24/04/2026

പാർവതി പരിണയം : ഭാഗം 33

രചന – മൈഥിലി മിത്ര

“അതേ, രണ്ടുപേരോടും കൂടി എനിക്കൊരു കാര്യം പറയാനുണ്ട് “…..

രാവിലത്തെ പ്രാതലിനു കൊണ്ടുപിടിച്ച പണിയിലാണ് ശാരദയും സീതയും… കല്യാണത്തിന് വന്ന അച്ചുതന്റെ ബന്ധുക്കളായ രണ്ടു കുടുംബക്കാരും വീട്ടിലുണ്ട്… അതിനിടയിലാണ് പാറുവിന്റെ ചോദ്യം…. രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞുള്ള വരവാണ്…..

“എന്താടി കാര്യം”….

സീതയാണ് ചോദിച്ചത്….

“അതേ, ഈ അടുക്കള പണി ഒക്കെ എന്നേം കൂടെയൊന്നു പഠിപ്പിക്കണം “….

വളരെ സീരിയസ് ആയിട്ടാണ് പറയുന്നത്… രണ്ടു കയ്യും ഇടുപ്പിൽ കുത്തി വെച്ചിട്ടുള്ള നിൽപ്പും….

“ഇതെന്താ പാറുവേ, കെട്ടിക്കഴിഞ്ഞപ്പോ നിനക്ക് വല്ല വെളിപാടും ഉണ്ടായോ “….

വേവിച്ചു വെച്ചിരുന്ന സാമ്പാറിൽ കടുക് പൊട്ടിച്ചു ഒഴിക്കുകയായിരുന്നു ശാരദ….

“അതല്ലമ്മായി… ഞാനും ഇതൊക്കെ പഠിക്കേണ്ടേ “…..

ചുരിദാറിന്റെ ഷാളിന്റെ തുമ്പു തെരുപിടിച്ചു കൊണ്ടു ഏറുകണ്ണിട്ടവൾ ശാരദയെ നോക്കി….

“ആഹാ… അപ്പൊ നിനക്ക് നല്ല ബുദ്ധി തോന്നി തുടങ്ങിയല്ലേ “….

സീതയുടെ വകയായിരുന്നു ആ ട്രോള്… ഉണ്ണിക്കു വേണ്ടിയുള്ള കാപ്പി ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നവർ….

“അതെന്താ അമ്മേ, ഞാനിതൊന്നും പഠിക്കേണ്ടന്നാണോ”….

“അങ്ങനെ നല്ല ബുദ്ധി ഒന്നും നിന്റെ തലേൽ വരില്ലല്ലോ.. അതോണ്ട് ചോദിച്ചു പോയതാ “…

പറഞ്ഞുകൊണ്ട് സീത കാപ്പി അരിച്ചു ഒരു കപ്പിലേക്കു ഒഴിച്ചെടുത്തു… രാവിലെ എണീക്കുമ്പോൾ ഉണ്ണിക്കു ഒരു കട്ടൻ നിർബന്ധമാണ്…

“ഇങ്ങോട്ട് കൊണ്ടുവാ.. ഞാനിതു കൊണ്ടോയി ഏട്ടന് കൊടുത്തിട്ട് വരാം “….

സീതയുടെ കയ്യിലിരുന്ന കാപ്പി മേടിച്ചുകൊണ്ട് ഉണ്ണിയുടെ മുറിയിലേക്ക് പോയവൾ…

ഇനിയും എഴുന്നേൽക്കാതെ, കമന്നു കിടന്നുറങ്ങുന്നവനെ, കുറച്ചു നേരം നോക്കി നിന്നവൾ… വിളിക്കണോ, വേണ്ടായോ എന്ന് ഒന്നാലോചിച്ചു… രാത്രി ഇടയ്ക്കിടയ്ക്ക് ഉണരുകയും, വെള്ളം കുടിച്ചിട്ട് ഏട്ടൻ കിടക്കുകയും ചെയ്യുന്നത് താൻ കണ്ടതാണ്… ഉറക്കം ശരിയായി കാണണമെന്നില്ല….

