രചന – വൈദേഹി ദേഹി
എന്നാലും… എന്തൊക്കെയാരുന്നു… കടുവ… കരടി…ഹിറ്റ്ലർ…മലപ്പുറം കത്തി… അമ്പും വില്ലും…എന്നിട്ട് ദാ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ… ചമ്മതമാണ് പോലും…
വിനു താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ദേവിയെ നോക്കി പറഞ്ഞു… അവളാണേ അവനെ നോക്കുന്നു പോലുമില്ല…താഴേക്കു നോക്കി ഒറ്റ ഇരുപ്പാണ്…അവൾ പതിയെ തല ചെരിച്ചൊന്ന് നന്ദുനെ നോക്കി… അവളും ദേവിയെ തന്നെ നോക്കികൊണ്ട് ഇരിക്കുവാരുന്നു…അവൾ പെട്ടന്ന് നോട്ടം മാറ്റി…
ഇരിക്കുന്ന ഇരുപ്പ് നോക്ക്…വല്ല ഉളുപ്പും ഉണ്ടോന്ന് നോക്കിക്കേ…
ദേവി അവനെ ഒന്ന് ഏറുകണ്ണിട്ട് നോക്കി…
ദേ… അടുത്തതിനി നീയാ… ഞാൻ അറിയാണ്ട് വല്ലോം അടീക്കുടെ ലൈൻ വലിക്കാനാ ഭാവമെങ്കിൽ… ഇവളെ പോലല്ല… നീ ഞങ്ങടെ വീട്ടിലോട്ടാ വരാൻ പോണേ… ഉറപ്പായും നിങ്ങടെ ഫസ്റ്റ് നൈറ്റിൽ ഞാൻ ബെഡിൽ വല്ല നായ്കുരണ പൊടിയും വിതറും പറഞ്ഞേക്കാം…
വിനു നന്ദുനോട് പറഞ്ഞതും അവൾ വായും പൊളിച്ചിരുന്നു…
നിന്റെ ഏട്ടൻ എന്നെ കെട്ടുവോന്നു പോലും അറിയില്ല അപ്പോഴാ അവന്റെയൊരു ഫസ്റ്റ് നൈറ്റ്…
നന്ദു അവനെ നോക്കി പല്ലുകടിച്ചു…
ആഹ്…അതു പോലും പറയാത്ത ചിലരാ ഇപ്പൊ കലം ഉടച്ചത്…
വിനു ദേവിയെ നോക്കി പറഞ്ഞു… അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല…
നിന്റെ വായിലെന്താടി പൂച്ച പെറ്റു കിടക്കുന്നോ…
അവൻ അതും പറഞ്ഞവളുടെ അപ്പുറത്തോട്ട് ഇരുന്നു…
കഴിഞ്ഞോ…
ദേവി അവനോട് ചോദിച്ചു…
എന്നാലും രണ്ടും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലാലോ… അല്ലേടാ…
നന്ദു പറഞ്ഞു…
എന്റെ പൊന്നോ… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…ഞങ്ങളെന്ത് ഒളിച്ചു വെച്ചൂന്ന നിങ്ങളീ പറയുന്നേ…
നിങ്ങൾ തമ്മിൽ ഇഷ്‌ക് ഇഷ്‌ക് പ്യാർ പ്യാർ ആന്നു…
വിനു നഖം കടിച്ചു നാണിച്ചു പറഞ്ഞതും ദേവി അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു…
ന്റെമ്മേ… അതു പറഞ്ഞേനു നീയെന്തിനാടി എന്നെ തല്ലുന്നെ…
പിന്നെ? ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആന്നു ഞാനെപ്പോഴേലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ… ഉണ്ടോടി…
മ്മ്ച്ചും…
അപ്പൊ പിന്നെ ഞാനിതിൽ എന്ത് ചെയ്യാനാ…
പക്ഷെ കുറച്ചു ദിവസമായിട്ട് നീയും നവിയേട്ടനുമായുള്ള അന്തർധാര ഞങ്ങൾ ശ്രെദ്ധിക്കുന്നുണ്ടാരുന്നു… അല്ലേടി…
വിനു കൈവിരലുകൾ പരസ്പരം കോർത്തുകൊണ്ട് നന്ദുനെ നോക്കി പറഞ്ഞു…
അതന്നെ… അന്ന് ടെക്സ്റ്റ്ടൈൽസിൽ വെച്ചെന്താരുന്നു…ദാവണി കണ്ണാടിയിൽ വെച്ചു കണ്ണുകൊണ്ട് ചോദിക്കുന്നു… സൂപ്പർ ആന്ന് ഒരാൾ മറുപടി പറയുന്നു…
