രചന – നന്ദിത ദാസ്
“കോളേജിൽ തുടങ്ങിയ പരിചയമായിരുന്നു ഞാനും നവീനും തമ്മിൽ.. ഒരേ ക്ലാസ്സിൽ നല്ല സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം ഒടുവിൽ പ്രണയത്തിൽ അവസാനിച്ചു.. ഒഴിഞ്ഞു മാറാൻ ഒരുപാട് ഞാൻ ശ്രമിച്ചതാണ്… അപ്പോൾ എല്ലാം ഭ്രാന്തമായ ആവേശത്തോടെ എന്നെ സ്വന്തമാക്കിയേ തീരു എന്ന ഒറ്റ വാശിയിൽ ആയിരുന്നു ” നവി “. ഒരു യാഥാസ്ഥിതിക ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ഞാൻ അന്യ മതത്തിൽ പെട്ട ചെക്കനുമായി ഇഷ്ടത്തിലായിന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പ്രശ്നങ്ങൾ മല പോലെ വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.. അതിനേക്കാൾ ഏറെ എന്തിനും ഏതിനും കൂട്ടുകാരനെപോലെ കൂടെ നിൽക്കുന്ന എന്റെ പപ്പയുടെ മുഖമാരുന്നു മനസ്സ് നിറയെ… ആ മനസ്സ് സങ്കടപ്പെടുത്തണമെന്നു ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാരുന്നു.. പക്ഷേ നവി യുടെ സ്നേഹം അതികകാലം കണ്ടില്ലെന്നു നടിക്കാനും കഴിഞ്ഞില്ല.. വല്ലാത്ത ഒരു മനസികാവസ്ഥയിലാണ് കോളജിലെ അവസാനത്ത ദിനം അവിടെ നിന്നും പടിയിറങ്ങിയത്.. എന്നിലെ ഒരു ചെറിയ മാറ്റം പോലും മനസിലാക്കിയിരുന്ന പപ്പ ഒരിക്കൽ ഒരു മുഖവുരയും കൂടാതെ കാര്യമന്വേഷിച്ചു..
“എന്തുപറ്റി മോളെ.. കുറച്ചു ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. എന്നോട് പറയാൻ പാടില്ലാത്ത എന്താ നിന്റെ മനസിനുള്ളിൽ.. ” മനസിൽ ഉണ്ടായിരുന്ന കാര്യമെല്ലാം അതുപോലെ തന്നെ പപ്പയോടു തുറന്നു പറഞ്ഞു… പക്ഷേ പപ്പയുടെ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. “അതൊക്കെ ഈ പ്രായത്തിൽ തോന്നാവുന്നതാ വാവേ … ( പപ്പക്കും അമ്മയ്ക്കും ഞാൻ വാവ ആണ്.. അവരെന്നെ അങ്ങനെ ആണ് വിളിക്കാറ് ) ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. എന്റെ മോൾക്ക് അവനെ അത്രക്കു ഇഷ്ടം ആണെങ്കിൽ…ആ ഇഷ്ടം അവനും അതുപോലെ ഉണ്ടേൽ അവൻ ഒരു ജോലിയൊക്കെ വാങ്ങി വീട്ടുകാരുമായി ഇവിടെ വന്നോളാൻ പറയൂ.. ഞാൻ നടത്തി തരും.. വേറെ ആരുടേയും അഭിപ്രായം പപ്പ നോക്കില്ല.. എന്റെ മോളുടെ ഇഷ്ടമാണ് എനിക്ക് വലുത്.. ജീവിതം നിന്റെയാണ്.. ജാതിയും മതവുമല്ല മനുഷ്യത്വമാണ് വേണ്ടത്.. ഞാൻ അനുഭവിച്ച വേദന എന്റെ മക്കൾ അനുഭവിക്കാൻ പാടില്ല.. എനിക്ക് മനസിലാകും നിങ്ങളെ.. ” അമ്മ എതിർത്തു എന്തോ പറയാൻ തുടങ്ങിയപ്പോൾ പപ്പ വേണ്ടാന്ന് ആംഗ്യം കാണിച്ചു..
