19/04/2026

നീ മാത്രം : ഭാഗം 24

രചന – വൈദേഹി വൈഗ

വരുൺ നന്ദ്യാരത്തെ മുറ്റത്ത് കാർ ഇട്ടു ഉമ്മറത്തേക്ക് കയറിയപ്പോ തന്നെ കേട്ടു അകത്തുന്നുള്ള ദേവിയുടെയും വിനുന്റെയും വഴക്കിന്റെ ശബ്ദം… ഓഹ്…രണ്ടൂടെ തുടങ്ങി… ഇനി ഇതുങ്ങളെ ഒരുക്കി ഞാൻ ഏത് കാലത്ത് പോകാനാണോ… വരുൺ ഒരു നിമിഷം നെഞ്ചത്ത് കൈവെച്ചുകൊണ്ട് മുകളിലേക്ക് നോക്കി പറഞ്ഞു… എന്നിട്ടവൻ അകത്തേക്ക് കയറി… അങ്ങോട്ട് ചെന്ന വരുൺ കണ്ടു അങ്ങോട്ടും ഇങ്ങോട്ടും തലമുടി പിടിച്ചു വലിച്ചോണ്ടിരിക്കുന്ന ദേവിയേം വിനുനേം… ടി…വിടെടീ കാലമാടത്തി… ഇല്ലെടാ ചട്ടിത്തലയാ… നീ ആദ്യം എന്റെ മുടീന്ന് വിടെടാ… അതും പറഞ്ഞു ദേവി അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു… ആാാാാ… അവനു കാലു വേദനിച്ചതും അവൻ കുറച്ചൂടെ ബലത്തിൽ അവളുടെ മുടിയിൽ വലിച്ചു… ആാാാാ… നിർത്തുന്നുണ്ടോ രണ്ടും… വരുണിന്റെ ഒച്ച കേട്ടതും രണ്ടുപേരുടെ പരസ്പരം ഉള്ള പിടിത്തം വിട്ട് ചാടി എണീറ്റു അറ്റെൻഷൻ ആയി നിന്നു… എന്തുവാടാ ഇത്… അതിവൾ എന്റെ മുടിയിൽ പിടിച്ചുവലിച്ചതാ…മൂദേവി… പ്ഫാാ… ദേവിയുടെ ഒറ്റ ആട്ടിൽ വിനു വരുണിന്റെ അപ്പുറത്ത്‌ ചെന്നു…

മൂദേവി നിന്റെ മറ്റവൾ…ചട്ടിത്തലയ… ചിമ്പാൻസി… ഏട്ടാ… കേട്ടോ ഇവളെന്നെ വിളിക്കുന്നെ… ഞാൻ ചിമ്പാൻസി ആന്നെ ഏട്ടനും ചിമ്പാൻസി അല്ലെ… ശെരിയാണല്ലോ… വരുൺ ഒരു വശപ്പിശക് നോട്ടം ദേവിയെ നോക്കി… ഉയ്യോ… ഞാൻ ഏട്ടനെ അല്ല ആ പൊട്ടനെയാ വിളിച്ചേ… അല്ല അല്ല… നീ ഏട്ടനെ കൂടാ വിളിച്ചേ… പ്രതികരിക്ക് ഏട്ടാ പ്രതികരിക്ക്… നിർത്തിനെടാ എല്ലാം… അങ്ങോട്ട് വന്ന ലക്ഷ്മിയമ്മ പറഞ്ഞു… അവരും കൃഷ്ണനൂടെ ജ്യോൽസ്യന്റെ അടുത്ത് പോയിട്ടു വന്നു കേറിയപ്പോഴാരുന്നു ഇവിടെ രണ്ടിന്റേം വഴക്ക് കേട്ടത്…കൃഷ്ണൻ ഒരു ചിരിയോടെ സോഫയിലേക്ക് ഇരുന്നു… എന്തുവായിത്…എവിടെ കേൾക്കാം രണ്ടിന്റേം കലപില… അച്ഛമ്മയുടെ എന്തുവായിത് കേട്ടപ്പോ വിനുന് നമ്മുടെ ലക്ഷ്മിസഞ്ജു ചേച്ചീടെ പറച്ചിലാണ് ഓർമ വന്നത്… ഹാ… ഫുൾ ടൈം റീൽസിലല്ലേ… പറഞ്ഞില്ലേലെ അത്ഭുതമുള്ളൂ… അച്ഛമ്മേം ചെറിയച്ഛനൂടെ ജ്യോൽസ്യന്റെ അടുത്ത് പോയിട്ടു പുള്ളി എന്ത് പറഞ്ഞു… വരുൺ സോഫയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു… ഗായത്രി അവർക്കുള്ള ചായയുമായി അങ്ങോട്ട് വന്നു… ലക്ഷ്മിയമ്മ കൃഷ്ണന്റെ അപ്പുറത്തോട്ട് ഇരുന്ന് കാലുകൾ നീട്ടി വെച്ചു…

