24/04/2026

നീ മാത്രം : ഭാഗം 72

രചന – വൈദേഹി ദേഹി

ആഹ്… ഇനി ഒന്ന് കണ്ണു തുറന്നേ…

ഗോപികയുടെ പറച്ചിൽ കേട്ടതും നന്ദു ഒരു ചിരിയോടെ കണ്ണുകൾ തുറന്നു തൊട്ടു മുന്നിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി… ഒലിവ് ഗ്രീനും ചുവപ്പും കൂടിയുള്ള പട്ടുസാരിയിൽ തന്റെ സൗന്ദര്യം ഒന്നുകൂടെ ജ്വലിക്കുന്നത് പോലെ അവൾക്ക് തോന്നി… അതിനു മാറ്റ് കൂട്ടാനെന്ന പോലെ മിനിമൽ മേക്കപ്പും ആന്റിക് ആഭരണങ്ങളും…മുടി ഗജ്റ സ്റ്റൈലിൽ കെട്ടി ചുറ്റും മുല്ലപ്പൂവും ചുവന്ന റോസാപൂക്കളും വെച്ചിരുന്നു…

രണ്ടാഴ്ച്ചക്ക് ശേഷം ഇന്നാണ് വരുണിന്റെയും നന്ദുവിന്റെയും വിവാഹദിവസം… രണ്ടുപേരുടെയും വർഷങ്ങളായുള്ള സ്വപ്നസാഫല്യം…വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നവിയും ഗോപിയും വരുണും വിജയനും കൃഷ്ണനും എല്ലാരൂടെ ഓടി നടന്നു നടത്തിയിരുന്നു…രണ്ടു വീട്ടിലെയും ആദ്യത്തെ കല്യാണം ആയത് കൊണ്ടു ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് ഇരു വീട്ടുകാർക്കും നിർബന്ധം ഉണ്ടാരുന്നു…ഇതിനിടക്ക് ദേവിയുടെ സ്റ്റിച് എടുത്തിരുന്നു…സ്റ്റിച് എടുത്തു കഴിഞ്ഞും വരുണിന്റെ നിർബന്ധത്തിൽ പഴയതു പോലെ തന്നെ റസ്റ്റ്‌ തുടർന്നു…ചുരുക്കത്തിൽ പറഞ്ഞാൽ കല്യാണത്തിന് രണ്ടു ദിവസം മുന്നെയാണ് ആ ബെഡിൽ നിന്നിറങ്ങാൻ ദേവിക്ക് പെർമിഷൻ കിട്ടിയത്…എങ്കിലും അധികം നിൽക്കാനോ അനങ്ങാനോ ഒന്നും ആരും സമ്മതിച്ചിരുന്നില്ല…അതുകാരണം ഹൽദിക്കും മെഹന്ദിക്കും നേരെ ചൊവ്വേ ഡാൻസ് കളിക്കാനോ ഓടി നടക്കാനോ ഒന്നും കൊച്ചിന് പറ്റിയില്ല…ആ വിഷമം പിന്നെ ശിവയെ മനസ്സിൽ നല്ല വണ്ണം സ്മരിച്ചവൾ തീർത്തു…

എങ്ങനെ ഉണ്ട് കല്യാണപ്പെണ്ണേ…

കുനിഞ്ഞു നിന്ന് അവളുടെ ചെവിയിലായി ഗോപിക ചോദിച്ചതും നന്ദു എണീറ്റു അവരെ കെട്ടിപിടിച്ചു… ഇതിപ്പോ എന്താ സംഭവം എന്ന മട്ടിൽ അവിടെ നിന്ന ബ്യൂട്ടീഷ്യൻ അവരെ നോക്കിയതും ഒന്നുമില്ലെന്ന മട്ടിൽ ഗോപിക അവരെ കണ്ണുകാണിച്ചു…അവരൊരു ചിരിയോടെ സാധനങ്ങൾ എല്ലാം എടുത്തു വെക്കാൻ തുടങ്ങി…

