രചന – വൈദേഹി ദേഹി
ഉച്ചക്ക് ശേഷം ഹാഫ് ഡേ ലീവ് എടുത്ത് നവി വീട്ടിലേക്ക് തിരിച്ചുവന്നു… ഇതെന്താ നീ ഇങ്ങ് നേരത്തേ പോന്നോ… അകത്തേക്ക് വന്ന നവിയോട് മാലതി ചോദിച്ചു… ആഹ് ഉച്ച കഴിഞ്ഞിട്ടുള്ള ക്ലാസ്സ് എനിക്ക് ഫ്രീ ആരുന്നു… അപ്പൊ പിന്നെ ഞാനിങ്ങു പോന്നു… ആണോ നീ ചോറുണ്ടാരുന്നോ… മ്മ് കഴിച്ചിട്ടാ ഇറങ്ങിയത്… മ്മ്മ് എന്നാ ചെല്ല്… വരുൺ വന്നിട്ടുണ്ട്… ഗോപികേടെ മുറിയിൽ ഉണ്ട്… ആണോ… കേട്ടപാതി അവൻ അങ്ങോട്ട് ഓടി… മാലതി ഒരു ചിരിയോടെ അവനെ നോക്കി നിന്നു… നവി മുറിയിൽ വന്നപ്പോ കണ്ടു ഗോപികയുടെ മടിയിൽ കിടക്കുന്ന വരുണിനെ… അവൻ വേഗം ഓടി ചെന്നു വരുണിന് എതിർവശത്തായി അവരുടെ മടിയിൽ കിടന്നു… ഗോപിക പൊട്ടിച്ചിരിച്ചോണ്ട് അവന്റെ മുടിയിൽ തഴുകി… അല്ല നിനക്കിന്ന് ക്ലാസ്സ് ഒന്നുല്ലേ… നേരത്തെ ഇങ്ങ് പോന്നല്ലോ… വരുൺ ചോദിച്ചു… ഉച്ച കഴിഞ്ഞു ഫ്രീ ആരുന്നു പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല… ഓ…മ്മ്മ്… മ്മ്മ്… വരുൺ ഒന്ന് ആക്കി മൂളി… നവി പെട്ടന്ന് തല പൊക്കി അവനെ നോക്കി… എന്താടാ നിനക്കൊരു കിണി…
ഓഹ് ഒന്നുല്ലേ… ചിലരൊക്കെ ഇന്ന് ക്ലാസ്സിൽ ഇല്ലാത്തോണ്ടാരിക്കും മോനിന്ന് അവിടെ ഇരിക്കാൻ തോന്നാഞ്ഞേ… ഗോപികക്ക് അത് കേട്ടു ചിരി വന്നെങ്കിലും അവരത് പുറത്ത് കാണിക്കാതെ അവന്റെ കൈത്തണ്ടയ്ക്കു ഒരു കുഞ്ഞു തട്ട് കൊടുത്തു… നീ ഉദ്ദേശിച്ച ആ ചിലർ ഇല്ലാത്തോണ്ട് എനിക്കിന്ന് ക്ലാസ്സ് എടുക്കാൻ നല്ല മൂഡ് ആരുന്നു… അല്ലെങ്കിലും നിന്റെ ആ അനിയത്തി പഠിക്കാനല്ലല്ലോ അങ്ങോട്ട് വരുന്നേ…മനുഷ്യന് ക്ലാസ്സ് പോലും നേരെ ചൊവ്വേ എടുക്കണ്ട അവളുണ്ടെങ്കിൽ… അയ്യടാ… അതിനു എന്റെ അനിയത്തി മാത്രമല്ലല്ലോ നിന്റെം ഇല്ലേ… വരുൺ ചാടി എണീറ്റു പറഞ്ഞു… നിന്റെ അനിയത്തീടെ കൂടെ അല്ലെ കൂട്ട്… പിന്നെങ്ങനെ അവൾ ശെരിയാകും… നവിയും എണീറ്റു അവനു നേരെ നിന്നോണ്ട് പറഞ്ഞു… ഡാ… ഡാ… നിർത്തിക്കെ…അവളുമാർ രണ്ടൂടെ ഇതും കേട്ടോണ്ട് ഇങ്ങോട്ട് വരണം… പിന്നെ നിന്നെ ഒക്കെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കാം… അതും പറഞ്ഞോണ്ട് ഗോപിക താഴേക്ക് പോയി…
