23/04/2026

നീ മാത്രം :ഭാഗം 18

രചന – വൈദേഹി ദേഹി

പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് നന്ദുനും ദേവിക്കും ക്ലാസ്സുണ്ടാരുന്നില്ല…രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞു നവി ഗോപിയുടെ കൂടെ പറമ്പിലേക്ക് ഇറങ്ങി…അച്ഛനെ പോലെ തന്നെ ഒഴിവുസമയങ്ങളിൽ നവിക്കും പറമ്പിലേക്കിറങ്ങി കൃഷി ഒക്കെ നോക്കുന്നത് ഇഷ്ടമായിരുന്നു…നന്ദുവാണേ ഫോണിൽ നോക്കി ആകെ ബോർ അടിച്ചിരുന്നപ്പോഴാണ് അങ്ങോട്ട് ചെല്ലാനെന്നും പറഞ്ഞു ദേവി വിളിച്ചത്…അവൾ പെട്ടന്ന് തന്നെ റെഡി ആയി മാലതിയോടും ഗോപികയോടും പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി… നിന്നെ നിന്റെ വീട്ടീന്ന് അങ്ങ് അഴിച്ചു വിട്ടേക്കുവാന്നോ… ഏത് നേരോം ഇവിടെ തന്നെ ആണല്ലോ… അകത്തേക്ക് കാലെടുത്തു വെച്ചതും കേട്ടു ഒരു അശരീരി… ഇതിപ്പോ എവിടുന്നാ ഈ വൃത്തികെട്ട ശബ്ദം എന്നും ആലോചിച്ചു കേറാൻ നിന്ന ആ നിൽപ്പിൽ അവൾ ചുറ്റിനും നോക്കി…

നോക്കിയപ്പോ കണ്ടു സോഫയിൽ കാലും കയറ്റി വെച്ചു ഫോണും കയ്യിൽ പിടിച്ചു അവളെ നോക്കി പുച്ഛിക്കുന്ന വിനുനെ… ഓഹ് ഈ വേട്ടവളിയൻ ആരുന്നോ… എന്ത്… വല്ലോം മൊഴിഞ്ഞാരുന്നോ… പറയാൻ സൗകര്യമില്ലെഡാ ചട്ടിത്തലയാ… കൊച്ചു മനസ്സിൽ ഒന്ന് ആത്‍മഗതിച്ചോണ്ട് അവനെ മൈൻഡ് ചെയ്യാതെ അടുക്കളയിലോട്ട് പോയി… അഹങ്കാരി… ഒരു മുതിർന്ന പുരുഷൻ ഇവിടെ ഇരുന്നിട്ട് ഒരു ബഹുമാനോം ഇല്ലാണ്ട് പോണ കണ്ടില്ലേ…ശെരിയാക്കി തരാടി നിന്നെ… എന്നും പറഞ്ഞോണ്ട് അവൻ അവളുടെ പിറകെ അടുക്കളയിലോട്ട് പോയി… ഡീ… ഗായത്രി കൊടുത്ത ഇലയട മുറിച്ച് വായിലേക്ക് വെക്കാൻ തുടങ്ങിയപ്പോഴാണ് വിനു വന്നു അലറിയത്…ഞെട്ടിപ്പോയ നന്ദുന്റെ കയ്യിന്ന് അട താഴെ പോയി…

