രചന – വൈദേഹി വൈഗ
രാത്രി ഒരു നേരമായി എല്ലാരും തിരികെ വീട്ടിൽ എത്തിയപ്പോൾ… മൂന്നെണ്ണത്തിന്റേം ഫുഡ് അടി തീരണ്ടേ…വരുണിനേം വിനുനേം ദേവിയേം വീട്ടിൽ വിട്ട ശേഷം നവിയും നന്ദുവും തിരികെ പോയി… ചെന്ന ഉടനെ തന്നെ എല്ലാം കട്ടിലു പിടിച്ചു… ക്ഷീണം ഉണ്ടേ… പിറ്റേന്ന് എന്നത്തേയും പോലെ ഗായത്രിയുടെ സുപ്രഭാതം കേട്ടാണ് ദേവി കണ്ണുതുറന്നത്… ഒരു വിധം പൊങ്ങി എണീറ്റു അവൾ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഒരു കാക്കക്കുളീം കുളിച്ച് കോളേജിൽ പോകാൻ റെഡി ആയി വന്നു…അപ്പോഴേക്കും കൃഷ്ണനും ലക്ഷ്മിയമ്മയും വരുണും വിനും ഗായത്രിയും എല്ലാം കഴിക്കാൻ ഇരുന്നിട്ടുണ്ടാരുന്നു… ഓഹ്…ഇതെന്താ എന്നും ഈ ദൊഡ്ഡലി ആണല്ലോ ഇവിടെ… ദേവി കാസറോൾ പൊക്കി നോക്കിട്ട് പറഞ്ഞു… നിനക്ക് വേണമെങ്കിൽ കഴിച്ചാ മതി… ഗായത്രി മറുപടി കൊടുത്തു…ഗായത്രിയെ നോക്കി ഒന്ന് മുഖം കോട്ടികൊണ്ട് അവൾ ഒരു പാത്രത്തിലേക്ക് ഇഡലിയും സാമ്പാറും ചമ്മന്തിയും പകർത്തി അവിടെയിരുന്നു കഴിക്കാൻ തുടങ്ങി…
ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ഏറ്റ പോളിംഗ് ആണല്ലോ… ചുമ്മാതല്ല ചെറിയമ്മ ഇവൾക്കിഷ്ടമുള്ളത് ഉണ്ടാക്കാത്തെ…ഇഷ്ടമല്ലാത്തതായിട്ട് ഇത്രേം… അപ്പൊ പിന്നെ ഇഷ്ടമുള്ളത് ആണേലോ… ചെറിയമ്മക്ക് പിന്നെ അടുക്കളേന്ന് ഇറങ്ങാൻ നേരം കാണില്ല… വിനു പറഞ്ഞു… ഈ പൊട്ടനെ ഇന്ന് ഞാൻ… ദേവി എന്തോ പറയാൻ വന്നതും ഗായത്രി അവളെ നോക്കി കണ്ണുരുട്ടുന്നത് കണ്ടു അവൾ മിണ്ടാതെ ഇരുന്ന് കഴിക്കാൻ തുടങ്ങി… എങ്കിലും അതിനിടക്ക് അവനെ നോക്കി പേടിപ്പിക്കാൻ മറന്നില്ല… അപ്പോഴേക്കും വരുൺ കഴിച്ചിട്ട് എണീറ്റു… ഡീ… വേഗം കഴിച്ചിട്ട് വാ… ഞാൻ കോളേജിലോട്ട് വിട്ടേക്കാം… ഏട്ടാ… നന്ദുവും ഉണ്ട്… ഞങ്ങൾ സ്കൂട്ടറിൽ പൊയ്ക്കോളാം… ദേവി പറഞ്ഞു… അതിനെന്താ… അവളെ കൂടെ അത് വഴി പോയി വിളിച്ചാ പോരെ… അമ്പലത്തിലേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങാൻ എനിക്ക് കോളേജിന്റെ ആ വഴി ആണ് പോകേണ്ടത്… എന്നാൽ ഓക്കേ… എന്നാ പിന്നെ ഞാനൂടെ വരാം… നീ എന്തോത്തിന ഇപ്പോ അവന്റെ കൂടെ പോണേ… ചുമ്മാ വണ്ടിയിൽ ഇരുന്ന് പിള്ളേരോട് വഴക്കുണ്ടാക്കാൻ…