പിന്നല്ലാണ്ട്…ഇന്നലെ അമ്പലത്തിൽ വെച്ചോ…അങ്ങേർടെ നോട്ടം കണ്ട് ഇവൾ ബാക്കി വല്ലോം കാണുവോന്ന് വരെ പേടിച്ചു… അമ്മാതിരി വാറ്റ് അല്ലാരുന്നോ…
വിനു പറഞ്ഞു…
ഹ്മ്മ്… ഇതൊക്കെ കണ്ടാൽ ആർക്കാ മനസിലാവാത്തെ…ഇസ് പ്യാർ കോ ക്യാ നാം ദൂവിലെ അർണവ്ജിയും ഖുഷിയും ഇങ്ങനെ തന്നെ ആരുന്നു… പരസ്പരം എന്തൊരു വഴക്കും അടിയും… എന്നാലോ റൊമാൻസിനാണേ ഒരു കുറവും ഇല്ലാ…ആരും കാണുന്നില്ലെന്ന വിചാരം…
നന്ദു എന്തോ വല്യ കാര്യം പോലെ പറഞ്ഞു നിർത്തിയതും വിനുവും ദേവിയും പൊളിച്ചവളെ ഒന്ന് നോക്കി…
നിന്നേ എന്റെ ഏട്ടൻ ഉടനെ ഒന്നും അങ്ങോട്ട് കെട്ടിയെടുക്കാത്തത് തന്നെ ആടി നല്ലത്… ഇപ്പൊ മോളു പോയി ആ ഹിന്ദി സീരിയൽ ഒക്കെ ഇരുന്നു കണ്ട് പഠിക്ക്… ചെല്ല്…
ഓഹ്… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… ഒന്നാമതേ മനുഷ്യൻ ഇവിടാകെ തല പെരുത്ത് നിൽക്കുവാ അപ്പോഴാ രണ്ടിന്റേം ക്രോസ്സ് വിസ്താരോം അവളുടെ ഒരു അർണവ്ജിയും…
ദേവി അതും പറഞ്ഞു അവരെ രണ്ടിനേം ഒന്ന് നോക്കിട്ട് മുറിക്ക് പുറത്തേക്കിറങ്ങി…
അവളുടെ പോക്ക് അത്ര ശെരിയല്ലല്ലോടിയെ…
അവൻ പുറത്തേക്ക് നോക്കികൊണ്ട് തന്നെ നന്ദുനോട് പറഞ്ഞു…
എന്നാലും അവളെന്റെ അർണവ്ജിയെ അല്ലെ ആ പുച്ഛിച്ചേ…
നന്ദു പറഞ്ഞതും വിനു അവളെ അടിമുടി ഒന്ന് നോക്കി…
വരുണിന് ഇതിലും വലുതേതാണ്ട് വരാൻ ഇരുന്നതാ…ഇങ്ങനങ് പോയിന്നു സമാധാനിക്കാം…
അവൻ മനസ്സിൽ പറഞ്ഞോണ്ട് മുകളിലേക്ക് നോക്കി…
•••••••••••••••••••••••••••••••••••••••••••
അല്ലേലേ ബാക്കി ഉള്ളവർ ഇവിടെ തീ പിടിച്ചു നടക്കുവാ… അപ്പോഴാ രണ്ടിന്റേം പ്രേമോം മണ്ണാങ്കട്ടയും…
ദേവി അതും പറഞ്ഞു താഴെക്കിറങ്ങാൻ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചതും രണ്ടു കൈകൾ വന്നവളെ പൊക്കി എടുത്ത് അപ്പുറത്തെ റൂമിലേക്ക് കയറ്റി…
ആരാണെന്ന് നന്നായി അറിയാവുന്നത് കൊണ്ടു അവൾ അനങ്ങാൻ പോയില്ല… അവന്റെ കൈക്കുള്ളിൽ തന്നെ അനങ്ങാണ്ട് നിന്നു…
നവി ഒരു ചിരിയോടെ അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവളുടെ ചുമലിൽ താടി ചേർത്തു നിന്നു…
അവൾ എന്നിട്ടും അനങ്ങാൻ പോയില്ല… അപ്പുറത്തോട്ടും നോക്കി നിന്നു…
അവൻ ഒന്ന് നെറ്റി ചുളിച്ചുകൊണ്ട് അവളുടെ ഇടത്തെ ചെവിയിൽ ഒന്ന് ഊതി…
ആഹ്…
അവൾ ഇടതു കൈ ഒന്ന് പൊക്കികൊണ്ട് അവനെ രൂക്ഷമായിട്ട് ഒന്ന് നോക്കി…
എന്താടി ഉണ്ടക്കണ്ണി നോക്കിപേടിപ്പിക്കുന്നെ…
അവൾ അവന്റെ കൈക്കുള്ളിൽ നിന്നു കുതറി മാറി അവനു നേരെ നിന്നു…
കുന്തം… നിങ്ങളോടാരാ മനുഷ്യാ മാമനോട് പറയാൻ പറഞ്ഞെ…
