The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭാഗം 10
” ഐ ലവ് ദിസ് കോഫി
വീണ്ടും കപ്പ് ഉയർത്തി കാണിച്ച അവനത് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു. ഒറ്റ വലയ്ക്ക് കാപ്പി കുടിച്ച് കപ്പ് കഴുകി അവൾക്ക് നേരെ വെച്ചു
” കാപ്പി മാത്രം അല്ലാട്ടോ, കാപ്പി ഉണ്ടാക്കിയ ആളെയും എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടായി…!
മീശ ഒന്ന് പിരിച്ചു അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് പോയപ്പോൾ അവൻ പറഞ്ഞു പോയ വാക്കുകളുടെ ഞെട്ടലിൽ ആയിരുന്നു മരിയ..
അടുക്കളയിലേക്ക് കയറിവന്ന അമല കാണുന്നത് ഞെട്ടിതരിച്ചു നിൽക്കുന്ന മരിയയെയാണ്.
” എന്തുപറ്റി മോളെ..?
അവർ അവളുടെ ചുമലിൽ തട്ടികൊണ്ട് ചോദിച്ചു.
പ്രേതത്തെ കണ്ട പോലെ അവൾ പെട്ടെന്ന് ഞെട്ടിയിരുന്നു,
” നീയെന്താ മോളെ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത്,
അമല വീണ്ടും ചോദിച്ചു..
“ഞാ…. ഞാൻ പെട്ടെന്ന് എന്തോ ഓർത്ത്..
“ദാ…. മോൾടെ അമ്മയാ വിളിക്കുന്നത്….
അവളുടെ നേരെ മൊബൈൽ നീട്ടിപ്പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് ഫോൺ വാങ്ങിയിരുന്നു..
” ഹലോ അമ്മേ, എന്തെടുക്കുവായിരുന്നു മോളെ..?
” ഞാൻ വെറുതെ ആന്റിയെ സഹായിക്കുകയായിരുന്നു. ഇന്ന് കോളേജിൽ പോകുന്നുണ്ടെന്ന് അമല പറഞ്ഞു, അവിടെയൊക്കെ ഒന്ന് പോയി കാണാമല്ലോ,
അഡ്മിഷൻ എടുത്തിട്ടുണ്ടല്ലോ, ഞാൻ രാവിലെ തന്നെ ബാങ്കിൽ പോകുന്നുണ്ട്, അത്യാവശ്യം വേണ്ട ഫീസ് ഒക്കെ അമലയുടെ അക്കൗണ്ടിലേക്ക് കൊടുക്കാം എന്നാ വിചാരിക്കുന്നത്,
” ആഹ്… എല്ലാവരും എന്ത് പറയുന്നു? സുഖമായിരിക്കുന്നൊ..?
” കുഴപ്പമൊന്നുമില്ല, അടുത്ത ആഴ്ച ഞാനും പപ്പയും കൂടി അങ്ങോട്ട് വരാം,
” ആഹ്….
” എങ്കിൽ ശരി നീ അമലയുടെ കയ്യിലോട്ട് കൊടുക്ക്..
അവൾ അമലയ്ക്ക് നേരെ ഫോൺ നീട്ടി, അമല വീണ്ടും എന്തോ സംസാരത്തിലാണ്…
ആ സമയം കൊണ്ട് അവൾ മുറിയിലേക്ക് പോയി കട്ടിലിനടിയിൽ നിന്നും ബാഗ് എടുത്തു, ബാഗിന്റെ ഉള്ളിൽ എപ്പോഴും കാത്തുസൂക്ഷിക്കാനുള്ള കുഞ്ഞു ബൈബിൾ എടുത്തു കൊണ്ട് അവൻ പറഞ്ഞു ഉത്തമഗീതത്തിലെ വാക്യങ്ങൾ എടുത്തു നോക്കി….
അത് കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു.
“എന്റെ മണവാട്ടി നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, നിന്റെ ഒറ്റക്കാടാക്ഷം കൊണ്ട്, നിന്റെ കൺഠഭാരത്തിലേ ഒറ്റ രത്നം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു ”
ഭയമോ പരിഭ്രമമോ ഒക്കെ അവളെ വലയം ചെയ്യാൻ തുടങ്ങി.. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് വാതിലിൽ ഒരു തട്ട് കേട്ടത്, നോക്കിയപ്പോൾ അമലയാണ്…
“മോളെ…. കുളിച്ച് റെഡി ആയിക്കോ നമുക്ക് രാവിലെ അങ്കിളിന്റെ കൂടെ തന്നെ ഹോസ്പിറ്റലിൽ പോകാം, അഡ്മിഷനും ബാക്കി പ്രോസസ്സ് ഒക്കെ പെട്ടെന്ന് തന്നെ തീരും. രാവിലെ ചെന്നാൽ എല്ലാം പെട്ടന്ന് നടക്കും…
” ശരി ആന്റി,
അവൾ അതും പറഞ്ഞു കൂട്ടത്തിൽ നല്ലത് എന്ന് തോന്നിയ ഒരു ചുരിദാർ എടുത്ത് അണിഞ്ഞിരുന്നു.. മുടി രണ്ട് വശത്തേക്ക് ആയി പകുത്ത് നീളൻ മുടി ഒന്ന് മേടഞ്ഞിട്ടു. അവിടെയിരുന്ന് എഞ്ചാണ്ടർ പൗഡർ കുറച്ച് എടുത്ത് മുഖത്തിട്ടു, കയ്യിലുണ്ടായിരുന്ന കറുത്ത പൊട്ട് ഒരെണ്ണം തൊട്ടു. പുറത്തേക്കിറങ്ങിയത് ഭയത്തോടെയായിരുന്നു അവനെ കാണരുത് എന്ന് പ്രാർത്ഥിച്ചിരുന്നു, അറിയാതെപോലും തന്റെ ഭാഗത്തു നിന്നും ഒരു വീഴ്ച പറ്റാൻ പാടില്ല ആദ്യമായി കണ്ട ഒരു പെൺകുട്ടിയോട് അവൻ ഇങ്ങനെ ഇടപെട്ടത് എന്താണ് എന്ന ചിന്ത അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അതോടൊപ്പം തന്നെ ഒരു ഭയവും, അവൻ അങ്ങനെ എന്തെങ്കിലും താല്പര്യം കാണിച്ചാലും പഴി കേൾക്കാൻ പോകുന്നത് തനിക്ക് ആയിരിക്കും.. വലിയ വീട്ടിലെ ആൺകുട്ടികൾക്ക് ഇതൊക്കെ ഒരു നേരം പോക്കാണ്… തനിക്ക് രക്ഷപ്പെടാനുള്ള അവസാന മാർഗമാണിത്, ഇവിടെയും തനിക്ക് നേരെ വിധി കൂരമ്പുകൾ തീർക്കുകയാണല്ലോ എന്ന് അവൾ ചിന്തിച്ചു. ദേഷ്യപ്പെട്ട് അവനോട് പറയാൻ പോലും സാധിക്കുന്നില്ല, അവനോട് എന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞാൽ അമലക്കത് ഇഷ്ടമാവില്ല. അമലയോടും അവനെക്കുറിച്ച് പരാതി പറയാൻ പറ്റില്ല. ഇവിടത്തെ ആശ്രയം കൂടി നിലച്ചാൽ താനെവിടേക്ക് പോകും, വീണ്ടും തിരികെ വീട്ടിലേക്ക് പോകുന്നതും ആ അടുക്കളയിൽ ജീവിതം ഒടുങ്ങുന്നതും ഒക്കെ ചിന്തിച്ചപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു. എങ്ങനെയും ഇവിടെ പിടിച്ചു നിൽക്കണം ഇവിടെ നിന്ന് മാത്രമേ തനിക്ക് മുൻപോട്ട് രക്ഷപ്പെടാനുള്ള മാർഗം ഉള്ളൂ എന്ന് അവൾ ചിന്തിച്ചു. ഇല്ലെങ്കിൽ പിന്നെ ഈ ജീവിതം തന്നെ അവസാനിപ്പിക്കുക എന്നതാണ് മുൻപിലുള്ള മാർഗ്ഗം.
