17/04/2026

നീ മാത്രം : ഭാഗം 22

രചന – വൈദേഹി ദേഹി

ഡീീ… വിളി കേട്ട് തിരിഞ്ഞു നോക്കിയ ദേവിയും വിനും കാണുന്നത് നനഞ്ഞ കോഴിയെ പോലെ നിൽക്കുന്ന നന്ദുനെയാണ്… ദൈവമേ… ഇവളെന്താ ഇവിടെ വന്നിട്ടാണോ കുളിച്ചേ… അതും പറഞ്ഞോണ്ട് ദേവി ഇരുന്നിടത്തുനിന്ന് പതിയെ എണീറ്റു… കുളിച്ചതാകില്ല…ലക്ഷണം കണ്ടിട്ട് ഇവളെ വരുൺ കുളിപ്പിച്ച് കേറ്റിയ മട്ടുണ്ട്… അതും പറഞ്ഞു വിനു പതിയെ അവിടങ്ങു ഇരുന്നു… അപ്പോഴും നന്ദു അവരെ നോക്കിപേടിപ്പിച്ചോണ്ട് നിക്കുവാരുന്നു… ന… നന്ദു… നീയിതെങ്ങനാ നനഞ്ഞത്… ദേവി ഉമിനീരിറക്കി ചോദിച്ചു… എവിടെ… അപ്പോഴും കൊച്ചിന് നോ മൈൻഡ്… എന്റെ പൊന്ന് നന്ദു… നീ ഞങ്ങളെ നോക്കിപീഡിപ്പിച്ചോണ്ട് നിൽക്കാണ്ട് വ തുറന്ന് വല്ലോം ഒന്ന് പറ… വിനു ദേവിയുടെ പിറകിൽ ഒളിച്ചു നിന്നോണ്ട് പറഞ്ഞു… നീയൊക്കെ എന്തിനാ എന്നെ അങ്ങോട്ട്… ആ കുളക്കടവിലേക്ക് പറഞ്ഞു വിട്ടേ… അതും പറഞ്ഞു അവിടെ ഇരുന്ന ഒരു പെൻസ്റ്റാൻഡ് എടുത്ത് നന്ദു അവരെ ഒറ്റ ഏറു… ദേവി പെട്ടന്ന് അവിടുന്ന് മാറിയതും അത് അവളുടെ പിറകിൽ ഒളിച്ചു നിന്ന വിനുന്റെ തലക്കിട്ടു തന്നെ കിട്ടി… ഹാലേലുയ്യ സ്തോത്രം… അതും പറഞ്ഞു വിനു വെട്ടി ഇട്ട വാഴ പോലെ പിറകോട്ടു മറിഞ്ഞു…

അയ്യോ എന്റെ പൊന്നാങ്ങളേ… എന്നും പറഞ്ഞോണ്ട് ദേവി അവന്റെ നെഞ്ചത്തിട്ട് അടിക്കാൻ തുടങ്ങി… അങ്ങോട്ട് വന്ന നന്ദു അവന്റെ നെഞ്ചിൻകൂട് നോക്കി ഒന്ന് കൊടുത്തതും പിറകിലോട്ട് വീണേനെക്കാൾ വേഗത്തിൽ അവൻ എണീറ്റു… കൊന്നോടി നീ എന്നെ… അവൻ നെഞ്ചും തടവികൊണ്ട് നന്ദുനോട് ചോദിച്ചു… പച്ചക്ക് കത്തിക്കാനാ ഞാൻ ഇങ്ങോട്ട് വന്നേ… എന്തിനാടാ മരപ്പട്ടികളെ എന്നെ അങ്ങോട്ട് പറഞ്ഞു വിട്ടേ… വരുണേട്ടൻ വരുന്ന കാര്യം എന്താ എന്നോട് പറയാഞ്ഞേ… ദേഷ്യത്തിൽ പറഞ്ഞു തുടങ്ങിയെങ്കിലും അവസാന ഡയലോഗ് പറഞ്ഞപ്പോളേക്ക് അവളുടെ സ്വരം നേർത്തു…അവൾ വിനുവിന്റെ അപ്പുറത്തേക്ക് ഇരുന്നു… എടി… സത്യമായിട്ടും നിനക്ക് ഒരു സർപ്രൈസ് തരാന്ന് കരുതിയാ ഞങ്ങൾ പറയാഞ്ഞേ… സോറി ഡീ… മുഖം വീർപ്പിച്ചിരിക്കുന്ന നന്ദുന്റെ അപ്പുറത്തോട്ട് വന്നിരുന്നു ദേവി പറഞ്ഞു… അതൊക്കെ പിന്നെ ആവാം… ഡീ നന്ദു… നീ പോയി ആദ്യം തല തുടച്ചാ ഡ്രെസ്സൊക്കെ മാറ്… ചെല്ല്… വിനു പറഞ്ഞപ്പോഴാണ് ദേവിയും അതിനെ പറ്റി ഓർത്തത്…അപ്പോഴും മറ്റേതൊക്കെയോ ചിന്തകളിൽ കുരുങ്ങി കിടക്കുകയായിരുന്നു നന്ദുവിന്റെ മനസ്സ്… ഡീ നീ വന്നേ…ഈ ഡ്രസ്സ്‌ മാറ്…ഞാൻ എടുത്തു തരാം… അതും പറഞ്ഞോണ്ട് ദേവി നന്ദുനെ വലിച്ചോണ്ട് അവളുടെ മുറിയിലേക്ക് പോയി…

