രചന – കണ്ണന്റെ മാത്രം
അഭി രാവിലെ പതിവുപോലെ ചായയും കുടിച്ചിരിക്കുമ്പോഴാണ് നല്ല ടിപ്പ്ട്ടോപ്പിൽ വരുന്ന വിച്ചുവിനെ കാണുന്നത്..
നീ ഇതെങ്ങോട്ടാടാ ഇത്ര രാവിലെ.. അവൻ അടുത്തേക്ക് വന്നതും അഭി ചോദിച്ചു…
ഞാൻ ഒന്ന് അമ്പലത്തിലേക്ക് ഇറങ്ങിയതാണ്… നിവേദ അങ്ങോട്ട് വരുന്നുണ്ടെന്ന്… അപ്പൊ അയാളുടെ കൂടെ കുറച്ചുനേരം സംസാരിക്കാൻ പറഞ്ഞിട്ട് അമ്മ ഓടിച്ചതാ എന്നെ…
ശരിയല്ലേ അമ്മ പറയുന്നത്.. നിങ്ങൾ പരസ്പരം സംസാരം പോലും കുറവാണ് കുറച്ച് നേരം ഒരുമിച്ച് ടൈം സ്പെൻഡ് ചെയ്യുന്നത് പിന്നെ പറയേം വേണ്ടാ…
എടാ… അങ്ങനെ അല്ല.. അവൾക്ക് എന്തോ ഇതിനൊന്നും താൽപ്പര്യം ഇല്ലാത്ത പോലെ ആണ്.. അപ്പൊ പിന്നെ ഞാൻ എന്ത് നിർബന്ധിക്കാൻ ആണ്. അവളുടെ ഈ താൽപ്പര്യക്കുറവ് കണ്ടിട്ട് ഞാൻ ചോദിച്ചതാണ് അവൾക്ക് ഈ ബന്ധത്തിന് സമ്മതം തന്നെ അല്ലേ എന്ന്.. ഇഷ്ടമാണെന്നാണ് അവൾ പറഞ്ഞത്.. തീരെ പ്രതീക്ഷിക്കാത്ത ഒരു ബന്ധം ആയതുകൊണ്ട് ഉൾകൊള്ളാൻ കുറച്ച് സമയം വേണം എന്നാ പറഞ്ഞത്.
പിന്നെ എനിക്കും കുറച്ച് സമയം വേണ്ടതുകൊണ്ട് ഞാൻ നിർബന്ധിക്കാൻ പോയില്ല…
മ്മ്… കല്യാണത്തിന് മുൻപ് നിങ്ങൾ തമ്മിൽ മനസ്സ് തുറന്ന് സംസാരിക്കണം കേട്ടോ… അല്ലെങ്കിൽ പിന്നീട് അത് ബുദ്ധിമുട്ടാവും…
മ്മ്… അതിന് വിച്ചു ഒന്ന് മൂളിയതേ ഉള്ളൂ
ശരി ഡാ.. ഞാൻ പോയിട്ട് വരാം.. അവർ 10 മണി കഴിഞ്ഞല്ലേ വരികയുള്ളൂ..
മ്മ്…
ആ അപ്പോഴേക്കും ഞങ്ങൾ എത്തിക്കോളാം.. നിന്റെ കാര്യം കേട്ടപ്പോൾ മുതൽ അച്ഛനും അമ്മക്കും എന്ത് സന്തോഷം ആണെന്നോ..
അറിയാം ഡാ.. എങ്കിൽ നീ വിട്ടോ.. ഇനി നിന്ന് സമയം കളയണ്ട..
ബൈ ഡാ.. വിച്ചു അതും പറഞ്ഞ് നടന്നുപോയി. നടന്നുപോകാനുള്ള ദൂരമേ അമ്പലത്തിലേക്ക് ഉള്ളൂ.. അഭിയും എഴുന്നേറ്റ് ഫ്രഷ് ആകാനും മറ്റും പോയി..
10 മണി ആകുമ്പോഴേക്കും ജിത്തുവും ആദിയും നിധിയും മഹിയും ഒക്കെ എത്തിയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോഴേക്കും അമ്മാവനും അമ്മായിയും എത്തി പക്ഷേ അവരുടെ കൂടെ നന്ദിനിയെയും രാജീവനെയും കണ്ടതും അതുവരെ ചിരിയോടെ നിന്നിരുന്ന ആമിയുടെ മുഖം വീർത്തു.. ഇവരായിട്ട് എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയാൽ എന്റെ തനി കൊണം ഇവർ ഇന്നറിയും.. ആമി മനസ്സിൽ ഉറപ്പിച്ചു..
