The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി ദേഹി
തന്റെ വാ ആരോ പൊത്തി പിടിച്ചിരിക്കുകയാണെന്ന് മനസ്സിലായതും നന്ദു കണ്ണുകൾ തുറന്നു… ഇരുട്ട് നിറഞ്ഞൊരു മുറി… പൊട്ടി പൊളിഞ്ഞ ജനൽപ്പാളിയിലൂടെ വരുന്ന അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളെ അവൾ കണ്ടു… അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…അവളുടെ കൈകാലുകൾ തളരാൻ തുടങ്ങി…പതിയെ അവളുടെ വാ പൊത്തി പിടിച്ചിരുന്ന കൈകൾ അയഞ്ഞു…
ശിവ…
അവൾ പറഞ്ഞു…
അവന്റെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞു…
അപ്പൊ ചേട്ടന്റെ നന്ദുമോൾ ചേട്ടനെ മറന്നിട്ടില്ല അല്ലെ…
അതും പറഞ്ഞു അവൻ അവളുടെ രണ്ടു സൈഡിലുമായി കൈകൾ കുത്തി നിന്നു…അവളുടെ കണ്ണുകൾ ചുറ്റിനും ഓടി നടന്നു… തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പണ്ട് ഇത്പോലെ ഒരു മുറിയിൽ വച്ചുണ്ടായത് അവളുടെ ഓർമയിലേക്ക് ഇരച്ചെത്തി…അവൾ ഭയത്തോടെ അവനെ നോക്കി…
ഇങ്ങനെ നോക്കരുത് നന്ദു… നിന്റെ കണ്ണിലെ ഈ പിടപ്പ്… ഭയം… വല്ലാത്തൊരു ലഹരിയാണ് എനിക്കത്…നിന്നെ…നിന്നെ ഇങ്ങനെ…
അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു അവസാനം ആ ചെഞ്ചുണ്ടുകളിൽ ഉടക്കി നിന്നു…നന്ദു കണ്ണുകൾ ഇറുകെ പൂട്ടി… മറ്റൊന്നും കേൾക്കാനുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല… താൻ വീണു പോകുവോന്നു വരെ അവൾക്കു തോന്നിപ്പോയി…അവൾ കൈകൾ ആ ഭിത്തിയിൽ ചേർത്തു പിടിച്ചു…
നീ…
പിന്നെയും എന്തോ പറയാൻ വന്നതും അടച്ചിട്ടിരുന്ന വാതിൽ മലർക്കേ തുറന്നു… ആ ശബ്ദം കേട്ട് ശിവ ഞെട്ടി നോക്കി… നന്ദു പെട്ടന്ന് കണ്ണുകൾ തുറന്നു… അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം നിറഞ്ഞപ്പോൾ ശിവയുടെ കണ്ണുകളിൽ അഗ്നി പാറി…
•••••••••••••••••••••••••••••••••••••••••••
മനസ്സൊന്നു ശാന്തമായെന്ന് കണ്ടതും വരുൺ മുഖമൊന്നു അമർത്തി തുടച്ച ശേഷം വണ്ടി മുന്നോട്ടെടുത്തു… എങ്കിലും പെട്ടന്നെന്താ ഇങ്ങനെ സംഭവിച്ചതെന്നവൻ ഓർത്തു…