നന്ദൂട്ടി… ഇങ്ങോട്ട് നോക്കിയേ…

ഗോപിക അവളെ പിടിച്ചു നേരെ നിർത്തിയതും അവളൊന്നു ചിരിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഗോപികയുടെയും…

ആഹാ…കഴിഞ്ഞില്ലേ ഇതുവരെ…

അങ്ങോട്ട് വന്ന മാലതി ചോദിച്ചു… അപ്പോഴാണവർ നന്ദൂനെ കാണുന്നത്… ഒരു നിമിഷം അവരുടെ കണ്ണുകളും നിറഞ്ഞു…നന്ദു ഓടി വന്നവരെ കെട്ടിപിടിച്ചു…

ചുന്ദരി ആയല്ലോ അമ്മയുടെ നന്ദൂട്ടി…

അതും പറഞ്ഞവർ തന്റെ കണ്ണീന്നു കുറച്ചു മഷി തൊട്ടവളുടെ ചെവിക്ക് പിറകിൽ തേച്ചു…

കണ്ണു കിട്ടണ്ട എന്റെ കുട്ടിക്ക്…

അവളുടെ കവിളിൽ കൈ ചേർത്തുകൊണ്ടവർ പറഞ്ഞു…

കഴിഞ്ഞില്ലേ ഒരുക്കം… ഇനി ബാ… നിന്റെം എല്ലാരുടെയും ഒക്കെ ഫോട്ടോസ് എടുക്കണമെന്ന് പറഞ്ഞു ആ ഫോട്ടോഗ്രാഫർമാർ ഭയങ്കര ബഹളം… വന്നേ… ബാ ഗോപൂ…

അതും പറഞ്ഞവർ നന്ദൂനേം കൂട്ടികൊണ്ട് താഴേക്ക് പോയി… പിറകിന് ഗോപികയും…

നന്ദ്യാരത്തും ഒരുക്കങ്ങൾ തകർക്കുവാരുന്നു…അവിടെ പക്ഷെ കല്യാണചെക്കനേക്കാളും ഒരുക്കം വിനുവിനാണെന്ന് മാത്രം… മറ്റൊന്നുമല്ല ഇന്നാണ് ഒരു മറുപടി തരാമെന്ന് ആരു പറഞ്ഞിരിക്കുന്നത്…പാട്ടും പാടി കണ്ണാടിയിൽ നോക്കി സ്പ്രേയും അടിച്ചുകൊണ്ട് നിന്നപ്പോഴാണ് തൊട്ടു പിറകിൽ എളിക്ക് കയ്യും കൊടുത്തു അവനെ തന്നെ നോക്കി നിൽക്കുന്ന ദേവിയെ അവൻ കണ്ടത്… അവൻ ആ സ്പ്രേ ബോട്ടിൽ അവിടെ വെച്ചുകൊണ്ട് തിരിഞ്ഞവളെ അടിമുടി ഒന്നുനോക്കി…

നവി എടുത്തുകൊടുത്ത റോയൽ ബ്ലൂ കളറിലെ സോഫ്റ്റ്‌സിൽക്ക് പട്ടുസാരി ആണവൾ ഉടുത്തിരുന്നത്…കഴുത്തിൽ റൂബിയുടേയും മരതകത്തിന്റെയും ഒരു നെക്‌ളേസും കയ്യിൽ അതിന്റെ തന്നെ വളകളും… കാതിൽ പച്ചക്കല്ലിന്റെ തന്നെ വലിയൊരു ജിമുക്കി…മുഖത്ത് മിനിമൽ മേക്കപ്പും ഇട്ടിരുന്നു… മുടി ആണേ മുഴുവനും അഴിച്ചിട്ടിരിക്കുകയാണെങ്കിലും പിറകിൽ മുല്ലപ്പൂ സെറ്റ് ചെയ്തു വെച്ചിരുന്നു…

മ്മ്മ്?

