22/04/2026

നിനക്കായ് : ഭാഗം 51

രചന – കണ്ണന്റെ മാത്രം

എന്തിനാ വല്യേട്ടായിടെ കുഞ്ഞിപെണ്ണ് കരയുന്നത്. നിന്റെ കണ്ണ് നിറയുന്നത് കാണാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ ഇതൊക്കെ ചെയ്യ്തത്  എന്നിട്ടും നീ കരയാണോ..

എല്ലാവരും എന്താ സംഭവം എന്നറിയാതെ പരസ്പരം നോക്കി ഇരിക്കുന്ന സമയത്താണ് അടുത്തടുത്തായി ഇരിക്കുന്ന ജോണിന്റെയും മാത്യുവിന്റെയും മുന്നിൽ ആയി ക്രിസ്റ്റി മുട്ടുകുത്തിയിരുന്നത്. രണ്ടുപേരും എന്താ നിലയിൽ അവനെ നോക്കി.

ഞാൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞ് വന്നിട്ട് ഇത് പറയണം എന്നാണ് വിചാരിച്ചത് പക്ഷേ എന്തോ ദിയയുടെ നിറഞ്ഞ കണ്ണുകൾ എന്നെ വേദനിപ്പിച്ചു. അവളോട്‌ എന്റെ ഇഷ്ടം അറിയിച്ചത് കൊണ്ട് നിങ്ങളോടും പറയണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. എനിക്ക് ദിയയെ ഇഷ്ടം ആണ് ദിയക്ക് എന്നെയും.. ക്രിസ്റ്റി പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും ഞെട്ടികൊണ്ട് അവരെ രണ്ടുപേരെയും നോക്കി. അലനും ഏദനും മാത്രം ക്രിസ്റ്റിക്കും ഇഷ്ടമാണ് എന്ന് പറഞ്ഞത് ആണ് ഞെട്ടിച്ചത്. ബാക്കി അവർക്ക് അറിയുന്ന കാര്യം അല്ലായിരുന്നോ..

ഏഹ്ഹ് ഇതൊക്കെ എപ്പോ… എബി അത്ഭുതപ്പെട്ടുകൊണ്ട് ചോദിച്ചു.

അവള് ഒരു എട്ടാംക്ലാസ് മുതൽ അങ്ങേരെ വായിനോക്കുന്നുണ്ട്. പോയി ഇഷ്ടം പറഞ്ഞപ്പോ പോയി ഇരുന്ന് പഠിക്കാൻ പറഞ്ഞ് ഓടിച്ചു. പക്ഷേ എനിക്കതല്ല അറിയാത്തത് അങ്ങേര് എപ്പോ നിന്നോട് ഇഷ്ടം പറഞ്ഞെടി.. അലൻ വലിയ കാര്യം പോലെ പറഞ്ഞുകൊണ്ട് ദിയയെ തോണ്ടി.

അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ എട്ടാം ക്ലാസ്സ്‌ മുതലോ…

എൽസി വന്ന് ദിയയെ തൊണ്ടികൊണ്ട് നിക്കുന്ന അലന്റെ ചെവിയിൽ പിടിച്ചു.
ഡാ.. അവൾക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ അത് പറഞ്ഞു തിരുത്തുകയല്ലേ വേണ്ടത്. അവൾ കുഞ്ഞല്ലേ ആയിരുന്നേ..

അതിപ്പോ എന്തിനാ ഞങ്ങൾ പറഞ്ഞ് തിരുത്തുന്നത്. ലവള് ഇഷ്ടം പറഞ്ഞപ്പോ തന്നെ അങ്ങേര് പറഞ്ഞത് നീ കുട്ടിയാണ് എന്നാണ്. എന്നിട്ടും അവള് അങ്ങേരുടെ പിന്നാലെ ഉള്ള നടത്തം നിർത്തിയില്ലല്ലോ. അതുമാത്രം അല്ല ഞങ്ങള് അങ്ങേരെ കുറിച്ച് നന്നായി അന്വേഷിച്ചു. ഞങ്ങളുടെ അളിയൻ ആകാനുള്ള എല്ലാ ക്വാളിഫിക്കേഷനും അങ്ങേർക്ക് ഉണ്ടായിരുന്നു… അലൻ എൽസിയുടെ കൈയിൽ നിന്നും വിദഗ്ധമായി മാറിക്കൊണ്ട്  ക്രിസ്റ്റിയെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു. ക്രിസ്റ്റി മിഴിഞ്ഞ കണ്ണോടെ അവരെ നോക്കി.

