രചന – വൈദേഹി ദേഹി
വൈകുന്നേരത്തെ ചായയും കുടിച്ചാണ് നന്ദു ചെമ്പകത്തോട്ടു പോകാൻ ഇറങ്ങിയത്… ഉച്ച മുതൽ വിനു അച്ഛമ്മ നിരീക്ഷണത്തിൽ ആയതുകൊണ്ട് നന്ദുവുമായി കാര്യമായ ഗുസ്തി പിടിത്തം ഒന്നും ഇല്ലാരുന്നു…അതൊരു കണക്കിന് ദേവിക്ക് ആശ്വാസമായിരുന്നു… ഇല്ലേൽ രണ്ടിന്റേം ഇടയിൽ കിടന്ന് ഒരു പരുവം ആയേനെ… ഡി നാളെ നീ അങ്ങോട്ട് വരുവോ രാവിലെ… വണ്ടിയിൽ ഇരുന്നുകൊണ്ട് നന്ദു ചോദിച്ചു… ആഹ് ഡീ… ഞാൻ രാവിലെ അങ്ങോട്ട് വന്നോളാം…നീ റെഡി ആയി നിന്നാൽ മതി… കോളേജിൽ പോയിട്ട് ഇപ്പോ പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ… ഇവൾക് അവിടെ പോയി വായിനോക്കാനല്ലേ… ഉമ്മറത്തേക്ക് വന്നാൽ വിനു നന്ദുനെ പുച്ഛിച്ചു… അതേടാ… വായിനോക്കാൻ തന്നെയാ… ഞാൻ മാത്രമല്ല ദേ അവളും… നിന്റെ അല്ലെ പെങ്ങൾ… അപ്പൊ മോശം ആവില്ലല്ലോ… നിന്റെ കൂടെ കൂടി അവൾ വഴിതെറ്റിയാലേ ഉള്ളു… നീ പോടാ മരമാക്രി… നീ പോടീ മാനത്തുക്കണ്ണി… ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ദേവി ചെവി പൊത്തി…
രാവിലെ മുതൽ കേട്ട് കേട്ട് കൊച്ചു മടുത്തു… അയ്യോ ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…വിനു നിർത്തിക്കെ… അവൾ പോകാൻ ഇറങ്ങിയതല്ലേ… നന്ദു…ചെല്ല് നേരം വൈകുന്നു…ഏട്ടത്തി വിളിച്ചു നീ ഇറങ്ങിയോന്ന് ചോദിച്ച്… രണ്ടിന്റേം വഴക്ക് കേട്ടോണ്ട് വന്ന ഗായത്രി പറഞ്ഞു… ആഹ് അപ്പേ… ഞാൻ ഇറങ്ങുവാ… അപ്പൊ ശെരിയെടി… നാളെ കാണാം… അതും പറഞ്ഞു വിനുനെ ഒന്ന് നോക്കി പേടിപ്പിച്ചു നന്ദു സ്കൂട്ടറും എടുത്ത് പോയി… സന്ധ്യ ആവാറായി ദേവീ… നീ പോയി കുളിച്ച് വിളക് കത്തിക്കാൻ നോക്കിയേ… അതും പറഞ്ഞു ഗായത്രി അകത്തേക്ക് പോയി… നിനക്ക് ഇത് എന്തിന്റെ കേടാ… എപ്പോഴും അവളോട് വഴക്കിട്ടോണ്ട് ഇരിക്കാൻ… കണ്ടോ അവൾ പിണങ്ങിയാ പോയെ… ഇതൊക്കെ ചേട്ടന്റെ ഒരു നമ്പറല്ലേ എന്റെ ദേവിമോളെ… എന്നും പറഞ്ഞു ദേവിയുടെ താടിക്കൊന്ന് പിടിച്ചോണ്ട് ഒരു മൂളിപാട്ടോടെ വിനു അകത്തേക്ക് പോയി.. ഏഹ്… അവനെന്താ അങ്ങനെ പറഞ്ഞെ…എന്തോ പന്തികേടുണ്ടല്ലോ…ദൈവമേ… ഇനി അച്ഛമ്മേ നിരീക്ഷിക്കുന്ന പോലെ ഇവനേം നിരീക്ഷിക്കേണ്ടി വരുവോ… അതും ഓർത്തോണ്ട് ദേവി അകത്തേക്ക് കയറി…
