19/04/2026

ഭാഗ്യജാതകം : ഭാഗം 25

രചന – അയിഷ അക്ബർ

മോനെ ആദീ….. നാളെ ചെറുക്കനും കൂട്ടരും നീതു മോളേ കാണാൻ വരുന്നുണ്ട്…. നിങ്ങൾ രണ്ട് പേരും നേരത്തെ തന്നെ ഇവിടെയുണ്ടാവണം…… ശങ്കരൻ അതും പറഞ്ഞു ഫോൺ വെക്കുമ്പോൾ ആദിയൊരു നിമിഷം ഒന്ന് ചിന്തിച്ചു നിന്നു… നാളെ നീതുവിന്റെ പെണ്ണ് കാണാലാണത്രേ അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് നിന്റച്ഛൻ വിളിച്ചിരുന്നു…… ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്ന ശേഷമാണ് ശിവയോട് ആദിയത് പറഞ്ഞത്….. മ്മ്മ്……അവളൊന്നു മൂളുക മാത്രം ചെയ്തു…. ഞാൻ വരണോ…… അവന്റെ ചോദ്യത്തിൽ എന്തൊക്കെയോ പ്രയാസം അവളറിയുന്നുണ്ടായിരുന്നു…. എന്തേയ്….. പഴയ കാമുകിയുടെ പുതിയ ഭർത്താവിനെ കാണാനുള്ള വിഷമം കൊണ്ടാണോ…. ശിവ കനത്തിലത് ചോദിച്ച് നിർത്തുമ്പോൾ ആദിക്ക് ദേഷ്യം വന്നിരുന്നു…. ഏത് നേരത്താണാവോ ഇവളോടൊക്കെ പറയാൻ തോന്നിയത്…… ഈ പെൺ വർഗമേ ഇങ്ങനെ തന്നെ…… ആദിയുടെ പിറുപിറുക്കൽ ശിവക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു…

എന്താണ് പെൺ വർഗ്ഗത്തിനെ മൊത്തത്തിലൊരു ആക്ഷേപിക്കൽ….. ഒരു ജീവന് ജന്മം നൽകാൻ ദൈവം നിയോഗിച്ചയച്ച മാലാഖമാരാണവർ…… അയ്യോ…. ഞാനൊന്നും പറഞ്ഞില്ലേയ്…… ഞാൻ നിന്നോട് പറഞ്ഞതല്ലേ നീതുവിന്റെ കല്യാണം എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യാവശ്യമുള്ള ഒന്നാണെന്ന്…….. എന്നാലും പിന്നേം പിന്നേം ഓരോന്ന് പറഞ്ഞ് ചൊറിഞ്ഞോണ്ടിരിക്കും…. ആദി ദേഷ്യത്തോടെ അത് പറയുമ്പോൾ ശിവക്ക് ചിരി പൊട്ടി തുടങ്ങിയിരുന്നു…. പിന്നെന്തിനാ വരുന്നില്ലായെന്ന് പറഞ്ഞത്….. അവളുടെ ചോദ്യം കേട്ടെങ്കിലും അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല…… എന്നെ കാണുമ്പോൾ വീണ്ടും അവളുടെ കണ്ണുകളിൽ ആ ദുഃഖം സ്ഥാനം പിടിക്കും….. അത് ഞാൻ കാരണമാണെന്നോർക്കുമ്പോൾ എന്റെ മനസ്സിലും ഒരു നോവ് നിറയും…… അവന്റെ വാക്കുകളിലെ ദുഖത്തിന്റെ നിഴൽ ആ ഇരുട്ടിൽ മുഖം കാണാതെ തന്നെ ശിവക്ക് വ്യക്തമായിരുന്നു….. തനിച് പോവാനാണെങ്കിൽ ഞാനുമില്ല…. അച്ഛനോടെന്തെങ്കിലും പറഞ്ഞോഴിയാം…. അവളുടെ വാക്കുകളിൽ അവന് വല്ലാത്തൊരു സന്തോഷം തോന്നി…. തന്നെ അവൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതാണെന്ന് അവൻ സ്വയം മനസ്സിനെ ധരിപ്പിച്ചു….. അവന്റെ ചുണ്ടിൽ ഒരു ചിരിയൂറി….. അങ്ങനെ ആവാനും ആകാതിരിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിൽ നിന്നാരോ അപ്പോഴും പറഞ്ഞ് കൊണ്ടിരുന്നു……