ദൈവമേ… കുഴപ്പായോ…പെണ്ണ് പിണങ്ങിയെന്നാ തോന്നുന്നേ…ഹ്മ്മ്… മറ്റേ മഹാൻ ആ കുളത്തിന്ന് പൊന്തിയിട്ടുണ്ടാകും… പോയി നോക്കട്ടെ… അതും മനസ്സിൽ പറഞ്ഞോണ്ട് വിനു വരുണിന്റെ റൂമിലേക്ക് നടന്നു… പാതി ചാരിയിട്ടേക്കുന്ന ആ വാതിലിലൂടെ വിനു തല മാത്രം അകത്തേക്കിട്ട് നോക്കി… നോക്കിയപ്പോ കണ്ടു ഷർട്ടും മുണ്ടും ഇട്ടോണ്ട് കണ്ണാടിയിൽ നോക്കി റെഡി ആകുന്ന വരുണിനെ… ഓഹ്… അങ്ങ് അരിഞ്ഞോണങ്ങുവാ… ആരെ കാണിക്കാനാണോ… അപ്പോഴാണ് അവനെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന ഒരു തല വരുൺ കണ്ണാടിയിൽ കൂടെ കണ്ടത്… തലമുടി ചീകി ഒതുക്കുന്നത് നിർത്തികൊണ്ടവൻ തിരിഞ്ഞുനോക്കി… എന്താടാ… മ്മ്ച്ചു… പിന്നെ… നീ എന്തിനാ അവിടെ നിന്ന് ഒളിഞ്ഞു നോക്കുന്നത്… അയ്യടാ ഒളിഞ്ഞു നോക്കാൻ നിങ്ങളെന്താ ഹേ ഇവിടെ വല്ല ഫാഷൻ ഷോയും നടത്തുന്നോ… ഇല്ലല്ലോ പിന്നെ എന്താന്ന് വെച്ചാ പറഞ്ഞിട്ട് പോടാ… വിനു അകത്തേക്ക് കയറി… എനിക്കൊരു കാര്യം അറിയാനുണ്ട്… എന്ത്… അതും പറഞ്ഞോണ്ട് അവൻ കൈയിലിരുന്ന ഹെയർബ്രഷ് ടേബിളിലേക്ക് വച്ചു അവനു നേരെ തിരിഞ്ഞു…

