22/04/2026

നീ മാത്രം : ഭാഗം 33

രചന – വൈദേഹി ദേഹി

നവി റോഡിൽ വണ്ടി വെച്ചു ഹെൽമെറ്റ്‌ എടുത്ത് ചുറ്റും ഒന്ന് നോക്കി…സമയം 10 ആയത് കൊണ്ടു ഒരു വിധം ചുറ്റുമുള്ള വീടുകളിലെ ലൈറ്റ് ഒക്കെ അണഞ്ഞിരുന്നു… അവൻ പതുക്കെ ഗേറ്റിനടുത്തേക്ക് ചെന്നു നോക്കി… അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു…അവൻ പതിയെ പടിഞ്ഞാറെ സൈഡിലുള്ള മതിലിന്റെ ഭാഗത്തേക്ക്‌ നടന്നു…ആ ഭാഗത്തെ മതിലിനു അടുത്തെത്തിയതും അവൻ ചുറ്റിനും ഒന്നൂടെ നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചു…എന്നിട്ട് അവൻ രണ്ടു കൈ കൊണ്ടും അവിടൊന്നു തട്ടി കൈകൾ അവിടെ ഉറപ്പിച്ചു ഒറ്റ ചാട്ടത്തിനു അവൻ മതിലിന്റെ മുകളിൽ കേറി പതിയെ താഴെക്കിറങ്ങി…

എന്റമ്മേ… ഈ മതിലിനൊക്കെ എന്തിനാണാവോ ഇത്രേം പൊക്കം… ആഹ് മോൾടെ സ്വഭാവം മുൻകൂട്ടി കണ്ടു കൃഷ്ണന്മാമ പണിയിപ്പിച്ചതാകും…

രണ്ടു കൈകൊണ്ടും ഏണ് താങ്ങിക്കൊണ്ട് അവൻ പറഞ്ഞു… വീടിന്റെ താഴത്തെ ലൈറ്റുകൾ എല്ലാം അണഞ്ഞിരിക്കുവാരുന്നു…മുകളിൽ മാത്രമേ ലൈറ്റ് ഉണ്ടാരുന്നുള്ളു…അവൻ പതിയെ ബാൽക്കണി ഭാഗത്തേക്ക്‌ നടന്നു… പുറത്തുന്നുള്ള സ്റ്റെപ് കയറി അവൻ ബാൽക്കണിൽ എത്തി… അവിടുത്തെ വാതിൽ തുറന്നിട്ടിരിക്കുകയാരുന്നു…

ദൈവമേ…അകത്തു ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ…

അവൻ ആ ഇരുട്ടത്ത് നിന്നു കൊണ്ടു അകത്തേക്ക് എത്തിനോക്കികൊണ്ട് മനസ്സിൽ പറഞ്ഞു…

പെട്ടന്നാണ് ഒരു കൈ വന്നു അവന്റെ തോളിൽ പിടിച്ചത്… നവി ഞെട്ടി കൊണ്ടു തിരിഞ്ഞു നോക്കിയതും കണ്ടു ചിരിച്ചുകൊണ്ട് അവനെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കുന്ന വരുണിനെ…

എന്താടാ കോപ്പേ… മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയല്ലോ…

നവി നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു…

അല്ല അളിയാ… അളിയനെന്താ ഒരു മാതിരി കള്ളന്മാരെ പോലെ ഈ ഇരുട്ടത്ത് നിന്നു പരുങ്ങുന്നത്… ഏഹ്…

വരുൺ ഒരു ആക്കി ചിരിയോടെ ചോദിച്ചു…

പ… പരുങ്ങുന്നോ… ഞാനോ… എന്തിനു… പിന്നേ… എനിക്ക് വേറെ പണി ഇല്ലേ…

അവൻ ടീഷർട്ട് ഒന്ന് നേരെ പിടിച്ചിട്ടുകൊണ്ട് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…

