രചന – ആയിഷ അക്ബർ
അമ്മേ…. ഞങ്ങള്…….. ഞങ്ങളൊരു കാര്യം പറയാൻ വേണ്ടി വന്നതാണ്…..
മുഖ വുര യിട്ട് സുകന്യ തുടങ്ങിയപ്പോഴും കേൾക്കാൻ താല്പര്യമില്ലെന്ന മട്ടിൽ മുത്തശ്ശി തിരിഞ്ഞിരുന്നു….
അരുണിന്റെ കല്യാണം ഏതാണ്ട് ഉറച്ച മട്ടാണ്….
തിങ്കളാഴ്ച അവരെല്ലാവരും ഇങ്ങോട്ട് വരുന്നുണ്ടെന്നാ പറഞ്ഞത്….
തീയതി കുറിക്കാനേയ്…….
സുകന്യ അത് പറഞ്ഞപ്പോഴും അവരൊന്നും മിണ്ടിയില്ല….
അമ്മേ…..
അവരൊന്നു കൂടി വിളിച്ചു….
അതിനു ഞാനെന്ത് വേണ്ടത്…..
നിങ്ങളൊക്കെ പോയി കണ്ടു കല്യാണം ഉറച്ചു….
ഇനി എന്താന്ന് വെച്ചാ നിങ്ങൾക്ക് തന്നെ തീരുമാനിച്ചാൽ പോരെ…. ഇതിവിടെ വന്നു എഴുന്നള്ളിക്കേണ്ട കാര്യമെന്താ…..
മുത്തശ്ശി ദേഷ്യത്തോടെ അത് പറയുമ്പോൾ അരുണും സുകന്യ യും വല്ലാത്തൊരു അവസ്ഥയിലായിരുന്നു….
അമ്മേ… വരുന്നവരെന്താ വിചാരിക്കാ…..
ഇത്രയും വലിയൊരു തറവാടുണ്ടായിട്ട്……
നാലാളറിഞ്ഞാൽ മോശമല്ലേ….
അവരെയൊക്കെ ക്ഷണിക്കേണ്ടത് ഇങ്ങോട്ടല്ലേ….
സുകന്യ അതും കൂടി പറഞ്ഞതും മുത്തശ്ശി ഇരുവരെയും തറപ്പിച്ചോന്ന് നോക്കുക മാത്രം ചെയ്തു….
അമ്മേ…… അമ്മ ഒന്നും പറഞ്ഞില്ല….
എന്ത് ചെയ്താലും വേണ്ടില്ല… എന്നേ അതിലേക്ക് കെട്ടിയെഴുന്നള്ളിക്കരുത്…. പറഞ്ഞേക്കാം……
അതും പറഞ് ദേഷ്യത്തോടെ മുത്തശ്ശി അകത്തേക്ക് പോകുമ്പോഴും ഇവിടെ വെച്ച് പരിപാടി നടത്താൽ മുത്തശ്ശി സമ്മതിച്ചതിൽ സുകന്യക്കും അരുണിനും ഒരു സമാധാനം തോന്നിയിരുന്നു……
എന്നാ ഞങ്ങളങ്ങോട്ട്…..
അർജുനോടതും പറഞ് അവർ എഴുന്നേറ്റു…..
അവനൊന്നും മിണ്ടിയില്ല….
അവർ ഇറങ്ങി പ്പോകുന്നതും നോക്കി അൽപ നേരം അങ്ങനെ നിന്നു…..
ശേഷം അകത്തേക്ക് കയറി….
നീയെന്താ കഴിക്കുന്നില്ലേ….
അവർക്ക് ഭക്ഷണം വിളമ്പി അല്പം മാറി നിന്ന അഞ്ജലിയോട് മംഗലത്തമ്മ ചോദിക്കുമ്പോൾ അവനും അവളിലേക്ക് മിഴികൾ പതിപ്പിച്ചു….
വേണ്ട മുത്തശ്ശി…. എനിക്ക് വിശപ്പില്ല…..
നിങ്ങള് കഴിച്ചോളൂ…..