നന്ദു എങ്ങനാ നനഞ്ഞേ… നന്ദു എങ്ങനാ നനഞ്ഞേന്ന് എന്നോടാണോ ചോദിക്കുന്നെ… അതവളോട് പോയി ചോദിക്കണം… ആഹാ… അതെങ്ങനെ ശെരിയാകും… ഏട്ടനല്ലേ അവിടെ ആ സമയം ഉണ്ടാരുന്നേ… അപ്പൊ ഏട്ടന് അറിയില്ലേ… വരുൺ പതുക്കെ അവനു മുന്നിലേക്ക് വന്നു കൈകെട്ടി നിന്നു… എന്നിട്ട് അവനെ അടിമുടി ഒന്ന് നോക്കി… മ്… മ്മ്മ്? എ… എന്താ എങ്ങനെ നോക്കണേ… അവൻ ഒരടി പിറകിലേക്ക് നീങ്ങി നിന്നുകൊണ്ട് വരുണിനോട് ചോദിച്ചു… അവളാ സമയം എങ്ങനാടാ അവിടെ വന്നേ… ശെടാ… അവൾക്കെന്താ ആ സമയം അവിടെ വന്നുകൂടെ… ഇത് നല്ല കൂത്തു… വരാം… വരാൻ പാടില്ലെന്ന് ആരും പറഞ്ഞില്ലാലോ… പക്ഷെ അവൾ അപ്പൊ അവിടെ വന്നു നിങ്ങടെ രണ്ടിന്റേം പേരാ വിളിച്ചത്… അതെന്താ അങ്ങനെ… അ…ആഹ്ഹ… സത്യം പറഞ്ഞോണം… എന്റെ പൊന്നേട്ടാ…അവൾ ചുമ്മാ അങ്ങോട്ട് വന്നതാവും… ഞങ്ങൾ സ്ഥിരം പോയിരിക്കുന്ന സ്ഥലമാ ആ കുളക്കടവ്… അതുകൊണ്ടാ അവൾ അങ്ങോട്ട് തന്നെ വന്നത്… അതിരിക്കട്ടെ… ഞാൻ ചോദിച്ചേനു ഏട്ടൻ മറുപടി താ… അവളെങ്ങാനാ കുളത്തിൽ വീണത്… അവള് കാലുതെന്നി വീണതാ… വരുൺ ഒരു നിസ്സാര ഭാവത്തിൽ അവനോട് പറഞ്ഞോണ്ട് മേശപ്പുറത്തിരുന്ന അവന്റെ ഫോൺ എടുത്ത് നോക്കാൻ തുടങ്ങി…

കാലുതെന്നി വീണതോ… അവളെന്താ ആദ്യായിട്ടാണോ അവിടേക്ക് പോണേ… അതെന്താ ആദ്യായിട്ട് പോകുന്നവരെ കാലുതെറ്റി വീഴാറുള്ളോ… അല്ല എന്നാലും… നിനക്കിനിയും ഇത്രക്ക്‌ സംശയം ആണേ അവളോട് തന്നെ പോയി ചോദിക്കടാ… അതും പറഞ്ഞു അവനോട് ദേഷ്യപ്പെട്ടോണ്ട് വരുൺ ഫോണും കൊണ്ടു പുറത്തേക്ക് പോയി… എന്നാലും… എന്റെ പൊന്നു ദേവീ… ഞാനെത്ര തവണ നിന്നോട് പറയണം ഞാൻ കാലുതെന്നി കുളത്തിൽ വീണതാന്ന്…ദേണ്ടെ ഇനി ഇതും ചോദിച്ചോണ്ട് എന്റടുത്തു വല്ലോം വന്നാലാ… ബാക്കി ഞാൻ അപ്പൊ തരാം… അതും പറഞ്ഞു തല തുവർത്തിയ തോർത്തു അവിടെ ഹാങ്ങറിലോട്ട് വിരിച്ചിട്ട് അവൾ താഴേക്ക് പോയി… പോകുന്ന വഴിക്ക് എതിരെ വന്ന വിനുന് ഒരു തട്ടും കൊടുത്തിട്ടാണവൾ പോയത്… ഈ കുരിപ്പ്… അതും പറഞ്ഞോണ്ട് അകത്തേക്ക് കയറിയ വിനു കണ്ടത് എന്തോ ആലോചിച്ചോണ്ട് നിൽക്കുന്ന ദേവിയെ ആണ്… ഡീീ…നീ എന്തുവ ഈ ആലോചിച്ചോണ്ട് നിൽക്കുന്നെ… വല്ലോം പറഞ്ഞോ അവൾ… അവൾ കുളത്തിൽ കാലുതെന്നി വീണതാന്ന്… വരുണേട്ടനോട് നീ ചോദിച്ചോ… മ്മ്മ്… അവിടുന്നും ആ മറുപടി തന്നാ… കാലുതെന്നി വീണതാന്ന്… ശെടാ… ആഹ് എന്തേലും ആവട്ടെ… ഇപ്പൊ വയറു കരിഞ്ഞു നിലവിളി ശബ്ദം ഇട്ടിട്ടുണ്ട്… നീ വാ… ഇനി നമുക്ക് വല്ലോം കഴിച്ചിട്ടാകാം ബാക്കി… അങ്ങട് വരിക… അതും പറഞ്ഞവൻ അവളേം വിളിച്ചോണ്ട് താഴേക്കു പോയി…

