16/04/2026

നീ മാത്രം : ഭാഗം 53

രചന – വൈദേഹി ദേഹി

ക്ലാസ്സിലിരുന്നപ്പോഴും ദേവിയും നന്ദുവും പരസ്പരം മിണ്ടിയിരുന്നില്ല… ശില്പക്കത് കണ്ടതും മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി… ക്ലാസ്സ്‌ കഴിഞ്ഞ് വിനു വിളിക്കാൻ വന്നിരുന്നു… നന്ദുനെ ചെമ്പകത്തേക്ക് വിടാതെ വണ്ടി നന്ദ്യാരത്തേക്ക് തന്നെ ആരുന്നു പോയത്… നന്ദു സംശയത്തിൽ അവനെ ഒന്ന് നോക്കിയെങ്കിലും അവനത് കണ്ട ഭാവം കാണിച്ചില്ല… അവളുടെ മുഖം കണ്ടതും ദേവി അവനോട് ചോദിച്ചു… ഇതെന്താ വീട്ടിലേക്ക്… ഇവളെ വിടണ്ടേ… അവിടുന്ന് എല്ലാരും നമ്മുടെ വീട്ടിൽ ഉണ്ട്… ഇവളെ അങ്ങോട്ട് കൊണ്ടു ചെല്ലാൻ പറഞ്ഞു മാലതിയമ്മ… ഓഹ്… അപ്പൊ അതാണ് കാര്യം… നന്ദു മനസ്സിൽ ഓർത്തു… അവർ ചെന്നപ്പോ തന്നെ കണ്ടു ഉമ്മറത്തിരുന്നു ചായ കുടിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നവരെ…വരുൺ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല… നവി കോളേജിൽ നിന്നും വന്നിട്ടുമില്ലാരുന്നു… ആഹാ എത്തിയോ… ചെല്ല്… നിങ്ങൾക്കുള്ള ചായ ദാ ഡൈനിംഗ് ടേബിളിൽ അടച്ചു വെച്ചിട്ടുണ്ട്…എടുത്ത് കുടിക്ക്… അവർ മൂന്നുപേരൂടെ അങ്ങോട്ട് കയറിച്ചെന്നതും ഗായത്രി പറഞ്ഞു…

അതു കേട്ടതും അവർ അകത്തേക്ക് നടന്നു…ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടക്കും ദേവിയും വിനുവും പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടാരുന്നു…അവളെന്നൊരാൾ അവിടെ ഇല്ലെന്ന മട്ടിലാരുന്നു അവരുടെ സംസാരം…നന്ദുവിനാണെ കരച്ചിൽ വരുന്നുണ്ടാരുന്നു…അപ്പോഴാണ് മുകളിൽ നിന്ന് ഫോണും നോക്കി കൊണ്ടു ശ്രുതി അങ്ങോട്ട് വന്നത്… നന്ദുവിന്റെ മുഖം കണ്ടതും അവൾക്ക് കാര്യം മനസ്സിലായി…അവളങ്ങോട്ട് ചെന്നു… ആഹാ… നിങ്ങൾ ഇവിടെ ഇരിക്കുവാരുന്നോ… ശ്രുതി അതും പറഞ്ഞു നന്ദുവിന്റെ അപ്പുറത്തേക്ക് വന്നിരുന്നു…അവർ മൂന്നുപേരും അവളെ ഒന്ന് നോക്കി… അല്ല ഇതെന്താ നിങ്ങൾ മൂന്നുപേരും ഇങ്ങനെ ഇരിക്കുന്നെ… നിങ്ങൾ തമ്മിൽ പിണങ്ങിയോ… അവളത് ചോദിച്ചതും വിനുവും ദേവിയും നന്ദുനെ ഒന്ന് നോക്കി… ഏയ്… ഇല്ലല്ലോ…നിനക്ക് ചുമ്മാ തോന്നുന്നതാ… വിനു പറഞ്ഞു… ഇപ്പോഴാ ഓർത്തെ… എന്റെ ഫോൺ ചാർജ് തീർന്നു ഓഫ്‌ ആയി പോയാരുന്നു…