പിന്നെ അമ്മ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിലും അത് അങ്ങനെ ആണ്.. പപ്പയെ എതിർത്തു ഒരു വാക്കുപോലും അമ്മ ഇതുവരെ പറഞ്ഞിട്ടില്ല.. അതുപോലെ തിരിച്ചും ഒരു വാക്കുകൊണ്ട് പോലും പപ്പ അമ്മയെ നോവിക്കുന്നതു ഞാനും ചേച്ചിയും കണ്ടിട്ടില്ല.. എയർഫോഴ്‌സിൽ ആയിരുന്നു പപ്പക്ക് ജോലി… ആദ്യനാളുകളിൽ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു ആയിരുന്നു ജോലി.. അവിടെ വെച്ച് ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയുമായി ഇഷ്ടത്തിലായി.. വിവാഹം കഴിക്കാൻ വരെ തീരുമാനിച്ചു.. നാട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകുമെന്ന് കരുതി അവളുടെ ആചാരപ്രകാരം വിവാഹം കഴിക്കാൻ ആയിരുന്നു പ്ലാൻ.. പക്ഷേ നാട്ടിൽ എങ്ങനെയോ വല്യപ്പച്ചൻ വിവരം അറിഞ്ഞു.. ഒരു വല്ലാത്ത കണിശക്കാരനാരുന്നു അപ്പച്ചൻ.. അമ്മച്ചിക്ക് സുഖം ഇല്ലാന്ന് ടെലിഗ്രാം അടിപ്പിച്ചു പപ്പയെ നാട്ടിൽ വരുത്തി..
പിന്നെ ഒരിക്കലും ജോലി സ്ഥലത്തേക്കു തിരിച്ചു പോകാതിരിക്കാൻ പപ്പയെ കൊണ്ട് അമ്മയെ വിവാഹവും കഴിപ്പിച്ചു.. നിസ്സഹായനായി പോയ പപ്പായുടെ അവസ്ഥയെക്കുറിച്ചു അമ്മ എപ്പോളും ഞങ്ങളോട് പറയുമായിരുന്നു.. പപ്പ സ്നേഹിച്ച ആ പെൺകുട്ടിയുടെ പേരായിരുന്നു ദിൽന.. അതാണ് എനിക്ക് ആ പേരിട്ടത്.. പരസ്പരം തുറന്നു സംസാരിച്ചു എല്ലാം മറന്നു പപ്പയും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നത് കാണുബോൾ പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.. കാരണം ആ പെൺകുട്ടിയെ പപ്പ എത്രത്തോളം സ്നേഹിച്ചിരുന്നുന്നു അമ്മക്ക് നന്നായി അറിയാരുന്നു.. ഒരു നല്ല പാതി ആകാൻ എന്റെ അമ്മക്ക് കഴിഞ്ഞതുകൊണ്ടാണ് പപ്പ ഇന്നും സന്തോഷത്തോടെ ഇരിക്കുന്നത്.. എനിക്കും ചേച്ചിക്കും കിട്ടിയ പുണ്യമാരുന്നു അവർ രണ്ടുപേരും.. വിവരങ്ങൾ നവീനെ അറിയിച്ചപ്പോൾ അവനു സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു… അവന്റെ വീട്ടുകാർക്കും വല്യ എതിർപ്പ് ഉണ്ടായിരുന്നില്ല..
പല കോലാഹലങ്ങളും പ്രതീക്ഷിച്ചെങ്കിലും അതൊന്നും നടന്നില്ല… എല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു…പിന്നീട് അങ്ങോട്ട് ഒരു ജോലി നേടാനുള്ള വാശിയാരുന്നു നവീന്… കാനഡയിൽ പോകണമെന്നായിരുന്നു അവന്റെ ഏറ്റവും വല്യ ആഗ്രഹം.. ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടിയെങ്കിലും അവസാനം നവി ടെ ആഗ്രഹം പോലെ കാനഡയിൽ പോകാനുള്ള ജോബ് വിസ റെഡി ആയി.. അവിടെ ക്യാതെർസിസ് എന്ന വമ്പൻ കമ്പനിയിൽ അവൻ ആഗ്രഹിച്ചതിനേക്കാൾ ഉയർന്ന പൊസിഷനിൽ ജോബ് റെഡി ആയി.. അധികം വൈകാതെ തന്നെ നവീൻ ക്യാനഡയിലേക്കു പറന്നു.. പരസ്പരം കാണാൻ കഴിഞ്ഞില്ലെങ്കിക്കും വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും തന്നെ ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി.. ഞാൻ വീണ്ടും തുടർപഠനത്തിന് ചേർന്നു.. പല രാത്രികളെയും പകലാക്കി ഞങ്ങൾ ഫോൺ സംഭാഷണങ്ങൾ തുടർന്നു… വർഷങ്ങൾ പലതും കടന്നുപോയി..