വരുൺ ചായ എടുത്തോണ്ട് നോക്കിയപ്പോ കണ്ടു കുറച്ചു മുന്നേ കീരിം പാമ്പും പോലെ നിന്നിരുന്നവർ അങ്ങോട്ടും ഇങ്ങോട്ടും തലമുടിയിലെ പൊടി തട്ടി കളയുന്നു…അവൻ ഒരു ചിരിയോടെ അത് കണ്ടോണ്ട് ചായ കുടിക്കാൻ തുടങ്ങി… എന്താ അമ്മേ… അദ്ദേഹം എന്ത് പറഞ്ഞു… അങ്ങോട്ടിരുന്നു കൊണ്ടു ഗായത്രി ചോദിച്ചു… ആഹ്…ഞാൻ അങ്ങോട്ട് പറയാൻ വരുവാരുന്നു അതിനെപ്പറ്റി… ഈ അച്ഛമ്മക്ക് ചെവിക്കെന്തോ കാര്യമായ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു…ആ വരുൺ കേറി വന്നപ്പോഴേ ചോദിച്ചതല്ലേ എന്താ അങ്ങേരു പറഞ്ഞതെന്ന്… അത് കഴിഞ്ഞ് ചെറിയമ്മേം ചോദിച്ചു കഴിഞ്ഞപ്പോ പറയുന്ന കേട്ടില്ലേ അങ്ങോട്ട് പറയാൻ വരുവാരുന്നെന്ന്… അപ്പുറത്ത് നിൽക്കുന്ന ദേവിയോട് വിനു അടക്കം പറഞ്ഞു… അവൾ അവനെ നോക്കി കണ്ണുരുട്ടി… ഈ വരുന്ന ശനിയാഴ്ച നല്ല ദിവസം ആണ്… അന്ന് നമ്മുടെ വക പൂജ നടത്താമെന്ന്…അതിരാവിലെ ഗണപതിഹോമം നടത്തി തുടങ്ങിയശേഷം അഭിഷേകം പിന്നെ ബാക്കി വിശേഷാൽ പൂജകൾ…വൈകിട്ട് ദീപാരാധന… ചുറ്റുവിളക്ക് തെളിയിക്കൽ…അങ്ങനെ… ആണോ അപ്പൊ ഇനി അധികം ദിവസങ്ങൾ ഇല്ലല്ലോ അമ്മേ എല്ലാം ഒരുക്കാൻ… ഗായത്രി പറഞ്ഞു…