ഞാനൊന്ന് പോയി കുത്തി ഇട്ടിട്ട് വരട്ടെ… അതും പറഞ്ഞു ദേവി ബാഗുമെടുത്തു മുകളിലോട്ട് പോയി… ഞാനും ചെല്ലട്ടെ… ഒന്ന് കുളിക്കണം… നന്ദുനെ ഒന്ന് നോക്കികൊണ്ട് വിനു ശ്രുതിയോടായി പറഞ്ഞു…എന്നിട്ടവൻ മുകളിലേക്ക് പോയി…ശ്രുതിയും നന്ദുവും അവന്റെ പോക്കും നോക്കി ഇരുന്നു… എന്താടി… എന്താ പ്രശ്നം… എന്തിനാ അവർ പിണങ്ങിയെ…പിണങ്ങിയില്ലെന്ന് ചുമ്മാ കള്ളം പറയാൻ നിക്കണ്ട… ഏയ്…ഒന്നുല്ല ശ്രുതി…ഇത് ചുമ്മാ… എനിക്ക് ശിവേട്ടനെ കല്യാണം കഴിക്കാൻ ഇഷ്ടമാന്നുള്ള കാര്യം ആദ്യം അവരോട് പറഞ്ഞില്ലല്ലോ… അതിന്റെയാ… ഹോ… അതാണോ ഇത്ര വല്യ കാര്യം… അതൊക്കെ ചുമ്മാ അവരൊരു ജാഡ കാണിക്കുന്നതല്ലേ… അല്ലാണ്ട് നിന്നോട് പിണങ്ങി ഇരിക്കാൻ അവരെ കൊണ്ടു പറ്റുവോ… ചിയർ അപ്പ്‌ ഗേൾ… ശ്രുതി ഒരു ചിരിയോടെ അവളുടെ പുറത്തൊന്ന് തട്ടി… ശ്രുതീ… ഒന്നിങ്ങു വന്നേ… പുറത്തു നിന്ന് സാവിത്രിയുടെ സൗണ്ട് കേട്ടതും നന്ദുനോട് പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോയി…ശ്രുതി പോയ വഴിയേ ഒന്ന് നോക്കിട്ട് നന്ദു പതിയെ അവിടുന്നെണീറ്റു മുകളിലേക്ക് പോയി…

ദേവിയുടെ മുറിയുടെ മുന്നിലെത്തിയതും അവളൊന്നു നിന്നു… അതടഞ്ഞു കിടക്കുവാരുന്നു… അവൾ ഒന്ന് ആലോചിച്ചു നിന്ന ശേഷം രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി… കയറിയത് മാത്രമേ അവൾക്ക് ഓർമ ഉണ്ടാരുന്നുള്ളു… പുറം വഴി കിട്ടിയ അടിയിൽ അവൾ കട്ടിലിലോട്ട് വീണു പോയി… കൊന്നോടി പട്ടി എന്നെ… അതും പറഞ്ഞു പുറം തടവി കൊണ്ടു എണീറ്റ നന്ദു കണ്ടു അവളെ നോക്കി കലിപ്പിച്ചു കൊണ്ടു ഡോർ അടച്ചു കുറ്റി ഇടുന്ന ദേവിയേം തൊട്ടപ്പുറത്തു നിൽക്കുന്ന വിനുനേം…. എന്താടി നിനക്ക് മേലേക്ക് വരാൻ ഇത്ര താമസം… വിനു ചോദിച്ചതും നന്ദു അവനെ ഒന്ന് നോക്കി… മേലേക്ക് വരാൻ താമസിച്ചെന്നും പറഞ്ഞു നീയൊക്കെ ഇപ്പൊ എന്നെ മേപ്പോട്ട് എടുത്തേനേല്ലോ…ശ്രുതി കാര്യം പറഞ്ഞു ഇരുന്നതാ… അല്ലാതെന്തുവാ… ഓഹോ… പിന്നെന്തിനാണാവോ അവൾ വരുന്നേനു മുൻപ് അവിടെ ഇരുന്നു മോങ്ങാൻ തുടങ്ങിയെ… അവളുടെ അപ്പുറത്തേക്ക് വന്നിരുന്നു കൊണ്ടു ദേവി ചോദിച്ചു… അത് നിങ്ങൾ രണ്ടൂടെ മാത്രം മിണ്ടുന്ന കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു… ചുണ്ട് പിളർത്തി കൊച്ചു പിള്ളേർ പറയുന്ന പോലെ ഉള്ള അവളുടെ പറച്ചിൽ കേട്ടപ്പോ അവർക്ക് ചിരി വന്നു…

