17/04/2026

നീ മാത്രം : ഭാഗം 30

രചന – വൈദേഹി ദേഹി

മഹേശ്വർ വിളിച്ച് പറഞ്ഞത് പ്രകാരം കമ്പനി ഓഫീസിൽ നിന്ന് ഒരു ഫയലും എടുത്തോണ്ട് പുറത്തേക്കിറങ്ങി കാറിലേക്ക് കയറാൻ നിന്നപ്പോഴാണ് ആരുടെയോ വിളി കേട്ട് ശിവ തിരിഞ്ഞു നോക്കിയത്… വരുൺ… തന്നെ നോക്കി കൊണ്ടു കയ്യും കെട്ടി കാറിൽ ചാരി നിൽക്കുന്ന വരുണിനെ കണ്ട് അറിയാതെ തന്നെ ശിവയുടെ വായിൽ ആ പേര് വന്നു…ഒന്ന് പതറി പോയെങ്കിലും അവൻ അത് മറച്ചു ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു… വരുൺ… നീയെപ്പോ വന്നു… വരുൺ ഒന്ന് ചിരിച്ചു… എന്നിട്ട് പതുക്കെ ശിവയുടെ അടുത്തേക്ക് വന്നു… ആഹ് അതെന്ത് മറവിയാടാ… ഞാൻ വന്ന കാര്യം നവി നിന്നോട് പറഞ്ഞെന്നാരുന്നല്ലോ അവൻ എന്നോട് പറഞ്ഞത്… ഇത്ര പെട്ടന്ന് നീ മറന്നു പോയോ… അ… ആഹ് ശെരിയാ ഞാൻ ഓർക്കുന്നുണ്ട്… അവൻ കോളേജിൽ വെച്ചല്ലേ പറഞ്ഞത്… ആഹ്… ശെരിയാ… ഞാനാ കാര്യം അങ്ങ് വിട്ടുപോയി… ഉള്ളിലെ പതർച്ച പുറത്ത് കാണിക്കാതെ അവൻ പറഞ്ഞൊപ്പിച്ചു…

ആഹ് അത് വിട്… പിന്നെ എന്തൊക്കെയുണ്ട് ശിവ വിശേഷങ്ങൾ… വരുൺ ഒരു അർത്ഥം വെച്ചന്ന രീതിയിൽ ശിവയുടെ തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു… ശിവ ഒന്ന് അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി… എന്നിട്ടൊന്ന് ചിരിച്ചു… എന്ത് വിശേഷമാടാ… നവിയെ കണ്ടിരുന്നു ഞാൻ… ഞാനിപ്പോ അവിടെ ആ കോളേജിൽ കേറി… പിന്നല്ല… അങ്ങനെ നീ ഒരു കോളേജ് പ്രൊഫസറും ആയി… പിന്നെന്ത് വേണം… ചിലവുണ്ട് കേട്ടോ… പിന്നെന്താ… എന്നാ ഞാൻ പോട്ടെടാ… ഇത് അച്ഛന് കൊണ്ട് കൊടുക്കണം പെട്ടന്ന്… നമുക്ക് കാണാം… എന്നാ നീ ചെല്ല്… നമുക്ക് കാണാം… കാണണം… അവസാന വാക്ക് ഒന്ന് കനപ്പിച്ച് പറഞ്ഞുകൊണ്ട് അവൻ ശിവയുടെ പുറത്ത് ഒന്ന് തട്ടി…ശിവയുടെ കണ്ണുകൾ ഒന്ന് കുറുകിയെങ്കിലും ഒരു ചിരി വരുത്തി അവൻ ചെന്ന് കാറിൽ കയറി… കാറിൽ ചെന്നിരുന്നതും അവന്റെ മുഖം മാറി…അവന്റെ കണ്ണുകൾ സൈഡ് മിററിൽ കൂടി കാണുന്ന വരുണിന്റെ രൂപത്തിലേക്ക് നീണ്ടു… ഒരു ചിരിയോടെ അവൻ കാറിൽ ചാരി നിന്നുകൊണ്ട് അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു… ശിവ കണ്ണുകൾ മുറുകെ അടച്ചു തുറന്നു…