ഗോപിക വിളക്ക് വെച്ചോണ്ട് ഉമ്മറത്തു നിൽക്കുമ്പോഴാണ് നന്ദു കയറി വന്നത്…അവിടെ നിന്നൊന്ന് തൊഴുതു പ്രാർത്ഥിച്ചു നന്ദു ഗോപികയെ ചുറ്റി പിടിച്ചു കവിളത്തൊരു ഉമ്മ കൊടുത്തു… ഗോപിക ചിരിയോടെ അവളെ ചേർത്തുപിടിച്ചു… എന്തായി… രണ്ടുടെ അവിടം തിരിച്ചു വെച്ചോ… അവൻ ആ അപ്പേ എന്നും വഴക്കിനു വരുന്നേ… ഡീ നിന്നെക്കാൾ മൂത്തതല്ലേ വിനു… അവൻ ഇവൻ എന്നൊക്കെ വിളിക്കാൻ നിന്റെ മടിയിലിരുത്തി ആണോ അവനു പേരിട്ടെ… അങ്ങോട്ട് വന്ന മാലതി പറഞ്ഞു… പിന്നേ… ഞങ്ങളെക്കാൾ ഒരു വയസ്സല്ലേ കൂടുതൽ ഉള്ളു…അപ്പൊ അത്രയൊക്കെ ബഹുമാനം മതി…ദേവിയും അങ്ങനെ തന്നാ വിളിക്കുന്നെ… അതും പറഞ്ഞോണ്ട് നന്ദു അകത്തേക്ക് ഓടി… ഈ പെണ്ണ്… മാലതി ഗോപികയെ നോക്കി ചിരിച്ചു… പിന്നെ രണ്ടുപേരുടെ ഉമ്മറത്തിരുന്ന് നാമം ജപിക്കാൻ തുടങ്ങി… മുകളിലേക്ക് കയറിയ നന്ദു ബാൽക്കണിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു…
നോക്കിയപ്പോ കണ്ടു അവിടെ ഇട്ടിരിക്കുന്ന ബീൻബാഗിൽ എന്തോ ആലോചിച്ചു കിടക്കുന്ന നവിയെ… ഏട്ടാ… നന്ദുന്റെ ശബ്ദം കേട്ടപ്പോഴാണ് നവി തിരിഞ്ഞു നോക്കിയത്… ആഹ് നീ വന്നോ… ഇപ്പൊ വന്നേ ഉള്ളു ഏട്ടാ… അല്ല ഏട്ടനെന്താ ഇന്ന് ഇവിടെ വന്നിരിക്കുന്നത്… എന്തുപറ്റി… സാദാരണ ഈ സമയം അച്ഛന്റെ കൂടെ പറമ്പിലോട്ട് ഇറങ്ങുന്നതാണല്ലോ… ഏയ്… ഒന്നുല്ല മോളെ… ഇന്നെന്തോ അങ്ങോട്ട് ഇറങ്ങാൻ തോന്നിയില്ല… അപ്പൊ പിന്നെ ഇവിടങ്ങു ഇരിക്കാന്നു വെച്ചു…അത്രേയുള്ളൂ… മ്മ്… ഞാനെന്നാ പോയി കുളിച്ചിട്ട് വരാമേ… മ്മ് ചെല്ല്… അതും പറഞ്ഞു നന്ദു റൂമിലേക്ക് പോയി… അവളെ നോക്കി കൊണ്ടിരുന്ന നവി ഫോൺ എടുത്ത് ആരെയോ വിളിച്ചു… “ഹലോ…എന്തായി…എങ്ങനാ കാര്യങ്ങൾ…” മറുവശത്തു നിന്നു വരുന്ന മറുപടി അവൻ ശ്രദ്ധയോടെ കേട്ടു… “മ്മ് ശെരി… അപ്പൊ എല്ലാം പറഞ്ഞപോലെ…” എന്നും പറഞ്ഞു നവി ഫോൺ വെച്ചു…എന്തോ ഓർമയിൽ അവന്റെ കണ്ണുകളിൽ അഗ്നി ആളി…
