക്കുന്ന മെഴുകുതിരിയാണ്.  ആ കാഴ്ച തന്നെ അവരിൽ വല്ലാത്ത ഒരു സന്തോഷം നിറച്ചിരുന്നു.  അടുക്കളയിലേക്ക് ചെന്നപ്പോൾ ഫ്ലാസ്കിൽ കട്ടൻ ചായ ഇട്ടു വച്ചിട്ടുണ്ട്. അത് മരിയ തന്നെ ചെയ്തതായിരിക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു.  അടുക്കളയിലെ ശബ്ദം കേട്ടുകൊണ്ട് പെട്ടെന്ന് മരിയ അവിടേക്ക് വന്നിരുന്നു.

” മോളാണോ ചായ ഇട്ടത്..?

ഫ്ലാസ്കിൽ നിന്നും ചായ പകർന്നു കൊണ്ട് അമല ചോദിച്ചു.

” അതെ ആന്റി…  പാല് ഇരിപ്പിലായിരുന്നു,

“പാല് ഇന്നലെ വാങ്ങാൻ മറന്നു പോയി ഇവിടെ  കവർ പാലെ കിട്ടത്തൊള്ളൂ. ഇനിയിപ്പോൾ നമുക്ക് വൈകുന്നേരം ഒരു ഷോപ്പിങ്ങിന് പോകാം,  അപ്പോൾ വാങ്ങാം.

” എനിക്ക് അങ്ങനെ ചായ ഒന്നും പതിവില്ല.  ഇവിടെ നിങ്ങൾ കുടിക്കുമെന്ന് കരുതിയാ ഞാൻ പറഞ്ഞത്,

താൻ പറഞ്ഞതിന് അവർ തെറ്റിദ്ധരിച്ചു എന്ന ഭയത്തോടെയാണ് മരിയ അങ്ങനെ പറഞ്ഞത്..

”  അയ്യോ എനിക്ക് ചായ നിർബന്ധമാ,  രാവിലെ ഒരു ഗ്ലാസ് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.  ഇന്ന് പിന്നെ മോളുടെ കട്ടൻ ചായ സൂപ്പർ ആയതുകൊണ്ട് കുഴപ്പമില്ല..

അവളുടെ നേരെയും ഒരു കപ്പ് നീട്ടി മറ്റൊരു കപ്പുമായി അവർ നേരെ സണ്ണിയുടെ അരികിലേക്ക് ചെന്നിരുന്നു.  സണ്ണി അവിടെ ഉള്ള സ്ഥലത്ത് വെച്ച് പിടിപ്പിച്ച ചെടികളെയും പച്ചക്കറികളെയും പരിപാലിക്കുന്ന തിരക്കിലാണ്.  രാവിലെ കുറച്ച് സമയം അതിനായി അയാൾ മാറ്റിവയ്ക്കും. അമല തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് മരിയ.

“രാവിലെ പുട്ട് ഉണ്ടാക്കിയാലോ മോൾക്ക് ഇഷ്ടമാണോ..?

ആദ്യമായാണ് തന്റെ ഇഷ്ടങ്ങൾക്കൊക്കെ ഇങ്ങനെ ഒരാൾ അഭിപ്രായം ചോദിക്കുന്നത്.  ഇന്നുവരെ അങ്ങനെയൊരു പതിവ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ എന്തു പറയണമെന്നറിയാതെ അവൾ ഒന്നു മടിച്ചു.

” എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല.  എന്താണെങ്കിലും ഞാൻ കഴിക്കും.

“എങ്കിൽ പിന്നെ നമുക്ക് പുട്ട് ഉണ്ടാക്കാം,

അവർ പെട്ടെന്ന് തന്നെ റാക്കിൽ നിന്നും ഒരു ബക്കറ്റ് എടുത്തു.  അതിൽ നിന്ന് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു.  ആ സമയം കൊണ്ട് ഒരു ജോലി ലഭിച്ചത് പോലെ ഫ്രിഡ്ജ് തുറന്നു നോക്കി മരിയ. പ്രതീക്ഷിച്ചത് എന്തോ കാണാത്തത് പോലെ അവൾ അമലയുടെ മുഖത്തേക്ക് നോക്കി..

” എന്താ മോളെ…?

“തേങ്ങ

” ആന്റി പൊടി നനയ്ക്കുമ്പോഴേക്കും ഞാൻ തേങ്ങ ചിരവാമായിരുന്നു..

“തേങ്ങ പൊട്ടിക്കാൻ കിടക്കുവാ,  ഞാൻ സണ്ണിച്ചായനെ വിളിക്കട്ടെ..

