രചന – ആരുണി കൃഷ്ണ
“മഞ്ചു …. എടി മഞ്ചു ….. ”
“എന്താ ചേച്ചി… എന്തിനാ കൂവുന്നേ ഇങ്ങനെ… ”
“ഡി പോത്തേ… എന്റെ മുല്ലപ്പൂ എവിടെ… നീ ഇവിടെങ്ങാനും കണ്ടോ?? ”
“ഞാൻ എങ്ങനാ കാണാ… ഇന്നലെ ചേച്ചി തന്നല്ലേ എടുത്ത് ഇവിടെ മാറ്റി വെച്ചത്… ഞാൻ കണ്ടില്ല… ”
“പിന്നെ അതെവിടെ പോകാനാ…?? ”
“ആ കുട്ടി പട്ടാളം എങ്ങാനും എടുത്ത് കാണും…. ”
“അച്ചു… അമ്മു…. ” മിഥു വീണ്ടും കൂകി വിളിച്ചുകൊണ്ട് താഴേക്ക് ഓടി…
ദേ ആ ചാടി തുള്ളി പോയതാണ് മിഥു എന്ന മൈഥിലി… അവളുടെ അനിയത്തിയാണ് മഞ്ചു എന്ന മഞ്ജരി… അവർ ഇരുവരും കോട്ടൂർ തറവാട്ടിലെ മഹേശ്വരിയമ്മയുടെ ഇളയ മകൾ സുഭദ്രയുടെ സത്പുത്രികൾ ആണ് .. മഹേശ്വരിയമ്മക്ക് മൂന്ന് മക്കളാണ്… അനന്ദൻ, ദേവയാനി, സുഭദ്ര… അനന്ദന്റെ ഇളയ മകൾ പ്രവീണയുടെ വിവാഹ നിശ്ചയമാണിന്ന്… ഒരു മകൻ കൂടി ഉണ്ടയാൾക്ക്, പ്രണവ്…
“പ്രണവേട്ടാ, മായേച്ചി എവിടെ…? ”
പ്രണവിന്റെ ഭാര്യയാണ് മായ.. അച്ചും അമ്മും അവരുടെ ഇരട്ട കുട്ടികളും…. അല്ല, വികൃതികൾ ഇരട്ടകളുടെ രൂപത്തിൽ പിറന്നു എന്ന് പറയുന്നതാകും ശരി…
“ഞാൻ കണ്ടില്ലഡാ…. ”
“അപ്പൊ അച്ചുനേം അമ്മുനേം കണ്ടോ… ”
“എന്റെ പൊന്ന് മിഥുമോളെ… ഞാൻ ഇവിടെ നൂറുകൂട്ടം തിരക്കിലാ… ഞാൻ കണ്ടില്ല അവരെ… ഇനി നീ എങ്ങാനും കണ്ടാലും, ഇങ്ങോട്ട് പറഞ്ഞു വിടരുത്.. എന്റെ കുഞ്ഞുങ്ങൾ ആയത് കൊണ്ട് പറയുവല്ലട്ടോ…. ചെവിതല കേൾപ്പിക്കില്ല രണ്ടും… എന്റെ ജോലിയും നടക്കില്ല… ”
“അതെങ്ങനാ മത്തൻ കുത്തിയാ, കുമ്പളം മുളക്കുവോ.. ” മിഥു പിറുപിറുത്തു…
“നീ വല്ലതും പറഞ്ഞോ… “പ്രണവ് തിരക്കി
“ഒന്നൂല്ല ഏട്ടാ… ജോലി നടക്കട്ടെ എന്ന് പറഞ്ഞതാ… ”
“ഹാ… ”
അവൾ തിരികെ നടന്നു…
മേടമാസ പുലരിയിൽ കോട്ടൂർ തറവാട് എല്ലാ പ്രൗഢിയോടും പെരുമയോടും കൂടി തലയുയർത്തി തന്നെ നിന്നു…. മുറ്റത്തുയർന്ന പന്തലും ആളുകളും ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കുന്നു…
കോട്ടൂർ തറവാട്ടിലേക്ക് പദമനാഭ പണിക്കരുടെ സഹധർമ്മിണി ആയി മഹേശ്വരിയമ്മ വന്നിട്ട് ഇപ്പോൾ അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിരിക്കും… തറവാട്ട് മുറ്റത്തേക്ക് എത്തിയ അഥിതികളെ സ്വീകരിക്കാനായി മഹേശ്വരിയമ്മ തിരക്കിട്ട് ഉമ്മറത്തേക്ക് വന്നു …
“മുത്തശ്ശി… അച്ചും അമ്മും എവിടെ…? ” മിഥു തിടുക്കത്തിൽ ചോദിച്ചു….
