18/04/2026

നീ മാത്രം : ഭാഗം 46

രചന – വൈദേഹി ദേഹി

ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതും നവി ബാഗും എടുത്ത് സ്റ്റാഫ്റൂമിന്ന് ഇറങ്ങി പാർക്കിംഗ് ഏരിയയിലേക്ക് പോയി…അവൻ കാറിൽ കയറി നന്ദുനെ വിളിക്കാനായി ഫോൺ എടുത്തതും കണ്ടു ദൂരെന്ന് നടന്നു വരുന്ന ദേവിയേം നന്ദുനേം…അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു… ഡീ… നീ ഫ്രണ്ടിൽ കേറിക്കോണേ… ദേവി നന്ദുനോട് പറഞ്ഞതും അവൾ സംശയത്തിൽ ദേവിയെ ഒന്ന് നോക്കി… പ്ലീസ്… പ്ലീസ്‌… അവൾ കെഞ്ചുന്ന പോലെ മുഖം കാട്ടി അവളോട് പറഞ്ഞതും നന്ദു ചിരിച്ചുകൊണ്ട് തലയാട്ടി എന്നിട്ട് ഓടി പോയി പിറകിലേക്ക് കയറി… ദേവി ഒരു നിമിഷം അവിടെ തന്നെ നിന്നു… ബ്രൂട്ടസ്… അവൾ പല്ലുകടിച്ചുകൊണ്ട് മുൻപിലിരിക്കുന്ന നവിയെ ഒന്ന് നോക്കി… അവൻ ആണെങ്കിൽ സ്റ്റിയറിങ്ങിൽ താളം ഇട്ട് മുന്നോട്ട് തന്നെ നോക്കിയിരിക്കുവാരുന്നു…ദേവി അവൻ നോക്കുന്നിടത്തേക്കൊന്ന് നോക്കി…

ഇനി ആ ശില്പ എങ്ങാനും അവിടെ നിൽപ്പുണ്ടോ… ഡീ… കേറ് വേഗം… നന്ദു പറഞ്ഞതും ദേവി അവളെയൊന്ന് രൂക്ഷമായി നോക്കികൊണ്ട് ഫ്രണ്ടിലത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ അടച്ചു… അവൾ കേറിയെന്ന് കണ്ടതും അവൻ വണ്ടി മുന്നോട്ടെടുത്തു… ശെടാ… ഇതെന്താ രണ്ടുപേരും മിണ്ടാണ്ട് ഇരിക്കുന്നെ… കുറച്ചു പോയതും ആരും മിണ്ടുന്നില്ലെന്ന് കണ്ട് നന്ദു രണ്ടുപേരോടുമായി ചോദിച്ചതും ദേവി നവിയെ ഒന്ന് നോക്കി…നവി അവളെ നോക്കുന്നത് കണ്ടതും അവൾ മുഖം വെട്ടിച്ചു… ഇവിടെ ചിലർ മൗനവൃതത്തിലല്ലേ… പിന്നെ വെറുതെ ഞാനായിട്ട് എന്തിനാ അത് തെറ്റിക്കുന്നെ… നവി ദേവിയെ ഏറുക്കണ്ണിട്ട് ഒന്ന് നോക്കികൊണ്ട് പറഞ്ഞു… ഞാനൊരു വൃതത്തിലും അല്ല… അല്ലേലും വരാൻ ഉള്ളത് വന്നിട്ട് ഇനിയെന്തോ വൃതം എടുത്തിട്ടെന്തിനാ… ദേവി പറഞ്ഞതും നവി അതിനു തിരിച്ചെന്തോ മറുപടി പറയാൻ വന്നപ്പോഴേക്കും നന്ദു ഇടയിൽ കേറി… അയ്യോാ… ഞാൻ ഒന്നും പറഞ്ഞിട്ടില്ല…

