23/04/2026

നിയോഗം : ഭാഗം 12

രചന – അഹം

” ഒന്ന് ശ്രമിച്ചു പോലും നോക്കാതെ നിന്നെ വിട്ടുകളയാൻ തോന്നുന്നില്ല…. ഈ ആറ് മാസം മറക്കാൻ ശ്രമിച്ചു…. പക്ഷെ ഉള്ളിൽ നിറയെ ഈ താലി മാത്രമായിരുന്നു…. ഒരുമിച്ച് ജീവിക്കുമ്പോഴല്ലേ അറിയൂ മുൻപോട്ട് പോകുമോ ഇല്ലയോ എന്ന്….. ആദ്യം നമുക്ക് ഒന്ന് നോക്കാം……… “‘

താലിയിൽ ഒന്ന് മുത്തി മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടർന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എല്ലാം ഒതുക്കി വെച്ച് സച്ചു പുറത്തേക്കിറങ്ങുമ്പോഴേക്കും മനു തിരിച്ചു വന്നിരുന്നു….

ഒരു കൈയിൽ പാലും മറുകൈയിൽ ഒരു പാക്കറ്റും ഉണ്ട്….

അച്ഛന്റെയും അമ്മയുടെയും റൂം ഇപ്പോഴും അടഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അത് സച്ചുവിനെ ഏല്പിച്ചു അവൻ റൂമിലേക്ക് പോയി…….

റൂമിലേക്ക് കയറുമുൻപേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അതുമായി കിച്ചണിലേക്ക് പോകുന്നവളെ….

മൂന്നുപേരും കൂടി പ്ലാൻ ചെയ്തുള്ള വരവാണിത്… അല്ലെങ്കിൽ പിന്നെ ഇവൾ എന്തിന് വരണം ഇങ്ങോട്ടേക്ക്…. അവസാനം പിരിയുമ്പോൾ എല്ലാം അവസാനിച്ചതല്ലേ….

ഇനി ഇവൾക്ക് എന്നോട് ഇഷ്ടമുണ്ടാകുമോ…. ആ ചിന്തപോലും ഉള്ളിൽ ഒരു കുളിരു പടർത്തുന്നുണ്ട്…… എന്ത് തന്നെ ആയാലും അറിയണം…. അച്ഛനും അമ്മയും പോയിട്ട് വേണം അവളെ എടുത്തൊന്ന് കുടയാൻ….

സച്ചു അതുമെടുത്തു ഓപ്പൺ കിച്ചൻ ഏരിയയിലേക്ക് പോയി…. അവിടെ നിന്ന് നോക്കിയാൽ ലിവിങ് ഏരിയയും ഇരു ഭാഗത്തുമുള്ള ബെഡ്‌റൂം ഡോർസും കാണാൻ പറ്റും…..

ടി പാൻ കഴുകി ചായക്ക് വെള്ളം വെച്ച ശേഷം അവൾ മറ്റേ കവർ തുറന്ന് നോക്കി….. പുട്ടും കടല കറിയും പാർസൽ ചെയ്തു കൊണ്ട് വന്നതായിരുന്നു…. അത് അവൾ ഒരു ഹോട് ബോക്സിലേക്ക് മാറ്റി വെച്ച് ചായയും ഉണ്ടാക്കി എല്ലാം എടുത്ത് ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചു….

സമയം നോക്കുമ്പോൾ 7 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു…. കുറച്ച് സമയം കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോൾ അവൾ ഡോറിൽ മുട്ടി അച്ഛനെയും അമ്മയെയും വിളിച്ചു…..

ചെറുതായൊരു മയക്കത്തിൽ ആയിരുന്നവർ സച്ചുവിന്റെ വിളിയിൽ എഴുന്നേറ്റ് ഫ്രഷ് ആയി പുറത്തേക്ക് വന്നു….

എന്നിട്ടും റൂമിൽ നിന്ന് വരാതിരുന്ന മനുവിനെ വിളിക്കാൻ അവൾ എഴുനെല്കുമ്പോഴേക്കും അവൻ കുളിയൊക്കെ കഴിഞ്ഞ് ഓഫീസിൽ പോകാൻ ആയി തയ്യാറായി വന്നിരുന്നു….

