The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഐശ്വര്യ അനിൽകുമാർ
“അല്ലെങ്കിൽ വെറുപ്പിക്കണ്ട..എന്തായാലും എന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയല്ലേ.ഇനിയും അങ്ങോട്ട് പോവാനുള്ളതല്ലേ”അവൻ ചിന്തിച്ചു.
“ഇറ്റ്‌സ് ഓക്കേ”അവൻ റിപ്ലൈ കൊടുത്തു.
അവൾ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.
“ചേട്ടൻ പഠിച്ച കോളേജിലാണ് ഞാനും”അവൾ അയച്ചു.
“ഓകെ.”
‘ഇയാളെന്താ ഇങ്ങനെ.’അവൾ ചിന്തിച്ചു.
‘അറിയാതെ വന്നതാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ പിന്നേം അയക്കുന്നോ. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.ഇനി ഫ്രണ്ട്‌സ് ആരെങ്കിലും കളിപ്പിക്കാൻ ഫേക്ക് ഐഡി വച്ച് അയക്കുന്നതാണോ.ഫോട്ടോ ഒന്നും ഇട്ടിട്ടില്ല’അവൻ ചിന്തിച്ചു.
“അതുകൊണ്ടാ റിക്വസ്റ്റ് അയച്ചത്”അവളുടെ മെസ്സേജ് വന്നു.
“പക്ഷേ ഞാൻ അറിയാതെ അക്സെപ്റ്റ് ആയതാ”അവനും തിരിച്ചു കൊടുത്തു.
“ആണോ….അപ്പോൾ നമ്മൾ ഫ്രണ്ട്‌സ് ആവണം എന്നുള്ളത് ദൈവത്തിന്റെ വിധിയാവും”
‘കൊള്ളാല്ലോ…ആരാണാവോ ഇത്’അവൻ ചിന്തിച്ചു.
“ആയിരിക്കും”
“ഇപ്പോൾ എന്തോ ചെയ്യുവാ”
“ഞാൻ ഐ എ എസിന് പ്രിപയർ ചെയ്യുവാണ്.”
“ഓ…ഭാവി കലക്ടർ ആണല്ലേ”
അവൻ ഒരു സ്‌മൈലി തിരിച്ചയച്ചു.
കുറച്ച് നേരം അവർ എന്തൊക്കെയോ ചാറ്റ് ചെയ്‌തു.അപരിചിതയായ ഒരു പെണ്കുട്ടിക്ക് താൻ ചാറ്റ് ചെയ്യുന്നതെന്തിന് എന്ന് അവൻ പലയാവർത്തി ചിന്തിച്ചു.പക്ഷേ അത് തുടരാൻ മനസ്സ് പ്രേരിപ്പിക്കുന്നതായി ഒരു തോന്നൽ.
അവൾ എന്തിന് പഠിക്കുന്നു എന്നൊക്കെ അവൻ മനസിലാക്കി.ഫേക്ക് അല്ലെന്ന് വിശ്വസിച്ചു.അവൾ തന്നെ ബൈ പറഞ്ഞു പോയി.
“എനിക്കിതെന്താ പറ്റിയത്…അറിഞ്ഞൂടാത്ത ഒരു പെണ്ണുമായി ഞാൻ ഇത്ര നേരം…പക്ഷേ ഒരു നല്ല സുഹൃത്തിനോട് സംസാരിക്കുന്ന പോലൊരു ഫീൽ.”
“അപ്സര”അവൻ അറിയാതെ മന്ത്രിച്ചു ഒരു പുഞ്ചിരിയോടെ.
അവൾക്കും സന്തോഷം തോന്നി. അങ്ങനെ ഞാൻ അവിനാശ് ചേട്ടനോട് സംസാരിച്ചു. ആള് മാന്യനാണ്.
പിറ്റേന്ന് രാവിലെ തന്നെ അവൾ അച്ഛൻ പറഞ്ഞത് പോലെ സാധനം കൊടുക്കാൻ പോയി.പറഞ്ഞിരുന്ന സ്ഥലത്തെത്തിയിട്ട് അവൾ വഴിയേ പോകുന്ന ഒരു സ്ത്രീയോട് അഡ്രസ്സ് തിരക്കി.
അവർ പറഞ്ഞത് പോലെ ഒരു വീടിന് മുന്നിൽ എത്തി.
ഒരു വലിയ വീട്. മുറ്റത്ത് മനോഹരമായ ഗാർഡൻ.ഗേറ്റ് തുറക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല.
