19/04/2026

നിലാവ് : ഭാഗം 12

രചന – അരുന്ധതി

‍‍വീട്ടിൽ ചെന്ന ഉടൻ ഭാമ കട്ടിലിലേക്ക് കയറി കിടന്നു. നോക്കുമ്പോൾ അലമാര തുറന്ന് ദേവി ഒരു കവർ പുറത്തെടുത്തു. അതിൽ ഒരു വലിയ പൊതിക്ക് മേലെ എഴുതിയിരിക്കുന്നു.

എന്റെ സ്വന്തം നവീന്,,,
ചേച്ചിയുടെ പിറന്നാളാശംസകൾ…

” ഇതാണോ നീ നാളെ കൊടുക്കുന്നെ അവന്? ”

“അതേടി.
ഒരു കേരള സ്റ്റൈൽ ഷർട്ടും, മുണ്ടും പിന്നെ ഒരു വാച്ചും. അവന് വലിയ ആഗ്രഹമാ ഇങ്ങനെയൊരു ഫാൻസി വാച്ച്‌ . കൂട്ടുകാരൊക്കെ വില കൂടിയ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അവനും ഉണ്ടാവില്ലേ ആഗ്രഹം. അവനായിട്ട് ഒരാഗ്രഹവും എന്നോടിത് വരെ പറഞ്ഞിട്ടില്ല. വലിയ വലിയ ആൾക്കാരുടെ മക്കൾ പഠിക്കുന്ന കോളേജിൽ അവന് എംബിബിസിന് അഡ്മിഷൻ കിട്ടി. അവരിൽ അവൻ ഒരിക്കലും ഒറ്റയാവരുത് എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ ആവശ്യപ്പെടാതെ തന്നെ എല്ലാം ഞാൻ ചെയ്തു കൊടുക്കുന്നത്. ഇത് അവന് ഈ ദിവസം തന്നെ കൊടുക്കണം എന്ന് എന്റെ വലിയ ആഗ്രഹമായിരുന്നു.
നീ ഒന്ന് നോക്കിക്കേ ഭാമേ നല്ലതല്ലേന്ന്?”

“ബെസ്റ്റ്.
നിന്നെക്കാൾ നന്നായി അവന്റെ ഇഷ്ടം എനിക്കറിയുവോ . മാത്രവുമല്ല നീ ഏറ്റവും നല്ലതല്ലേ അവന് വേണ്ടി തിരഞ്ഞെടുക്കൂ. അതുകൊണ്ട് കാണാതെ തന്നെ ഞാൻ പറയും അടിപൊളിയാ ”

ഭാമയെ നോക്കിയൊന്ന് ശെരിക്കും ചിരിച്ച് ദേവി എല്ലാം എടുത്ത് ഭദ്രമായി തിരികെ വെച്ചു.

“ദേവീ, ഡീ എന്താ നിന്റെ നാളത്തെ പ്ലാൻ? എങ്ങോട്ടാ ആദ്യം? ”

“ആദ്യം അവനുമായി അമ്പലത്തിൽ ഒന്ന് പോകണം. പിന്നെ,,, ”

“പിന്നെ,,,? ”

“അതൊക്കെ എന്റെ ഭാമക്കുട്ടി നാളെ അറിഞ്ഞാൽ മതി. നിനക്കും സർപ്രൈസ്. ”

“എന്റെ പൊന്ന് ദേവിക്കുട്ടിയല്ലേ പറയെടി ”

“പൊന്നുമില്ലാ, പവിഴവുമില്ല എന്റെ മോള് കിടന്നുറങ്ങു. ”

…………………..

“ഭാമേ,,, ഡീ,,, ശവമേ എഴുന്നേൽക്കെടി. ഇന്നെങ്കിലും ഒന്ന് താമസിക്കാതെ വാടി ”

പതുക്കെ കോട്ടുവാ ഇട്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു .

“ഡീ ഭാമേ…. ”

മുറിയുടെ വാതിൽക്കൽ നിൽക്കുന്ന ദേവിയുടെ ഭാവം കണ്ടതും ഇപ്പോൾ തന്റെ മണ്ടയിൽ കയ്യിലിരിക്കുന്ന ഗ്ലാസ്‌ വന്ന് വീഴും എന്ന സത്യം ഭാമ തിരിച്ചറിഞ്ഞു. പിന്നൊരു നിമിഷം ചിന്തിക്കാതെ ഭാമ ഓടി ബാത്‌റൂമിൽ കയറിയതും ദേവി ഗ്ലാസ്‌ എറിഞ്ഞതും ഒരുമിച്ചായിരുന്നു.
ഭാഗ്യം വീണില്ല. ഒരു ദീർഘനിശ്വാസത്തോടെ ഭാമ പറഞ്ഞ് കൊണ്ട് പല്ല് തേച്ച് വെളുപ്പിക്കാനുള്ള ശ്രമം തുടങ്ങി.
പിന്നെ വേഗം തന്നെ രണ്ടാളും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയി. ചെന്നപ്പോൾ നവീനെ അവിടെയെങ്ങും കണ്ടില്ല. ”

“അവൻ ഇതുവരെ വന്നില്ലേ ഭാമേ? ”

“നിന്റെ അനിയനായത് കൊണ്ട് ഞാനവനെ പൊക്കിപ്പറയുന്നതല്ല. കൃത്യനിഷ്ഠയുടെ കാര്യത്തിൽ അവൻ നിന്നെക്കാളും മിടുക്കനാ. ആ സ്ഥിതിക്ക് നേരത്തേ എത്തേണ്ടതാണ്. പക്ഷേ,,,,,🤔

“ദേവിയേച്ചീ,,,,, ”

അവര് തിരിഞ്ഞ് നോക്കുമ്പോൾ മരത്തിനു പിന്നിൽ നിന്ന് ഒരാള് മുന്നിലേക്ക് വന്നു.

“ആഹാ. അപ്പോൾ വിചാരിച്ചത് തെറ്റിയില്ല ഇവിടെ പാത്തു നിൽക്കുവായിരുന്നു അല്ലേ. 2വർഷം കൂടി കഴിഞ്ഞാൽ ഡോക്ടർ ആയി. എന്നിട്ടും അവന്റെ കുട്ടിക്കളി മാറിയിട്ടില്ല. ”

എന്ന് പറഞ്ഞ് ദേവി അവന്റെ കാതിൽ പിടിച്ചു തിരിച്ചു.

“ആാാ,,,,
വിട് ദേവിയേച്ചി ഞാൻ ചുമ്മാ പറ്റിച്ചതല്ലേ ”

“മ്മ്മ്മ്മ്മ്,,, ഇന്ന് നല്ലൊരു ദിവസായതു കൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല. ”

“ഹോ നമ്മളെയൊന്നും ശ്രദ്ധിക്കാൻ ഇവിടെ ചിലർക്കൊന്നും സമയമില്ല . ഹാ അല്ലെങ്കിൽ തന്നെ ഡോക്ടർമാർക്ക്.. ”

അത്രയും പറഞ്ഞതും നവീൻ തൊഴുതു നിന്നു.

“എന്റെ പൊന്ന് ഭാമേച്ചിയല്ലേ. പ്ലീസ് ആാാ തിരുവാ തുറക്കരുത്.
പ്ലീസ് എന്നോട് ക്ഷമി. ”

“മ്മ്മ്മ്മ്മ്,,,”

നോം ഒന്നും പറയണില്ല്യ എന്ന് നമ്പൂതിരി സ്റ്റൈലിൽ പറഞ്ഞു.

“മതി രണ്ടും നിർത്ത് നമുക്ക് തൊഴുതിട്ട് വരാം ”

തൊഴുതിറങ്ങി ഭാമ, ദേവിയോട് ഇനി എങ്ങോട്ടാണെന്ന് ചോദിച്ചു.

“വാ അതൊക്കെ പറയാം. ആദ്യം വണ്ടിയെടുക്ക്. ”

ചേച്ചിമാരുമായി ഇന്ന് മുഴുവൻ കറക്കമാണ് എന്നറിയാവുന്നത് കൊണ്ട് ഒരു കൂട്ടുകാരന്റെ കാറും എടുത്താണ് അവൻ വന്നത്…

“എന്താ എന്റെ ദേവിയേച്ചി നേരെ, ഇടത്തോട്ട്, വലത്തോട്ട് എന്നിങ്ങനെയല്ലാതെ എങ്ങോട്ടാ എന്നൊന്ന് പറഞ്ഞൂടെ ”