അവന്റെ പ്രവർത്തിയെ പ്രോത്സാഹിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ തന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത് എന്ന് അവൾ തീരുമാനിച്ചിരുന്നു.. ഓരോന്നാലോചിച്ച് ഡൈനിങ് റൂമിൽ എത്തിയത് അവൾ അറിഞ്ഞിരുന്നില്ല.. അവിടെ ചെന്നപ്പോൾ റെഡിയായി ഇരിക്കുന്നുണ്ട് അമല. ഒരു കോട്ടൺ ചുരിദാറാണ് അവരുടെ വേഷം, തന്റെ അമ്മയുടെ പ്രായം തന്നെയാണ് അമലക്കും എന്ന് അറിയാമായിരുന്നു. അമ്മ ജീവിതത്തിലെ വേദനകൾ കൊണ്ടായിരിക്കും നന്ദേ പ്രായമായതു പോലെയാണ് തോന്നുന്നത്. കോട്ടൺ സാരിയുടുത്ത് മാത്രമേ കണ്ടിട്ടുമുള്ളു. എന്നാൽ അമല കുറച്ചു മോഡേൺ ആണെന്ന് അവൾക്ക് തോന്നിയിരുന്നു. ചുരിദാറും പലാസോ പാന്റും ആണ് ഇടുന്നത്. വീട്ടിൽ വന്നപ്പോഴും ചുരിദാർ ആയിരുന്നു വേഷം. കണ്ടാലും പ്രായം തോന്നില്ല. നന്നേ ചെറുപ്പം ആണ്. അമ്മയെ കണ്ടാൽ ആന്റിയുടെ ചേച്ചി ആണെന്ന് പറയും അത്രയും വ്യത്യാസം ഉണ്ട്. മനസ്സിന്റെ സന്തോഷമാണ് ഒരാളുടെ സൗന്ദര്യം എന്നു പറയുന്നത് എത്ര സത്യമാണ് എന്ന് അവൾ ചിന്തിച്ചു.
” മോള് വാ നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാം, അപ്പോഴേക്കും സണ്ണിയും അവിടേക്ക് എത്തിയിരുന്നു… അവളുടെ കണ്ണുകൾ മുകളിലേക്ക് പാറി വീണു.. അവനെ ഡൈനിങ് റൂമിൽ കാണാത്തതുകൊണ്ട് തന്നെ അവൻ മുകളിൽ ആയിരിക്കുമെന്ന് അവൾ ചിന്തിച്ചിരുന്നു..
” അവൻ എവിടെ?
ഭക്ഷണം കഴിക്കാനായിരുന്നുകൊണ്ട് സണ്ണി ചോദിച്ചപ്പോൾ അവളും അമലയുടെ മറുപടിക്ക് വേണ്ടി കാത്തിരുന്നു..
” അവനിപ്പോ അങ്ങോട്ട് ഇറങ്ങി… എന്തോ അത്യാവശ്യം ഉണ്ടെന്നും പറഞ്ഞ് ആരോ വിളിച്ചിരുന്നു…
അമല മറുപടി പറഞ്ഞപ്പോൾ സണ്ണി ഒന്നും പറഞ്ഞിരുന്നില്ല, അത് മരിയിരിക്കുന്നത് കൊണ്ടാണെന്ന് അമലയ്ക്കും മനസ്സിലായിരുന്നു. ഭക്ഷണം കഴിഞ്ഞതും മൂന്നുപേരും ഒരുമിച്ച് തന്നെയാണ് ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങിയത്.. സണ്ണി ആദ്യം തന്നെ ഇറങ്ങി കാറിന്റെ അടുത്തേക്ക് പോയിരുന്നു, അമലയ്ക്കൊപ്പം വീട് പൂട്ടിയാണ് മരിയ ഇറങ്ങിയത്… കാറിൽ പിൻസീറ്റിൽ ആയിരുന്നു അവൾ ഇരുന്നിരുന്നത്.
” മോൾക്ക് വേറെ എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നൊ ഹുമാനിറ്റീസ് എടുത്തിട്ട് ഇതിനു ചേർന്നതുകൊണ്ട് ഞാൻ ചോദിച്ചത് ആണ്..
സണ്ണിയാണ് ചോദിച്ചത്
” എനിക്ക് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.. പപ്പയാ പറഞ്ഞത് ഹുമാനിറ്റീസ് എടുത്താൽ മതിയെന്ന്, അതുകഴിഞ്ഞാൽ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്സിന് വിടാൻ ആയിരുന്നു തീരുമാനിച്ചത്.