അല്ല നീയിത് എപ്പോ വന്നു… കട്ടിലിൽ നിന്നു ഇറങ്ങിക്കൊണ്ട് നവി ചോദിച്ചു… ഞാൻ രാവിലേ കഴിച്ചിട്ട് ഇങ്ങോട്ടേക്ക് പോന്നു… മ്മ്മ്… നവി നേരെ ബാൽക്കണിയിലോട്ട് പോയി… പിറകിന് വരുണും…നവി നേരെ ചെന്നാ ബീൻബാഗിൽ ഇരുന്നു… അവന്റെ മുഖം കണ്ടപ്പോഴേ വരുണിന് മനസ്സിലായി അവനെന്തോ സീരിയസ് ആയി പറയാൻ ഉണ്ടെന്ന്… എന്താടാ…നിന്റെ മുഖമെന്താ വല്ലാണ്ട് ഇരിക്കുന്നെ… നവി വരുണിനെ ഒന്ന് നോക്കി… എന്നിട്ട് മറ്റെവിടേക്കോ നോക്കികൊണ്ട് പറഞ്ഞു… ശിവ അറിഞ്ഞിട്ടുണ്ട് നീ വന്ന കാര്യം… ഞാൻ പറഞ്ഞു… രാവിലേ അവനറിയണം നന്ദനയും ദേവിയും എന്താ വരാഞ്ഞെന്ന്… ഞാനപ്പോ പറഞ്ഞു നീ വന്നതുകൊണ്ടാണെന്ന്… നിന്റെ പേര് കേട്ടതും അവന്റെ മുഖം ആകെ വലിഞ്ഞുമുറുകി… പിന്നെ കുറച്ചു കഴിഞ്ഞതും അവൻ വണ്ടീമെടുത്തു പോകുന്നത് കണ്ടു… വരുണിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു… അവൻ ബാൽക്കണി റെയിൽസിലേക്ക് കൈ ചേർത്തു ദൂരേക്ക് നോക്കി നിന്നു… ഹ്മ്മ്… എതിരാളികൾ എല്ലാം അണിനിരന്ന സ്ഥിതിക്ക് ഇനി കളികൾ എല്ലാം എളുപ്പമായല്ലോ… അതേ…നമ്മൾ കരുതിയിരിക്കണം വരുൺ… അവന്റെ ലക്ഷ്യം എന്താണെന്ന് നമുക്ക് നന്നായി അറിയാം… പക്ഷെ അതിനവൻ തിരഞ്ഞെടുക്കാൻ പോകുന്ന വഴികൾ… അത് നമുക്ക് അറിയില്ലല്ലോ… നവി പറഞ്ഞതും വരുൺ ചിരിച്ചു…
അതിനവൻ തിരഞ്ഞെടുത്ത വഴി…അത് നിനക്കിനിയും മനസ്സിലായില്ലേ നവി… വരുൺ ദൂരേക്ക് നോക്കിക്കൊണ്ട് തന്നെ ചോദിച്ചു… നവി സംശയഭാവത്തിൽ അവനെ നോക്കി… നന്ദു… അവളിലേക്ക് അവനു എത്തിച്ചേരാൻ ഉള്ള മാർഗം അവൾ തന്നെ ആണ്… അവൻ കണ്ടെത്തിയേക്കുന്ന മാർഗവും അതാണ്… നവി എണീറ്റു അവന്റെ അപ്പുറത്ത് വന്നു നിന്നിട്ട് അവനെ നോക്കി… നീ ഇത് എന്തൊക്കെയാ ഈ പറയുന്നത്… എനിക്ക് മനസ്സിലായില്ല… നന്ദുന്റെ മനസ്സിൽ അവനോടുള്ള ഭയം… പഴയതൊന്നും അവൾ പെട്ടന്ന് മറക്കില്ലെന്ന് അവനു നന്നായി അറിയാം… അവളെ മാനസികമായി തളർത്തുക… അതിനു വേണ്ടി തന്നെയാണ് അവൾ കോളേജിലോട്ട് വന്നത്… അവന്റെ സാമീപ്യം അവളെ തളർത്തും… അവൾ തളരുമ്പോ അവനു അവന്റെ ലക്ഷ്യത്തിലേക്കെത്താൻ കുറച്ചൂടെ എളുപ്പമാകും… മ്മ്മ്… മനസ്സിലായി… നവി ദൂരേക്ക് നോക്കി മറുപടി പറഞ്ഞു… നമ്മൾ കൂടെ ഉണ്ടെന്ന ധൈര്യം അവൾക്കുണ്ടാകണം… ദേവിക്കും നന്ദുനും വിനുനും അറിയില്ല ഈ കാര്യങ്ങൾ എല്ലാം എനിക്കും നിനക്കും ഗോപുവമ്മക്കും അറിയാമെന്നുള്ളത്… തല്ക്കാലം അതങ്ങനെ തന്നെ ഇരിക്കട്ടെ…അവർക്ക് മാത്രമല്ല അവനും… നമുക്ക് എല്ലാം അറിയാമെന്നു അവനും അറിയാൻ പാടില്ല… മ്മ്മ്… മനസ്സിലായി…
തല്ക്കാലം ശിവ നമ്മുടെ ആ പഴയ കൂട്ടുകാരൻ തന്നെ… അല്ലെ… അതേ… നമ്മൾ അവനൊപ്പം നിന്നാലേ അവന്റെ നീക്കങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കു… മ്മ്മ്…പിന്നെ നിനക്കിനി എന്താ പരുപാടി… ഓഹ് എന്തോന്ന്…ഇനി ഞാൻ വീട്ടിലേക്ക് പോകുവാ… നീ വന്നതല്ലേ ഉള്ളു… പോയി റസ്റ്റ് എടുത്തോ… പിന്നെ വൈകിട്ട് നമുക്ക് എല്ലാർക്കൂടെ വേണേ ബീച്ചിലൊക്കെ പോകാം… അതുങ്ങളോട് ഇപ്പോഴേ പറയണ്ട… നവി ചിരിച്ചു… ശെരിയെടാ…ഞാനെന്ന പോയി ഒന്ന് ഫ്രഷ് ആകട്ടെ…എന്നാ വൈകിട്ട് കാണാം… ഞാൻ അവളേം കൂട്ടി അങ്ങോട്ട് വരാം… അതും പറഞ്ഞു നവി റൂമിലേക്ക് പോയി…വരുൺ താഴേക്ക് പോകാനായി നിന്നപ്പോഴാണ് വണ്ടിയുടെ സൗണ്ട് കേട്ട് മുറ്റത്തേക്ക് നോക്കിയത്… നോക്കിയപ്പോ കണ്ടു വണ്ടി വെച്ച് അകത്തേക്ക് കയറുന്ന നന്ദുനെ… അതു കണ്ടതും വരുണിന്റെ കണ്ണിൽ കുസൃതി മിന്നി…അവൻ മീശയൊന്ന് പിരിച്ച ശേഷം താഴേക്ക് പോയി… വണ്ടി സ്റ്റാൻഡിൽ വെച്ചു ഹെൽമറ്റ് മാറ്റിയപ്പോഴാണ് വരുണിന്റെ വണ്ടി അവിടെ കിടക്കുന്നത് നന്ദു ശ്രദ്ധിച്ചത്… ഓ… രാവിലേ എങ്ങോട്ടേക്കാരുന്നോ വെള്ളത്തിലാശാൻ വണ്ടിയും എടുത്ത് പോയത്… അതും മനസ്സിൽ പറഞ്ഞോണ്ട് അവൾ അകത്തേക്ക് കയറിയപ്പോ കണ്ടു സ്റ്റെയർ ഇറങ്ങിവരുന്ന വരുണിനെ…
