The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി ദേഹി
വേണ്ട…
വിനു എന്തോ പറയാൻ വന്നതും ആരുടെയോ സൗണ്ട് കേട്ടു അവനും ദേവിയും ഞെട്ടി നോക്കി…
വാതിൽക്കൽ നന്ദു നിൽപ്പുണ്ടാരുന്നു… അവളുടെ മുഖം കണ്ടപ്പോഴേ അവർക്കു മനസ്സിലായി അവർ പറഞ്ഞത് എല്ലാം അവൾ കേട്ടിട്ടുണ്ടെന്ന്…
പിന്നെ പറയാതെ… പണ്ട് ആ ഒരു സാഹചര്യം ആരുന്നു… അത്കൊണ്ട് അത്രേയുമൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും നവിയേട്ടനെയോ വരുണേട്ടനെയോ നമ്മൾ ഒന്നും അറിയിച്ചില്ല… പക്ഷെ ഇനിം നമ്മൾ അത് തന്നെ ആവർത്തിക്കണമെന്നാണോ നീ പറയുന്നേ… അവനു പിന്നേം വളം വെച്ച് കൊടുക്കത്തെ ഉള്ളു അത്…
ദേവി ദേഷ്യപ്പെട്ടു…
നന്ദു ഒന്നും മിണ്ടിയില്ല… അവൾ പതിയെ വന്നു തല കുനിച്ചു കട്ടിലിൽ ഇരുന്നു…അവളുടെ മനസ്സ് ശെരിയല്ലെന്ന് മനസ്സിലായ വിനും ദേവിയും പരസ്പരം നോക്കി… അവർ പതിയെ വന്നു അവളുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു…
എനിക്ക് അറിയില്ല… എനിക്കൊന്നും അറിയില്ല…എല്ലാം എനിക്ക് നവിയേട്ടനേം വരുണേട്ടനേം അറിയിക്കണമെന്നുണ്ട്… പക്ഷെ എല്ലാം അറിഞ്ഞു കഴിഞ്ഞുള്ള അവരുടെ പ്രതികരണം… എനിക്കത് ഓർക്കുമ്പോഴാ… വരുണേട്ടൻ പിന്നെ എന്നെ ആ ഒരു കണ്ണിലൂടെയല്ലേ കാണുള്ളൂ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അവളുടെ മനസ്സിലെ വേദന വിനുവിന്റെയും ദേവിയുടെയും മുഖത്ത് പ്രതിഫലിച്ചു… അവർ പരസ്പരം ഒന്ന് നോക്കി…ദേവി ഒന്ന് കണ്ണടച്ച് ശ്വാസമെടുത്തു…
നന്ദു… നീ ഒന്ന് നോക്കിക്കേ…
അതും പറഞ്ഞു ദേവി അവളുടെ മുഖം കൈക്കുള്ളിൽ എടുത്തു…
നീ ഇത് എന്തൊക്കെയാ നന്ദു ഈ മനസ്സിൽ വിചാരിച്ചു വെച്ചേക്കുന്നേ… ഇതൊക്കെ അറിഞ്ഞാൽ വരുണേട്ടൻ നിന്നെ തെറ്റിദ്ധരിക്കുമെന്നാണോ നീ കരുതിയേക്കുന്നെ…കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നതല്ലേ നീ വരുണേട്ടനെ… അത്രേ മനസ്സിലാക്കിയിട്ടുള്ളു ഏട്ടനെ നീ?…
ദേവി അവളുടെ കണ്ണിൽ നോക്കി ചോദിച്ചു… നന്ദുവിന് എന്ത് പറയണമെന്നറിയില്ലാരുന്നു…ശെരിയാണ്… വരുണേട്ടൻ ഒരിക്കലും അങ്ങനെ തന്നെ കരുതില്ല… തെറ്റിദ്ധരിക്കില്ല… പിന്നെ… പിന്നെ എന്തുകൊണ്ടാ ഞാൻ അങ്ങനെ ചിന്തിച്ചത്… നന്ദുവിന്റെ മനസ്സിൽ ഒരു നിമിഷം എങ്കിലും വരുണേട്ടനെ അങ്ങനെ കരുതിയതിൽ കുറ്റബോധം തോന്നി…