അവൾ അവനെ കലിപ്പിച്ചൊന്ന് നോക്കി… എന്താഡാ… അ… അതുപിന്നെ… ആഹാ… നിനക്കിത്രക്ക് അഹങ്കാരമോ… നീ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ… കണ്ടെങ്കിൽ… ഒരു വീട്ടിലേക്ക് കയറി വരുമ്പോ അവിടെ ഒരു മുതിർന്ന പുരുഷൻ ഇരിക്കുന്നത് കണ്ടാ അറ്റ്ലീസ്റ്റ് ഒന്ന് നോക്കുകയെങ്കിലും വേണം… ഞാൻ നോക്കിയല്ലോ… നീ കണ്ടില്ലേ… മനസ്സിൽ തെറി വിളിച്ചോണ്ടല്ലേടി കാർക്കോഡകേ നീ നോക്കിയേ… അതേ… ചെറിയമ്മേ… ദേണ്ടെ ഇവൾ പറയുന്നത് കേട്ടോ… കൊച്ചുപിള്ളേർ ചാടിത്തുള്ളിക്കൊണ്ട് പരാതി പറഞ്ഞു ചിണുങ്ങുന്ന പോലെ അവൻ നന്ദുനെ ചൂണ്ടികൊണ്ട് ഗായത്രിയോട് പറഞ്ഞു… ഗായത്രി അവന്റെ കയ്യിൽ ഒരു കുഞ്ഞു അടി വെച്ചുകൊടുത്തിട്ട് ചിരിച്ചോണ്ട് ജോലി തുടർന്നു… അവന്റെ കാട്ടിക്കൂട്ടൽ കണ്ട് നന്ദുന്റെ കണ്ണുതള്ളിപ്പോയി… ഈശ്വരാ… ഇതിനെ ഇപ്പൊ lkg യിലാണോ ഒന്നാം ക്ലാസ്സിലാണോ ചേർക്കേണ്ടേ…നന്ദു തലയ്ക്കു കൈകൊടുത്തു… എന്താടി… കുന്തം… ചുമ്മാ അല്ലേടാ നിന്നെ ദേവി മന്ദബുദ്ധിന്ന് വിളിക്കുന്നെ… അതും പറഞ്ഞു അവൾ ദേവിയുടെ റൂമിലേക്ക് പോയി… ആഹാ…അങ്ങനെ അങ്ങ് പോയാലെങ്ങനാ… അതും പറഞ്ഞവൻ അവളുടെ പിറകിന് പോയി…

ഈ പിള്ളേരുടെ ഒരു കാര്യം… ഗായത്രി അവരെ തിരിഞ്ഞൊന്ന് നോക്കി ചിരിച്ചോണ്ട് തന്റെ പണി തുടർന്നു… റൂമിലോട്ട് ചെന്ന നന്ദു കണ്ടു കണ്ണാടിയിൽ നോക്കി കണ്ണെഴുതുന്ന ദേവിയെ… ഒരു വൈറ്റ് കളർ ഫ്രോക്ക് മോഡൽ ഡ്രസ്സ്‌ ആണ് വേഷം…നീളൻ മുടി അഴിച്ചിട്ടു ഒരു ബോ വെച്ചിട്ടുണ്ട്… ഡ്രെസ്സിനു ചേരുന്ന വൈറ്റ് കളർ ഇയർറിങ്‌സും ഇട്ടിട്ടുണ്ട്… നന്ദു അനങ്ങാണ്ട് പതിയെ നടന്നു ദേവിയുടെ പിന്നിൽ ചെന്ന് കണ്ണാടിയിൽ കൂടെ നോക്കി അവളോട് പറഞ്ഞു… ചുന്നരി ആയല്ലോ…ഏട്ടൻ കാണണ്ട… പതിഞ്ഞ സൗണ്ടിൽ അതും പറഞ്ഞു കൊണ്ട് അവളാ കട്ടിലിലേക്കിരുന്നു… അല്ലേലും ഞാൻ നിന്റെ ഏട്ടനെ കാണിക്കാൻ അല്ല പോണേ… ദേവി തിരിഞ്ഞു നിന്ന് അവളോട് അതും പറഞ്ഞു കൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കി കണ്ണെഴുതാൻ തുടങ്ങി… ഓഹ്… അപ്പോഴാണ് വിനു അങ്ങോട്ട് വന്നത്… അവനെ കണ്ടതും നന്ദു ഒന്ന് പുച്ഛിച്ചു… ദേ വന്നല്ലോ അമൂൽ ബേബി… അമൂൽ ബേബി നിന്റെ കെട്ടിയോനാടി മഞ്ഞത്തവളെ… അതും പറഞ്ഞോണ്ട് അവൻ അവൾക് എതിർവശത്തായിട്ട് കട്ടിലിൽ ഇരുന്നു… പോടാ പട്ടി… എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ലോ… അവൾ അവനു നേരെ മുട്ടിൽ കുത്തി നിന്നു കൊണ്ട് പറഞ്ഞു…