കുളി കഴിഞ്ഞു ഇറങ്ങി തല തോർത്തികൊണ്ടിരുന്നപ്പോഴാണ് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് നന്ദു കേട്ടത്…അവൾ തോർത്തു ഹാങ്ങറിൽ വിരിച്ചിട്ട ശേഷം ഫോൺ എടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു…ആ unknown നമ്പറിൽ നിന്നാരുന്നു മെസ്സേജ് വന്നത്… അത് കണ്ടതും അവളുടെ ഹൃദയമിടിപ്പ് കൂടി…വിറയാർന്ന കൈകളോടെ അവളാ ചാറ്റ് ഓപ്പൺ ചെയ്തു… “നീ അറിയുന്നുണ്ടോ നിന്റെ പുഞ്ചിരി എന്നിൽ നിറയ്ക്കുന്ന സൗരഭ്യം… അടുത്തുണ്ടായിട്ടും ഇത്ര അടുത്തിട്ടും നീ എന്തെ എന്നെ അറിയുന്നില്ല… എന്നിൽ നിന്നു ഒരു ശക്തിക്കും നിന്നെ പറിച്ചെറിയാനാവില്ല… നിനക്ക് പോലും… നീ എന്നിൽ നിറഞ്ഞു നിൽക്കുന്നിടത്തോളം നിനക്ക് കാവലായി ഞാനുണ്ട് പെണ്ണെ… ഒന്ന് മാത്രം ഓർക്കുക… പ്രിയദേ നീയെന്റെ പ്രാണനാണെന്ന് … നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നെന്ന്…” ശ്വാസം എടുക്കാൻ പോലും ഒരു നിമിഷം നന്ദു മറന്നു… ഇത്? അവൾ ഒരു തളർച്ചയോടെ കട്ടിലിലേക്കിരുന്നു…
അവൾക് വല്ലാത്തൊരു പരവേശം തോന്നി… അടുത്തുള്ള ആളോ… ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു മെസ്സേജ്… ആരാരിക്കും അത്… പെട്ടന്ന് നന്ദുന്റെ മനസ്സിൽ വിനയുടെ മുഖം വന്നു… നന്ദു ഞെട്ടികൊണ്ട് ഒന്ന് തല കുടഞ്ഞു… ഇല്ല… ഒരിക്കലും ഇല്ല… ഒരിക്കലും അത് വിനയ് ആകില്ല… നന്ദു ഒരു വല്ലായ്മയോടെ ഫോൺ കട്ടിലിലേക്കേറിഞ്ഞു മുഖം പൊത്തി ഇരുന്നു… അവളുടെ മനസ്സിൽ ആ മെസ്സേജുകളും വിനയുടെ മുഖവും മാറി മാറി വന്നു… പക്ഷെ അതവനാണ് അയച്ചതെന്ന സംശയം അവളുടെ ബുദ്ധി ഉയർത്തിയെങ്കിലും അത് അംഗീകരിക്കാൻ അവളുടെ ഹൃദയം സമ്മതിച്ചില്ല… നന്ദൂ… താഴേന്നു മാലതി അവളെ വിളിച്ചു… ദാ വരുന്നമ്മേ… നന്ദു ഒന്നുടെ മുഖമൊന്നു തുടച്ച ശേഷം താഴോട്ട് പോയി… രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും വല്ലാത്തൊരു അസ്വസ്ഥത അവളെ പൊതിയുന്നുണ്ടാരുന്നു…നന്ദ്യാരത്തെ വിശേഷങ്ങൾ ഗോപി ചോദിച്ചതിന് മാത്രം നന്ദു മറുപടി പറഞ്ഞു… നന്ദുന്റെ മാറ്റം ശ്രെദ്ധിച്ചു കൊണ്ടിരുന്ന നവിക്ക് കാര്യം മനസിലായത് കൊണ്ട് അവനൊന്നും ചോദിക്കാനും പോയില്ല…
ബാൽക്കണിയിൽ നിന്നു കൊണ്ട് ഇന്നുണ്ടായതൊക്കെ ഓർക്കുകയാരുന്നു ശിവ… നവി തന്നോട് പഴയ പോലെ തന്നെ കാണിച്ച അടുപ്പം അവനിൽ ആത്മവിശ്വാസം നിറച്ചു… ക്ലാസ്സ് കഴിഞ്ഞു ഫ്രീ ടൈം കിട്ടിയപ്പോ പഴയ സുഹൃത്തിനെ തിരികെ കിട്ടിയെന്ന പോലെ തന്നെ ആണ് അവൻ സംസാരിച്ചത്…അപ്പൊ ദേവിയും നന്ദുവും ഒന്നും ഇപ്പോഴും പണ്ട് നടന്നതൊന്നും അവനോട് പറഞ്ഞിട്ടില്ല…ശിവയുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു… ഏട്ടാ… വിളി കേട്ടു ശിവ തിരിഞ്ഞു നോക്കി… ശില്പയാരുന്നു… എന്താ മോളേ… ഏട്ടാ… നവനീത് സാറും ഏട്ടനും പഴയ ഫ്രണ്ട്‌സ് അല്ലെ… അപ്പൊ ഏട്ടന് അറിയാമോ സാറിനു ആരെയെങ്കിലും ഇഷ്ടമാരുന്നെന്നോ മറ്റോ… ശിവയുടെ മുഖമൊന്നു ചുളിഞ്ഞു… അവന്റെ മുഖത്തെ സംശയം കണ്ടിട്ട് ശില്പ പറഞ്ഞു… അല്ല സാറിനു ദേവിയോട് എന്തോ ഒരു ഫീലിംഗ്സ് ഉള്ള പോലെ എനിക്ക് തോന്നി… അതെന്റെ തോന്നൽ ആണോന്ന് എനിക്കറിയില്ല…ഏട്ടന് അവരെ പണ്ട് മുതൽക്കേ അറിയില്ലേ അതാ ഞാൻ ചോദിച്ചേ… ഇല്ല… അവനു ദേവിയോട് അങ്ങനെ ഒരു അടുപ്പം പണ്ടൊന്നും ഇല്ലാരുന്നു…
ഞങ്ങൾ എല്ലാരുടെ പോകുമ്പോഴും ദേവിയെ അവൻ മൈൻഡ് ചെയ്യാറില്ലാരുന്നു… അവൾ എപ്പോഴും വരുണിന്റെ കൂടെ ആരുന്നു… നവിയും ദേവിയും എന്തെങ്കിലും മിണ്ടിയാൽ അപ്പൊ തന്നെ വഴക്കിടും… അതാരുന്നു സ്വഭാവം… നവിക്ക് അങ്ങനെ ഒരു ഫീലിംഗ്സ് അവളോട് തോന്നാൻ വഴി ഇല്ല… അല്ല എന്താ ഇപ്പോ നിനക്ക് അങ്ങനെ ഒരു സംശയം തോന്നാൻ കാരണം… അല്ല ഇന്ന് ദേവിയും നന്ദും വന്നില്ലാരുന്നു… രാവിലേ അത്കൊണ്ടാണോന്ന് അറിയില്ല സർ ഭയങ്കര ഗ്ലൂമി ആരുന്നു… ക്ലാസ്സിലേക്ക് വരാതെ സ്റ്റാഫ് റൂമിൽ തന്നെ ഇരിക്കുവാരുന്നു… മറ്റേത് ബെൽ അടിക്കാൻ വെയിറ്റ് ചെയ്തിരിക്കുന്ന പോലാ സർ ക്ലാസ്സിലേക്ക് വരാനുള്ളത്…എനിക്കെന്തോ എല്ലാം കൂടെ കൂട്ടി വായിച്ചപ്പോ അങ്ങനെ തോന്നി അതാ ഞാൻ ഏട്ടനോട് ചോദിച്ചേ… മ്മ് ഇല്ല എന്റെ അറിവിൽ അങ്ങനെ ഒന്നില്ല… ഇനി ഉണ്ടെങ്കിലും നീ പേടിക്കണ്ട എനിക്കും നിനക്കും തടസ്സമായി അവൾ വന്നാൽ പിന്നെ അവൾ ഈ ഭൂമിയിൽ തന്നെ കാണില്ല… കൊന്നു കളയും ഞാൻ… വല്ലാത്തൊരു പകയോടെ ശിവ പറഞ്ഞു… അത് കേട്ടു ശിൽപയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു…
അയ്യോാ…………… ആരുടെയോ നിലവിളി കേട്ടാണ് ദേവി ഞെട്ടി ഉണർന്നത്… അച്ഛമ്മയുടെ ശബ്ദം അല്ലെ അത്…നോക്കിയപ്പോ തൊട്ടപ്പുറത്ത് കിടന്നു വിനു കൂർക്കം വലിച്ചുറങ്ങുന്നു… രണ്ടുപേരുടെ ലൂഡോ കളിച്ച് ഹാളിൽ ഇരുന്ന് തന്നെ ഉറങ്ങിപ്പോയി…ദേവി വേഗം വിനുനെ തട്ടിയുണർത്തി… ഓഹ് എന്താടി കുട്ടിപിശാശ്ശെ… ഉറങ്ങാനും സമ്മതിക്കില്ലേ… ഡാ അച്ഛമ്മ നിലവിളിക്കുന്ന പോലെ തോന്നി… പിന്നെ നീ വല്ല സ്വപ്നോം കണ്ടതാകും… അല്ലടാ ഞാൻ കേട്ടതാ… അയ്യോ… ഇത്തവണ ദേവിയും വിനും ചാടി എണിറ്റു… അച്ഛമ്മയുടെ ശബ്ദം തന്നെ…അവർ അച്ഛമ്മയുടെ മുറിയിലേക്ക് ഓടി…പെട്ടന്ന് കൃഷ്ണന്റേം ഗായത്രിയുടെയും മുറിയിലെ ലൈറ്റ് തെളിഞ്ഞു… അവരും ഇറങ്ങി മുറിയിലേക്ക് ഓടി വന്നു… എല്ലാരും ചെല്ലുമ്പോ അച്ഛമ്മ നെഞ്ചും തടവി എണീറ്റിരിക്കുവാരുന്നു… എന്താ എന്താ അമ്മേ പറ്റിയെ… കൃഷ്ണൻ ചോദിച്ചു… ഗായത്രി വേഗം ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അവർക്കു കുടിക്കാൻ കൊടുത്തു… ദേവിയും വിനും അച്ഛമ്മയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു…ലക്ഷ്മിയമ്മ വേഗം ഗ്ലാസ്സിലെ വെള്ളം കുടിച്ചു തീർത്തു…