ആ വേഷത്തിൽ മനുവിനെ കണ്ടപ്പോൾ ഒരു നിമിഷമവൾ ഇമ ചിമ്മാൻ മറന്നു…. ടക് ഇൻ ചെയ്ത നേവി ബ്ലൂ കളർ ഷർട്ടും കോഫി ബ്രൗൺ കളർ പാന്റും അവനു നല്ലോണം ചേരുന്നുണ്ടായിരുന്നു…..

ഇത്ര നേരം താൻ കണ്ട മനു തന്നെ ആണൊ ഇതെന്ന് പോലും സംശയിച്ചു പോയി…..

അവനെ തന്നെ നോക്കി നിൽക്കുന്ന സച്ചുവിനെ അവനും കണ്ടിരുന്നു…. അവന്റെ ചുണ്ടിൽ ആരും കാണാതൊരു ചെറു ചിരി വിടർന്നു….

എന്റെ ലുക്ക്‌ ഇഷ്ടപെടാത്തവളാ ഇപ്പൊ കണ്ണ് പോലും ചിമ്മാതെ നോക്കി നില്കുന്നത്…..വായിനോക്കി…….

ചെയർ വലിച്ചിട്ട് ഇരുന്നത് അവൾ അറിഞ്ഞിട്ട് പോലും ഇല്ല…..

പ്ലേറ്റ് എടുത്ത് വെച്ച് വീണ്ടും നോക്കിയപ്പോഴും ശങ്കരൻ തെങ്ങിൽ തന്നെ…..

“”സൗപർണിക ബ്രേക്ഫാസ്റ്റ് ഇങ്ങ് എടുത്ത് താ…..”‘

ഞെട്ടി ഉണർന്നവൾ ആരെയും നോക്കാതെ അവന്റെ പ്ലേറ്റിൽ ഭക്ഷണം വിളമ്പി….

“” മോളെ ഞങ്ങളും കൂടി ഇരിപ്പുണ്ട് ഇവിടെ…. “”

അച്ഛൻ പറയുമ്പോഴാ ശ്രദ്ധിച്ചേ അവരുടെ പ്ലേറ്റിലും താൻ ഇതുവരെ വിളമ്പിയിട്ടില്ല…. വേഗം അവരുടെ പ്ലേറ്റിലും വിളമ്പി….

“” നീയും ഇരിക്ക് സൗപർണിക…. “‘

വീണ്ടും മനു…..

ഇവനിതെന്തു പറ്റി…. വന്നതുമുതൽ ഒരക്ഷരം പോലും ഉരിയാടാത്തവനാ ഇപ്പൊ തേനും പാലും ഒഴുക്കി അടുത്തിരിപ്പിക്കുന്നത്…..

അന്തം വിട്ട് നിൽക്കുന്ന സച്ചുവിനെ ശിവശങ്കരനെയും ഉഷയെയും നോക്കിയപ്പോൾ അവരും അതെ അവസ്ഥയിലാ…..

“”നിങ്ങളാരും കഴിക്കുന്നില്ലേ……”‘

ഊറി വന്ന ചിരി കടിച്ചമർത്തി അവൻ ചോദിച്ചു…..

“” നീ എവിടെക്കാ ഇത്ര രാവിലെ….. “‘ അവന്റെ ഒരുങ്ങി ഉള്ള വേഷം കണ്ട് ഉഷ ചോദിച്ചു….

“”ഓഫീസിൽ പോകണം…””

“” ഇത്ര രാവിലെയോ…..”‘

“” ഞാൻ നന്നാകാൻ തീരുമാനിച്ചു…. “”

ഉഷ അന്താളിച്ചു പോയി

മനുവിന്റെ മറുപടിയിൽ ഒന്ന് അമർത്തി മൂളിക്കൊണ്ട് ശിവശങ്കരൻ കഴിച്ചു തുടങ്ങി….

സച്ചുവും കൂടെ ഇരുന്നു…..

