രചന – രോഹിണി ആമി
ഹിമ പരുങ്ങി പരുങ്ങി മാധവന് അരികിലായി നിന്നു.. “ബോധക്കേട് വല്ലതും വരുന്നുണ്ടേൽ നേരത്തെ പറയണം.. മുൻകരുതൽ എടുക്കാനാ”.. ഹിമ ഒന്ന് നോക്കിയപ്പോൾ മാധവൻ കണ്ണടച്ചു ഒന്നു ചിരിച്ചു.. തീയിൽ ചവിട്ടി നിൽക്കുമ്പോളാ കോമഡി.. ആ നേരത്തും മാധവന് എങ്ങനെ ചിരിക്കാനാവുമെന്ന് ഹിമയ്ക്ക് അത്ഭുതം തോന്നി.. പക്ഷേ മാധവന് ഉറപ്പായിരുന്നു വിഷ്ണു ഹിമയോട് ക്ഷമിക്കുമെന്നും സ്നേഹിക്കുമെന്നും.. ഒരു ആണിനല്ലേ വേറൊരു ആണിനെ മനസ്സിലാകൂ..
ഹിമയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വിഷ്ണുവിന്റെ അമ്മ വന്നു കയ്യിൽ പിടിച്ചു.. വിഷ്ണുവിന് അരികിൽ കൊണ്ടിരുത്തി കൂടെ ഇരുന്നു.. ഹിമയ്ക്ക് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.. “ഹിമയെന്താ വീട്ടിലേക്ക് വരാഞ്ഞത്.. എന്തു പറ്റി”.. ഒന്നും മിണ്ടാതിരിക്കുന്ന ഹിമയെ ഒന്നു നോക്കിയിട്ട് വിഷ്ണുവിന്റെ അമ്മ ഹിമയുടെ അച്ഛനോടായി പറഞ്ഞു.. “വിവാഹം സ്വയം തീരുമാനിച്ചതു പോലെ തന്നെ പിരിയാനും സ്വയം തീരുമാനിച്ചു ഇവർ.. അറിഞ്ഞോ ഹിമയുടെ അച്ഛൻ”.. അച്ഛനും അമ്മയും ഞെട്ടിയത് പോലെ തന്നെ ഹിമയും ഒന്ന് ഞെട്ടി.. വിഷ്ണുവിനെ നോക്കി.. കുനിഞ്ഞിരുന്നു കൈകളിലേക്ക് നോക്കുകയാണ്… “ഇവരുടെ ജീവിതത്തിൽ നമുക്ക് ഒക്കെ എന്ത് പ്രാധാന്യം ആണെന്ന് ഇന്നും എനിക്കറിയില്ല.. ചോദിക്കാനും പറയാനുമുള്ള അധികാരമൊന്നും നമുക്കില്ല.. നമ്മുടെ ചിന്താരീതികൾ ഒക്കെയും അവർക്ക് തെറ്റാണ്.. അംഗീകരിക്കാനും പാടാണ്.. വയസ്സായിക്കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ ഇടപെടാതെ ഒരിടത്തു ഒതുങ്ങി കഴിഞ്ഞോണം.. അല്ലേ ഹിമേ.. അങ്ങനല്ലേ”.. അമ്മ ഹിമയോടായി ചോദിച്ചു.. ഹിമയുടെ കണ്ണ് നിറഞ്ഞൊഴുകി..
അച്ഛൻ അടുത്തുള്ള ചെയറിലേക്ക് പിടിച്ചിരുന്നു.. മാധവൻ അച്ഛന്റെ പിറകിൽ വന്നു രണ്ടു തോളിലും പിടിച്ചു നിന്നു.. പദ്മ അമ്മയ്‌ക്കരികിലും നിന്നു ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.. “എന്താ പ്രശ്നം.. പിരിയാൻ മാത്രം എന്തുണ്ടായി ഇവർക്കിടയിൽ………. എന്താണ് ഹിമേ ഉണ്ടായത്”.. അച്ഛന്റെ ശബ്ദം അത്രയും ഉയർന്നു കേൾക്കുന്നത് ഇതാദ്യമായാണ് എല്ലാവരും.. മിന്നു മെല്ലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പദ്മയുടെ മറവു പറ്റി നിന്ന് എല്ലാം നോക്കി.. ഹിമയൊന്നും മിണ്ടിയില്ല വിഷ്ണുവും..