രണ്ടു ദിവസം നീ ഞങ്ങളോട് ഒന്നും പറയാതെ മിണ്ടാതെ നടന്നില്ലേ…അപ്പൊ അതിനുള്ള ഒരു പണിഷ്മെന്റ് ആയിട്ട് അങ്ങ് എടുത്താ മതി… വിനു അതും പറഞ്ഞു അവളുടെ മറ്റേ സൈഡിലേക്ക് ഇരുന്നു… ഓഹ് അതാരുന്നോ… അതെന്ത് കൊണ്ടാന്ന് ഞാൻ പറഞ്ഞതല്ലേടാ വായിനോക്കീ… ശേ… ഈ കണ്ണീർ സീരിയൽ നായികയെ പോലെയുള്ള കരച്ചിലും പിഴിച്ചിലും…‌ എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്… ഓഹോ… അപ്പൊ ഇന്ന് മോളു രാവിലെ വണ്ടിയിൽ വെച്ച് ഞങ്ങളോട് ഒന്നും പറഞ്ഞില്ലാരുന്നെങ്കിലോ…ഈ റോൾ കണ്ടിന്യൂ ചെയ്യില്ലാരുന്നോ… അവിടെ ഇരുന്ന തലയിണ എടുത്ത് മടിയിലേക്ക് വെച്ചോണ്ട് ദേവി അവളെ നോക്കി പുച്ഛിച്ചോണ്ട് പറഞ്ഞു… അയ്യടാ… അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി… കാര്യം ആ അലവലാതി എന്നെ ഭീഷണിപെടുത്തിയപ്പോ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നീയൊക്കെ എന്താ വിചാരിച്ചേ… അവൻ പറയുന്നേം കേട്ട് മോങ്ങിക്കൊണ്ട് ഞാൻ എല്ലാം അങ്ങ് അനുസരിക്കുമെന്നോ…അതിനീ നന്ദു വേറെ ജനിക്കണം… പിന്നെ? അല്ലേലും ഞാനിന്ന് എല്ലാം പറയാൻ വേണ്ടി തന്നെ ഇരുന്നതാ…

എന്നാൽ പിന്നെ നിനക്കിത് ആദ്യമേ അങ്ങ് പറഞ്ഞു തൊലച്ചു കൂടാരുന്നോടി മന്ദബുദ്ധി… വിനു അവളുടെ തലക്കിട്ടു ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു…ദേവിയും ശെരിയാണല്ലോ എന്ന പോലെ അവളെ നോക്കി… അവന്റെ ചോദ്യം കേട്ടതും അവളൊന്നും മിണ്ടാതെ അവളുടെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്ത് അവരുടെ കൈയിലേക്ക് കൊടുത്തു… വിനുവും ദേവിയും ഒരു സംശയത്തോടെ അവളെ ഒന്ന് നോക്കിട്ട് ഫോണിലേക്ക് നോക്കി… എടി…ഇത്… ദേവിയുടെ സൗണ്ടിലെ പതർച്ച വിനുവിനും നന്ദുവിനും നന്നായി മനസ്സിലായി… വിനുവിനും എന്ത് പറയണം എന്ന് അറിയാതെ അവരെ മാറി മാറി നോക്കി… ഇത് മാത്രമല്ല വേറെയും ഉണ്ട്…അത് ഞാൻ പിന്നെ കാണിച്ചു തരാം…ഇതാരുന്നു ആദ്യം അവനെനിക്ക് അയച്ചു തന്നത്… പിന്നീട് എന്റെ മാറ്റം വിശ്വസനീയമായി തോന്നിയപ്പോഴാ അവനതൊക്കെ എനിക്ക് അയച്ചത്… ഇതൊക്കെ എങ്ങനെ… എങ്ങനാ അവന്റെ കയ്യിൽ… വിനു ചോദിച്ചു… അറിയില്ല… അതാ ഞാൻ രാവിലെ പറഞ്ഞെ…ഇപ്പോ എങ്ങനെ ആണോ നിങ്ങൾ എന്നോട് പെരുമാറുന്നേ…അത് പോലെ തന്നെ തുടർന്നോളാൻ… നമുക്ക് ചുറ്റിനും അവന്റെ കണ്ണുകളുണ്ട്…എങ്ങനെ…എപ്പോ…ആര്… ഒന്നും അറിയില്ല…അവന്റെ കയ്യിൽ ഇതിൽ കൂടുതൽ ഒന്നും ഇല്ലന്നാണ് അവന്റെ സംസാരത്തിന്നു എനിക്ക് മനസ്സിലായത്…

