18/04/2026

മോചിത : ഭാഗം 02

രചന – രോഹിണി ആമി

തിനു ശേഷം കഥയെഴുതാൻ മോചിതക്ക് തോന്നിയില്ല……. ഉറക്കവും പോയി…… പേരില്ലാത്തവൻ ഇപ്പോഴും ഓൺലൈനിൽ ഉണ്ട്…… തന്റെ റിപ്ലയ്ക്ക് കാത്തിരിക്കും പോലെ…….. വേണ്ട…… ഏതെങ്കിലും കോഴി ആയിരിക്കും….. ഇങ്ങോട്ട് മെസ്സേജ് വിട്ടു മടുക്കുമ്പോ തനിയെ പൊക്കോളും….. മൊബൈൽ ഓഫ് ചെയ്തിട്ടു ഉറങ്ങാൻ ശ്രമിച്ചു……. നടക്കുന്നില്ല……. കല്യാണം കഴിഞ്ഞ ആദ്യത്തെ വർഷം മാത്രമേ ജയേട്ടൻ തന്റെ ജന്മദിനം ഓർത്തുള്ളു…….. അന്ന് തന്ന സാരി ഇപ്പോഴും നിധി പോലെ കാത്തുവെച്ചിട്ടുണ്ട്…. അത് ഉടുത്തു അടുത്ത് ചെന്നപ്പോൾ ഉമ്മകൾ കൊണ്ടു മൂടിയതും….. വല്ലാത്ത ആഗ്രഹത്തോടെ തന്നിലേക്ക് അലിഞ്ഞതുമെല്ലാം മോചിത ഓർത്തു….. അതിനു ശേഷം ഇങ്ങോട്ട് അങ്ങനെ ഒന്നുണ്ടായിട്ടില്ല……. ജയേട്ടന് എന്നേക്കാൾ പത്തു വയസ്സ് കൂടുതലാണ്…… പ്രായം കൂടിയാൽ കുട്ടികളുണ്ടാവാൻ പാടാണെന്ന് വീട്ടിലുള്ളവർ പറഞ്ഞപ്പോൾ……… അധികം താമസിക്കാതെ മോനു ഉണ്ടായി…. പ്രസവത്തിനു ശേഷമാണ് ജയേട്ടനു വല്ലാത്ത മാറ്റം കണ്ടുതുടങ്ങിയത്….. ചിലപ്പോളൊക്കെ പെട്ടെന്ന് ഉറങ്ങി എണീറ്റു കണ്ണു തുറന്നു നോക്കുമ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്നത് കാണാം……

ചിലപ്പോൾ പരിഹാസം…….. സ്നേഹം വളരെ കുറച്ചു…. ടി സ്പൂൺ കണക്കിന്…… എന്നാലും എനിക്കു ജയേട്ടനെ ജീവനാണ്…. ഒന്നും പറഞ്ഞു വിഷമിപ്പിക്കാറില്ല…….. ജയേട്ടൻ എന്തെങ്കിലും പറഞ്ഞാലും മൗനം പാലിച്ചു ഇരിക്കും…. അതു കൂടുതൽ ദേഷ്യം പിടിപ്പിക്കാറുണ്ട് ഏട്ടനെ…… ഞാൻ വേദനിച്ചോളാം…… എന്റെ നാവില്നിന്നും എന്തെങ്കിലും വീണുപോയാൽ……. ജയേട്ടന്റെ മുഖം വാടുന്നതുപോലും എനിക്കു സഹിക്കില്ല….. മൊബൈലിൽ അധികം ഇരിക്കാറില്ല…. ആവശ്യത്തിന് മാത്രം….. വേറെ ബന്ധങ്ങൾ ഒന്നുമുണ്ടെന്ന് തോന്നുന്നില്ല…..ഉണ്ടെങ്കിൽ തന്നോട് ഇത്രയും ആക്രാന്തം കാണിക്കില്ലന്നു അവൾ ഓർത്തു….. ……… ചിലപ്പോൾ പാവം തോന്നും….. ചിലപ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും….. മോചിതയുടെ ചുണ്ടത്തു ചിരി വിരിഞ്ഞു…… മോനുന്റെ ബസിന്റെ ഹോൺ കേട്ട് ഞെട്ടി എണീറ്റു…. സമയം നോക്കിയപ്പോൾ നാലര….. എന്തൊക്കെയോ ഓർത്തു കിടന്നുറങ്ങിപ്പോയി….ചോറു പോലും ഉണ്ടിരുന്നില്ല….. വാതിൽ തുറന്നു മോനുവിനെ വിളിച്ചോണ്ട് വന്നു…… പാൽ തിളക്കാൻ വച്ചു…. മോനുവിന്റെ വിശേഷം എല്ലാം കേട്ടിരുന്നു…..