“അവരൊന്നും പറയാറില്ലല്ലോ അതിനു നമ്മളോട്.. വലിയ പഠിപ്പൊക്കെ ഉള്ളവരല്ലേ.. രണ്ടിലൊന്ന് തീരുമാനിക്കാനാ ഞാൻ ഇപ്പോൾ വന്നത്”.. വിഷ്ണുവിന്റെ അമ്മ രണ്ടാളെയും മാറി മാറി നോക്കി പറഞ്ഞു.. “ഈ ബന്ധം ഇങ്ങനെ ആവുമെന്ന് ഭയപ്പെട്ടതുകൊണ്ട് തന്നെയാണ് രണ്ടാളും മാറി നിൽക്കാൻ ഞാനും അച്ഛനും സമ്മതിക്കാഞ്ഞത്.. ഞങ്ങൾ രണ്ടാളും അനുഭവിച്ചത് മക്കൾ അനുഭവിക്കാൻ പാടില്ലെന്ന് തോന്നി.. അവിടെയും ഇവിടെയും ഇരുന്നു സ്നേഹിക്കാൻ ആണെങ്കിൽ വിവാഹം എന്തിനാണ്.. സുഖമായാലും സന്തോഷമായാലും വിഷമം ആണെങ്കിലും അടുത്തിരുന്നു പങ്കിടണം.. ജീവിതപങ്കാളി എന്നതിന് വലിയൊരു അർത്ഥമുണ്ട്”.. (ആരും പൊങ്കാല ഇടരുത്.. വെറും ഡയലോഗ് മാത്രമാണ്.. ഞാനും കെട്ടിയോനും അവിടെയും ഇവിടെയുമാണ്.. So…… ♥️)
അച്ഛൻ ഇരുന്നു വിയർക്കുന്നത് കണ്ടപ്പോൾ മാധവൻ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. എന്നിട്ട് മുഖം കുനിച്ചു അച്ഛന് ചെവിക്കരികിലായി പറഞ്ഞു.. “അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അച്ഛാ.. അതൊന്ന് അവർ പറഞ്ഞു തീർക്കട്ടെ.. അച്ഛൻ വിഷമിച്ചു ഒന്നും വരുത്തി വെക്കണ്ട.. പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ പേടിക്കണ്ട”.. അത് പറഞ്ഞപ്പോൾ അച്ഛൻ മാധവനെ തിരിഞ്ഞു നോക്കി ഉള്ളതാണോ സത്യമാണോ എന്നറിയാൻ.. അതേയെന്ന് കണ്ണടച്ചു കാട്ടി മാധവൻ.. ഒരു ദീർഘശ്വാസം വിട്ടു ആ അച്ഛൻ..
“നിങ്ങൾ തന്നെ തീരുമാനിച്ചോ എന്തു വേണമെന്ന്.. പരസ്പരം സംസാരിച്ചാൽ തീരുന്നതാണെങ്കിൽ രണ്ടാളും കൂടി എവിടാന്നു വെച്ചാൽ പോയിരുന്നു സംസാരിച്ചു തീർക്ക്”.. അമ്മ അവർക്കിടയിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു.. ആരുമൊന്ന് മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അച്ഛൻ വിഷ്ണുവിനോടായി പറഞ്ഞു ..
“കുറച്ചു ദിവസമായി എനിക്ക് ചുറ്റും നടക്കുന്നതൊക്കെ സഹിക്കാൻ കഴിയുന്നതിലും അധികമാണ്.. വിഷ്ണുവിനെ ഞാനൊരു മകനായിട്ടേ കണ്ടിട്ടുള്ളൂ.. പദ്മയെ കയ്യിൽ എല്പിച്ചതിന് നിരാശയാണ് എനിക്ക് തിരിച്ചു നൽകിയത്.. പക്ഷേ വിഷ്ണുവിന്റെയും ഹിമയുടെയും അടുത്തുനിന്നും ഇങ്ങനെയൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചത്..നിങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നത്..ഞങ്ങൾ അറിയാൻ പാടുള്ളതാണെങ്കിൽ ഒന്ന് പറഞ്ഞു തരുവോ”..വിഷ്ണു ഒന്നും മിണ്ടിയില്ല.. കുനിഞ്ഞിരിക്കയാണ്..