ആഹ് ഇല്ലാത്തോണ്ടാണല്ലോ ഇങ്ങനെ ഇവിടെ കിടന്ന് കറങ്ങുന്നത്…

പിന്നേ… ഞാൻ ചുമ്മാ ഇത് വഴി പോയപ്പോ… ഒന്ന് കേറീന്നെ ഉള്ളൂ…

ഓഹ് പിന്നെ…നീയെന്നും ഇത് വഴി പോകുമ്പോ കേറുന്നത് മതില് ചാടി ബാൽക്കണി വഴി ആണല്ലോ…

ഓഹ് ഇവനതും കണ്ടോ…നശിപ്പിച്ചു…

നവി മനസ്സിൽ പറഞ്ഞു കൊണ്ടു അവനെ നോക്കി…

നിനക്കിപ്പോ എന്താ അറിയണ്ടേ…
ഞാൻ എന്തിനാ ഇവിടിപ്പോ വന്നേന്ന് അല്ലെ… ഞാനേ നിന്റെ പെങ്ങളെ ഒന്ന് കാണാൻ വേണ്ടി വന്നതാ …

രാത്രി പതുങ്ങി വന്നു ബാൽക്കണി വഴി കേറി എന്റെ പെങ്ങളെ കാണാൻ നീയാര് രുക്മിണീടെ അരഞ്ഞാണം മോഷ്ടിക്കാൻ വന്ന മീശമാധവനോ…

ആഹ്… വേണേൽ അതും ആവാം…

നവി ഒരു കള്ള ചിരിയോടെ പറഞ്ഞു… വരുൺ ഞെട്ടിപോയി…

ടാ കശ്മലാ… സത്യം പറയെടാ… നീയെന്റെ പെങ്ങളെ പീഡിപ്പിക്കാൻ വന്നതല്ലേ…

പ്ഫാ… അയ്യടാ… പീഡിപ്പിക്കാൻ പറ്റിയ ഒരെണ്ണം…

പിന്നെ നീയെന്തിനാ ഈ രാത്രി ഇങ്ങനെ പതുങ്ങി വന്നു അവളെ കാണണമെന്ന് പറയുന്നേ…

അവൾക്കേ കുറച്ചു അഹങ്കാരമുണ്ട്…അതൊന്ന് ഉടനടി തീർത്തുകൊടുക്കണം… അതിനാ… എന്തിയെ അവൾ കിടന്നോ…

ഓഹ് അതിനാണോ…അവൾ ദേണ്ടെ ആ മാക്രി വിനുന്റെ റൂമിലിരുന്ന് ഫോണിൽ നോക്കി ആരണ്ടേ തല്ലാനും കൊല്ലാനും ഒക്കെ പറയുന്നുണ്ട്…

ആഹ്… നീയെന്ന വേഗം പോയി അവളോട് റൂമിലേക്ക് പോകാൻ പറ…

റു…റൂമിലേക്കോ… അതെന്തിനാ…

കുന്തം… നീ പറഞ്ഞത് അങ്ങ് കേട്ടാൽ മതി…

എന്നാലും ഒരു അന്യ പുരുഷൻ സ്വന്തം പെങ്ങളുടെ മുറിയിൽ ഒക്കെ കേറുന്നത് ഏത് ആങ്ങളായാടാ സഹിക്കുന്നെ…

എന്തോ കേട്ടില്ല… ഇന്ന് വൈകിട്ട് ഒരു അന്യ പുരുഷൻ എന്റെ പെങ്ങളുടെ മുറിയിലേക്ക് പതുങ്ങി കേറുന്നത് ഞാൻ കണ്ടാരുന്നു… എന്നിട്ട് ഞാൻ സഹിച്ചില്ലേ… അത് പോലെ നീയും അങ്ങ് സഹിച്ചാ മതി… ചെല്ല്…

നൈസ്…ഇവനത് കണ്ടാരുന്നോ…

വരുൺ ഒന്ന് ആത്മഗതിച്ചു…

ഈൗ…നീ കണ്ടാരുന്നല്ലേ…

മ്മ്മ്… നല്ല വൃത്തിയായി കണ്ടു…

വരുൺ ഒന്ന് അവനെ ഇളിച്ചു കാണിച്ചു…പിന്നെ അവൻ ഒന്നും പറഞ്ഞില്ല…നേരെ വിനുന്റെ റൂമിലേക്ക് പോയി…