“” ഞാനും ഉഷയും ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർക്ക് മടങ്ങും …. ഈവെനിംഗ് എനിക്ക് അവിടെ ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട്…. മോൾക്ക് ലീവ് ഉള്ള ഒരു ദിവസം നോക്കി രണ്ടാളും വീട്ടിലേക്ക് വാ…. പിന്നെ ഇനി എന്നും ഒരുമിച്ചേ കാണാവൂ…. നിങ്ങൾ രണ്ടാളും എത്ര സമയം വേണമെങ്കിലും എടുത്തോ…. പക്ഷെ മകനും മരുമകളുമായി നിങ്ങൾ മതി ഞങ്ങൾക്ക്…മനസ്സിലായല്ലോ രണ്ടാൾക്കും…'”

ഗൗരവത്തിലുള്ള ശിവശങ്കരന്റെ ചോദ്യത്തിൽ അറിയാതെ തലയാട്ടിപ്പോയി രണ്ടുപേരും…..

സച്ചു ഭക്ഷണം കഴിച്ച് കഴിയും മുൻപേ മനു കഴിച്ചെഴുന്നേറ്റു ….

റൂമിൽ പോയി തന്റെ ബാഗും എടുത്ത് വന്ന് അച്ഛനോടും അമ്മയോടും യാത്ര പറയുന്നവനെ കൊതിയോടെ നോക്കി അവൾ ….

സച്ചുവിനെ നോക്കി തലയാട്ടിയ ശേഷം പുറത്തേക്ക് പോകാനൊരുങ്ങുന്നവനെ അവൾ വിളിച്ചു…..

“”മനു………. ഞാൻ ഇന്ന് ജോയിൻ ചെയ്യും….”‘

മുൻപോട്ട് നീങ്ങിയ കാലുകൾ പതിയെ തിരിഞ്ഞു നടന്നു….

“” മനു അല്ല……. മനുവേട്ടൻ…… ഭർത്താവിനെ പേരെടുത്തു വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല…. “‘
അവളുടെ കവിളിൽ വിരലുകൊണ്ട് തട്ടി കുസൃതി ചിരിയോടെ പറഞ്ഞവൻ അച്ഛനെയും അമ്മയെയും നോക്കി….

അവരിലെ നിറഞ്ഞ ചിരി അവനിലും ചിരി വിരിയിച്ചു…..

കള്ളന് കഞ്ഞി വെച്ച എന്നോടാ ഇവരുടെ കളി….. നിങ്ങളെക്കാൾ നന്നായി അഭിനയിക്കാൻ എനിക്ക് അറിയാം……മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു ഓൾ ദി ബെസ്റ്റ് കൂടി കൊടുത്ത് മനു ഓഫീസിലേക്ക് പോയി…..

കഴിച്ച പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിലേക്ക് പോകാൻ നിന്ന സച്ചുവിനെ ഉഷ തടഞ്ഞുകൊണ്ട് കോളേജിലേക്ക് പോകാനായി തയ്യാറാകാൻ പറഞ്ഞുവിട്ടു….

റൂമിൽ നിറയെ മനുവിന്റെ പെർഫ്യൂമിന്റെ ഗന്ധമാണ്….. അവളൊന്ന് ശ്വാസം വലിച്ചു വിട്ടു…….

മനുവേട്ടൻ….. മനസ്സിൽ അങ്ങനെ തന്നെ ആണ് വിളിക്കുന്നത്…. നേരിട്ട് വിളിക്കാനുള്ള ഭയം കാരണം ആണ് പേരെടുത്ത് വിളിക്കുന്നത്….
ആള് ആക്കി പറഞ്ഞതാണെങ്കിലും ഇനി ഉള്ളൂ തുറന്ന് മനുവേട്ടാ എന്ന് തന്നെ വിളിക്കും….
സച്ചുവിന്റെ ചിന്ത മുഴുവൻ മനുവിൽ തുടങ്ങി മനുവിൽ തന്നെ തങ്ങി നിന്നു….

വസ്ത്രങ്ങളിലൂടെ വിരലോടിക്കുമ്പോൾ സച്ചുവിന്റെ കൈയിൽ തടഞ്ഞ നേവി ബ്ലൂ കളർ സാരിയിൽ ആ വിരലുകൾ തങ്ങി നിന്നു….

അത് വലിച്ചെടുത്തു ഉടുക്കുമ്പോൾ മനസ്സിൽ പൊതിഞ്ഞു വന്ന വികാരം സന്തോഷം കലർന്ന നാണമായിരുന്നു ….