അവന്റെ കണ്ണുകൾ രക്തവർണമായി… സ്റ്റിയറിങ്ങിൽ കൈകൾ ഞെരിച്ചു കൊണ്ടാവൻ കാർ മുന്നോട്ടെടുത്തു… അവന്റെ പോക്കും നോക്കി നിന്ന വരുണിന്റെ മുഖത്തെ ചിരി മാഞ്ഞു… അവന്റെ മുഖം വലിഞ്ഞു മുറുകി… അവൻ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു… പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്… “NAVI CALLING” അവൻ ഫോൺ അറ്റൻഡ് ചെയ്തു… “ഹലോ… എന്തായെടാ…” അപ്പുറത്ത് നിന്ന് ചോദിച്ച നവിയുടെ ശബ്ദത്തിലെ കനം വരുണിന് മനസ്സിലായി… ഹ്മ്മ്… ശിവസാറിനെ കണ്ട് പരിചയമൊന്ന് പുതുക്കിയിട്ടുണ്ട്… “മ്മ്മ് അപ്പൊ ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം അല്ലെ…” മ്മ് അതെ… “മ്മ്മ് നീ ഇനി പോകുവാണോ തിരിച്ചു ” മ്മ്മ് പോകാനാ… നീ എന്ന വെച്ചോ… പിന്നെ നന്ദുനെ ഞാൻ അങ്ങോട്ട് വിട്ടേക്കാം… “ശെരി…” അതും പറഞ്ഞു നവി ഫോൺ കട്ട്‌ ചെയ്തു… എന്തൊക്കെയോ കരുതി കൂട്ടിയ മുഖത്തോടെ അവൻ ബാൽക്കണിയിലെ ബീൻ ബാഗിലേക്ക് ചാരി കണ്ണുകളടച്ചു… ഫോൺ കട്ട്‌ ചെയ്‌ത ശേഷം വരുൺ ശിവയുടെ കമ്പനിയിലേക്ക് ഒന്ന് നോക്കി… ഒരു പുച്ഛ ചിരിയോടെ അവൻ വണ്ടിയിലേക്ക് കയറി കാർ മുന്നോട്ടെടുത്തു…

എടിയേ… ഇതീന്നു ഇപ്പൊ നീ ഏത് പാട്ടാ കളിക്കാൻ പോണേ… എടുത്തുവെച്ച പാട്ടുകളുടെ ലിസ്റ്റ് നോക്കി കൊണ്ടു വിനു ചോദിച്ചു… ഉച്ച മുതൽ ഇരുന്ന് പാട്ടു തപ്പി തപ്പി ക്ഷീണിച്ച നന്ദും ദേവിയും അത്യാവശ്യം കുറച്ചു നല്ല സോങ്‌സ് കിട്ടിയതും അപ്പോഴേ കട്ടിലിലോട്ട് കിടന്നു… വിനുന്റെ ചോദ്യം കേട്ടതും നന്ദും ദേവിയും തലപൊക്കി… ഇവളാ പാട്ടു സെലക്ട്‌ ചെയ്യുന്നതെങ്കിൽ പിന്നെ ഇത്രേം തപ്പി എടുക്കണ്ട കാര്യം ഉണ്ടോ… നന്ദു വിനുനെ പുച്ഛിച്ചോണ്ട് പറഞ്ഞു… വിനു ആ പേപ്പറിന്ന് കണ്ണു മാറ്റി അവളെ നോക്കി… ഞാൻ നിന്നോടല്ലല്ലോ ചോദിച്ചേ… എന്റെ അനിയത്തിയോടല്ലേ… ഞാൻ അവളോട് എനിക്ക് സൗകര്യമുള്ളത് ചോദിക്കും… നീയാരാടി ചോദിക്കാൻ… ആഹാ… നിന്റെ അനിയത്തിയാണെലെ അവൾ എന്റെ അപ്പച്ചിടെ മോളു കൂടിയാ… അതിനു ഞാനിപ്പോ എന്ത് വേണം എഴുന്നേറ്റ് തലേം കുത്തി നിക്കണോ… വിനു കട്ടിലിലോട്ട് മുട്ടേൽ നിന്നു കൊണ്ടു ചോദിച്ചു… നന്ദു അവനു നേരെ മുട്ടേൽ എഴുന്നേറ്റു നിന്നു…