വിനുവിന്റെ നോട്ടം കണ്ടതും അവൾ പുരികം പൊക്കി ചോദിച്ചു…

അല്ല…ഇന്ന് നിന്റെ കല്യാണമാണോ അതോ അവൾടെയോ… കാര്യമായി അങ്ങ് അരിഞ്ഞൊണങ്ങിയേക്കുവാണല്ലോ തമ്പുരാട്ടി…

അതെ…ഒരുങ്ങിയേക്കുവാ…ഞാനേ ചെറുക്കന്റെ പെങ്ങളാ… അപ്പൊ ഇന്ന് അവരെ പോലെ തന്നെ ഞാനും സ്റ്റാറാ…

ബ്ലാഹ്…

പോടാ മരമാക്രി…അല്ല ഇന്ന് വരുണേട്ടന്റെ കല്യാണമല്ലേ…

അതെ…എന്തേ…അതിൽ നിനക്ക് എന്തേലും സംശയം ഉണ്ടോ…

ഉണ്ട്… നിന്റെ ഒരുക്കം കണ്ടപ്പോൾ ഞാൻ കരുതി ഇന്ന് നിന്റെ കല്യാണമാന്ന്…

അവനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അവൾ പറഞ്ഞതും വിനു അവളെ ഒന്ന് നോക്കി പേടിപ്പിച്ചു…അപ്പോഴാണ് വിജയൻ അങ്ങോട്ട് വന്നത്…

ഹാ… നിങ്ങൾ ഇവിടെ നിക്കുവാണോ പിള്ളേരെ… ദേ വരുൺ നിങ്ങളെ രണ്ടിനേം കുറെ നേരമായി അവിടെ അന്വേഷിക്കുന്നു…ഫോട്ടോ എടുക്കാൻ… വേഗം അങ്ങോട്ട് ചെല്ല്…

അയാൾ അത് പറഞ്ഞതും അവർ രണ്ടുപേരും കൂടി വേഗം താഴേക്ക് പോയി…

എല്ലാരും കൂടിയുള്ള ഫോട്ടോഷൂട്ട്‌ ഒക്കെ കഴിഞ്ഞതും അവരെല്ലാം കൂടി അമ്പലത്തിലേക്ക് പുറപ്പെട്ടു… അവരുടെ കുടുംബക്ഷേത്രത്തിൽ വെച്ച് തന്നെയാരുന്നു വിവാഹം…ചെറുക്കൻ കൂട്ടരും മറ്റും എത്തിയതും നവിയും മറ്റുള്ളവരും ചേർന്നവരെ സ്വീകരിച്ചിരുത്തി…ദേവിയുടെ സാരിയുടെ കളറിലെ തന്നെ കുർത്തയും കസവു മുണ്ടും ആരുന്നു നവിയുടെ വേഷം… ദേവിയെ ആ വേഷത്തിൽ കണ്ടു നവി അടിപൊളി എന്ന് ആക്ഷൻ കാട്ടി അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചതും ദേവി കോളർ പോകുന്ന പോലെ ആക്ഷൻ കാട്ടി… അതിനിടക്ക് ദേവിയും വിനുവും നന്ദൂന്റെ അടുത്ത് ചെന്നു കുറെ സെൽഫിയും എടുത്തു…അപ്പോഴേക്കും വിജയൻ വരുണിനെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് ഇരുത്തി…

അതേ… മുഹൂർത്തതിന് സമയമായി… പെണ്ണിനെ വിളിച്ചോളൂ…

തിരുമേനി പറഞ്ഞതും താലപ്പൊലിയുടെ അകമ്പടിയോടെ നന്ദുവിനെ ഗോപി കൈപിടിച്ചു മണ്ഡപത്തിലേക്ക് കൊണ്ടുവന്നു… വരുണിന്റെ കണ്ണുകൾ ഒരു നിമിഷം നന്ദുവിൽ തറഞ്ഞു…