അതേ നാളെ മുതൽ തന്നെ എല്ലാ ഒരുക്കങ്ങളും തുടങ്ങണം… കൃഷ്ണാ… വിജയനെ വിളിച്ചു ഇപ്പൊ തന്നെ പറയണം… പിന്നെ നമ്മുടെ ബന്ധുക്കളെയും… സാവിത്രിയോടും പറയാൻ മറക്കണ്ട… ശെരിയമ്മേ… അതും പറഞ്ഞു ലക്ഷ്മിയമ്മ മുറിയിലേക്ക് പോയി… എടിയേ…സാവിത്രിയപ്പച്ചി എഴുന്നള്ളുന്നുണ്ടെന്ന്… എന്നാ പിന്നെ വല്ലോക്കെ നടക്കും… വിനു ദേവിയുടെ ചെവിയിൽ പറഞ്ഞു… അതേ മിക്കവാറും… ദേവി ചായ കുടിച്ചോണ്ടിരിക്കുന്ന വരുണിനെ നോക്കി പറഞ്ഞു… ഹ്മ്മ്… പാവം…ഇരുന്നു ചായ കുടിക്കുന്നത് കണ്ടില്ലേ… എന്താ വരാൻ പോകുന്നേന്ന് അറിയാതെ… വിനുവും അവനെ തന്നെ നോക്കി പറഞ്ഞു… ചായ കുടിച്ച് കപ്പ്‌ ഗായത്രിയുടെ കയ്യിൽ കൊടുത്ത ശേഷം അങ്ങോട്ട് നോക്കിയ വരുൺ കാണുന്നത് അവനെ തന്നെ നോക്കി എന്തോ പിറുപിറുക്കുന്ന ദേവിയേം വിനുനേം ആണ്… മ്മ്മ്?? അവൻ തലപൊക്കി ചോദിച്ചു… മ്മ്മ്ച്ചും… രണ്ടു പേരും ഒരു പോലെ ഒന്നുമില്ലെന്ന ഭാവത്തിൽ തോളു പൊക്കി… മ്മ്മ്… എന്നാ ഒരു കാര്യം ചെയ്യ്… പോയി റെഡി ആകു രണ്ടും… നമുക്കൊന്ന് ബീച്ചിലൊക്കെ പോയിട്ട് വരാം…

അത്കേട്ടതും രണ്ടിന്റേം മുഖം ബൾബിട്ട പോലെ പ്രകാശിച്ചു… കേട്ട പാതി വിനു റൂമിലേക്ക് ഓടി… ദേവി ആരെയോ വിളിക്കാൻ ഫോൺ എടുത്തു… ഡീ…നീ പോയി ഒരുങ്ങ് ചെല്ല്… ഞാൻ നന്ദുനെ കൂടെ വിളിച്ചോട്ടെ ഏട്ടാ… അവളും ഉണ്ട്… ഏഹ്… ഉണ്ടോ…അവൾ വരുവോ… മ്മ്മ്… അവളും നവിയും ഇപ്പൊ ഇങ്ങ് എത്തും… നവി ഉണ്ടെന്ന് കേട്ടതും അവളുടെ മുഖം ഇരുണ്ടു… അത് അവനു മനസിലാകുകേം ചെയ്തു… അവൾ റെഡി ആകാൻ റൂമിലേക്ക് പോയി… വരുൺ ഒരു ചിരിയോടെ അവിടെ ഇരിക്കുന്ന കൃഷ്ണനോട് സംസാരിക്കാൻ തുടങ്ങി… ആ കടുവേ ഇപ്പൊ എന്തിനാ കെട്ടിയെടുക്കുന്നെ…ഇനി ആ കൊരങ്ങന്റെ മോന്ത കാണണമല്ലോ ഭഗവാനെ… അതും പറഞ്ഞു അവൾ ഒരുങ്ങാൻ തുടങ്ങി… വിനു റെഡി ആയി പുറത്തേക്ക് വന്നതും കണ്ടു നവിയുടെ കാർ മുറ്റത്തേക്ക് കയറുന്നത്… അവന്റെ കാർ കണ്ടതും വരുൺ എണീറ്റു വന്നു… ടാ… അവളോട് പറ വരാൻ… അവർ വന്നു… നമുക്കിറങ്ങാം… അവൻ വിനുനോട് പറഞ്ഞു… വിനു ദേവിയെ വിളിക്കാനായി പോയി… അകത്തേക്ക് വന്ന നന്ദു വരുണിനെ ഒന്ന് നോക്കികൊണ്ട് ദേവിയുടെ മുറിയിലേക്ക് പോയി…

ഇവളെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ…അഹങ്കാരി… അതും ഓർത്തോണ്ട് വരുൺ നവിയുടെ അടുത്തേക്ക് പോയി… എടിയേ… വാതിൽ തുറക്ക്… നിന്നെ പെണ്ണുകാണാൻ ആള് വന്നേക്കുവൊന്നുമല്ല…ഇത്ര അരിഞ്ഞൊണങ്ങാൻ… ബീച്ചിലോട്ടാ പോണേ… വാതിൽ തുറക്കെടി പിത്തക്കാളി… വിനു അവളുടെ വാതിൽ അടിച്ചു പൊളിക്കാൻ തുടങ്ങി… ഓ… നീയത് തല്ലിപ്പൊളിക്കുവോടാ കാലാ… അങ്ങോട്ടേക്ക് വന്ന നന്ദു ചെവിപൊത്തി കൊണ്ട് പറഞ്ഞു… കാലൻ നിന്റെ മറ്റവൻ…ദോ…താഴെ നിൽപ്പുണ്ടല്ലോ…ലവൻ… ഹ്മ്മ്… അപ്പോഴേക്കും ദേവി വാതിൽ തുറന്നു… പോകാം… വിനും നന്ദും അവളെ അടിമുടി ഒന്നു നോക്കി… എന്താ… അല്ല ഇത്രക്ക് ഒരുങ്ങാൻ നിന്നെ അവിടെ ആരേലും കാണാൻ വരുവെന്ന് പറഞ്ഞിട്ടുണ്ടോ… വിനു ചോദിച്ചു… ഉണ്ടെടാ എന്റെ മറ്റവൻ അവിടെ കാണും…വാടി… അതും പറഞ്ഞു ദേവി നന്ദുന്റെ കൈയും പിടിച്ചു താഴേക്ക് പോയി..

ആഹാ എന്നാ ഒന്ന് കാണണം അത്രക്ക്‌ ദാരിദ്ര്യം പിടിച്ചവനെ… അതും പറഞ്ഞോണ്ട് അവനും അവരുടെ പിറകെ താഴേക്ക് പോയി… താഴേക്ക് ചെന്നപ്പോ കണ്ടു മുറ്റത്ത് കാറിന്റെ അടുത്ത് നിന്നു സംസാരിക്കുന്ന വരുണിനേം നവിയേം… അച്ഛാ… ഞങ്ങൾ ഇറങ്ങുവാണേ… അമ്മയോടൂടെ പറഞ്ഞേക്കണേ…പിന്നേ ഞാനില്ലെന്ന് കരുതി അമ്മേടടുത്ത് കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കല്ല് കേട്ടല്ലോ… അവിടെ സോഫയിൽ ഇരുന്ന കൃഷ്ണനോട് പറഞ്ഞ ശേഷം അവൾ മുറ്റത്തേക്കിറങ്ങി…ചുമ്മാതല്ല ഈ ഒരെണ്ണത്തിനു ശേഷം പിറകിന് വേറൊരെണ്ണം കൂടെ വരാഞ്ഞത് എന്ന ഭാവത്തിൽ അയാളെ നോക്കി നിന്ന വിനുനേം നന്ദുനേം നോക്കി കൃഷ്ണൻ ഒന്ന് ഇളിച്ചു…പറ്റിപ്പോയി… കഷ്ടം തന്നെ ചെറിയച്ചാ നിങ്ങടെ കാര്യം… അതും പറഞ്ഞു വിനും നന്ദും ദേവിയുടെ പിറകിന് പോയി… ഹേയ്… ഗൂയ്‌സ്… ഞാനും എന്റെ പിള്ളേരും റെഡി ആയി… പോകാം… അതും പറഞ്ഞു വിനു ഫ്രണ്ടിലത്തെ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയതും വരുൺ പൂച്ചകുഞ്ഞിനെ കഴുത്തിനു പിടിച്ചു പൊക്കി എടുക്കുന്ന പോലെ അവന്റെ ടി ഷർട്ടിന്റെ കോളറിൽ പിടിച്ചു പൊക്കി മാറ്റി… എങ്ങോട്ടാ… നീയും നിന്റെ പിള്ളേരൂടെ ബാക്കിൽ ഇരുന്നാ മതി… അതും പറഞ്ഞോണ്ട് വരുൺ അവിടെ കേറി ഇരുന്ന് ഡോർ അടച്ചു…