അല്ലാതെ വേറെ ഉത്തരവാദിത്തം ഉണ്ടായിട്ടൊന്നുമല്ലല്ലോ… വരുൺ പോയിക്കോളും… അതും പറഞ്ഞു ലക്ഷ്മിയമ്മ കഴിച്ചെണീറ്റു… ഓഹ് കള്ളകിളവി… രാവിലെ തന്നെ എനിക്കിട്ടാ… വിനു മനസ്സിൽ പറഞ്ഞോണ്ട് ദേവിയെ നോക്കിയപ്പോ അവൾ അവനെ ഒന്ന് ആക്കിചിരിച്ചു… പ്വോടി… അവളെ നോക്കി പുച്ഛിച്ചു കൊണ്ടു അവൻ കൈകഴുകി ഫോണും എടുത്ത് സോഫയിൽ പോയി നീണ്ടു നിവർന്നു കിടന്നു അതിൽ നോക്കാൻ തുടങ്ങി… വരുൺ ഇറങ്ങിയതും ദേവി ഓടിപ്പോയി കൈകഴുകി ബാഗും എടുത്ത് അവന്റെ പിറകെ ചെന്നു… പോകാം വരുണേട്ട… മ്മ്… നീ കേറിക്കോ… അതും പറഞ്ഞു രണ്ടുപേരും കാറിൽ കേറി… വരുൺ വണ്ടിയെടുത്തതും ദേവി ഫോൺ എടുത്ത് നന്ദുനെ വിളിക്കാൻ തുടങ്ങി… നീയാരെയാ ഈ വിളിക്കുന്നെ… നന്ദുനെ… അവളോട് പറയാം ഏട്ടൻ കൊണ്ടുവിടുവെന്ന്…അങ്ങോട്ട് ഇറങ്ങി നിൽക്കാൻ… നമ്മൾ അങ്ങോട്ടേക്ക് തന്നെ അല്ലെ പോകുന്നേ… അവളപ്പൊ അറിഞ്ഞാ മതി… നീ വിളിച്ചൊന്നും പറയാൻ പോകണ്ട… മ്മ്മ്… ശെരി… അതും പറഞ്ഞവൾ ഫോൺ എടുത്ത് ബാഗിൽ തന്നെ വെച്ചു… വേറൊന്നും കൊണ്ടല്ല അവൻ ആണ് കൊണ്ടുവിടാൻ വരുന്നേന്നു വല്ലോം അവളറിഞ്ഞാൽ കൂടെ വരാതെ തന്നെ അവളങ്ങു പോയാലോന്നു കൊച്ചന് പേടി ഉണ്ടേ…
അങ്ങനെ അവർ ചെമ്പകത്ത് മുറ്റത്ത് എത്തിയതും കണ്ടു ദേവിയെ നോക്കി നിൽക്കുന്ന നന്ദുനെ… വണ്ടി കണ്ട് അവളൊന്നു നിന്നു… ഡീ… ബാ… ഏട്ടൻ കൊണ്ടു വിടാന്ന് പറഞ്ഞു… ഏട്ടൻ അത് വഴിയാ… വണ്ടിയിലിരുന്ന് ദേവി പറഞ്ഞു… വേഗം ചെല്ല് നന്ദു… അവർ വെയിറ്റ് ചെയ്യുന്ന കണ്ടില്ലേ… അങ്ങോട്ട് വന്ന മാലതി പറഞ്ഞതും അവൾ മനസ്സില്ലാമനസ്സോടെ ബാക്ക് സീറ്റിലേക്ക് കയറി…അവൾ കയറിയതും വരുൺ വണ്ടി മുന്നോട്ട് എടുത്തു… തെണ്ടി… ഒരു വാക്ക് പറഞ്ഞാരുന്നേ ഞാൻ തന്നെ അങ്ങ് പോയേനെ… അവൾ അതും മനസ്സിൽ ഓർത്തോണ്ട് ദേവിയെ നോക്കി പേടിപ്പിച്ചു… അവളുടെ ഭാവം ഫ്രണ്ടിലത്തെ മിററിലൂടെ കണ്ട വരുണിന് ചിരി വന്നു… കോളേജ് എത്തുന്ന വരെയും നന്ദു ഒന്നും മിണ്ടാതെ പുറത്തോട്ട് നോക്കി കാഴ്ചകൾ കണ്ടിരുന്നു… അവൾ മിണ്ടാഞ്ഞതുകൊണ്ട് ദേവിയും പിന്നെ അവളോടൊന്നും ചോദിക്കാൻ പോയില്ല… കോളേജ് ഗേറ്റ് എത്തിയതും വരുൺ വണ്ടി ഒതുക്കി നിർത്തി… ദേവിയും നന്ദും കാറിൽ നിന്നിറങ്ങി…