ആദീ……. ഓഫീസിലെന്താ നിനക്കിത്ര തിരക്ക്….. രഘുവിന്റേതായിരുന്നു ഗൗരവമേറിയ ശബ്ദം….. ഒന്നുമില്ല….. എന്താ അച്ഛാ…. ശങ്കരൻ വിളിച്ചിരുന്നു….. നീതുവിന്റെ പെണ്ണ് കാണലിനു എത്താൻ പറ്റില്ലെന്നും ഓഫീസിൽ വലിയ തിരക്കിലാണെന്നും നീ പറഞ്ഞിരുന്നോ…. ഞാൻ പൊയ്ക്കോളാം അച്ഛാ…… വീണ്ടും വലിയൊരു സംഭാഷണങ്ങൾക്ക് താല്പര്യമില്ലെന്ന മട്ടിൽ അത്രയും പറഞ്ഞ് ആദി അവിടെ നിന്നും പോയി…. 🔹🔹 റെഡി ആയിക്കോ….. നിന്റെ വീട്ടിലേക്ക് പോവാൻ… അടുക്കള പുറത്ത് നിന്ന് കയറി വരുകയായിരുന്ന അവളോടായി ആദിയത് പറയുമ്പോൾ അവളവനെ സംശയത്തോടെ നോക്കി… പോകുന്നില്ലാന്ന് പറഞ്ഞിട്ട്…. നിന്റച്ഛൻ എന്റച്ഛനെ വിളിച്ചു കാര്യങ്ങൾക്കൊക്കെ തീരുമാനമാക്കിയിരിക്കുന്നു….. ഇനിയും പോകാതിരുന്നാൽ ശെരിയാവില്ല….. പോയി വരാം…. ശിവ മാറ്റി ക്കഴിഞ്ഞു ഉമ്മറത്തേക്ക് വരുമ്പോൾ അവിടെ രഘുവും ആദിയും ജാനകിയും ഇരിക്കുന്നുണ്ടായിരുന്നു…. ഇളം നീല നിറത്തിലുള്ള സാരി ചുറ്റി വന്ന അവളുടെ കഴുത്തിൽ താലി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നത് ജാനകി ശ്രദ്ധിച്ചിരുന്നു…..

സ്വർണങ്ങളൊക്കെ എന്തിനാ പൂട്ടി വെച്ചിരിക്കുന്നത്….. എടുത്തണിഞ്ഞു കൂടെ…. ആദിയുടെ മുഖത്ത് നോക്കിയാണ് ജാനകിയത് ചോദിച്ചതെങ്കിലും ശിവയോടാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു….. അത് ശെരിയാ മോളേ…. വേറെ വീട്ടിൽ നിന്ന് ആളുകളൊക്കെ വരുന്നതല്ലേ……. അത്യാവശ്യം ആഭരങ്ങളൊക്കെ ഇട്ട് കാണുന്നതൊരു ഭംഗിയല്ലേ…. ജാനകിയുടെ വാക്കുകളോട് രഘുവും കൂടി…… അവൾ ആദിയുടെ മുഖത്തേക്ക് നോക്കി…. പോയി ഇട്ട് വാ എന്ന തരത്തിൽ അവൻ പുരികം പൊക്കി കാണിച്ചു….. അവൾ ആഭരണപ്പെട്ടി തുറന്ന് വലിയ ഒരു മാലയും കുറച്ചു വളകളുമൊക്കെ ഇട്ട് വന്നു…… നേരം വൈകിയോ എന്ന വെപ്രാളത്തിൽ അവർ വീട്ട് പടിക്കലെത്തുമ്പോഴും ചെക്കനും കൂട്ടരും എത്തിയിട്ടില്ലായിരുന്നു…… ലക്ഷ്മി രണ്ടു പേരെയും സ്വീകരിച്ചിരുത്തുമ്പോൾ നീതുവിന്റെ കല്യാണം എന്ന നിലക്കായിരിക്കാം വല്ലാത്തൊരു സന്തോഷം അവരുടെ മുഖത്ത് നിറഞ്ഞു നിന്നത്……. ആദിക്കവരോട് നീരസം തോന്നിയിരുന്നു….. ഓരോ നിമിഷം അവരെ കാണുമ്പോഴും അന്നത്തെ ആ രംഗം കണ്മുന്നിൽ കാണുന്നത് പോലെ തോന്നിയിരുന്നു…..

