രചന – വൈദേഹി ദേഹി
ഹായ്… നവിയേട്ടൻ…
അപ്പോഴാണ് ദേവി സ്വയം ഒന്ന് നോക്കിയത്…അവൾ പെട്ടന്ന് ടോപ് താഴ്ത്തിയിട്ടു…എന്നിട്ട് നവിയെ ഒന്ന് നോക്കി…
ഈൗ…
അവനെ നോക്കി അവളൊന്ന് ഇളിച്ചതും അവൻ അവളെ അടിമുടി ഒന്ന് നോക്കി…
കഴിഞ്ഞോ…
ഏഹ്… എന്തുവാ…
അല്ല കഴിഞ്ഞോ നിന്റെ വയറിന്റെ സൗന്ദര്യം നോക്കൽ…
അവനതും പറഞ്ഞു തിരിഞ്ഞു നിന്ന് വാതിൽ അടച്ചു…
അതുപിന്നെ…ഞാൻ ചുമ്മാ…അല്ല നവിയേട്ടാ… ഈ ഓപ്പറേഷൻ ഒക്കെ ചെയ്താൽ പാട് കാണില്ലേ…
തന്റെ തൊട്ടപ്പുറത്തു വന്നിരിക്കുന്ന നവിയെ തല ചെരിച്ചു നോക്കികൊണ്ടവൾ ചോദിച്ചു…
പിന്നെ കാണാതെ… ഓപ്പറേഷന്റെ പാട് കാണും പിന്നെ കുത്ത് കൊണ്ടേന്റെ പാട് കാണും..
ഒക്കെ കാണും…
ശോ… അത് പോവില്ലേ…
അവളുടെ ചോദ്യം കേട്ടതും അവൻ അവളെ ചൂഴ്ന്നൊന്ന് നോക്കി…
നീയെന്താ ഇപ്പോ വയറിന്റെ പാട് മാറ്റീട്ട് വല്ല ബെല്ലി ഡാൻസിനും പോണുണ്ടോ…
പോ നവിയേട്ടാ…
അവൾ പിണങ്ങി അപ്പുറത്തോട്ട് നോക്കിയിരുന്നു…
ശോ… അപ്പൊ ഈ പാട് മാറാൻ ഇനി എന്തോ ചെയ്യണം…
അവൾ മനസ്സിൽ ഓർത്തു…പെട്ടന്നാണ് അവളുടെ വലത്തേ ചെവിയുടെ സൈഡിൽ ഒരു ചൂട് നിശ്വാസം പതിഞ്ഞത്…അവളുടെ തോളിൽ താടി മുട്ടിച്ചു അവൻ അവളുടെ ചെവിയുടെ താഴെ ഒരു ഉമ്മ കൊടുത്തു… അവൾ ഒന്ന് വിറച്ചു പോയി…
അതേ… അതൊക്കെ എനിക്ക് മാത്രം കാണാൻ ഉള്ളതാ… അതുകൊണ്ട് അത്രേമൊക്കെ ഭംഗി മതി…ഞാൻ അങ്ങ് സഹിച്ചു…കേട്ടല്ലോ…
ചെവിയിൽ അവൻ പതിയെ പറഞ്ഞതും അവളുടെ കവിളുകൾ ചുവന്നു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമർഥമായി മറച്ചു മുഖത്ത് ഗൗരവം വരുത്തി അവൾ അവനെ തിരിഞ്ഞു നോക്കി…
എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ…
നവി ചോദിച്ചു…
പിന്നെ ഇയാള് മാത്രം കാണാൻ പോകുവാന്ന് ആരാ പറഞ്ഞേ… നോക്കിക്കോ ഇനി തൊട്ട് ഞാൻ ക്രോപ് ടോപ്പും മിടിയും ഇട്ട് നടക്കാൻ പോവാ… അപ്പോഴോ…
ആഹാ… നീ ഇടുവോ…
മ്മ്മ് ഇടും…
അപ്പോഴേക്കും അവന്റെ മുഖം അവളുടെ തൊട്ട് മുന്നിൽ എത്തിയിരുന്നു…