കോളേജിൽ ജോയിൻ ചെയ്യാൻ പോകുമ്പോൾ അവളുടെ കൂടെ ശിവശങ്കരനും പോയി …

ആദ്യം വർക്ക്‌ ചെയ്ത കോളേജിന്റെ മാനേജ്മെന്റ് തന്നെയാണ് ഈ കോളേജിനുമെങ്കിലും പുതിയ സ്ഥലത്തേക്ക് എത്തിപ്പെടുന്ന കുട്ടിയുടെ എല്ലാ വെപ്രാളവും സച്ചുവിനെയും പൊതിഞ്ഞിരുന്നു…..

പ്രിൻസിപ്പാൾ റൂമിൽ പോയി ജോയിനിങ് ലെറ്റർ കൊടുത്ത് സ്റ്റാഫ്‌ രജിസ്റ്ററിൽ സൈൻ ചെയ്തു….

പുറത്ത് അവളെയും കാത്ത് ശിവശങ്കരനും ഉണ്ടായിരുന്നു…. സച്ചുവിനെ സ്റ്റാഫ്‌ റൂമിൽ ആക്കിയ ശേഷമാണ് അയാൾ മടങ്ങിയത്….

മകളെ കൈപിടിച്ച് സ്കൂളിൽ ചേർക്കാൻ പോകുന്ന അച്ഛന്റെ എല്ലാ ഭാവവുമുണ്ടായിരുന്നു അദ്ദേഹത്തിന്…..

അല്പം പരുങ്ങാലോടെ സ്റ്റാഫ്‌ റൂമിലേക്ക് കയറിയ സച്ചു മുൻപിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആളുടെ നോട്ടം തന്റെ നേർക്കാണെന്നു മനസ്സിലായപ്പോൾ ഒന്ന് ചിരിച്ചവൾ…..

സനൂപ് സാർ…… ചുണ്ടുകൾ പതിയെ മൊഴിഞ്ഞു…..

“”ഹേയ്….. സൗപർണിക…. താൻ എന്താ ഇവിടെ????

“”എനിക്ക് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി…. 6 മൺത് ഞാൻ പാലക്കാട് ആയിരുന്നു വർക്ക്‌ ചെയ്തേ…. സ്റ്റഡി കഴിഞ്ഞപ്പോൾ തന്നെ അവിടെ കിട്ടി…. “”

സച്ചു ചെറു ചിരിയോടെ മറുപടി കൊടുത്തു ….

സനൂപിന്റെ തൊട്ട് അടുത്ത് തന്നെ ആയിരുന്നു സൗപർണികയ്ക്ക് അലോട്ട് ചെയ്ത സീറ്റ്….

അവൾ തന്റെ ബാഗ് അവിടെ ടേബിളിന് മുകളിൽ വെച്ച ശേഷം മറ്റ് ടീച്ചേഴ്സിന് പരിചയപ്പെട്ടു…. സനൂപും എല്ലാത്തിനും കൂടെ തന്നെ നിന്നു…….

“” സനൂപ് സാറിന് സൗപർണിക മിസ്സിനെ എങ്ങനാ പരിചയം….. “‘

ലത മിസ്സിന്റെ ആയിരുന്നു ചോദ്യം

“”പാലക്കാട് വർക്ക്‌ ചെയുമ്പോൾ സൗപർണിക എന്റെ സ്റ്റുഡന്റ് ആയിരുന്നു “‘

ചെറു ചിരിയോടെ മറുപടി പറഞ്ഞവൻ

സൗപർണിക തിരിച്ച് സീറ്റിൽ ഇരിക്കുമ്പോഴും സനൂപ് സംസാരിച്ചുകൊണ്ടേ ഇരുന്നു….

“” താൻ ആയിരിക്കും ന്യൂ ജോയിനീ എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലട്ടോ…. സൗപർണികയെ കണ്ടത് എന്തായാലും നന്നായി… അവിടെ നിന്ന് പെട്ടെന്ന് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി വരുമ്പോൾ ഒന്ന് യാത്ര പറയാൻ കൂടി കഴിഞ്ഞില്ല….. ഇപ്പൊ ഒന്നരവർഷം കഴിഞ്ഞു കണ്ടിട്ട്….. “‘

സംസാരിച്ചുകൊണ്ട് അവളുടെ അടുത്തിരിക്കുമ്പോഴാണ് സാരിയുടെ പ്ലീറ്റിൽ നിന്നും പുറത്തേക്ക് വന്ന താലി മാല അവൻ കാണുന്നത്….

