The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി ദേഹി
നീ മാത്രം ❤️ 55
aishiteru…
അവളുടെ ചെവിയിൽ അതും പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ അവളുടെ മേലുള്ള പിടി വിട്ടു മുറി തുറന്നു പുറത്തേക്ക് പോയി…നന്ദുവപ്പോഴും നടന്നതെന്തെന്ന് മനസിലാവാതെ ആ നിൽപ്പ് തുടർന്നു…കൊച്ചു കംപ്ലീട്ലി ബ്ലാങ്ക് ഔട്ട്…
ദൈവമേ… അങ്ങേരെന്തോന്നാ എന്റെ ചെവിയിൽ പറഞ്ഞത്…
ഇനി തെറി വല്ലോം വിളിച്ചതാണോ…
അവൾ അതും ആലോചിച്ചോണ്ട് നഖം കടിക്കാൻ പോയപ്പോഴാണ് ചുണ്ടിലൊരു നീറ്റൽ അനുഭവപ്പെട്ടത്…ആ ഓർമയിൽ അവളുടെ മുഖം നാണം കൊണ്ടു ചുവന്നു…
ഇത്…ഉമ്മിച്ചിട്ട് തെറി വിളിക്കുവോ…ശെടാ…ഇതാരോടാ ഇപ്പോ ഒന്ന് ചോദിക്കുന്നേ…
അവൾ അതും ആലോചിച്ചു നഖവും കടിച്ചുകൊണ്ട് നിലാവത്തു അഴിച്ചുവിട്ട കോഴിയെ പോലെ മുറിക്ക് പുറത്തേക്കിറങ്ങി നടന്നതും എതിരെ ഫോണിൽ നോക്കി വന്ന വിനുനെ ചെന്നിടിച്ചു…
ഇയ്യോ…
നിനക്കെന്താടി കണ്ണുകാണില്ലേ…
കയ്യിന്നു തെന്നി പോയ ഫോൺ നേരെ പിടിച്ചു അതും പറഞ്ഞുകൊണ്ടു അവൻ അവളെ നോക്കി…അവൾ അപ്പോഴും വേറേതോ ലോകത്താരുന്നു…
ഡീീ…
അവൻ അവളെ അടിമുടി ഒന്ന് നോക്കികൊണ്ട് അവളുടെ ചെവിക്കീഴിൽ ചെന്നു ഉറക്കെ വിളിച്ചതും അവൾ ഞെട്ടി ചെവി പൊത്തി…
എന്തുവാടാ… മനുഷ്യന്റെ ചെവി പൊട്ടിയേനേല്ലോ…
അതിന് അത് വർക്കിംഗ് ആണോന്ന് ഞാൻ ടെസ്റ്റ് ചെയ്തതാ… നീ ഞാൻ പറഞ്ഞത് വല്ലോം കേട്ടാരുന്നോ…
നീ എന്ത് പറഞ്ഞു…
ആഹ് അതാ ഞാൻ പറഞ്ഞെ നിന്റെ ചെവി അടിച്ചു പോയോന്ന്…
അവൻ അതു പറഞ്ഞു അവളെ ആകപ്പാടെ ഒന്ന് നോക്കി… അവന്റെ നോട്ടം കണ്ടതും അവൾ സംശയത്തോടെ മുഖം ആകെയൊന്ന് തപ്പി നോക്കി…
മ്മ്മ്?എന്താ…
അല്ലാ…മൊത്തത്തിൽ ഒരു വശപ്പിശക് ഉണ്ടല്ലോടിയെ നിന്നെ കണ്ടിട്ട്…ആകെ ഒന്ന് പൂത്തുലഞ്ഞു നിൽക്കുന്ന പോലെ…
അവളെ അടിമുടി നോക്കികൊണ്ട് അവൻ പറഞ്ഞു…
ദൈവമേ ഈ പൊട്ടന് വല്ലോം മനസ്സിലായോ…
നന്ദു ഒന്ന് ആത്മഗതിച്ചു…
അതിരിക്കട്ടെ… നീ എന്താ വരുണേട്ടന്റെ റൂമിന്ന്…
ഒരു കള്ളചിരിയോടെ അവൻ അവളോട് ചോദിച്ചതും ഇനിം കള്ളം പറഞ്ഞാൽ നാറുമെന്ന് അവൾക്ക് മനസ്സിലായി…
നീ ഇങ്ങ് വന്നേ…
അവൾ അവന്റെ കയ്യും പിടിച്ചു ദേവിയുടെ റൂമിലേക്ക് പോയി…അവർ ചെന്നതും കണ്ടു എഴുന്നേറ്റിരുന്നു കോട്ടുവാ ഇടുന്ന ദേവിയെ…അവനേം വലിച്ചോണ്ടുള്ള അവളുടെ വരവ് കണ്ടതും ദേവി വായും പൊളിച്ചു അങ്ങനെ തന്നെ ഇരുന്നുപോയി…
ഇവിടെ ഇരിക്ക്…
വിനുനെ പിടിച്ചാ കട്ടിലിലോട്ട് ഇരുത്തിയിട്ട് നന്ദു പോയി വാതിലടച്ചു…
എന്താടാ… എന്താ പറ്റിയെ… ഇവളെന്താ ഈ മൂട്ടില് തീ പിടിച്ച പോലെ വന്നേ…
ആാാ… എനിക്കറിയില്ല… ഞാൻ നോക്കിയപ്പോ ഇവള് ഏട്ടന്റെ മുറിയിൽ നിന്ന് ഗാന്ധർവ്വം സിനിമയിലെ കല്പ്പന ചേച്ചി ലാലേട്ടനെ നോക്കുന്ന ലുക്കും വിട്ടോണ്ട് വന്നൊരൊറ്റ ഇടി… മൊത്തത്തിൽ ഒരു കള്ളലക്ഷണം കണ്ട് ചോദിച്ചപ്പോ എന്നേം വലിച്ചോണ്ട് ഇങ്ങോട്ട് വന്നതാ…