അവളതും പറഞ് അകത്തേക്ക് പോകുമ്പോൾ ഇത് വരെയില്ലാത്ത എന്തോ ഒരു നൊമ്പരം അവനെ വന്ന് മൂടുന്നത് അവനറിഞ്ഞു…
അരുണിനേ അവൾ സ്നേഹിച്ചിരുന്നു എന്നോർക്കുമ്പോൾ പോലും മനസ്സ് മുറിയുന്നു….
അവനെ വീണ്ടും കണ്ടപ്പോൾ അവൾക്ക് വേദനിച്ചു എന്നതിനർത്ഥം അവളുടേ മനസ്സിൽ അവനോടിപ്പോഴും ഇഷ്ടം ഉണ്ടെന്നതാണോ….
അവന് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…
അതിന് സങ്കടല്ലാതിരിക്കുമോ….
പാവം….. മോഹം കൊടുക്കാൻ ഞാൻ കൂടി കൂട്ട് നിന്നു….
എല്ലാവരുടെ മുമ്പിലും വല്ലാതെ നാണം കെട്ടു….
മുത്തശ്ശി അതും പറഞ് ഭക്ഷണം വായിൽ വെക്കുമ്പോഴും അവനൊന്നും കഴിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
തന്റെ മനസ്സിലുള്ള ഇഷ്ടം തുറന്ന് പറഞ് അവളിലേക്ക് ഇറങ്ങി ചെല്ലാൻ ഇനിയെന്നു കഴിയുമെന്ന് അവനറിയില്ലായിരുന്നു…
അതിനുള്ളിൽ ഒരു പക്ഷെ തിരിച്ചു പോകേണ്ടി വരും….
ഇനി പോകും മുമ്പ് ഞാൻ പറഞ്ഞാൽ തന്നെ അവൾക്കത് മനസ്സിലാകുമോ…..
ഒരു പ്രണയം കൊണ്ട് മുറിവേറ്റവളാണ്….
ഇനിയും ഒന്ന് വിശ്വസിക്കുമോ…..
ഒത്തിരി ചോദ്യങ്ങൾ ഉള്ളിൽ വന്നു തികട്ടിയപ്പോൾ അവൻ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി കിടക്കാനുള്ള പായ വിരിച്ച് അതിലേക്ക് കമിഴ്ന്നു കിടപ്പായിരുന്നു…
രാവിലെ അമ്മായിയുടെ വക….
ഇപ്പൊ ആ സ്ത്രീയും….
എല്ലാവർക്കും ഇട്ട് തട്ടാൻ മാത്രം ഒരു പാഴ് ജന്മത്തിനെ എന്തിന് പടച്ചു ദൈവമേ…..
അവൾക്ക് വല്ലാതെ ഹൃദയം മുറിഞ്ഞു….
ആ അരുണിനെ തിരിഞ്ഞു നോക്കാൻ പോലും തോന്നിയ ആ സമയത്തെ അവൾ ശപിച്ചു കൊണ്ടിരുന്നു….
അവനെ കൈ വെള്ളയിലേക്ക് കിട്ടിയാൽ ഞെരിക്കാമായിരുന്നു എന്ന് തോന്നിപ്പോയവൾക്ക്….
മംഗലത്തമ്മ കൂടി പറഞ്ഞത് കൊണ്ട് മാത്രമാണ് അവനെ……
പാവം മംഗലത്തമ്മയെ എന്തിന് കുറ്റപ്പെടുത്തണം…
തന്നെ അവരുടെ പേര കുട്ടിയാക്കാനുള്ള ആ സന്തോഷം താൻ കണ്ടതല്ലേ….
എപ്പോഴും അവർ തന്റെ നല്ലതേ ആഗ്രഹിച്ചിട്ടുള്ളു….
എല്ലാം തന്റെ വിധി……
ഒരു നല്ല ജോലി ആയിട്ട് വേണം അമ്മയെ കൂട്ടി സ്വസ്ഥമായോന്ന് ജീവിക്കാൻ…..
ആരുടേയും ശല്യമില്ലാതെ….
അവളുടേ കണ്ണിൽ നിന്നും ഒരു നീർ തുള്ളി അടർന്നു വീണു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് അവൾ വീട്ടിലേക്കെത്തിയപ്പോഴും അവളുടേ മുഖത്തെ തെളിച്ചമില്ലായ്മ ജാനകി ശ്രദ്ധിച്ചിരുന്നു…..