തന്റെ പെണ്ണ്…

അവളുടെ കണ്ണുകളും വരുണിൽ ഉടക്കിയതും കവിളുകൾ ചുവന്നു…നാണിച്ചവൾ തല താഴ്ത്തി…

നല്ലോണം നോക്കിക്കോ… ലത് പോലെയുള്ള എക്സ്പ്രഷൻസ് ഒക്കെ വല്ലപ്പോഴുമേ ലവൾടെ മുഖത്ത് വരുള്ളൂ…

വരുണിന്റെ തൊട്ടു പിറകിൽ ചിരിച്ചുകൊണ്ട് നിന്ന ദേവിയുടെ ചെവിയിലായി വിനു പറഞ്ഞു…അപ്പോഴേക്കും നന്ദു മണ്ഡപത്തിൽ കയറി സദസ്സിനെ വണങ്ങി…

ആഹ്… ഇനി കുട്ടി മണ്ഡപത്തിലേക്ക് ഇരുന്നോളൂ…

തിരുമേനി പറഞ്ഞതും നന്ദു വരുണിന്റെ അപ്പുറത്തായി ഇരുന്നു… രണ്ടുപേരുടേം ഉള്ള് സന്തോഷത്താൽ തുടി കൊട്ടി…

മുഹൂർത്തമായതും വിജയൻ താലി എടുത്ത് വരുണിന്റെ കയ്യിൽ കൊടുത്തു… അവൻ അത് കയ്യിൽ വാങ്ങി ഒരു നിമിഷം അതിലേക്കു നോക്കി പിന്നെ ഒരു ചിരിയോടെ നന്ദുവിന്റെ മുഖത്തേക്കും…അത് കണ്ടതും അവളുടെ മുഖത്തും നിറഞ്ഞ ഒരു ചിരി വിരിഞ്ഞു…

മേളം മുറുകിയതും വരുൺ നന്ദുവിന്റെ കഴുത്തിൽ താലി കെട്ടി…അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു…അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആരുന്നു…ദേവി പിറകിൽ നിന്നു താലി ശെരിയാക്കി കൊടുത്തു… വിനുവും നവിയും ബാക്കിയുള്ളവരും സന്തോഷത്തോടെ അവരുടെ മേൽ പൂക്കൾ വിതറി…

ഇനി രണ്ടുപേരും എഴുന്നേറ്റു നിന്നോളൂ…

തിരുമേനി പറഞ്ഞതും വരുണും നന്ദുവും എഴുന്നേറ്റു… വിജയനും ഗോപിയും രണ്ടുപേരുടെയും കൈയിൽ പൂമാല കൊടുത്തു…നന്ദു വരുണിന്റെ കഴുത്തിലേക്ക് ആ മാല ഇട്ടു… അവൻ തിരിച്ചും…

ഇനി പെൺകുട്ടിയുടെ അച്ഛൻ കൈപിടിച്ച് കൊടുത്തോളു…

അതുകേട്ടതും ഗോപി വന്നു നന്ദുവിന്റെ കൈ പിടിച്ചു വരുണിനെ ഏൽപ്പിച്ചതും അയാളുടെയും നവിയുടെയും നന്ദുവിന്റെയും കണ്ണുകൾ നിറഞ്ഞു… വരുൺ ആ കൈകളിൽ മുറുകെ പിടിച്ചു… ഒരിക്കലും കൈ വിടില്ലെന്ന പോലെ…