ആ നന്ദിനി ഉണ്ടായിരുന്നോ വീട്ടിൽ.. സാവിത്രിയമ്മ ചോദിച്ചു…
നന്ദു മോളെ എന്നല്ലാതെ മറ്റൊന്നും വിളിക്കാത്ത അപ്പച്ചിയുടെ വായിൽ നിന്ന് നന്ദിനി എന്ന് കേട്ടപ്പോ അവൾക്ക് എന്തോ അസ്വസ്ഥത തോന്നി.. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല…
ആ ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങാൻ നേരത്ത് ആണ് ഇവർ വന്നത്. അപ്പൊ പിന്നെ അവരെയും ഇങ്ങോട്ട് കൂട്ടി..അമ്മായി പറഞ്ഞു..
അത് നന്നായി നാത്തൂനെ.. ഞാൻ അവർ രാജീവന്റെ വീട്ടിൽ ആയിരിക്കും എന്ന് കരുതി ആണ് വിളിക്കാതെ ഇരുന്നത്…
സാവിത്രിയമ്മ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അഭി റെഡി ആയി അങ്ങോട്ട് വന്നത്..
അഭിയെ കണ്ടതും നന്ദിനിയുടെ ഉള്ളിൽ ഒരുനിമിഷം നഷ്ടബോധം തോന്നി.. രാജീവൻ സ്നേഹമുള്ളവൻ ആണെങ്കിലും അയാൾ എപ്പോഴും അയാളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ആണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. അല്ലാതെ തന്റെ പാതിയുടെ ഇഷ്ടങ്ങൾ അയാൾക്ക് വലിയ ഒരു കാര്യമേ അല്ലായിരുന്നു. അതിപ്പോ ഒരു ഡ്രസ്സ് എടുക്കുന്ന കാര്യത്തിൽ ആണെങ്കിൽ പോലും.. പക്ഷേ അഭി ഒരിക്കലും അങ്ങനെ അല്ല. അവൻ ഒരിക്കൽ പോലും അവന്റെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല.. അതുപോലെ ഏതൊരു അവസ്ഥയിലും തന്റെ കൂടെ ഉള്ളവരെ അവൻ തള്ളി പറയില്ല… അന്നേ അഭിയേട്ടൻ LLB പാസ്സ് ആയത് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും താൻ അവനെ വേണ്ടാന്ന് വെക്കില്ലായിരുന്നു.. പഠിപ്പില്ലെങ്കിൽ ഒരു കാലത്തും ജീവിതത്തിൽ ഒരു പുരോഗതി ഉണ്ടാവില്ല എന്ന് കരുതിയാണ് അന്ന് രാജീവേട്ടന്റെ ബന്ധത്തിന് താൽപ്പര്യം കാണിച്ചത്. അതും അച്ഛനും അമ്മയും ഒക്കെ എതിർത്തിട്ടും തന്റെ നിർബന്ധത്തിന് ആയിരുന്നു ആ കല്യാണം. ഇപ്പൊ നിധി പറഞ്ഞപ്പോൾ ആണ് അഭിയേട്ടൻ അന്നേ പഠിപ്പൊക്കെ കംപ്ലീറ്റ് ചെയ്തിരുന്നു എന്ന് അറിഞ്ഞത്.. അത് അന്നേ അറിഞ്ഞിരുന്നെങ്കിൽ വിട്ടുകളയില്ലായിരുന്നു അവനെ ഒരിക്കലും… അവൾ നഷ്ടബോധത്തോടെ ആലോചിച്ചു..