നന്ദു അതും പറഞ്ഞു ദേവിയെ ഒന്ന് നോക്കി… എന്നാൽ പിന്നെ ഞങ്ങളോടെങ്കിലും ഒന്ന് സൂചിപ്പിച്ചു കൂടാരുന്നോടി പുല്ലേ… നീയൊന്നും പറയാഞ്ഞത് കൊണ്ടല്ലേ എനിക്ക് അന്ന് നിന്നെ അടിക്കേണ്ടി വന്നത്… അല്ലാതെ നീ അവനെ ഇഷ്ടമാന്ന് പറഞ്ഞോണ്ടൊന്നുമല്ല ഞാൻ നിനക്കിട്ടു തന്നത്… ഏഹ്… നീ ഇവളുടേന്നും വാങ്ങിച്ചു കൂട്ടിയോ… മ്മ്മ്…കിട്ടി… അവൾ അവനെ നോക്കി ഇടത്തെ കൈകൊണ്ട് കവിൾ പൊത്തി പിടിച്ചു തലയാട്ടി കൊണ്ട് പറഞ്ഞു… പക്ഷെ നിന്റെ ഏട്ടനുണ്ടല്ലോ… ആ കാലന്റെ ഒറ്റ അടിയിൽ എന്റെ അണപ്പല്ല് വരെ ഇളകിയെന്നാ എനിക്ക് തോന്നുന്നേ… രണ്ടു ദിവസമായി ബാക്കി ഉള്ളവർ വല്ലോം കഴിച്ചിട്ട്… ആഹ് അതുകൊണ്ട് എന്റെ ആക്റ്റിംഗിന് കുറച്ചു ഒറിജിനാലിറ്റി ഒക്കെ വന്നു… അവളുടെ പറച്ചിൽ കേട്ടതും ദേവിയും വിനുവും കൂടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി…

ഇത്ര കിണിക്കാൻ ഇവിടാരും തമാശയൊന്നും പറഞ്ഞില്ലല്ലോ… നോക്കിക്കോ… ഇതിനു ഞാൻ എന്റെ അഞ്ചു പിള്ളേരെ കൊണ്ടു അങ്ങേരോട് പ്രതികാരം ചെയ്യിക്കും… അഞ്ചോ… മ്മ്മ്… ദേവി അന്തംവിട്ട് ചോദിച്ചതും നന്ദു ഒരു നാണത്തോടെ നഖം കടിച്ചോണ്ട് താഴേക്ക് നോക്കി മൂളി… ഉവ്വ്… ചെല്ലങ്ങോട്ട്…അവളും അവളുടെ അഞ്ചു പിള്ളേരും… അങ്ങേരെങ്ങാനും ഇതൊക്കെ അറിഞ്ഞാ നിന്റെയാ പിള്ളേർക്ക് പിന്നെ തള്ള കാണില്ല…നിന്നെ മിക്കവാറും നിലത്തൂന്ന് വടിച്ചെടുക്കേണ്ടി വരും… വിനു അവളെ നോക്കി പറഞ്ഞതും നന്ദു ഒന്ന് ഉമിനീരിറക്കി നെഞ്ചത്ത് കൈ വെച്ചു… ഈശ്വരാ…എന്നെ നീ തന്നെ കാത്തോണേ… •••••••••••••••••••••••••••••••••••••••••••

കോളേജ് ടൈം കഴിഞ്ഞതും പാർക്കിംഗ് ലോട്ടിലേക്ക് വന്നതാരുന്നു നവി… നവീ… പിന്നിൽ നിന്നുള്ള ആ വിളി കേട്ടപ്പോ തന്നെ അവനു ആളെ മനസ്സിലായിരുന്നു… അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടു വലത്തേ കൈയിലെ ചൂണ്ടുവിരലിൽ വണ്ടിയുടെ താക്കോലിട്ട് കറക്കി കൊണ്ടു വരുന്ന ശിവയെ… അവനൊരു ചിരിയോടെ നവിയുടെ മുന്നിൽ വന്നു നിന്നു… എന്താ ശിവാ… ഹാ… എന്താടാ ഇത്…നീ എന്തിനാ ഇത്ര മസ്സില് പിടിച്ചു നില്ക്കണെ… നീ കാര്യം പറ ശിവ… എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്… ഓക്കേ ഓക്കേ… അച്ഛനും അമ്മയും നിന്റെ വീട്ടിൽ വന്നൊരു കാര്യം പറഞ്ഞിരുന്നു… അതിന്റെ മറുപടി ഒന്നും പറഞ്ഞില്ലല്ലോ… അതെന്തുവാന്ന് വെച്ചാൽ അച്ഛൻ വിളിച്ചങ്ങോട്ട് പറഞ്ഞോളും… ശിവയെ നോക്കി കൈകെട്ടി നിന്നുകൊണ്ടവൻ പറഞ്ഞു… മറുപടി… അതും പറഞ്ഞു ശിവ ഒന്ന് ചിരിച്ചു… എന്നിട്ട് തനിക്ക് മുന്നിൽ നിൽക്കുന്ന നവിയെ ഒന്ന് നോക്കി… പതിയെ അവന്റെ മുഖത്തെ ചിരി മാഞ്ഞു പകരം ഒരുതരം പുച്ഛം നിറഞ്ഞു… നീയൊക്കെ എന്താടാ കരുതിയെ… എന്റെ കയ്യിന്ന് അവളെ അങ്ങ് രക്ഷിക്കാന്നോ… ……………… തുടരും…………….