ഓഹ്… അതോ…
അവനൊന്നു ചിരിച്ചു…
ആഹ്… അതു തന്നെ… ശോ… അച്ഛൻ ചോദിച്ചാൽ എനിക്കിപ്പോ കല്യാണം വേണ്ടന്ന് പറയാൻ റെഡി ആയിട്ട് നിൽക്കുവാരുന്നു ഞാൻ…
ഓ അങ്ങനാരുന്നോ… എന്നാൽ പിന്നെ അച്ഛമ്മ ചോദിച്ചപ്പോ നിനക്ക് പറയരുതാരുന്നോ നിനക്ക് സമ്മതമല്ലെന്ന്…
അതു നിങ്ങൾ അല്ലെ ആദ്യം ചാടി കേറി സമ്മതമെന്നു പറഞ്ഞെ… അപ്പൊ പിന്നെ ഞാൻ എങ്ങനാ പറയുന്നേ…
അതിനെന്താ… ഒരു കാര്യം ചെയ്യാം… ഞാൻ ദാ ഇപ്പൊ തന്നെ കൃഷ്ണന്മാമേ വിളിച്ചിട്ട് പറയാം… നോക്കിക്കണ്ടാ… മോൾക്ക് സമ്മതമല്ലെന്ന്…പോരെ…
അവനതും പറഞ്ഞു ഫോൺ കയ്യിലോട്ട് എടുത്തതും അവളത് ഇടതു കൈകൊണ്ട് തട്ടിപ്പറിച്ചു വാങ്ങി…
മ്മ്മ്?എന്തെ പറയണ്ടേ…
നവി ഒരു ചിരിയോടെ അവളോട് അതു ചോദിച്ചു കൊണ്ടു കൈകൾ കെട്ടി നിന്നു…
അവൾ അവനെ രൂക്ഷമായി നോക്കി…അവനൊരു ചിരിയോടെ അവളെ രണ്ടു കൈകൊണ്ടും വലിച്ചു തന്നിലേക്ക് അടുപ്പിച്ചു…
എന്താടി… എന്ത് പറ്റി…
അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി… എന്നിട്ട് പതിയെ അവന്റെ നെഞ്ചോടു തല ചേർത്തു…
എന്തോ… പെട്ടന്ന്… പെട്ടന്ന് എനിക്കെല്ലാം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല നവിയേട്ടാ… അറിയില്ല…എന്റെ മനസ്സാകെ ഒരു പുക പോലെ… ഇന്നലെ ഉണ്ടായതും ഇന്നിപ്പോ ആ ജ്യോൽസ്യൻ പറഞ്ഞതും ഒക്കെ കൂടെ കൂട്ടി വായിക്കുമ്പോ…എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു…
അവൾ പറയുന്നത് കേട്ടതും അവന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു… അവന്റെ കൈകൾ അവളിൽ മുറുകി…
ഇനി… ഇനി നമ്മുടെ ജാതകങ്ങൾ തമ്മിൽ ചേരാണ്ട് വല്ലോം വരുവോ…
അവൾ തലയുയർത്തി അവനെ നോക്കി കൊണ്ട് ചോദിച്ചു…അവളുടെ ചോദ്യം കേട്ടതും അവന്റെ കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു…
ആഹ്…ചേർന്നില്ലേ അടുത്ത ആളെ നോക്കാൻ പറയാം കൃഷ്ണന്മാമയോട്… നമ്മുടെ തെക്കേലെ ഗോവിന്ദന്റെ ഒരു മോൻ ഉണ്ട്…സതീശൻ…അവൻ ഇപ്പൊ വല്യ ഉണക്കമീൻ ബിസിനസ് ഒക്കെയാ… നിനക്ക് നന്നായി ചേരും…അവനെ നമുക്ക് ആലോചിക്കാടി…
അവന്റെ പറച്ചിൽ കേട്ടതും അവൾ അവന്റെ കയ്യിൽ നിന്ന് കുതറി അവനെ പിറകിലോട്ട് തള്ളി…
അതു നിങ്ങടെ ആ മറ്റവൾ ഇല്ലേ… ശില്പ… അവൾക്ക് കൊണ്ട് പോയി ആലോചിക്ക്…
അതും പറഞ്ഞു അവൾ അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പുറത്തേക്കിറങ്ങി… അവൻ ഒരു ചിരിയോടെ അവളുടെ പോക്ക് നോക്കി നിന്നു…
•••••••••••••••••••••••••••••••••••••••••••
ഏട്ടാ…
ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന ശിവ തിരിഞ്ഞു നോക്കി…
മ്മ്മ്?
