19/04/2026

പ്രണയിനി : ഭാഗം 45

രചന – ഗംഗ ശലഭം

റൂമിലെ കട്ടിലിൽ ഇരു വശങ്ങളിലായി കൈ കുത്തി കുനിഞ്ഞിരിക്കുകയാണ് സായി. മുറിയിലേക്ക് കൃഷ്ണ കടന്ന് വരുന്നേരം അവൻ തല ഉയർത്തി നോക്കി. അവന്റെ കലങ്ങി ചുവന്ന കണ്ണുകൾ ഒരു നോക്കേ നോക്കിയുള്ളൂ…. കൃഷ്ണയുടെ ഉള്ളിലെ നീറ്റൽ ആളി പടർന്നു ഹൃദയത്തെ ചുറ്റി വരിഞ്ഞു.

അവൾ സാവധാനം നടന്നു വന്ന് സായിക്ക് മുന്നിലായി മുട്ട് കുത്തി ഇരുന്നു. അവന് മുന്നിൽ കരയില്ല എന്നവൾ ശപഥം എടുത്തിരുന്നു. അല്ലെങ്കിലും എന്തിനാണ് കരയുന്നത്? തന്റെ സായി അരികിൽ ഇല്ലേ? സന്തോഷിക്കുകയാണ് വേണ്ടത്. സായിയുടെ ഇപ്പോഴത്തെ വ്യാകുലതകൾ തുടച്ച് മാറ്റുകയാണ് വേണ്ടത്. അവൾ മനസ്സിൽ ഉറപ്പിച്ചു.

സായി കൃഷ്ണയെത്തന്നെ നോക്കി ഇരിക്കുകയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. കൃഷ്ണ എന്തെങ്കിലും പറയും മുന്നേ സായിയുടെ പതറിയ ശബ്ദം അവൾ കേട്ടു.

” എനിക്ക്…. എനിക്ക് നമ്മളെ ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ കൃഷ്ണ….”

വെന്തുരുകിയ ഹൃദയത്തിൽ നിന്നും പുറത്ത് വന്ന വാക്കുകൾക്ക് കണ്ണീരിന്റെ നനവിനെക്കാൾ നഷ്ടബോധത്തിന്റെ നീറ്റലായിരുന്നു….

കൃഷ്ണ മുഖം ഉയർത്തി നോക്കി. അവന്റെ ചുടു കണ്ണീർ പതിച്ചത് അവളുടെ നെറുകയിലാണ്. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കാണെ കൃഷ്ണയുടെ ഹൃദയം പൊള്ളി അടർന്നു പോയി.

“എന്റെ ഈ കണ്ണുകളിലേക്ക് നോക്ക് സായി….
എന്നെ അറിയുന്നില്ലേ? സായിയുടെ കൃഷ്ണയെ….?”

സായി അവളുടെ മുഖത്തേക്ക് നോക്കി. അവന് ഏറെ പ്രിയമുണ്ടായിരുന്ന അവളുടെ മയിൽ‌പീലി കണ്ണുകളിലേക്ക്…..

അവന് അപ്പോഴും അവന്റെ കൃഷ്ണയെ തിരിച്ചറിയാനായില്ല. പക്ഷെ, ആ കണ്ണുകളുടെ ആഴങ്ങളിൽ അവന് അവനെത്തന്നെ കണ്ടെടുക്കാനായി.

ഹൃദയം പട പട മിടിക്കുന്നു. അതിനുള്ളിൽ എവിടെയോ ഒരു തീപ്പൊരി പാറുന്നുണ്ട്. നിന്നെ മറക്കാനാകുമോ എന്ന് തന്റെ ഹൃദയം അവളോട് സംവദിക്കുന്നുണ്ട്…..
എന്നിട്ടും മസ്തിഷ്കം മറവിയുടെ കരിമ്പടം മാറ്റുന്നതേയില്ല.

കൃഷ്ണ പതിയെ തന്റെ വലം കൈ സായിയുടെ ഹൃദയത്തോട് ചേർത്ത് വച്ചു. സായി അനങ്ങിയില്ല. അവന്റെ നോട്ടം അപ്പോഴും കൃഷ്ണയുടെ കണ്ണുകളിൽ കൊരുത്തു നിന്നു.