നിങ്ങൾ മിണ്ടാണ്ട് തന്നെ ഇരുന്നോ… അല്ലെ ഇപ്പൊ കെട്ടുന്നേനു മുന്നേ ഡിവോഴ്സ് ആവും രണ്ടും… നന്ദു അതും പറഞ്ഞു ബാഗിന്ന് ഹെഡ്സെറ്റ് എടുത്ത് ഫോണിൽ കണക്ട് ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി… ഹ്മ്മ്… ദേവി അവനെ നോക്കി മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു… അവനൊരു ചിരിയോടെ വണ്ടി ഓടിച്ചു… അപ്പോഴാണ് നവിയുടെ ഫോൺ റിങ് ചെയ്തത്… ദേവി എത്തികുത്തി ആരാന്ന് നോക്കി… മ്മ്മ്? എന്താ… നവി ചോദിച്ചതും ഒന്നുമില്ലെന്ന് ചുമൽ പൊക്കികാണിച്ചു പിന്നേം അവൾ പഴയത് പോലെ ഇരുന്നു… നവി വണ്ടി ഒന്ന് സ്ലോ ചെയ്ത് ഫോണിൽ നോക്കി… “VARUN CALLING” അവൻ ഫോൺ അറ്റൻഡ് ചെയ്തു… ആഹ് പറയെടാ… “ഡാ ഞങ്ങൾ ദാ ടെക്സ്റ്റ്‌ടൈൽസിൽ എത്തിയിട്ടുണ്ടേ… നിങ്ങൾ എവിടായി…” ഞങ്ങൾ ദാ എത്താറായെടാ… ബൈപാസ്സ് കഴിഞ്ഞു… ഒരു 5 മിനിറ്റ്…ഇപ്പൊ എത്തും…

“ഒക്കെ” അതും പറഞ്ഞു വരുൺ ഫോൺ വെച്ചു… അവര് എത്തിയോ… ദേവി നവിയോടായി ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി… മ്മ്മ്… എത്തി… മ്മ്മ്… ഒന്ന് മൂളിക്കൊണ്ട് ദേവി പിന്നെയും പുറത്തേക്ക് കണ്ണുനട്ടു…നിശ്ചയത്തിന്റെ കാര്യം ആരോടും പറയരുതെന്ന് പറഞ്ഞതിനേക്കാൾ കൂടുതൽ അത് ശിവയോടുള്ള കൂട്ടുകെട്ടിന്റെ പേരിലാന്ന് പറഞ്ഞതാണ് അവളുടെ ഈ പിണക്കത്തിന്റെ കാരണം എന്ന് അവനു മനസ്സിലായി… അത്കൊണ്ട് തന്നെ അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല… കുറച്ചു കൂടി മുന്നോട്ട് ചെന്നതും അവർ ടെക്സ്റ്റ്ടൈൽസിന്റെ മുന്നിലെത്തി… നിങ്ങൾ ഇറങ്ങിക്കോ… ഞാൻ കാർ പാർക്ക്‌ ചെയ്തിട്ട് വരാം… ആഹ്… ശെരിയേട്ടാ… അതും പറഞ്ഞു നന്ദു ചാടി ഇറങ്ങി… എന്തെ…നീ ഇറങ്ങുന്നില്ലേ… നവി ചോദിച്ചതും ദേവിയൊന്നും മിണ്ടിയില്ല… ഡീ…ഇറങ്ങി വാ… നന്ദു പറഞ്ഞു… നീ പൊക്കോ… ഞാൻ വന്നോളാം… ദേവി നവിയെ നോക്കി പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…

നന്ദു രണ്ടുപേരെയും മാറി മാറി ഒന്ന് നോക്കിട്ട് ചിരിയോടെ അകത്തേക്ക് നടന്നു…നവി കാർ പാർക്കിംഗ് ഏരിയയിലോട്ട് കയറ്റി…കാർ പാർക്ക്‌ ചെയ്തതും ദേവി കാറിൽ നിന്നിറങ്ങി അവനെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു… അവൻ കാർ ലോക്ക് ചെയ്തു അവളുടെ പിറകെ ചെന്നു കയ്യിൽ പിടിച്ചു ആരും കാണാത്ത ഒരു ഭാഗത്തേക്ക്‌ അവളെ ചേർത്ത് നിർത്തി… അവളപ്പോഴും അവനെ നോക്കാൻ പോയില്ല…അവൻ ഒരു ചിരിയോടെ അവളുടെ താടിത്തുമ്പ് ഉയർത്തി… അവളാ കണ്ണുകളിലേക്ക് നോക്കി… എന്താ പെണ്ണെ… എനിക്ക്… എനിക്ക് നവിയേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്… എന്തോ പറയാൻ വെമ്പി നിന്നതുപോലെ വെപ്രാളപ്പെട്ടവൾ പറഞ്ഞു… നിറയാൻ തുടങ്ങുന്ന അവളുടെ കണ്ണുകൾ കണ്ടതും അവന്റെ മുഖമൊന്നു ചുളിഞ്ഞു… എന്താടി… എന്ത് പറ്റി… അത്…അത് നന്ദുന്റെ കാര്യമാ… നന്ദുന്റെ എന്ത് കാര്യം… ആദ്യം ഒന്ന് മടിച്ചെങ്കിലും ദേവി പിന്നെ രണ്ടും കല്പ്പിച്ചു ശിവയും നന്ദുവുമായുള്ള എല്ലാം അവനോട് തുറന്നു പറഞ്ഞു…