വീട്ടിലേക്ക് ചെന്നതും കണ്ടു ഉമ്മറത്തിരുന്നു ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന അച്ഛമ്മയേയും അച്ഛമ്മയുടെ കാലിൽ കുഴമ്പിട്ടു കൊടുക്കുന്ന വിനുനെയും…മുഖം കണ്ടാലേ അറിയാം പിടിച്ചിരുത്തി ചെയ്യിപ്പിക്കുന്നതാണെന്ന്… വരുണിനത് കണ്ടു ചിരി പൊട്ടി…അവൻ ഒരു ചിരിയോടെ സാധനങ്ങളുമായി അകത്തേക്ക് നടന്നു…എല്ലാം കൃഷ്ണനെ ഏൽപ്പിച്ച ശേഷം അവൻ മുറിയിൽ ചെന്നു മുഖമൊന്നു കഴുകി കട്ടിലിലേക്ക് കിടന്നു…
•••••••••••••••••••••••••••••••••••••••••••
ദേവീ…
ശിവയുടെ ശ്രെദ്ധ ഒരു നിമിഷം തെറ്റിയ നേരത്ത് അവൾ അവനെ തള്ളിമാറ്റി ദേവിയുടെ നേരെ ഓടിച്ചെന്നു…ദേവി മുന്നോട്ട് ഓടി വന്നു… നന്ദു ഓടി വന്നവളുടെ മാറിൽ വീണു പൊട്ടിക്കരഞ്ഞു… ദേവി അവളെ പൊതിഞ്ഞു പിടിച്ചു തലയിൽ തലോടിക്കൊണ്ടിരുന്നു… അപ്പോഴും അവളുടെ ചുവന്ന കണ്ണുകൾ ശിവയിലാരുന്നു…
ഓഹ്… വന്നല്ലോ രക്ഷക…ഒരു വാലൂടെ ഉണ്ടാരുന്നല്ലോ പണ്ട്…
ഒരു പുച്ഛത്തോടെ കൈയും കെട്ടി നിന്നുകൊണ്ടവൻ പറഞ്ഞു…
ഒന്നുല്ലെടി… ഒന്നൂല്ല…
ദേവി നന്ദുന്റെ തലയിൽ തഴുകികൊണ്ട് പറഞ്ഞു… അപ്പോഴും ശിവയിൽ നിന്നവൾ കണ്ണുകൾ എടുത്തിട്ടില്ലാരുന്നു…അവൾ പതിയെ നന്ദുനെ നേരെ നിർത്തി… അവളുടെ കലങ്ങിയ കണ്ണുകളും ചുവന്നു വിയർത്തൊലിച്ച മുഖവും കണ്ട് ദേവി കണ്ണൊന്നു അടച്ചു കോപമടക്കി… ശേഷം നന്ദുനെ നീക്കി നിർത്തിയിട്ട് അവൾ ശിവക്ക് മുന്നിൽ വന്നു കൈയും കെട്ടി നിന്നു…
അതേടാ… രക്ഷക തന്നെയാ… അന്നും അതേ… ദാ ഇപ്പോഴും അതേ… ഇനിയും അങ്ങനെ തന്നെ ആയിരിക്കും…
ഡീീ…
പതുക്കെ… ഒച്ച വെച്ചാൽ അത് സാറിന് തന്നെയാ നാണക്കേട്… ഈ ഒഴിഞ്ഞ ക്ലാസ്സ്‌റൂമിൽ താനെന്തെടുക്കുവാരുന്നുന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും… ദേ…ഇപ്പൊ ഞാനൊന്ന് വിളിച്ചു കൂവിയാൽ മതി… പിന്നെന്താ നടക്കാൻ പോണേന്നു സാർന് കാണണോ…
ദേവി അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു… മൂർച്ചയുള്ള അവളുടെ വാക്കുകളും നോട്ടവും താങ്ങാൻ കഴിയാതെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു മുഷ്ഠിച്ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു…
ഇനിയൊരു തവണ… ഒരു തവണ കൂടി നീയിത് ആവർത്തിച്ചാൽ…
അവൾ വലത്തേ ചൂണ്ടുവിരൽ അവനു നേരെ ചൂണ്ടി… അവൻ കണ്ണുകൾ തുറന്നു… അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു…