അവർ പെട്ടെന്ന് സ്റ്റോർ റൂമിൽ പോയി  ഒരു തേങ്ങ എടുത്തു,

” അതിനു അങ്കിളിനെ വിളിക്കേണ്ട ഞാൻ പൊട്ടിക്കാം,

അവരുടെ കയ്യിൽ നിന്നും തേങ്ങാ വാങ്ങി അവിടെയിരുന്ന കത്തിയുടെ പിറകുവശം ഉപയോഗിച്ച് പെട്ടെന്ന് തന്നെ അവൾ ആ തേങ്ങ പൊട്ടിച്ചിരുന്നു.  അവളുടെ ആ പ്രവർത്തി കണ്ട് അമല അന്തം വിട്ടു പോയിരുന്നു..  വർഷങ്ങൾ ഇത്രയുമായെങ്കിലും തനിക്ക് ഇപ്പോഴും തേങ്ങ പൊട്ടിക്കാൻ ഭയമാണ്.  എപ്പോഴും ഭർത്താവിനെയാണ് അതിനായി ആശ്രയിക്കുന്നത്. നിഷ്പ്രയാസം ഒരു കൊച്ചു പെൺകുട്ടി ഇത് ചെയ്യുന്നത് കണ്ട് അമ്പരപ്പോടെ  അവൾ അവരെ നോക്കി.  അതോടൊപ്പം തന്നെ എത്രയോ ചെറിയ പ്രായത്തിലെ ഇവൾ ഈ ജോലിയൊക്കെ ചെയ്തിട്ടുണ്ടാകും എന്ന ഒരു സഹതാപവും അവരിൽ നിറഞ്ഞിരുന്നു.

അപ്പോഴാണ് താഴെ പത്രക്കാരൻ വന്ന് ബെല്ലടിച്ചത്..  പെട്ടെന്ന് അമല ബാൽക്കണിയിലേക്ക് ചെന്ന് നോക്കി.  അതോടൊപ്പം സണ്ണിയും വന്നിരുന്നു.

”  അയാളുടെ പൈസ കൊടുക്കേണ്ട സമയമായി..
ഞാൻ കൊണ്ടു കൊടുത്തിട്ട് വരാം,

”  ഈ മുട്ടുവേദനയും വെച്ച് നിങ്ങൾ ഇനി താഴെ വരെ ഇറങ്ങി പോകണ്ടേ? ഞാൻ കൊടുക്കാം..

അമല സണ്ണിയോട് പറഞ്ഞു.

”  നീ പോവണ്ട ഇനിയിപ്പോൾ നീ അവിടെ ചെന്ന് താഴെയുള്ള ആരോടെങ്കിലും മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് നിൽക്കും.  അത് കഴിഞ്ഞ് ഇവിടെ വരുമ്പോഴേക്കും ഒരു നേരമാകും.

സണ്ണി പറഞ്ഞു..

“വേണ്ട…! ഞാൻ തന്നെ പൊയ്ക്കോളാം.പറ്റുമെങ്കിൽ
അടുത്തമാസം മുതൽ  വനിത കൂടി ഇടണം  എന്ന് അയാളോട് പറയാനാണ്..

“ഇതുകൊണ്ട് ആണ് പറഞ്ഞത് നീ പോവണ്ടാന്ന്. നീ പോയാ എനിക്ക് ചിലവുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്തെ തിരിച്ചു വരു,  ഞാൻ തന്നെ പൊയ്ക്കോളാം..

സണ്ണി പറഞ്ഞു

രണ്ടുപേരുടെയും തർക്കം കേട്ടുകൊണ്ടാണ് മരിയ അവിടെ വന്നത്

”  ഞാൻ പോയി കൊടുത്താൽ മതിയോ…

അവൾ ഇരുവരോടും ആയി ചോദിച്ചു..

” എങ്കിൽ പിന്നെ മോള് കൊണ്ട് കൊടുക്ക്, ഇവിടെ വന്നിട്ട് പുറത്ത് ഇറങ്ങിയില്ലല്ലോ

അമല തന്നെയാണ് പറഞ്ഞത്..

“അത് ശരിയാ..

സണ്ണി കാശ്  മരിയയുടെ കയ്യിലേക്ക് കൊടുത്തു…

ഒന്ന് പുറത്തിറങ്ങണമെന്ന് അവൾക്കും തോന്നിയിരുന്നു.  അതുകൊണ്ടു തന്നെ സന്തോഷത്തോടെ അവൾ പുറത്തേക്ക് നടന്നു. അയാൾ വീണ്ടും വീണ്ടും ബെൽ അടിക്കുകയാണ്.  അയാൾക്ക് തിരക്ക് കാണുമെന്നും ഒപ്പം അയാളെ മുഷിപ്പിക്കേണ്ടന്നും കരുതി മരിയ പെട്ടെന്ന് താഴേക്ക് ഓടിയാണ്  പോയത്.  ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിലാണ് പുറകിൽ നീണ്ടു കിടന്ന ഷോളില്‍  കാല് തെന്നിയത്, കൈവരിയിൽ പിടിച്ചുവെങ്കിലും ബാലൻസ് കിട്ടിയിരുന്നില്ല.  സ്റ്റെപ്പിൽ നിന്നും താഴേക്ക് തെറിച്ച് വീഴാൻ പോയവളെ ആരോ താങ്ങി പിടിച്ചിരുന്നു. ഇപ്പോൾ വീഴുമെന്ന് പ്രതീക്ഷിച്ചവൾ ആരുടെയോ കരുത്തുള്ള  കരങ്ങളാൽ താങ്ങിനിർത്തപ്പെട്ടുവെന്ന്  അവൾക്കും മനസ്സിലായി.  അവൾ മുഖമുയർത്തി അത് ആരാണെന്ന് നോക്കി..

തുടരും…!

Leave a Reply