അഭി ഇറങ്ങി വന്നപ്പോൾ പ്രതീക്ഷിക്കാതെ നന്ദിനിയെയും രാജീവനെയും കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ അത് പുറത്തുകാണിക്കാതെ രാജീവന് കൈക്കൊടുത്തു സംസാരിച്ചു. പക്ഷേ അറിയാതെ പോലും ഒരു നോട്ടം അവൻ നന്ദിനിയെ നോക്കിയില്ല.. ആദിയും മഹിയും അവന്റെ അടുത്തേക്ക് വന്ന് അവന്റെ പുതിയ ജീവിതത്തിനുള്ള എല്ലാ ആശംസകളും കൊടുത്തു. അപ്പോഴും ജിത്തുവും നിധിയും അവനോട് ഒന്നും പറയാൻ കൂട്ടാക്കിയില്ല…
വിച്ചുവും ഫാമിലിയും കൂടി വന്നതും അവിടം നിറഞ്ഞു.. അപ്പോഴാണ് രണ്ടുകാറുകളിലായി പപ്പനും കൂട്ടരും അങ്ങോട്ട് വന്നത്.. അഭിയും വിച്ചുവും അമ്മാവനും മാധച്ഛനും കൂടി പുറത്തേക്കിറങ്ങി അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.. വണ്ടിയിൽ നിന്ന് ഇറങ്ങിയ പപ്പൻ ചുറ്റുപാടും ഒന്ന് നോക്കി.. ഒരു പൂന്തോട്ടത്തിനുള്ളിൽ നിൽക്കുന്ന ഒരു വീട് അങ്ങനെ ആണ് പപ്പന് തോന്നിയത്. കാരണം ചുറ്റും നല്ല ഭംഗിയുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം ആയിരുന്നു. അതുപോരാതെ മാവും പ്ലാവും നെല്ലി മരവും പിന്നെയും എന്തൊക്കെയോ മരങ്ങളും ഉണ്ടായിരുന്നു അവിടെ. വല്ലാത്ത ഒരു കുളിര് ഉണ്ടായിരുന്നു അവിടെ.. പപ്പന് എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു അവിടം അയാൾ ഹരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയും ചുറ്റുപാട് ഇഷ്ടമായ രീതിയിൽ ആയിരുന്നു. ബാക്കി കൂടെ വന്നവർക്കും അവിടം ഇഷ്ടമായി എന്ന് ഓരോരുത്തരുടെ മുഖഭാവവും പറയുന്നുണ്ട്… അതേ സന്തോഷത്തോടെ ആണ് അവർ ഉള്ളിലേക്ക് കയറിയത്..
വിച്ചുവാണ് എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തിയത്. സാവിത്രിയമ്മ വന്നവർക്ക് മുഴുവൻ ജ്യൂസ് കൊടുത്ത് അങ്ങോട്ട് മാറിയപ്പോൾ പാറു എഴുന്നേറ്റ് സാവിത്രിയമ്മയുടെ അടുത്തേക്ക് ചെന്ന് പരിചയപെട്ടു… അതുവരെ ഒന്നിനും ഇല്ലാത്ത പോലെ നിന്നിരുന്ന നിധിയും ജിത്തുവും ഇവരെ കണ്ടതും ഇല്ലാത്ത സന്തോഷം മുഖത്ത് കാട്ടി അഭിനയിക്കാൻ തുടങ്ങി… കണ്ടുനിന്ന എല്ലാവർക്കും എന്തിന് അവരുടെ പാതികൾക്ക് വരെ പുച്ഛം ആണ് അവരുടെ കാട്ടികൂട്ടൽ കണ്ടിട്ട് തോന്നിയത്…
സാവിത്രിയമ്മേ.. അഭി എല്ലാം പറഞ്ഞില്ലേ.. ഹരിയാണ് സംസാരത്തിന് തുടക്കം ഇട്ടത്…
ആ പറഞ്ഞു.. എന്റെ മോന്റെ സന്തോഷം ആണ് എനിക്ക് വലുത്. അവന് അവിടത്തെ കുട്ടിയെ ഇഷ്‍ടമാണെന്ന് പറഞ്ഞു. നിങ്ങൾക്കും താൽപ്പര്യം ആണെങ്കിൽ ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല..
സാവിത്രിയമ്മയുടെ സംസാരം കേട്ടപ്പോൾ അഭി ഹോട്ടലിൽ നടന്നതൊന്നും അവരോട് പറഞ്ഞിട്ടില്ല എന്ന് മനസിലായി. അവർ ഒരു സംശയത്തോടെ അഭിയെ നോക്കിയപ്പോൾ അവൻ അവരെ ഒന്ന് കണ്ണുചിമ്മി കാട്ടി..
അവരും മനസിലായത് പോലെ തലയാട്ടി കാട്ടി..
എനിക്കും എന്റെ മോളുടെ ഇഷ്ടവും സന്തോഷവും ആണ് വലുത്. അവളെ പ്രസവിച്ച് എന്റെ കൈയിൽ തന്നിട്ട് ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര പോയതാണ് എന്റെ രേവതി.. അന്ന് മുതൽ മുത്തിന് വേണ്ടി ആയിരുന്നു എന്റെ ജീവിതം.. അവളുടെ സന്തോഷത്തേക്കാൾ വലുതൊന്നും എന്റെ ജീവിതത്തിൽ ഇല്ല.. പപ്പൻ പറഞ്ഞു..