ഹിമ അവിടെ നിന്നും എഴുന്നേറ്റു അച്ഛനരികിൽ നിലത്തിരുന്നു കയ്യെടുത്തു രണ്ടു കയ്യിലും പിടിച്ചു.. “അച്ഛാ വിഷ്ണുവേട്ടനെ കുറ്റപ്പെടുത്തരുത്.. എല്ലാത്തിനും ഞാൻ മാത്രവാ കാരണം.. വിഷ്ണുവേട്ടനൊപ്പം പദ്മ ആയിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.. വിഷ്ണുവേട്ടന് നല്ല ഒരു ജീവിതം കിട്ടിയേനെ.. എന്റെ എടുത്തുചാട്ടം ആണ് അവരുടെയും കൂടി ജീവിതം അങ്ങനെ ആയിത്തീരാൻ കാരണം”.. ഹിമ കൈകളിലേക്ക് മുഖം വെച്ചു പൊട്ടിക്കരഞ്ഞു.. ഹിമയുടെ മനസ്സിലുള്ളത് എല്ലാം പുറത്തേക്ക് പോരട്ടെയെന്നു വെച്ച് ആരുമൊന്ന് സംസാരിച്ചില്ല.. മാധവന്റെ മാത്രം മുഖത്തിന് തെളിച്ചം കുറവായിരുന്നു.. ഇഷ്ടായില്ല ഹിമ പറഞ്ഞതൊന്നും… പദ്മയെ നോക്കിയപ്പോൾ അവൾ ഹിമയെതന്നെ നോക്കി നിൽക്കുകയാണ്.. ഹിമയുടെ മാറ്റം അത്ഭുതത്തോടെ കാണുകയായിരുന്നു വിഷ്ണുവും ഹരിയും അമ്മയും..
തന്റെ മടിയിൽ മുഖം വെച്ചു കരയുന്നത് പൊന്നുപോലെ വളർത്തിയ മകൾ ആണ്.. അച്ഛൻ വല്ലാതെ വിഷമിച്ചു ഹിമയുടെ തലയിൽ തലോടി.. മുഖം പിടിച്ചുയർത്തി കണ്ണു തുടച്ചു അച്ഛൻ ചോദിച്ചു..”എന്തുപറ്റി മോൾക്ക്.. എന്താ നിന്റെ വിഷമം.. അച്ഛൻ കൂടെ നിൽക്കില്ലെന്ന് തോന്നിയോ നിനക്ക്.. അച്ഛനെയും അമ്മയെയും ഒക്കെ ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം എന്താ ഉണ്ടായത്”..
“ഞാൻ ചീത്ത പെണ്ണാ അച്ഛാ.. എല്ലാവരെയും വേദനിപ്പിക്കാൻ മാത്രേ എനിക്കറിയൂ.. എന്നെ സ്നേഹിക്കാൻ കൊള്ളില്ല”… ഹിമ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..
“എന്നിട്ട് അച്ഛൻ സ്നേഹിക്കുന്നില്ലേ നിന്നെ.. അമ്മയും പദ്മയും സ്നേഹിക്കുന്നില്ലേ.. ഞങ്ങൾ ഉണ്ടെന്നുള്ള തോന്നൽ നിന്റെയുള്ളിൽ തന്നെ ഉള്ളതുകൊണ്ടല്ലേ ഒരു പ്രശ്നം വന്നപ്പോൾ ഓടി ഇങ്ങോട്ടേക്കു തന്നെ വരാൻ തോന്നിയത്.. ഇങ്ങനെയൊന്നും പറയരുത് മോളേ.. നിന്നോട് ഞങ്ങൾക്ക് ക്ഷമിക്കാൻ സാധിച്ചില്ലെങ്കിൽ വേറെ ആർക്കാ അതിനു കഴിയുക.. ഇങ്ങനെ കരയല്ലേ.. അച്ഛനിതു കണ്ടു നിൽക്കാൻ കഴിയുന്നില്ല”.. അച്ഛൻ ഹിമയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞൊഴുകി.. ഒപ്പം കണ്ടു നിന്ന അമ്മയും പദ്മയും കരഞ്ഞു.. പദ്മ കണ്ണു തുടയ്ക്കുന്നത് കണ്ടപ്പോൾ മിന്നു കാലിൽ കെട്ടിപ്പിടിച്ചു നിന്നു.. ഇടയ്ക്കിടെ മുഖത്തേക്ക് വിഷമത്തോടെ നോക്കി.. കരച്ചിൽ നിന്നോന്ന് അറിയാൻ..