മംഗലത് ചെന്നപ്പോൾ അരുണും സുകന്യയും വന്ന കാര്യം അറിഞ്ഞപ്പോഴേ അവർ ഊഹിച്ചു അവളുടേ ദുഖത്തിന്റെ ഉറവിടം….
മോളേ…….
നാളെയാണ് അരുണിന്റെ വിവാഹ നിശ്ചയം……
അറിയാമല്ലോ… മംഗലത് വെച്ച് തന്നെയാണ്…..
മോള് രാവിലെ നേരത്തെയിങ് പോന്നോളൂ….
അഞ്ജലി അങ്ങോട്ടുറങ്ങും നേരം ജാനകി അത് പറയുമ്പോൾ അവരുടെ വാക്കുകളിൽ അവളെ കുറിച്ചുള്ള ദുഃഖം തങ്ങി നിന്നു……
അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി അവിടെ നിന്നും നടന്നു…..
സതീശൻ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇന്ന് താൻ അവളെ അങ്ങോട്ട് വിടുമായിരുന്നില്ല എന്നവരോർത്തു….
എവിടെ നിന്നാലും എന്റെ കുഞ്ഞിന് ഉരുകാനാണല്ലോ ദൈവമേ വിധി….
അവർ നടന്ന് പോകുന്ന അവളെ നോക്കി കണ്ണുനീർ പൊഴിച്ചു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ മംഗലത്തെ പടിപ്പുര കടന്ന് വരുന്നത് ഉമ്മറത്തിരിക്കുകയായിരുന്ന അർജുൻ കണ്ടിരുന്നു….
നാളെയാണ് അരുണിന്റെ പരിപാടി…..
അതിന്റെ ഒരുക്കങ്ങൾക്കായി ഇന്ന് രാത്രി തന്നെ അവരിങ്ങോട്ട് വരാൻ സാധ്യതയുണ്ട്….
അപ്പൊ അവളിവിടെ ഇല്ലാതിരിക്കുന്നതല്ലേ നല്ലത്……
അതവളെ വല്ലാതെ മുറിപ്പെടുത്തുമായിരിക്കാം….
അവനൊരു നിമിഷം എന്തോ ഓർമയിൽ അവിടെ അങ്ങനെ ഇരുന്നു….
അവളെ ഇവിടെ നിന്ന് മാറ്റി നിർത്താൻ എന്തെങ്കിലും ചെയ്യുക തന്നെ വേണമെന്നവന് തോന്നി…..
ഇനിയും നോവ് തളം കെട്ടിയ ആ കണ്ണുകൾ കാണാൻ തനിക്ക് വയ്യ…..
അഞ്ജലി…. ആ കുഴമ്പിങ്ങെടുത്തെ…..
നല്ല കാല് വേദന…..
മുത്തശ്ശി മുറിക്കകത്തു നിന്നും വിളിച്ചു പറയുന്നത് കേൾക്കാം…….
അവൾക്ക് വേണ്ടി മുത്തശ്ശിയോട് സംസാരിച്ചാൽ മുത്തശ്ശിക്ക് തന്നിലൊരു സംശയത്തിനിട വരുത്തും….
അവനെന്ത് ചെയ്യുമെന്നറിയാതെ എഴുന്നേറ്റ് മുത്തശ്ശിയുടെ മുറി ലക്ഷ്യമാക്കി നടന്ന അതേ സമയത്താണ് അഞ്‌ജലിയും മുറിക്കകത്തേക്ക് കയറാൻ തുടങ്ങുന്നത്…
രണ്ടും ഒരേ സമയത്തായത് കൊണ്ട് തന്നെ അവർ കൂട്ടി മുട്ടുന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
അഞ്ജലി കയ്യിൽ പിടിച്ചിരുന്ന കുഴമ്പിന്റെ ഗന്ധം അവിടമാകെ പരക്കുമ്പോൾ അതവനിട്ട ബനിയനിൽ പടർന്നത് കണ്ടപ്പോഴാണ് അവൾ ശെരിക്കും ഞെട്ടിയത്….