നവി പതിയെ അകത്തേക്ക് നടന്നു ദേവിയുടെ മുറിയിൽ കയറി…

വരുൺ അങ്ങോട്ട് ചെന്നപ്പോ കണ്ടു ഫോണിൽ നോക്കികൊണ്ട് ഹെഡ്സെറ്റും വെച്ച് ഫോണിൽ കളിക്കുന്ന ദേവിയേം വിനുനേം…ഇടക്ക് കൊല്ലാനോ വെടിവെയ്ക്കാനോ ഒക്കെ പറയുന്നുമുണ്ട്…

ഡാ… നിർത്താറായില്ലേ രണ്ടിനും…

ഡോറിലൊന്ന് കൊട്ടികൊണ്ട് വരുൺ പറഞ്ഞു… ദേവിയും വിനും ഞെട്ടികൊണ്ട് ഹെഡ്സെറ്റ് മാറ്റി…

എന്തുവാ ഏട്ടാ… ഞങ്ങൾ ദേ തുടങ്ങിതേ ഉള്ളൂ…

ദേവി പറഞ്ഞു…

ആഹ് മതി മതി… പോയിക്കിടന്നു ഉറങ്ങാൻ നോക്ക്…അവനെ വിട്… ചൊറീം കുത്തി ഇവിടെ ഇരിക്കുന്നവനാ… നിനക്ക് അങ്ങനെയാണോ… നാളെ കോളേജിൽ പോകേണ്ടതല്ലേ… ചെല്ല്… മ്മ്മ്…

വിനു അവനെ ഒന്ന് നോക്കി… ഇതൊക്കെ നമ്മളെത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ വീണ്ടും അവൻ ഫോണിൽ നോക്കാൻ തുടങ്ങി…

ദേവി മനസ്സില്ലാമനസ്സോടെ കട്ടിലേന്ന് ഇറങ്ങി റൂമിലേക്ക് നടന്നു…അവൾ പോയതും വരുൺ ഒന്ന് തിരിഞ്ഞു നിന്നു അവളെ നോക്കി…

ദൈവമേ…നാളെ ഇവിടൊരു ഡേകെയർ തുടങ്ങേണ്ടി വരല്ലേ…

അവൻ നെഞ്ചത്ത് കൈവെച്ചോണ്ട് മുകളിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു…

എന്തോ ഉടായിപ്പുണ്ടല്ലോ…ഹ്മ്മ്… ഞാൻ കണ്ടുപിടിച്ചോളാം…

പിറകിൽ ഇരുന്നു അവനെ നോക്കികൊണ്ട് വിനു പറഞ്ഞു…വരുൺ തിരിഞ്ഞു നോക്കിയതും കണ്ടു എന്തോ ആലോചിച്ചോണ്ട് മുകളിലേക്ക് നോക്കി ചൂണ്ടുവിരൽ ചുണ്ടിൽ തട്ടിക്കൊണ്ടു പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്ന വിനുനെ…

കർത്താവെ… ഉഡായിപ്പിന്റെ ആശനാ… ഇവനെങ്ങാനും അങ്ങോട്ട് ചെന്ന പിന്നെ ആ നവി ജീവിച്ചിരുന്നിട്ട് കാര്യമില്ല…

വരുൺ അതും മനസ്സിൽ ഓർത്തോണ്ട് തിരിഞ്ഞു അവന്റെ റൂമിലേക്ക് നടന്നു…

•••••••••••••••••••••••••••••••••••••••••••

ടാ… നീയെന്താ പറഞ്ഞെ… ദേവിയെ കൊല്ലാൻ നീ ആളെ ഏർപ്പാടാക്കിയെന്നോ…

ഹോട്ടൽ റൂമിലിരുന്ന് കൊണ്ടു രഞ്ജു ശിവയോട് ചോദിച്ചു… നന്നായി ഡ്രിങ്ക്സ് കഴിച്ചത് കൊണ്ടു ഇന്നിനി വീട്ടിലോട്ട് പോകാതെ അവിടെ തന്നെ താങ്ങാൻ അവർ തീരുമാനിച്ചു…

മ്മ്മ്… ഉടനെ അല്ല… പക്ഷെ അവർ ഇനി എപ്പോഴും അവളുടെ പിറകെ തന്നെ കാണും…അവസരം കിട്ടുമ്പോ ഒരു തട്ട്… തീർത്തും സ്വാഭാവിക മരണം…