പിന്നെ നീ കാണാൻ പോകുന്നത് ഞങ്ങളെ ആരിക്കില്ല… ഒരിക്കൽ നിന്നെ വെറുതെ വിട്ടതാ ഞങ്ങൾ… ഇനി അതില്ല… ഇനി നിന്റെ ഈ അസുഖം മാറ്റിത്തരാൻ പോകുന്നത് ഞങ്ങളല്ല… നവിയേട്ടനും വരുണേട്ടനും ആരിക്കും… ഓർത്തു വെച്ചോ നീ…
അവനെ ഒന്നുടെ രൂക്ഷമായി നോക്കിട്ട് നന്ദുന്റെ കയ്യിൽ പിടിച്ചു വലിച്ചവൾ പുറത്തേക്ക് പോയി…
അവൻ കൈകൾ ചുരുട്ടി ഭിത്തിയിൽ ഇടിച്ചുകൊണ്ട് കോപം അടക്കി…
ദേവീ… വെറുതെ വിടില്ലെടി നിന്നെ…
അവൻ മുരണ്ടു…
•••••••••••••••••••••••••••••••••••••••••••
ദേവി നേരെ അവളുമായി പോയത് ഗാർഡൻ ഏരിയയിൽ ഉള്ള ഒരു ഒഴിഞ്ഞ മരച്ചുവട്ടിലേക്കാണ്… ദേവി നന്ദുനെ അവിടോട്ട് ഇരുത്തിയതും അവൾ ദേവിയുടെ വയറിൽ ചുറ്റിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി…
അവൾ ഒന്ന് കരഞ്ഞു ശാന്തമാകട്ടെ എന്നു കരുതി ദേവി ഒന്നും പറയാൻ പോയില്ല… അവൾ നന്ദുന്റെ തലയിൽ തഴുകികൊണ്ടിരുന്നു…
കുറച്ചു നേരം കഴിഞ്ഞതും അവളുടെ കരച്ചിൽ ഒന്നടങ്ങി…ദേവി പതിയെ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകൾ തുടച്ചുകൊടുത്തു… എന്നിട്ട് അവളുടെ അരികിലേക്ക് ഇരുന്നു…
സോറി മോളെ… നിന്നെ അങ്ങനെ തനിയെ വിട്ടിട്ട് പോകാൻ പാടില്ലാരുന്നു ഞാൻ… എന്റെ തെറ്റാ…
നന്ദു നോക്കിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങിയിരുന്നു… അവൾ ദേവിയുടെ കൈകൾ കൂട്ടി പിടിച്ചു എന്നിട്ട് അവളുടെ കണ്ണുനീർ തുടച്ചു…
ഇല്ലെടി… ഞാൻ സൂക്ഷിക്കാഞ്ഞതാ…ഒരു നിമിഷം ഞാൻ അവന്റെ കാര്യം മറന്നു പോയി… എനിക്കറിയില്ലെടി… ധൈര്യമായി അവനു മുന്നിൽ നിൽക്കണമെന്ന് എത്ര വിചാരിച്ചിട്ടും…മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും എനിക്കത് പറ്റുന്നില്ല…അവൻ മുന്നിൽ വന്നു നിൽക്കുമ്പോഴെല്ലാം അന്നത്തെ ആ ദിവസം… ആ നശിച്ച ദിവസം ആണ് ഓർമയിൽ വരുന്നത്… ഞാൻ തളർന്നു പോകുവാ അപ്പോഴേക്കും…
നന്ദു വിതുമ്പി പോയി… ദേവി ഒന്നും പറഞ്ഞില്ല… അല്ലെങ്കിൽ തന്നെ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കാനാണ്… ഇപ്പോ എന്ത് പറഞ്ഞാലും അവളുടെ ഉള്ള് തണുക്കില്ലെന്ന് അവൾക്കറിയാമാരുന്നു…