“പറഞ്ഞാൽ എങ്ങനെയാടാ പൊട്ടാ സർപ്രൈസ് ആകുന്നത്. വെറുതെ ഇവനെ പഠിപ്പിച്ചു. ഇതൊക്കെ ഇനി ഡോക്ടർ ആയി എന്തൊക്കെയാണോ കാണിച്ചു കൂട്ടാൻ പോകുന്നത്. ”

“ഭാമേച്ചി ഇത് കേട്ടോ ”

“കുറച്ച് സമയത്തേക്ക് എനിക്ക് ചെവി കേൾക്കാനും, സംസാരിക്കാനും കഴിയില്ല. പ്രത്യേക തരത്തിൽപ്പെട്ട ഒരസുഖമാണ് ”

“ആയിക്കോട്ടെ അപ്പോൾ എന്നെ പറഞ്ഞാൽ ചോദിക്കാൻ ഇവിടെ ആളില്ല എന്നർത്ഥം ല്ലേ??? ”

“ഇരുന്ന് വാചകമടിക്കാതെ നോക്കി വണ്ടി ഓടിക്കെടാ ”

വണ്ടി നേരെ അവിടുത്തെ ഒരു പള്ളി വക അനാഥാലയത്തിലേക്ക് കയറ്റി.

“വാ ഇറങ്ങാം… ”

“പുറത്തിറങ്ങി മൂന്നുപേരും പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു ”

“അപ്പോൾ പോകുവല്ലേ. ഇനിയെങ്ങോട്ടാ”?

അതേ എന്ന് ദേവി പറഞ്ഞതും ബോബനും മോളിയും പോകുന്നത് പോലെ രണ്ടാളും കാറിനടുത്തേക്ക് നടന്നു.

“അതേ പോകാം എന്ന് പറഞ്ഞത് അങ്ങോട്ടല്ല ദേ ഇങ്ങോട്ട് ”

മുൻപിൽ നടന്ന ദേവിയെ അനുഗമിച്ച്‌ രണ്ടാളും പിന്നാലെ നടന്ന് വന്നു.
ദേവി നേരെ പള്ളിവക അനാഥാലയത്തിലേക്കാണ് പോയത്.

ആദ്യം ചെന്ന ഉടനെ തന്നെ കുട്ടികളും അവിടുത്തെ സിസ്റ്റർമാരും എല്ലാം ഹാളിൽ ഇരുന്നു. അങ്ങോട്ട് ചെന്ന അവരും കുട്ടികളുടെ ഒപ്പം ചെന്നിരുന്നു.
നോക്കുമ്പോൾ അടുത്തുള്ള ടേബിളിൽ കുറേ മധുരപലഹാരങ്ങൾ കൊണ്ട് വെക്കുന്നു.

“ഡീ ദേവീ നോക്കെടി പലഹാരങ്ങളൊക്കെ കൊണ്ട് വെക്കുന്നു. നമുക്കും തരുവോ? ”

“ഓ ഇങ്ങനെയൊരെണ്ണം. കൊച്ച് പിള്ളേര് വരെ വേറെ ശ്രദ്ധയിലാ അപ്പോഴാ അവളുടെ ഒരു കൊതി ”

പെട്ടെന്ന് അതിലൊരു കുട്ടി വന്ന് നവീന്റെ കയ്യിൽ പിടിച്ച് പലഹാരങ്ങൾ വച്ചിരിക്കുന്നിടത്ത് കൊണ്ട് നിർത്തി.

ഇതെടുത്ത് അവർക്ക് കൊടുക്ക് എന്ന് ഒരു സിസ്റ്റർ അവനോടു പറഞ്ഞു. അവൻ എന്നെയൊന്നു തിരിഞ്ഞു നോക്കി. ഞാൻ കണ്ണടച്ച് കാണിച്ചു.
കൊടുക്കുമ്പോൾ എല്ലാ കുട്ടികളും സ്നേഹത്തോടെ അവനെ നോക്കുന്നു, ചിലര് ഉമ്മ കൊടുക്കുന്നു അതൊക്കെ കണ്ട് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
പെട്ടെന്ന് അതിലൊരു കുട്ടിയെഴുന്നേറ്റ് ഒരു കവർ അവന്റെ കയ്യിൽ കൊടുത്ത് ചിരിച്ച് കൊണ്ട് ഓടി വന്നിരുന്നു.
ആ കവർ തുറന്നതും അതിന് മുകളിലെ വാക്കുകൾ കണ്ട് നവീൻ സന്തോഷത്തോടെ ദേവിയെ ഒന്ന് നോക്കി അവളപ്പോഴും കണ്ണ് ചിമ്മി കാണിച്ചു.
പിന്നെ കുറച്ച് സമയം കുട്ടികളും ഞങ്ങളും എല്ലാവരും കൂടി അടിച്ചുപൊളിച്ചു.