എല്ലാം കേട്ടിട്ടും അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ലെന്നത് അവളെ അത്ഭുതപ്പെടുത്തി… നവിയേട്ടനെന്താ ഇതൊക്കെ കേട്ടിട്ടും ഒന്നും പറയാത്തെ… ഇതിലിപ്പോ ഞാനെന്ത് പറയാനാ… എനിക്കിതൊക്കെ അറിയാവുന്ന കാര്യങ്ങൾ തന്നെയാ… അതും പറഞ്ഞവൻ അവളെ വിട്ടു മുന്നോട്ട് നടന്നു…അവളൊരു നിമിഷം അവന്റെ വാക്കുകളിൽ തറഞ്ഞു നിന്നു…എന്നിട്ട് അവന്റെ പിറകെ ചെന്നു അവന്റെ കയ്യിൽ പിടിച്ചു നിർത്തി… എന്താ പറഞ്ഞെ… എല്ലാം അറിയാമെന്നോ… എങ്ങനെ… നവി അവളെ ഒന്ന് നോക്കി… എന്നിട്ട് അവളെ ചേർത്തു നിർത്തി രണ്ടു കൈകൊണ്ടും അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു… എങ്ങനെ… ആര് പറഞ്ഞു… എന്നൊന്നും തല്ക്കാലം നീ അറിയണ്ട… ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി… ഇതൊക്കെ എനിക്കും വരുണിനും അറിയാമെന്നു മാത്രം… വ്… വരുണേട്ടനും… ദേവി അമ്പരപ്പോടെ അവനോട് ചോദിച്ചു… മ്മ്മ്… അറിയാം… പെട്ടന്ന് അവളുടെ കണ്ണുകൾ കൂർത്തു…അവൾ അവന്റെ നെഞ്ചു നോക്കി ഒരു ഇടി കൊടുത്തു…

ഓഹ്… എന്തുവാ പെണ്ണെ… ഇടിച്ചു കലക്കുവോ നീ… അവൻ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു… കലക്കും…ഇത്രെമൊക്ക അറിഞ്ഞിട്ടാണോ മനുഷ്യാ ആ അലവലാതി ഞങ്ങടെ ഫ്രണ്ട് അല്ലേന്ന് ആ കള്ള ഡോക്ടർ പറഞ്ഞത്… വെച്ചിട്ടുണ്ട് ഞാൻ… അങ്ങേർക്കുള്ളത് കൊടുത്തിട്ട് വരട്ടെ… അതും പറഞ്ഞു മുന്നോട്ട് നടന്നവളെ നവി പിടിച്ചു നിർത്തി… നീയിത് ഇങ്ങോട്ട് പോവാ… അവരോടൊന്നും ചോദിക്കാനും പറയാനും ഒന്നും നിൽക്കണ്ട… പിന്നെ? തല്ക്കാലം നീ ഇത് എന്നോട് പറഞ്ഞെന്ന് നന്ദുനോട് പറയണ്ട… അതെന്താ… നന്ദു സ്വയം തോന്നി അത് വരുണിനോട് പറയണം… ദേവി ഒന്നും മനസ്സിലാകാതെ അവനെ നോക്കി…അവൻ ഒരു ചിരിയോടെ അവളുടെ തലക്കിട്ടു ഒരു തട്ട് കൊടുത്തു… ഇപ്പോ ഈ കുഞ്ഞിത്തല ഒന്നും ഇത്രക്ക് പുകയ്ക്കാൻ നിൽക്കണ്ട…പറയുന്നത് അങ്ങ് കേട്ടാൽ മതി… മനസ്സിലായല്ലോ… അവൻ അതും പറഞ്ഞു പുറത്തേക്ക് നടന്നു…