ദേവി വിനുനെ കണ്ണുകാണിച്ചു…അവൻ ഒന്ന് തലയാട്ടി…
ഡീ… ശിവയെ നമ്മൾക്കൊതുക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നവിയേട്ടനും വരുണേട്ടനും കഴിയും…ഇല്ലെങ്കിൽ അവന്റെ ഈ ശല്യം തീരാൻ പോകുന്നില്ല… നീ ഒന്ന് ആലോചിച്ചേ… ഇന്ന് ഇവൾ അവിടെ വന്നില്ലാരുന്നെങ്കിലോ… നിനക്ക് ആലോചിക്കാൻ പറ്റുന്നുണ്ടോ…
ശെരിയാണ്… ഇന്ന് ദേവി അവിടെ വന്നില്ലാരുന്നെങ്കിലോ… തന്നെ അവൻ…
ആ ഓർമയിൽ തന്നെ നന്ദു ഒന്ന് വിറച്ചു…അവൾ കണ്ണുകൾ ഇറുകെ പൂട്ടി… ശ്വാസം എടുക്കാൻ അവൾ ബുദ്ധിമുട്ടുന്നതിൽ നിന്നു തന്നെ ദേവിക്കും വിനുനും മനസ്സിലായി അവളെത്ര മാത്രം ഭയന്നിട്ടുണ്ടെന്ന്…
അവൻ അവളുടെ കൈ കൂട്ടി പിടിച്ചു… നന്ദു കണ്ണുതുറന്നവനെ നോക്കി…
നന്ദു… ഞാൻ പറയുന്നത് നീ ശ്രെദ്ധിച്ചു കേൾക്കണം… ഇനി ഒരുവട്ടം കൂടി ഇന്ന് സംഭവിച്ചത് ആവർത്തിക്കില്ല… അത് നിനക്ക് ഞങ്ങളുടെ ഉറപ്പ്… പിന്നെ തല്ക്കാലം നീ പറഞ്ഞത് പോലെ നവിയേട്ടനെയോ വരുണേട്ടനെയോ ഇതൊന്നും അറിയിക്കുന്നില്ല… അത് പക്ഷെ നീ പറഞ്ഞത് പോലെ കരുതീട്ടോ ഒന്നുവല്ല… ഈ പ്രശ്നം എന്നെന്നേക്കുമായി ഒഴിവാക്കണമെങ്കിൽ അവർ തന്നെ കരുതണം…
നന്ദു അവനെ സൂക്ഷിച്ചു നോക്കി…
നിന്റെ മനസ്സ് വല്ലാണ്ട് കലങ്ങി കിടക്കുവാ… അത്കൊണ്ട്… അത്കൊണ്ട് മാത്രം… ഇപ്പൊ അവരെ ഒന്നും അറിയിക്കുന്നില്ല…
ദേവി വിനുനെ ഒന്ന് നോക്കി… അവൻ അവളെ കണ്ണുകളടച്ചു കാണിച്ചു…
അല്ല… അല്ലേലും അവനറിയാം കൈയും കാലും കെട്ടിയിടുന്നേനേക്കാൾ നിന്റെ നാക്കാണ് കെട്ടിയിടേണ്ടതെന്ന്… അല്ലെ കിടന്ന് കാറി പൊളിക്കില്ലേ…അതാ അവൻ നിന്റെ വായ പൊത്തി പിടിച്ചോണ്ട് പോയെ…
വിനു നന്ദുനെ നോക്കി ഒന്ന് പുച്ഛിച്ചോണ്ട് പറഞ്ഞു…
നന്ദു കണ്ണുകൾ കൂർപ്പിച്ചവനെ നോക്കി…
എന്തായാലും നിന്റെ നാക്കിന്റെ അത്രേമില്ല…
നന്ദു മുഖം കോട്ടി…
എന്നാ ഒരു സ്കെയിൽ എടുത്തോണ്ട് വാടി… ഞാൻ അളന്നു കാണിക്കാം…
വിനു അവൾക്ക് നേരെ തിരിഞ്ഞു…
നന്ദു പെട്ടന്ന് എണീറ്റു മേശയുടെ ഭാഗത്തേക്ക് പോയി…
ഡീ നീയിത് എന്തിന് പോകുവാ…
ദേവി ചോദിച്ചു…
സ്കെയിൽ എടുക്കാൻ… ഇന്നെനിക്ക് അറിയണം…
ദേവി തലയ്ക്കു കൈകൊടുത്തു പോയി…വിനു ആണേ കിളി പോയത് പോലെ ഇരുന്നു… ദൈവമേ ബുദ്ധിയില്ലാത്ത കൊച്ചാ… ഇനി നാവെടുത്തു പുറത്തിടേണ്ടി വരുവോ…