നിനക്ക് അത് ഇടണോ…
മ്മ്മ്…മ്ഹുഹും…
അവളുടെ ശബ്ദം നന്നേ നേർത്തിരുന്നു…അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു…അവന്റെ കണ്ണുകളിലെ പ്രണയം കണ്ടതും അവളുടെ കണ്ണുകൾ അവനിലേക്ക് മാത്രമായി ചുരുങ്ങി…അവന്റെ കണ്ണുകൾ അവളുടെ വിടർന്ന ചുണ്ടുകളിൽ ഉടക്കിയതും അവൻ അതിലേക്ക് ചുണ്ട് ചേർത്തു…അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞുപോയി… അവളുടെ കൈകൾ അവന്റെ മുടിയിൽ മുറുകി…രണ്ടു പേരും പരസ്പരം മത്സരിക്കുവാരുന്നു…അവന്റെ കൈകൾ അവളുടെ മുടിയിഴകളിലും കഴുത്തിലുമായി തലോടി നടന്നു… വായിൽ ഇരുമ്പു ചുവ നിറഞ്ഞതും നവി പതിയെ അവളുടെ ചുണ്ടുകളെ വേർപെടുത്തി… അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരിക്കുവാരുന്നു… അവനൊരു ചിരിയോടെ അവന്റെ ഇടത്തെ തള്ളവിരൽ കൊണ്ടു അവളുടെ ചുണ്ടിലെ രക്‌തതുള്ളികൾ തുടച്ചതും നീറ്റലിൽ അവളുടെ മുഖം ഒന്ന് ചുളിഞ്ഞു… അവൾ പതിയെ കണ്ണു തുറന്നു അവനെ നോക്കി… അവനൊരു ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…അവൾ കിതപ്പോടെ അവന്റെ നെഞ്ചോടു ചേർന്നിരുന്നതും അവൻ അവളെ പൊതിഞ്ഞു പിടിച്ചു…
•••••••••••••••••••••••••••••••••••••••••••
ദേവിയെ കാണാൻ നന്ദ്യാരത്തേക്ക് വന്നതാരുന്നു അരുന്ധതി… തലയിൽ നിന്നു ഹെൽമെറ്റ് മാറ്റി സ്കൂട്ടർ സ്റ്റാൻഡിൽ വെച്ചവൾ മുറ്റത്തുനിന്നു അകത്തേക്ക് കയറി…
അതേ… എങ്ങോട്ടാ…ചോദിക്കാതേം പറയാതേം ഒക്കെ അങ്ങ് അകത്തോട്ടു പോവണോ…
ആരോ പറയുന്ന കേട്ടതും അവളൊന്നു നിന്നു…
ഏഹ്… ഇതെവിടുന്നാ ഈ വൃത്തികെട്ട ശബ്ദം…
അതും മനസ്സിൽ പറഞ്ഞോണ്ട് അവൾ ചുറ്റിനും ഒന്ന് നോക്കി… അപ്പൊ കണ്ടു ഉമ്മറത്ത് കിടക്കുന്ന അച്ഛമ്മയുടെ ചാരുകസേരയിൽ കാലും നീട്ടി വെച്ച് കിടന്ന് അവളെ തന്നെ സൂക്ഷിച്ചു നോക്കുന്ന വിനുനെ…
ഓഹ്… ഈ മുതുക്കൻ ആരുന്നോ…
അവളതും ഓർത്തോണ്ട് എളിയിൽ കൈകുത്തി അവന്റെ നേർക്കു തിരിഞ്ഞു…
മ്മ്മ്?
