23/04/2026

കാർത്തിക ദീപം : ഭാഗം 20

രചന – സുധീ മുട്ടം

അവളിലൊരു അമ്പരപ്പ് നിറഞ്ഞിരുന്നു…മിഴികളിലൊരു അതുഭുത ഭാവവും…

ഡെറിക് ഒരുപാട് മാറിയിരിക്കുന്നു…അതോ തോന്നലാണോ.. വിശ്വാസം വരാത്തെ പിന്നെയും പിന്നെയും മിഴികളുറപ്പിച്ചു ഡെറിക് തന്നെയെന്ന് തീർച്ചപ്പെടുത്തി…

‘”അതേ ഡെറിക് തന്നെ… ദുഷ്ടനിൽ നിന്നും സാധാരണ മനുഷ്യനിലേക്കുള്ള മാറ്റം..ഇതായിരിക്കണം അയാളുടെ ഐഡന്റിറ്റി…

പുറത്തേക്ക് ദൃഷ്ടികൾ ഉറപ്പിക്കുമ്പോൾ നയനങ്ങൾ പിന്നെയും ഒഴുകി കൊണ്ടിരുന്നു…ഇതുവരെ ഇല്ലാതിരുന്നൊരു രക്ഷകൻ…

പോയ കാലങ്ങൾ പിന്നെയും മനസ്സിലെത്തി…കാർത്തിയേട്ടന്റെ ക്രൂരത മുതൽ അവിടുന്ന് ഈ നിമിഷങ്ങൾ വരെയുള്ള ചിത്രങ്ങൾ… ആർക്ക് വേണ്ടിയോ കണ്ണിൽ നിന്ന് രണ്ടു തുള്ളിയടർന്ന് താഴേക്ക് ചിതറി തെറിച്ചു….

ഏറെ നേരമങ്ങനെ നോക്കി നിന്ന ശേഷം കിടക്കയിലേക്ക് അമർന്നു…കണ്ണുകളിൽ ഉറക്കം വിരുന്നിനെത്തും വരേക്കും മിഴികൾ തുറന്നിരുന്നു…

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ പുതിയൊരു പേരു കൂടിയതിൽ കൂട്ടിച്ചേർത്തു…

“ഡെറിക് ഡേവിഡ്… എന്ന്

പിന്നെയുള്ള രാത്രികളിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നത് പതിവാക്കിയിരുന്നു…ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചിട്ട് അതിലേക്ക് മലർന്നു കിടക്കുന്ന ഡെറിക്ക് കാർത്തികക്കൊരു ആശ്വാസമായിരുന്നു….

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

ഞായറാഴ്ചകളിൽ റീത്താമ്മക്കും ഡേവിഡിനും ഒപ്പം സമയം ചിലവഴിക്കും…പകൽ വെളിച്ചത്തിൽ പിന്നീടൊരിക്കലും ഡെറിയെ കണ്ടുമുട്ടിയട്ടില്ല…

” ഡെറി എവിടേ അമ്മേ…

പതിവില്ലാത്ത ചോദ്യം കേട്ട് റീത്താമ്മ മിഴിച്ചു നോക്കുമ്പോൾ തല താഴ്ത്തി കളഞ്ഞു…പകൽ വെട്ടത്ത് ആളെ കാണാനൊരു മോഹമായിരുന്നത്…

“രാത്രി ബുള്ളറ്റുമായി എവിടേക്കോ പോകുന്നത് കാണാം…വെളുപ്പാൻ കാലത്താകും തിരിച്ച് വരുന്നത്…പിന്നെയൊരു ഉറക്കമാ..ഇപ്പോൾ പഴേതു പോലെ കുടിയൊന്നുമില്ല.ഞങ്ങളോട് സ്നേഹമായിട്ടാ പെരുമാറുന്നത്….

മകന്റെ മാറ്റം അമ്മയുടെ സന്തോഷമായി സ്വരത്തിൽ കലർന്നിരുന്നത് അറിഞ്ഞു..ഒരുപാട് സന്തോഷങ്ങൾ തോന്നിയ നിമിഷങ്ങൾ… പറഞ്ഞില്ല അമ്മയോട് ഡെറിക് രാത്രി മുഴുവനും കാവലാളായി വീട്ടിൽ ഉണ്ടെന്നത്…

ഡെറിയെ കാണണമെന്ന് തോന്നിയ നിമിഷങ്ങളിൽ മുകളിലേക്ക് പടികൾ കയറി… എന്തെങ്കിലുമൊന്ന് സംസാരിക്കണമെന്ന് കരുതിയാണ് ചെന്നതും…ആൾ ഉണർന്നിരിക്കുന്നത് കണ്ടാദ്യം വാതിക്കൽ മടിച്ചു നിന്നു..അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും മടിക്കാതെ അകത്തേക്ക് കയറി… പഴയത് പോലെ വീറും വാശിയുമൊന്നും കാണിച്ചില്ലവൻ…കാരണം അത്രയോറെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയിരുന്നു സാധുവാണെന്ന്…..