ആഹ്…നിക്കണമെടാ നിക്കണം… പ്ഫാ… നിന്റെ മറ്റവനോട് പപോയി പറയെടി നിക്കാൻ… എന്നാ നീ പോയി നിന്റെ ചേട്ടനോട്… ആ കള്ള ഡോക്ടറോട് പോയി പറയെടാ… ദേവി ആണേ രണ്ടിന്റേം അടിയുടെ ഇടക്ക് കിടന്ന് ഒന്നും കേൾക്കാണ്ടിരിക്കാൻ ഒരു തലയിണ തലവഴി വെച്ചു… ഓ അതൊക്കെ ബല്യ ബുദ്ധിമുട്ടല്ലേ… ഞാൻ വേണേ ആ ശിവയോട് പോയി പറയാം… വേണോ… അത് പറഞ്ഞത് മാത്രേ അവനോർമ ഉണ്ടാരുന്നുള്ളു… തലക്ക് എന്തോ കനത്തിൽ വന്നു കൊണ്ടു അവൻ പുറകോട്ട് വീണു… മുഖത്ത് വെള്ളം വീണപ്പോഴാണ് പിന്നെ അവനു ബോധം വീണത്…ആദ്യം അവനൊന്നും മനസ്സിലായില്ല… എന്തോ അവളോട് പറഞ്ഞത് മാത്രേ അവനോർമ ഉണ്ടാരുന്നുള്ളു… പിന്നെ ചെവിയിലാകെ ഒരു മൂളൽ പോലെ…അവൻ കണ്ണു നേരെ നോക്കിയപ്പോ കണ്ടു കയ്യിൽ വെള്ളവും പിടിച്ചോണ്ട് നിൽക്കുന്ന ദേവിയേം തൊട്ടപ്പുറത്തു അവനെ നോക്കി ദഹിപ്പിച്ചോണ്ട് നിൽക്കുന്ന നന്ദുനേം… അവൻ ഒന്ന് സൈഡിലേക്ക് നോക്കിയപ്പോ കണ്ടു രാവിലെ നന്ദു ചുക്ക് കാപ്പി കുടിച്ച സ്റ്റീൽ ഗ്ലാസ്സ് കിടക്കുന്നത്…