ഈ അടുത്ത രണ്ട് മാസമായിട്ട് വിളി കുറഞ്ഞു.. ചോദിച്ചപ്പോൾ ഓഫീസിൽ തിരക്കാണെന്നു മറുപടി… പിന്നീട് വിളിക്കാതെ ആയി.. നവീന്റെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെയും വിളിക്കില്ല.. തിരക്കായതുകൊണ്ടാണെന്നും കാനഡയിൽ എന്തോ നെറ്റ് ബാൻ ചെയ്തെന്നോ മറ്റോ ആണ് പറഞ്ഞത്.. എനിക്കും നവീനും മ്യൂച്ചൽ ആയിട്ടുള്ള ഒരു ഫ്രണ്ട് ഉണ്ട് നയന… കഴിഞ്ഞദിവസം വന്ന അവളുടെ ഫോൺ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു… “ടീ.. നവീൻ നാട്ടിൽ വന്നിട്ടുണ്ട്.. നീ അറിഞ്ഞില്ലേ?? ” “ഇല്ലെടി.. കള്ളം പറയല്ല്.. ഏപ്രിൽ ഫൂൾ കഴിഞ്ഞല്ലോ.. ആളെ പറ്റിക്കല്ലേ.. ” “സത്യം ആണെടി.. .. ഞാൻ ഇന്ന് അവനെ കണ്ടു… പിന്നെ വേറെ ഒരു വിവരം കൂടി ഞാൻ അറിഞ്ഞു..അത് പറയാനാ നിന്നെ വിളിച്ചത്.. നീ വിഷമിക്കരുത്.. ” “ആളെ വട്ടാക്കാതെ നീ കാര്യം പറ നയനാ…” “ടീ.. അത്.. നാളെ നവീന്റെ വിവാഹം ആണെന്ന് ഞാൻ അറിഞ്ഞു.. ഗീതം ഓഡിറ്റോറിയത്തിൽ വെച്ച്.. നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.. പോകുകേയും വേണ്ടാ.. ” “എന്തൊക്കെയാ നീ പറയുന്നേ.. ഈ 6 വർഷം ഞാൻ കാത്തിരുന്നതോ? കാത്തിരിക്കണമെന്നു എന്നോട് പറഞ്ഞതോ? ഞാൻ എന്ത് തെറ്റാ ചെയ്തത്? എന്നെ ഒഴിവാക്കാൻ മാത്രം എന്ത് കുറ്റമാ ഞാൻ ചെയ്തത്? ” “കൂൾ ദിൽന.. നീ എന്തായാലും പപ്പയെ വിട്ടൊന്നു അന്വേഷിപ്പിക്കു..
എന്തായാലും അവൻ നാട്ടിൽ എത്തിയിട്ടുണ്ട്.. ഞാൻ ഫോൺ വെക്കുവാ… ബൈ ” എന്തൊക്കെയാ മാതാവേ ഞാൻ ഈ കേൾക്കുന്നേ… അവന് എന്നോട് അങ്ങനെ ചെയ്യാൻ പറ്റുവോ? അവനുവേണ്ടിയല്ലേ ഞാൻ കാത്തിരുന്നത്.. വേണ്ടാത്ത മോഹങ്ങൾ എല്ലാം തന്നത് അവൻ ആയിരുന്നില്ലേ… എന്നിട്ടും??? വിവരങ്ങൾ അന്വേഷിക്കാൻ പോയ പപ്പ തിരികെ വന്നതും ഞാൻ ഓടി അടുത്തേക്ക് ചെന്നു.. “എന്തായി പപ്പ.. നവീൻ നാട്ടിൽ എത്തിയോ? ” “കേട്ടതൊക്കെ ശരിയാണ് മോളെ.. അവര് നമ്മളോട് വിശ്വാസ വഞ്ചന കാട്ടി.. എന്റെ കുഞ്ഞിനെ പറഞ്ഞു ചതിക്കുവാരുന്നു അവൻ.. ” ഹൃദയം നിലച്ചു പോയെങ്കിലെന്നു ഞാൻ ആഗ്രഹിച്ചു.. അത്രക്കു ശക്തിയിൽ ഹൃദയം പട പടാന്നു ഇടിക്കുന്നുണ്ടാരുന്നു.. ഹൃദയത്തിലേറ്റിക്കൊണ്ടു നടന്നതല്ലേ ഞാൻ അവനെ.. എന്ന് മുതൽക്ക് ആണ് ഞാൻ അവന് ആരും അല്ലാത്തവളായി മാറിയത്.. മാറി തരാൻ ഒരു വാക്ക് പറഞ്ഞിരുന്നേൽ ഒഴിഞ്ഞു പോകില്ലാരുന്നോ ഞാൻ… നിന്നിടത്തുനിന്നും അനങ്ങാനാവാതെ തരിച്ചു നിൽക്കുന്ന എന്നെ ചേർത്ത് നിർത്തി പപ്പ പറഞ്ഞു..