അത് എന്നുമുള്ളതാണ്……. സ്കൂളിൽ നടക്കുന്ന സകല കാര്യങ്ങളും വന്നു പറയും….. അതൊക്കെ കേട്ടോണ്ടിരുന്നപ്പോൾ ജയേട്ടൻ വന്നു…… ചായ കൊടുത്തു….. അതും അവിടെ ഇവിടെ ഒന്നും വെക്കാൻ പാടില്ല…. കൈയ്യിൽ വാങ്ങുന്നതുവരെ ഞാൻ പിടിച്ചു നിക്കണം…. കൊടുത്തിട്ട് ഞാൻ തിരിച്ചു പോന്നു…… ടി വി യുടെ സൗണ്ട് കേട്ടു…… ന്യൂസ്‌ മാത്രമേ കാണൂ…. മോനുവിനെ പിടിച്ചു മടിയിൽ ഇരുത്തിയിട്ടുണ്ട്……. അവനെ വിളിച്ചു കുളിപ്പിച്ചു……. ഞാനും കുളിച്ചു…… വിളക്കു വച്ചു നാമം ജപിച്ചു…… അതിനു മുടക്കം വരുത്താറില്ല…… എനിക്കു കഴിയില്ലെങ്കിൽ കൂടി മോനു ചെയ്‌തോളും….. അതിനെല്ലാം അവന് പ്രാക്ടീസ് കൊടുത്തിട്ടുണ്ട്…… വിളക്കു വെക്കുമ്പോൾ ടി വി ഓഫ്‌ ചെയ്തു കൂടെ ജയേട്ടാ….. ഒന്ന് എണീറ്റു തൊഴാനും മടിയാണോ ഇപ്പോൾ….. വിളക്കു വച്ചിട്ടും ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്നതുകണ്ടിട്ട് ചോദിച്ചതാ…. ആർക്കോ വേണ്ടി ചെയ്തു…… എന്നാലെന്താ പറഞ്ഞത് കേട്ടല്ലോ…… സാധാരണ അതുപോലും ഉണ്ടാകാറില്ല…. മോനുനു ഹോം വർക് എല്ലാം ചെയ്യാൻ സഹായിച്ചു… കുറച്ചു നേരം ഇരുത്തി പഠിപ്പിച്ചു….

പതിയെ അടുക്കളയിലേക്ക് കയറി… എന്തുണ്ടാക്കും….. മൂന്നു നേരവും മൂന്നു തരത്തിൽ വേണം ജയേട്ടനു…. എന്തെങ്കിലും കാരണം കൊണ്ടു ഉച്ചക്കത്തെ ഭക്ഷണം വൈകിട്ട് ടേബിളിൽ കണ്ടാൽ…… അതു പിന്നെ നിലത്തുനിന്നും കോരി എടുക്കേണ്ടി വരും…. എത്ര തവണ പറഞ്ഞാലും കേൾക്കില്ല….. ഭക്ഷണം വലിച്ചെറിയരുതെന്നു….. ഇതിനൊക്കെ ഒരാൾക്ക് മറുപടി കൊടുക്കേണ്ടി വരുമെന്നും….. നീയെന്നെ പഠിപ്പിക്കാൻ വരണ്ട….. ഞാൻ അധ്വാനിച്ചു ഉണ്ടാക്കുന്നത് ചിലപ്പോൾ കളയും ചിലപ്പോൾ തിന്നും…. നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതൊന്നുമല്ലല്ലോ…. ഇതായിരിക്കും അതിനുള്ള മറുപടി….. നിലത്തു വീണത് നല്ലതാണെങ്കിൽ ഞാൻ എടുത്തു കഴിക്കാറുണ്ട്……. ഭക്ഷണം കളയാൻ പഠിച്ചിട്ടുമില്ല….. പഠിപ്പിക്കാറുമില്ല….. അതു കാണുമ്പോൾ ജയേട്ടനു ദേഷ്യം വരും….. അല്ലെങ്കിലും അങ്ങനെ തിന്നു ശീലിച്ചവർ അങ്ങനെയേ ചെയ്യൂ….. എന്നു പറയും….. ചപ്പാത്തി ഉണ്ടാക്കാം….. അതാവുമ്പോൾ മോനുനും ഇഷ്ടമാണ്…… ചപ്പാത്തിക്ക് മാവ് കുഴച്ചോണ്ടിരുന്നപ്പോൾ മോനു വന്നു…..