ദിയക്ക് എല്ലാവരുടെയും മുഖത്തേക്ക് നോക്കാൻ പറ്റാതെ ഒന്നുകൂടി ഡേവിയുടെ നെഞ്ചിലേക്ക് പതുങ്ങി.

ഹഹഹ.. അതെന്തായാലും കലക്കി. എന്നാലും എന്നാടാ കൊച്ചനെ നീ ഞങ്ങടെ കൊച്ച് വന്ന് ഇഷ്ടം പറഞ്ഞപ്പോ ഇങ്ങനെ മടക്കി പറഞ്ഞയച്ചത്… വല്യമ്മച്ചി ചോദിച്ചു.

അത് വല്യമ്മച്ചി അന്ന് ഞാൻ പഠിക്കല്ലേ. അവളും കുഞ്ഞാണ്. അപ്പച്ചന്റെ കാശിന് പഠിച്ചുകൊണ്ടിരിക്കുന്ന ഞാൻ എന്ത് ഉറപ്പിൽ ആണ് അവളോട്‌ ഇഷ്ടം തിരിച്ച് പറയുന്നത്. പിന്നെ ആ സമയത്ത് അങ്ങനെ ഒരിഷ്ടം എനിക്കില്ലായിരുന്നു. പിന്നെ അങ്ങനെ ഒരിഷ്ടം വന്നപ്പോഴും പഠിപ്പ് കഴിഞ്ഞ് ഒരു ജോലിപോലും ആകാതെ ഞാൻ എങ്ങനെയാ ഇഷ്ടം തിരിച്ച് പറയുന്നത്. ഇപ്പൊ അങ്ങനെ അല്ലല്ലോ. എനിക്കൊരു പ്രൊഫഷൻ കൈയിൽ ഉണ്ടല്ലോ. അതാ അളിയൻ ചോദിച്ചപ്പോ ഞാൻ എന്റെ ഇഷ്ടം സമ്മതിച്ചത്.

കൊട്ടാരത്തിൽക്കാർ എല്ലാവർക്കും ക്രിസ്റ്റിയുടെ സംസാരം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. മാത്യുവിനും മേരിയമ്മക്കും തങ്ങളുടെ മകന്റെ കാര്യപ്രാപ്തിയെ ആലോചിച്ച് അഭിമാനം തോന്നി..

ഏഹ്ഹ് അപ്പൊ ഇച്ചായനും അറിയാമായിരുന്നോ… എബി മിഴിഞ്ഞ കണ്ണോടെ ചോദിച്ചു.

അന്ന് ക്രിസ്റ്റിയുടെ റിസൾട്ട്‌ വന്നില്ലേ അന്നാണ് ഞാൻ അറിഞ്ഞത്. ഈ മൂന്നെണ്ണവും നിന്ന് വർത്തമാനം പറയുന്നത് കേട്ടു. പിറ്റേന്ന് ജോലിക്ക് വന്ന ഇവനോട് ചോദിച്ചപ്പോ ചെക്കനും താൽപ്പര്യം തന്നെ. അന്നേ ഞാൻ ഉറപ്പിച്ചു ഇവൻ തന്നെ എന്റെ അളിയൻ എന്ന്…

അത് നിങ്ങൾ പത്തുകൊല്ലം മുൻപേ ഉറപ്പിച്ചതല്ലേ മനുഷ്യാ… എബി ഡേവിയോട് പിറുപിറുത്തു. ഡേവി അതിന് അവനെ നോക്കി ഒന്ന് ഇളിച്ചുക്കാട്ടി. പക്ഷേ രണ്ടാളും അവരുടെ പിന്നിലായി നിൽക്കുന്ന അലനെ കണ്ടിരുന്നില്ല. എബിയുടെ പിറുപിറുപ്പും ഡേവിയുടെ ഇളിയും കണ്ട അവന്റെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി.

അപ്പൊ എങ്ങനെയാ പിള്ളേരെ ഇതങ്ങോട്ട് ഉറപ്പിക്കല്ലേ… വല്യമ്മച്ചി ജോണിനെയും മാത്യുനെയും നോക്കി ചോദിച്ചു.