അപ്പൊ അതാരുന്നോ റോക്കറ്റ് പോലെ എന്തോ ഒന്ന് പറന്നു വന്നത്…അവൻ പതുക്കെ എണീറ്റിരുന്നു… തല ഒന്ന് കുടഞ്ഞു… ഡാ… നീ ചത്തില്ലാരുന്നോ… ഞാൻ വിചാരിച്ചു കൊലപാതകത്തിന് സാക്ഷി പറയേണ്ടി വരുമെന്ന്… പ്ഫാാ… അവന്റെ ഒറ്റ ആട്ടിനു ദേവി നന്ദുന്റെ അപ്പുറത്തെത്തി… എന്റെ പുക കാണാൻ കാത്തിരിക്കുവാ അല്ലേടി നീയൊക്കെ… ഈൗ… ദേവി ഒന്ന് ഇളിച്ചു കാണിച്ചു…അവൻ ഒന്ന് ഇടങ്കണ്ണിട്ട് നന്ദുനെ ഒന്ന് നോക്കി…കൊച്ചന് ജീവനിൽ കൊതി ഉണ്ടേ… അവന്റെ പേരൊന്നു പറഞ്ഞേനാണോടി നീ എന്നെ കൊല്ലാൻ നോക്കിയത്…പാവം എന്റെ കല്യാണം കഴിക്കാത്ത ഭാര്യേം ജനിക്കാത്ത പിള്ളേരും അനാഥരായി പോയേനെ… അവന്റെ പറച്ചിൽ കേട്ടതും ഇതെന്ത് ജീവി എന്ന മട്ടിൽ ദേവി അവനെ ഒന്ന് അടിമുടി ഉഴിഞ്ഞു നോക്കി… ആ അലവലാതിടെ പേര് വല്ലോം പറഞ്ഞാൽ നിന്നെ കൊല്ലുകയല്ല പച്ചക്ക് കത്തിക്കും ഞാൻ… അതും പറഞ്ഞവൾ ആ സ്റ്റീൽ ഗ്ലാസ്സ് എടുത്ത് ഒന്നുടെ അവനിട്ടു ഓങ്ങി… ഇയ്യോ… ഒരു നിമിഷം അവൻ തല പൊത്തി പിടിച്ചോണ്ട് ചുരുണ്ടു…

അനക്കമൊന്നും കേൾക്കാഞ്ഞോണ്ട് അവൻ പതിയെ ഒരു കണ്ണു തുറന്നു നോക്കി… അവനെ തറപ്പിച്ചോന്ന് നോക്കിട്ട് നന്ദു ആ ഗ്ലാസ്സ് കട്ടിലിലേക്കിട്ടു… ശവം… അവൾ അതും പറഞ്ഞു അവന്റെ അപ്പുറത്തേക്ക് ഇരുന്നു… ഭാഗ്യം… തല പോയില്ല… അവൻ അവളേം ആ ഗ്ലാസും മാറി മാറി നോക്കിട്ട് പതിയെ നേരെ ഇരുന്നു… ദേവിമോളെ… ചേട്ടന് ഒരു ഗ്ലാസ്സ് വെള്ളം എടുത്തോണ്ട് വാടി… തലക്ക് വല്ലാത്തൊരു പെരുപ്പ്… അതും പറഞ്ഞവൻ തല ഒന്നു കുടഞ്ഞു… വേണേ തന്നെ പോയി എടുത്ത് കുടിക്കെടാ…നീ വാ… അതും പറഞ്ഞു ദേവി നന്ദുനേം വിളിച്ചോണ്ട് പോയി… അഹങ്കാരി… വന്നു വന്നു മുതിർന്നവരെ ഒരു ബഹുമാനോം ഇല്ല… അവർ പോയ വഴിയേ നോക്കികൊണ്ട് അവൻ പറഞ്ഞു… ദേവിയും നന്ദും താഴെ വന്നപ്പോ കണ്ടു ഉമ്മറത്തിരുന്നു കാര്യം പറയുന്ന കൃഷ്ണനേം ലക്ഷ്മിയമ്മേം ഗായത്രിയേം… അവർ അങ്ങോട്ട് ചെന്നിരുന്നു… ലക്ഷ്മിയമ്മ ഒരു ചിരിയോടെ നന്ദുന്റെ തലയിൽ തഴുകി…അതും കണ്ടോണ്ടാണ് വരുൺ പുറത്തുന്നു കയറി വന്നത്… അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി മിന്നിമാഞ്ഞു… തലവേദന കുറഞ്ഞോ മോളെ… അവർ അവളോട് ചോദിച്ചു…