അവന് ഒരു ഉരുള മാവ് വേണം…. അതു സ്ഥിരം ഉള്ളതാണ്…. ഇനി അതു പല ഷേപ്പിൽ ആക്കും…. ചിലപ്പോൾ തിന്നും…. മനുഷ്യ രൂപത്തിൽ ആക്കി കടുകും ജീരകവും ഒക്കെ എടുത്തു കണ്ണും മൂക്കും വെക്കും….. അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു പണി എടുത്താൽ ബോറടിക്കില്ല……. പെട്ടെന്നു തീരുകയും ചെയ്യും….. പണിയെല്ലാം ഒതുക്കിയിട്ട് കിടക്കാൻ കയറി….. റൂമിൽ അച്ഛനും മോനും വർത്തമാനം പറയുന്നുണ്ട്…… ചിലപ്പോൾ തോന്നാറുണ്ട്…. ജയേട്ടൻ നല്ല ഒരു അച്ഛനാണ്……. ഭർത്താവ് ഒരു പരാജയവും……. മോനുവിനെ പിടിച്ചു കിടത്തി…….. അവന് ഞങ്ങളുടെ നടുക്ക് കിടന്നു ഉറങ്ങാൻ ഇഷ്ടമാണ്…….. പക്ഷേ ജയേട്ടൻ സമ്മതിക്കാറില്ല…… ഇപ്പോഴേ മാറ്റി കിടത്താനാ പറയുന്നത്….. പറയുന്നതിൽ കാര്യമുണ്ട്…… പക്ഷേ അമ്മമനസ്സിൽ മോനു ഇപ്പോഴും കുഞ്ഞാണ്…… ഏട്ടൻ അങ്ങനെ പെട്ടെന്ന് പറയാമെങ്കിലും അവനെ മാറ്റിക്കിടത്തുമ്പോൾ ആ കുഞ്ഞുമനസ്സ് വേദനിക്കില്ലേ…… എന്തെങ്കിലും ചെയ്യണം….. അല്ലെങ്കിൽ ജയേട്ടൻ മുൻകൈ എടുക്കും….. അതു അവന് കൂടുതൽ വിഷമം ഉണ്ടാക്കും…… ചിലപ്പോൾ ഒക്കെ മക്കൾ കുഞായിട്ടു തന്നെ ഇരുന്നാൽ മതിയായിരുന്നു എന്നു തോന്നും……