“എല്ലാവരും വന്നോളൂ ഭക്ഷണം കഴിക്കാം”

എല്ലാവരോടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നവീന്റെയും ഒപ്പം, ദേവിയുടെയും മിഴികൾ ചെറുതായൊന്ന് നിറഞ്ഞു വന്നു. അത് ആരും കാണാതെ തുടച്ചു മാറ്റി അവര് കഴിച്ചെഴുന്നേറ്റു.

അതിന് ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് അവര് അവിടെ നിന്നിറങ്ങി. തിരികെ വരും വഴി ആരും പരസ്പരം മിണ്ടിയില്ല.

“അതേ ഇങ്ങനെ ഇരിക്കാനാണെങ്കിൽ ഞാൻ ഇടക്കിറങ്ങി പോകും പറഞ്ഞേക്കാം ”

“ഓ പിന്നെ ഇറങ്ങിയിട്ട് നിന്നെ കൊണ്ടാക്കാൻ നിന്റെ കുഞ്ഞമ്മേടെ മോൻ ഇതിലെ വരാമെന്ന് പറഞ്ഞിട്ടുണ്ടോ ”

“നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ എന്റെ ഡ്രൈവിംഗ് തെറ്റണു ”

“ഓഓഓ. ഉത്തരവ് തമ്പുരാനെ. ഒന്ന് പോടാപ്പാ ”
എന്ന് ഭാമ പറഞ്ഞതും നവീൻ നേരെ നോക്കി ഇരുന്നു.

സന്ധ്യ ആകാറായപ്പോൾ അവര് ഫ്ലാറ്റിലെത്തി.

“എങ്കിൽ എന്റെ ചേച്ചിമാര് ഇറങ്ങിക്കോ.”

“എന്താടാ ഇത്ര ധൃതി. കേറിയിട്ട് പോകാം. ”

“അയ്യാ,
നിങ്ങള് വിളിച്ചിട്ട് വേണ്ടേ എനിക്കിങ്ങോട്ട് വരാൻ. ഒന്ന് പോയേ രണ്ടും. എനിക്ക് ഈ വണ്ടി കൊണ്ട് പോയി അവനെ ഏൽപ്പിക്കണം. അവന് എവിടെയോ പോകണം എന്ന് പറയുന്നുണ്ടായിരുന്നു. അതാ . പിന്നെ നാളെ ക്ലാസ്സ്‌ തുടങ്ങുവല്ലേ. ”

“എങ്കിൽ ശെരി. സൂക്ഷിച്ചു പോകണേ. ചെന്നിട്ട് വിളിക്കണേടാ . ”

” ശെരി. ഇത് ഞാൻ എവിടെ പോയാലും ചേച്ചി പറയാറുള്ളതല്ലേ . ഞാൻ മറക്കുവോ”

“മ്മ്മ്മ്മ്മ് ശെരി ചെല്ല് നീ വൈകണ്ട. അത് കഴിഞ്ഞ് വേണ്ടേ ഹോസ്റ്റലിൽ ചെല്ലാൻ. ”

അവൻ പോകുന്നതും നോക്കി രണ്ടാളും കുറച്ച് നേരം നിന്നു. മുറിയിൽ ചെന്ന് രണ്ടാളും ഫ്രഷ് ആയി.
ദേവി കിടക്കാൻ ഷീറ്റ് വിരിക്കുന്നതിനിടയിൽ,

“ഡീ നീ അവനോട് എല്ലാം പറയുന്നില്ലേ. ഇനിയും എന്തിനാ പറയാതിരിക്കുന്നെ? ”