വിട് നന്ദു… അവൻ ഇവിടെ വെച്ചോ അല്ലെങ്കിൽ അന്നത്തെ പോലെയോ ഒന്നും നിന്നെ ഉപദ്രവിക്കാൻ ശ്രമിക്കില്ല… നിന്നെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് അവനിങ്ങനെ ഒക്കെ ചെയ്യുന്നത്…
നന്ദു സംശയഭാവത്തിൽ ദേവിയെ ഒന്ന് നോക്കി…ദേവി അവളുടെ കൈകൾ പിടിച്ചുകൊണ്ടു തന്നെ ദൂരേക്ക് നോക്കി പറഞ്ഞു…
അവനു നിന്നെ വേണം… ഒരു ഒരുപ്രാവിശ്യത്തേക്ക് അല്ല… എന്നെന്നേക്കുമായി… അതാണ് അവന്റെ ഉദ്ദേശം… അതിന് വേണ്ടി തന്നെയാണ് അവന്റെ ഈ വരവ്…
ദേവി നന്ദുനെ ഒന്ന് നോക്കി… അവളുടെ വാക്കുകൾ നന്ദുവിൽ എത്രത്തോളം ഞെട്ടൽ ഉണ്ടാക്കിയെന്നത് ആ നിറഞ്ഞ കണ്ണുകൾ അവൾക് കാട്ടികൊടുത്തു…
ടി… ഇങ്ങോട്ട് നോക്ക്…
അവൾ നന്ദുനെ തനിക്കു നേരെ ഇരുത്തി ആ മുഖം കൈകളിൽ എടുത്തു…
നീ എന്തിനാ ഈ പേടിക്കുന്നെ… അവന്റെ മോഹം ഈ ജന്മം നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… അതിനു ഞാനോ വിനുവോ സമ്മതിക്കുമോ… ഞങ്ങൾ നിന്റെ അപ്പുറവും ഇപ്പുറവും ഉള്ളപ്പോ അവന്റെ ശ്വാസം പോലും നിന്നിൽ വീഴില്ല… വീഴാൻ ഞങ്ങൾ സമ്മതിക്കില്ല…
നന്ദുന്റെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു… അവളൊന്നു ചിരിച്ചു… അത് കണ്ടതും ദേവിയുടെ മനസ്സൊന്നു തണുത്തു…
പിന്നെ… ഞങ്ങൾ മാത്രമല്ലല്ലോ…ഇപ്പൊ വരുണേട്ടനും ഇല്ലേ…
വരുണിന്റെ പേര് കേട്ടതും നന്ദുന്റെ മുഖത്ത് പരിഭവം നിറഞ്ഞു… അവൾ ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് ദേവിയുടെ കൈകൾ തട്ടി മാറ്റി…
അയ്യാ… ഒരു വരുണേട്ടൻ… ആർക്കു വേണം…
ദേവി അവളെ ഒന്ന് ചൂഴ്ന്നു നോക്കി…
എന്താടി എന്റെ ഏട്ടനൊരു കുറവ്…
ഇയ്യോ… ഒരു കുറവുമില്ലേ… എല്ലാം കുറച്ചു കൂടുതലേ ഉള്ളു…
നന്ദു അവനെ പുച്ഛിച്ചോണ്ട് എണീറ്റു കണ്ണുകളും മുഖവും അമർത്തി തുടച്ചു…
ഹ്മ്മ്… എത്ര മദാമ്മ പെൺപിള്ളേർ ആന്നോ എന്റെ ഏട്ടന്റെ പിറകിനു നടക്കുന്നെ… ഏട്ടന്റെ ഫോണിൽ എത്ര സുന്ദരി പെൺപിള്ളേരുമായി നിൽക്കുന്ന ഫോട്ടോസാ ഉള്ളത്…
ദേവി അവളുടെ കൂടെ എണീറ്റുകൊണ്ട് അവളെ ചൊടിപ്പിക്കാനായി പറഞ്ഞു… എന്നിട്ട് അവളെ ഏറുകണ്ണിട്ട് ഒന്ന് നോക്കി… ആഹാ ഒരു സൂചി കൊണ്ടു കുത്തിയാൽ ഇപ്പൊ പൊട്ടും… നന്ദുന്റെ വീർത്ത മുഖം കണ്ടതും ദേവിക്ക് ചിരി വന്നു…
എന്നാ പോയി അതിലൊന്നിനെ ആലോചിക്കെടി… ഒരു മദാമ്മേ തന്നെ കിട്ടുവല്ലോ നാത്തൂൻ ആയിട്ട്… അങ്ങോട്ട് മാറ്…