അറിയാം.. എന്നോട് അഭി പറഞ്ഞിട്ടുണ്ട്.. ഒരിക്കലും ഒരു അമ്മയുടെ കുറവ് മോൾക്ക് ഇവിടെ ഉണ്ടാവില്ല. എനിക്ക് എന്റെ അഭി എങ്ങനെ ആണോ അതുപോലെ തന്നെ ആവും ആ മോളും… സാവിത്രിയമ്മ ഒരു ചിരിയോടെ പറഞ്ഞു….
സാവിത്രിയമ്മയുടെ സംസാരം പിയയുടെ വീട്ടിൽ നിന്ന് വന്ന ഓരോരുത്തരെയും സമാധാനത്തിലാക്കി.
എങ്കിൽ പിന്നെ ബാക്കി കാര്യങ്ങൾ സംസാരിക്കാം അല്ലേ.. നിധി ചോദിച്ചു.. അതുവരെ ചിരിയോടെ നിന്ന എല്ലാവരുടെയും മുഖം ഒരുപോലെ ഇരുണ്ടു, പ്രത്യേകിച്ചും പിയയുടെ വീട്ടുക്കാരുടെയും അഭിയുടെയും… വിച്ചു പറഞ്ഞ് അറിഞ്ഞത് മുഴുവൻ നവി വീട്ടിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് എല്ലാവർക്കും ജിത്തുവിന്റെയും നിധിയുടെയും സ്വഭാവം അറിയാമായിരുന്നു..
എന്ത് ബാക്കി കാര്യങ്ങൾ… നവി ഗൗരവത്തോടെ അവളെ നോക്കി ചോദിച്ചു..
അല്ല.. ഒരു കല്യാണം ആവുമ്പോ..
ഒരു കല്യാണം ആവുമ്പോ എന്താ.. ഒരു പെണ്ണും ചെക്കനും വേണം. അതിന് ഞാനും ശ്രീപ്രിയയും ഉണ്ട്. അതിൽ കൂടുതൽ ഒന്നും ഒരു കല്യാണം നടക്കാൻ ആവശ്യം ഇല്ല.. അഭി അവളെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ പറഞ്ഞു… അഭിയുടെ ഗൗരവത്തോടെ ഉള്ള സംസാരം കേട്ടതും നിധി പിന്നെ ഒന്നും പറയാതെ നിന്നു…
പിയയുടെ വീട്ടുകാർക്ക് അഭിയോട് ബഹുമാനം തോന്നി. അവന്റെ ചിന്താഗതി എത്ര ഉയരത്തിൽ ആണ് എന്നാണ് അവർ ചിന്തിച്ചത്..
അല്ല കല്യാണത്തിന്റെ കാര്യങ്ങൾ എങ്ങനെ ആണ്… ആ സംസാരം മാറ്റാൻ എന്നപോലെ മാധച്ഛൻ ചോദിച്ചു…
അത് ഇവർക്കും കൂടി സമ്മതം ആണെങ്കിൽ എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.. അല്ലേടാ.. ഹരി പപ്പനോട് ചോദിച്ചു…
അതേ.. എന്താ നിങ്ങളുടെ അഭിപ്രായം.. പപ്പൻ ഹരി പറഞ്ഞത് സമ്മതിച്ചുകൊണ്ട് സാവിത്രിയമ്മയെയും അമ്മാവനെയും മാധച്ഛനെയും നോക്കി ചോദിച്ചു..
ഞങ്ങൾക്കും വിരോധം ഒന്നുമില്ല.. ഒരു കാര്യം ചെയ്യാം അടുത്ത ഞായറാഴ്ച ഞങ്ങൾ അങ്ങോട്ട് വന്ന് ഒരു ചെറിയ നിശ്ചയം നടത്താം. പിന്നത്തെ ആഴ്ച കല്യാണവും.. അതുപോരെ.. അമ്മാവൻ തന്റെ ഒരു അഭിപ്രായം പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി.. എല്ലാവരും അതിന് സമ്മതം പറഞ്ഞതും അത് തീരുമാനം ആയി..