ആരെയെങ്കിലും വിളിക്കാൻ നോക്കിയപ്പോൾ അവിടെ ഗാർഡനിൽ എന്തോ പണി ചെയ്തു കൊണ്ടിരുന്ന അവിനാശിനെ ആണ് കണ്ടത്.അവൻ ജോലി ചെയ്ത് നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഏതോ ബംഗാളിയെ പോലെ ആണ് തോന്നിയത്.
‘ആ വല്യ പണക്കാരല്ലേ..ബംഗാളിയെ ജോലിക്ക് വച്ചതാകും.’
“അരെ ഭായ്”അവൾ വിളിച്ചു.
‘ഭായിയോ… ഇതാര്’
അവൻ ചുറ്റും നോക്കി.അപ്പോഴാണ് ആ വലിയ ഗേറ്റിൽ കൂടി തലയിട്ട് നോക്കുന്ന അവളെ കണ്ടത്.അവൻ അങ്ങോട്ട് നടന്നു.
“ആരാ?”
‘അയ്യോ…മലയാളി ആയിരുന്നോ.മുഖം ഇപ്പോഴല്ലേ കണ്ടത്…അല്ലേലും ഒരു ബംഗാളി ലുക്ക് ഉണ്ട്.’അവൾ ചിന്തിച്ചു.
“ഇത് ഇവിടെ കൊടുക്കാൻ വന്നതാ..ഗൾഫിൽ നിന്നും കൊടുത്തേച്ചതാ”
അവൻ ഗേറ്റ് തുറന്ന് കൊടുത്തു.അകത്തേക്ക് കയറി പോകാൻ ആംഗ്യം കാണിച്ചു.
അപ്പോഴേക്കും ഗീത അങ്ങോട്ട് വന്നിരുന്നു. അവർ അവളെ അകത്തേക്ക് ക്ഷണിച്ചു. അവൾ കാര്യം പറഞ്ഞപ്പോൾ അത് മാമൻ കൊടുത്തേച്ചതാണെന്ന് മനസിലായി.അവർ അവളെ സൽക്കരിച്ചു. അവളെ അവർക്ക് ഒരുപാട് ഇഷ്ടമായി.
“അപ്പോൾ ശെരി അമ്മേ…ഞാൻ ഇറങ്ങുവാണ്… പോയിട്ട് നാട്ടിലോട്ട് പോണം”
അവർ അവളെ പുറത്തേക്ക് നയിച്ചു.
“പറയാതിരിക്കാൻ വയ്യ നല്ല അറ്റ്മോസ്ഫിയർ ആണ് കേട്ടോ ഇവിടെ. ഗാർഡൻ സൂപ്പർ ആയിട്ടുണ്ട്.”
“എല്ലാം മോൻ ചെയ്തതാ.”ഗീത അവിനാശിനെ ചൂണ്ടി കാട്ടി.
“അതിവിടുത്തെ പണിക്കാരനല്ലേ”
അവൾ പറഞ്ഞതിന് അല്പം ശബ്ദം കൂടിപ്പോയി.
അത് കേട്ട് അവിനാശ് അവളെ തുറിച്ചു നോക്കി. ഗീത ചിരിക്കാൻ തുടങ്ങി. അവൾ ചമ്മിയ പോലെ നിന്നു.
ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയതിനാൽ അവൾ പെട്ടന്ന് തന്നെ യാത്ര പറഞ്ഞ് ഇറങ്ങി.ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അവളെ നോക്കി നിക്കുന്ന അവനെയാണ് കണ്ടത്.
“എന്താ ആ പെണ്ണ് കൊണ്ട് വന്നത്…അവൾക്ക് എന്നെ കണ്ടിട്ട് പണിക്കാരനായി തോന്നി പോലും.ആദ്യം എന്നെ ഭായ് എന്ന് വിളിച്ചു.എന്നെ കണ്ടിട്ട് ബംഗാളിയാണെന്ന് തോന്നുമോ അമ്മാ”
“ആ കുട്ടിയെ തെറ്റ് പറയാൻ പറ്റില്ല.അങ്ങനെയും പറയാം.”
“ഇപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് അമ്മയ്ക്ക്. എല്ലാ പെണ്ണുങ്ങളും കണക്ക് തന്നെ.”
അവൻ ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി.തന്റെ റൂമിൽ ചെന്ന് കുളിക്കാൻ പോകുന്ന വഴി കണ്ണാടിയിലേക്ക് നോക്കി.
“ഏയ്…അങ്ങനൊന്നും പറയില്ല.”