ഒരു പ്രായത്തിൽ അവരെ ഓരോന്നും പറഞ്ഞു മനസ്സിലാക്കുന്ന കാര്യമോർക്കുമ്പോൾ….. അതും അമ്മമാർക്ക് പറഞ്ഞിട്ടുള്ള പണിയാണ്……. ഇങ്ങോട്ട് ഒരായിരം ചോദ്യങ്ങൾ ചോദിച്ചു നമ്മുടെ ഉത്തരം മുട്ടിക്കും…… ഒരുപാട് ക്ഷമ വേണം……. അങ്ങനെ ഒരു നാൾ ഉത്തരം മുട്ടിച്ചതാണ് ഇവനും…… മോചിത ഒരു ചിരിയോടെ മോനുവിന്റെ മുടിയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊടുത്തു…. വയറിലൂടെ കൈ ഇഴഞ്ഞു വന്നപ്പോളാണ് പിറകിൽ ജയേട്ടൻ കിടക്കുന്ന കാര്യം പോലും ഓർത്തത്….. മോനുവിനെ കുറച്ചു മാറ്റിക്കിടത്തി……. ജയേട്ടന്റെ കൈ ശക്തിയിൽ എടുത്തു മാറ്റി…… ഒന്നുകൂടി വച്ചു കൈ എന്റെ മേലിൽ……. ഇന്നലെ രാത്രിയിൽ പറഞ്ഞതെല്ലാം ഓർമയായി വന്നു മനസ്സിൽ….. കൈ എടുക്ക്……. എടുക്കാനാ പറഞ്ഞത്…. ഒന്നുകൂടി വയറിലെ പിടുത്തം മുറുക്കി….. അതങ്ങിനെ അല്ലെ വരൂ…… തുടലിൽ കെട്ടി കൊണ്ടുനടക്കുന്ന നായക്ക് അതിന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റുമോ….. യജമാനൻ നടക്കുന്ന വഴിയേ വലിച്ചു ഇഴച്ചു കൊണ്ടുപോകും …. ഒന്നുകൂടി കൈ എടുത്തു മാറ്റാൻ ശ്രമിച്ചു നോക്കി…… പറ്റുന്നില്ല…… ദേഷ്യം വന്നു……

എന്റെ ശരീരവും വയറും കാണുമ്പോൾ ഒന്നും തോന്നാറില്ല എന്നല്ലേ പറഞ്ഞത്…… പിന്നെന്തിനാ കെട്ടിപ്പിടിക്കുന്നത്….. പകൽ നിങ്ങൾ എന്നെ ഒന്നു നോക്കുക കൂടി ഇല്ല….. രാത്രിയിൽ മാത്രമേ എന്നെ ആവശ്യമുള്ളു അല്ലേ ജയേട്ടാ…..രാത്രിയിലെ ആ സുഖത്തിനു വേണ്ടി മാത്രം ഇനി എന്റടുത്തു വരേണ്ട…… മടുത്തു ശരിക്കും…..നിങ്ങൾക്ക് എന്നെ മടുത്തെങ്കിൽ പറഞ്ഞോളൂ……. അവസാനിപ്പിച്ചോളാം ഈ ജീവിതം ഞാൻ… പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ചുണ്ടിൽ എന്തോ വന്നടിച്ചു….. ശക്തിയിൽ….. അങ്ങനെ പറഞ്ഞതിന് ജയേട്ടൻ ഞൊട്ടിയതാണ്….. ഇനി മേലാൽ ഇങ്ങനെ നിന്റെ വായിൽ നിന്നും വന്നുപോകരുത്…… ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും…… എന്നെ അനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിന്നാൽ മതി അല്ലെങ്കിൽ പൊക്കോ എങ്ങോട്ടേലും … അതും പറഞ്ഞു തിരിഞ്ഞു കിടന്നു….. തലേന്ന് രാത്രിയിൽ തന്നിലെ സ്ത്രീയെ അപമാനിച്ചതിന്റെ വേദനയിലും അപമാനത്തിലും അറിയാതെ പറഞ്ഞു പോയതാണ്…….ഇതുവരെ അടിച്ചിട്ടൊന്നുമില്ല…. ഇതാദ്യമാ…… ഇങ്ങനെ വേദനിപ്പിക്കുന്നത്…. മോചിത എണീറ്റിരുന്നു… മുട്ടിൽ തല വെച്ചു കരഞ്ഞു…….