വാതിലടച്ചു അവരുടെ അടുത്ത് വന്നിരുന്ന നന്ദുനെ നോക്കികൊണ്ട് ദേവിയോടായി വിനു പറഞ്ഞു…
എന്തുവാടി…
അത് പിന്നെ…
നന്ദു നടന്ന സംഭവങ്ങൾ അവരോട് പറഞ്ഞു… എല്ലാമൊന്നും ഇല്ല കേട്ടോ… കുറച്ചൊക്കെ സെൻസർ ചെയ്തു…പറഞ്ഞു കഴിഞ്ഞു അവരെ നോക്കിയ നന്ദു കാണുന്നത് കണ്ണും തള്ളി ഇരിക്കുന്ന ദേവിയേം വിനുനേം ആണ്…
ഡാ…
അവൾ അവനെ ഒന്ന് തട്ടിയതും അവൻ ഞെട്ടി…
അല്ല… അതെന്റേട്ടൻ അല്ല… എന്റേട്ടൻ ഇങ്ങനല്ല…
അവനത് പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി…
പിന്നെ? എന്നേ പിടിച്ചു ഉമ്മിച്ചതാരാ… നിന്റെ ഏട്ടന്റെ പ്രേതമോ…
സത്യം പറയെടി… നീ ആ ശിവ ആന്നും പറഞ്ഞു വരുണേട്ടന്റെ തലക്കിട്ടു വല്ലോം കൊടുത്തോ…
ദേവി അതു ചോദിച്ചതും നന്ദു അവളെയൊന്ന് നോക്കി…
ദേ… മനുഷ്യനിവിടെ ആകെ കിളി പോയി ഉള്ളത് പറഞ്ഞപ്പോ രണ്ടൂടെ കളിയാക്കുന്നോ…
അല്ലെടിയെ… അതിനിടക്ക് ലാസ്റ്റ് വരുണേട്ടൻ എന്ത് പറഞ്ഞെന്നാ നീ പറഞ്ഞെ…
ആാാ… അതെനിക്ക് മനസ്സിലായില്ലെടാ…എന്തോ ഒരു വാക്ക്… മലയാളം അല്ലെന്ന് മാത്രം മനസ്സിലായി…
അവൾ താടിക്ക് കയ്യും കൊടുത്തുകൊണ്ട് പറഞ്ഞു…
എന്നാ ഉറപ്പാ… നീ ആ വായിനോക്കിയെ കെട്ടണോന്ന് പറഞ്ഞേനു അങ്ങേരു നിന്നെ വേറെ വല്ല ഭാഷയിലും തെറി വിളിച്ചതാകും…
ഏഹ്…തെറി വിളിക്കുവാണേ കേൾക്കുന്ന ആളിന് മനസ്സിലാകുന്ന ഭാഷയിലല്ലേ വിളിക്കണ്ടേ…ഇത് പോലെ മനസിലാവാത്ത ഭാഷയിൽ വിളിക്കുവോ…
ദേവി അത് ചോദിച്ചതും നന്ദു ശെരിയാണല്ലോന്ന മട്ടിൽ അവനെ നോക്കി…
അല്ലാതെ പിന്നെ…അങ്ങേരു ഐ ലവ് യൂ പറഞ്ഞതാണോ…
ദേവി പറഞ്ഞു…
ഏയ്… അതാവാൻ ചാൻസ് ഇല്ല…ഇനി ഇവളെ പ്രലോഭിപ്പിച്ചു വല്ലോം…
അയ്യേ…
അയ്യേ…നീ എന്തുവാ ഉദേശിച്ചേ… ഞാൻ പറഞ്ഞത് ഇവളെ പ്രലോഭിപ്പിച്ചു എന്താ ഉണ്ടായതെന്ന് പറയിക്കാൻ നോക്കിയതാണോന്നാ…
വിനു പറഞ്ഞു…
ഓഹ്… അതാരുന്നോ… വെറുതെ തെറ്റിദ്ധരിച്ചു…
ദേവി അത് പറഞ്ഞതും വിനു നന്ദുനെ ഒന്ന് നോക്കി…
നിനക്കത് എന്തുവാന്ന് ഒന്ന് ശ്രെദ്ധിച്ചു കേട്ടൂടാരുന്നോടി മന്ദബുദ്ധി…
പിന്നേ… ഞാനവിടെ ആകെ റിലെ പോയി നിക്കുവാരുന്നു … അപ്പോഴാ…
ശോ… അറിയാതെ ഇനിയൊരു സമാധാനവും ഇല്ലല്ലോ…എടി ദേവൂ… നിന്നെ നവിയേട്ടൻ പ്രൊപ്പോസ് ചെയ്തപ്പോ ഇങ്ങനെ വല്ലോം പറഞ്ഞിട്ടുണ്ടാരുന്നോ… ഒന്നോർത്തു നോക്കിയേ…
ഹ്മ്മ്…അതിനാര് ആരെ പ്രൊപ്പോസ് ചെയ്തെന്നാ… അങ്ങേർക്ക് പറച്ചിൽ ഒന്നുമില്ലാരുന്നു… പ്രവർത്തി മാത്രേ ഉള്ളാരുന്നു…
ദേവി അത് പറഞ്ഞതും വിനുവും നന്ദുവും വാ പൊളിച്ചവളെ നോക്കി…
എന്താ… പ്രവർത്തീന്ന് വെച്ചാ നീയൊക്കെ ഉദ്ദേശിച്ചതൊന്നുമല്ല… ഇവൾക്ക് ഇപ്പോ കിട്ടിയില്ലേ…അതേ ഉള്ളൂ…
ദേവി അവരെ രണ്ടുപേരേം മാറി മാറി കണ്ണുരുട്ടി നോക്കികൊണ്ട് പറഞ്ഞു…
ഹോ…
നന്ദു നെഞ്ചിൽ കൈവെച്ചു…
വിനുവാണേ രണ്ടുപേരേം ഒന്ന് നോക്കി…