“എന്റെ കുഞ്ഞിനെ ഞാൻ കൊന്നിട്ടില്ല അച്ഛാ.. അച്ഛനെങ്കിലും വിശ്വസിക്കുമോ എന്നെ.. എനിക്ക് അറിയില്ലായിരുന്നു ഞാൻ പ്രെഗ്നന്റ് ആണെന്ന്.. സത്യമായും അറിയില്ലായിരുന്നു.. ആരുമെന്നെ വിശ്വസിക്കുന്നില്ല അച്ഛാ.. വിഷ്ണുവേട്ടൻ പോലും”.. ഹിമ അച്ഛന്റെ നെഞ്ചിൽ മുഖമുരുട്ടി കരഞ്ഞു പറഞ്ഞു.. ആ അച്ഛന് അതൊരു പുതിയ അറിവായിരുന്നു, ഒപ്പം ആ അമ്മയ്ക്കും.. അച്ഛൻ വിഷ്ണുവിനെ ഒന്ന് നോക്കി.. എല്ലാം കേട്ട് മുഖം കുനിച്ചിരുപ്പാണ്.. അമ്മ പദ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു വിതുമ്പി .. അച്ഛൻ ഹിമയുടെ മുടിയിൽ മെല്ലെ തലോടിയിരുന്നു.. കണ്ണു രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്.. ഒന്നും മിണ്ടാനാവാതെയിരുന്നു ആ മനുഷ്യൻ.. ഹിമയുടെ കരച്ചിൽ മാത്രമാണ് ആ മുറിയിൽ കേൾക്കാൻ സാധിച്ചത്.. ആ അച്ഛൻ തളർന്നു പോയിരുന്നു ആ വീട്ടിലെ ബാക്കി മൂന്നു പെണ്ണുങ്ങളും കണ്ണുനീർ നിയന്ത്രിക്കാനും പാടുപെട്ടു…
“ഞാൻ അത്രയ്ക്ക് ക്രൂരയാണോ അച്ഛാ.. എന്റെയും കൂടി കുഞ്ഞല്ലേ അത്.. ഞാൻ അങ്ങനെ ചെയ്യില്ലെന്ന് പറയ് അച്ഛാ വിഷ്ണുവേട്ടനോട്”.. ഹിമ ഏങ്ങലടിച്ചു കരഞ്ഞു പറയുകയാണ്.. അനങ്ങാതെ എല്ലാം കേട്ടിരിക്കുന്ന വിഷ്ണുവിനെ ഹരിയൊന്നു നോക്കി.. കണ്ടു നിൽക്കാൻ ഹരിക്കു പോലുമായില്ല.. ഹിമയുടെ അടുത്തേക്ക് പോകാൻ തുടങ്ങുമ്പോഴേക്കും മാധവൻ ഹിമയുടെ രണ്ടു കയ്യിലും പിടിച്ചു എഴുന്നേൽപ്പിച്ചു.. മുഖം കുനിച്ചു നിന്ന് എങ്ങലടിക്കുകയാണ്.. ചേർത്തു പിടിച്ചുകൊണ്ടു വിഷ്ണുവിനരികിൽ കൊണ്ടു നിർത്തി..
“മതിയെടോ വിഷ്ണൂ.. ഇനിയും ഈ കണ്ണുനീർ സഹിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല… ക്ഷമിച്ചുകൂടെ”..
തലയും കുനിച്ചു മാധവനൊപ്പം നിൽക്കുന്ന ഹിമയെ കയ്യിൽ പിടിച്ചു വലിച്ചു മുറുക്കി നെഞ്ചിലേക്ക് ചേർത്തു വിഷ്ണു.. രണ്ടാളും ഒരേപോലെ കരഞ്ഞു.. “എന്നെ വേണ്ടെന്ന് വെക്കുവാണോ വിഷ്ണുവേട്ടാ”.. കരയുന്നതിന് ഇടയിലും ഹിമ ചോദിച്ചു.. ഇല്ലെന്ന് വിഷ്ണു തലയാട്ടി..
“നീയല്ലേ എന്നെ വേണ്ടെന്ന് വെച്ചു പോകാനൊരുങ്ങിയേ.. നിനക്ക് എങ്ങനെ തോന്നി അങ്ങനെയൊക്കെ ചെയ്യാൻ”.. കഴുത്തിൽ കൂടി കയ്യോടിച്ചു വിഷ്ണു ചോദിച്ചു..
“ഞാൻ പിന്നെ എന്തു ചെയ്യണം.. എന്നെ കാണണ്ടന്നു പറഞ്ഞില്ലേ.. വിളിക്കരുതെന്ന് പറഞ്ഞില്ലേ.. വെറുപ്പാണെന്ന് പറഞ്ഞില്ലേ.. എല്ലാമൊന്ന് പറയാൻ എത്ര തവണ വിളിച്ചു.. ബ്ലോക്ക് ചെയ്തില്ലേ.. ഓഫീസിൽ വന്നില്ലേ ഞാൻ.. കാണാൻ തയ്യാറായോ എന്നെ.. വിഷ്ണുവേട്ടന് വേണ്ടാന്നു വെക്കുന്നതിനു മുന്നേ സ്വയം അവസാനിപ്പിക്കാൻ നോക്കിയതാ ഞാൻ.. പക്ഷേ..”