കണ്ണുനീരിന്റെ കൂടെ വേറൊരു രുചി കൂടി അറിഞ്ഞപ്പോൾ മനസ്സിലായി ചുണ്ട് പൊട്ടിയെന്നു…… അതിൽ ഒന്നുകൂടി പല്ലുകൾ അമർത്തി അവൾ…… മനസ്സിലെ വേദനക്കു ഒരു കൂട്ടാണ് ശരീരത്തിലെ വേദന…… രണ്ടിനും അളവ് ഒരുപോലെ…… പതിയെ കിടന്നു… മോനുവിനെ കെട്ടിപ്പിടിച്ചു ഉറങ്ങി….. മനഃപൂർവം ജയേട്ടനിൽ നിന്നും കുറച്ചു അകന്നു തന്നെ കിടന്നു…… രാവിലെ എഴുന്നേറ്റപ്പോൾ ജയന്റെ കൈകൾ അവൾക്ക് മേലെ ഒരു വലയം പോലെ ഉണ്ടായിരുന്നു……ഉറക്കത്തിലാണ്….. കൈകൾ എടുത്തു മാറ്റി… നേരെ അടുക്കളയിലേക്ക്….. രണ്ടാളെയും പറഞ്ഞു വിടാൻ അവൾ ഓടി നടന്നു…… അയൺ ചെയ്ത ഷർട്ടും പാന്റും കൈയിൽ കൊടുത്തു…. അതു മാത്രമല്ല കർചീഫ്…. ഷഡ്ജം….. മൊബൈൽ…..കീ… വാച്ച്….. എല്ലാം ഞാൻ എടുത്തു കയ്യിൽ കൊടുക്കണം….. ഇതിനിടയിൽ മോനുവിനെ ഒരുക്കണം…… രാവിലത്തെ സമയം കുറച്ചു കൈകൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്…..

രണ്ടാൾക്കും കഴിക്കാറുള്ളത് കൊടുത്തു….. ഇറങ്ങാൻ നേരം ജയേട്ടൻ അടുത്തുവന്നു……. മുഖത്തേക്ക് നോക്കി…… കണ്ണുകൾ ചെറുതായി….. എന്തോ സൂക്ഷിച്ചു നോക്കുകയാണ്….. ആ നോട്ടം ഏൽക്കാൻ വയ്യാതെ തിരിഞ്ഞു പാത്രമെല്ലാം എടുത്തു അടുക്കളയിൽ കൊണ്ടുപോകാൻ തുടങ്ങിയതും…… ജയേട്ടൻ പറഞ്ഞു ഇന്ന് സുമിയും അളിയനും വരും…..നാളെയെ പോകൂ …… എന്തൊക്കെ അടുക്കളയിലേക്ക് വേണമെന്ന് പറഞ്ഞാൽ മതി….. കൊണ്ടുവരാം….. മ്മ്….. ജയേട്ടൻ വണ്ടിയുമെടുത്തു പോയി…… സുമി ജയേട്ടന്റെ അനിയത്തി ആണ്…… രണ്ട് അനിയത്തിമായും ഒരു ചേച്ചിയുമുണ്ട് ജയേട്ടനു…… ചേച്ചിയുടെ കല്യാണം കഴിഞ്ഞാണ് അച്ഛൻ മരിച്ചത്…… പിന്നീട് ജയേട്ടനാണ് അനിയത്തിമാരെ കെട്ടിച്ചു വിട്ടത്…. കുറെ കഷ്ടപ്പെട്ടതാണ്…… രണ്ടാമത്തെ അനിയത്തിയെ കെട്ടിച്ചത് ജയേട്ടന്റെ കല്യാണം കഴിഞ്ഞാണ്…….. ആ അനിയത്തിയാണ് വരുന്നത്…. എല്ലാവരും നല്ല രീതിയിൽ ജീവിക്കുന്നു…… അമ്മ ചേച്ചിയുടെ കൂടെയാണ്…. ചേട്ടൻ ഗൾഫിൽ ആണ്…. തനിച്ചാണ്…. അതുകൊണ്ട്…… അപ്പോൾ ഇന്നും കഥ എഴുതാൻ സമയം കിട്ടില്ല…. എങ്കിലും മൊബൈൽ എടുത്തു സിം ഇട്ട് ഓൺ ആക്കി…. നേരെ മെസ്സേജിലേക്കു പോയി…. ആള് ഉണ്ട്…പേരില്ലാത്തവൻ…… ഓൺലൈൻ ആണ്….. ഞാൻ വന്നതും മെസ്സേജ് തുടരെത്തുടരെ വന്നുകൊണ്ടേയിരുന്നു…..