എല്ലാം കിട്ടി ബോധിച്ചു വന്നിരിക്കുവാ രണ്ടും… എന്റെ മാവൊക്കെ ഇനി എന്നാണോ പൂക്കുന്നെ… എന്നാലും എന്റെ വാരിയെല്ലേ… നീ ഇതെവിടാ…ഓരോരുത്തരുടെ ചുംബനസമരങ്ങൾ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല…
നിന്റെ വാരിയെല്ല് വല്ല പട്ടിം എടുത്തോണ്ട് പോയി കാണും…
നന്ദു അവനെ പുച്ഛിച്ചോണ്ട് പറഞ്ഞു…
അഹങ്കാരി… നിന്നെ അവൻ പച്ചത്തെറി തന്നെയാടി വിളിച്ചത്…
അതും പറഞ്ഞവൻ കട്ടിലേന്നു എണീറ്റു…
നന്ദു തിരിച്ചെന്തോ പറയാൻ വന്നതും ദേവി ഇടക്ക് കേറി…
ഓ… മതി മതി… ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട… ടി നന്ദു… നിനക്കിപ്പോ വരുണേട്ടൻ പറഞ്ഞതെന്താന്ന് അറിയണം… അത്രേയല്ലേ ഉള്ളൂ…നമുക്ക് വരുണേട്ടനോട് തന്നെ ചോദിക്കാം പോരെ…
മ്മ്… മതി…
എന്നാ ബാ… നമുക്ക് താഴേക്കു പോകാം…
ദേവി അതു പറഞ്ഞതും വിനു നന്ദുനെ ഒന്ന് നോക്കി പേടിപ്പിച്ചോണ്ട് പുറത്തേക്ക് നടന്നു… അവനെ കോക്രി കാട്ടികൊണ്ട് പിറകിനു നന്ദുവും പോയി…ദേവി എളിക്ക് കയ്യും കൊടുത്തു രണ്ടുപേരെയും ഒന്ന് നോക്കി… പിന്നെ അവരുടെ പിറകെ മുറിക്ക് പുറത്തേക്കിറങ്ങിയതും ഒരു കൈ വന്നു അവളെ വയറിൽ ചുറ്റി പിടിച്ചു മറ്റേ കൈകൊണ്ട് അവളുടെ വായും പൊത്തി പൊക്കി എടുത്തുകൊണ്ടു പോയി…
•••••••••••••••••••••••••••••••••••••••••••
വിനുവും നന്ദുവും ഉമ്മറത്തേക്ക് വന്നതും കണ്ടു എല്ലാരൂടെ കാര്യമായ ചർച്ചകൾ നടത്തുന്നത്… വരുൺ ആണേ ഇതിലൊന്നും പെടാത്ത പോലെ ഫോണിൽ നോക്കി ഇരിപ്പുണ്ട്…വിനു എന്താന്നുള്ള മട്ടിൽ നന്ദുനെ നോക്കി… അവൾ അറിയില്ലെന്ന് തലയാട്ടി…തിരിഞ്ഞു നോക്കിയപ്പോഴാണ് ദേവി കൂടില്ലാത്തത് അവർ ശ്രെദ്ധിക്കുന്നത്…അപ്പോഴാണ് അവിടെ മുറ്റത്തിരിക്കുന്ന നവിയുടെ ബുള്ളറ്റ് അവർ കണ്ടത്…
ഓഹ്… അപ്പൊ ഏട്ടൻ വന്നിട്ടുണ്ട്… ചുമ്മാതല്ല പിറകിനു വന്ന മുതൽ മിസ്സിംഗ് ആയത്…
നന്ദു വിനുനോട് പറഞ്ഞു…
ഇനിയിപ്പോ ഉടനെ ഒന്നും പ്രതീക്ഷിക്കണ്ട… നീ വാ…
വിനു അതു പറഞ്ഞതും രണ്ടുപേരൂടെ അവിടേക്ക് ചെന്നിരുന്നു…
എന്താണ് ഇവിടെ സീനിയർ സിറ്റിസൺസ് എല്ലാം കൂടെ ഗംഭീര ചർച്ച…
അവിടെക്കിരുന്നു കൊണ്ടു വിനു ചോദിച്ചു…
ഏയ്… ഞങ്ങൾ ശിവയുടെയും നന്ദുവിന്റെയും കാര്യം സംസാരിക്കുവാരുന്നു…
കൃഷ്ണനത് പറഞ്ഞതും വിനുവും നന്ദുവും പരസ്പരം ഒന്ന് നോക്കി…
ഇനിയിപ്പോ വെച്ചോണ്ടിരിക്കണ്ടല്ലോ… ഇന്ന് തന്നെ അവരെ വിളിച്ചു പറയണം നമുക്ക് സമ്മതമാന്ന്… പിന്നെ അവർക്കെന്നാ സൗകര്യം എന്ന് കണ്ട് അവർ പെണ്ണുകാണാൻ വരട്ടെ… അല്ലേ അമ്മേ…
കൃഷ്ണൻ ലക്ഷ്മിയമ്മയെ നോക്കി അത് പറഞ്ഞതും അവർ നന്ദുനെ ഒന്ന് നോക്കി… അവളുടെ മുഖത്താകമാനം ഒരു പതർച്ച ഉണ്ടാരുന്നു…
അതെ… അങ്ങനെ തന്നെ നടക്കട്ടെ…
ലക്ഷ്മിയമ്മ ഒരു ചിരിയോടെ പറഞ്ഞു… നന്ദുവിന്റെ കണ്ണുകളപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന പോലെ ഫോണിൽ നോക്കി ഇരിക്കുന്ന വരുണിലാരുന്നു….