മറ്റുള്ളവർ നിൽപ്പുണ്ടെന്ന കാര്യമെല്ലാം അവർ രണ്ടാളും മറന്നു പോയിരുന്നു.. പരസ്പരം തെറ്റുകുറ്റങ്ങൾ പറഞ്ഞു തീർക്കാൻ മത്സരിക്കുകയായിരുന്നു.. പ്രശ്നങ്ങൾ ഒന്ന് അയഞ്ഞുവെന്ന് തോന്നിയപ്പോൾ അവരെ രണ്ടാളെയും തനിച്ച് വിട്ടു ഓരോരുത്തർ ആയിട്ട് അവിടെ നിന്നും മാറി.. അമ്മയെ വിഷ്ണുവിന്റെ അമ്മ ഓരോന്നും പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്.. ഹിമ മാത്രമല്ല വിഷ്ണുവും തെറ്റുകാരനാണെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു.. ആരെയും കുറ്റപ്പെടുത്താനും മോശമാക്കാനും നിന്നില്ല.. എങ്കിലും ആ കുഞ്ഞ് രണ്ട് അമ്മമാർക്കും ഒരു നൊമ്പരം തന്നെയായിരുന്നു.. അച്ഛൻ ആശ്വാസത്തോടെ മാധവനെ നോക്കി.. ഞാൻ പറഞ്ഞില്ലേ ഒന്നുമില്ലെന്ന് എന്നുള്ള ഭാവമായിരുന്നു ആ മുഖത്ത്..
റൂമിൽ വിഷ്ണുവിന്റെ കൈകൾക്കുള്ളിൽ നിൽക്കുന്ന ഹിമ അയാളുടെ മുഖത്തേക്ക് നോക്കി.. “വിഷ്ണുവേട്ടന് തോന്നുന്നുണ്ടോ നമ്മുടെ കുഞ്ഞിനെ ഞാൻ ഇല്ലാണ്ടാക്കുമെന്ന്”..
ഒന്നും മിണ്ടാതെ നിൽക്കുന്ന വിഷ്ണുവിനോട് വീണ്ടും ചോദിച്ചു “ഉണ്ടോ” ന്ന്…
“ആദ്യം കേട്ടപ്പോൾ അങ്ങനെ ഒന്നും തോന്നിയില്ല.. പക്ഷേ പിന്നീട് സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ ഞാനും അങ്ങനെ ചിന്തിച്ചു.. ആരായാലും അങ്ങനെയല്ലേ ചിന്തിക്കൂ”..
“വിഷ്ണുവേട്ടൻ എന്നോടായിരുന്നില്ലേ ചോദിക്കേണ്ടിയിരുന്നത്.. മറ്റൊരാളോട് എന്നെക്കുറിച്ച് ചോദിച്ചാൽ കേൾക്കുന്നത് അത്ര നല്ലതായിരിക്കണമെന്നില്ല.. പ്രത്യേകിച്ച് ഓഫീസിൽ.. അവിടെ എന്നോട് സ്നേഹവും നന്ദിയുമുള്ളവർ വളരെ ചുരുക്കമാണ്”..
“ചുറ്റും ശത്രുക്കളെ വളർത്തുന്ന ഒരു ജോലി എന്തിനാണ് നിനക്ക്.. അവിടെ എന്തു സന്തോഷം ആണ് നിനക്ക് ലഭിച്ചത്”..
“എന്റെ വിവാഹം കഴിഞ്ഞത് പോലും ഒന്നോ രണ്ടോ പേരോട് അല്ലാതെ വേറെ ആരോടും ഞാൻ പറഞ്ഞിരുന്നില്ല.. അതൊരു കോമ്പറ്റീഷൻ ഫീൽഡ് ആണ് വിഷ്ണുവേട്ടാ.. ആ ഒരു മത്സരം ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു .. ഓരോ വിജയവും കയ്യെത്തി പിടിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇപ്പുറത്തെ വശത്തു കൂടി എന്റെ ജീവിതം കൈവിട്ടു പോകുകയാണെന്ന്.. സത്യമായിട്ടും ഞാൻ അറിഞ്ഞിരുന്നില്ല.. ഓഫീസിൽ തലചുറ്റി വീണു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു .. ഡിസ്ചാർജ് ആയതിനു ശേഷമാണ് അറിഞ്ഞത് ഞാൻ പ്രെഗ്നന്റ് ആയിരുന്നുവെന്നും…….. ആരെങ്കിലും എന്തെങ്കിലുമൊന്ന് വിളിച്ചു പറഞ്ഞാൽ തീരുന്നതേയുള്ളോ എന്നോടുള്ള വിശ്വാസം.. എന്നെ ഹോസ്പിറ്റലിൽ എത്തിച്ചവരുടെ കൂടെയുള്ള ആരോ ഒരാൾ ഒരു സൈൻ ഇട്ടൂന്ന് വെച്ച് അയാളെന്റെ ഭർത്താവ് ആകുമോ.. എന്നെ വിളിച്ചു എന്തൊക്കെയാ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ.. ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും മനസ്സ് കാട്ടാതെ നമ്മുടെ കുഞ്ഞിനെ കൊന്നവൾ ആക്കിയില്ലേ എന്നെ”.. വീണ്ടും കണ്ണു നിറച്ചു..
“അങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആരാണെങ്കിലും അങ്ങനെ ഒക്കെയേ ചിന്തിക്കൂ.. പ്രത്യേകിച്ച് നിനക്ക് ആരെക്കാളും വലുത് നിന്റെ ജോബ് ആണ്.. നിന്റെ മാത്രം സന്തോഷം ആണ്.. അങ്ങനെയുള്ള നീയത് ചെയ്യുമെന്ന് ഞാൻ വിചാരിച്ചതിൽ തെറ്റുണ്ടോ”..
“വിഷ്ണുവേട്ടൻ എനിക്കൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ വിചാരിച്ചത്.. ഈ മനസ്സിൽ വേറെന്തൊക്കെയോ ആണെന്ന് ഞാൻ അറിയാതെ പോയി.. എനിക്ക് എന്റെ തെറ്റ് മനസ്സിലാക്കാൻ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്തേണ്ടി വന്നു.. ആരുമൊന്ന് ആശ്വസിപ്പിക്കാനില്ലാതെ എത്ര ദിവസം ആ ഫ്ലാറ്റിൽ കഴിഞ്ഞെന്നറിയുമോ.. ആരുമില്ലാത്തതിന്റെ വേദന ഞാൻ ശരിക്കും അറിഞ്ഞു.. വിഷ്ണുവേട്ടനേക്കൂടി നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.. എല്ലാം ഉപേക്ഷിച്ചു വന്നതാണ് ഞാൻ.. എനിക്ക് ആദ്യം ബോധിപ്പിക്കേണ്ടത് ഏട്ടനെയായിരുന്നു.. പക്ഷേ.. എന്നെയൊന്നു കാണാൻ കൂട്ടാക്കിയോ.. പിന്നെ ചാകുവല്ലാതെ ഞാൻ വേറെന്ത് ചെയ്യണം.. അവിടെ എന്റെ കുഞ്ഞെങ്കിലും ഉണ്ടാവില്ലേ എന്റെ കൂടെയെന്നു കരുതി”..
ഹിമയെ ഒന്നുകൂടി വിഷ്ണു ചേർത്തു പിടിച്ചു… “സോറി വിഷ്ണുവേട്ടാ സോറി.. തെറ്റ് മുഴുവൻ എന്റെയാണ്.. എനിക്ക് ജീവിക്കണം ഏട്ടന്റെ കൂടെ.. മുഴുവൻ സ്നേഹവും തന്ന്.. ക്ഷമിച്ചുകൂടെ എന്നോട്.. ഞാൻ പദ്മയെപ്പോലെ ആകാൻ കഴിവതും ശ്രമിക്കാം”..
“അപ്പോൾ ഞാൻ മാധവൻ ആകാൻ ശ്രമിക്കണ്ടേ.. എനിക്ക് പദ്മയെ അല്ല വേണ്ടത് ഹിമയെ ആണ്.. പദ്മ അമ്മയോട് കാട്ടുന്ന സ്നേഹം ആണ് ഞാൻ ശ്രദ്ധിച്ചത്.. അല്ലാതെ………….. പിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് പദ്മയെ.. നിന്നെ കിട്ടാത്തതിലുള്ള വാശി മുഴുവൻ തീർത്തത് ആ പാവത്തിന്റെ മേലെയാണ്.. അതിന്റെ കുറ്റബോധം ഇപ്പോഴുമുണ്ട്.. നമുക്ക് പദ്മയും മാധവനും ഒന്നും ആകേണ്ട പുതിയൊരു വിഷ്ണുവും ഹിമയും ആയാൽ മതി.. പോരേ”.. വിഷ്ണു ഹിമയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
മ്മ്..