കൊണ്ടു വന്ന കാപ്പിയുമായി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ്, ഉണ്ണിയുടെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്….. കണ്ണടച്ചു കൊണ്ടു, കട്ടിലിനരുകിലുള്ള ബെഡ്ലാമ്പ് ടേബിളിൽ തപ്പുന്ന ഉണ്ണിയെ കണ്ട് അവൾക്കു ചിരി വന്നു പോയി…

ഫോൺ കയ്യിലെടുത്തു അറ്റൻഡ് ചെയ്തു, ഉറക്കപ്പിച്ചോടെ ഉണ്ണീ ഹെഡ്‌റൈൽസിലേക്ക് ചാരിയിരുന്നു സംസാരിച്ചു… ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പാറുവിന്റെ മേൽ പതിയുന്നുമുണ്ട്…. ഗൗരവമുള്ള കാര്യമാണെന്ന്, അവന്റെ മുഖഭാവം തന്നെ വ്യക്തമാക്കിയിരുന്നു…. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം,
കാൾ കട്ട് ചെയ്തു , ഉണ്ണിയവളെ അരികിലേക്ക് വിളിച്ചു….. കൈ നീട്ടി പാറുവിന്റെ കയ്യിലിരുന്ന കാപ്പി വാങ്ങി മൊത്തി കുടിച്ചുകൊണ്ട് എന്തൊക്കെയോ ആലോചനയിൽ മുഴുകി…..

“എന്തേ ഏട്ടാ, തലവേദന കുറവില്ലേ “…..

അടുത്തായിട്ട് ചെന്നിരുന്നു, മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടവൾ വേദനയോടെ ചോദിച്ചു…

“ഒന്നൂല്യാടി… ഇപ്പോ ഇത്തിരി കുറവുണ്ട് “….

പറഞ്ഞുകൊണ്ട് ആ ചൂട് കാപ്പി, അവൻ മൊത്തി കുടിച്ചു… ശേഷം ആ ഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തു, ഫ്രഷ് ആവാനായി ബാത്ത് റൂമിലേക്ക് കടന്നു….

പാറുവിന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞു… എന്തുകൊണ്ടോ മനസ്സ് വിങ്ങി… കാരണമറിയാത്ത ഒരു വിഷമം തൊണ്ടക്കുഴിയിൽ, തടഞ്ഞു നിന്നു… ഉണ്ണിയേട്ടന്റെ മൗനം തനിക്കു സഹിക്കാനാവുന്നില്ല… ആ മനസ്സിൽ എന്തോ സങ്കടം ഉണ്ട്‌, തന്നോട് പറയുന്നില്ലന്നെയുള്ളൂ…

ഉണ്ണിയേട്ടന്റെയും തന്റെയും ഒരു സ്വപ്നമായിരുന്നു കല്യാണം… മണ്ഡപത്തിന്റെ ഡിസൈൻ തൊട്ടു, ആ ദിവസം താൻ നെറ്റിയിലൊട്ടിക്കുന്ന പൊട്ടിന്റെ വലുപ്പം വരെ പറയുമായിരുന്നു… പക്ഷെ, ഏട്ടൻ കല്യാണ ദിവസം സന്തോഷവാനായിരുന്നോ… ചിരിയുടെ മൂടുപടം അണിഞ്ഞിരുന്നെങ്കിലും, ആ ഹൃദയം വിങ്ങുകയല്ലായിരുന്നുവോ… എന്തിനു വേണ്ടി… ആ ഒരുത്തരം ഇത് വരെ കിട്ടിയിട്ടില്ല… ഏട്ടൻ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട് എല്ലാവരിൽ നിന്നും…

ചോദിച്ചാലും പറയില്ല.. മനസ്സിലിട്ടു നീറ്റിക്കുന്നെങ്കിൽ, അതെത്ര വലിയ ടെൻഷനായിരിക്കും… ഓരോരോ ആലോചനകളാൽ, കട്ടിലിലേക്ക് ഇരുന്നവൾ…..

“ഡീ, പാറു”….

ഉണ്ണിയുടെ വിളിയാണ് അവളെ യാഥാർഥ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്….

“എന്താ, എന്താ ഏട്ടാ “…

ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നുമെഴുന്നേറ്റ് നിന്നവൾ.. ഉണ്ണിയെ നോക്കിയപ്പോൾ കുളിച്ചു ഡ്രെസ്സുമിട്ടു എങ്ങോട്ടോ പോകാനെന്ന വണ്ണം, റെഡിയായി നിൽക്കുകയാണ്…
താൻ ഇത്രയും നേരം ആലോചനയിലായിരുന്നോ, നാക്കു കടിച്ചു നിന്നവൾ….

“നീയേത് ലോകത്താ പാറു.. എത്ര പ്രാവശ്യം വിളിച്ചു ഞാൻ… നിനക്കെന്താ പറ്റിയെ “….

അടുത്ത് വന്നു നിന്നുകൊണ്ടാണ് ചോദ്യം… എന്ത് പറയണം എന്നറിയാതെയവൾ മുഖം കുനിച്ചു നിന്നു….