കുളിച്ചിട്ട് വന്ന് അവൻ മാമൻ കൊടുത്തയച്ച സാധനങ്ങളൊക്കെ നോക്കി.അപ്പോൾ അമ്മ അങ്ങോട്ട് വന്നു.
“ഈ ഏട്ടന്റെ ഒരു കാര്യം..ഇതൊക്കെ ഇവിടെ കിട്ടുന്നത് തന്നല്ലേ.വെറുതേ അവരെ ബുദ്ധിമുട്ടിപ്പിക്കാനായി”
“ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത്.”
“ഒരുത്തിയെ ഇതു പോലെ സ്നേഹിച്ചിട്ടാ ഇങ്ങനെ ഒറ്റയ്ക്ക് പോയി കിടക്കുന്നത്.എന്നിട്ട് നിന്നെ സ്നേഹിച്ച് ഇങ്ങനെയാക്കി.”
“ഞാൻ എങ്ങനെ ആയെന്നാ അമ്മ പറയുന്നത്. എനിക്കെന്താ കുഴപ്പം.”
“നിനക്ക് അടുത്ത വർഷം മുപ്പത് തികയും.എനിക്ക് ഇനിയും ഈ അടുക്കളയിൽ ഒറ്റയ്ക്ക് ജോലി ചെയ്യാൻ വയ്യ.”
“എങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കാം.”
അവൻ തിരിച്ചു മുറിയിലേക്ക് തന്നെ പോയി.
“ഞാനിതാരോടാ പറയുന്നത്…എങ്ങനെയെങ്കിലും ഇവനെ സമ്മതിപ്പിച്ചെടുക്കണം.”
**********************************
“മോള് വരാറായില്ലേ…സമയം ഒരുപാട് ആയല്ലോ.ഇപ്പോഴേ തിരിച്ചാലല്ലേ സന്ധ്യയ്ക്ക് മുൻപ് നാട്ടിലെത്തൂ.”
“അവൾ ഇപ്പോൾ ഇങ്ങ് വരും വിശ്വേട്ടാ.. പിന്നേ അവളെ ഇങ്ങനെ നിർത്തിയാൽ മതിയോ..കല്യാണമൊക്കെ നോക്കണ്ടേ. അവളുടെ ക്ലാസിൽ പല കുട്ടികളുടെയും കല്യാണം നിശ്ചയിച്ചു കഴിഞ്ഞു.”
“എല്ലാം സമയമാകുമ്പോൾ നടക്കും രേവൂ..നീയങ്ങനെ ടെൻഷൻ ആവണ്ട.മോള് വന്നെന്ന് തോന്നുന്നു.”
അപ്പോഴേക്കും അവൾ വന്നിരുന്നു.എന്നിട്ട് മൂന്നു പേരും കൂടി നാട്ടിലൊക്കെ പോയി ഒരു ദിവസം അവിടെ നിന്ന് പിറ്റേദിവസമാണ് മടങ്ങിയത്.
അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു.പ്രോജെക്ടും എക്സാമുമൊക്കെയായി അപ്പു നല്ല തിരക്കിലായി.
വല്ലപ്പോഴും അവൾ അവിനാശുമായി ചാറ്റ് ചെയ്യാറുണ്ട്.അവർ പതിയെ നല്ല സുഹൃത്തുക്കളാവുകയായിരുന്നു.അടുത്ത തവണ കോളേജിൽ വരുമ്പോൾ അവളെ തീർച്ചയായും കാണാമെന്ന് അവൻ വാക്ക് നൽകുകയും ചെയ്തു.
ഒരു ദിവസം അവൾ അച്ഛനമ്മമാർക്കൊപ്പം ഷോപ്പിംഗിന് പോയി.കാർ പാർക്ക് ചെയ്തിട്ട് മൂവരും മാളിലേക്ക് കയറി.
“അയ്യോ ഞാൻ ഫോൺ എടുക്കാൻ മറന്നു.കാറിൽ ഉണ്ടാവും.രണ്ട് സെൽഫി എടുക്കാൻ പറ്റിയ ചാൻസ് ആണ്.അച്ഛാ കീയിങ്ങ് തന്നേ ഞാൻ പോയെടുത്തിട്ട് വരാം.നിങ്ങൾ ഫുഡ് കോർട്ടിൽ വെയ്റ്റ് ചെയ്താൽ മതി.”