അതും പറഞ്ഞു ദേവിയെ തള്ളി മാറ്റികൊണ്ട് അവൾ ക്ലാസ്സിലേക്ക് പോയി… ദേവി ഒരു ചിരിയോടെ അവൾക് പിറകെ ഓടി…
ഡീ… നിന്നേ… നീയെങ്ങോട്ടാ…ഞാനും വരുന്നു…
ദേവി ഓടി ചെന്ന് നന്ദുന്റെ കൈ പിടിച്ചു…
ക്ലാസ്സിലോട്ട്… അല്ലാതെ കോളേജിനകത്തു ബീച്ചിലോട്ട് പോകാൻ പറ്റില്ലല്ലോ…
അഹങ്കാരി…വരുണേട്ടന് വേറെ പെണ്ണിനെ കിട്ടുവെന്ന് പറഞ്ഞേന്റെ കലിപ്പാ പെണ്ണിന്…
ഡീ… നമുക്ക് വീട്ടിലോട്ട് പോകാം… ഇന്നിനി എനിക്കൊരു മൂഡ് ഇല്ല…വീട്ടിൽ ചെന്നിട്ട് നീ എനിക്ക് ഒന്നുരണ്ട് സെമി ക്ലാസിക്കൽ സോങ്‌സ് സെലക്ട് ചെയ്തു തരണം…ഫ്രഷേഴ്‌സ് ഡേയ്ക്ക് വേണ്ടി…
ഓഹ് അതിനാരുന്നോ HOD നിന്നെ വിളിപ്പിച്ചത്…
യെസ്…
ഹ്മ്മ്…എന്നാ ബാ… പോകാം…
അതും പറഞ്ഞു നന്ദും ദേവിയും കൂടെ ക്ലാസ്സിൽ ചെന്നു ബാഗ് എടുത്തിറങ്ങി… ദേവി വരുണിനെ വിളിക്കാനായി ഫോൺ എടുത്തു “VARUNETTAN” എന്ന് സേവ് ചെയ്തു വെച്ചിരിക്കുന്ന നമ്പറിലേക്ക് കാൾ ചെയ്തു…
അപ്പോഴാണ് നന്ദു ബാഗിന്ന് അവളുടെ ഫോൺ എടുത്തത്… സൈലന്റ് മോഡ് മാറ്റി അവൾ നെറ്റ് ഓൺ ആക്കിയതും വാട്സാപ്പിൽ കുറെ മെസ്സേജസ് വന്നു… അവളാ ഭിത്തിയിലേക്ക് ചാരി നിന്നുകൊണ്ട് വെറുതെ ആ മെസ്സേജസ് ഓടിച്ചു നോക്കികൊണ്ടിരുന്നപ്പോഴാണ് ആ unknown നമ്പറിൽ നിന്നുള്ള മെസ്സേജ് അവളുടെ കണ്ണിൽ പെട്ടത്…പെട്ടന്ന് അവളുടെ ഹൃദയമിടിപ്പ് കൂടി… അവളറിയാതെ തന്നെ ആ മെസ്സേജ് അവൾ ഓപ്പൺ ചെയ്തു…
“ഒരായിരം വട്ടം മനസ്സിൽ ഞാൻ ഉറക്കെ ഈ ലോകത്തിനോട് പറഞ്ഞു കഴിഞ്ഞു പെണ്ണെ നീ എന്റേതാണെന്നു… എന്റേത് മാത്രമാണെന്ന്…നീ ഒറ്റക്കല്ലെന്ന്… നിന്റെ നിഴലായി ഞാൻ ഉണ്ടെന്ന്…
പക്ഷെ അതീ ലോകം കേൾക്കെ എനിക്ക് പറയണമെങ്കിൽ ആദ്യം നിന്റെ ചെവിയിൽ എനിക്ക് മന്ത്രിക്കണം…
പ്രിയദേ… നീ എന്റെ പ്രാണൻ ആണെന്ന്…
നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന്…”
ആ മെസ്സേജ് വായിച്ചതും വല്ലാത്തൊരു ആശ്വാസം അവളിൽ നിറഞ്ഞത് അവൾ അറിഞ്ഞു… ഒരു ആത്മവിശ്വാസം കൈവന്നത് പോലെ… ഇത്… ഇതാരാരിക്കും…
വരുണിനെ വിളിച്ചു ഫോൺ വെച്ചിട്ട് തിരിഞ്ഞു നോക്കിയ ദേവി കണ്ടത് ഫോണും പിടിച്ചു ദൂരേക്ക് നോക്കി എന്തോ ആലോചിച്ച് നിൽക്കുന്ന നന്ദുനെയാണ്…