എന്താ അച്ഛമ്മേ പറ്റിയെ… നെഞ്ചുവേദന ഉണ്ടോ… ദേവി ചോദിച്ചു… എനിക്കിപ്പോ എന്റെ വരുൺ മോനെ കാണണം… വരുണിനെ കാണണോന്നോ… എന്താ അമ്മേ… എന്താ ഇപ്പോ ഇങ്ങനെ പറയാൻ… എനിക്കെന്റെ മോനെ ഇപ്പോ കാണണം… അവനു എന്തോ അപകടം പറ്റുന്നതായിട്ട് ഞാൻ സ്വപ്നം കണ്ടു… ദേവിയും വിനും പരസ്പരം നോക്കി… അമ്മ വെറുതെ ആവിശ്യം ഇല്ലാത്തതൊക്കെ ഓർത്തിരുന്നു വെറുതെ സ്വപ്നം കണ്ടതാ… വരുണിനൊരു കുഴപ്പോം ഇല്ല… ഗായത്രി പറഞ്ഞു… അത് നീയാണോ തീരുമാനിക്കുന്നത്… എന്റെ കുഞ്ഞിനെന്തോ പറ്റിട്ടുണ്ട്… ഡാ കൃഷ്ണാ… നീ പെട്ടന്ന് അവനെ ഒന്ന് വിളിച്ചു തന്നെ… എനിക്ക് അവനോട് സംസാരിക്കണം… അവനെന്തു പറ്റാൻ… ഈ അച്ഛമ്മ ആവശ്യമില്ലാതെ ഓരോന്ന് പറയുവാ… നീ പോടാ ചെറുക്കാ… എനിക്കറിയാം… അവൻ അവിടെ നിന്നാൽ എന്തെങ്കിലും ആപത്ത് ഉടനെ പറ്റും…എന്റെ പാറേക്കുന്നു ദേവി എനിക്ക് സൂചന തന്നതാ…അയ്യോ എനിക്കെന്റെ മോനെ കാണണേ… ഡാ കൃഷ്ണാ ഇപ്പൊ തന്നെ വിജയനെ വിളിച്ചിട്ട് പറ ഉടനെ അവനെ ഇങ്ങോട്ട് വിടാൻ… ഓഹ് ശെരി ശെരി… അമ്മക്കിപ്പോ എന്താ വേണ്ടേ… ഞാൻ വരുണിനേം ഏട്ടനേം വിളിച്ചു സംസാരിക്കാം…
വരുണിനെ എത്രേം പെട്ടന്ന് ഇങ്ങോട്ട് വിടാൻ പറയാം…പോരെ…ഇനി ഈ കരച്ചിലൊന്ന് നിർത്തു… മ്മ് മതി… ചെറിയച്ചാ…ഇപ്പൊ തന്നെ എന്നാ അച്ഛനെ വിളിച്ചു പറ അച്ഛമ്മക്ക് സീരിയസ് ആയി കാറ്റ് പോകാറായി കിടക്കുവാ… വരുണിനെ ഉടനെ ഇങ്ങോട്ട് അയക്കാൻ… ഇല്ലേ പിന്നെ കാണാൻ പറ്റില്ലെന്ന്… പ്ഫാാ… അച്ഛമ്മയുടെ ഒറ്റ ആട്ടിനു വിനു റൂമിനു പുറത്തെത്തി… കൃഷ്ണൻ ഒരു ചിരിയോടെ വരുണിനെ വിളിക്കാൻ ഫോൺ എടുത്തു… ഹാളിലേക്ക് വന്ന ദേവി കാണുന്നത് എന്തോ കാര്യമായി ആലോചിച്ചു താടിയുഴിഞ്ഞുകൊണ്ടിരിക്കുന്ന വിനുനെ ആണ്… ടാ… നീയെന്ത് ആലോചിക്കുവാ ഇത്… എടിയേ… നീ അച്ഛമ്മ എത്ര വട്ടം നിലവിളിക്കുന്നതാ കേട്ടെ… രണ്ടു വട്ടം… സ്വപ്നം കണ്ടാൽ ഇങ്ങനെ ആണോ നിലവിളിക്കുന്നെ… ഒരുവട്ടം…ഇത് പക്ഷെ ആദ്യത്തെ വട്ടം ആരേം കാണാഞ്ഞിട്ട് ഒന്നുടെ വിളിച്ച പോലില്ലേ… ആഹ്… ഇത് ഒരു മാതിരി നാട്ടുകാരെ ഓടിവരണെ വീടിനു തീ പിടിച്ചേ…ന്ന് പറയുന്ന പോലെ അല്ലാരുന്നോ…സമ്തിങ് ഫിഷി…ഇതിലെന്തോ ഉണ്ട്… അവൻ പറയുന്നത് കേട്ട ദേവിക്കും അതിൽ കാര്യമുണ്ടെന്ന് തോന്നി… ……………….. തുടരും……………….

by