ഓഹ് പിന്നേ… പറയുന്നത് മാത്രം കേട്ടോണ്ട് നിൽക്കാൻ ഇതെന്താ റേഡിയോ ഓ…ഹ്മ്മ്… ഇനി ആ വിനു വല്ലോം ആണോ ഒറ്റിയത്… അവനെ ഒന്ന് കുടയണം… അതും പറഞ്ഞു ദേവി അവന്റെ പിറകിനു പോയി… അകത്തേക്ക് ചെന്ന നന്ദു കണ്ടു ശ്രുതിയോട് എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന വരുണിനെ… നന്ദുന്റെ മുഖം കാറ്റു നിറച്ചത് പോലെ വീർത്തു…അവൾ അവരെ കാണാത്തത് പോലെ അപ്പുറത്തേക്ക് നടന്നു… ആഹ് നന്ദൂ… നീയിത് എവിടെ പോവാ… ഓഹ്… ശവം…ഇവള് കണ്ടാരുന്നോ… അതും മനസ്സിൽ പറഞ്ഞോണ്ട് നന്ദു തിരിഞ്ഞവളെ നോക്കി നന്നായി ഒന്ന് ഇളിച്ചു… ശ്രുതീ… നീയെപ്പോ വന്നു… ഞാൻ കണ്ടില്ലല്ലോ… അവൾ പറയുന്നത് കേട്ടതും വരുണിന് ചിരി വന്നു… ഞാനിന്ന് വെളുപ്പിനെ വന്നെടി… നീ വാ… നമുക്ക് അങ്ങോട്ട് പോകാം… അവിടാ എല്ലാരും… അല്ല ദേവു എവിടെ… ശ്രുതി വന്നവളുടെ കയ്യിൽ പിടിച്ചോണ്ട് ചോദിച്ചു…

അവൾ നവിയേട്ടന്റെ കൂടെ വരുന്നുണ്ട്… ആണോ എന്നാ ബാ… നമുക്ക് അങ്ങോട്ട് പോകാം… അതും പറഞ്ഞു ശ്രുതി നന്ദുനേം വലിച്ചോണ്ട് അപ്പുറത്തോട്ട് നടന്നു…നന്ദു ചെന്നപ്പോ അവിടെ ഗായത്രിയും ഗോപികയും മാലതിയും സാവിത്രിയും അച്ഛമ്മയും എല്ലാം നിന്നു സാരി നോക്കുകയാരുന്നു… കൃഷ്ണനും ഗോപിയും എന്തോ സംസാരിച്ചുകൊണ്ട് അപ്പുറത്ത് മാറി നിൽപ്പുണ്ടാരുന്നു… വിനു ആണേ കളക്ഷൻ എടുപ്പ് കാര്യമായി നടത്തുന്നു… ഓഹ്… വായിനോക്കി… നന്ദു മനസ്സിൽ പറഞ്ഞു… അപ്പോഴേക്കും വരുണും നവിയും ദേവിയും അവിടേക്ക് എത്തി… ആഹ് നിങ്ങൾ വന്നോ… അപ്പൊ ഇനി ദേവൂനുള്ളതും നവിക്കുള്ളതും എടുക്കാം ആദ്യം… അല്ലെ അമ്മേ… ഗായത്രി പറഞ്ഞു… അതേ… ബ്രൈഡൽ സെക്ഷൻ അപ്പുറത്താണേ… അവിടെ നിന്ന സെയിൽസ് ഗേൾ പറഞ്ഞതും എല്ലാരും കൂടെ അവിടേക്ക് ചെന്നു…ഒന്ന് രണ്ടു ഡിസൈൻസ് നന്ദുവും ദേവിയും കൂടെ സെലക്ട്‌ ചെയ്തു വെച്ചിട്ടുണ്ടാരുന്നത് കൊണ്ടു അധികം തിരയേണ്ടി വന്നില്ല… കരിമ്പച്ചയും ചുവപ്പും കളറിൽ ഉള്ള ഒരു ലഹങ്ക ഡ്രസ്സ്‌ ആയിരുന്നു ദേവി സെലക്ട്‌ ചെയ്തത്… എല്ലാവർക്കും അത് നന്നായി ഇഷ്ടപ്പെട്ടു…