ആരെങ്കിലും ഒരു ആശംസ പറയുമ്പോൾ തിരിച്ചു ഒരു നന്ദി പറയാൻ മനസ്സുണ്ടാവണം….. അടിച്ചു പൊളിച്ചോ ബർത്ത് ഡേ…… എന്താ ഇന്ന് നേരത്തെ……. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരുന്നു….. ചിത്തൂ…… മോചിത പെട്ടെന്ന് സൈൻ ഔട്ട്‌ ചെയ്തു….. ചിത്തുവോ…… ഞാനോ….. ഈശ്വരാ ഇതു അസ്സലൊരു കോഴി തന്നെ….. ഇനി ഞാൻ ചെറിയ പെൺകുട്ടി ആണെന്നുകരുതിയോ…. ഓരോന്ന് ആലോചിച്ചു അടുക്കളയിലേക്കു പോയി……. ജയേട്ടൻ ഓഫീസിലെ ഒരു പയ്യന്റെ കയ്യിൽ സാധനങ്ങൾ കൊടുത്തു വിട്ടു….. ഇനി അതുമായിട്ട് മല്ലിടണം….. പണിയെല്ലാം ഒതുക്കി കുളിച്ചു….. ഒന്നുകൂടി മൊബൈൽ എടുത്തു…… വീണ്ടും മെസ്സേജ്….. ഇയാൾ ഇതിൽ അടയിരിക്കുവാന്നോ….. മോചിത അതു ശ്രദ്ധിക്കാതെ കഥ എഴുതാൻ തുടങ്ങി…… ടൈപ്പ് ചെയ്തു മടുത്തപ്പോൾ കഥ നിർത്തി…… മെസ്സേജ് നോക്കി….. ഒരു ഹായ് എങ്കിലും സെൻറ് ചെയ്തു കൂടെ…. ഇതിൽകൂടി വന്നു ഞാൻ തിന്നതൊന്നുമില്ല…… ഇയാളുടെ കഥകൾ സ്ഥിരം വായിക്കുന്ന ആളെന്ന നിലക്ക് എങ്കിലും…… പ്ലീസ്…… അയാളുടെ മെസ്സേജ് വന്നുകൊണ്ടേയിരുന്നു…. മെസ്സേജുകളിലൂടെ രണ്ടു മൂന്നു ദിവസം കൊണ്ടു പരിചയപ്പെട്ട ആളുകളുടെ കൂടെ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭാര്യമാരെപ്പറ്റി ഓർത്തു മോചിത…….

ജയേട്ടൻ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരിക്കൽ പോലും ഇട്ടിട്ടു പോകാൻ മനസ്സിൽ കൂടി ചിന്തിച്ചിട്ടില്ല…… ചിത്തു…….പ്ലീസ്…… സഹികെട്ടപ്പോൾ അവൾ തിരിച്ചു മെസ്സേജ് വിട്ടു…… ഞാൻ ചിത്തു അല്ല….. ആരാ ചിത്തു……. ഞാനും നിങ്ങളെ പോലെ പേരില്ലാത്തവൾ ആണ്…… അങ്ങനെ വിളിച്ചാൽ മതി…… ഇല്ല…… ഓരോ ദിവസവും ഓരോ പേരിൽ നിന്നെ ഞാൻ വിളിക്കും….. ഇന്നലെ രാജകുമാരി…… ഇന്ന് ചിത്തു……നാളെ……… അതു നാളെ പറയാം…… പ്രാന്ത്….. അല്ലാതെന്തു…… അവൾ തിരിച്ചയച്ചു….. നീയെന്ന ഭ്രാന്ത് എന്റെ ഓരോ അണുവിലും അലിഞ്ഞിട്ട് നാളുകളേറെയായി…… നിന്നെ ഓർക്കുന്നത് ഭ്രാന്ത് ആണെങ്കിൽ….. ആ ഭ്രാന്ത് ഒരു സുഖമാണ് ചിത്തു……..പോയി കഥയെഴുതിക്കോളൂ …… ഞാൻ ശല്യപ്പെടുത്തുന്നില്ല….. ചിത്തു……..ചിത്തു……..ചിത്തു…….. ചിത്തു ന്ന് ഒരുപാട് തവണ ടൈപ്പ് ചെയ്തിട്ടുണ്ട്…. മെസ്സേജ് വായിച്ച മോചിത വല്ലാതായി….. ശരിക്കും ഒരു വട്ടൻ…… എങ്കിലും ഈ എഴുത്ത്… ഈ വരികൾ…..ഈ ശൈലി….. നല്ല പരിചയം തോന്നുന്നു…. മുൻപ് എവിടോ വായിച്ചു മറന്നപോലെ….. തുടരും……….