അവൻ ചോദിച്ചു… അവൾ അവനെ അടിമുടി ഒന്ന് നോക്കി…
അതൊക്കെ ചോദിക്കാൻ നീയേതാ…
അവളുടെ ചോദ്യം കേട്ട് നമ്മുടെ കൊച്ചൻ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി… അവൻ പെട്ടന്ന് ചുറ്റിനും ഒന്ന് നോക്കി…
ആഹാ… ഓഹോ…എന്റെ വീട്ടിൽ കേറി വന്ന് ഞാനാരാന്ന് ചോദിക്കാൻ നീയേതാടി എലുമ്പി…
എലുമ്പി നിന്റെ മറ്റവളാടാ മാക്രിത്തലയാ…
ആഹ്… മറ്റവളെ തന്നാ വിളിച്ചേ…
അവൻ മനസ്സിൽ പറഞ്ഞു…
ഡാ…
പെട്ടന്ന് ഒരു വിളി കേട്ടതും വിനു അവിടുന്ന് ചാടി എണീറ്റു… ആ ശബ്ദം കേട്ടിടത്തേക്ക് നോക്കിയ ആരു കണ്ടത് അങ്ങോട്ട് വന്ന് വിനുന്റെ ചെവിക്ക് പിടിക്കുന്ന അച്ഛമ്മയെ ആണ്…
അആഹ്… അച്ഛമ്മേ പിടി വിട് പിടി വിട്… പൊന്നച്ചമ്മയല്ലേ…എന്റെ മാനം കളയാതെ…
അവസാന വരി പതിയെ ആണവൻ പറഞ്ഞത്… ആരുനെ നോക്കിയപ്പോ ദാണ്ടേ വാ പൊത്തി നിന്നു ചിരിക്കുന്നു…
നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ടെടാ ഈ കസേരയിൽ കേറി ഇരിക്കല്ലെന്ന്…
അവർ അതും പറഞ്ഞോണ്ട് അവന്റെ ചെവിയിലെ പിടി വിട്ടു…
അത്… പിന്നെ…
അസത്ത്… ഇനി നീ ഇതിലിരിക്കുന്നതെങ്ങാനും ഞാൻ കണ്ടാലാ… ബാക്കി ഞാൻ അപ്പൊ പറയാം…
അതും പറഞ്ഞു നേരെ നോക്കിയപ്പോഴാണ് ലക്ഷ്മിയമ്മ ആരുനെ കണ്ടത്…
അല്ല കുട്ടിയേതാ…
ഞാൻ…
അവൾ എന്തോ പറയാൻ വന്നപ്പോഴാണ് വരുൺ അങ്ങോട്ട് വന്നത്…
ആഹാ ഇതാര്… ആരുവോ…
വരുൺ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു…
അച്ഛമ്മക്ക് മനസ്സിലായില്ലേ…നമ്മുടെ തെക്കേടത്തെ വേണുമാമന്റെ മോളാ… അരുന്ധതി…
വരുൺ അവളെ അച്ഛമ്മക്ക് പരിചയപ്പെടുത്തി…
ആഹ്… നമ്മുടെ വേണൂന്റെ മോള് ആരുന്നോ…കുഞ്ഞിലേ കണ്ടതാ നിന്നെ…പെട്ടന്ന് എനിക്ക് മനസ്സിലായില്ല…
അച്ഛമ്മ പറഞ്ഞു…
ഓഹ് അല്ലേൽ കുഞ്ഞിലേ കാണുന്നവരെ ഒക്കെ അങ്ങ് മനസ്സിലാവാറുണ്ടല്ലോ…
വിനു പതിയെ പിറുപിറുത്തതും അച്ഛമ്മ അവനെ ഒന്ന് നോക്കി കണ്ണുരുട്ടി…
എന്താ ആരു… എന്തിനാ വന്നേ…
അത്… വരുണേട്ടാ… ഞാൻ ദേവിചേച്ചിയെ കാണാൻ വന്നതാ…
ആണോ… എന്നാ വാ…അവൾ റൂമിൽ ഉണ്ട്…
മ്മ്മ്…
അവനത് പറഞ്ഞു അകത്തേക്ക് നടന്നു… അവളൊന്നു മൂളി കൊണ്ടു വിനുനെ തിരിഞ്ഞു നോക്കി…