പിന്നീട് നവിക്കുള്ളത് ആയിരുന്നു എടുത്തത്…അവളുടെ ഡ്രെസ്സിന്റെ അതേ കളറിലുള്ള ചുവപ്പ് ഷർട്ടും കസവു മുണ്ടുമാണ് അവൻ എടുത്തത്… ആഹ്… ഇനി പിള്ളേരെല്ലാം ചെന്ന് അവരവർക്കുള്ളത് എന്താന്ന് വെച്ചാൽ എടുക്ക്… ഞങ്ങൾ ഞങ്ങൾക്കുള്ളതും എടുക്കട്ടേ… അതും പറഞ്ഞു മുതിർന്നവർ എല്ലാം അപ്പുറത്തേക്ക് ചെന്നു… അവിടെ നവിയും വരുണും ദേവിയും നന്ദുവും ശ്രുതിയും വിനുവും മാത്രമായി… നിങ്ങൾ എടുക്ക് എന്താന്ന് വെച്ചാൽ… വരുൺ പറഞ്ഞു… എന്നിട്ട് അവനും നവിയും കൂടെ അവിടെയുള്ള സോഫയിൽ ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി… ശ്രുതീ… നീയെന്തുവാ എടുക്കുന്നെ… ദേവി ചോദിച്ചു… എനിക്ക്… ശ്രുതി ഒന്ന് ആലോചിച്ചു നിന്നു… എന്തേ നിനക്ക് തുണിയുടുക്കാൻ ഉദ്ദേശമില്ലേ… അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടതും വിനു ചോദിച്ചു… പോടാ പട്ടി… നീ പോടീ… ഓഹ് ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… വേഗം ചെന്ന് എന്തുവാന്ന് വെച്ചാൽ എടുക്ക് എല്ലാം… വരുൺ അവിടെ ഇരുന്നു പറഞ്ഞതും രണ്ടുപേരും അടങ്ങി…

ഡീ… എനിക്ക് കുർത്തി ബോട്ടം മതി… ഞാൻ പോയി അത് നോക്കട്ടെ… അതും പറഞ്ഞു വിനുനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ടു ശ്രുതി അപ്പുറത്തെ സെക്ഷനിലേക്ക് നടന്നു…വിനു ആണേ നവിയേം വിളിച്ചുകൊണ്ടു അവന്റെ ഡ്രസ്സ്‌ നോക്കാൻ ആയി ജന്റ്സ് സെക്ഷനിലേക്ക് പോയി… നന്ദു അനാർക്കലി മോഡൽ ഡ്രസ്സ്‌ ആണ് നോക്കികൊണ്ടിരുന്നത്… ഡീ… ഇതെങ്ങനെ ഉണ്ട്… ഒരു പിങ്ക് കളർ അനാർക്കലി ഉയർത്തി നന്ദു ചോദിച്ചതും ദേവി അത് കൊള്ളാമെന്നു പറഞ്ഞു… ആണല്ലേ…അപ്പൊ ഇത് മാറ്റി വെക്കാം… വേറെ ഒന്നുരണ്ടെണ്ണം കൂടി ഒന്ന് നോക്കിയേക്കാം… നന്ദു അതും പറഞ്ഞു വേറെ തിരയാൻ തുടങ്ങി… അപ്പോഴാണ് ദേവി മിററിൽ കൂടി വരുണിന്റെ മുഖം ശ്രദ്ധിച്ചത്… അവൻ ഒരുമാതിരി മുഖം വീർപ്പിച്ചു ഇരിക്കുന്നു…ദേവിക്കൊരു കുസൃതി തോന്നി… ഡീ… നീ നോക്കേ… ഞാൻ ദാ ശ്രുതിയെ ഒന്ന് നോക്കിട്ട് വരാം… അയ്യോ… നിക്ക് നിക്ക്… എനിക്കൊന്ന് സെലക്ട്‌ ചെയ്തു തന്നിട്ട് പോ നീ… ശെടാ… ആഹ്…നിനക്ക് സെലക്ട്‌ ചെയ്തു തന്നാൽ പോരെ…ഒരു കാര്യം ചെയ്യാം… അതും പറഞ്ഞു ദേവി വരുണിനെ വിളിച്ചു…

വരുണേട്ടാ… ഒന്നിങ്ങു വരുവോ… അവളുടെ വിളി കേട്ടതും അവൻ എഴുന്നേറ്റു അങ്ങോട്ട് ചെന്നു… നന്ദുവാണേ അവനേം അവളേം മാറി മാറി നോക്കി… എന്താടി… വരുണേട്ടാ ദേ ഇവൾക്കൊന്ന് ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കൊടുക്കാവോ… ഞാനാ ശ്രുതീടെ അടുത്തൊന്നും പോയിട്ട് വരട്ടെ… കേട്ടോ… അതും പറഞ്ഞു അവനൊന്നും പറയാൻ അവസരം കൊടുക്കാതെ അവൾ ശ്രുതീയുടെ അടുത്തോട്ടു ഓടി…നന്ദു അവൾ പോകുന്നതും നോക്കി നിന്നു… ഡീ… അവന്റെ വിളി കേട്ടതും അവൾ ഞെട്ടി നോക്കി… എന്തോ നോക്കി നിൽക്കുവാ… വാ എടുക്ക്… അതും പറഞ്ഞവൻ മുന്നിൽ കിടന്ന ഡ്രസ്സ്‌ നോക്കാൻ തുടങ്ങി… ഞ്… ഞാൻ… എനിക്ക് ദാ ഇത് മതി… നന്ദു ആദ്യം എടുത്ത ആ പിങ്ക് ഡ്രസ്സ്‌ ഉയർത്തികൊണ്ട് പറഞ്ഞു… അത് മോളങ്ങ് തിരികെ വെച്ചേരെ… നീയീ ഫങ്ക്ഷന് അതിടണ്ട… അവൻ പറഞ്ഞത് കേട്ടതും അവൾ കണ്ണും മിഴിച്ചു നിന്നു… ദാ… ഇത് പോയൊന്നു ഇട്ട് നോക്ക്…