ശിവ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു…

ടാ കൊല്ലാനെന്നൊക്കെ പറഞ്ഞാൽ… അത് വേണോ…

വേണം… അവൾ തീരണം…ഇല്ലേൽ ഇനിയും അവൾ എനിക്കൊരു തടസ്സമായി വരും…

ടാ പക്ഷെ… ദേവിക്കെന്തെങ്കിലും സംഭവിച്ചാൽ വരുണും നവിയുമൊക്കെ അടങ്ങിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…

എങ്കിൽ അവൾക്ക് പിറകെ ഞാൻ അവന്മാരേം പറഞ്ഞു വിടും… എനിക്ക് അവളെ മതി… എന്റെ നന്ദുനെ… നന്ദുനെ മാത്രം…

ഹ്മ്മ്…

രഞ്ജു ഒന്ന് മൂളിക്കൊണ്ട് സോഫയിലേക്ക് ചാഞ്ഞു…

•••••••••••••••••••••••••••••••••••••••••••

ദേവി റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്‌തതും പെട്ടന്നൊരു കൈ വന്നവളുടെ വാ പൊത്തികൊണ്ട് പൊക്കി എടുത്ത് ഭിത്തിയോട്‌ ചേർത്ത് നിർത്തി…അവൾ ഭയന്ന് പോയി… കണ്ണുതുറന്നു നോക്കിയതും കണ്ടു അവളെ തന്നെ നോക്കികൊണ്ട് ഒരു കള്ള ചിരിയോടെ നിൽക്കുന്ന നവിയെ…അവളുടെ മുഖത്ത് പേടി മാറി ദേഷ്യം നിറഞ്ഞു…അവൻ അവളുടെ വാ പൊത്തിയിരുന്ന കൈ മാറ്റി…

ന… നവിയേട്ടൻ എന്താ ഇവിടെ…

കുറച്ചു മുന്നേ നീ എന്നെ അങ്ങനല്ലല്ലോ വിളിച്ചേ… എടൊ… താൻ… എന്നൊക്കെ അല്ലെ…

അവൻ വലത്തേ കൈ അവളുടെ മുഖത്തിനിടതുവശത്തായി ഭിത്തിയിലേക്ക് കുത്തി നിർത്തി ഇടതു കൈകൊണ്ട് അവളെ ഒന്നുടെ ചുറ്റി പിടിച്ചു…അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…

ഞ… ഞാൻ… അത്… അത് പിന്നെ… അപ്പോഴത്തെ ഒരു തമാശക്ക്…

ഓഹോ… അങ്ങനെ ആണോ… മോൾക്ക് ഈയിടെയായി തമാശ കുറച്ചു കൂടുന്നുണ്ടല്ലോ… ഇന്നാളിലത്തെ തമാശക്ക് ചേട്ടൻ തന്ന സമ്മാനം മോള് ഇത്ര വേഗം മറന്നു പോയോ…

ദേവി ഞെട്ടി പോയി… പെട്ടന്നവൾ രണ്ടു കൈകൊണ്ടും വാ പൊത്തി പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചു…

നവി അങ്ങ് ചിരിച്ചു പോയി…

ആഹ്… അപ്പൊ പേടി ഉണ്ട്…

നവി മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി… അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു…മൂക്കിൻ തുമ്പിലെ ആ വെള്ളക്കൽ മൂക്കുത്തിയിലേക്ക് അവ ഉടക്കിയതും അവന്റെ മുഖം താനേ താഴ്ന്നു ചെന്ന് അതിലൊന്ന് ചുംബിച്ചു… അവൾ പെട്ടന്ന് അവളുടെ കൈകൾ മാറ്റി…കണ്ണുകൾ തുറന്നു… അവൻ തല പൊക്കി അവളെ നോക്കി…

അവൾ വല്ലാതെ വിറക്കുന്നുണ്ടാരുന്നു…അവൾ തൊണ്ടയിലെ വെള്ളം ഇറക്കികൊണ്ട് അവന്റെ മുഖത്തേക്ക് പതറി നോക്കി…