•••••••••••••••••••••••••••••••••••••••••••
ടെറസിൽ താഴെ ഇരിക്കുന്ന നവിയുടെ നെഞ്ചോടു ചേർന്നിരുന്നു അവന്റെ കൈവിരലുകൾ എണ്ണിക്കൊണ്ട് നന്ദു പറഞ്ഞ കാര്യങ്ങൾ അവനോട് പറയുവാരുന്നു ദേവി… അവനാണേ അവളുടെ തലയിൽ താടി മുട്ടിച്ചു മറ്റേ കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു…അവന്റെ അനക്കമൊന്നും കേൾക്കാതായപ്പോ അവൾ തല മുകളിലേക്ക് ഉയർത്തി അവനെ നോക്കി…
നിങ്ങൾ വല്ലോം കേൾക്കുന്നുണ്ടോ മനുഷ്യാ ഞാനീ പറയുന്നത്…
അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കിട്ട് അവളുടെ തോളത്തേക്ക് താടി മുട്ടിച്ചു അവളെ രണ്ടു കൈകൊണ്ടും ഒന്നൂടെ പൊതിഞ്ഞു പിടിച്ചു…
എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇരിക്കുന്നത് കണ്ടില്ലേ…നിങ്ങളൊറ്റ ഒരുത്തൻ കാരണമാ പാവം എന്റെ നന്ദുന് അങ്ങനെ ഒക്കെ പറയേണ്ടി വന്നേ…
അവൾ ശബ്ദം താഴ്ത്തി പറഞ്ഞതും അവൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു…അവൾ അവനെ കൂർപ്പിച്ചു നോക്കി…
എന്തുവാടി ഉണ്ടക്കണ്ണി… നിനക്കിപ്പോ എന്താ അറിയണ്ടേ…
നവിയേട്ടാ… ദേ…ഞാൻ സീരിയസ് ആണേ…നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാം അറിയാം… എന്നിട്ടെന്താ ഇങ്ങനെ അനങ്ങാണ്ട് ഇരിക്കുന്നെ… അവനു… ആ ശിവക്ക് എതിരെ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ…
അവൾ പറഞ്ഞത് കേട്ടതും അവനൊന്നു ചിരിച്ചു… എന്നിട്ട് അവളുടെ മേലെയുള്ള പിടി വിട്ടുകൊണ്ട് എഴുന്നേറ്റു അവിടെയുള്ള കൈവരിയിൽ പിടിച്ചുകൊണ്ടു പുറത്തേക്ക് നോക്കി നിന്നു… അവളൊരു സംശയത്തോടെ അവനെ നോക്കികൊണ്ട് എണീറ്റു…
ശെരിയാ… അവനെതിരെ ഞങ്ങൾ പ്രത്യക്ഷത്തിൽ ഒന്നും ചെയ്തിട്ടില്ല… നിനക്ക് നേരെ വന്ന ആക്രമണം… അത് ഞങ്ങൾ നേരത്തേ അറിഞ്ഞതും പ്രതീക്ഷിച്ചതുമാണ്… അത് തടയാൻ തന്നെ ആരുന്നു വരുൺ നിഴലു പോലെ നിനക്കൊപ്പം നടന്നത്…പക്ഷെ കണ്ണൊന്നു തെറ്റിയപ്പോ… ആ സമയം മതിയാരുന്നു അവനു… പക്ഷെ അപ്പോഴേക്കും ഞങ്ങൾക്ക് അവിടെ വരാൻ പറ്റി…അതുപോലെ നന്ദു… അവൾക്ക് പിറകെയും ഞാൻ ഉണ്ടാരുന്നു… അന്നത്തെ പോലെ ഒരുവട്ടം കൂടി ഉണ്ടാവാതിരിക്കാൻ… കഴിഞ്ഞ ദിവസം അവൾ പോലും അറിയാതെ അവൾക്ക് പിറകെ ഉണ്ടാരുന്നു അവൻ…എനിക്ക് ഫുഡ് കൊണ്ടുത്തരാൻ രാവിലെ സ്റ്റാഫ്റൂമിലവൾ ഒറ്റക്ക് വന്നപ്പോ…
അവനത് പറഞ്ഞതും ദേവി ഞെട്ടലോടെ അവനെ നോക്കി…
അവളെയൊന്ന് നോക്കി അവൻ പിന്നേം തുടർന്നു…
അവൻ വിചാരിക്കാത്ത രീതിയിൽ അവനു പിറകെ ഞങ്ങളുണ്ട്…അതുകൊണ്ട് തന്നെയാണ് അവൻ മനസ്സിൽ കരുതിയ പല പ്ലാനും ഞങ്ങൾക്ക് അറിയാനും അത് തടയാനും കഴിഞ്ഞത്…
എന്നിട്ടവൻ ദേവിയെ ഒന്ന് നോക്കി… അവൾ അവനെ തന്നെ നോക്കി നിൽക്കുവാരുന്നു…
നമ്മുടെ നിശ്ചയം ഉൾപ്പടെ…
അവനത് പറഞ്ഞതും ദേവി ഞെട്ടി അവനെ നോക്കി…