. ആഭരണങ്ങളൊക്കെ ഇട്ട് വന്ന ശിവയെ ലക്ഷ്മി അടിമുടിയൊന്ന് നോക്കി…. പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു…. അതൊന്നും കണ്ടില്ലെന്ന മട്ടിൽ ശിവ നിന്നു….. ചുവന്ന സാരി ചുറ്റി കണ്ണെഴുതി പൊട്ടു തൊട്ട് വന്ന നീതുവിലേക്കായി എല്ലാവരുടെയും ശ്രദ്ധ… വളരേ മനോഹരിയായിരുന്നവൾ… എല്ലാവരും അവളെ തന്നെ നോക്കി നിൽക്കെ ശിവ പതിയേ ആദിയുടെ മുഖത്തേക്ക് നോക്കി… ആ നിമിഷം ആദി നീതുവിൽ നിന്നും കണ്ണുകളെടുക്കുന്ന തിരക്കിലായിരുന്നു….. തന്നെ തന്നെ ഉറ്റു നോക്കുന്ന മിഴികളെ ആദിയറിഞ്ഞതും അവൻ ശിവയിലേക്ക് നോക്കി… അവളുടെ മുഖം വലിഞ്ഞു മുറുകിയത് കണ്ടതും ആദിക്ക് ചിരി വന്നു…… മുഖത്ത് വന്ന ചിരി മറക്കാൻ ആദി കഷ്ടപെട്ടെങ്കിലും അത് പരാചയപ്പെട്ടിരുന്നു….. ശിവയും ആദിയും മിഴികളാൽ പരസ്പരം സംസാരിക്കുന്നത് നീതു കാണുന്നുണ്ടായിരുന്നു…. അവൾ ദേഷ്യപ്പെട്ടു അകത്തേക്ക് പോയി…… ലക്ഷ്മി…. അവര് വന്നു…. മുറ്റത്തു വന്ന വണ്ടിയുടെ ശബ്ദം കേട്ടതും ശങ്കരൻ പുറത്തെക്കിറങ്ങി…..കൂടെ ആദിയും…… ഷർട്ട്‌ പാന്റിനുള്ളിലേക്ക് ഇൻ ചെയ്ത് വെച്ചിരുന്നു… മീശ വെട്ടിയൊതുക്കിയ ആ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു…..

അച്ഛനാണെന്ന് തോന്നിക്കുന്ന ആ ആൾക്ക് പിറകെ ചുരിദാരിട്ട ഒരു സ്ത്രീയും ഉണ്ടായിരുന്നു…. അമ്മയായിരിക്കുമെന്നവരൂഹിച്ചു….. ഏറ്റവും ഒടുവിൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ആദി ഒരു നിമിഷം ഒന്നമ്പരന്നു… നീട്ടി വളർത്തിയ മുടി…. വെട്ടിയൊതുക്കാൻ ഇഷ്ടമില്ലാത്ത വണ്ണം അലസമായി കിടക്കുന്ന താടി….. കോല് പോലെയുള്ള ആ ശരീരം ആടിയുലയുന്ന തരത്തിലൊരു ബനിയനായിരുന്നു അവന്റെ വേഷം….. മോഡേൺ ആണ് താനെന്ന് കാണുന്നവനെ ധരിപ്പിക്കാനുള്ള ഒരു കാട്ടിക്കൂട്ടലാണല്ലോ ഇപ്പോഴത്തെ ചെറുപ്പക്കാരുടെ വേഷം…. അവന്റെ ശരീരത്തിന് ഒട്ടും ചേരാത്ത അവയിലൊരു പക്ഷെ അവന്റെ മനസ്സിന് തൃപ്തിയുണ്ടായിരിക്കും…. അവനെ കണ്ടതും ശങ്കരന്റെ മുഖത്തും ഒരു മിന്നൽ ഭാവ മാറ്റം ഉണ്ടായതായി ആദിക്ക് തോന്നി….. എങ്കിലും അവരെ മൂന്ന് പേരെയും അത്രയേറെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചിരുത്തി…..