ന… നവിയേട്ടാ… വേണ്ട…

അവൾ പറഞ്ഞു…അവന്റെ മുഖം പിന്നേം താഴ്ന്നു വന്നു… അവൾ പെട്ടന്ന് കണ്ണുകൾ അടച്ചു…അവൻ അവളുടെ ഇടത്തെ ചെവിയുടെ ഭാഗത്തേക്ക്‌ മുഖം കൊണ്ടുവന്നു…അവിടെ പതുക്കെ ഒന്ന് മുത്തികൊണ്ട് അവൻ പറഞ്ഞു…

കണ്ണു തുറക്ക് ദേവാ …

അവൾ പെട്ടന്ന് കണ്ണുതുറന്നു അവനെ നോക്കി… അവനൊരു ചിരിയോടെ അവളെ തന്നെ നോക്കി നിൽപ്പുണ്ടാരുന്നു… കേട്ടത് സ്വപ്നം ആണോന്ന് വരെ അവൾക്കൊരു നിമിഷം തോന്നി…വർഷങ്ങൾക്ക് ശേഷമുള്ള ആ വിളി… അവൾ അവനെ തന്നെ ഉറ്റു നോക്കി… അവൻ ഒരു ചിരിയോടെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു…അവൻ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി… ആ കണ്ണുകളിൽ കുഞ്ഞുടുപ്പും ഇട്ട് മുടി രണ്ടു സൈഡിലും കെട്ടി നവിയേട്ടാ എന്നും വിളിച്ചോണ്ട് അവന്റെ കൈയിൽ തൂങ്ങി നടക്കുന്ന ആ കുഞ്ഞു ദേവിയെ അവൻ കണ്ടു… അവനു അവൾ ദേവി അല്ലാരുന്നു… ദേവ ആരുന്നു…അവന്റെ മാത്രം ദേവ❤️

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… അവനൊരു ചിരിയോടെ രണ്ടു കൈയിലേം തള്ള വിരൽ കൊണ്ടു അവളുടെ കണ്ണുനീർ തുടച്ചു… എന്നിട്ട് രണ്ടു കണ്ണിലും മാറി മാറി മുത്തി…അവൾ അവനെ നോക്കി…

എന്താടി ഉണ്ടക്കണ്ണി… നോക്കി പേടിപ്പിക്കുന്നെ…

അവന്റെ പറച്ചിൽ കേട്ടതും അവൾ കണ്ണുകൾ കൂർപ്പിച്ചവനെ നോക്കി… എന്നിട്ട് അവനെ തള്ളി മാറ്റാൻ തുടങ്ങി…

മാറ്… എനിക്ക് പോണം…

അവൻ സംശയത്തിൽ അവളെ ഒന്ന് നോക്കി…

എങ്ങോട്ട്…

അച്ഛന്റെ അടുത്തേക്ക്… എന്റെ മുറിയിൽ ഒരു കള്ളൻ കേറീട്ടുണ്ടെന്ന് പറയാൻ…

അവനൊന്നു ചിരിച്ചു… എന്നിട്ട് ഒന്ന് കുനിഞ്ഞു അവളെ രണ്ടു കൈകൊണ്ടും പൊക്കി എടുത്തു… അവൾ പേടിച്ചവന്റെ കഴുത്തിലൂടെ കൈ പിടിച്ചു…പിന്നെ വാതിലിന്റെ നേർക്ക് നടന്നു…

ഇ… ഇതെങ്ങോട്ട് കൊണ്ടു പോകുവാ എന്നെ…

അവൾ അവന്റെ മുഖത്തേക്കും വാതിലിലേക്കും മാറി മാറി നോക്കി…അവനൊന്നു നിന്നു…

ശെടാ… നീയല്ലേ പറഞ്ഞെ നിനക്ക് നിന്റെ അച്ഛനെ കാണണമെന്ന്… ബാ… നമുക്ക് ഇപ്പോ തന്നെ പോകാം… അതാകുമ്പോ എന്റെ പണി എളുപ്പമാകും…