എന്താ പറഞ്ഞേ…
അതെ…അച്ഛമ്മ പണിക്കരെ വിളിപ്പിക്കണമെന്ന് പറഞ്ഞ അന്ന് രാത്രി ഞാനും വരുണും പണിക്കരെ നന്നായി ഒന്ന് കണ്ടിരുന്നു…
അവളെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ട് ഒരു കള്ളചിരിയോടെ അവൻ പറഞ്ഞതും അവൾ അന്തം വിട്ടവനെ നോക്കി…
അപ്പോ… അപ്പൊ അയാൾ… പൊരുത്തം… ഒക്കെ…
ഏയ്… അതൊന്നും ഞങ്ങൾ പറയിച്ചതല്ല…അതൊക്കെ ചിലപ്പോ അങ്ങേരു നോക്കിയപ്പോ കണ്ടതായിരിക്കും…ഉടനെ ആലോചന തുടങ്ങണമെന്നും വിവാഹ നിശ്ചയം നടത്തണമെന്നും പറയണം എന്ന് മാത്രമേ ഞങ്ങൾ അയാളോട് പറഞ്ഞിട്ടുള്ളു…
ദേവി അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുവാരുന്നു…
അവന്റെ നീക്കങ്ങൾ എല്ലാം ഞങ്ങൾ അറിയുന്നുണ്ടാരുന്നു…അതെങ്ങനെ എന്ന് ഇപ്പോ നിന്നോട് പറയാൻ എനിക്ക് പറ്റില്ല…പിന്നെ അവനോട് നേരിട്ട് കൊമ്പ് കോർക്കാഞ്ഞത്… അങ്ങനെ നിന്ന് കളിച്ചാൽ നമ്മളും അവനും തമ്മിലെന്ത് വ്യത്യാസമാ ഉള്ളത്…അവന്റെ പദ്ധതികൾ പലതും പാളി പോയപ്പോഴാണ് അവനിങ്ങനെ ഒരു ചെറ്റത്തരം കാണിച്ചത്…പക്ഷെ…
പക്ഷെ?
കൂട്ടത്തിൽ നിന്നു തന്നെ ഒറ്റുന്ന ഒരാൾ… അങ്ങനെ ഒരാൾ നമുക്കിടയിലുണ്ട്…
അത്…അതാരാ അങ്ങനെയൊരാൾ…
അറിയില്ല…പക്ഷെ ആ ഒരാളാണ് ഇപ്പോ അവന്റെ തുറുപ്പു ചീട്ട്…
നമ്മളിനി എന്ത് ചെയ്യും നവിയേട്ടാ… അവൻ അതൊക്കെ വെച്ച് അവളെ ഇനിം ഭീഷണിപ്പെടുത്തില്ലേ…
മ്മ്മ്… വരട്ടെ… പിന്നെ… ഇതൊക്കെ അറിയാവുന്ന വേറെ മൂന്നുപേരൂടെ ഉണ്ട്…
ആര്…
അച്ഛനും അച്ഛമ്മയും കൃഷ്ണൻമാമയും…
അതും പറഞ്ഞവൻ ദേവിയെ ഒന്ന് നോക്കി…അവളപ്പോഴും എല്ലാം കേട്ടുകൊണ്ട് ദൂരേക്ക് നോക്കി നിൽക്കുവാരുന്നു…അവനൊരു ചിരിയോടെ അവളുടെ രണ്ടു തോളിലേക്കും കൈകൾ പിടിച്ചു… അവൾ ഞെട്ടികൊണ്ട് അവനെ ഒന്ന് നോക്കി…പിന്നെ പതിയെ അവളെ അവൻ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു…അവളുടെ കൈകളും അവനിൽ മുറുകി…
അപ്പോ ഈ കല്യാണം…
അവളെന്തോ ഓർമയിലെന്നവണ്ണം അവനോട് ചോദിച്ചു…
മ്മ്മ്… അത് നടക്കും…നടക്കണം…
………………… തുടരും…………………
നീ മാത്രം ❤️ 56
പിറ്റേന്ന് തന്നെ വിവാഹത്തിന് തങ്ങൾക്ക് സമ്മതമാണെന്ന് ഗോപി മഹേഷ്വറിനെ വിളിച്ചറിയിച്ചു…അതിനടുത്ത ഒരു ദിവസം മഹേഷ്വറും പ്രഭയും ശില്പയും ശിവയും കൂടെ ഒരു ബന്ധുവും നന്ദുവിനെ പെണ്ണുകാണാൻ വന്നു… നന്ദ്യാരത്തു നിന്നു സാവിത്രി ഒഴികെ ബാക്കി എല്ലാവരും വന്നിട്ടുണ്ടാരുന്നു…വന്നിട്ട് കുറച്ചു ദിവസം ആയതുകൊണ്ട് സാവിത്രി തിരികെ വീട്ടിലേക്ക് പോയിരുന്നു… അതൊരു കണക്കിന് ദേവിക്കും വിനുവിനും സമാധാനവും ആയിരുന്നു… കാരണം ഒരു പരിധി വരെ അവർക്കെല്ലാം അവരെ സംശയം ഉണ്ടായിരുന്നു…ശിവയും വീട്ടുകാരും വന്നെങ്കിലും ദേവിയും വിനുവും അങ്ങോട്ട് ചെന്നിരുന്നില്ല… നന്ദു മാത്രം ആർക്കാനും വേണ്ടി