“എടി നിന്നോടാ… എന്താണെന്ന ചോദിച്ചേ “…

“ഒന്നൂല്യ ഏട്ടാ.. ഞാൻ വെറുതെ ഓരോന്നാലോചിച്ചു കൊണ്ട് ഇരുന്നതാ “….

“അതെന്താന്നാ ഞാൻ ചോദിച്ചത് “…

“ഞാൻ ചോദിച്ചാൽ ഏട്ടൻ ഉത്തരം
തരുവോ “…

ആ കണ്ണുകളിലേക്ക് നോക്കിയാണ് ചോദിച്ചത്..അവളുടെ നോട്ടത്തിൽ ഉണ്ണിയൊന്നു പതറി….

“ചോദിച്ചാലല്ലേ പറയാൻ പറ്റൂ… നീ ചോദിക്കു പാറു “…

“ഏട്ടനെന്താ പറ്റിയെ… കുറച്ചുനാളായിട്ട് ഞാൻ ശ്രദ്ധിക്കുന്നു… കല്യാണത്തിന് പോലും ഒരു സന്തോഷമില്ലാത്ത പോലെയാ ഏട്ടൻ നിന്നത്… നമ്മുടെ സ്വപ്നമാല്ലായിരുന്നോ ഇത്… ആ ദിവസത്തിനായിട്ട് എത്ര കാത്തിരുന്നിട്ടുണ്ട് “…

ഉണ്ണിയൊന്നു ഞെട്ടി… പാറുവിന് എന്ത് മറുപടി കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു… തന്റെ ഒരു നോട്ടം പോലും മനസ്സിലാക്കാൻ കഴിവുള്ളവളാണ്…

“എന്താ പറ്റിയത് ഏട്ടന്… ഞാനെത്ര വട്ടം ചോദിച്ചു… ഓരോ പ്രാവശ്യം ചോദിക്കുമ്പോഴും ഒഴിഞ്ഞു മാറുകയാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്…. എന്താണെങ്കിലും പറഞ്ഞൂടെ എന്നോട്… അതോ ഞാൻ ഒരു പൊട്ടിയായതുകൊണ്ടാണോ.”….

വികാരക്ഷോഭത്താൽ അവളൊന്ന് വിതുമ്പിപ്പോയി… ഉണ്ണിയുടെ കണ്ണുകൾ അറിയാതെ തന്നെ ചുവന്നു കയറി… അത് മറക്കാനായി അവൻ തിരിഞ്ഞു നിന്നു…

“അതോ, ഈ കല്യാണം ഇഷ്ടായിരുന്നില്ലേ ഏട്ടന്… ഞാൻ… ഞാൻ… ഏട്ടന്… ചേരാത്തവളായോ… എന്നെ വേണ്ടാഞ്ഞിട്ടാണോ”……

വാക്കുകൾ വിറച്ചിരുന്നു.. അവസാനം എങ്ങലിന്റെ ചീളുകൾ ഉയർന്നു കേട്ടു…. സഹിക്കാനാവാതെ അവൾ ചുവരിന്മേൽ ചാരി നിന്നു, ഒരു താങ്ങിനായി…

ഉണ്ണിക്കു സഹിക്കാനായില്ല… കാറ്റ് പോലെവന്നു അവളെ ഇറുക്കെ പുണർന്നവൻ…

“എന്തൊക്കെയാടി നീയീ പറഞ്ഞു കൂട്ടുന്നത്…. ഇത്രയും നാൾ ഇങ്ങനെയൊക്കെയാണോ നീയെന്നെ കുറിച്ച് വിചാരിച്ചു വെച്ചിരിക്കുന്നത്…ഹ്മ് “….

അവളുടെ ആ കുഞ്ഞു മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് ആ നെറുകയിൽ ചുണ്ടുകൾ ചേർത്തു…

“പറയെടി… അങ്ങനെയുള്ളവനാണോ
ഞാൻ “…

തലയാട്ടി കൊണ്ട് അല്ലായെന്നു ആഗ്യം കാട്ടി പെണ്ണ്…. കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു.. വാ വിട്ട വാക്കുകൾ തിരിച്ചെടുക്കാനാവില്ല… സങ്കടം കൊണ്ട് പറഞ്ഞു പോയതാണ്…

“പിന്നെന്തിനാടി കോപ്പേ ഇങ്ങനെ കീറ്റുന്നെ “…

പാറുവൊന്നു പേടിച്ചു… ഉണ്ണിയുടെ ശബ്ദം ഉയർന്നിരുന്നു… പിടിച്ചു കെട്ടിയ പോലെ കരച്ചിലമർത്തി നിന്നവൾ… കണ്ണുകൾ ഇറുക്കിയടച്ചു…..