അവൾ കണ്ണുകൾ മിഴിച്ചു കൊണ്ടവനെ നോക്കുമ്പോൾ സദാ ഗൗരവം നിറഞ്ഞ ആ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു…..
അവൾ ദയനീയമായി അവനെ നോക്കി നിന്നു…..
ഇതെല്ലാം കൂടി എന്റെ ദേഹത്തേക്കോഴിക്കാൻ തനിക്കെന്താ കണ്ണ് കാണില്ലേ……
അവൻ ദേഷ്യത്തോടെ അത് ചോദിച്ചതും അവൾ തല കുനിച്ചു നിന്നു…..
അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് തന്റെ ഭാഗത്താണ്….
ഓരോന്ന് കഴിയുമ്പോഴേക്കും ഓരോ കുരുക്കിലേക്ക് താൻ വീണു കൊണ്ടേയിരിക്കുന്നല്ലോ ദൈവമേ…..
അവൾക്ക് കരച്ചിൽ വന്നു….
ഞാൻ…. ഞാനറിയാതെ…..
കല്ലെറിയാനും മുറിവാക്കാനും ഒക്കെ നല്ലോണം അറിയാമല്ലോ….
അവൾ പറഞ് തുടങ്ങിയപ്പോഴേക്കും അവൻ ദേഷ്യത്തോടെ അതും കൂടി പറയുമ്പോൾ അവൻ ഉള്ളിലുള്ള ദേഷ്യം മുഴുവൻ കിട്ടിയ അവസരത്തിൽ തന്റെ നേർക്ക് തീർക്കുകയാണെന്ന് അവൾക്ക് മനസ്സിലായി….
എന്താ അവിടെ….
മംഗലത്തമ്മ മുറിക്കകത് നിന്ന് ചോദിക്കുന്നത് അവന്റെ ഉയർന്ന ശബ്ദം കേട്ടിട്ടായിരിക്കാം……
അല്ലെങ്കിലും ഒന്നിനും വയ്യെങ്കി പിന്നെന്തിനാ ഇവിടെ നിൽക്കുന്നത്…
മുത്തശ്ശിക്ക് കൂട്ട് ഞാനുണ്ട്….
ഇന്നിനി തന്നെ എന്റെ കണ്മുൻപിൽ കണ്ട് പോകരുത്…….
വേഗം പൊയ്ക്കോ ഇവിടുന്ന്……
അതും പറഞ് ദേഷ്യത്തോടെ അർജുൻ അകത്തേക്ക് കയറുമ്പോൾ നിറ കണ്ണുകളുമായി അവിടെ നിന്നും തിരിഞ്ഞു നടക്കുന്നവൾ ഹൃദയത്തിൽ ഒരു മുറിവ് സമ്മാനിച്ചിരുന്നു……
എന്താ… എന്താ അജു അവിടെ….
നീയെന്തിനാ ഒച്ചയെടുക്കുന്നത്….
വയ്യാത്ത കാലിലൊന്ന് തടവി മുത്തശ്ശി അത് ചോദിക്കുമ്പോൾ അർജുൻ അവർക്കരികിലായിരുന്നു….
അയ്യോ…. നിന്റെ ദേഹത്തെങ്ങനെയാ ഈ കുഴമ്പൊക്കെ…..
കുഴമ്പിന്റെ ഗന്ധം അവരുടെ മൂക്കിലേക്ക് തറഞ്ഞു കയറുന്നതിന്റെ സ്ഥാനം കണ്ട് പിടിചാണവരത് ചോദിച്ചത്……
അത്….. അവൾ….. അവള് കളഞ്ഞതാ……
ഭൂമിയിലേക്ക് നോക്കിയൊന്നുമല്ല ല്ലോ നടപ്പ്…….
അവൻ ഒരു തരം നീരസം കലർത്തിയത് പറയുമ്പോൾ മുത്തശ്ശിയോന്ന് ചിരിച്ചു…..
അവള് കണ്ടിട്ടുണ്ടാവില്ലേടാ…..
മ്മ്…. കണ്ടാലും കണ്ടില്ലെങ്കിലും ഞാനവളെ പറഞ് വിട്ടിട്ടുണ്ട്…
അവനത് പറഞ്ഞതും അത് വരെ പുഞ്ചിരിയോടെ സംസാരിച്ചിരുന്ന മുത്തശ്ശിയുടെ ഭാവം മാറി….