പറഞ്ഞ നീ എന്ത് ചെയ്യുമെടി… അവനും അത് പോലെ തന്നെ അവൾക്കു നേരെ നിന്നു… ഓ… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…ഏത് നേരോം കിടന്ന് അലച്ചോണം… കയ്യിലിരുന്ന ഐക്കോണിക്ക് കാജൽ ആ ഡ്രെസ്സിങ് ടേബിളിലേക്ക് എറിഞ്ഞിട്ട് തിരിഞ്ഞു നിന്ന് രണ്ടുപേരോടുമായിട്ട് പറഞ്ഞു… വിനും നന്ദും പരസ്പരം നോക്കി പുച്ഛിച്ചുകൊണ്ട് മുഖം തിരിച്ചു… ഡാ… നീ റെഡി ആയിട്ട് നിക്കുവാണോ… ദേവി അവനോട് ചോദിച്ചു… എനിക്ക് മറ്റുള്ളവരെ പോലെ കൃത്രിമ സൗന്ദര്യം ഒന്നും ഉണ്ടാക്കി അരിഞ്ഞൊണങ്ങി നടക്കേണ്ട ആവിശ്യം ഇല്ല… ജന്മനാ സൗന്ദര്യം ഉള്ളത്കൊണ്ട് ഞാൻ ആദ്യമേ റെഡി ആയി… വിനു നന്ദുനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു… നന്ദു അവനെ ഒന്ന് നോക്കിട്ട് ഒക്കാനിക്കുന്ന പോലെ കാണിച്ചു… അവളെ നോക്കി എന്തോ പറയാൻ ആയിട്ട് വന്ന വിനുന്റെ വാ പൊത്തികൊണ്ട് ദേവി അവനെ കട്ടിലിൽ നിന്നു വലിച്ചിറക്കി… നീ ഇങ്ങു വന്നേ… ഇനിം ഇവിടെ നിന്നാൽ നമ്മൾ ലേറ്റ് ആകും…

ഡീ മിണ്ടാതെ എണീറ്റു വന്നേ… പോകാം… ആഹ്…വരുന്നു… വിടെടി എന്നെ… അതും പറഞ്ഞു ദേവിയുടെ കൈ വിടുവിച്ചു അവൻ മുന്നേ നടന്നു… വിനു ദേവിയുടെ വണ്ടി എടുത്തു… ദേവി നന്ദുന്റെ വണ്ടിയുടെ പിന്നിൽ കേറി… മൂന്നുപേരുടെ സൺറൈസ് മാളിലേക്കാണ് പോയത്… ആദ്യം കേറിയത് ബാസ്കിൻ റോബിൻസിലേക്കാണ്… മൂന്നുപേരും അവരവരുടെ ഫേവറിറ്റ് ഐസ്ക്രീമും വാങ്ങി സെൽഫി എടുക്കാൻ തുടങ്ങി… കഴിക്കാൻ എന്തെങ്കിലും വാങ്ങിയാൽ പിന്നെ സെൽഫി മുഖ്യം ബിഗിലെ… ഡാ… നിനക്കെന്തൊക്കെയോ ഡ്രസ്സ്‌ വാങ്ങണമെന്ന് പറഞ്ഞല്ലോ… എന്നിട്ട് വാങ്ങുന്നില്ലാ?… കഴിച്ചോണ്ട് നടക്കുന്നതിനിടയിൽ ദേവി വിനുനോട് ചോദിച്ചു… മം… മ്മ്മ്… വാങ്ങണം… അങ്ങോട്ട് കേറാം… അപ്പുറത് കാണുന്ന ട്രെൻന്റ്സിന്റെ ഔട്ട്ലെറ്റിലേക്ക് ചൂണ്ടി വിനു പറഞ്ഞു… അങ്ങനെ മൂന്നുപേരുടെ അവിടോട്ട് കേറി… വിനു ജന്റ്സ് സെക്ഷനിലേക്ക് പോയി… ദേവിയും നന്ദുവും കൂടെ ചുമ്മാ അവിടുള്ള ഡ്രെസ്സുകൾ നോക്കാൻ തുടങ്ങി… വാങ്ങിയില്ലേലും കടയിൽ കേറിയാൽ പിന്നെ കാണുന്ന ഡ്രസ്സ്‌ എല്ലാം വെച്ചു നോക്കാതെ ഒരു സമാദാനവും ഇല്ലെന്നേ… അങ്ങനെ നോക്കികൊണ്ടിരുന്നപ്പോഴാണ് തന്നെ ആരോ ശ്രെദ്ധിക്കുന്ന പോലെ നന്ദുന് തോന്നിയത്…

അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ച ശേഷം ചുറ്റിനും ഒന്ന് നോക്കി…പക്ഷെ ആരെയും കാണാൻ സാധിച്ചില്ല… തനിക്കു വെറുതെ തോന്നിയതാവും എന്ന് കരുതി നന്ദു പിന്നേം ഡ്രസ്സ്‌ തിരയാൻ തുടങ്ങി…എന്നാൽ പിന്നെയും അത്പോലെ ആരോ നോക്കികൊണ്ട് നിൽക്കുന്ന പോലെ അവൾക്കു തോന്നി…നന്ദുന്റെ മനസ്സാകെ അസ്വസ്ഥമാകാൻ തുടങ്ങി… മനസ്സ് അകാരണമായി പിടക്കുന്ന പോലെ…അവൾ കണ്ണൊന്നടച്ച് ശ്വാസം വലിച്ചൊന്ന് വിട്ടു… എന്നിട്ട് ദേവിയുടെ അടുത്തേക്ക് പോയി… ഡീ… ഇതെങ്ങനെ ഉണ്ട്… കൊള്ളാമോ… ഒരു പിങ്ക് കളർ കുർത്തയും പിടിച്ചോണ്ട് നിൽക്കുന്ന ദേവിയെ കണ്ടപ്പോ മനസ്സിൽ ഒരു ധൈര്യം വന്നതുപോലെ തോന്നി നന്ദുന്… മ്മ്മ് കൊള്ളാം…ഇത് അടിപൊളി ആണ്… നന്ദു ചിരിച്ചോണ്ട് പറഞ്ഞു… ആണല്ലേ… എനിക്കും തോന്നി…വിനുട്ടനെ കൊണ്ട് വാങ്ങിപ്പിക്കാം… അതും പറഞ്ഞു ആ മോഡൽ ഒരെണ്ണം കൂടെ എടുത്തോണ്ട് ദേവി നടന്നു… ഡീ… നീയെന്തിനാ ഒരുപോലത്തെ രണ്ടെണ്ണം എടുത്തേ… നീയെടുത്തത് തന്നെ അല്ലെ മറ്റേതും… അപ്പൊ നിനക്ക് വേണ്ടേ… വേണ്ടെടി… എനിക്കിപ്പോ ഉണ്ടല്ലോ… അയ്യടാ… അത് പറ്റില്ല… ആ ഡ്രസ്സ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു…

നിനക്കും അത് നന്നായിട്ട് ചേരും… നമുക്ക് രണ്ടിനും ഒരുപോലത്തെ വാങ്ങാം… അതും പറഞ്ഞോണ്ട് ദേവി ബില്ലിംഗ് സെക്ഷനിൽ നിൽക്കുന്ന വിനൂന്റെ അടുത്തേക്ക് പോയി… നന്ദു ഒരു ചിരിയോടെ അവളുടെ പോക്ക് നോക്കി നിന്നു… ബില്ല് അടച്ച ശേഷം കവറുകളുമായി തിരിഞ്ഞ ദേവിയും വിനുവും നന്ദുനെ നോക്കിയിട്ട് കണ്ടില്ല…അവർ ചുറ്റിനും നോക്കി… ഏഹ്… ഇവളിത് ഇങ്ങോട്ട് പോയി… ഇപ്പൊ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ… ദേവി പറഞ്ഞു… നീ വന്നേ… അതും പറഞ്ഞോണ്ട് വിനു ദേവിയുടെ കയ്യും പിടിച്ചോണ്ട് പുറത്തേക്ക് നടന്നു… പുറത്തേക്കിറങ്ങിയപ്പോ അവർ കണ്ടു ഷോപ്പിന് മുന്നിൽ ഹാൻഡ്റെയിൽസിൽ പിടിച്ചു താഴേക്കു നോക്കിനിൽക്കുന്ന നന്ദുനെ… ഡീ… നിന്നെ ഞങ്ങൾ എവിടൊക്കെ നോക്കി… നീ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ… അവളുടെ അടുത്തേക്ക് വന്ന ദേവി നന്ദുനോട് ചോദിച്ചു… വിനുവും സംശയത്തിൽ അവളെ നോക്കി… ഏയ് ഒന്നുല്ലെടി… എനിക്കെന്തോ അകത്തു നിന്നപ്പോ ആരോ എന്നെ തന്നെ നോക്കുന്ന പോലെ… അതാ ഞാൻ പുറത്തോട്ട് ഇറങ്ങി നിന്നെ… വിനുവും ദേവിയും പരസ്പരം നോക്കി…