” നമ്മുടെ വേണി മോളൊരു പാവം കുട്ടിയാണവൾ….

മമ്മിയുടെ വാക്കുകൾ സദാസമയവും ചെവിക്കുള്ളിൽ മുഴങ്ങിരുന്നു…അതാണ് രാത്രിയിൽ കാവലാളായതും…തന്നെ പോലെ മറ്റാർക്കും ഈ ഗ്രാമവും ഇവിടത്തെ നാട്ടുകാരെയും കൂടുതൽ അറിയില്ല…

“വാടോ….

ഗൗരവം കലർന്നിരുന്നെങ്കിലും സഹതാപവും കരുണയും നിറഞ്ഞിരുന്നാ സ്വരത്തിൽ…തെല്ലും മടിയില്ലാതെ അകത്തേക്ക് കടന്നിരുന്നു…

എന്ത് പറഞ്ഞു തുടങ്ങി സംസാരത്തിനു തുടക്കം ഇടണമെന്നറിയാതെയൊന്നു പരുങ്ങി…ഡെറിക് എഴുന്നേറ്റു ചെന്ന് ഷെല്ഫിൽ നിന്നും ഒരു കുപ്പി എടുത്തു മുന്നിൽ വെച്ചു….

” രണ്ടെണ്ണം അടിക്കണം‌‌. ഇല്ലെങ്കിലൊരു വിറയലാ…

ചിരിയോടെ പറഞ്ഞിട്ട് വായിലേക്ക് കുറച്ചു മദ്യം കമഴ്ത്തി….

“തനിക്ക് എന്നോട് വിരോധം വല്ലതും ഉണ്ടോ….

” എന്തിന്…..

മറുചോദ്യം എറിഞ്ഞ് അവന്റെ മുഖത്ത് മിഴികൾ ഉറപ്പിച്ചപ്പോൾ ചെറിയൊരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു…ഓരോന്നും സംസാരിച്ചു കൂടുതൽ അടുക്കുമ്പോളറിഞ്ഞു മനസ്സിൽ നന്മയുള്ളവരാണെന്ന്….

സംസാരിച്ചു ചിരിയോടെ താഴേക്കിറങ്ങി വരുന്ന ഡെറിയേയും കാർത്തികയേയും കണ്ടു റീത്താമ്മയുടെ മനസ്സ് തണുത്തു…..അച്ഛനും അമ്മക്കും കാർത്തികക്കും ഒപ്പം ഊണ് കഴിക്കുമ്പോൾ അവന്റെ മനസ്സും നിറഞ്ഞിരുന്നു….

🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

ഊണ് കഴിഞ്ഞു വീണ്ടും ഇരുവരും ഡെറിയുടെ റൂമിലൊത്തു കൂടി…

“ഞാൻ ഡെറിയെ കാണാൻ വന്നത് ക്ഷമ കൂടി പറയാനാണ്…അന്ന് തെറ്റിദ്ധരിച്ചതിന്…

” അതിൽ കൂടുതൽ ഞാനും മോശമായി പെരുമാറിയട്ടില്ലേ…അപ്പോൾ പിന്നെ ക്ഷമയുടെ ആവശ്യമില്ലെടോ…

മനസ്സ് തുറന്നു ചിരിച്ചു….ടെൻഷനൊക്കെ അകലുന്നത് അറിഞ്ഞു….

“തനിക്ക് സ്കൂളിൽ ജോയിൻ ചെയ്തു കൂടെ…തന്റെ സ്വപ്നം ആയിരുന്നില്ലേ അത്..

” ആയിരുന്നു… പക്ഷേ.. ഇനി വയ്യ മാഷേ…

“സ്വപ്നങ്ങൾ ആരെങ്കിലും വെച്ചു നീട്ടുമ്പോൾ അതൊരിക്കലും തട്ടിക്കളരുതെടോ…

അവന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞിരുന്നു…

“ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഡോകടർ ആവുകയെന്നത്…പക്ഷേ ഉഴപ്പിക്കളഞ്ഞു….

” അതിനെന്താ ഇനിയും പഠിക്കാമല്ലോ…

“ഈ വയസ്സാൻ കാലത്തോ….

ഉറക്കെയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി….

” പഠിക്കുന്നതിനു പ്രായമൊരു തടസ്സമല്ല….

“ഇനിയൊട്ടും താല്പര്യമില്ല…

“OK.. അതുപോട്ടെ… ഇരുന്ന് സമയം പോയി.. ഞാനിറങ്ങുവാ…..