വിളിച്ചപ്പോ ചെന്നു നിന്നു… അപ്പോഴും അവളുടെ കണ്ണുകൾ നവിയുടെ കൂടെ എല്ലാം കണ്ടുകൊണ്ട് കൈയും കെട്ടി നിൽക്കുന്ന വരുണിൽ തന്നെ ആരുന്നു…വരുണിൽ നിന്നു നോട്ടം മാറ്റിയ നന്ദു കണ്ടത് അവളെ തന്നെ ഒരു വിജയിയെ പോലെ നോക്കികൊണ്ട് ഇരിക്കുന്ന ശിവയെ ആണ്… അവൾക്ക് അവന്റെ നോട്ടം അസ്സഹനീയമായി തോന്നി…അവർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ എന്ന് പറഞ്ഞ മഹേഷ്വറിനോട് പിള്ളേർക്ക് തമ്മിൽ ഇഷ്ടമായ സ്ഥിതിക്ക് ഇനി എന്ത് സംസാരിക്കാനാ എന്നു പറഞ്ഞു അച്ഛമ്മ അവളെ രക്ഷപ്പെടുത്തി… ഇറങ്ങാൻ നേരവും ദേവിയും വിനുവും താഴേക്ക് വന്നില്ല…താഴെ ചെന്ന് ഒന്ന് മുഖം കാണിച്ച ശേഷം നന്ദുവും പിന്നെ അങ്ങോട്ട് പോകാൻ നിന്നില്ല…
പെണ്ണുകാണൽ ചടങ്ങിന് ശേഷം പിന്നെ ശിവയുടെ ശല്യം വലുതായിട്ട് നന്ദുവിനുണ്ടായില്ല… അതവൾ ദേവിയോടും വിനുവിനോടും പറയുകയും ചെയ്തു… കോളേജിൽ ആണെങ്കിലും ശിവ കുറച്ചു ദിവസങ്ങളായി ലീവ് ആയിരുന്നു… നവി HOD യോട് ചോദിച്ചപ്പോ എവിടെയോ പോയിരിക്കുവാണെന്നും 2 ആഴ്ചത്തേക്ക് ലീവ് ആണെന്നും അവർ പറഞ്ഞു…ശില്പ മുടങ്ങാതെ ക്ലാസ്സിലും വരുന്നുണ്ടാരുന്നു…
എന്നാലും ആ തെണ്ടി ഇതെവിടെ പോയേക്കുവാരിക്കും…
വൈകിട്ട് ക്യാന്റീനിൽ ഇരുന്നു കട്ടൻ ചായേം നല്ല ചൂട് പരിപ്പുവടേം കഴിക്കുവാരുന്നു ദേവിയും നന്ദുവും… അപ്പോഴാണ് ദേവി അത് ചോദിച്ചത്… അവളുടെ ചോദ്യം കേട്ടതും നന്ദു അവളെ ഒന്ന് നോക്കി…
എന്തെ നിനക്ക് അവനെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലേ…
പ്ഫാ… എനിക്ക് നോക്കാൻ എന്റെ നവിയേട്ടനുണ്ട്… അല്ലേലോ നോക്കാൻ പറ്റിയ ഒരു സാധനം… ബ്ലാഹ്ഹ്…
ബാക്കി ഉള്ളവർ ആ അലവലാതീടെ മുഖം കാണാത്തോണ്ട് ഒന്ന് സമാധാനിച്ചു ഇരിക്കുമ്പോഴാ…
നന്ദു പരിപ്പുവട എടുത്ത് വായിൽ വെച്ചുകൊണ്ട് പറഞ്ഞു…
അല്ലെടി…അവനപ്പോ നിന്നെ ഫോണിലും വിളിക്കാറില്ലേ അന്നത്തെ പോലെ…
മ്ഹും… പിന്നെ വിളിച്ചിട്ടില്ല…
ഹ്മ്മ്… എന്തായാലും ഒന്ന് സൂക്ഷിക്കണം…
എന്താ…
അല്ല… പെട്ടന്ന് ഒരു സുപ്രഭാതത്തിൽ… അതും ഇങ്ങനെ ഒരു സിറ്റുവേഷനിൽ അവൻ മുങ്ങണമെങ്കിൽ എന്തോ പണി വരുന്നുണ്ടെന്ന് വേണം കരുതാൻ…
വോ… കിട്ടിയ പണി ഒന്നും പോരല്ലേ… എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടു തന്നെ വന്നു ലാൻഡ് ആവാൻ വേണ്ടി ഞാൻ എന്ത് തെറ്റാണോ എന്റെ ദൈവമേ ചെയ്തത്…
നെഞ്ചിൽ കൈവെച്ചുകൊണ്ട് മുകളിലേക്ക് നോക്കി പറയുന്ന നന്ദുനെ കണ്ടു ദേവിക്ക് ചിരി പൊട്ടി…
കിണിക്കണ്ട…ബാ… വീട്ടിൽ പോകാം…വിനു വിളിക്കാൻ വന്നു കാണും…
അതും പറഞ്ഞുകൊണ്ട് നന്ദുവും ദേവിയും എണീറ്റു പുറത്തേക്ക് നടന്നു… കോളേജ് ഗേറ്റിന്റെ അവിടെത്തിയപ്പോഴേക്കും അവിടെ കാർ കിടക്കുന്നത് അവർ കണ്ടു… രണ്ടുപേരും ഓടിച്ചെന്ന് വണ്ടിയിൽ കേറി…