നന്ദുന്റെ ശബ്ദവും മുഖവും കണ്ടപ്പോ തന്നെ അവർക്ക് മനസ്സിലായി അവൾ വല്ലാതെ ഭയന്നിട്ടുണ്ടെന്ന്… ഓഹ് പിന്നെ… നിന്നെ തന്നെ നോക്കി കൊണ്ട് നിൽക്കാൻ നീയാര് ഐശ്വര്യ റായിയോ… വിനു അവളെ നോക്കി പുച്ഛിച്ചു… നന്ദുന്റെ മുഖം മാറി അവിടെ ദേഷ്യം നിറഞ്ഞു… ആഹ് ഡാ അതിനു നിനക്കെന്താ… കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ അങ്ങനെ ആരേലും നോക്കിന്നൊക്കെ ഇരിക്കും…നീ വാടി… അതും പറഞ്ഞു നന്ദു ദേവിയുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു…ദേവി തിരിഞ്ഞു അവനെ ഒന്ന് നോക്കി…ഒരു കുസൃതുചിരിയോടെ അവൻ ദേവിയെ ഒന്ന് നോക്കി കണ്ണിറുക്കികൊണ്ട് അവരുടെ പിറകെ നടന്നു…പെട്ടന്ന് അവനൊന്നു നിന്നു…അവന്റെ മുഖത്തെ ചിരി മാഞ്ഞു അവിടെ ഗൗരവം നിറഞ്ഞു…അവന്റെ മനസ്സിലൂടെ നന്ദു പറഞ്ഞത് കടന്നുപോയി…അവൻ തിരിഞ്ഞു നിന്ന് ചുറ്റിലും ഒന്ന് നോക്കി… പ്രത്യേകിച്ചു ഒന്നും കാണാത്തതുകൊണ്ട് അവൻ തിരികെ നന്ദുന്റെയും ദേവിയുടെയും പിറകെ പോയി… ഈ സമയം അവരെ തന്നെ നോക്കികൊണ്ട്‌ നിന്ന ശിവയുടെ കണ്ണുകളിൽ പക നിറഞ്ഞു… അവനൊരു പുച്ഛ ചിരിയോടെ അവരെ നോക്കി മീശപിരിച്ചോണ്ട് അവിടെ നിന്നു പോയി…

ദേവിയും നന്ദും വിനും കൂടെ നേരെ പോയത് ഫുഡ്‌ കോർട്ടിലേക്കാരുന്നു… അവിടെ ചെന്ന് ആളൊഴിഞ്ഞ കോണിൽ അവർ ഇരുന്നു… ദേവിയും നന്ദുവും ഒരു സൈഡിലും എതിർവശത്തായിട്ട് വിനുവും ഇരുന്നു… എനിക്ക് മിക്സഡ് ഫ്രൈഡ്രൈസും ചില്ലിചിക്കനും ഒരു ഫലൂദയും… അത് മതി…ഡി നിനക്കെന്തുവാ വേണ്ടേ… മെനു നോക്കികൊണ്ടുള്ള ദേവിയുടെ പറച്ചിൽ കേട്ട് നന്ദുന്റെ കണ്ണുതള്ളിപ്പോയി… ഡീ… നീയിതെല്ലാം കൂടെ ഒറ്റക്ക് തിന്നുവോ… പിന്നല്ലാണ്ട്… ഭയങ്കര വിശപ്പ്… സുഭാഷ്… ദൈവമേ ഇവൾ വയറു വാടകക്ക് എടുത്ത് വന്നേക്കുവാന്ന് തോന്നുന്നല്ലോ… വിനു മുകളിലോട്ട് നോക്കി പറഞ്ഞു… ദേവി അവനെ നോക്കി കണ്ണുരുട്ടി… ഇനി നീ കൂടെ പറ… അതൂടെ ബാക്കിയുള്ളു… അവൻ നന്ദുനെ നോക്കി പറഞ്ഞു… എനിക്ക് കുഴിമന്തി… ആഹ് നിനക്ക് പറ്റിയത് അത് തന്നാ… കുഴിമങ്കി… അത് നീ തന്നെ അങ്ങ് കഴിച്ചാൽ മതി… ആഹ് ഇനി അതൂടെ ഉള്ളു കേറ്റാൻ…അതൂടെ എന്റെ നെഞ്ചത്തോട്ട് വെക്ക്… ഓഹ്… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… ഡാ പോയി ഓർഡർ കൊടുത്തിട്ട് വാ… ഹ്മ്മ്… ഒന്ന് അമർത്തി മൂളി നന്ദുനെ നോക്കിപേടിപ്പിച്ചോണ്ട് അവൻ ഓർഡർ കൊടുക്കാൻ പോയി…