ചായയും കാപ്പിയും എടുക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി…. അവരെ സഹായിച്ചു കൊണ്ട് ശിവയുമുണ്ടായിരുന്നു….. അവരകത്തേക്ക് കയറിയിരുന്നതും ലക്ഷ്മി ഉമ്മറത്തേക്ക് പോയൊന്നു മുഖം കാണിച്ചു വന്നു….. പോയ സന്തോഷത്തോടെയായിരുന്നില്ല ലക്ഷ്മി തിരിച്ചകത്തേക്ക് വന്നതെന്ന് ശിവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…… അവരുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു… ഒരുങ്ങി നിന്നിരുന്ന നീതുവിന്റെ കയ്യിൽ ഒരു നുള്ള് കൂടി കൊടുത്ത് കൊണ്ട് അവരവരുടെ അമർഷം തീർക്കുന്നതായി ശിവക്ക് തോന്നി…. ഈ കാട്ട് മാക്കാനെയാണോടീ ഞാൻ മരുമകനാക്കേണ്ടത്…. ലക്ഷ്മിയുടെ ദേഷ്യത്തിലുള്ള ആ ചോദ്യം അവ്യക്തമായാണെങ്കിലും ശിവ കേട്ടിരുന്നു….. ശിവാക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല….. നീതുവിന്റെ മുഖം കുനിയുന്നത് കണ്ടതും ഇതിനൊരു പിന്നാമ്പുറം ഉണ്ടെന്ന് ശിവക്ക് തോന്നിത്തുടങ്ങിയിരുന്നു… അവളുള്ളത് കൊണ്ടാണ് അവരൊന്നും പറയാത്തതെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ ചെയ്യുന്ന ജോലികൾ തുടർന്നു കൊണ്ടിരുന്നു…. പലഹാരങ്ങൾ പാത്രത്തിലാക്കി വെച്ചതും നീതു ചായയെടുത്തു നടന്നു…..

പിറകെ പലഹാരങ്ങളുമായി ലക്ഷ്മിയും……. നീതു ചായ അവന് നേരെ നീട്ടുമ്പോൾ അവൻ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു…… എന്താ പേര്….. കനത്തിലുള്ള ആ ശബ്ദം അമ്മയുടേതായിരുന്നു…. നിധിന…… പുഞ്ചിരിച്ചു കൊണ്ട് വളരേ സൗമ്യമായായിരുന്നു ആ മറുപടി…… വേറൊന്നും ചോദിക്കാൻ മാത്രം അവർക്ക് താല്പര്യമില്ലാത്ത പോലെ തോന്നി….. അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ.. പയ്യന്റെ അച്ഛൻ അത് പറഞ്ഞ് തുടങ്ങിയതും അമ്മ എതിർത്തു…. അതിന്റെ ആവശ്യമൊന്നുമില്ല….. കല്യാണം കഴിഞ്ഞാലും സംസാരിക്കാൻ സമയമുണ്ടല്ലോ…. അവർക്ക് ചുറ്റുപാടൊന്നും ബോധിച്ചില്ലെന്ന് അവരുടെ സംസാരത്തിൽ നിന്ന് എല്ലാവർക്കും ഏകദേശം മനസ്സിലായിരുന്നു……. നീതുവിന്റെ മുഖത്തു ദുഃഖം നിഴലിച്ചു…. ജീവാ….. നമുക്കിറങ്ങാം…. ധൃതി കൂട്ടുന്ന അച്ഛനുമമ്മക്കുമിടയിൽ നിസ്സഹായനെന്ന പോൽ അവൻ എല്ലാവരെയും നോക്കുന്നുണ്ടായിരുന്നു…. എങ്കിൽ ഞങ്ങളിറങ്ങുകയാണ്…. പയ്യൻ വളരേ സൗമ്യമായി യാത്ര പറഞ്ഞാനിറങ്ങിയത്…. പയ്യൻ കാണാൻ അങ്ങനൊക്കെ ആണെങ്കിലും നല്ല പെരുമാറ്റം…. അല്ലെ…. ആദിയോട് ശങ്കരനത് ചോദിക്കുമ്പോൾ അവനൊന്നു മൂളുക മാത്രം ചെയ്തു…. വല്യ പ്രതീക്ഷയൊന്നും വെക്കേണ്ട അല്ലെ…. അവർക്ക് ഇഷ്ടമായില്ലെന്ന് തോന്നുന്നു…… വളരേ അടക്കിപ്പിടിച്ചു കൊണ്ട് ശങ്കരൻ ആദിയോട് പറയുന്നതെങ്കിലും നീതു കേൾക്കുന്നുണ്ടായിരുന്നു…. അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച് മുറിയിലേക്ക് കയറി വാതിലടച്ചു……. (തുടരും )