“എനിക്ക് അറിയില്ല മോളെ… എന്തിനാ ഇപ്പൊ അവറ്റോളെ കാണുന്നെ… മിഥു, വല്ല കുരുത്തക്കേടും ഒപ്പിക്കാനാണോ കുട്ട്യേ..? അവർ സംശയത്തോടെ അവളെ നോക്കി…
“ഹാലോ ഓൾഡ് ലേഡി, അതിനൊന്നുമല്ല…. ”
“അടി…. ” മുത്തശ്ശി അടിക്കാൻ ഭാവിച്ചതും മിഥു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഓടി…
“അതാരാ ഈശ്വരിയമ്മേ ആ കുട്ടി…? ദേവയാനി കുഞ്ഞിന്റെ മോളാണോ? …”
“ഏയ് … അത് ഇളയവൾടെ മോളാ, മൈഥിലി… ”
“ആരുടെ , സുഭദ്ര കുഞ്ഞിന്റെയോ …പെട്ടന്ന് കണ്ടപ്പോ ദേവയാനി കുഞ്ഞിന്റെ ഛായ തോന്നി… ”
“ദേവൂന്, രണ്ട് ആൺ കുട്ട്യോളാ… അവരെല്ലാം അമേരിക്കയിലാ…”
“ദേവു കുഞ്ഞ് വന്നില്ലേ അപ്പൊ…? ”
“ദേവും, മഹേന്ദ്രനും വന്നിട്ടുണ്ട്… പിള്ളേര് കല്യാണത്തിനെ ഇനിയുള്ളു… ”
അവർ ഓരോരുത്തരോടായി മക്കളുടെ വിശേഷങ്ങൾ സന്തോഷത്തോടെ പങ്കുവെച്ചു …
“അച്ചു, ഡാ നിക്കടാ അവിടെ… സുജാതമ്മായി പിടിച്ചോ അവനെ…. ”
അവൻ ഓടി പ്രവീണ ഒരുങ്ങുന്ന മുറിയിലേക്ക് പോയി … സുജാതയും മിഥുവും അവന്റെ പിന്നിലായി അകത്തേക്ക് കയറി…
“അച്ചു, ധോണ്ട് യൂ നോ…??? ശീകളുടെ മുറീ കേറുമ്പോ ഡോറിൽ തട്ടണോന്ന്… ”
അമ്മു ചുണ്ട്കോട്ടി, വിരൽ ചൂണ്ടി ചോദിച്ചു…
റൂമിനുള്ളിലെ പെൺപടയെ കണ്ട് ആകെ ചമ്മിയ അച്ചു അതും കൂടെ കേട്ടതോടെ ഇഞ്ചി കടിച്ചപോലെ നിൽക്കുകയാണ്… പ്രവീണയെ ഒരുക്കാൻ നിന്ന മായയും മഞ്ചുവും, സുഭദ്രയും എല്ലാരും അവനെ നോക്കി ചിരിക്കാണ്…
“ന്റെ അമ്മുട്ടാ, നിന്റെ ഈ നാക്ക്… വയസ്സ് 3 ഉള്ളെലും ഈ നാക്കിന് 30 ന്റെ നീളാ …” മായ അമ്മുനെ എടുത്തുകൊണ്ട് പറഞ്ഞു…
“വായോ… മിഥു ആന്റിടെ അച്ചുമോൻ വായോ… “മിഥു അവനെ പൊക്കി എടുത്ത് മടിയിൽ വെച്ചു…
“അച്ചുകുട്ടാ സത്യം പറ… മോൻ ആന്റിടെ മുല്ലപ്പൂ എടുത്തോ… ”
“ഇല്ലല്ലോ… ”
“ഇല്ലാ..? സത്യം പറഞ്ഞാ ഐസ് ക്രീം വാങ്ങി തരാം… ”
“പ്രോമിസ്…? ”
“ആ… പ്രോമിസ് ഡാ കണ്ണാ… പറ ”
“അത് ശീ അങ്കിൾ ”
“ഏത് ശീ അങ്കിൾ… എന്തിന്? ”
“അതൊന്നും എനിച്ചറിയില്ല… എന്നോട് എടുത്ത് കൊടുക്കാൻ പറഞ്ഞു… കൊടുത്തപ്പോ ഡയറി മിൽക്കും തന്നു… ”
“അല്ലമ്മേ, അച്ചു ആരുടെ കാര്യാ പറഞ്ഞെ… ശ്രീക്കുട്ടൻ ചേട്ടനാണോ … പ്രവീണ സുജാതയോടായ് തിരക്കി… മിഥു ആകാംഷയോടെ കാതോർത്തു.. ”
” ശ്രീക്കുട്ടൻ ചേട്ടൻ തന്നെ… അല്ലാതെ വേറാര് “മായ പറഞ്ഞു
“ആരാ സുജേടത്തി ശ്രീക്കുട്ടൻ…? ”
“അപ്പുറത്തെ ശ്രീനിലയത്തിലെ ദേവന്റെ മോനാ സുഭദ്രേ…”
ദേവൻ എന്ന പേര് കേട്ടപ്പോ സുഭദ്ര ഒന്ന് നടുങ്ങി…
“അവൻ കുറച്ചായി ബാംഗ്ലൂർ ആയിരുന്നു … അതാ നീ അറിയത്തെ … പ്രണവിന്റെ വല്യ കൂട്ടുകാരനാ… എല്ലാത്തിനും അവർ ഒന്നിച്ചാ പണ്ടേ …”
അത് പറഞ്ഞ് സുജാത പോയപ്പോ പ്രവീണ ചിരിക്കാൻ തുടങ്ങി …
“എന്താടി, നിന്റെ ആകാശിനെ ഓർത്തണോ കാര്യായി ചിരിക്കൂന്നേ… ”
” ഒന്ന് പോ ചേച്ചി… അതൊന്നുമല്ല…. ”
“കേട്ടോ സുഭദ്രാമ്മയി, അമ്മ ലാസ്റ്റ് പറഞ്ഞ ഡയലോഗ് ചേച്ചിയെ ഒന്ന് ആക്കി പറഞ്ഞപോലെ തോന്നില്ലേ ”
“അതെന്താ മോളെ… ”
“പിജി സെക്കന്റ് ഇയർ പഠിക്കുമ്പോ അല്ലേ മായേച്ചിയേം അടിച്ചോണ്ട് പ്രണവേട്ടൻ കടന്ന് കളഞ്ഞത്… ഹോ എന്തൊക്കെ പുകിലാർന്നു… അന്ന് അവർക്ക് കട്ട സപ്പോർട്ട് ശ്രീയേട്ടൻ ആരുന്നു… ഇവര് നേരെ ബാംഗ്ലൂർക്കാ വിട്ടത്… ”
മായ ഒരു ചടപ്പോടെ സുഭദ്രയെ നോക്കി… സുഭദ്രക്കും മഞ്ചുനും അത് കണ്ട് ചിരിപൊട്ടി… കഥയൊക്കെ കേട്ട് ചിരിച്ചു നിന്ന മിഥു പെട്ടന്നാണ് ഓർത്തത്..
“അയ്യോ എന്റെ മുല്ലപ്പൂ, അച്ചൂട്ടാ വാ…ഏത് ശ്രീ ‘കുട്ടൻ ‘ ആയാലും പൊട്ടനായാലും ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം ….. എന്ത് ധൈര്യത്തിലാ എന്റെ പൂവ് എടുത്തത് ന്ന് …”
” പ്രണവേട്ടാ …. !!” മിഥു അച്ചുനെയും കൊണ്ട് അവന്റെ അടുത്തേക്ക് ഓടി…
എന്താടി കിടന്ന് തൊള്ള തുറക്കുന്നേ…
“ഏട്ടാ, സത്യം പറ… ആരാ എന്റെ പൂവ് എടുത്തോണ്ട് പോയത്… ”
“ഈശ്വരാ… പണി പാളിയോ… അപ്പോഴേ ഞാൻ അവനോട് പറഞ്ഞതാ, ആ പൂവിൽ തൊടേണ്ട… അത് ഈ കുട്ടി പിശാശിന്റെ ആണെന്ന്…. ശ്രീകുട്ടാ ഈ പണി ഒപ്പിച്ചിട്ട് നീ എവിടെ… ”
മനസ്സിൽ ഓർത്തു കൊണ്ട് പ്രണവ് അവിടെല്ലാം ശ്രീകുട്ടനെ പരതി…
” പ്രണവേട്ടാ… ആരാ ഈ ശ്രീക്കുട്ടൻ… അച്ചു പറഞ്ഞല്ലോ അയാളാണ് ഇവന് ചോക്ലേറ്റ് കൊടുത്ത് പൂവെടുപ്പിച്ചതെന്ന്…. ”
“അത് മോളെ, വിളക്ക് ഡെക്കറേറ്റ് ചെയ്യാൻ പൂവ് ഇല്ലാരുന്നു… ഇത്ര വെളുപ്പിനെ ഇനി ടൗണിൽ പോകണ്ടേ… അപ്പൊ നിന്റെ റൂമിൽ പൂവ് ഇരിക്കുന്നത് ശ്രീക്കുട്ടൻ കണ്ടപ്പോ…. ”