അവൻ അവളുടെ കൈയിലേക്ക് സ്കൈ ബ്ലൂ കളറിലുള്ള ഒരു ഡ്രസ്സ്‌ വെച്ചു കൊടുത്തു…ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കത് നന്നായി ഇഷ്ടപ്പെട്ടു… അവൾ അതും അവനേം മാറി മാറി നോക്കി… എന്താ… ഇനി ഞാൻ വന്നു ഇടീക്കണോ… അവൻ അത് പറഞ്ഞതും നന്ദു ട്രയൽ റൂമിലേക്ക് ജീവനും കൊണ്ടു ഓടി… അവളുടെ ഓട്ടം കണ്ടു വരുൺ ചിരിച്ചുപോയി… ഡീ… നീ എടുത്തില്ലേ… ദേവി ശ്രുതിയുടെ അടുത്ത് ചെന്നു ചോദിച്ചതും അവൾ കൈയിലിരുന്ന ഡ്രസ്സ്‌ ഉയർത്തി കാട്ടി… ദാ… ഇതാ എടുത്തത്… എങ്ങനെ ഉണ്ട്… ഒരു ക്രീം കളർ ഓർഗൻസാ ടോപ്പും ബോട്ടവും കാണിച്ചു ശ്രുതി പറഞ്ഞു… അടിപൊളി… ഇത് മതി… വൊക്കെ… എന്നാ ബാ… അപ്പോഴേക്കും നന്ദു ഡ്രസ്സ്‌ ഇട്ട് നോക്കി ഇറങ്ങിയിരുന്നു… എങ്ങനുണ്ട് ഇട്ടിട്ട്… വരുൺ ചോദിച്ചു… കുഴപ്പില്ല… കറക്റ്റ് ആണ്… മ്മ്മ്… എന്നാൽ ഇതെടുത്താ മതി… അവൻ വല്യ അധികാരത്തിൽ പറഞ്ഞതും നന്ദുന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

അപ്പോഴേക്കും ദേവിയും ശ്രുതിയും അങ്ങോട്ടെത്തി… വൗ… സൂപ്പർ നന്ദു… ഈ ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട്… നന്ദുന്റെ കയ്യിലിരുന്ന ഡ്രസ്സ്‌ കണ്ട് ശ്രുതി പറഞ്ഞതും വരുണിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു… നന്ദുവിന്റെ കണ്ണുകൾ വരുണിലേക്ക് ചെന്നു…നന്ദുന്റെ മുഖം ശ്രെദ്ധിച്ച ദേവി വരുണിനെ നോക്കിയതും അവൾക്ക് കാര്യം പിടികിട്ടി… അപ്പൊ അതാണല്ലേ മോന്തേം വീർപ്പിച്ചവിടെ ഇരുന്നത്… ദേവി മനസ്സിൽ പറഞ്ഞു… അപ്പോഴേക്കും ബാക്കി എല്ലാരും ഡ്രസ്സ്‌ എടുത്ത് അങ്ങോട്ടേക്ക് വന്നു… എല്ലാരും എടുത്തോ… അപ്പൊ നമുക്ക് താഴേക്ക് പോയാലോ… കൃഷ്ണൻ പറഞ്ഞു… നിങ്ങൾ ചെന്നോ ചെറിയച്ഛ… ഞാൻ എനിക്കുള്ളത് കൂടി എടുത്തിട്ട് അങ്ങോട്ടേക്ക് വന്നേക്കാം… വരുൺ അതും പറഞ്ഞു അവനുള്ളത് എടുക്കാനായി പോയി…ബാക്കി ഉള്ളവർ താഴേക്കും… ………………… തുടരും…………….