മാത്യു മേരിയമ്മയെയും മാർക്കോസിനെയും ജെനിയെയും ഒന്ന് നോക്കി. മൂന്നാളും ഒരുപോലെ ചിരിയോടെ തലയാട്ടി. അതുപോലെ ജോൺ റീനാമ്മയെയും തന്റെ അനിയന്മാരെയും ഒന്ന് നോക്കി. അവരും ഒരു ചിരിയാൽ അവരുടെ സമ്മതം അറിയിച്ചു. അതോടെ രണ്ട് കൂട്ടരും വല്യമ്മച്ചിയെ നോക്കി സമ്മതം അറിയിച്ചു

എന്തോ പറയാൻ തുടങ്ങിയ മറിയയെ രൂക്ഷമായ ഒരു നോട്ടം കൊണ്ട്‌ പിടിച്ചുനിർത്തി ലിസമ്മ. അതോടെ അവർ ഇഷ്ടക്കേടോടെ ഒന്നും മിണ്ടാതെ ഇരുന്നു.

ദേ ദിയ മോളെ പഠിപ്പ് ഒഴപ്പിയാൽ വല്യേട്ടായിടെ വിധം മാറും കേട്ടോ. നന്നായി പഠിച്ച് നല്ലൊരു ജോലി ഒക്കെ വാങ്ങുമ്പോഴേക്കും എന്റെ അളിയനും ഒന്ന് സെറ്റ് ആവും അല്ലേടാ.. ഡേവി ക്രിസ്റ്റിയെ നോക്കികൊണ്ട്‌ ചോദിച്ചു.

ക്രിസ്റ്റി അതിന് ഒന്ന് തലയാട്ടികൊണ്ട്‌ അലന്റെയും ഏദന്റെയും അടുത്തേക്ക് പോയി.. എന്നാലും നീയൊക്കെ കൂടി എന്നെ സ്കെച്ച് ഇട്ടത് ഞാൻ അറിഞ്ഞില്ലല്ലോടാ.. ക്രിസ്റ്റി അവരെ രണ്ടാളെയും നോക്കി കൊണ്ട് ചോദിച്ചു.

അത് പിന്നെ അളിയാ ഞങ്ങൾ അവളെ പറഞ്ഞുമനസിലാക്കാൻ നോക്കി പക്ഷേ അവള് സീരിയസ് ആയിരുന്നു. അപ്പൊ നിങ്ങൾ ഞങ്ങളുടെ പെങ്ങൾക്ക് ചേർന്നവൻ ആണോ എന്നറിയേണ്ടേ അതാ ഒന്ന് അന്വേഷിച്ചത്. ഞങ്ങൾ അന്വേഷിച്ച് ഒക്കെ പറഞ്ഞതിന് ശേഷം ആണ് അവൾ നിങ്ങളോട് വന്നു ഇഷ്ടം പറഞ്ഞത്… ഏദൻ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

കലക്കിയെടാ മക്കളെ. ഇപ്പൊ ആണ് എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നത്.. വല്യമ്മച്ചി രണ്ടാളെയും പ്രശംസിച്ചു.

അതേ ഒരു കാര്യം ഞാൻ പറയാം ഇവരുടെ ഒക്കെ കാര്യത്തിൽ കാണിക്കുന്ന ഈ മനോഭാവം ഞങ്ങളുടെ പ്രേമത്തിന്റെ കേസ് വന്നാലും ഞങ്ങൾ പ്രതീക്ഷിക്കുന്നു അല്ലേടാ.. അലൻ ചിരിയോടെ പറഞ്ഞു.

എന്റെയും ആലി മോള് ഉറക്കെ പറഞ്ഞു.

നീ കൊള്ളാലോടി കാന്താരി ആദ്യം നിന്റെ തലയിൽ നിന്ന് ആ മുട്ടത്തോട് ഒന്ന് പോകട്ടെ… ഏദൻ അവളുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു.

ആഹാ അതെന്ത് കണക്കാ.. ദിയേച്ചി വായിനോക്കിയ പ്രായം വച്ച് ഞാൻ ഏജ് ഓവർ ആയി. ആഹ് എത്രയും പെട്ടന്ന് ഒരുത്തനെ സെറ്റ് ആക്കണം… ആലി ദീർഘനിശ്വാസത്തോടെ പറഞ്ഞു.