“പാറു, ഇങ്ങോട്ട് നോക്കിയേ “…

അവളുടെ കവിളിൽ തള്ളവിരലാലൊന്ന് തഴുകി…

“നോക്കെടി ഇങ്ങോട്ട് “…

മിഴികൾ ഉയർത്തിയവനെ നോക്കി പെണ്ണ്…

“നീയെന്റെ ജീവനാ… നീയില്ലാതെ ഉണ്ണിക്കൊരു ജീവിതവും ഇല്ല… അത് നിനക്കും അറിയാം….
പിന്നെന്തിനാ ഇങ്ങനെയൊരു ചോദ്യം.. ഹ്മ് “…

പറയാനൊന്നുമില്ലാതെ പാറു മൗനമായിട്ട് നിന്നു.

“എനിക്ക് കുറച്ചു ടെൻഷൻസ് ഉണ്ടെടി പെണ്ണേ… അത് ഇപ്പോ എനിക്ക് പറയാനാവില്ല… പക്ഷെ, ഒരിക്കൽ നീയറിയുമത്… അതുവരെ എന്നോട് ചോദിക്കല്ലേടി നീയ് “….

അവന്റെ നോവുകളറിയുന്നപോലെ ആ നെഞ്ചോട് ചേർന്നു നിന്നവൾ.. പറഞ്ഞുപോയ വാക്കുകളെ പഴിചാരി, മനസ്സിൽ പതം പറഞ്ഞു കരഞ്ഞു…

“സോറി ഏട്ടാ… ഞാൻ അപ്പോഴത്തെ സങ്കടത്തിൽ പറഞ്ഞുപോയതാ… ക്ഷമി..”….

പറയുന്നതിന് മുൻപേ തന്നെ അവളുടെ ചൊടികളിൽ ഉണ്ണീ ചുണ്ടുകൾ ചേർത്തിരുന്നു…

💞💞💞💞💞

ഒരു വലിയ മുറിയായിരുന്നത്… ഒരു സൈഡിൽ മൊത്തം കുറെ ബുക്ക്കൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ടായിരുന്നു… റൂമിനു നടുക്കായി ഒരു റൗണ്ട് ടേബിൾ, അതിൽ സൈഡിലായിട്ട് ഒരു സിസ്റ്റവും ഫിറ്റ്‌ ചെയ്തിട്ടുണ്ട് … പെൻ സ്റ്റാൻഡിൽ നീലയും ചുവപ്പും പച്ചയും നിറമുള്ള പേനകൾ… ഒരു വശത്തായി അഞ്ചാറ് ഫയലുകൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു…

ടൗണിലേക്ക് പോകാനായി വണ്ടിയുമെടുത്തു, വഴിയിലേക്കിറങ്ങിയപ്പോഴാണ്, രണ്ടു കോൺസ്റ്റബ്ൾസ് വീട്ടിലേക്കു കയറിപോകാനായിട്ട് തുടങ്ങുന്നത് കണ്ടത്… എന്തോ സംശയം തോന്നി, വണ്ടി നിർത്തി അവരോടു ചോദിച്ചപ്പോഴാണറിഞ്ഞത്, തന്നെ തിരഞ്ഞുള്ള വരവായിരുന്നതെന്നു… ഉടനെ തന്നെ വണ്ടിയെവിടെ സൈഡിൽ ഒതുക്കി വെച്ചിട്ട്, അവരുടെ കൂടെ ജീപ്പിൽ കയറിയിങ് പോന്നു… വഴിയിൽ ആരുമില്ലാഞ്ഞത് ഭാഗ്യമായി… പെട്ടെന്ന് തന്നെ ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു…

“ദാ ഇവിടോട്ടിരുന്നോ… സാറിപ്പോ വരും “…

ടേബിളിന് മുന്നിൽ നിരത്തിയിട്ടിരിക്കുന്ന നാല് തടി കസേരകൾ കാട്ടി ആ കോൺസ്റ്റബിൾ മുറിയിൽ നിന്നുമിറങ്ങിപ്പോയി… അനന്തൻ കസേരകളിലൊന്നിൽ പോയിരുന്നു… ആ റൂം ആകമാനം കണ്ണുകളാലുഴിഞ്ഞു… ടേബിളിന്റെ നടുക്കായിട്ട് ഒരു സ്റ്റീൽ സ്റ്റാൻഡിൽ മനോഹരമായി ആലേഖനം ചെയ്ത നെയിം ബോർഡിലേക്ക് അവന്റെ നോട്ടം വീണു….

ACP. ARNAV NATH…

(തുടരും )…..