അത്ര നേരം ഉണ്ടായിരുന്ന സന്തോഷം മാറി നിരാശ നിറഞ്ഞു അവന്റെ ഉള്ളിൽ ….

ആദ്യമായി സൗപർണികയുടെ ക്ലാസ്സിൽ പോയപ്പോൾ തൊട്ട് അവന്റെ മനസ്സിൽ കയറികൂടിയവളാണ് സച്ചു……. തുറന്ന് പറഞ്ഞില്ലെങ്കിലും പലപ്പോഴും എന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് അവളോടുള്ള ഇഷ്ടം സൗപർണികയ്ക്ക് മനസ്സിലായിട്ടുണ്ടെന്നു അവനറിയാം….. പോസിറ്റീവ് റെസ്പോൺസ് ഒന്നും ലഭിച്ചില്ലെങ്കിലും അവളുടെ പഠിത്തമൊക്കെ കഴിഞ്ഞാൽ അവളുടെ വീട്ടിലേക്ക് പ്രൊപോസലുമായി പോകണമെന്ന് തീരുമാനിച്ചതായിരുന്നു…. അതിനിടയിൽ ഒരുപാട് പ്രേശ്നങ്ങൾ വന്നപ്പോൾ അത് നീണ്ടുപോയി.. അതൊരു തീരാ നഷ്ടത്തിലേക്കാണ് അവനെ എത്തിച്ചതെന്ന് തോന്നി….. എങ്കിലും തന്റെ പ്രണയം ഒരിക്കലെങ്കിലും അവളുടെ മുൻപിൽ തുറക്കണം എന്ന് തോന്നി അവന്

“” തന്റെ വിവാഹം കഴിഞ്ഞോ??…. ഞാൻ അറിഞ്ഞിരുന്നില്ല….. ആരും പറഞ്ഞുമില്ല….എനി…. എനിക്ക് സൗപർണികയെ ഇഷ്ടമായിരുന്നു…. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.ഇവിടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി…. പക്ഷെ….. “‘

സനൂപിനെ തുടരാൻ സമ്മതിക്കാതെ സച്ചു സംസാരിച്ചു തുടങ്ങി….

“” സാർ അങ്ങനെയൊന്നും പറയരുത്…. എന്റെ ഉള്ളിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല…. ഈ വിവാഹം കഴിഞ്ഞില്ലെങ്കിലും ഞാൻ സാറിനെ വിവാഹം കഴിക്കില്ലായിരുന്നു…. എനിക്ക് സാർ ഗുരുനാഥൻ ആണ്… എന്റെ ഉള്ളിൽ ഗുരുനാഥന്റെ സ്ഥാനം അച്ഛനും അമ്മയ്ക്കും ഒപ്പമാണ്…. ബഹുമാനവും ആദരവും അല്ലാതെ പ്രണയം ഒരിക്കലും തോന്നില്ല…. ഗുരുനാഥൻമാരെ വിവാഹം കഴിക്കുന്നവരുണ്ടാകാം… അത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല… അത് ഓരോരുത്തരുടെ ഇഷ്ടം..പക്ഷെ എനിക്ക് ഒരിക്കലും അത് സാധ്യമല്ല….”‘

സച്ചു പറഞ്ഞ് നിർത്തുമ്പോൾ സനൂപിന്റെ തല താഴ്ന്നു പോയി….

വിഷമം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ സനൂപ് അവിടെ നിന്ന് എഴുന്നേറ്റ് ലൈബ്രറിയിലേക്ക് നടന്നു….

ഒരു തെറ്റിദ്ധാരണ വളരുംമുൻപ് പറഞ്ഞ് തീർത്ത സമാധാനത്തിലായിരുന്നു സൗപർണിക ….

ലത മിസ്സ്‌ വന്ന് ടൈം ടേബിളും എടുക്കേണ്ട സബ്ജെക്ട്സും അവൾക്ക് പറഞ്ഞുകൊടുത്തു….

സച്ചുവിന് ലഭിച്ച മിക്ക ക്ലാസ്സുകളും BBA ബാച്ചുകൾ ആയിരുന്നു…. ഒരു സബ്ജെക്ട് മാത്രം ലാസ്റ്റ് സേം MBA ക്ക് എടുക്കാനുണ്ട്….. അവളുടെ ഇന്നത്തെ ഫസ്റ്റ് ഹൗറും അവിടെ ആണ് …..