അവളുടെ സംസാരവും എക്സ്പ്രഷനും കണ്ടതും എല്ലാവരും ചിരിച്ചുപോയി.

അന്നത്തെ സായാഹ്നം വളരെ സന്തോഷത്തിൽ അവസാനിച്ചു എല്ലാവർക്കും. കൊട്ടാരത്തിൽക്കാരും മാത്യുവിന്റെയും മേരിയമ്മയുടെയും സഹോദരങ്ങൾ തിരികെപ്പോയി.  ഡേവി തറവാട്ടിൽ നിന്ന് അവന് ഡൽഹിക്ക് കൊണ്ടുപോകാനുള്ള ഡ്രെസ്സും മറ്റും എടുത്തിട്ട് വരാം എന്നും പറഞ്ഞ് അവരുടെ കൂടെ പോയി. ഇനി ക്രിസ്റ്റി പോകുന്നത് വരെ അവർ ഇവിടെ ഉണ്ടാവും. ക്രിസ്റ്റിയെ ആക്കി തിരിച്ചുവന്നിട്ടെ അവർ ഇനി തറവാട്ടിലേക്ക് പോകുന്നുള്ളൂ.

മാത്യൂസും മേരിയമ്മയും കുഞ്ഞിപ്പെണ്ണും കൂടി രാത്രി അവൾക്ക് കിടക്കാൻ ഉള്ള തൊട്ടിൽ കെട്ടിക്കൊണ്ടിരിയ്ക്കാണ് ജെനിയുടെ റൂമിൽ. ഇന്നലെ രാത്രി തന്നെ ഡേവി താഴെ ആണ് കിടന്നത് എന്ന് കേട്ടപ്പോൾ മാത്യൂസ് ഉറപ്പിച്ചത് ആയിരുന്നു മോൾക്ക് ഒരു തൊട്ടിൽ കേട്ടണം എന്ന്. കുഞ്ഞിപ്പെണ്ണിന് ഇന്നലെ വന്നപ്പോ മാത്യൂസിനോടും മേരിയമ്മയോടും ഒരു അകൽച്ച ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഫുൾ ടൈം അവരുടെ ഒപ്പം ആണ്.

ജെനി പുറത്ത് ഇരുട്ടിലേക്ക് നോക്കി വെറുതെ ഇങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ മടിയിലേക്ക് തല വച്ചു ക്രിസ്റ്റി വന്നുകിടന്നത്.

ഇച്ചേച്ചി…

എന്താടാ.. അവന്റെ മുടിയിലൂടെ തലോടികൊണ്ട് അവൾ വിളികേട്ടു.

ഇച്ചേച്ചിക്ക് സന്തോഷം അല്ലേ..അവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..

പിന്നെ എന്താ.. ഇച്ചേച്ചി ഒരുപാട് ഹാപ്പി ആണ്. അവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ല. അവിടെ എന്നെ സ്നേഹിക്കാൻ എത്ര പേരാ. എന്റെ മോള് അന്ന തറവാട്ടിലെ ബാക്കി ഉള്ളവർ പിന്നെ…

പിന്നെ.. ക്രിസ്റ്റി എടുത്ത് ചോദിച്ചു.

പിന്നെ നിന്റെ അളിയനും.. ജെനി നാണത്തോടെ എന്നാൽ ഒരു ചിരിയോടെ പറഞ്ഞു.

ഇച്ചേച്ചിക്ക് അളിയനെ ഇഷ്ടമാണോ. അതുപോലെ അളിയന് എങ്ങനെയാ..

ഇച്ചേച്ചിക്ക് ഇഷ്ടമാണോ എന്ന് എനിക്കറിയില്ല ഡാ. ഇഷ്ടമാണ് ആ ആളെ. അത് ഏത് രീതിയിൽ ഉള്ള ഇഷ്ടം ആണെന്ന് അറിയില്ല. പക്ഷേ ആൾക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്.

അതെന്താ അങ്ങനെ തോന്നാൻ…

എന്തോ അറിയില്ല.. ആളുടെ സംസാരത്തിലും നോട്ടത്തിലും എന്നെ കെയർ ചെയ്യുന്ന രീതിയിലും അത് ഇപ്പോൾ അല്ല കല്യാണം ഉറപ്പിച്ച് ആദ്യമായി ഞങ്ങൾ പുറത്തുപോയില്ലേ അന്ന് മുതൽ അങ്ങനെ ഒരു തോന്നൽ ഉണ്ട് എനിക്ക്.