” മോൾക്ക് പത്താം ക്ലാസിൽ എത്ര മാർക്ക് ഉണ്ടായിരുന്നു…
” പഠിക്കാൻ ഒന്നും വലുതായിട്ട് സമയം കിട്ടിയിരുന്നില്ല, സ്കൂളിലും മിക്ക ദിവസവും പോകാൻ പറ്റില്ല. ഒന്നെങ്കിൽ വീട്ടിൽ എന്തെങ്കിലും തിരക്കാകും അല്ലെങ്കിൽ ആരെങ്കിലും അതിഥികൾ വരും, അതുകൊണ്ട് പകുതി ദിവസം സ്കൂളിൽ പോകില്ല. അതുകൊണ്ട് ഒരു എപ്ലസ് ഉണ്ടായിരുന്നുള്ളൂ, പിന്നെ ഞാൻ പഠിക്കാൻ അത്ര മിടുക്കി ഒന്നും ആയിരുന്നില്ല…
തുറന്നുള്ള അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് സണ്ണിക്കും അമലയ്ക്കും അവളോട് സഹതാപം തോന്നിയിരുന്നു…
” ഹ്യൂമാനിറ്റീസ് അല്ലാതെ വേറെ ഏത് എടുത്താലും ഞാൻ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല…
” ഹ്യൂമാനിറ്റീസ് എടുക്കുന്നത് നല്ലതാ മോളെ ജനറൽനോളജ് ഒക്കെ കിട്ടാൻ അതല്ലാതെ വേറെ എടുത്താലും പറ്റില്ല. ഈ ഐഎസിനും ഐപിഎസിനും ഒക്കെ പോകുന്നവരെ ഹ്യൂമാനിറ്റീസ് ആണ് എടുക്കുന്നത്..
അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി തന്നെ സണ്ണി പറഞ്ഞു. അവൾ നന്നായി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിരുന്നു…
ആശുപത്രിയിലേക്കുള്ള ആ യാത്രയ്ക്കിടയിൽ അവൾ ചെന്നൈ നഗരം നന്നായി ഒന്ന് കണ്ടിരുന്നു, കൗതുകത്തോടെയുള്ള അവളുടെ നോട്ടം കണ്ടിട്ടാകും സണ്ണി അമലയോടായി പറഞ്ഞു..
” ഈ സൺഡേ നമുക്ക് വെറുതെ ഒരു ഔട്ടിങ്ങിന് പോകാം, ബീച്ചിൽ ഒക്കെയായിട്ട്.. മരിയയും ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ.. ഇനി ഇവിടെ പഠിക്കുകയാണെങ്കിൽ ഈ നഗരത്തിനോട് കുറച്ചൊക്കെ ഒരു അറിവ് വേണമല്ലോ,
” ഞാനത് സണ്ണിച്ചായനോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു…
അമല പറഞ്ഞപ്പോൾ സണ്ണിയും അത് സമ്മതിച്ചിരുന്നു…വല്ലാത്ത സന്തോഷം തോന്നിയിരുന്നു മരിയയ്ക്ക്.. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് കൂടി എവിടെയെങ്കിലും പരിഗണന ലഭിക്കുന്നത്. തനിക്കുവേണ്ടി സണ്ണി അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ഒരു സന്തോഷം തന്നെ തോന്നിയിരുന്നു. ഇതൊക്കെ പുതിയ അനുഭവങ്ങളാണ്…
സെന്റ് ഇസബെൽസ് കോളേജ് ഓഫ് നേഴ്സിങ് എന്ന പേര് കണ്ടു അവൾ ആ കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കിയിരുന്നു, അത്യാവശ്യം വലിയൊരു കെട്ടിടമാണ്, ആശുപത്രിയും കോളേജും കൂടി ഉള്ളതാണ്.. സണ്ണി അങ്കിൾ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന് നേരത്തെ തന്നെ അമ്മ പറഞ്ഞിരുന്നു. അവൾ ഇരുവർക്കും ഒപ്പം ഇറങ്ങി, ആശുപത്രിയുടെ വലിപ്പം കണ്ട് അവൾ ഭയന്നു പോയിരുന്നു.. അത്രയും വലുതായിരുന്നു അത്, എൻട്രൻസിലേക്ക് കയറിയപ്പോൾ തന്നെ റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി സണ്ണിയെ കണ്ട് എഴുന്നേൽക്കുകയും എന്തൊക്കെയോ ആ കുട്ടിയോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് സണ്ണിക്കൊപ്പം പോയി അഡ്മിഷന്റെ ബാക്കി പ്രൊസീജർ എല്ലാം തന്നെ തീർത്തിരുന്നത് എല്ലാം തീർത്ത് വന്നപ്പോഴേക്കും ഉച്ചയായി..