ഓഹ് വരുന്ന കണ്ടില്ലേ… ഉണ്ണിമുകുന്ദൻ ആന്നാ ഭാവം… കോന്തൻ… അതും ഓർത്തോണ്ട് നന്ദു അവനെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിലോട്ട് പോയി… അവളുടെ പോക്ക് കണ്ട വരുൺ ചിരിച്ചുപോയി…അവൻ രാവിലെ അവളെ മൈൻഡ് ചെയ്യാഞ്ഞതിലുള്ള ദേഷ്യം ആന്നെന്നു അവനു മനസ്സിലായി… അവൻ നേരെ അടുക്കളയിലോട്ട് പോയി… അവിടെ മാലതിയും ഗോപികയും ഉണ്ടാരുന്നു… ആഹാ എന്താണ് രണ്ടുപേരുടെ പരുപാടി…ആഹാ എന്റെ ഫേവറിറ്റ് പാലടപ്രഥമൻ ആണല്ലോ…❤️ അവൻ വന്നു ഗോപികയുടെ തോളിലൂടെ കൈയിട്ടു അടുപ്പത്തിരിക്കുന്ന ഉരുളിയിലേക്ക് മൂക്ക് വിടർത്തി മണം പിടിച്ചു കൊണ്ടു പറഞ്ഞു… മണം പിടിക്കാതെടാ ചെക്കാ… പിന്നെ നിനക്കാ രുചി കിട്ടില്ല… ഗോപിക അതും പറഞ്ഞു അവന്റെ കൈയിലൊരു കുഞ്ഞു അടി വെച്ച് കൊടുത്തു… മാലതി അത് കേട്ടു ചിരിച്ചു… ഇതെല്ലാം കണ്ട് സ്ലാബിൽ ഇരുന്ന നന്ദുന്റെ മുഖം കടന്നലു കുത്തിയ പോലെ വീർത്തു…
അയ്യടാ… പാലട കൊടുത്ത് സൽക്കരിക്കാൻ ഇങ്ങേരെന്താ വിശിഷ്ട അതിഥിയൊ… ടി… നീയിത് എന്താലോചിച്ചിരിക്കുവാ… ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ… ആ തേയില ഇങ്ങ് എടുക്കാൻ… മാലതി അവളോട് പറഞ്ഞു… അവൾ അപ്പുറത്തിരുന്ന തേയിലകുപ്പി അവരുടെ കയ്യിൽ എടുത്തുകൊടുത്തിട്ട് സ്ലാബിൽ നിന്നു ചാടിയിറങ്ങി… അല്ല നീയിത് എങ്ങോട്ട് പോകുവാ നന്ദു… വരുൺ വന്നു നിൽക്കുന്നത് കണ്ടില്ലേ നീ… അവനോട് ഒന്നും മിണ്ടുന്നില്ലേ… പണ്ട് വരുണേട്ടാ വരുണേട്ടാ എന്നും വിളിച്ചു അവന്റെ പിറകീന്ന് മാറാത്തവൾ ആരുന്നു… മാലതി പറഞ്ഞു… നന്ദു നോക്കിയപ്പോ ഗോപികയും വരുണും അവളെ തന്നെ ചിരിയോടെ നോക്കി നിൽക്കുന്നു… എന്റെ മാലതിയമ്മേ… ഞങ്ങൾ രാവിലെ തന്നെ സംസാരിച്ചാരുന്നു…നല്ല വിശദമായി തന്നെ… അല്ലേ നന്ദു… വരുൺ ഒരു ആക്കി ചിരിയോടെ പറഞ്ഞതും നന്ദുന്റെ മുഖം കുറച്ചൂടെ വീർത്തു ഇപ്പോൾ പൊട്ടുമെന്ന പോലെയായി…അവൾ ഒന്നും മിണ്ടാതെ ചാടിത്തുള്ളി റൂമിലേക്ക് പോയി…ഗോപികയും മാലതിയും അവരവരുടെ ജോലി തുടർന്നു…ഒരു ചിരിയോടെ വരുൺ അവളുടെ പോക്ക് നോക്കി നിന്നു…