“ആഹാ… ശ്രീക്കുട്ടൻ കണ്ടപ്പോ…. ഏട്ടാ ആ ശ്രീപോട്ടൻ എവിടെന്ന് പറ… ഞാൻ ചോദിക്കാം… ”
“ടി… കുറച്ച് പൂവല്ലേ… ഇനിയിപ്പോ പോട്ടേ… അതില്ലേലും എന്റെ അനിയത്തി കുട്ടി സുന്ദരിയാ… ”
” വോ വേണ്ടാ, ഞാൻ രാവിലെ നന്നായി സോപ്പ് തേച്ചാ കുളിച്ചേ.. ”
“എന്നാ നീ വേഗം ചെല്ല്… ദേ നിന്റെ പൂവാ ആ വിളക്കിൽ ചുറ്റിയിരിക്കുന്നത്… പോയി എടുത്തോ..അവളുടെ ഒരു പൂവും കായും ”
അവൾ വിളക്കിനരികിലേക്ക് നടന്നു….
“ആ വേഗം ചെല്ല്… പ്രണവ് അല്ല മോളെ, ശ്രീറാം… ഈശ്വരാ, രണ്ടിന്റെയും സ്വഭാവം വെച്ച് ഇതൊരു യുദ്ധക്കളം ആകുമോ..? ”
മോനെ അച്ചുകുട്ടാ അച്ഛെടെ മുത്ത് ഇങ്ങ് വന്നേ അച്ഛ ചോദിക്കട്ടെ..…
“അവൻ വാങ്ങി തന്ന ഡയറിമിൽക്കും മുണുങ്ങി, അവനെ തന്നെ ഒറ്റികൊടുത്തിട്ട് ഇളിച്ചോണ്ട് നിക്കുന്ന നോക്ക് …നീ ഒരു സംഭവാ അച്ചു കുട്ടാ …”
“അച്ഛേ, ധോണ്ട് കാൾ മീ അച്ചുകുട്ടൻ, കാൾ മീ അച്വിൻ… ”
“ഓ, ശരി സർ ”
“ഭാഗ്യം, മണ്ഡപത്തിൽ ആരുമില്ല… ശേ, മോശമല്ലേ ചേച്ചീടെ നിശ്ചയത്തിന് വേണ്ടി ഒരുക്കിയതല്ലേ… എന്നാലും എന്നോട് കുറച്ചു ചോദിച്ചിരുന്നെങ്കിൽ കൊടുത്തേനെല്ലോ, ഇത് അനുവാദം ചോദിക്കാതെ എടുത്തതല്ലേ… സാരല്ല, ഒരു വിളക്കിൽ കുറച്ചു പൂവില്ലേലും കുഴപ്പമില്ല… ”
അവൾ പൊട്ടിപ്പോകാതെ പൂവ് പതിയെ വിളക്കിൽ നിന്ന് അടർത്തിയെടുത്ത് തുടങ്ങി… കെട്ട് മുഴുവൻ അഴിച്ചെടുത്തു പോകാൻ ഒരുങ്ങുമ്പോൾ,
“ഡി…..” അതൊരു അലർച്ച ആയിരുന്നു…
“ഈശ്വരാ പെട്ട്…. ” ആ വിളിയിൽ പേട്ടന്നൊന്ന് വിറങ്ങലിച്ചു പോയ അവൾ തിരിഞ്ഞു നോക്കാതെ ഓടാൻ തുനിഞ്ഞു… കാല് വിളക്കിൽ തട്ടി ധാ കിടക്കുന്നു…
“ഇല്ലല്ലോ, താഴെ അല്ലല്ലോ… ”
കണ്ണുതുറന്നപ്പോൾ ഏതോ ഒരു കൈ തന്നെ താങ്ങുന്നുണ്ടെന്ന് അവൾ അറിഞ്ഞു…
അവൻ അവളെ തന്നെ നോക്കുകയാണ്… ആ നോട്ടത്തിൽ അവളുടെ ഹൃദയമിടിപ്പിന് വേഗമേറി…
പിടഞ്ഞുകൊണ്ടവൾ ആ കൈകളിൽനിന്ന് വഴുതിമാറിയപ്പോഴാണ് അവനും സ്ഥലകാലബോധം തിരിച്ചുകിട്ടിയത്…
“ആരോട് ചോദിച്ചിട്ടാടി, ഈ വിളക്കിലെ പൂവ് എടുത്ത് മാറ്റിയത് … ”
അപ്പോഴും അവൾ അവനെ തന്നെ നോക്കി നിന്നതേ ഉള്ളു… എവിടെയോ കണ്ടു മറന്ന മുഖം പോലെ അവൾ അവനെ ഓർത്തെടുക്കാൻ ശ്രമിച്ചു …
“നിനക്കെന്താടി ചെവി കേൾക്കില്ലേ?? ….