എന്നാ ശെരി ഏട്ടാ… മ്മ്മ്… ക്ലാസ്സ് തീരുമ്പോ നീ എന്നെ വിളിച്ചാൽ മതി… ഞാൻ വന്നോളാം… തേങ്‌സ്… ദേവി പറഞ്ഞു… അവൻ അടുത്ത് നിൽക്കുന്ന നന്ദുനെ നോക്കിയെങ്കിലും അവൾ വഴിയേ പോകുന്ന വണ്ടികളുടെ കണക്കെടുക്കുവാരുന്നു… വാടി… അതും പറഞ്ഞു ദേവി നന്ദുന്റെ കയ്യും പിടിച്ചു അകത്തേക്കു നടന്നു… വരുൺ ഒരു ചിരിയോടെ വണ്ടി എടുക്കാൻ തുടങ്ങിയപ്പോഴാണ് ശിവയുടെ ബുള്ളറ്റ് കോളേജിനകത്തേക്ക് കയറുന്നത് സൈഡ് മിററിൽ കൂടി വരുൺ കണ്ടത്… ഒരു നിമിഷം കൊണ്ടു അവന്റെ മുഖം മാറി രൗദ്ര ഭാവം ആയി… അവൻ സ്റ്റിയറിങ്ങിൽ കൈകൾ ഞെരിച്ചു… പിന്നെ എന്തോ ഓർത്തിട്ടെന്ന വണ്ണം വണ്ടി മുന്നോട്ടെടുത്തു… അകത്തേക്ക് ചെന്ന ശിവ കണ്ടു എന്തോ പരസ്പരം പറഞ്ഞു ചിരിച്ചുകൊണ്ട് പോകുന്ന നന്ദുനേം ദേവിയേം… അവന്റെ ചുണ്ടിൽ ഒരു ഗൂഡസ്മിതം വിരിഞ്ഞു…അവൻ പതിയെ അവരെ നോക്കികൊണ്ട് തന്നെ ഹെൽമെറ്റ് മാറ്റി വണ്ടി ലോക്ക് ചെയ്തു താക്കോലുമായി സ്റ്റാഫ്റൂമിലേക്ക് പോയി… ഗുഡ്മോർണിംഗ് നവി… അകത്തേക്ക് കയറി വന്ന ശിവ നവിയോട് പറഞ്ഞു… അവനെ കണ്ടതും നവിയുടെ മുഖം പെട്ടന്ന് മാറിയെങ്കിലും അവനത് പുറമേ കാട്ടാതെ തിരിച്ചു അവനേം വിഷ് ചെയ്തു… അപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചു… നവി ബുക്‌സും എടുത്തുകൊണ്ടു ക്ലാസ്സിലേക്ക് പോകുന്നതും നോക്കി വലത്തേ ചൂണ്ടുവിരൽ കൊണ്ടു താടിക്ക് തട്ടി കൊണ്ട് ഒരു ചിരിയോടെ ശിവ ഇരുന്നു…
പിന്നെ പതിയെ അവിടുന്ന് പുറത്തേക്കിറങ്ങി… നവി ക്ലാസ്സിലേക്ക് കയറിയപ്പോ തന്നെ കണ്ടു ഏറ്റവും ബാക്കിലെ ഡെസ്കിൽ കയറി ഇരുന്ന് മറ്റുള്ളവരോട് സംസാരിക്കുന്ന ദേവിയെ…നവിയെ കണ്ടതും ശിൽപയുടെ കണ്ണുകൾ തിളങ്ങി… അവൻ കയറി വന്നു മുന്നിലത്തെ ഡെസ്കിലൊന്ന് കൊട്ടി…ദേവി ഞെട്ടി താഴെയിറങ്ങി… എന്തായിത്… ഡസ്ക് ഇട്ടേക്കുന്നത് നിങ്ങൾക് കേറി ഇരിക്കാനാണോ… എന്നാ ഒരു കാര്യം ചെയ്യ്… കുറച്ചു നേരം അതിൽ കേറി നിൽക്ക്… എന്താ വേണോ… നവി ദേവിയോട് ചോദിച്ചു… മ്മ്ച്ചും… വേണ്ട… ദേവി മറുപടി പറഞ്ഞോണ്ട് തല താഴ്ത്തി… ഇത്രേം പിള്ളേരിരിപ്പുണ്ട് അല്ലേൽ എപ്പോ കേറിന്ന് ചോദിച്ചാൽ മതിയാരുന്നു… ദേവി മനസ്സിൽ പറഞ്ഞോണ്ട് നവിയെ നോക്കി… അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കിട്ട് രജിസ്റ്റർ എടുത്ത് അറ്റന്റൻസ് എടുക്കാൻ തുടങ്ങി… ദേവി നോക്കിയപ്പോ കണ്ടു ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന് ഒരു പുച്ഛ ചിരിയോടെ അവളെ നോക്കുന്ന ശില്പയെ… പോടീ… അവൾ ശബ്ദമില്ലാതെ ചുണ്ടനക്കി ശില്പയോട് പറഞ്ഞു…ശിൽപ ദേഷ്യത്തിൽ മുഖം വെട്ടിച്ചു… എന്താ ദേവി എന്തെങ്കിലും പറഞ്ഞാരുന്നോ… നവി ചോദിച്ചു… ന്… നോ സർ… മ്മ്മ്… ദേവി അപ്പുറത്തോട്ട് നോക്കിയപ്പോൾ കണ്ടു അവളെ നോക്കി ചിരിക്കുന്ന നന്ദുനെ… ദേവി രൂക്ഷമായി നോക്കുന്നത് കണ്ടതും അവൾ ചിരിക്കുന്നത് നിർത്തി…
ക്ലാസ്സിൽ വന്നാൽ മര്യാദക്ക് ക്ലാസ്സിന്റെ ഡെക്കോറം കീപ് ചെയ്യണം… അതിനു പറ്റാത്തവർക്ക് വെളിയിൽ പോകാം… അതനുസരിക്കാമെന്നുള്ളവർക്ക് ഇരിക്കാം… നവി അവസാന ഡയലോഗ് ദേവിയെ നോക്കി പറഞ്ഞിട്ട് ബുക്ക് എടുത്തു…അവൾ ഒന്നും മിണ്ടാതെ ഇരുന്നു… ബ്ലഡി ഗ്രാമവാസി… ഹ്മ്മ്… കൊച്ചിന് നല്ല വിസമമുണ്ട്… നവി പഠിപ്പിക്കാൻ തുടങ്ങി… ഇനിം അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ദേവി ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കാൻ തുടങ്ങി… നന്ദുവാണേ വെറുതെ എന്തിനാ ചോദിച്ചു മേടിക്കുന്നതെന്ന് കരുതി അതിനേക്കാൾ ശ്രദ്ധയോടെ ഇരുന്നു… ക്ലാസ്സ് കഴിഞ്ഞതും നവി ദേവിയെ ഒന്ന് നോക്കിപേടിപ്പിച്ച ശേഷം ക്ലാസ്സിന്ന് ഇറങ്ങി… അവൾ ദേഷ്യത്തിൽ ബുക്ക് ബെഞ്ചിലോട്ട് ഇട്ടു… കാലമാടൻ… ഡീ… ബാ… ക്യാന്റീനിൽ പോകാം… നന്ദു പറഞ്ഞു കൊണ്ടു എണീറ്റു പുറത്തേക്ക് നടന്നു….ദേവി അവളുടെ പിറകിനു പോയി… ഡീ…എന്നും വന്നു എന്നെ ഇട്ട് കുടയാമെന്ന് നിന്റെ ഏട്ടൻ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ… നടക്കുന്നതിനിടക്ക് ദേവി നന്ദുനോട് ചോദിച്ചു… എന്നും ഏട്ടന്റെ വായിലിരിക്കുന്നത് കേൾക്കാമെന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ… എന്നും ഉണ്ടല്ലോ ഇത്… അതും പറഞ്ഞു ദേവിയെ പുച്ഛിച്ചോണ്ട് നന്ദു നടന്നു…