അതും പറഞ്ഞവൻ മുന്നോട്ട് നടന്നു…

ഏഏഏയ്… ഇതെന്താ ഈ കാണിക്കുന്നേ… അച്ഛനെങ്ങാനും കണ്ടാ തീർന്നു…

അതും പറഞ്ഞവൾ അവന്റെ കൈയിൽ കിടന്നു കുതറി…

ഹാ…അടങ്ങി കിടക്കടി… ഇല്ലേ ഞാനിപ്പോ എടുത്ത് താഴെ ഇടും… പറഞ്ഞേക്കാം…

പിന്നെ അവൾ അനങ്ങാൻ പോയില്ല… ചെറുക്കനെങ്ങാനും എടുത്ത് താഴെ ഇട്ടാൽ തീർന്നു…

അവൻ അവളെ ആ കട്ടിലിലേക്ക് കിടത്തി… അവളുടെ അടുത്തേക്കിരുന്നു… അവൾ എണീക്കാൻ പോയതും അവൾ അവളുടെ ചുമലിൽ പിടിച്ചു പിന്നേം കിടത്തി…

ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ… നേരത്തേ ആരുന്നേ ഒരു ഉമ്മയിൽ തീർന്നേനെ…ഇതിപ്പോ കട്ടിലു വരെ എത്തിയല്ലോ…എന്റെ ഡിങ്കാ… എന്നെ കാത്തോണേ…

ഇനി നീ എന്നോട് മര്യാദക്ക് സംസാരിക്കുവോ…

സംസാരിക്കും…

ദേവി വെപ്രാളപ്പെട്ടു തിടുക്കത്തിൽ പറഞ്ഞു…അവനൊന്നു ചിരിച്ചു…എന്നിട്ട് അവളുടെ മുഖത്തിന്റെ വലതു സൈഡിലേക്ക് കൈമുട്ട് കുത്തികൊണ്ട് അവളുടെ നേരെ കുനിഞ്ഞു…

എ… എന്താ…

അയ്യടാ… ഞാൻ നിന്നേ ഒന്നും ചെയ്യാൻ പോവൊന്നുമല്ല…അങ്ങനെ എന്തേലും ആഗ്രഹം മോൾക്കുണ്ടേൽ അത് അങ്ങ് വാങ്ങി വെച്ചോ… നമുക്കതിനൊക്കെ ഇനിം സമയം ഉണ്ടല്ലോ…

അവന്റെ പറച്ചിൽ കേട്ടതും അവളുടെ കണ്ണു തള്ളി പോയി… അവൾ അവനെ കൂർപ്പിച്ചു നോക്കി…

ഇനി ഞാൻ ഫോൺ വിളിക്കും… മര്യാദക്ക് എടുത്ത് സംസാരിച്ചോണം… ഇല്ലെങ്കിൽ ഞാൻ ഇത് പോലെ ഒരു വരവ് കൂടെ ഇങ്ങ് വരും… പിന്നെല്ലാം കഴിഞ്ഞേ പോകു… കേട്ടോടി…

ദൈവമേ… ഇങ്ങേർക്ക് കാര്യമായി ആരോ തലക്കിട്ടു കൊടുത്തിട്ടുണ്ട്…

അതും മനസ്സിൽ ഓർത്തോണ്ട് അവൾ തലയാട്ടി…

ഹ്മ്മ്… എന്നാൽ കിടന്ന് ഉറങ്ങിക്കോ… ഞാൻ പോകുവാ… നാളെ കാണാട്ടോ…

അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അവൻ എണീറ്റു തിരിഞ്ഞു നടന്നു…അവൻ തിരിഞ്ഞതും അവൾ പെട്ടന്ന് എണീറ്റിരുന്നു നെഞ്ചിൽ കൈ വെച്ചു… പെട്ടന്നവൻ തിരിഞ്ഞു നോക്കി… അത് കണ്ടതും അവൾ പിന്നെയും നേരത്തത്തെ പോലെ തന്നെ കിടന്നു… അവൻ ഒരു ചിരിയോടെ അവളെ ഒന്ന് നോക്കീട്ട് പതുക്കെ വാതിൽ തുറന്നു തലയിട്ട് ഒന്ന് നോക്കി പുറത്തിറങ്ങി വാതിലടച്ചു…

…………… തുടരും…………..