അവരെ നോക്കി ഒന്ന് ആക്കിചിരിച്ച ശേഷം നവി ഡ്രൈവിംഗ് സീറ്റിലോട്ട് കേറി… മൂന്നുപേരും മുഖത്തോട് മുഖം ഒന്ന് നോക്കിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ ബാക്കിലേക്ക് കേറി… വണ്ടിയിലിരുന്ന് നവിയും വരുണും കൂടെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടാരുന്നു… വിനു അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ദേവിയേം നന്ദുനേം ഒന്ന് നോക്കി…അവർ എന്താ എന്നുള്ള ഭാവത്തിൽ അവനെ പുരികം പൊക്കി കാണിച്ചു… മ്മ്ച്ചും… അതും പറഞ്ഞു അവൻ രണ്ടു കവിളത്തോട്ടും കൈചേർത്ത് നേരെ നോക്കി ഇരുന്നു… സന്ധ്യക്ക്‌ മുന്നേ അവർ ബീച്ചിലെത്തി… വണ്ടി നിർത്തേണ്ട താമസം നന്ദുവും ദേവിയും വിനുവും കൂടെ അങ്ങോട്ട് ഓടി… വരുണും നവിയും ഒരു ചിരിയോടെ അവർക്ക് പിറകേ നടന്നു… മൂന്നുപേരും അപ്പോഴേ ഓടി വെള്ളത്തിൽ ഇറങ്ങി… തിരമാല വരുന്നതിനനുസരിച്ച് തിരികെ ഓടിയും പരസ്പരം വെള്ളം കോരി എറിഞ്ഞും അവർ മൂന്നുപേരും അവരുടേതായ ലോകത്താരുന്നു… നവിയും വരുണും കൂടെ അവിടെ കണ്ട ഒരു കപ്പലണ്ടി കച്ചവടക്കാരന്റെ കൈയിന്നു കപ്പലണ്ടിയും വാങ്ങി ആ മണൽപ്പരപ്പിലിരുന്ന് കൊറിക്കാൻ തുടങ്ങി…

അസ്തമയ സൂര്യന്റെ ആ ഭംഗി കണ്ടപ്പോൾ അവർക്കൊരു പുത്തനുണർവ് തോന്നി… വരുണിന്റെ കണ്ണുകൾ വിനുന്റെ ദേഹത്തോട്ട് വെള്ളം കോരി ഒഴിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്ന നന്ദുവിൽ ഉടക്കി… അസ്തമയസൂര്യന്റെ ആ വെളിച്ചം അവളുടെ മുഖത്തോട്ട് വീണപ്പോ അവളുടെ സൗന്ദര്യം ഒന്നൂടെ ജ്വലിക്കുന്ന പോലെ അവനു തോന്നി…ആ നിമിഷം അവളെ ചേർത്തുപിടിച്ചു ആ മൂർദ്ധാവിൽ ഒരു ചുംബനമർപ്പിക്കാൻ അവന്റെ ഹൃദയം തുടിച്ചു… പിടച്ചുയരുന്ന അവന്റെ ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ അവൻ നെഞ്ചിലേക്ക് കൈവെച്ചു കണ്ണുകൾ അടച്ചിരുന്നു… ഇതേ സമയം നവിയും നോക്കി കാണുകയായിരുന്നു ദേവിയെ… കുറുമ്പ് കാട്ടി വെള്ളത്തിൽ കളിക്കുന്നവളോട് വല്ലാത്തൊരു വാത്സല്യം അവനു തോന്നി… അവളുടെ കളിചിരികൾ തന്നിൽ സന്തോഷം നിറക്കുന്നതവൻ അറിഞ്ഞു…തനിക്ക് അവളോടുള്ള വികാരം എന്താണെന്ന് ഒരു നിമിഷം അവനു പോലും മനസ്സിലായില്ല…പലപ്പോഴും അവളടുത്ത് വരുമ്പോ എന്താ തനിക്ക്‌ സംഭവിക്കുന്നത്… അവനൊന്നു തല കുടഞ്ഞു…