ദേവി ഒന്ന് നിന്നു… ഹ്മ്മ്… എന്തൊക്കെയായാലും ആ കടുവേടെ അല്ലെ പെങ്ങൾ… അതും ഓർത്തോണ്ട് അവൾ പിന്നേം നന്ദുന്റെ പുറകെ പോയി… ക്യാന്റീനിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ക്ലാസ്സിലെ പാർവതി വന്നു HOD ദേവിയെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്… ഓ പണ്ടാരം ഫ്രഷേഴ്‌സ് ഡേ വരുവല്ലേ… വല്ല ഡാൻസ് വല്ലോം ചെയ്യാൻ പറയാൻ ആകും…നീ ഒരു കാര്യം ചെയ്യ്… ക്ലാസ്സിലോട്ട് പൊക്കോ… ഞാൻ അങ്ങ് വന്നേക്കാം… അതും പറഞ്ഞു ദേവി പാർവതിയുടെ കൂടെ പോയി… നമ്മുടെ ദേവി നല്ല അസ്സലൊരു ഡാൻസർ ആണ് കേട്ടോ… സ്കൂളിലും കോളേജിലും എല്ലാം ഏത് പരിപാടിക്കും അവളുടെ ഒരു പ്രോഗ്രാം കാണും… മ്മ് ശെരി… നീ ചെല്ല്… അതും പറഞ്ഞു നന്ദു ക്ലാസ്സിലേക്ക് നടന്നു… ക്യാന്റീനിൽ നിന്നും ഒരു ഇടവഴി പോലെ കടന്നു വേണം കോളേജ് ബിൽഡിങ്ങിലേക്ക് പോകാൻ…നന്ദു ആ ഇടവഴി കഴിയാറായതും രണ്ടു കൈകൾ വന്നവളുടെ വാ പൊത്തി തൊട്ടപ്പുറത്തെ ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് കൊണ്ടു പോയി…
ദേവി ചെന്നപ്പോൾ HOD യും ഡിപ്പാർട്മെന്റിലെ വേറെ ഒന്നുരണ്ട് ടീച്ചേഴ്സും പിന്നെ നവിയും അവിടെ ഇരിപ്പുണ്ടാരുന്നു… മാം… എന്നെ വിളിച്ചെന്നു പറഞ്ഞു… ആഹ് ദേവീ…നമ്മുടെ ഫ്രഷേഴ്‌സ് ഡേ വരാൻ പോകുവല്ലേ… നമ്മുടെ ഡിപ്പാർട്മെന്റിൽ നിന്ന് നിങ്ങളുടെ ബാച്ചുകാരാണ് അത് നടത്തേണ്ടത്… കൂടെ മൂന്നാല് പ്രോഗ്രാമ്സും വേണം…ഒന്ന് ദേവിയുടെ ഡാൻസ് ആണ്… തനിക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ… ദേവി നവിയെ നോക്കിയതും അവൻ ഈ നാട്ടുകാരനെ അല്ല എന്ന ഭാവത്തിൽ പേപ്പറിൽ എന്തോ എഴുതുന്നത് കണ്ടു… നോ മാം… എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല… ഞാൻ ചെയ്യാം… വെരി ഗുഡ്…കഴിഞ്ഞ വർഷം താൻ ആർട്സ് ഡേയ്ക്ക് കളിച്ചത് ഒരു ക്ലാസിക്കൽ അല്ലെ… സൊ ഇപ്രാവിശ്യം സെമിക്ലാസിക്കൽ മതി… എന്ത് പറയുന്നു… ഓക്കേ മാം… ഞാൻ സോങ് ഒന്നുരണ്ടെണ്ണം സെലക്ട് ചെയ്തു മാമിനോട് പറയാം… മാം ഫൈനലൈസ് ചെയ്തു തന്നാൽ മതി… ഓക്കേ… എന്നാൽ പൊക്കോ… നാളെയോ മറ്റന്നാളോ പാട്ട് സെലക്ട് ചെയ്തു കൊണ്ടുവന്നാൽ മതി… ശെരി മാം… അതും പറഞ്ഞു ദേവി അവിടുന്ന് ഇറങ്ങി…