അത്… അത് ഏട്ടാ…
അവളുടെ വിക്കി വിക്കിയുള്ള സംസാരം കേട്ടതും അവൻ അവളെ ഒന്ന് നോക്കി…
എന്താണ് മാഡം… എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ…
അവൻ ഒരു ചിരിയോടെ സ്ക്രീനിലേക്ക് നോക്കികൊണ്ട് തന്നെ പറഞ്ഞു…
ഏട്ടാ… അത്…നവനീത് സാറിനെ ഇഷ്ടമാന്നു ഞാൻ ഇന്നലെ സാർനോട് തന്നെ പറഞ്ഞു…
അവന്റെ അപ്പുറത്തോട്ട് ഇരുന്നുകൊണ്ട് ശില്പ അവനോട് പറഞ്ഞതും അവൻ സംശയത്തിൽ അവളെ ഒന്ന് നോക്കി…
എന്നിട്ട്?
പെട്ടന്ന് അവളുടെ മുഖം മാറി… അതിൽ നിന്നു തന്നെ അവനു മനസ്സിലായിരുന്നു അവന്റെ പ്രതികരണം…
അയാൾക്ക് മറ്റൊരാളെ ഇഷ്ടമാന്നു… ഇനി മേലിൽ ഞാനീ കാര്യോം പറഞ്ഞു ചെല്ലരുതെന്ന്…
അതും പറഞ്ഞു അവൾ അവനെ നോക്കി…
അത് ദേവി ആണോന്ന് എനിക്ക് നല്ല സംശയം ഉണ്ട് ഏട്ടാ… ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ അവൾ അങ്ങോട്ട് വന്നിരുന്നു… അവളത് കേട്ടന്ന് മനസ്സിലായതും സാറിന്റെ മുഖം വല്ലാതെ പതറി പോയിരുന്നു…
അവന്റെ കൈക്കുള്ളിൽ ഇരുന്ന പേന ഞെരിഞ്ഞു…
അത് അവളാണെങ്കിൽ…
ശിവ ഒന്ന് ചിരിച്ചു… എന്നിട്ട് അവളെ നോക്കി…
നീ നവിയെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അവനെ നിനക്ക് തന്നെ കിട്ടും… അതിനു ആരും തടസ്സം ഉണ്ടാകില്ല… ആരും…
അതും പറഞ്ഞവൻ അവളുടെ തോളിലൊന്ന് തട്ടി എണീറ്റു പുറത്തേക്ക് പോയി… ശില്പയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു… അവൾ ഫോൺ എടുത്ത് നവിയുടെ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു…
•••••••••••••••••••••••••••••••••••••••••••
ഇത്ര പെട്ടന്ന് തന്നെ ചെറുക്കനെ കിട്ടിയോ…
പണിക്കർ ഒരു ചിരിയോടെ കവടിയുടെ മുന്നിലേക്കിരുന്നു…
കൃഷ്ണനും ലക്ഷ്മിയമ്മയും ഗായത്രിയും ഗോപിയും മാലതിയും കൂടെ ആണ് നോക്കിക്കാൻ പോയത്…
നമ്മുടെ കൊച്ചൻ തന്നെ നിൽക്കുമ്പോ പുറത്തുന്നു ഒരാളെ തിരക്കേണ്ട കാര്യം ഇല്ലല്ലോ പണിക്കരെ…
കൃഷ്ണൻ ഒരു ചിരിയോടെ പറഞ്ഞു…
അതെയോ… ആരാ ആള്…