എന്താ നീ പറഞ്ഞത്…..
നീയവളെ പറഞ് വിട്ടെന്നോ…..
മ്മ്….ഇന്നിനി അവളെ കാണുമ്പോഴേക്കും എനിക്ക് ദേഷ്യം വരും……
മുത്തശ്ശി വല്ലാത്തൊരു ഭാവത്തോടെ അത് ചോദിച്ചതും അവൻ വളരേ നിസ്സാരമായി അത് പറഞ്ഞതും അവന്റെ കവിളിൽ മുത്തശ്ശിയുടെ കൈ പതിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു….
അവന് കവിളിൽ വല്ലാതെ വേദനിച്ചില്ലെങ്കിൽ കൂടി കണ്ണുകളെന്തിനോ നിറഞ്ഞു……
നീയാരാടാ അവളെ പറഞ് വിടാൻ…….
മുത്തശ്ശി ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…..
നിന്റെ ഷർട്ടിലെ ഈ മണം കഴുകിയാൽ പോകും…
പക്ഷെ ഇന്നതേ രാത്രി ആ കുട്ടി ആ വീട്ടിൽ കഴിഞ്ഞ് കൂട്ടുക എങ്ങനെയന്നത് നിനക്കൊന്നും ഊഹിക്കാൻ പോലും പറ്റില്ല…….
കടന്ന് പോ എന്റെ മുമ്പീന്ന്….
മുത്തശ്ശി അങ്ങേയറ്റം ദേഷ്യത്തോടെ അവനെ ശകാരിച്ചു കൊണ്ടത് പറയുമ്പോൾ അവന്റെ ഹൃദയം പൊട്ടി പ്പോകുമെന്നൊരു വേള തോന്നി പ്പോയി……
അവൻ വേഗം അവിടെ നിന്നും എഴുന്നേറ്റ് ഉമ്മറത്തെ ആ കസേരയിലേക്ക് ചാഞ്ഞു…
മനസ്സ് അത്രമേൽ കലുഷിതമാണ്……
താനും വിചാരിച്ചിരുന്നു ഇന്നൊരു ദിവസം അവളോട് വരാതിരിക്കാൻ മുത്തശ്ശിക്ക് പറഞ്ഞു കൂടായിരുന്നോ യെന്ന്….
അപ്പോൾ അതിനേക്കാൾ വലിയ മറ്റെന്തോ ഒരു കാര്യമുണ്ട്…..
എന്താവും…..
താൻ അവളെ ഓർത്ത് ചെയ്തതാണ്….
അപ്പൊ ദേഷ്യപ്പെട്ട് കൊണ്ട് അവളെ ഇവിടെ നിന്ന് ഒഴിവാക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളു….
എന്നാൽ അതവൾക്ക് അതിനേക്കാളേറെ സങ്കടം നൽകുമോ ഈശ്വരാ……
അവൻ അൽപ നേരം അങ്ങനെ കിടന്നു…..
സൂര്യൻ തന്റെ ജോലി കഴിഞ്ഞ് മടങ്ങി…..
ഇരുട്ട് ഭൂമിയെ അല്പൽപമായി പൊതിഞ്ഞു കൊണ്ടിരുന്നു…
അപ്പോഴും അവനതേ കിടപ്പിലാണ്……
മോനെ അജു…..
ഒന്ന് മയങ്ങിയെന്ന് തോന്നിയ ആ നേരത്താണ് തന്റെ കവിളിലൂടെ തഴുകി കൊണ്ട് മുത്തശ്ശി വിളിച്ചത്…
അവൻ കണ്ണുകൾ വലിച്ചു തുറന്നു…..
വേദനിച്ചോ എന്റെ കുഞ്ഞിന്…..
മുത്തശ്ശി കണ്ണുകൾ അമർത്തി തുടച്ചത് ചോദിക്കുമ്പോൾ അവൻ വേഗം എഴുന്നേറ്റ് ഇല്ലെന്ന് തലയാട്ടി….
പിന്നെ മുത്തശ്ശിയേ പിടിച്ചാ കസേരയിലേക്കിരുത്തി അവൻ അവരുടെ കാലിൻ ചുവട്ടിലായിരുന്നു…..