” ഇതിന്റെ അകത്തിപ്പോഴും ഞാൻ ഉണ്ട്. നീ ഇനി എന്തൊക്കെ മറന്നു എന്ന് പറഞ്ഞാലും ഞാൻ നിന്റേത് അല്ലാതെ ആവില്ല സായി… നീ എന്റേതും….!

സായിയും കൃഷ്ണയും രണ്ടു പേരല്ല… ഒരാളാണ്….
സായി കൃഷ്ണ…!
അങ്ങനെ അല്ലെ? എത്ര വട്ടം നീ അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. നിന്റെ പേര് പറഞ്ഞ്….

ഞാൻ ജനിക്കും മുന്നേ നമ്മൾ ഒന്നാവേണ്ടവരാണെന്ന് ദൈവം തീരുമാനിച്ചതാണെന്ന്… സായി കൃഷ്ണ എന്ന നിന്റെ പേര് അതിന്റെ തെളിവാണെന്ന്…
എത്രയോ വട്ടം നീ എന്നോട് പറഞ്ഞിട്ടുണ്ട്?

ഞാനും നീയും ഒന്നല്ലേ സായി?
അപ്പൊ…
എല്ലാം ഞാൻ ഓർത്താൽ പോരെ? എന്നെ…
നിന്നെ…
നമ്മളെ….
എല്ലാം എനിക്ക് ഓർമ്മയുണ്ട്…
അത് പോരെ?
വിശ്വാസം അല്ലെ നിനക്ക് എന്നെ?”

അവന്റെ ഇരു കണ്ണുകളിലേക്കും അവൾ മാറി മാറി നോട്ടം എയ്തു.
സായിയുടെ ഹൃദയത്തിൽ നിന്നെന്തോ ഉയർന്നു പൊങ്ങി. തൊണ്ടയോളം പൊന്തി വന്ന ആ നൊമ്പരത്തെ അവൻ വിഴുങ്ങിക്കളഞ്ഞു.

“വിശ്വാസമാണ്….
സായിയുടെ കൃഷ്ണയെ….! വിശ്വാസമാണ്…..”

അവന്റെ ശബ്ദം വിറച്ചു.

” പഴയതൊന്നും ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിലും സാരമില്ല…
എനിക്കറിയാം ഇതെന്റെ സായി ആണെന്ന്… അത് മതി….

ഇപ്പൊഴാണ് നമ്മൾ കണ്ടതെന്ന് കരുതാം… ഇവിടം മുതലാണ് നമ്മൾ ജീവിതം തുടങ്ങിയത് എന്ന് കരുതാം…

പ്രണയത്തിന് ആദിയോ അറ്റമോ ഇല്ലല്ലോ സായി? എവിടെ നിന്ന് തുടങ്ങിയാലും എനിക്ക് നിന്നോടുള്ള പ്രണയം അവസാനം ഇല്ലാത്തതാണ്. ഇവിടം മുതൽ നമുക്കൊരു പുതിയ ജീവിതം തുടങ്ങാം… നമ്മുടെ ഉണ്ണിമോളേം ചേർത്ത്… അത് പോരെ?”

കൃഷ്ണ സായിയുടെ കൈകൾ പൊതിഞ്ഞു പിടിച്ച് അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി….

” എന്നെയോ നിന്നെയോ നമ്മളെയോ എനിക്ക് ഓർമ്മയില്ല… ഇനി ഓർത്തെടുക്കാൻ പറ്റുമോ എന്നും അറിയില്ല. പക്ഷെ ഇപ്പൊ ഒന്നറിയാം… താൻ…. താൻ ഒരിക്കൽ എന്റെ എല്ലാം എല്ലാമായിരുന്ന കൃഷ്ണ ആണെന്ന്…
താൻ പറഞ്ഞത് പോലെ… ഇവിടെ മുതൽ നമുക്കൊരു പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കാം… ചിലപ്പോ പഴയത് പോലെ ഈ മുഖം എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ ഇനിയും എനിക്ക് സമയം വേണ്ടി വരും…. വിഷമിക്കരുത്….!”

സായി തന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന കൃഷ്ണയുടെ കൈ തന്റെ കൈക്കുള്ളിലാക്കി പൊതിഞ്ഞു പിടിച്ചു..