അവൾ കീയുമായി കാറിനടുത്തേക്ക് നീങ്ങി.ഫോണും എടുത്ത് തിരികെ വന്നു.അവിടുള്ള ഒരു പ്രതിമയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ തുടങ്ങി.അതിൽ മുഴുകി നിന്നപ്പോൾ ഒരു പെണ്കുട്ടി അവളെ തട്ടി അവൾ വീഴാൻ ആഞ്ഞു.പക്ഷേ ഒരു കയ്യിൽ തടഞ്ഞു നിന്നു.
“ഓ ഗോഡ്…താങ്ക്സ്”
അവൾ ആ കയ്യുടെ ഉടമയെ നോക്കി.
‘ബംഗാളി’അവൾ പറഞ്ഞതിന് അല്പം ശബ്ദം കൂടിപ്പോയി.
അവൻ അവളെ തുറിച്ചു നോക്കി.
“നീയോ…രക്ഷിച്ചതും പോരാ… ബംഗാളീന്നോ… ബംഗാളി നിന്റെ കെട്ടിയോൻ”
അവൾ ബാലൻസ് ചെയ്തു നിന്നു.
“ഐ ആം റിയലി സോറി…ഞാൻ അറിയാതെ.”
അവൾ പറഞ്ഞു തീരുന്നതിന് മുൻപ് അവൻ മുന്നോട്ട് നീങ്ങിയിരുന്നു.ചുറ്റിനുമുള്ള എല്ലാവരും അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.അവൾ ചമ്മിയ പോലെ നിന്നു.
ഇടയ്ക്ക് അവനെ നോക്കിയപ്പോൾ അവൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കുന്നതാണ് കണ്ടത്.
അവനൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു. അവർ അവനെ ബംഗാളി എന്ന് വിളിച്ചു കളിയാക്കുന്നുണ്ടായിരുന്നു.
അവൾ പതിയെ ഫുഡ് കോർട്ടിലേക്ക് നീങ്ങി.അവിടെ അവളെയും കാത്ത് അച്ചനും അമ്മയും ഉണ്ടായിരുന്നു.
“എന്താ അപ്പൂ ലേറ്റ് ആയത്?”
“അത് ഞാൻ…സെൽഫി…”
“അവൾ സെൽഫി എടുക്കാൻ പോയേക്കുന്നു. വന്ന് വന്ന് പെണ്ണ് എപ്പോഴും ഫോണിൽ തന്നെയാ”രേവതി പരാതിപ്പെട്ടു.
“വിട് രേവൂ…ഇതൊക്കെ ഇപ്പോൾ എല്ലാരും ചെയ്യുന്നതല്ലേ”അച്ഛൻ അവളെ സപ്പോർട്ട് ചെയ്തു.
“വിശ്വേട്ടൻ തന്നെയാ ഇവളെ ഇങ്ങനെ ആക്കുന്നത്.”
അവൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ സ്റ്റാറ്റസ് ഇടുന്നതിന്റെ തിരക്കിലായിരുന്നു.പിന്നെ ഫേസ്ബുക്ക് തുറന്നപ്പോൾ ‘സമയം തീരെ ശെരിയല്ല’ എന്നെഴുതിയ ഒരു ഫോട്ടോ കണ്ടു.അവൾ അതെടുത്ത് തന്റെ ടൈംലൈനിൽ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന അവിനാശ് ഈ പോസ്റ്റ് കണ്ടു.അവൻ എനിക്കും എന്നും പറഞ്ഞ് അവൾക്ക് മെസ്സേജ് അയച്ചു.
ഒരു ചിരിക്കുന്ന ഇമോജി അയച്ചിട്ട് എന്തുപറ്റി എന്നവൾ അയച്ചു.
‘ഒരാളെ സഹായിച്ചതാ…എനിക്കിപ്പോൾ അത് വല്യ പാരയായി’
‘അയ്യോ…ഇക്കാലത്ത് ആരെയും സഹായിക്കാൻ പാടില്ല.’
പിന്നെ കുറച്ചു നേരം എന്തൊക്കെയോ ചാറ്റ് ചെയ്തു.
“അപ്പൂ നിനക്ക് കഴിക്കാൻ എന്താ വേണ്ടത്?”
അമ്മ ചോദിക്കുന്നതൊന്നും അവൾ അറിഞ്ഞതേയില്ല.അവൾ ഫോണിൽ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുകയാണ്.
“കണ്ടോ..പെണ്ണ് ഈ ലോകത്തൊന്നും അല്ല.ഫോണിൽ നോക്കി ഇളിക്കുന്നത് കണ്ടില്ലേ..ടീ”
“ഓ…എന്താ അമ്മേ”
അവരുടെ മുഖഭാവം കണ്ട് അവൾ പതിയെ ഫോൺ ടേബിളിൽ വച്ചു.