ഹാ… വിട് മോനെ ദിനേശാ വണ്ടി…
പിറകിലേക്ക് കേറിക്കൊണ്ട് നന്ദു പറഞ്ഞു… അതു പറഞ്ഞു കഴിഞ്ഞാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ അവൾ കണ്ടത്…
വ്… വരുണേട്ടൻ…
അവളുടെ ഡയലോഗും പിന്നീട് അവനെ കണ്ടിട്ടുള്ള ഇരുപ്പും കണ്ടവന് ചിരി വന്നു…
അയ്യേ… ചമ്മി ചമ്മി… നോക്കിക്കേ വരുണേട്ടാ… അവളുടെ മുഖം കണ്ടോ…
ദേവി ഇരുന്നു ചിരിക്കാൻ തുടങ്ങി…
പോടീ…
നന്ദു സൗണ്ട് ഉണ്ടാക്കാതെ പതിയെ ചുണ്ടനക്കി അവളോട് പറഞ്ഞു…
പോകാം…
വരുൺ ദേവിയോട് ചോദിച്ചു… അപ്പോഴും അവന്റെ കണ്ണുകൾ ഫ്രണ്ട് മിററിലൂടെ കാണുന്ന നന്ദുന്റെ മുഖത്ത് തന്നെ ആരുന്നു… അവളാണേ പിന്നെ ആ വഴിക്കോട്ടെ നോക്കാനേ പോയില്ല…
നന്ദുവിനെ ചെമ്പകത്തു വിട്ട് അവർ തിരികെ നന്ദ്യാരത്തേക്ക് പോയി…
അമ്മ്സ്… ചായ്…
അകത്തേക്ക് കയറി സോഫയിലോട്ട് ബാഗും ഇട്ടിട്ട് ദേവി നേരെ അടുക്കളയിൽ ചെന്നു… അവിടെ ചെന്നതും കണ്ടു നല്ല തിളച്ച എണ്ണയിലേക്ക് മാവിൽ മുക്കിയ നേന്ത്രപ്പഴം ഇടുന്ന ഗായത്രിയെ…
ഹായ്… ഏത്തക്കാപ്പം…
ദേവി ഓടിച്ചെന്ന് വറുത്തു വെച്ചേക്കുന്ന ഒരെണ്ണം എടുത്തതും ഗായത്രി അവളുടെ കൈക്കൊരു അടി വെച്ചുകൊടുത്തു…
കോളേജീന്ന് വന്നിട്ട് കൈകഴുകാണ്ടാണോ പെണ്ണെ കഴിക്കുന്നേ…
പിന്നേ… ഞാൻ അവിടെ തൂമ്പാപ്പണിക്ക് അല്ലേ പോകുന്നേ ഇത്ര അഴുക്ക് വരാൻ…
അതും പറഞ്ഞുകൊണ്ട് അവളൊരു കഷ്ണം എടുത്ത് വായിലോട്ടിട്ടു…
എന്തോ പറഞ്ഞാലുമുണ്ട് ഒരു തർക്കുത്തരം… ഒരു കണക്കിന് നവിയും മാലതിയേട്ടത്തിയുമായത് കാര്യമായി…വേറെ വല്ലോരുമാരുന്നേ കെട്ടുന്നേന്റെ പിറ്റേന്നിവിടെ കൊണ്ടു വിട്ടേനെ…
ഗായത്രി അതും പറഞ്ഞു അവളെ ഒന്ന് നോക്കി… എവിടെ… കൊച്ചു ഫുൾ കോൺസെൻട്രേഷനിൽ ഏത്തക്കാപ്പം കഴിക്കുവാരുന്നു…
അല്ല അമ്മാ… വിനു എവിടെ…
അവൻ അമ്മയുടെ കൂടെ അമ്പലത്തിൽ പോയി…
ഗായത്രിയത് പറഞ്ഞതും ദേവിയുടെ കൈയിലിരുന്ന ഏത്തക്കാപ്പത്തിന്റെ കഷ്ണം വരെ തെറിച്ചുപോയി…
അമ്പലത്തിലാ…
മ്മ്മ്… അതെ…കണ്ടു പഠിക്കെടി അവനെ…ഇന്ന് വരെ നീ ഇങ്ങോട്ട് പറഞ്ഞിട്ടുണ്ടോ അമ്പലത്തിൽ പോകാന്നു…ബാക്കി ഉള്ളവർ നിർബന്ധിച്ചു കൊണ്ട് പോയാൽ വന്നു… നിന്റെ കൂടെ നടന്നു അവനും തലതിരിഞ്ഞു പോയീന്നാ ഞാൻ കരുതിയെ… എന്നാ അതങ്ങനെ അല്ലെന്ന് ഇപ്പോ മനസ്സിലായി…
അതെന്താ…
എന്താന്നോ… അവൻ ഇങ്ങോട്ട് പറഞ്ഞതാ അമ്പലത്തിൽ പോണോന്ന്…
ആര്… വിനുവോ…
മ്മ്മ് വിനു തന്നെ…
അതും പറഞ്ഞുകൊണ്ട് അവളെ നോക്കിയ ഗായത്രി കാണുന്നത് മുകളിലേക്ക് നോക്കി വലത്തേ കൈവിരൽ കൊണ്ട് താടിക്ക് തട്ടി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ദേവിയെ ആണ്…
ഡീീ…
ഗായത്രിയുടെ ആ വിളിയിൽ അവൾ ഞെട്ടിപ്പോയി…
എന്താ അമ്മാ…
നീ കഴിച്ചു കഴിഞ്ഞെങ്കിൽ പോയി കുളിച്ചിട്ട് വന്നിട്ടാ വിളക്കൊന്ന് വെച്ചേ…
ഞാനോ…
അല്ല ഞാൻ…