റൂമിലേക്ക് വന്ന നന്ദു ബാഗ് എടുത്ത് കട്ടിലിലേക്കൊരു ഏറു വെച്ച് കൊടുത്തു… ഹ്മ്മ്…പറയുന്ന കേട്ടില്ലേ…സംസാരിച്ചെന്ന്… വിശദമായി തന്നെന്നു… വെള്ളത്തിൽ ഇട്ട് മനുഷ്യനെ പേടിപ്പിച്ചു ചാടിച്ചു വിട്ടിട്ട്… മോന്തക്ക് ഒരു കുത്ത് കൊടുക്കാനാ എനിക്ക് തോന്നിയെ… അതും പറഞ്ഞോണ്ട് മാറാനുള്ള ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിലേക്ക് കേറി… നവി ഫ്രഷ് ആയി താഴേക്ക് വരുമ്പോ കണ്ടു ഡൈനിംഗ് ടേബിളിൽ ഇരുന്ന് പായസം കുടിക്കുന്ന വരുണിനെ… ആഹാ ഇതെന്താ ഇന്ന് സ്പെഷ്യൽ പായസം ഒക്കെ… മേശപ്പുറത്തിരിക്കുന്ന പാത്രത്തിലേക്ക് എത്തിനോക്കി അതും പറഞ്ഞവൻ അങ്ങോട്ട് ഇരുന്നത്തതും ഗോപിക ഒരു ഗ്ലാസിൽ അവനുള്ള പായസം പകർന്നു കൊടുത്തു… ചുമ്മാ ഉണ്ടാക്കിയതാഡാ… ഇവന് പണ്ടേ എന്റെ പാലടപ്രഥമൻ വല്യ ഇഷ്ടാരുന്നല്ലോ… അതാ ഞാൻ ഉണ്ടാക്കിയത്… ഗോപിക പറഞ്ഞു… ഓഹ്… അവനുള്ള സ്പെഷ്യൽ… അല്ലേലും എന്റെ ഗോപുവമ്മയ്ക്കു പണ്ടേ എന്നോടാ സ്നേഹക്കൂടുതൽ… അല്ലെ ഗോപുവമ്മേ… നവിയെ ഏറുകണ്ണിട്ട് ഒന്നു നോക്കിയ ശേഷം വരുൺ ഗോപികയെ നോക്കി അതും പറഞ്ഞു കണ്ണിറുക്കി കാട്ടി…
എന്തായാലും ഞാൻ കഴിഞ്ഞല്ലേ ഉള്ളു എന്റെ അപ്പക്ക് നീ… അത്കൊണ്ട് നീ എന്തുവേണേലും പറഞ്ഞോ… ഡാ… നിർത്തിക്കെ രണ്ടും… പണ്ടേ ഉള്ള ശീലമാ ഗോപുവമ്മയ്ക്ക് ആരോടാ സ്നേഹക്കൂടുതൽ എന്നും ചോദിച്ചുള്ള ഈ തമ്മിൽ തല്ല്… പോത്ത് പോലെ വളർന്നല്ലോ രണ്ടും…നിർത്താറായില്ലേ ഇത് വരെ… രണ്ടിന്റേം അടി കേട്ടോണ്ട് അങ്ങോട്ട് വന്ന മാലതി പറഞ്ഞു… ഇതൊക്കെ ഒരു രസം അല്ലെ എന്റെ അമ്മേ… ഉവ്വ്… എന്നാൽ ഞാൻ ഇറങ്ങട്ടെ… വൈകിട്ട് നിങ്ങൾ അങ്ങോട്ട് വാ… ഞാൻ പോയി ഇപ്പോഴേ പറഞ്ഞാലേ സന്ധ്യയാകുമ്പോ എങ്കിലും നമുക്ക് പോകാൻ പറ്റു… ഒരു സുന്ദരിക്കോതയുടെ ഒരുക്കം