മിന്നുവിന്റെ വലിയവായിലെയുള്ള കരച്ചിൽ കേട്ട് ഹിമയും വിഷ്ണുവും അങ്ങോട്ടേക്ക് ചെന്നു.. താഴെ വീണു കിടക്കുന്ന പദ്മയുടെ അടുത്തിരുന്നു കരയുവാണ് മിന്നു.. എല്ലാവരും ഓടി വന്നു മാധവൻ ഒഴികെ.. ഹിമ പദ്മയുടെ തലയെടുത്തു മടിയിൽ വെച്ചു കവിളിൽ കൊട്ടി വിളിച്ചു.. അപ്പോഴേക്കും മിന്നു പോയി മാധവനെ കൂട്ടിക്കൊണ്ടു വന്നു.. പദ്മയുടെ അനങ്ങാതെയുള്ള കിടപ്പ് കണ്ടപ്പോഴേ മാധവന്റെ ചങ്കിടിപ്പ് നിന്നത് പോലെ തോന്നി.. എടുത്തു നെഞ്ചിലേക്ക് ചേർത്തു വെച്ചു വിളിച്ചു.. കയ്യെടുത്തു നെഞ്ചിൽ വെപ്പിച്ചത് ഊർന്നു താഴേക്ക് പോയി.. അമ്മ വന്നു വെള്ളം മുഖത്തേക്ക് കുടഞ്ഞു.. അനക്കം കാണാഞ്ഞപ്പോൾ മാധവൻ ഒന്നുകൂടി ഭയന്നു.. നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കണ്ണു നിറഞ്ഞൊഴുകി.. കരഞ്ഞുകൊണ്ട് നിൽക്കുന്ന മിന്നുവിനെ ഹിമ കയ്യിലെടുത്തു ആശ്വസിപ്പിച്ചു.. വിഷ്ണു കാറെടുക്കാൻ വെളിയിലേക്ക് പോകാൻ തുടങ്ങിയതും ഹിമ തടുത്തു.. എന്നിട്ട് പദ്മയെ നോക്കി ഒന്നാശ്വസിച്ചു..
“കരയല്ലേ മാധവാ.. എനിക്കൊന്നുമില്ല”.. പദ്മയുടെ പതുപതുത്ത ശബ്ദം മാധവന്റെയുള്ളിലെത്തി.. മാധവൻ ഒന്നുകൂടി ഇറുക്കി പൊതിഞ്ഞു പിടിച്ചു പദ്മയെ..
“ഈ ചെക്കൻ ചുമ്മാ മനുഷ്യനെ പേടിപ്പിക്കുവല്ലോ.. ഒന്നു മാറിക്കേ.. അവളെയൊന്നു കാണട്ടെടാ”.. വിഷ്ണുവിന്റെ അമ്മ മാധവന്റെ തോളിൽ അടി കൊടുത്തു പറഞ്ഞു.. മാധവൻ എഴുന്നേൽക്കുന്നതിനൊപ്പം അവളെയും പിടിച്ചെഴുന്നേൽപ്പിച്ചു ചെയറിൽ ഇരുത്തി.. അമ്മ വെള്ളമൊക്കെ കുടിക്കാൻ കൊടുത്തു.. ഹിമയുടെ കയ്യിൽ കരഞ്ഞുകൊണ്ടിരിക്കുന്ന മിന്നുവിനെ കയ്യാട്ടി അടുത്തേക്ക് വിളിച്ചു.. മിന്നു ഊർന്നിറങ്ങി അവൾക്കരികിൽ ചെന്നു കെട്ടിപ്പിടിച്ചു.. “അമ്മയ്ക്കെന്താ പറ്റിയെ.. മിന്നു പേടിച്ചു പോയി”.. അവളുടെ പറച്ചിൽ കേട്ട് പദ്മ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു..
എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും അമ്മമാരുടെ മുഖം മാത്രം തെളിഞ്ഞാണ് ഇരുന്നത്.. അച്ഛനും ഹിമയും അമ്മയുടെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന അവരോടായി അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു “ചിലപ്പോൾ ആയിരിക്കാം”..