മ്മ്.. എന്റെ ഇച്ചേച്ചിടെ ഉള്ളിലും അളിയൻ കയറിപ്പറ്റിയിട്ടുണ്ട് അപ്പൊ അല്ലേ. അല്ലാതെ ഇച്ചേച്ചി ഒരാളെ ഇതുപോലെ ശ്രദ്ധിക്കില്ലല്ലോ..

അതിന് അവൾ ചിരിച്ചതേ ഉള്ളൂ.

ഇച്ചേച്ചിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ദിയയുടെ കാര്യത്തിൽ.. അവൻ ആശങ്കയോടെ ചോദിച്ചു.

എന്തിന് ദേഷ്യം. ദേഷ്യം ഇല്ലാന്ന് മാത്രം അല്ല ഞാൻ വളരെ അഭിമാനിക്കുന്നു നീ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ. അത്രയും പക്വതയോടെഅല്ലേ നീ എല്ലാം ചെയ്യ്തത്. ഇച്ചേച്ചി നല്ല ഹാപ്പി ആണ്. ദിയ നല്ല കുട്ടിയാണ്. കുടുംബസ്നേഹം ഉള്ളകുട്ടിയാണ് എന്റെ മോന് ചേരും അവൾ.

അവർ ഇങ്ങനെ ഓരോന്നും പറഞ്ഞിരിക്കുന്ന നേരത്താണ് മാത്യൂസും മേരിയമ്മയും ജാനിമോളും കൂടി അങ്ങോട്ട് വന്നത്. ജെനിയുടെ മടിയിൽ കിടക്കുന്ന ക്രിസ്റ്റിയെ കണ്ടതും നമ്മുടെ ജാനിമോൾക്ക് കുശുമ്പ് വന്നു. അവൾ വേഗം മേരിയമ്മയുടെ കൈയിൽ നിന്നും ഊർന്നിറങ്ങി നേരെ ജെനിയുടെ മടിയിൽ കിടക്കുന്ന ക്രിസ്റ്റിയെ തള്ളിമാറ്റാൻ തുടങ്ങി..

ജാനിന്റെ അമ്മയാ.. പോ.. പോ..
ജാനി ക്രിസ്റ്റിയെ തള്ളിക്കൊണ്ട് പറഞ്ഞു.

അയ്യടാ ഇതേ എന്റെ ഇചേച്ചിയാ.. ഞാൻ മാറില്ല.. ക്രിസ്റ്റിയും അവളെ ശുണ്ഠിപിടിപ്പിക്കാൻ നോക്കി കൊണ്ടിരുന്നു.

ജാനിന്റെ അമ്മയാ.. ജാനി വിതുമ്പാൻ തുടങ്ങി.

ജെനി ഉടനെ മോളെ എടുത്ത് മടിയിൽ ഇപ്പുറത്തെ സൈഡിലേക്ക് ഇരുത്തിയിട്ട് പറഞ്ഞു..
അമ്മേടെ പൊന്ന് കരയല്ലേ. ഇത് പൊന്നിന്റെ ചാച്ചൻ അല്ലേ. അപ്പൊ ഇങ്ങനെ തള്ളാൻ പാടുണ്ടോ. ചാച്ചന് വേദന ആവില്ലേ..ചുണ്ടൊക്കെ ചുളുക്കി ജെനി ജാനിമോളോട് പറഞ്ഞു.

ആനോ.. വേന ആയോ. എന്നാ ഞാൻ സോയി പയ്യാം. അപ്പൊ വേന പോവോലോ… ജാനിമോൾ അതും പറഞ്ഞുകൊണ്ട് ക്രിസ്റ്റിയുടെ അടുത്ത് പോയി സോറി ഒക്കെ പറഞ്ഞു. അതോടെ ക്രിസ്റ്റി അവളെ പിടിച്ച് അവന്റെ നെഞ്ചിലേക്ക് ഇരുത്തി. പിന്നെ അവര് രണ്ടാളും കൂടി ആയിരുന്നു കളി. ജെനിയുടെ വീട്ടുകാർക്ക് ജാനിമോള് ജെനിയുടെ കുഞ്ഞ് തന്നെ ആയിരുന്നു.