മ്മ്മ്… മാറി അച്ഛമ്മേ… ഹ്മ്മ്… അവൾക്കെന്ത് തലവേദന… അവൾ കാരണം ബാക്കിയുള്ളവർക്കാ തലവേദന… അതും പറഞ്ഞു തല തിരുമ്മി കൊണ്ടു വിനു അങ്ങോട്ട് വന്നിരുന്നു… അവന്റെ വരവ് കണ്ട് ദേവിക്ക് ചിരി വന്നു… നന്ദു ആണേ അവനെ മൈൻഡ് ചെയ്യാൻ പോയില്ല…വരുൺ ഏറുകണ്ണിട്ട് നന്ദുനെ ഒന്ന് നോക്കി… അവൾ പിന്നെ അങ്ങനെ ഒരാളെ അവിടെ ഇരുപ്പില്ലെന്ന മട്ടിലാരുന്നു… ഡീ… ബാ നിന്നെ ഞാൻ കൊണ്ടുവിടാം അങ്ങോട്ട്… അതും പറഞ്ഞോണ്ട് ദേവി എണീറ്റു… പിറകിനു നന്ദും… പെട്ടന്ന് വരുൺ അച്ഛമ്മേ ഒന്ന് നോക്കി…അവർ അവനെ നോക്കി കണ്ണടച്ചു കാണിച്ചു… നീ ഇപ്പൊ വണ്ടിയും എടുത്തൊന്നും പോകണ്ട… ദാ വരുൺ അങ്ങോട്ടാ… അവനു നവിമോനെ കാണാൻ പോകണോന്ന് പറയുന്ന കേട്ടാരുന്നല്ലോ… അല്ലേടാ… എപ്പോഴും എപ്പോഴും ആ കടുവേ കാണാൻ അങ്ങേരെന്താ വരുണേട്ടന്റെ ഭാര്യയോ… ഹ്മ്മ്… ദേവി മനസ്സിൽ പറഞ്ഞു… ആഹ് അച്ഛമ്മേ… ഞാനിപ്പോ ഇറങ്ങുവാ… നന്ദു ദയനീയമായി ദേവിയെ ഒന്ന് നോക്കി…

അവൾ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു… വിനുനെ നോക്കിയപ്പോ നിനക്ക് അങ്ങനെ തന്നെ വേണമെടി എന്ന മട്ടിൽ ആക്കി ഒന്നു ചിരിച്ചു… പോടാ തെണ്ടി… അവൾ അവനെ നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു… എന്ന പോയിട്ട് വരാം… വരുൺ അതും പറഞ്ഞോണ്ട് മുറ്റത്തേക്ക് ഇറങ്ങി… എന്ന ചെല്ല് നന്ദു… ബാഗും എടുത്തോ… ഗായത്രി പറഞ്ഞു… ആഹ് അപ്പേ… അതും പറഞ്ഞു നന്ദു ചെന്ന് ബാഗും എടുത്തോണ്ട് ദേവിയേം വിനുനേം ഒന്ന് നോക്കി വരുണിന്റെ പിറകെ പോയി… എവിടെ കയറണമെന്ന് അവൾക് സംശയം ഉണ്ടാരുന്നെങ്കിലും രണ്ടും കല്പിച്ചവൾ മുന്നിൽ കയറി…നന്ദു വന്നു കയറിയതും അവൻ വണ്ടി മുന്നോട്ടെടുത്തു…അവർ പോയെന്ന് കണ്ടതും കൃഷ്ണനും ഗായത്രിയും ലക്ഷ്മിയമ്മയും കൂടെ സംസാരം തുടർന്നു… ഈശ്വരാ വെടിമരുന്നും തീപ്പെട്ടിയും കൂടെ ഒന്നിച്ചാ പോണേ… കാത്തോണേ… വിനു നെഞ്ചത്ത് കൈവെച്ചുകൊണ്ട് മുകളിലേക്ക് നോക്കി പറഞ്ഞു… ദേവി വണ്ടി പോയ വഴിയേ നോക്കികൊണ്ട് പതുക്കെ തലയാട്ടി… ……………. തുടരും…………..