മനസ്സിലാകാതെ നിൽക്കുന്ന മാധവനോടും വിഷ്ണുവിനോടും ഒക്കെയായി അമ്മ പറഞ്ഞു “മിന്നൂട്ടിക്ക് ഒരു ഇളയത് വരുന്നുണ്ടാവും.. അതിന്റെ ലക്ഷണം ആണെന്ന് തോന്നുന്നു”
എല്ലാവരും ഒരേപോലെ പദ്മയെ നോക്കി.. കൂടെ മിന്നുവും.. ആരെയുമൊന്ന് നോക്കാൻ പദ്മയ്ക്കായില്ല.. മാധവനെ കണ്ണുനിറയെ കാണണം എന്നുണ്ടായിരുന്നു.. ചുറ്റും ഉള്ളവരുടെ നോട്ടം എല്ലാം മറികടന്നു അങ്ങോട്ടേക്ക് നോക്കാൻ സാധിക്കുന്നില്ല.. പക്ഷേ തന്റെ വിരലുകളിൽ മുറുകുന്ന ആ കൈകളിൽ ഉണ്ട് പറയാൻ ഉള്ളതെല്ലാം.. കുറച്ചു ദിവസമായി ഒരു സംശയം ഉണ്ടായിരുന്നു.. ആദ്യം മാധവനോട് പറയണം.. ആ സന്തോഷം കാണണം.. തരുന്ന ഉമ്മകൾ എല്ലാം വാങ്ങണം.. മിന്നൂട്ടന്റെ മുഖം വിടരുന്നത് കാണണം എന്നൊക്കെ ആഗ്രഹിച്ചതാണ്.. എല്ലാം കളഞ്ഞു.. ശ്ശേ..
പെട്ടെന്ന് എന്തോ ഓർത്തത് പോലെ പദ്മ ഹിമയെ നോക്കി.. വിഷ്ണുവിനൊപ്പം നിൽക്കുവാണ്.. ചിരി ചുണ്ടിൽ ഉണ്ടെങ്കിലും കണ്ണിൽ നിറയെ എന്തോ നഷ്ടബോധം ആണ്.. പദ്മയുടെ സന്തോഷം എങ്ങോ പോയി… ഹിമ അടുത്തേക്ക് വന്നു കവിളിൽ ഉമ്മ വെച്ചു കൺഗ്രാറ്റ്സ് ന്ന് പറഞ്ഞു.. കേട്ടപ്പോൾ സന്തോഷത്തിനേക്കാൾ ഏറെ സങ്കടം ആണ് തോന്നിയത്.. “രണ്ടാളും സമയം കളയാതെ ഹോസ്പിറ്റലിൽ പോകാൻ നോക്ക്”.. അമ്മ മാധവനോട് പറഞ്ഞു..
“മിന്നൂട്ടൻ കോളടിച്ചല്ലോ.. ചേച്ചി ആയില്ലേ.. ഉടനെ ഒരു കുഞ്ഞാവ വരൂല്ലോ”.. പദ്മയുടെ നെഞ്ചിൽ ചേർന്നിരിക്കുന്നവളുടെ താടിയിൽ പിടിച്ചു വിഷ്ണുവിന്റെ അമ്മ പറഞ്ഞു.. അമ്മയുടെ കൈ തട്ടി മാറ്റി..
“കുഞ്ഞാവയെ എനിക്ക് വേണ്ടാ.. വേണ്ടാ അമ്മേ.. എനിച്ചിഷ്ടവില്ല”.. മിന്നു പദ്മയുടെ മടിയിൽ നിന്നും ചാടിയിറങ്ങി പദ്മയോടായി പറഞ്ഞു.. “ഞാനും അച്ഛനും അമ്മയും മാത്രം മതി.. കുഞ്ഞാവ വേണ്ടമ്മേ”.. കണ്ണു നിറച്ചു പറയുന്നവളെ നോക്കിയിരുന്നു പദ്മ.. എല്ലാവരുടെയും മുഖത്തെ തെളിച്ചം എങ്ങോട്ടോ പോയി.. എല്ലാവരും അവളെയാണ് നോക്കുന്നതെന്നറിഞ്ഞപ്പോൾ മിന്നു ഓടി വീട്ടിലേക്ക് പോയി.. പദ്മയുടെ കയ്യിൽ മുറുകിയിരുന്ന മാധവന്റെ കൈ അയഞ്ഞു.. പിന്നെ പിടി വിട്ടു മിന്നുവിന് പിന്നാലേ പോയി.. പദ്മയുടെ നെഞ്ച് ഒന്നിടിച്ചു നിന്നു.. അങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് ഏവരുടെയും മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.. ഒന്ന് എഴുന്നേൽക്കാൻ പോലും ശക്തിയില്ലാതെ പദ്മ ഇരുന്നു.. പെട്ടെന്ന് ഒറ്റയ്ക്കായത് പോലെ.. രണ്ടു വശത്തും ഉണ്ടായിരുന്ന ശക്തികൾ പെട്ടെന്ന് ഇല്ലാതായത് പോലെ..
♥️ഉടനെ വരും ♥️

by