പോടീ…
അവൻ ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു…
നീ പോടാ…
അവളും തിരിച്ചതുപോലെ പറഞ്ഞുകൊണ്ട് വരുണിന്റെ പിറകിനു പോയി…
അഹങ്കാരി…
അവനതും പറഞ്ഞോണ്ട് നോക്കിയത് അച്ഛമ്മയുടെ മുഖത്തേക്കാണ്…
ഈൗ… എന്താ അച്ഛമ്മേ…
മ്മ്മ്…മ്മ്മ്… എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്… മോന്റെ ഈ വാലുപൊക്കൽ എന്തോയിനാന്ന്… കേട്ടോ…
ലക്ഷ്മിയമ്മ അതും പറഞ്ഞുകൊണ്ട് അവിടെ ഇരുന്ന പത്രം വായിക്കാൻ തുടങ്ങി… വിനു പതിയെ അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് ചെന്നു…
•••••••••••••••••••••••••••••••••••••••••••
വീട്ടിൽ ഇരുന്നു ആകെ ബോർ അടിച്ചിരിക്കുവാരുന്നു നന്ദു… സൺഡേ ആയതുകൊണ്ട് കോളേജിലും പോകണ്ടായിരുന്നു… ദേവി ഇല്ലാത്തതുകൊണ്ട് കോളേജിൽ പോകാൻ അവൾക്ക് കുറച്ചു മടി ഉണ്ടായിരുന്നെങ്കിലും നവി കണ്ണുരുട്ടിയപ്പോൾ പിന്നെ പോകാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല… ദേവിയെ കാണാൻ നന്ദ്യാരത്തേക്ക് പോകാമെന്ന് വച്ചാൽ കല്യാണം കഴിയാതെ ഇനി അങ്ങോട്ട് ചെല്ലരുതെന്നാണ് അച്ഛമ്മയുടെ ഓർഡർ… ചുമ്മാ സോഫയിലിരുന്നു ടിവിയിലെ ചാനൽ മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് ഗോപിക അങ്ങോട്ട് വന്നത്… അവരെ കണ്ടതും അവൾ ഒന്നു ചിരിച്ചു… ഗോപിക വന്നു അവളുടെ തൊട്ടപ്പുറത്തായിരുന്നു അവളുടെ തലമുടിയിൽ തലോടി…നന്ദു അവരെ ഒന്നു നോക്കി…
എന്താണ് ഗോപൂസിന് ഒരു പതപ്പീര് പോലെ…
അവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് അവരുടെ മടിയിലേക്ക് കിടന്നു…
പോടീ… എനിക്കെന്റെ കൊച്ചിനെ ഒന്നു കൊഞ്ചിക്കണമെന്ന് തോന്നി… അത്രേ ഉള്ളൂ…
ഓഹോ…അപ്പൊ എന്റെ കല്യാണം കഴിഞ്ഞാൽ ആരെ ഇങ്ങനെ കൊഞ്ചിക്കും…
തമാശ പോലെ പറഞ്ഞതാണെങ്കിലും അവളുടെ മനസ്സിൽ വേദന നിറഞ്ഞു…ഒത്തിരി ആഗ്രഹിച്ച ജീവിതം ആണിത്… പക്ഷെ ഇവരെയൊക്കെ വിട്ട് പോകണമെന്ന് ഓർക്കുമ്പോൾ… അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…ഗോപികക്കത് മനസ്സിലായി…