“എന്താ …? ”
“ആരോട് ചോദിച്ചിട്ടാ വിളക്കിലെ പൂവ് എടുത്തതെന്ന്?? …
“അത് എന്റെ പൂവാ .. താനാണോ ഈ ശ്രീപോ …അല്ല ശ്രീക്കുട്ടൻ…”
“ആണെങ്കിൽ…? ”
“ഓഹോ … എന്റെ പൂവ് ആ കുഞ്ഞിനെക്കൊണ്ട് അടിച്ചുമാറ്റി ഇവിടെ കെട്ടിത്തൂക്കിയിട്ട്, ഇപ്പൊ എന്നെ ചോദ്യം ചെയ്യുന്നോ …ഇതെന്താ വെള്ളരിക്കാപട്ടണമോ”
“ആ അതേടി വെള്ളരിക്കാപ്പട്ടണം തന്നെ …നീ കൊണ്ടുപോയി കേസ് കൊടുക്ക്….”
“ഡോ… എടി പോടീ എന്നൊക്കെ വിളിക്കാൻ വേറെ ആരെയെങ്കിലും നോക്കിക്കോ …മര്യാദക്ക് എന്റെ പൂവ് താ…”
അവൻ കുറച്ചുകൂടെ അവളുടെ അരികെ വന്ന് അവളുടെ കാതോരം ചേർന്ന് നിന്നു … പെട്ടന്നുള്ള അവന്റെ ആ നീക്കത്തിൽ അവളൊന്ന് ഞെട്ടി…
“ഇന്നലെ ഡെക്കറേറ്റ് ചെയ്യാൻ വാങ്ങി വച്ച പൂവ് അടിച്ചുമാറ്റിയിട്ട് നിന്റെ പൂവെന്നോ….ഞാൻ കണ്ടു നീ അതും കൊണ്ട് ഓടുന്നത്.. കള്ളി… കാട്ടുകള്ളി…”
“ദൈവമേ, ഈ തെണ്ടി എങ്ങനെ കണ്ടു… “ഒരു ആത്മഗതം പറഞ്ഞതാണെങ്കിലും അറിയാതെ ശബ്ദം പുറത്ത് വന്നുപോയി…
അവൾ തിരിച്ചു നടക്കാൻ ഒരുങ്ങിയതും, വീണ്ടും വിളിവന്നു…
“ഡി, മര്യാദക്ക് ആ പൂവ് തിരികെ ചുറ്റി വെച്ചിട്ട് പൊക്കോ… ”
“നീ, പോടാ ശ്രീ പൊട്ടാ… മരമാക്രി… ” അങ്ങനെ വായിൽ തോന്നിയ കുറെ ചീത്ത അവനെ മനസ്സിൽ വിളിച്ചിട്ട് അവൾ വിളക്കിനരികിലേക്ക് നടന്നു… ഒരു നിമിഷം ശ്രീക്കുട്ടൻ അവളെ തന്നെ നോക്കി നിന്നു … അപ്പോഴും അവർ ഇരുവരെയും അസൂയയോടെ നോക്കുന്ന ആ കണ്ണുകളെ ആരും കണ്ടില്ല…….
തുടരും……..

by