ക്ലാസ്സിലേക്ക് നടക്കുമ്പോഴും ഏത് പാട്ടൊക്കെ എടുക്കും എന്ന ചിന്തായിലാരുന്നു അവൾ… ഒരു കാര്യം ചെയ്യാം… ക്ലാസ്സിൽ ചെന്നു നന്ദുനോടൂടെ ചോദിക്കാം… അതും ഓർത്തോണ്ട് ദേവി ക്ലാസ്സിലേക്ക് ഓടി… ക്ലാസ്സിൽ കയറി ദേവി സീറ്റിലേക്ക് നോക്കിയപ്പോ നന്ദുനെ കണ്ടില്ല… അവളുടെ മുഖം ചുളിഞ്ഞു… ഇവളിത് എവിടെ പോയി…ഇങ്ങോട്ട് വന്നതാണല്ലോ… ദേവി അതും ഓർത്തോണ്ട് അവിടിരുന്ന ഐശ്വര്യയോട് ചോദിച്ചു… ടാ… നന്ദുനെ കണ്ടാരുന്നോ…അവളിങ്ങോട്ട് വന്നാരുന്നല്ലോ… ഇല്ലാലോ… നീയും അവളും കൂടെ അല്ലെ കുറച്ചു മുന്നേ കാന്റീനിലേക്കെന്നും പറഞ്ഞു പോയത്…അല്ല നീ മാത്രേ ഉള്ളോ അവളെന്തേ… ഐശ്വര്യയുടെ പറച്ചിൽ കേട്ടതും ഒരു നിമിഷം ദേവി അവിടെ നിന്നുപോയി… അവൾ ക്ലാസ്സിൽ വന്നില്ലേ… പിന്നെ? പെട്ടന്ന് ദേവിയുടെ മനസ്സിൽ ശിവയുടെ മുഖം ഓർമ വന്നു…അവൾ വല്ലാത്തൊരു പരവേശത്തോടെ സ്റ്റാഫ്റൂമിലേക്ക് ഓടി… അതിന്റെ മുന്നിലെ ജനലിലൂടെ അവൾ അകത്തേക്ക് നോക്കി… അവിടെ ശിവ ഇല്ലെന്നു കണ്ടതും അവൾ അവിടെ തറഞ്ഞു നിന്നുപോയി… ഒരു നിമിഷം അവളുടെ വായിലെ വെള്ളം വറ്റിപോയതായിട്ട് അവൾക്കു തോന്നി…എന്റെ നന്ദു… എങ്ങോട്ട് പോകണമെന്ന് അവൾക്കൊരു നിശ്ചയവും ഉണ്ടാരുന്നില്ല…എങ്കിലും കാന്റീനിലേക്ക് പോകുന്ന വഴിയേ അവൾ ഓടി…
സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് പോകുവാരുന്നു വരുൺ… എന്തോ അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് അവൻ അറിഞ്ഞു…വല്ലാത്തൊരു പിടപ്പ് പോലെ… അവൻ വഴിയരികിൽ വണ്ടി നിർത്തി… സ്റ്റിയറിങ്ങിൽ കൈകൾ മുറുക്കികൊണ്ട് കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി…പെട്ടന്നവന്റെ മനസ്സിൽ നന്ദുന്റെ മുഖം തെളിഞ്ഞു വന്നു… അവൻ പെട്ടന്ന് കണ്ണുകൾ തുറന്നു…അവൻ വേഗം തന്റെ ഫോൺ എടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു നന്ദുന്റെ സേവ് ചെയ്യാതെ വെച്ചിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു… “ഒരായിരം വട്ടം മനസ്സിൽ ഞാൻ ഉറക്കെ ഈ ലോകത്തിനോട് പറഞ്ഞു കഴിഞ്ഞു പെണ്ണെ നീ എന്റേതാണെന്നു… എന്റേത് മാത്രമാണെന്ന്…നീ ഒറ്റക്കല്ലെന്ന്… നിന്റെ നിഴലായി ഞാൻ ഉണ്ടെന്ന്… പക്ഷെ അതീ ലോകം കേൾക്കെ എനിക്ക് പറയണമെങ്കിൽ ആദ്യം നിന്റെ ചെവിയിൽ എനിക്ക് മന്ത്രിക്കണം… പ്രിയദേ… നീ എന്റെ പ്രാണൻ ആണെന്ന്… നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന്…” …………….. തുടരും…………..

by