എന്നാ പിന്നെ ശെരി അമ്മ കത്തിച്ചോ…
ദേവൂ…
ഓഹ്… ശെരി ശെരി ഞാൻ പോയി കുളിച്ചു വിളക്ക് വെക്കാം… പോരേ…
മ്മ്മ്…
ഗായത്രി ചുട്ട് ഇട്ട ഏത്തക്കാപ്പത്തിൽ നിന്ന് ഒരെണ്ണം കൂടി എടുത്തുകൊണ്ടു ദേവി മുൻവശത്തെ മുറിയിലേക്ക് വന്നു ടിവി ഓൺ ആക്കി ആ സോഫയിലോട്ട് ഇരുന്നു…
ഓഹ്… വന്നു വന്നു ഇതിലൊന്നും ഒരു കുന്തോം ഇല്ലല്ലോ…
അവളതും പറഞ്ഞു ചാനൽ മാറ്റി കൊച്ചുടിവി കാണാൻ തുടങ്ങി…
ആഹാ… കൊച്ചുടിവി കാണാൻ പറ്റിയ പ്രായം…
ചായേം കുടിച്ചോണ്ട് അങ്ങോട്ടേക്ക് വന്ന വരുൺ പറഞ്ഞു…
ശെടാ… അതെന്താ കൊച്ചുടിവി ഇത്ര പ്രായം വരെയുള്ളവരെ കാണാൻ പറ്റുള്ളുന്നു ആരേലും പറഞ്ഞിട്ടുണ്ടോ… ഹ്മ്മ്…
ഓഹ്… ഞാൻ ഒന്നും പറഞ്ഞില്ലേ… പൊന്നുമോളാ ന്യൂസ് ഒന്ന് വെച്ചേ…
വരുണത് പറഞ്ഞതും അവൾ ന്യൂസ് ചാനൽ വെച്ചുകൊടുത്തു…
“പ്രണയം നിരസിച്ചതിനു യുവാവ് യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു…”
ബെസ്റ്റ്… ഇങ്ങനൊക്കെ പ്രണയം നിരസിക്കുന്നേന് വെട്ടിക്കൊല്ലാൻ തുടങ്ങിയാരുന്നേ എന്നെ ഒക്കെ എന്നേ ഇവിടെ ഭിത്തിയിൽ മാലയിട്ട് തൂക്കേണ്ടി വന്നേനെ…
അവൾ അതും പറഞ്ഞുകൊണ്ട് പെട്ടന്ന് ചാനൽ മാറ്റി…
“കാമുകന് കാമുകി ജ്യൂസിൽ വിഷം കൊടുത്തു കൊന്നു”
ആ വാർത്ത കേട്ടതും ദേവി വരുണിനെ ഒന്ന് നോക്കി…
മ്മ്മ്?
ഇതിലും ഭേദം എന്റെ കൊച്ചുടിവി തന്നാ…
അവളത് പറഞ്ഞുകൊണ്ട് എണീറ്റു മുകളിലേക്ക് പോയി…വരുണൊരു ചിരിയോടെ അവളെ ഒന്ന് നോക്കികൊണ്ട് ന്യൂസ് കാണാൻ തുടങ്ങി…
മുറിയിൽ വന്നതും ദേവി കാര്യമായിട്ടുള്ള ആലോചനയിലാരുന്നു…
ഇതെന്താ ഇപ്പോ പെട്ടന്നവനൊരു ഭക്തി?
അപ്പോഴാണ് അവളുടെ മനസ്സിലേക്ക് കഴിഞ്ഞൊരു ദിവസം കൃഷ്ണന്റെ കാലുളുക്കിയത് കൊണ്ടു അമ്പലത്തിലെ പുതിയ രസീത്കുറ്റി അവിടേക്കെത്തിക്കാൻ അയാൾ വിനുവിനെ നിർബന്ധിച്ചു പറഞ്ഞു വിട്ടതവൾക്ക് ഓർമ വന്നത്…
ശെരിയാണല്ലോ… അന്ന് പോലും അവനു എന്തൊരു മടി ആരുന്നു പോകാൻ… പിന്നിപ്പോ എന്താണോ പെട്ടന്നൊരു പൂതി… ആഹ് എന്തേലുമാവട്ടെ…
അതും പറഞ്ഞവൾ കുളിക്കാൻ കേറി…
സന്ധ്യക്ക് വിളക്ക് വെച്ചു ഗായത്രിയുടെ കൂടെ ഉമ്മറത്തിരിക്കുവാരുന്നു ദേവി…
ഒരു ശ്രദ്ധയും ഇല്ല ഈ പെണ്ണിന്… ദാ കണ്ടില്ലേ…മുടീടെ ഉള്ളൊക്കെ പോയി…
അവരതും പറഞ്ഞു അവളുടെ മുടിയിലെ ഉടക്ക് കളയാൻ തുടങ്ങി…
ആഹ്… അമ്മേ ഒന്ന് പതുക്കെ… എനിക്ക് നോവുന്നു…
ദേവി അതു പറഞ്ഞതും ഗായത്രി അവളെ ഒന്ന് നോക്കി…
അടങ്ങിയിരിക്കെടി… മര്യാദക്ക് തലയിൽ എണ്ണ തേക്കാൻ പറഞ്ഞാൽ തേക്കില്ല… കുളിച്ചിട്ടാണേ ഉടക്കും കളയില്ല… ആരേലും ചെയ്തു തരാന്ന് വെച്ചാ അതും സമ്മതിക്കില്ലല്ലേ…
ഹ്മ്മ്…
അപ്പോഴാണ് അച്ഛമ്മയും വിനുവും കൂടി അമ്പലത്തിന്നു വന്നത്…അകത്തേക്ക് കയറിയ വിനുവിനെ കണ്ട് ദേവിയുടെ കണ്ണുതള്ളിപ്പോയി…
……………. തുടരും………….