ശേ… നിങ്ങളെന്താ ഇവിടെ വന്നിരിക്കാനാണോ വന്നത്… വന്നേ… വിനു അതും പറഞ്ഞു നവിയേം വരുണിനേം പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടുപോയി… കുറെ നേരം വെള്ളത്തിൽ കളിച്ച ശേഷം ഇരുട്ട് വീണു തുടങ്ങിയപ്പോ എല്ലാരും തിരികെ കേറി…എല്ലാരുടേം ഡ്രെസ്സൊക്കെ നനഞ്ഞത് കാരണം അവർ കുറച്ചു നേരം കൂടെ അവിടൊക്കെ നടന്നു… എന്നാ പിന്നെ ഇനി നമുക്ക് പോകാം… വരുൺ പറഞ്ഞു… നമുക്ക് ഫുഡും കൂടെ കഴിച്ചിട്ട് പോകാം മാൻ… വിശന്നു കുടല് കരിയുന്നു… വിനു പറഞ്ഞതും ദേവിയും നന്ദുവും അത് ഏറ്റുപിടിച്ചു… അങ്ങനെ അവർ അവിടെ അടുത്ത് തന്നെയുള്ള ബീച്ച്സൈഡ് റെസ്റ്റോറന്റിൽ കയറി…മെനു കിട്ടിയതും വിനുവും നന്ദുവും ദേവിയും കൂടെ കണ്ണിൽ കണ്ടതെല്ലാം ഓർഡർ ചെയ്യാൻ തുടങ്ങി… ഓർഡർ എടുക്കാൻ വന്ന ആൾ വരെ ദയനീയമായി വരുണിനേം നവിയേം നോക്കി… അതിലും കഷ്ടമാരുന്നു അവരുടെ അവസ്ഥ… വരുൺ ദയനീയമായി നവിയെ ഒന്ന് നോക്കി എന്നിട്ട് പോക്കറ്റിലേക്കും…

നവി പറ്റിപോയെന്ന ഭാവത്തിൽ അയാളെ നോക്കി… മൂന്നുപേരും ശ്വാസമെടുക്കാൻ ഒന്ന് നിർത്തിയ നേരത്ത് വരുൺ കണ്ണുകാണിച്ചതും അയാൾ ജീവനും കൊണ്ടു ഓടി… ശോ… തീർന്നില്ലാരുന്നു… എനിക്കൊന്ന് രണ്ട് ഡിഷുകൾ കൂടി ട്രൈ ചെയ്യണമാരുന്നു… താടിക്ക് കൈയും കൊടുത്തുള്ള ദേവിയുടെ പറച്ചിൽ കേട്ടതും ഇതെന്ത് ജീവി എന്നുള്ള ഭാവത്തിൽ നവിയും വരുണും അവളെ നോക്കി… ………….. തുടരും……….. ഇഷ്ടമായാൽ എനിക്ക് വേണ്ടി ഒരു വരി കുറിക്കണേ ❤️