ഇവളിതെന്താ സ്വപ്നം കാണുന്നോ…
അതും പറഞ്ഞോണ്ട് ദേവി വന്നു നന്ദുനെ ഒന്ന് തള്ളി…
ഡീീ…
പെട്ടന്നായതു കൊണ്ടു അവൾ ദേവിയുടെ തള്ളലിൽ അപ്പുറത്തെ സൈഡിലോട്ട് ചെരിഞ്ഞു പോയി… ദേവി പെട്ടന്ന് തന്നെ അവളെ കൈക്ക് പിടിച്ചു നിർത്തി…
എന്താടി കോപ്പേ… മനുഷ്യനെ ഇപ്പൊ തള്ളിയിട്ടേനെയല്ലോ…
ഈൗ…അല്ല നീയിത് എന്തുവാ ഈ ആലോചിച്ചോണ്ട് നിൽക്കുന്നെ…
അവൾ ദേവിയെ ഒന്ന് നോക്കിട്ട് കൈയിലുള്ള ഫോണിലെ മെസ്സേജ് ഓപ്പൺ ചെയ്തു അവളുടെ കൈയിൽ കൊടുത്തു… ദേവി സംശയത്തോടെ അവളെ ഒന്ന് നോക്കിട്ട് കൈയിലുള്ള ഫോണിലെ മെസ്സേജ് വായിച്ചു…
ഇത്…
ആഹ്… ആ unknown നമ്പർ തന്നെ… കുറെ ദിവസമായി ഇല്ലാണ്ട് ഇരിക്കുവാരുന്നു…
നന്ദു മുന്നോട്ട് നടന്നുകൊണ്ട് പറഞ്ഞു…
എന്നാലും ഇതാരാരിക്കും…
നന്ദു ഒന്ന് നിന്നു…എന്നിട്ട് ദേവിയെ തിരിഞ്ഞു നോക്കി…
ആരായാലും ശെരി… ഒരു കാര്യം എനിക്കുറപ്പാ… എന്നെ നല്ലവണ്ണം അറിയാവുന്ന… എനിക്ക് അറിയാവുന്ന ഒരാൾ തന്നെ ആണിത്… അതിലൊരു സംശയവും ഇല്ല…
അതും പറഞ്ഞു ദേവിയുടെ കൈയിൽ നിന്നു ഫോണും വാങ്ങി അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു… ദേവി ഒന്ന് ആലോചിച്ച് നിന്ന ശേഷം നന്ദുവിന്റെ പിറകിനു പോയി…
നന്ദു അവിടെ ചെന്ന് നവിയെ കണ്ടു തലവേദനയായത് കൊണ്ടു വീട്ടിലോട്ട് പോകുവാന്നു പറഞ്ഞു…നന്ദുവിന്റെ മുഖം കണ്ട് നവിക്ക് എന്തോ വല്ലായ്മ തോന്നിയെങ്കിലും അവനത് പുറമെ കാണിക്കാതെ പൊക്കോളാൻ പറഞ്ഞു…അവർ ഇറങ്ങി കഴിഞ്ഞു എന്തോ ഓർത്ത പോലെ അവൻ സ്റ്റാഫ്റൂമിൽ ടീച്ചേർസ് ടൈം ടേബിൾ സെറ്റ് ചെയ്തു എഴുതി വെച്ചേക്കുന്നത് ഒന്ന് നോക്കി… അതിൽ നോക്കിയിട്ട് ശിവയുടെ ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് നോക്കിയ അവന്റെ മിഴികൾ കുറുകി…അവൻ പെട്ടന്ന് തന്റെ ഫോൺ എടുത്ത് പുറത്തേക്ക് നടന്നു…
നന്ദുവും ദേവിയും കോളേജ് ഗേററ്റിന്റെ മുന്നിൽ 10 മിനിറ്റ് വെയിറ്റ് ചെയ്‌ത ശേഷമാണു വരുൺ കാറുമായി എത്തിയത്… നിർത്തിയ ഉടനെ ദേവി മുന്നിലേക്കും നന്ദു ബാക്കിലേക്കും കയറി… വരുൺ വണ്ടി മുന്നോട്ട് എടുത്തു…
ഇതേ സമയം അവർ വരുണിന്റെ കാറിൽ കയറി പോകുന്നത് കണ്ട ശിവയുടെ കണ്ണുകളിൽ കനലാളി…
വരുൺ…
ശിവ പല്ലുഞെരിച്ചു കൊണ്ടു പറഞ്ഞു…
…………. തുടരും…………