“നിന്നോട് പറഞ്ഞു കഴിഞ്ഞ് അവനോട് പറയണം എന്ന് ഞാൻ തീരുമാനിച്ചിരുന്നതാ. പക്ഷേ ഇന്ന് വേണ്ടന്ന് വെച്ചു. അവന്റെ ജീവിതത്തിലെ നല്ലൊരു ദിവസമായിട്ട് വെറുതെ ഞാനായിട്ട് എന്തിനാ വിഷമിപ്പിക്കുന്നെ എന്ന് കരുതി. ഇനിയിപ്പോൾ ക്ലാസ്സൊക്കെ തുടങ്ങിയില്ലേ അതുകൊണ്ട് കുറച്ചു നാള് കൂടി കഴിയട്ടെ ”

“അതേടി അത് നന്നായി. ”

“മതി മതി തമ്പുരാട്ടി.
പള്ളിയുറക്കത്തിന് കയറിയാട്ടെ അല്ലെങ്കിൽ നാളെയും നിന്നെ ഞാൻ കിടത്തിക്കുളിപ്പിക്കും. ”

“ഹോ ഈ തണുപ്പും പിടിച്ച് രാവിലെ തന്നെയുള്ള കുളി നമുക്ക് പറ്റില്ല്യ ഉണ്ണ്യേ. അതുകൊണ്ട് നോം ഉറങ്ങാൻ പോകുവാണേ…”

തല വഴി പുതപ്പും മൂടി ഭാമ അത് പറയവേ ദേവി അവളെ നോക്കി ചിരിച്ചു കൊണ്ട് ലൈറ്റ് അണച്ച് കിടന്നു.

…………………..

പിറ്റേന്ന് രാവിലെ പതിവ് കലാപരിപാടികൾ ആരംഭിച്ചു,,,

വെള്ളത്തോടെ ഭാമ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി.

……………………..

“ഡീ ഞാനിപ്പോൾ വരാം ഏട്ടനെ ഒന്ന് കാണട്ടെ ”

“ഏട്ടോയ്,,,,”

“ആഹാ വന്നല്ലോ ഏട്ടന്റെ ഭാമക്കുട്ടി ”

“ദാ ഇപ്പോൾ വന്നതേ ഉള്ളു. ഏട്ടനെ കണ്ടിട്ട് രണ്ട് ദിവസമായില്ലേ അതാ വന്ന ഉടനെ ഓടിയിങ്ങ് വന്നത് ”

“ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു ആഘോഷമൊക്കെ അടിച്ചുപൊളിച്ചോ ”

“പിന്നല്ലാതെ,,,, ”

“എന്റെ അളിയനെ എനിക്കൊന്ന് കാണണം ? ”

“അയ്യടാ മോനെ,,,
അളിയനല്ല മച്ചാൻ. പൊക്കോ ഒന്ന് . ആദ്യം അവളൊന്ന് പച്ചക്കൊടി കാണിക്കട്ടെ പൊട്ടാ. എന്നിട്ടിരുന്ന് മനക്കോട്ട കെട്ട്. ”

“ഈ അർജുൻ മഹേശ്വർ മനക്കോട്ടയും കെട്ടും ദേവിയെയും കെട്ടും. ”

“ഉവ്വാ ഉവ്വാ കെട്ടിയാൽ മതി. ”

“ഓ,,,
പോടീ പിശാശ്ശെ നാവിൽ ഗുളികനോ മറ്റോ കയറിയാൽ തീർന്നു. മിണ്ടാതിരിക്കടി അവിടെ. ”

“എന്തോന്ന് ഗുളികയൊ? ”

“ഗുളികയല്ല ഇൻജെക്ഷൻ നിന്നെ ഉറക്കികിടത്താനുള്ള ഇൻജെക്ഷൻ.തരട്ടെ?”

“ദേ ഏട്ടനാണ് എന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം. ”

ആപ്പിൾ മുറിക്കാൻ എടുത്ത് വെച്ചിരുന്ന കത്തിയെടുത്ത് ഭാമ നേരെ നീട്ടിയതും,

“അയ്യോ ഡോണ്ടു, ഡോണ്ടു. ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ ”

“മ്മ്മ്മ്മ്… അന്ത ഭയം ഇറുക്കട്ടും ”

“ഭാമേ,,,,
ഈ നവീൻ എങ്ങനെയാ നിങ്ങളുടെ ജീവിതത്തിൽ വന്നത്? “.

തുടരും,,,