ഭക്ഷണം കഴിച്ച് ഷോപ്പിംഗ് ഒക്കെ നടത്തി അവർ വീട്ടിൽ പോയി.
പിന്നീട് പല സ്ഥലങ്ങളിൽ വച്ചും അവർ പരസ്പരം കണ്ടെങ്കിലും ഒന്നും മിണ്ടാതെ ദേഷ്യത്തോടെ നോക്കിയിട്ട് പോകും.അവന്റെ കൂട്ടുകാർക്കിടയിൽ അവന് ബംഗാളി എന്ന പേര് വീണിരുന്നു. അത് ഇട്ടത് അവളായത് കൊണ്ട് തന്നെ അവന് അവളെ കണ്ടൂടാ.എന്നാൽ ഫേസ്ബുക്ക് ചാറ്റിലൂടെ അവരുടെ സൗഹൃദം വളരുകയായിരുന്നു.
പ്രിലിമിനറി എക്‌സാമിന് രണ്ടു ദിവസം മുമ്പ് പ്രഭാകരമേനോൻ ഹൃദയാഘാതം മൂലം ഹോസ്പിറ്റലിൽ ആയി.അതുകൊണ്ട് തന്നെ അവിനാശിന് എക്സാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല.ഒരാഴ്ചയോളം അവർ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.
അച്ഛന് സുഖമായി വീട്ടിൽ കൊണ്ട് വന്നെങ്കിലും ബിസിനസ്സ് കാര്യങ്ങൾ ആകെ അവതാളത്തിലായി.അതിനാൽ അവൻ ബിസിനസ്സ് ഏറ്റെടുത്ത് നടത്താൻ തുടങ്ങി.
അവരുടെ കമ്പനി ഇന്റർ കോളേജ് ചെസ്സ് ചാമ്പ്യൻഷിപ്പ് സ്പോണ്സർ ചെയ്തിരുന്നു. അതിൽ വിജയിച്ചത് അപ്സര ആയിരുന്നു.സമ്മാനദാനം അവരുടെ കോളേജിൽ വച്ച് തന്നെ ആയിരുന്നു.
അപ്സരക്കാണ് സമ്മാനം എന്നവൾ അറിയിച്ചിരുന്നു.അവളെ കാണാം എന്ന ഉദ്ദേശത്തിൽ അവൻ തന്നെയാണ് സമ്മാനദാനത്തിന് പോയത്.
ഒരു വലിയ സദസ്സിനു മുന്നിൽ അവൻ ഇരുന്നു.പരിചയമുള്ള ഒരുപാട് മുഖങ്ങൾ അതിൽ ഉണ്ടായിരുന്നു.അധ്യാപകരെയൊക്കെ കാണാൻ സാധിച്ചു.ഒരുപാട് നാൾ കഴിഞ്ഞിരുന്നു അവൻ അങ്ങോട്ട് വന്നിട്ട്.
“ഞാൻ ലേറ്റ് ആയില്ലല്ലോ”അപ്പു കൂട്ടുകാരോട് ചോദിച്ചു.
“ഏയ്…ഇങ്ങ് വാ…ആ സ്റ്റേജിലേക്ക് നോക്കിയേ…നീ കാണാൻ കൊതിച്ച ആള്”മാളു പറഞ്ഞു.
അപ്പു സ്റ്റേജിലേക്ക് നോക്കി.അവിനാശ് അവിടെ ഇരിക്കുന്നത് കണ്ടു.
“ഈ ബംഗാളി എന്താ അവിടെ കയറി ഇരിക്കുന്നത്”
“ആര്?നീ പറയുന്ന അയാളോ?എവിടെ”
പാറു സംശയത്തോടെ സ്റ്റേജിലേക്ക് നോക്കി.
അപ്പു അവിനാശിനെ ചൂണ്ടിക്കാട്ടി.
“എടി…കഴുതേ അതാണ് നിന്റെ ഫേസ്ബുക്ക് ഫ്രണ്ട് അവിനാശ് പ്രഭാകർ”
“ദൈവമേ…പണി പാളിയോ”
അപ്പോഴേക്കും സമ്മാനം ഏറ്റു വാങ്ങാൻ അവളെ സ്റ്റേജിലേക്ക് ക്ഷണിച്ചു. സമ്മാനം കൊടുക്കാൻ തയാറായി അവനും എഴുനേറ്റു.
(തുടരും)