അവർ അവന്റെ മുടിയിഴകളിൽ ഒന്ന് തലോടിയതും അവൻ തല അവരുടെ മടിയിലേക്ക് വെച്ചു കിടന്നു……
മുത്തശ്ശി അങ്ങനെയാണ്….
തെറ്റ് കണ്ടാൽ പെട്ടെന്ന് പ്രതികരിക്കും….
എല്ലാവരെയും ഒരേ കണ്ണിൽ കാണാൻ കഴിയുന്ന വലിയൊരു മനസ്സാണ്…..
അവള് പോയപ്പോൾ ഈ വീട് തന്നെ ഉറങ്ങിയത് പോലെയായില്ലേ…..
മുത്തശ്ശി അത് ചോദിച്ചതും താൻ ചെയ്ത തെറ്റിനെ ഒന്നോർമിപ്പിച്ചു തരുന്നതായി അവന് തോന്നി…..
പാവമാണാ കുട്ടി…..
വീട്ടിലവൾക്കൊരു മുറ ചെറുക്കനുണ്ട്….
ഒരു തെമ്മാടി….
അവനേ പേടിച്ചിട്ടാ ജാനകി അവളെ രാത്രി ഇങ്ങോട്ട് വിടുന്നത്…….
ജാനകി ക്ക് സുഖമില്ലാത്തതാ….
അവള് ഗുളിക കഴിച്ചാൽ മയക്കത്തിലാവും…പിന്നെ ആ കുട്ടി…..
അതാ ഞാൻ പെട്ടെന്ന് നിന്നെ…..
മുത്തശ്ശി അത് പറഞ്ഞതും അവന്റെ ശ്വാസം നിലച്ചു പോയത് പോലെ തോന്നി….
ഇതൊന്നും തനിക്കറിയുമായിരുന്നില്ല….
അറിഞ്ഞിരുന്നെങ്കിൽ തന്നേക്കാൾ നന്നായി മറ്റാർക്കാണ് അവൾക്ക് സുരക്ഷ നൽകാൻ കഴിയുക ……
എനിക്ക്… എനിക്കറിയില്ലായിരുന്നു മുത്തശ്ശി…..
അവൻ അത് പറയുമ്പോൾ വാക്കുകൾ ദയനീയമായിരുന്നു….
സാരമില്ല….. പോട്ടെ…. ഇന്നൊരു രാത്രിയല്ലേ….
നാളെ നീ പോയി അവളെ കൂട്ടി കൊണ്ട് വരണം….
എന്തേ… ചെയ്യില്ലേ….
മുത്തശ്ശി അതും ചോദിച്ചേഴുന്നേറ്റപ്പോൾ അവൻ തല കുലുക്കി….
കഴിയുമായിരുന്നെങ്കിൽ താൻ ഇപ്പൊ തന്നെ അവളെ കൂട്ടി കൊണ്ട് വന്നേനെ…..
പക്ഷെ മുത്തശ്ശിയേ ഒറ്റക്കാക്കി പോകാൻ തനിക്ക് കഴിയില്ല……
അത് കൊണ്ട് തന്നെ ഈ രാത്രി സ്വസ്ഥത എന്തെന്ന് താനറിയില്ല…..
എനിക്കിന്നുറങ്ങണമെങ്കിൽ അവൾ ഇവിടെ വേണം…. തന്റെ കൺ മുമ്പിൽ……
അവൻ എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ ഇരിക്കുമ്പോഴാണ് ദൂരെ നിന്നും അവർ വരുന്നത്….
അരുൺ മുമ്പിൽ നടന്നു വരുന്നുണ്ട് ….
അവന് പിറകിലായി അമ്മായിയും അമ്മാവനും അനഘയുമുണ്ട്……
അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു….
മുത്തശ്ശിക്ക് കൂട്ടിനാളായി…..
അവൻ അവളെ കൂട്ടി കൊണ്ട് വരാനുള്ള ധൃതിയിൽ ഇരുന്നിടത് നിന്നും പെട്ടെന്ന് എഴുന്നേറ്റിരുന്നു…….
(തുടരും)

by