ചടങ്ങുകൾ കഴിഞ്ഞതും പിന്നെ ഫോട്ടോസെഷൻ ആരുന്നു… വിനുവും നവിയും ദേവിയും എല്ലാരും ഒരുമിച്ചും രണ്ടു വീട്ടുകാരും കൂടെ ചേർന്നും ഒക്കെ ധാരാളം ഫോട്ടോസ് എടുത്തു… വിനുവിന്റെ കണ്ണുകൾ അപ്പോഴും ഒരാളെ തിരഞ്ഞു കൊണ്ടിരുന്നു… അപ്പോഴാണ് വേദിയിലേക്ക് കയറി വന്ന ആരുവിനെ വിനു കണ്ടത്…അവളെ കണ്ടതും ഒരു നിമിഷം അവന്റെ ശ്വാസം വിലങ്ങി…കരിമ്പച്ചയും ചുവപ്പും ഇടകലർന്ന ഒരു ദാവണി ആരുന്നു ആരുവിന്റെ വേഷം… കയ്യിൽ നിറയെ ചുവപ്പ് കുപ്പിവളകൾ… കാതിൽ വലിയൊരു കമ്മൽ… മുടി അഴിച്ചിട്ടു കണ്ണുകൾ നീട്ടി എഴുതി ഒരു കറുത്ത പൊട്ടും തൊട്ടു വരുന്ന അവളെ കണ്ടതും വിനു പരിസരം മറന്നവളെ തന്നെ നോക്കി നിന്നു… അത് കണ്ടതും ദേവി അവന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു…

വായടച്ചു വെക്കടാ… അവളുടെ അച്ഛൻ അവിടെ നിൽപ്പുണ്ട്…

അത് കേട്ടതും അവൻ ഡീസന്റ് ആയി… ആരു വന്ന് കയ്യിലിരുന്ന ഗിഫ്റ്റ് നന്ദുവിന്റെ കയ്യിലായി കൊടുത്തു രണ്ടുപേരുമായി നിന്നു ഫോട്ടോ എടുത്തു…

ആരു നിന്നേ…നമുക്കെല്ലാവർക്കും കൂടി ഒരു പിക് എടുക്കണം…

ദേവി പറഞ്ഞതും വിനുവിന്റെ മുഖം പൂത്തിരി കത്തിച്ചത് പോലെയായി…

നീ പൊന്നപ്പനല്ലെടി… തങ്കപ്പനാ… തങ്കപ്പൻ…

വിനു ദേവിയെ നോക്കി മനസ്സിൽ പറഞ്ഞു…

എന്നാ എല്ലാരും ഒന്ന് നിരന്നു നിന്നേ…

ഫോട്ടോഗ്രാഫർ പറഞ്ഞതും നന്ദുവിന്റെ തൊട്ടപ്പുറത്തായി ദേവിയും നവിയും നിന്നു…വിനു വരുണിന്റെ അപ്പുറത്ത് നിന്നതും ആരു എവിടെ നിൽക്കണമെന്ന് അറിയാതെ ഒരു നിമിഷം അവിടെ നിന്നു…

എന്റെ ആരൂ… നീ ആ വിനൂട്ടന്റെ അപ്പുറത്തായി നിൽക്ക്… ചെല്ല്…

ദേവി പറഞ്ഞതും ആരു ഒരു ചിരിയോടെ വിനൂന്റെ അപ്പുറത്തായി വന്നു നിന്നു…അത് കണ്ടതും എല്ലാവരും ഒന്ന് ചിരിച്ചു…

ആഹ് ഇനി എല്ലാരും ഒന്ന് ചേർന്ന് നിന്ന് ഇങ്ങോട്ട് നോക്കിക്കേ…

ഫോട്ടോഗ്രാഫർ പറഞ്ഞതും എല്ലാവരും ചേർന്ന് നിന്നു പോസ് ചെയ്തു…

സേ ചീസ്…

ദേവി ഉറക്കെ പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി…
ക്യാമറകൾ ക്ലിക്ക് ചെയ്തു…

പെർഫെക്ട് ക്ലിക്ക്…

അയാൾ പറഞ്ഞു…

…………….. തുടരും……………