അപ്പോഴാണ് നന്ദുന്റെ ഫോൺ ബെൽ അടിച്ചത്… അവൾ എടുത്ത് നോക്കി… “ETTAN CALLING” അവൾ കാൾ അറ്റൻഡ് ചെയ്തു… ഹലോ ഏട്ടാ… “ഹലോ നിങ്ങൾ എവിടായി…” ഞങ്ങൾ ദാ ഫുഡ്‌ കോർട്ടിൽ ഇരിക്കുവാ ഏട്ടാ… കഴിച്ചിട്ട് ഇറങ്ങും… അപ്പോഴാണ് വിനു അങ്ങോട്ട് വന്നത്… ഇവളിത് ആരോടാ കത്തി വെക്കുന്നെ… വിനു ദേവിയോട് ചോദിച്ചു… കടുവയോട്… ദേവിയുടെ മറുപടിയിൽ വിനു ചിരിച്ചു… ഫോൺ കട്ട്‌ ആയില്ലന്ന് നന്ദു ദേവിയെ കണ്ണുകാണിച്ചു… അയിന്… ഫോണിൽ കൂടെ നന്നായി തന്നെ നവി അത് കേട്ടു… അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു… എ… ഏട്ടാ… കേൾക്കുന്നുണ്ടോ… “ആഹ് മോളെ… എന്നാൽ ശെരി… ഞാൻ വെക്കുവാ…” മ്മ്മ്… അതും പറഞ്ഞവൾ ഫോൺ കട്ട്‌ ആക്കി… നിനക്ക് വല്ല കാര്യവുമുണ്ടാരുന്നോ അങ്ങനെ പറയാൻ…ഏട്ടൻ കേട്ടു കാണും… നന്ദു ദേവിയോട് പറഞ്ഞു… ഓഹ് പിന്നെ കേട്ടാലിപ്പോ എന്താ…എനിക്കാരേം പേടിയില്ല… ആ കടുവേ പ്രത്യേകിച്ചു… ഉവ്വുവ്വേ… അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും… എന്നും പറഞ്ഞു ചിരിച്ചോണ്ട് വിനും നന്ദും കൂടെ ഹൈഫൈ കൊടുത്തു..

ഹ്മ്മ്…കുറച്ചു മുൻപ് വരെ തമ്മിൽ തല്ലികൊണ്ടിരുന്ന കക്ഷികളാ… ഇപ്പൊ നോക്ക്… അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ എത്തി…പിന്നെ പിള്ളേരുടെ ഫുൾ കോൺസെൻട്രേഷൻ അതിലായി…ഫുഡ്‌ അടി കഴിഞ്ഞു അവർ മാളിൽ നിന്നുമിറങ്ങി ബീച്ചിലും പോയ ശേഷമാണു അവർ മൂന്നുപേരുടെ ചെമ്പകത്തേക്ക് പോയത്… അകത്തേക്ക് കയറിയുടനെ മാലതിയമ്മേ എന്നും വിളിച്ചു കൊണ്ട് വിനു അടുക്കളയിലേക്ക് പോയി…നന്ദു അവളുടെ മുറിയിലേക്കും… ദേവിക്ക് നല്ലോണം ദാഹിച്ചത് കൊണ്ട് അവിടെ ടേബിളിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ച ശേഷമാണു മുകളിലേക്ക് കയറിയത്…സ്റ്റൈയർ കയറി നന്ദുന്റെ റൂമിലേക്ക് കയറാൻ ആഞ്ഞതും രണ്ടു കൈകൾ വന്നു അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അപ്പുറത്തെ മുറിയിലേക്ക് കൊണ്ട് പോയി… …………….തുടരും……………