കഴിഞ്ഞ് ഇറങ്ങിയാലും മറ്റേ സുന്ദരൻ ഇല്ലേ…അവന്റെ ഒരുക്കമാ സഹിക്കാൻ പറ്റാത്തെ… എല്ലാത്തിനേം ഒരുക്കി ഇറങ്ങുമ്പോൾ രാത്രി ആകും… അവന്റെ പറച്ചിൽ കേട്ടു മാലതിയും ഗോപികയും നവിയും ചിരിച്ചുപോയി… എന്നാ ശെരിയെടാ… ഞാൻ നന്ദുനേം കൂട്ടി അങ്ങ് വന്നോളാം…
നവി പറഞ്ഞത് കേട്ടു വരുൺ തലയാട്ടി…പോകുന്ന പോക്കിൽ അവൻ സ്റ്റെയറിന്റെ ഭാഗത്തേക്കൊന്ന് കണ്ണോടിച്ചു…എന്നിട്ട് വണ്ടിയെടുത്തു പോയി… എങ്ങോട്ട് പോണ കാര്യമാ നവി വരുൺ പറഞ്ഞത്… മാലതി നവിയോട് ചോദിച്ചു… അതും കേട്ടോണ്ടാണ് നന്ദു താഴേക്ക് ഇറങ്ങി വന്നത്… അവൾ ഒരു നിമിഷം അവന്റെ വാക്കിനു ചെവിയോർത്തു അവിടെ തന്നെ നിന്നു… അതമ്മേ വൈകിട്ട് ബീച്ചിലോട്ട് പോകാനാ…ഞാനും അവനും പിന്നെ നന്ദും ദേവിയും വിനുവും കൂടെ… ഓഹ് അതാണോ… നന്ദു പെട്ടന്ന് അങ്ങോട്ട് ചെന്നു… ആഹ് നീ വന്നോ… ദാ പായസം ഇരിപ്പുണ്ട് എടുത്ത് കുടിക്ക്… അതും പറഞ്ഞു മാലതി മുറ്റത്തേക്ക് ഇറങ്ങി… ഗോപിക ഒരു ഗ്ലാസിൽ അവൾക് പായസം എടുത്തു കൊടുത്തു… നന്ദു… നീ ഇത് കുടിച്ചിട്ട് പോയി റെഡി ആകു കേട്ടോ… എന്തിനാ ഏട്ടാ… നന്ദു ഒന്നും അറിയാത്ത പോലെ ചോദിച്ചു… നീ കേട്ടില്ലേ… നീ ഇപ്പൊ ഞാൻ അമ്മയോട് പറയുന്നതും കേട്ടോണ്ട് അവിടെ നിൽപ്പുണ്ടാരുന്നല്ലോ… ഞാൻ ദാ അതിൽ കൂടെ കണ്ടാരുന്നു…
വാഷ് ബേസിന്റെ ഭാഗത്തെ മിറർ ചൂണ്ടികൊണ്ട് നവി പറഞ്ഞതും നന്ദു ആകെ പ്ലിങ്ങി പോയി…ആ മിററിൽ നോക്കിയാൽ സ്റ്റെയറിന്റെ ഭാഗം നന്നായി കാണാമായിരുന്നു…നവിയും ഗോപികയും അവളുടെ ആ മുഖം കണ്ട് ചിരികടിച്ചുപിടിച്ചിരുന്നു… പണ്ടാരം… ഇതൊക്കെ ആരാ അവിടെ കൊണ്ടു വെച്ചത്… നന്ദു മനസ്സിൽ ഓർത്തോണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചു… ഈൗ… എന്നാ പിന്നെ ഞാൻ അങ്ങോട്ട്… അതും പറഞ്ഞു നന്ദു പായസോം കൊണ്ടു മാലതിയുടെ പിറകെ മുറ്റത്തേക്ക് ഇറങ്ങി… നവിയും ഗോപികയും ഒരു ചിരിയോടെ അവളുടെ പോക്ക് നോക്കി ഇരുന്നു… …………….. തുടരും…………..

by