എങ്കിൽ ഇനി ചായ എടുക്കാം അല്ലേ… മാധച്ഛൻ സാവിത്രിയമ്മയെ നോക്കി ചോദിച്ചതും അവർ തലയാട്ടി കാട്ടികൊണ്ട് അടുക്കളയിലേക്ക് പോയി. പെണ്ണുങ്ങൾ എല്ലാം അടുക്കളയിലേക്ക് കടന്നപ്പോൾ മാധച്ഛൻ ഹരിയെയും പപ്പനെയും വീടും പറമ്പും കാണിക്കാൻ എന്നപോലെ അവരെ കൂട്ടി എഴുന്നേറ്റു. അമ്മാവനും അവരുടെ കൂടെ കൂടി. നവിയും കാശിയും അഭിയുടെയും വിച്ചുവിന്റെയും ഒപ്പം നിന്ന് സംസാരത്തിലായി. മഹിയും രാജീവനും ജിത്തുവും അവരുടെ കൂടെ കൂടി…
ഹരിക്കും പപ്പനും ആ വീടും ചുറ്റുപാടും ഒരുപാട് ഇഷ്ടമായി. കാര്യം അവരുടെ വീടിന്റെ അത്ര വലിപ്പമോ സൗകര്യങ്ങളോ ഇല്ലെങ്കിലും ഇവിടെ കിട്ടുന്ന ഈ ശാന്തതയും സമാധാനവും ഒരിക്കലും തങ്ങളുടെ വീട് നിൽക്കുന്ന ടൗണിൽ കിട്ടില്ല എന്ന് അവർക്ക് അറിയാമായിരുന്നു. പിയക്ക് ഇവിടം ഒരുപാട് ഇഷ്ടമാകും എന്ന് രണ്ടാൾക്കും ഉറപ്പായിരുന്നു.. അവർ അഭിയുടെ അടക്കള തോട്ടത്തിൽ നിൽക്കുമ്പോൾ ആണ് ചായ ആയി എന്നും പറഞ്ഞ് പാറു അവരെ വിളിക്കുന്നത്.. അതോടെ അവർ ചായ കുടിക്കാനായി ഉള്ളിലേക്ക് നടന്നു.. പിന്നെ എല്ലാവരും കൂടി ചായ കുടിച്ച് പോകാനായി എഴുന്നേറ്റു..
കാറിൽ കയറാനായി പോയ പപ്പൻ തിരികെ വന്ന് നിധിയുടെ മുന്നിലായി നിന്നപ്പോൾ എല്ലാവരും ഇതെന്താ കഥ എന്ന നിലയിൽ പപ്പനെ നോക്കി… അയാൾ ആരെയും ശ്രദ്ധിക്കാതെ നിധിയോടായി പറഞ്ഞു..
മോള് നേരത്തേ ചോദിച്ചതിന് അഭി അങ്ങനെ ഒരു മറുപടി പറഞ്ഞത് കൊണ്ടാണ് ഞാൻ പിന്നെ ഒന്നും പറയാതെ ഇരുന്നത്.. എനിക്ക് 20000 കോടിക്ക് മുകളിൽ ആസ്തി ഉണ്ട്. അതിന്റെ പകുതി എന്റെ മോൾക്കും മരുമകനും ഉള്ളതാണ്. അവർക്ക് അതിൽ താൽപ്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ അതൊക്കെ അവർ തന്നെ നോക്കി നടത്തണം… പിന്നെ എന്റെ മോൾക്ക് എങ്ങനെ നോക്കിയാലും ഒരു മാസം ഒരു ഒന്നര ലക്ഷത്തിന്റെ അടുത്ത് വരുമാനം ഉണ്ട്…അതുപോരെ… അയാൾ അങ്ങനെ ചോദിച്ചതും നിധി ആകെ വിളറി വെളുത്തു. ബാക്കി ഉള്ളവർ അയാളുടെ സ്വത്തുക്കളുടെ കണക്ക് കേട്ട് ഞെട്ടിപ്പോയി. ജിത്തുവിന്റെ ഉള്ളം അഭിയോടുള്ള അസൂയയാൽ പൊതിഞ്ഞു… ഇത്രയും വലിയ ബന്ധം അഭിക്ക് കിട്ടിയത് അവന് സഹിക്കാൻ പറ്റുന്നുണ്ടായില്ല… നന്ദിനിയുടെയും അവസ്ഥ മോശം ആയിരുന്നില്ല. എന്ത് കൊണ്ടും തന്നെക്കാൾ ഉയർന്ന ബന്ധുത ആണ് അഭിയുടേത് എന്ന് അവൾക്ക് മനസിലായി..
പപ്പൻ എല്ലാവരെയും ഒന്നുകൂടി നോക്കി യാത്ര പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി. ആ വണ്ടികൾ പോകുന്നതും നോക്കി അയാൾ പൊട്ടിച്ച ബോംബിന്റെ ഞെട്ടൽ മാറാതെ നിന്നു…
തുടരും…

by