എന്റെ പൊന്നു നന്ദു…ഈ പൊട്ടൻ എന്തേലും പറഞ്ഞെന്ന് വെച്ച് നീയതിനിങ്ങനെ തുള്ളല്ലേ…
അതും പറഞ്ഞു ദേവി എണീറ്റു വന്നു നന്ദുന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു… നന്ദു വിനുനെ നോക്കിയപ്പോ അവൻ അവളെ പുച്ഛിച്ചു… അവൾ തിരിച്ചും…
നന്ദുവും ദേവിയും കൂടെ താഴേക്ക് ഇറങ്ങാൻ പോയപ്പോഴാണ് വരുണിന്റെ റൂം തുറന്നു കിടക്കുന്നതവൾ കണ്ടത്… പെട്ടന്നവൾ ഒന്നു നിന്നു…
ഡീ…നീ നടന്നോ… എനിക്കൊന്ന് ബാത്‌റൂമിൽ പോകണം… നീ പോയി അപ്പയോട് പറ എനിക്കൊരു ചുക്ക് കാപ്പി ഇട്ടു തരാൻ…
ആഹ്… നീ അങ്ങ് വന്നേക്കേ…
അതും പറഞ്ഞു ദേവി താഴേക്ക് പോയി… ദേവി അടുക്കളയിലോട്ട് പോകുന്നതും നോക്കി മുകളിൽ നിന്ന നന്ദു പതിയെ തല തിരിച്ചു ചുറ്റും ഒന്ന് നോക്കി… എന്നിട്ട് പതുക്കെ വരുണിന്റെ മുറിയിലേക്ക് നടന്നു…
•••••••••••••••••••••••••••••••••••••••••••
Cctv റൂമിൽ നിന്ന് സ്റ്റാഫ്റൂമിലേക്ക് വന്ന നവിക്ക് ദേഷ്യമടക്കാൻ കഴിയുന്നുണ്ടാരുന്നില്ല… അതിലുപരി സങ്കടവും… ഒരിക്കൽ കൂടി… ഒരിക്കൽ കൂടി അവൻ എന്റെ പെങ്ങളുടെ ദേഹത്തു കൈവെച്ചിരിക്കുന്നു… അതും എന്റെ കൈയെത്തും ദൂരത്തു വെച്ച്…നവി വല്ലാത്തൊരു അസ്വസ്ഥതയോടെ ചെയറിലേക്ക് ചാരി കണ്ണുകൾ അടച്ചു…പെട്ടന്ന് അവന്റെ മനസ്സിലേക്ക് ശിവയുടെ മുഖം തെളിഞ്ഞു… അവൻ പെട്ടന്ന് കണ്ണുകൾ തുറന്നു… അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങിയിരുന്നു… അവൻ ശിവയുടെ സീറ്റിലേക്ക് നോക്കി… അവിടം ശൂന്യമാരുന്നു…അവൻ വല്ലാത്തൊരു പകയോടെ അവിടേക്ക് നോക്കി ഇരുന്നു…ആ അവർ ഫ്രീ അല്ലാതിരുന്നിട്ടും ക്ലാസ്സിലേക്ക് പോകാൻ അവനു തോന്നുണ്ടാരുന്നില്ല…മനസ്സ് ശെരിയല്ലാത്തതു കൊണ്ടു വീട്ടിലേക്ക് പോകാൻ അവൻ തീരുമാനിച്ചു…അവൻ പെട്ടന്ന് ബാഗും എടുത്ത് HOD യുടെ റൂമിലേക്ക് നടന്നു…
•••••••••••••••••••••••••••••••••••••••••••
അമ്മാ…
അടുക്കളയിൽ നിന്ന ഗായത്രി തിരിഞ്ഞു നോക്കി…
ദേവി അങ്ങോട്ട് വന്നു ഫ്രിഡ്ജ് തുറന്നു അകത്തൊക്കെ ഒന്നു നോക്കിട്ട് അടച്ചു… അല്ലേലും ഒന്നും വേണ്ടങ്കിലും ഇടക്ക് വന്നു ഫ്രിഡ്ജ് ഒന്നു തുറന്നില്ലെങ്കിൽ ഒരു സമാദാനമില്ലന്നെ…
മ്മ്മ്? എന്തുവാടി…നിനക്കെന്തേലും വേണോ…
ഗായത്രി അതും ചോദിച്ചോണ്ട് പച്ചക്കറി അരിഞ്ഞു…
മ്മ്മ്… എനിക്കല്ല അവൾക്ക്… ചുക്ക് കാപ്പി വേണോന്ന് പറഞ്ഞു…