“എന്താ മോളെ ഞാൻ ചെയ്യുക.. അവിടെ പോയി അവരുടെ കാല് പിടിക്കണോ.. എന്റെ കുഞ്ഞിനുവേണ്ടി അതും ഞാൻ ചെയ്യും ” “വേണ്ടാ പപ്പ… നാളെ പുതിയ ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുന്ന മറ്റൊരു പെൺകുട്ടി ഉണ്ട്.. അവളുടെ ശാപം എനിക്ക് വേണ്ടാ.. എല്ലാം മറക്കാൻ മാതാവ് എനിക്ക് ബലം തരും.. പിന്നെ എന്തിനും ഏതിനും എന്റെ കൂടെ നിൽക്കാൻ ഈ അപ്പൻ ഉള്ളപ്പോൾ എന്നെ വേണ്ടാത്തവരുടെ പുറകെ ഞാൻ എന്തിനാ പോകുന്നത്.. പക്ഷേ നാളെ എനിക്ക് ആ കല്യാണത്തിൽ പങ്കെടുക്കണം പപ്പേ… എങ്കിലേ എന്റെ മനസ്സിന്നു പൂർണമായി അവനെ പറിച്ചു കളയാൻ പറ്റുള്ളൂ.. ” “അത് വേണോ മോളെ.. പോകണോ? ” “വേണം പപ്പേ… ഞാൻ.. ഞാൻ ഒറ്റക്കു പോയിക്കോളാം.. പപ്പ വരണ്ട…പേടിക്കണ്ട ഞാൻ ഒരു പ്രോബ്ലം ഉണ്ടാക്കില്ല.. വാക്ക് ” “മ്മ്.. ഞാൻ തടയില്ല.. ” പപ്പയുടെ മുന്നിൽ അത്രയും നേരം എങ്ങനെ പിടിച്ചു നിന്നുന്നു എനിക്ക് അറിയില്ല.. ഒന്നുറക്കെ പൊട്ടിക്കരയാൻ പോലും ആകാതെ ഞാൻ തലയിണയിൽ മുഖമമർത്തി നേരം വെളുക്കുവോളം കരഞ്ഞു..
തളർന്ന മനസ്സോടെ അല്ല ദൃഢമായ മനസ്സോടെ തന്നെയാണ് പിറ്റേന്ന് ഞാൻ അവന്റെ കല്യാണത്തിന് പോകാൻ റെഡി ആയത്.. നവീന് ഏറ്റവും ഇഷ്ടം ഉള്ള നേവി ബ്ലൂ സാരിയിൽ പതിവിലും സുന്ദരിയായി ഞാൻ അണിഞ്ഞൊരുങ്ങി.. പപ്പക്കും അമ്മയ്ക്കും മുഖം കൊടുക്കാതെ പോയിട്ട് വരാമെന്നു വാക്ക് കൊടുത്തു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.. ഓഡിറ്റോറിയത്തിനോട് അടുക്കും തോറും ഒരു വല്ലാത്ത തളർച്ച എന്റെ കാലുകളിലൂടെ കയറി… ശരീരമാകെ വിറകൊള്ളുന്ന പോലെ… എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കും മുൻപേ ആരോ എന്നെ കയറി പിടിച്ചു.. ( തുടരും )

by