അയ്യടി… നീ പോയാൽ എനിക്ക് കൊഞ്ചിക്കാൻ എന്റെ ദേവൂസ് ഇങ്ങെത്തും… ഞാൻ അവളെ കൊഞ്ചിച്ചോളാം…
ഗോപിക അവളുടെ തലയിൽ ഒരു തട്ട് കൊടുത്തോണ്ട് പറഞ്ഞു…
അമ്പടി പുളുസു… ഞാനും വരും നോക്കിക്കോ…
അവളതു പറഞ്ഞതും ഗോപിക ചിരിച്ചുകൊണ്ട് അവളുടെ തലയിൽ തലോടി… അവർക്കറിയാം ഈ ലോകത്ത് ദേവിയെ ഒഴിച്ച് വേറെ ആരെ പറഞ്ഞാലും അവൾക്കു കുശുമ്പ് കേറി വഴക്കുണ്ടാക്കുമെന്ന്…
•••••••••••••••••••••••••••••••••••••••••••
വരുൺ ആരുവുമായി ചെന്നപ്പോളും ദേവിയുടെ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുവാരുന്നു…
ഈശ്വരാ… ഇവനിത് വരെ ഇറങ്ങിയില്ലേ…ലവന് ആക്രാന്തം മൂത്ത് വല്ലോം ചെയ്താ അവളുടെ സ്റ്റിച്ചും പൊട്ടുവല്ലോ ഭഗവാനെ…
അവനതും മനസ്സിൽ പറഞ്ഞോണ്ട് വാതിലിൽ മുട്ടി…
ഡാ… വാതിൽ തുറക്ക്…
ഏഹ്… ഡായോ…
ആരു ചോദിച്ചു…
ആഹ്… അത്… അതു പിന്നെ… നവി… അവൻ എന്തോ ചോദിക്കാൻ…
വരുൺ നിന്നു വിക്കിയപ്പോഴേ ആരുന് കാര്യം മനസ്സിലായി… അവളൊന്നു ചിരിച്ചു…അപ്പോഴേക്കും നവി വാതിൽ തുറന്നു… വരുൺ അവനെ നോക്കി പേടിപ്പിച്ചോണ്ട് അകത്തേക്ക് കയറി… നവി അവനെ നന്നായൊന്ന് ഇളിച്ചു കാണിച്ചു… അപ്പോഴാണ് അവൻ ആരുനെ കണ്ടത്…
ആഹ്… നീ എപ്പോ വന്നു…
ഞാൻ ഇപ്പൊ വന്നേ ഉള്ളൂ നവിയേട്ടാ…
അവളതും പറഞ്ഞു അകത്തേക്ക് കയറി ദേവിയുടെ അടുത്ത് ചെന്നിരുന്നു കാര്യം പറയാൻ തുടങ്ങി…
എന്തെടുക്കുവാരുന്നെടാ പുല്ലേ ഇത്രേം നേരം ഇതിനകത്തു…
വരുൺ നവിയുടെ ചെവിയിൽ ചോദിച്ചു… അതു കേട്ടതും അവൻ മുഖത്ത് കുറച്ചു നാണം വരുത്തി വരുണിനെ ഒന്ന് നോക്കി… അവനാണേ അന്തംവിട്ട് നവിയെ നോക്കി…
അതിപ്പോ അവളുടെ ആങ്ങളയായ നിന്നോട് ഞാൻ എങ്ങനാ പറയുന്നേ…
എന്ത്…
അത്…പിന്നെ… മുദ്ധുഗവൂ…
അവൻ പറഞ്ഞതും വരുൺ വാ പൊളിച്ചു അവനേം ദേവിയേം ഒന്ന് നോക്കി…
അവളീ അവസ്ഥയിൽ ഇരിക്കുമ്പോഴേ ഇത്തിരി ഗ്യാപ് കിട്ടിയ നീ ഇതാണേ അല്ലാത്തപ്പോ നിന്റെ കയ്യിൽ കിട്ടിയ നീ എന്റെ കൊച്ചിനെ വെച്ചേക്കില്ലല്ലോടാ കശ്മലാ…
വരുൺ അതു പറഞ്ഞതും നവിയൊന്ന് മീശ പിരിച്ചു ചിരിച്ചു… അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…
…………………… തുടരും……………….

by