വിനുവും ദേവിയും താഴേക്ക് വന്നപ്പോ കണ്ടു എല്ലാരും കഴിക്കാൻ ഇരിക്കുന്നത്… രണ്ടുപേരും പരസ്പരം ഒന്ന് നോക്കി… ഇതെന്താ… ഞങ്ങളെ ആരും കഴിക്കാൻ വിളിക്കാഞ്ഞേ… നിങ്ങൾക്ക് വേണ്ട വിശപ്പില്ലെന്നല്ലേ പറഞ്ഞെ… ഗായത്രി പറഞ്ഞു… വിശപ്പില്ലെന്നോ… ഞങ്ങൾക്കോ… എന്നാരു പറഞ്ഞു… നന്ദു… അവർ നന്ദുനെ നോക്കിയപ്പോ അവൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാ മട്ടിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കുന്നു…തെണ്ടി… പണി തന്നയാ…നന്ദുനെ ഒന്ന് നോക്കിപ്പേടിപ്പിച്ചോണ്ട് രണ്ടു പേരുടെ പാത്രമെടുത്തു ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി… കഴിക്കുന്നതിന്റെ ഇടക്കും വിനു നന്ദുനേം വരുണിനേം മാറി മാറി നോക്കുന്നുണ്ടാരുന്നു… രണ്ടുപേർക്കും ഫുഡിൽ മാത്രമാണ് ഫുൾ കോൺസെൻട്രേഷൻ… ഇതുങ്ങളെന്താ നേരത്തെ ചപ്പാത്തി കണ്ടിട്ടില്ലേ… കൃഷ്ണാ… നമ്മുടെ കുടുംബക്ഷേത്രത്തിലെ ജ്യോൽസ്യനെ നീ ഒന്ന് പോയി കാണണം… കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ് ലക്ഷ്മിയമ്മ അത് പറഞ്ഞത്… എല്ലാരും അവരെ ഒരു സംശയത്തോടെ നോക്കി…വിനു ആണേ അച്ഛമ്മേ ഒരു അവലക്ഷണം പിടിച്ച നോട്ടം നോക്കി…

അടുത്ത പണി ഇനി ആർക്കിട്ടാണോ എന്തോ…അവൻ ദേവിയെ നോക്കിയപ്പോ അവിടെയും സെയിം ഭാവം തന്നെ… അതെന്തിനാ അമ്മേ… ഒന്നുല്ല കുറെ നാൾ ആയില്ലേ അവിടെ നമ്മുടെ വക പൂജകൾ ഒക്കെ നടത്തിയിട്ടു… ഇപ്രാവശ്യം നമുക്കത് നടത്തണം… ഇപ്പോഴാണേ വരുണും വിനുവും നാട്ടിൽ ഉണ്ടല്ലോ… മ്മ് പോകാം അമ്മേ… ഇന്ന് വൈകിട്ട് തന്നെ പോകാം… ഞാൻ അദ്ദേഹത്തെ ഒന്ന് വിളിക്കട്ടെ… അതും പറഞ്ഞവർ കഴിപ്പ് തുടർന്നു… രാവിലത്തെ ഭക്ഷണം കഴിച്ച ശേഷം എങ്ങോട്ടോ പോകാനുണ്ടെന്നും പറഞ്ഞു വരുൺ പുറത്തേക്ക് പോയി…കുളക്കടവിൽ വെച്ച് മിണ്ടിയതല്ലാതെ വരുൺ നന്ദുനെ പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല… അങ്ങനെ ഒരാൾ അവിടെ ഇല്ലന്നുള്ള മട്ടിലാരുന്നു അവന്റെ പെരുമാറ്റം…അവന്റെ രീതികൾ അവളിൽ വേദന ഉണ്ടാക്കിയെങ്കിലും അവളത് പുറമേ കാട്ടിയില്ല… പക്ഷെ വിനുനും ദേവിക്കും അത് നന്നായി മനസ്സിലായി…