ദേ ഗായത്രിയുടെ ചേട്ടന്റെ മോൻ തന്നെ… നവിയെന്ന് വിളിക്കും… നവനീത് കൃഷ്ണൻ…
ആഹാ… അപ്പൊ പെട്ടന്ന് ഒരു വിവാഹം എന്ന് പറയുമ്പോ ആർക്കും ഒരു പ്രശ്നോം ഇല്ലല്ലോ… അറിയാവുന്നവർ തന്നെ അല്ലെ…
അതേ… പണിക്കരെ…അതാ ഞങ്ങൾക്കും ഒരു ആശ്വാസം…
ലക്ഷ്മിയമ്മ പറഞ്ഞു…
ആഹ്… രണ്ടുപേരുടേം ജാതകം കൊണ്ടുവന്നിട്ടുണ്ടോ…
ഉവ്വ്…
അതും പറഞ്ഞു കൃഷ്ണൻ രണ്ടുപേരുടെയും ജാതകങ്ങൾ അയാളുടെ മുന്നിലേക്ക് വെച്ചു…അയാൾ അത് രണ്ടും കയ്യിലെടുത്തു മാറി മാറി നോക്കി…
മ്മ്മ്… നാളുകൾ തമ്മിൽ ചേരുന്നത് തന്നെ…എന്തായാലും പൊരുത്തം ഒന്ന് നോക്കട്ടെ…
അതും പറഞ്ഞയാൾ കവടി നിരത്തി നോക്കാൻ തുടങ്ങി… ലക്ഷ്മിയമ്മ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു…
മ്മ്മ്… ലക്ഷ്മിയമ്മേ… ഇനി ഒന്നും വേറെ നോക്കണ്ട… നമ്മുടെ ദേവിക്കുട്ടിയുടെ ആൾ ഇയാൾ തന്നെ…
അയാളൊരു ചിരിയോടെ അവരോട് പറഞ്ഞതും എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു…
അപ്പൊ മോളുടെ ഇപ്പോഴുത്തെ സമയദോഷം?
ഒന്നു കൊണ്ടും പേടിക്കണ്ട കൃഷ്ണാ… ഈ ജാതകക്കാരനുമായുള്ള വിവാഹം നടന്നാൽ ഒരു കുഴപ്പവും മോൾക്ക് സംഭവിക്കില്ല… ദേവിയുടെ ഗ്രഹനിലയിലെ ദോഷത്തെ മറികടക്കുവാൻ കഴിയുന്ന ഒരു ജാതകം തന്നെ ആണിത്…ഉത്തമ പൊരുത്തം… ദീർഘമാംഗല്യയോഗം…
അയാൾ നവിയുടെ ജാതകം എടുത്ത് മുന്നോട്ട് വെച്ചുകൊണ്ട് പറഞ്ഞു…
കൃഷ്ണനും ഗോപിയും പരസ്പരം നോക്കി ചിരിച്ചു…
അപ്പൊ ഇനി എന്താ പണിക്കരെ അടുത്തത്…ഉടനെ വിവാഹം എന്ന് പറയുമ്പോ… എന്റെ മൂത്ത മോനും ഭാര്യയും കാനഡേന്ന് വരണം…
ഹ്മ്മ്…എന്നാൽ പിന്നെ ഉടനെ വേണമെങ്കിൽ ഒരു നിശ്ചയം നടത്താം… നിശ്ചയം എന്ന് പറയുന്നത് തന്നെ പകുതി കല്യാണമാണല്ലോ…
ആയിക്കോട്ടെ… എന്നാൽ പിന്നെ ഞങ്ങൾ എല്ലാരുടെ എങ്ങനാന്നു വെച്ചാ ആലോചിച്ചു വന്നു തീയതിയും മുഹൂർത്തവുമൊക്കെ എടുക്കാം…
അതുമതി…
എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ പണിക്കരേ…
ശെരി ലക്ഷ്മിയമ്മേ…
അതും പറഞ്ഞു എല്ലാരും സന്തോഷത്തോടെ അവിടുന്ന് ഇറങ്ങി…
……….. തുടരും…………

by