“ഇല്ല…. എന്റെ മുന്നിൽ ഉണ്ടല്ലോ? എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ?”

കൃഷ്ണ സായിയുടെ കൈകൾക്ക് മുകളിൽ പതിയെ ചുംബിച്ചു. അവൻ കൈ വലിച്ചില്ല. കൃഷ്ണയെ തന്നെ നോക്കി ഇരുന്നു.

“ഉണ്ണിമോളോട് പറയട്ടെ?”

കൃഷ്ണ പെട്ടെന്ന് ചോദിച്ചു.

” ഇപ്പൊ വേണ്ട…”
സായി കൃഷ്ണയുടെ കൈകളെ സ്വതന്ത്രമാക്കി സ്വന്തം മുഖം അമർത്തി തുടച്ചു.

“വേണ്ടെന്നോ?”

കൃഷ്ണ അമ്പരപ്പിൽ മുഖം ഉയർത്തി.

” ഞാൻ ഡോക്ടർ രാജഗോപാലിനോട് ഒരു ആവശ്യം പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ പഴയ മുഖം വേണമെന്ന്. പൂർണമായും അത് സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വില്യം ഡോക്ടറിനോട് സംസാരിച്ചിട്ട് പറയാം എന്നാണ് അറിയിച്ചത്.

എനിക്ക് പ്രതീക്ഷയുണ്ട് കൃഷ്ണ. ആ മുഖം അതേ പോലെ തിരികെ കിട്ടിയില്ലെങ്കിലും സായിയെ അറിയുന്നവർക്കൊക്കെ ഇത് സായിയാണ് എന്ന് തിരിച്ചറിയാനായാൽ മതി. അതിനു കഴിയും എന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റെ മുഖം തിരികെ വേണം… ശ്രീനാഥിന്റെ മുന്നിൽ സായിയായിത്തന്നെ പോയി നിൽക്കണം എനിക്ക്. എന്നെ കാണുമ്പോൾ അവന്റെ മുഖത്ത് തെളിയുന്ന ഭാവങ്ങൾ എനിക്ക് നേരിൽ കാണണം…. എന്റെ അച്ഛൻ കഷ്ടപ്പെട്ട് സാമ്പാടിച്ചതൊക്കെയും എനിക്ക് തിരികെ പിടിക്കണം. അതിനെനിക്ക് സായിയുടെ മുഖം വേണം. ”

കൃഷ്ണ ആശ്ചര്യത്തോടെ സായിയെ നോക്കി. കുറച്ചു മുന്നേ അവന്റെ മുഖത്ത് കണ്ട വ്യസനഭാവം പാടെ മാഞ്ഞൂ പോയിരിക്കുന്നു. ഇപ്പോൾ ആ മുഖത്ത് പകയാണ്. ആരോടൊക്കെയോ ഉള്ള തീർത്താൽ തീരാത്ത പക….!

” ഇപ്പൊ എന്റെ ഈ മുഖം കാണിച്ച് ഇതാണ് നിന്റെ അച്ഛൻ എന്ന് കുഞ്ഞിനോട് പറഞ്ഞു കൊടുത്താൽ അതവളുടെ മനസ്സിൽ പതിഞ്ഞു പോകും. പിന്നീട് എന്റെ യദാർത്ഥ മുഖം കാട്ടി അവളോട് മാറ്റി പറയാൻ പറ്റുമോ? കുഞ്ഞല്ലേ അവള്…? നടന്നതൊക്കെ പറഞ്ഞാൽ മനസ്സിലാക്കാനുള്ള പ്രായവും ആയിട്ടില്ല അവൾക്ക്.

അത് കൊണ്ട് ഇപ്പൊ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. ഭൂതകാലം ഓർമ്മയിൽ തെളിഞ്ഞില്ല എങ്കിലും എനിക്ക് ആ പഴയ രൂപം വേണം… ഇപ്പോഴത്തെ ഞാൻ സൂര്യയാണെന്ന് തന്നെ കരുതട്ടെ മോള്…
അതല്ലേ നല്ലത്?”

സായി ചോദിക്കുമ്പോൾ കൃഷ്ണ മെല്ലെ തല കുലുക്കി.

************

ബാക്കി പിന്നെ…. ❤️