ചിരിയോടെ പരസ്പരം കൈ കൊടുത്തു പിന്തിരിഞ്ഞു.. വാതിലിനു അടുത്ത് എത്തിയതും കാർത്തിക തിരിഞ്ഞ് നിന്നു…

” ഇന്ന് കുറച്ചു നേരത്തേ വരണേ…

അവനെ നോക്കി പുഞ്ചിരിയോടെ പറയുമ്പോൾ അവൻ ചമ്മുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല….

“അന്നത്തെ രാത്രിൽ എന്നെ കണ്ടു കാണുമെന്ന് ഞാൻ നേരത്തെ ഊഹിച്ചു….

” ഓഹോ… അതുശരി….

യാത്ര പറഞ്ഞു ഇറങ്ങി നടക്കുമ്പോൾ അവളറിഞ്ഞു മനസ്സ് നന്നായി തണുത്തെന്ന്….കൂടെ നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നതും ഒരു ആശ്വാസം ആയിരുന്നു…..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… ഡെറിയും കാർത്തികയും നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു…

ഡെറിയുടെ സ്നേഹപൂർണ്ണമായ ക്ഷണത്തിലൂടെ കാർത്തിക സ്കൂളിൽ ടീച്ചറായി കയറി… അവൾക്കായി ഹോട്ടലിന്റെ നടത്തിപ്പ് അവനേറ്റെടുത്തു….

“വാടോ ഞാൻ കൊണ്ട് വിടാം…

സ്കൂളിലെ ആദ്യത്തെ ദിവസം കഴിഞ്ഞു ഡെറിക് ബുള്ളറ്റുമായി കാർത്തികക്ക് അരികിലെത്തി…

” ഞാൻ നടന്നു പൊയ്ക്കൊള്ളാം ഡെറി….

നിരസ്സിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിൽ അവൾ ബുള്ളറ്റിനു പിന്നിൽ കയറി… ബുള്ളറ്റ് മുന്നോട്ട് പോകവേ കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു….

ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്,സ്വപ്നങ്ങൾ കണ്ടിട്ടുണ്ട് കാർത്തിയേട്ടന്റെ ബൈക്കിനു പിന്നിൽ കയറി ഇങ്ങനെ യാത്ര ചെയ്യാനായി…മോഹങ്ങൾ പറയുമ്പോൾ പരിഹാസവും അവഗണനയുമായിരുന്നു…..

ബുള്ളറ്റ് വീടിനു അടുത്ത് എത്തിയതും കാർത്തിക ഇറങ്ങി…..

“ഡെറീ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തര്യൊ…..

” എന്റെ നല്ല സുഹൃത്തിനൊരു ആഗ്രഹം സാധിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്തിന് സുഹൃത്ത് ആയിട്ടിരിക്കണം….

“എന്റെ കൂടെ എന്റെ നാട്ടിലേക്കൊന്ന് വരാമോ….അമ്മായിയേയും അമ്മാവനേയും ഒന്നു കാണണമെന്നുണ്ട്….

” അതിനെന്താ വരുന്ന ഞായറാഴ്ച തന്നെ നമുക്ക് പോയേക്കാം…

യാത്രയും പറഞ്ഞു ഡെറിക് ബുള്ളറ്റ് മുമ്പോട്ട് എടുത്തു…അകന്നു പോകുന്ന ബുള്ളറ്റിനെയും നോക്കിയങ്ങനെ നിന്നു….

കുറച്ചു ദിവസങ്ങളായി ചിന്തിക്കുന്നതാണ് നാട്ടിലേക്കൊന്നു പോകാനായി…ഇതുവരെ അതിനുള്ള ധൈര്യം ഇല്ലായിരുന്നു… അമ്മാവനേയും അമ്മായിയേയും കാണണമെന്നൊരു മോഹം…ചെല്ലുമ്പോൾ കാർത്തിയേട്ടൻ ഉണ്ടാകും..അയാളെ ഭയക്കാതെ അവിടെ ചെല്ലണമെങ്കിൽ കരുത്തനായൊരാൾ കൂടെയുണ്ടാകണം…തന്നെ അത്രയേറെ മനസ്സിലാക്കിയ ആൾ തന്നെ കൂടെയുണ്ടാകുന്നതാണ് നല്ലത്…

അത് മാത്രമല്ല തന്നെ തഴഞ്ഞ കാർത്തിയേട്ടനു മുന്നിലേക്ക് ഡെറിക്കിനൊപ്പം ബുള്ളറ്റിൽ പിന്നിലായി തന്നെ അയാൾ കാണുകയും വേണം….

“ഇതൊരു മധുരതരമായൊരു പക പോക്കൽ കൂടിയാണ്……

” പക അത് വീട്ടാനുള്ളതാണ്….പ്രതികാരം ചെയ്തു തീർക്കാനും…

കാർത്തികയിലൊരു ചെറു പുഞ്ചിരി വിടർന്നു….

{തുടരും)