ഡേവി വരുമ്പോൾ കാണുന്നത് ക്രിസ്റ്റിയുടെ നെഞ്ചിൽ ഇരുന്ന് അവനോട് എന്തൊക്കെയോ പറഞ്ഞ് കൊഞ്ചി ചിരിക്കുന്ന ജാനിമോളെയും അവളുടെ കളിക്ക് മുഴുവൻ നിക്കുന്ന ജെനിയെയും വീട്ടുകാരെയും ആണ്. ജാനി മോളെ അവർ സ്വന്തം പോലെ കരുതുന്നുണ്ട് എന്നത് അവന് മനസ്സ് നിറക്കുന്ന ഒന്നായിരുന്നു.

ഡേവിയുടെ കാർ വന്ന് നിൽക്കുന്നത് കണ്ടതും എല്ലാവരും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

എന്താ മോനെ വൈകിയത്.. മാത്യൂസ് ചോദിച്ചു.

നല്ല ട്രാഫിക് ആയിരുന്നു അപ്പച്ചാ.. ഡേവി അത് പറയുമ്പോഴേക്കും ക്രിസ്റ്റിയുടെ കൈയിൽ ഇരുന്ന ജാനിമോൾ ഡേവിയുടെ കൈയിലേക്ക് ചാടി..

അപ്പേടെ ചിങ്കാരി എന്ത് ചെയ്‌യായിരുന്നു. ചാച്ചന്റെ കൂടെ കളിച്ചായിരുന്നോ… അവൻ ജാനിമോളെ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു.

ആം.. മോള് തലയാട്ടികൊണ്ട് പറഞ്ഞു.

മോൻ വല്ലതും കഴിച്ചതാണോ.. മേരിയമ്മ ചോദിച്ചു.

ഇല്ല അമ്മച്ചി.. നല്ല വിശപ്പ്‌.

ആണോ.. ഭക്ഷണം തയ്യാറാണ്. അത്താഴം കഴിക്കാം നമുക്ക്. അതോ കുളിച്ചിട്ടാണോ…

കുളി പിന്നെ ആവാം അമ്മച്ചി ആദ്യം കഴിക്കാം…
അതോടെ എല്ലാവരും ഉള്ളിലേക്ക് പോയി.

…………..

ആൻസി മൊബൈലും നോക്കി കിടക്കുന്ന നേരത്താണ് ആൽവി വളരെ സന്തോഷത്തോടെ അവരുടെ റൂമിലേക്ക് വരുന്നത്.

ആൻസി.. അവൻ സന്തോഷത്തോടെ വിളിച്ചു.

എന്താ.. അവൾ വല്യ താല്പര്യമില്ലാതെ വിളികേട്ടു.

ചേട്ടായി തിങ്കളാഴ്ച്ച  എത്തുമെന്ന് പറഞ്ഞ് വിളിച്ചിരുന്നു…

ഏഹ്ഹ് സത്യം.. ആൻസി സന്തോഷത്തോടെ ചോദിച്ചു.

മ്മ്.. ഇപ്പൊ വിളിച്ചിരുന്നു അത് പറയാൻ. ചേട്ടായിക്ക് ഇവിടെ ഒരു ഫ്ലാറ്റ് ഉണ്ട്. അതൊന്നു ക്ലീൻ ആക്കി ഇടാൻ പറയാൻ വേണ്ടി വിളിച്ചതാണ്.

അതെന്താ നിന്റെ ചേട്ടായി നമ്മുടെ കൂടെ നിൽക്കില്ലേ..

ചേട്ടായി ഒറ്റക്ക് ആണെങ്കിൽ നിൽക്കുമായിരുന്നു ഇതിപ്പോ അങ്ങനെ അല്ലല്ലോ..

ഏഹ് പിന്നെ ആരാ നിന്റെ ചേട്ടായിടെ കൂടെ..

അങ്ങേരുടെ ഭാര്യ ഉണ്ട് കൂടെ..

ഭാര്യയോ.. അതിന് ആൽഫ്രഡ്‌ മാരീഡ് ആണോ.. ആൻസി ഞെട്ടിക്കൊണ്ട് ചോദിച്ചു.