മാധവിക്കുട്ടിയുടെ ‘നഷ്ടപെട്ട നീലാംബരി’ എന്ന കഥ വായിച്ചുകൊണ്ട് മുറിയിലിരിക്കുവാരുന്നു ഗോപിക… പെട്ടന്നാണ് ആരോ അവരുടെ കണ്ണുകൾ പിറകിൽ നിന്നു മൂടിയത്… ഒന്ന് ഞെട്ടി പോയെങ്കിലും പെട്ടന്ന് തന്നെ അവരുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു… ഡാ… എനിക്ക് മനസ്സിലായി കേട്ടോ കള്ള ഡോക്ടറെ… ശോ… ഈ ഗോപുവമ്മക്ക് ഇതെന്താ പിറകിലും കണ്ണുണ്ടോ… അതും പറഞ്ഞു വരുൺ അവരുടെ മടിയിലേക്ക് തല വച്ചു കിടന്നു… മ്മ്മ്… ഉണ്ടെന്ന് കൂട്ടിക്കോ… ഉവ്വ്… നാലഞ്ചു വർഷം കൊണ്ടു നീ ആകെ അങ്ങ് മാറിപ്പോയല്ലോ… ഇപ്പൊ കണ്ട ഒരു സിനിമനടന്റെ ഛായ ഒക്കെ തോന്നും… അല്ലേലും ഞാൻ പണ്ടേ സുന്ദരനല്ലേ… ഗോപികയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ടവൻ പറഞ്ഞു… പോടാ ചെറുക്കാ… പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ… അവിടെന്താ വിശേഷം ഗോപുവമ്മേ… വിശേഷങ്ങൾ മുഴുവൻ ഇവിടല്ലേ… അതല്ലേ എനിക്കിപ്പോ തന്നെ ഇങ്ങ് വരേണ്ടി വന്നത്… ഗോപികയുടെ വിരലുകൾ എണ്ണി കൊണ്ടു പറഞ്ഞ വരുണിന്റെ ശബ്ദത്തിലെ മാറ്റം ഗോപികക്ക് മനസ്സിലായി…

മ്മ്മ്…സൂക്ഷിക്കണം മോനെ…എന്റെ മനസ്സ് പറയുന്നു… അവന്റെ ഈ വരവ് വെറുതെയല്ല… അവനു അന്നും ഇന്നും ഒരൊറ്റ ലക്ഷ്യമേ ഉള്ളു… നന്ദു… അന്നത് അവനു കൈയെത്താത്ത ദൂരത്തു ആരുന്നെങ്കിൽ ഇന്ന് അങ്ങനെ അല്ല… അറിയാം… അത് നല്ലവണ്ണം ബോധ്യമുള്ളത് കൊണ്ടു തന്നാ ഞാൻ ഇങ്ങ് പോന്നത്…ഇനി ഒരു വട്ടം കൂടി അവൻ എന്റെ പെണ്ണിനെ തൊടില്ല… തൊടാൻ ഞാൻ സമ്മതിക്കില്ല… എന്തോ ഓർമയിൽ വരുണിന്റെ കണ്ണിൽ പക ആളി…അവന്റെ മുഖം വലിഞ്ഞു മുറുകി… അതിരിക്കട്ടെ… നന്ദുനെ കണ്ടോ നീ…വിനും ദേവിയും കൂടെ നീ വരുന്നത് അവളോട് പറയാതെ സർപ്രൈസ് ആയിട്ട് വെച്ചേക്കുവാരുന്നു… ഗോപിക വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു… മ്മ് കണ്ടു കണ്ടു… രാവിലേ തന്നെ വന്നു കുളത്തിൽ ലാൻഡ് ചെയ്തപ്പോ ഞാൻ ദർശനം കൊടുത്തു…എന്നെ കണ്ടപ്പോ ആകെ കിളി പോയ മട്ടിൽ ആരുന്നു… കുളത്തിലോ… നീ എന്റെ കുഞ്ഞിനെ കുളത്തിൽ തള്ളി ഇട്ടോ… ഇയ്യോ ഞാൻ ഒന്നുമല്ല തള്ളിയിട്ടത്… അവൾ ആ പടവിൽ നിന്നപ്പോഴാ ഞാൻ മുങ്ങിനിവർന്നത്…പെട്ടന്ന് കണ്ട് പേടിച്ച് തിരിഞ്ഞതും കാലുതെന്നി അവളങ്ങോട്ട് വീണു… മറ്റേ രണ്ട് കുരിപ്പുകൾടേം പണി ആരുന്നെന്നാ എനിക്ക് തോന്നുന്നേ… ഗോപിക അത് കേട്ടു ചിരിച്ചു കൊണ്ടു അവന്റെ തലമുടിയിൽ തഴുകി… അവൻ ഒരു ചിരിയോടെ കണ്ണുകൾ അടച്ചു അവരുടെ മടിയിൽ കിടന്നു…