കുറച്ച് സമയത്തിനുള്ളിൽ കോളേജിനെ കുറിച്ചും കുട്ടികളെ കുറിച്ചും ഒരു ചിത്രം പറഞ്ഞുകൊടുത്തു ലത ടീച്ചർ….. അല്പം ശ്രദ്ധിക്കേണ്ട ക്ലാസ്സ്‌ MBA മാത്രമാണ്….. കോളേജിലെ തെമ്മാടി കൂട്ടം ഉള്ളത് അവിടെ ആണ്….. അടിയും ഇടിയുമായി നടക്കുന്ന കുറച്ച് പേർ….. ഒരാഴ്ചത്തെ സസ്‌പെൻഷൻ കഴിഞ്ഞ് ഇന്ന് എത്തും അവർ… അതുകൊണ്ട് തന്നെ ലത ടീച്ചർ അവരെകുറിച്ച് വിശദമായി തന്നെ സച്ചുവിനോട് പറഞ്ഞ് കൊടുത്തു….

ബെൽ അടിച്ച് MBA ക്ലാസ്സിലേക്ക് നടക്കുമ്പോൾ അവൾക്ക് വയറ്റിൽ ഒരു ആന്തൽ ഉണ്ടായി… ഇതുവരെ ഡിഗ്രി സ്റുഡന്റ്സിന് മാത്രമേ ക്ലാസ്സ്‌ എടുത്തിട്ടുള്ളൂ….. ആദ്യമായാണ് pg ക്ലാസ്സിലേക്ക്…. അതും ഇവിടത്തെ ഭീകരന്മാർ വാഴുന്ന കോട്ടയിലേക്ക്……

ക്ലാസ്സിൽ എത്തി എല്ലാവരെയും വിഷ് ചെയുമ്പോൾ കണ്ണുകൾ ഒഴിഞ്ഞു കിടക്കുന്ന ബാക്ക് ബെഞ്ചിലേക്ക് നീണ്ടു…. ടീച്ചർ പറഞ്ഞ കുട്ടികൾ ആദ്യദിവസം ഇല്ലാതിരുന്നത് അവൾക്കല്പം ആശ്വാസമായി….

അറ്റന്റൻസ് എടുക്കാൻ രജിസ്റ്റർ എടുത്ത് ഓരോരുത്തരുടെയും പേര് വിളിച് തുടങ്ങുമ്പോൾ ക്ലാസ്സിന് പുറത്ത് ആരൊക്കെയോ വന്ന് നിന്ന് സംസാരിക്കുന്ന ശബ്ദം കേട്ടു…. ലത ടീച്ചർ പറഞ്ഞ ഗാങ് ആണെന്ന് ബഹളം കേട്ടപ്പോൾ തന്നെ സച്ചുവിന് മനസ്സിലായി…..

ലക്ചർ സ്റ്റാൻഡിന്റെ ഒരു വശത്തായാണ് ഡോർ ഉള്ളത്…. ചെരിഞ്ഞു നോക്കിയാലെ അവിടെ നിൽക്കുന്നവരെ കാണാൻ പറ്റൂ….

അതുകൊണ്ട് തന്നെ അങ്ങോട്ട് ശ്രദ്ധിക്കാതെ സച്ചു പേര് വിളിച്ചു തുടങ്ങി….

“” അഭിമന്യു….. “‘

പേര് വിളിച്ച് മുൻപോട്ട് നോക്കിയപ്പോൾ പുറത്തു നില്കുന്നവരിൽ നിന്നും പ്രേസേന്റ് പറയുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ സച്ചു ചിരിയോടെ അടുത്തുള്ളവനോട് സംസാരിക്കുന്ന ആളെ കണ്ട് നടുങ്ങി

കണ്ണുകൾ നിറഞ്ഞു……കൈയിലെ രജിസ്റ്റർ ഒരു വിറയലോടെ താഴെ വീണു….

“” മനുവേട്ടൻ…… “‘ ശബ്ദം തൊണ്ടയിൽ കുടുങ്ങി ഞ്ഞെരിഞ്ഞമർന്നു

തുടരും