” എനിക്ക് അർജെന്റ് ആയിട്ട് ഓടിയിൽ കയറണം. കുറച്ചു സമയമെടുക്കും, ഒരു കാര്യം ചെയ്യ് സമയം ഉച്ച ആകാറായി, നിങ്ങളെ കാന്റീനിൽ പോയി എന്തെങ്കിലും ഭക്ഷണം കഴിച്ചോ? ഞാൻ കാന്റീനിൽ വിളിച്ചു പറഞ്ഞേക്കാം, നിന്നെ അവർക്കൊക്കെ അറിയാമല്ലോ…
അമലയുടെ മുഖത്തേക്ക് നോക്കി സണ്ണി പറഞ്ഞു..
” എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം അല്ലേ മോളെ,
അമല ചോദിച്ചപ്പോൾ അവൾ തലയാട്ടിയിരുന്നു, തിരികെ പോകും വഴി അമലയ്ക്ക് പരിചയമുള്ള ഒരുപാട് ആളുകൾ അവർകരക്കിൽ വന്ന് സംസാരിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തമിഴ് ആണ് സംസാരിക്കുന്നത് എന്നതുകൊണ്ട് ഒന്നും തന്നെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. എങ്കിലും സംസാരിക്കുന്ന ചിലരോട് ഒക്കെ തന്നെ ചൂണ്ടിക്കാട്ടി അമല എന്തൊക്കെയോ പറയുന്നതും അവൾ ശ്രദ്ധിച്ചിരുന്നു. അവളെ നോക്കുന്നവരെ ഒക്കെ അവൾ ഒന്നു നോക്കി പുഞ്ചിരിച്ചു കാണിച്ചിരുന്നു.. ഇടയിൽ ഒരു മലയാളി നേഴ്സ് വന്ന് അമലയോടെ കുറെ സമയം സംസാരിച്ചപ്പോൾ തന്റെ സുഹൃത്തിന്റെ മകളാണ് എന്നും സ്വന്തം മകളെ പോലെയാണ് എന്നും തന്നെ ശ്രദ്ധിച്ചു കൊള്ളണം എന്നുമൊക്കെ അവരോട് അമല പറയുന്നുണ്ടായിരുന്നു. അവൾക്ക് വല്ലാത്തൊരു സന്തോഷവും സുരക്ഷിതത്വവും ഒക്കെ തോന്നിയിരുന്നു.. ആദ്യമായാണ് ഇങ്ങനെയൊക്കെ തോന്നുന്നത്.. അമ്മ പോലും തനിക്ക് വേണ്ടി ഇങ്ങനെ ആരോടും സംസാരിച്ചിട്ടില്ലന്ന് ഒരു നിമിഷം വേദനയോടെ അവൾ ഓർത്തു…
കാന്റീനിലേക്ക് പോകുന്ന വഴിയിൽ ഇടയ്ക്ക് ഒരു ക്യാബിനു മുൻപിൽ അമലയൊന്ന് നിന്നിരുന്നു.. നമുക്ക് ഏതായാലും ഇവിടെ കൂടെ കയറിയിട്ട് പോകാം.. അമല പറഞ്ഞപ്പോഴാണ് ആ ക്യാബിന്റെ മുകളിൽ ഇരിക്കുന്ന ബോർഡിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞത്.. ഒരു നിമിഷം അവളുടെ ശരീരത്തിലേക്ക് വിറയിൽ കയറാൻ തുടങ്ങി, രാവിലത്തെ പരിഭ്രാന്തിയും വിറയിലുമൊക്കെ തന്നിലേക്ക് വന്നു ചേരുന്നത് അവൾ അറിഞ്ഞു..
“ഡോക്ടർ സോളമൻ എസ് സാമൂവൽ ന്യൂറോളജിസ്റ്റ്
ആ ബോർഡ് കാണുമ്പോഴാണ് അവൻ ഒരു ഡോക്ടറാണ് എന്ന് അവൾ അറിയുന്നത്…
തുടരും…!