ആണോ… എന്താ അവൾക്ക് തലവേദന കുറവില്ലേ…
അതും പറഞ്ഞോണ്ട് ഗായത്രി അരിയുന്നത് നിർത്തി കാപ്പിക്ക് വെള്ളം വെക്കാനായി തിരിഞ്ഞു…
മ്മ്… കുറവുണ്ട്…
മ്മ്മ്… ഏട്ടത്തി വിളിച്ചാരുന്നു… നിങ്ങളങ്ങോട്ട് മുകളിലേക്ക് പോയേന്റെ പിറകെ… ഞാനപ്പോ പറഞ്ഞു നിങ്ങൾ വന്നിട്ടുണ്ടെന്ന്… അവൾക് തലവേദന ആന്നു പറഞ്ഞപ്പോ ഏട്ടത്തി പറഞ്ഞു ഇടക്കിടക്ക് അവൾക്കിപ്പോ ഈ തലവേദന വരുന്നുണ്ടെന്ന്…നല്ലൊരു ഡോക്ടറിനെ കാണണം എന്നൊക്കെ പറഞ്ഞു ഏട്ടത്തി…
ഗായത്രി വെള്ളം അടുപ്പത്തോട്ട് വെച്ചോണ്ട് പറഞ്ഞു…
ഓഹ്… അതീ ചൂടിന്റെ ആകും അമ്മേ…അല്ലാ… അച്ഛൻ എവിടെ…നുമ്പേ ഇവിടെ കണ്ടാരുന്നല്ലോ… എവിടെപ്പോയി…
അതും പറഞ്ഞു ദേവി സ്ലാബിന്റെ മുകളിൽ കയറി ഇരുന്ന് പപ്പടം തിന്നാൻ തുടങ്ങി…
അച്ഛൻ ദാ ആ തൊടിയിലേക്ക് ഇറങ്ങുന്നത് കണ്ടു…
മ്മ്മ്…
•••••••••••••••••••••••••••••••••••••••••••
വരുണിന്റെ റൂമിന്റെ മുന്നിൽ വന്നു നന്ദു അകത്തോട്ടൊന്ന് എത്തി നോക്കി… ആരുമില്ലെന്ന് കണ്ടതും അവൾ അകത്തേക്ക് പതുക്കെ കയറി… വരുൺ അവിടെ ഉണ്ടായിരുന്നില്ല…അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചുകൊണ്ട് ആഞ്ഞു ശ്വാസം വിട്ടു… പതുക്കെ അവൾ ചുറ്റിനും നോക്കി…മേശപ്പുറത്തിരിക്കുന്ന അവന്റെ ഫോൺ കണ്ടതും അവൾ തേടിയതെന്തോ കണ്ടെത്തിയ മുഖത്തോടെ പതുക്കെ അതിനടുത്തേക്ക് നടന്നു ഫോൺ കൈയിൽ എടുത്തു… വേറൊന്നുമല്ല രാവിലെ ദേവി പറഞ്ഞ പോലെ അവന്റെ ഫോണിലുള്ള മദാമ്മ പെൺപിള്ളേരെ ഒന്ന് കാണണം… അത്രേയുള്ളു… അസൂയ ഒന്നും അല്ലാട്ടോ…
അവൾ ഫോൺ ഓൺ ആകാൻ നോക്കിയതും ഹോം സ്‌ക്രീനിൽ അവന്റെ മുഖം തെളിഞ്ഞു വന്നു…
ഹ്മ്മ്… ചിരിക്കുന്നത് കണ്ടില്ലേ… കാമദേവൻ… ഹ്മ്മ്…
അതും പറഞ്ഞവൾ ഓൺ ആകാൻ നോക്കിയപ്പോൾ ദേണ്ടെ പാസ്സ്‌വേർഡ് ചോദിക്കുന്നു…
ഓഹ് ഗോഡ് പെട്ടല്ലോ…
അവൾ V എന്ന് വരച്ചു കൊടുത്തു നോക്കി… എവിടെ… നോ രക്ഷ… അവൾ S എന്നും D എന്നും L എന്നും ഒക്കെ നോക്കി…അതൊന്നുമല്ലാരുന്നു പാസ്സ്‌വേർഡ്…
ശേ… ഇനി പാസ്സ്‌വേർഡ് എങ്ങനെ കണ്ടുപിടിക്കും…
അതും പറഞ്ഞു അവൾ നഖവും കടിച്ചോണ്ട് നിന്നു ചിന്തിച്ചപ്പോഴാണ് പിറകിൽ ഡോറിന്റെ ഭാഗത്തു ഒരു സൗണ്ട് കേട്ടത്…ഞെട്ടി തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ടു അവൾ വിളറി വെളുത്തു…
………………. തുടരും………….