The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
പുലർകാലത്തെ തണുപ്പ് മുഖത്തേക്ക് ഇരച്ചു കയറാൻ തുടങ്ങിയതും മയക്കത്തിൽ നിന്ന് ഉണർന്നു..മലനിരകളെ തഴുകി വരുന്ന കോടമഞ്ഞിൻ കാറ്റിനു തണുപ്പ് കൂടുതൽ ആയിരുന്നു… കാർത്തിക ഒന്നുകൂടി ഇളകിയിരുന്നു പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു…
നേരം വെളുത്തു വരുന്നതിന്റെ അടയാളമായി കിഴക്ക് വെള്ള മേഘങ്ങൾ പ്രത്യക്ഷമായി തുടങ്ങി.നേർത്ത പ്രകാശ കിരണങ്ങളും ഇരുട്ടുമായി അകലെ കാഴ്ചകളെ മറച്ചിരുന്നു…
ആനവണ്ടി ആടിയുലഞ്ഞു കയറ്റം കയറി തുടങ്ങി… നീണ്ട വളവുകളും പിന്നിട്ട ശേഷം കയറ്റമിറങ്ങി തുടങ്ങി… പുലർകാലം കഴിഞ്ഞപ്പോഴേക്കും ബസ് ചെറിയൊരു സ്റ്റേഷനിലേക്ക് കയറി നിന്നു.
“മലനാട് എത്തി…
കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ടു യാത്രക്കാർ ഇറങ്ങി തുടങ്ങി… കാർത്തിക ചുറ്റുമൊന്നു കണ്ണോടിച്ച ശേഷം ബാഗും എടുത്തു ബസിൽ നിന്നും ഇറങ്ങി…ബസ് സ്റ്റാൻഡിലെ വിശ്രമ കേന്ദത്തിൽ കുറച്ചു സമയം ഇരുന്ന ശേഷം പുറത്തേക്ക് നടന്നു….
വീതി കുറഞ്ഞ ടാറിട്ട റോഡ്… അടുത്തും കുറച്ചു മാറിയും പഴയകാല സ്മരണകളെ ഉണർത്തുന്ന ഓടിട്ട ചെറിയ കടമുറുകൾ…
അകലകലെയായി മലനിരകൾ ഉയർന്നു നിൽക്കുന്നത് കണ്ടു മിഴികളിൽ കൗതുക ഭാവമുണർന്നു..നാടും തോടും പുഴകളും നിറഞ്ഞ ഗ്രാമത്തിൽ നിന്ന് പച്ചപ്പ് നിറഞ്ഞ മലനിരകളിലേക്കൊരു പറിച്ചു നടീൽ…ശരിക്കുമൊരു ഒളിച്ചോട്ടം…
” മോളേ അറിയാത്ത നാട്ടിലാകും നീ എത്തപ്പെടുക..അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുക..നീ പാവമായി ഇരുന്നാൽ എവിടേയും സമാധാനമായി ജീവിക്കാനാകില്ല.നിനക്ക് നീ മാത്രമേയുള്ളൂ എന്നു ഓർത്തു ധൈര്യം ആർജ്ജിക്കണം…
യാത്ര പുറപ്പെടും മുമ്പേ അമ്മാവൻ നൽകിയ ഉപദേശം ഓർമ്മയിലെത്തി….
“ശരിയാണ് പാവമായാൽ ജീവിക്കാൻ കഴിയില്ല….
ഒരിക്കൽ കൂടി ഉരുവിട്ട ശേഷം അടുത്തുള്ള ചായക്കടയിലേക്ക് കയറി.. പഴകാല ഒന്നു രണ്ടു ബെഞ്ചും ഡസ്ക്കും അകത്ത് കിടന്നിരുന്നു..അവയിൽ ചില ഭാഗങ്ങളിലൊക്കെ ചിതലരിച്ചിരുന്നു…
മൂന്നാലു ആളുകൾ ചായക്കടയിൽ ഇരുന്നു ചായ കുടിച്ചു കൊണ്ടിരുന്നു..ഒഴിഞ്ഞ ഒരിടത്തു കാർത്തിക ഇരുന്ന ശേഷം ശാന്തമായി നീട്ടിപ്പറഞ്ഞു…
” ചേട്ടാ മീഡിയം സ്ട്രോങ്ങിലൊരു ചായ….
പുലർകാല തണുപ്പിനു വല്ലാത്തൊരു വല്ലാത്ത കാഠിന്യം ഏറിയിരുന്നു..ശരീരം വല്ലാതെ വിറയ്ക്കാൻ തുടങ്ങിയതോടെ കൂനി കൂടിയിരുന്നു…
കടയിൽ ഇരുന്നവർ അവളെ ആദ്യം കാണുന്ന കൗതുകത്തിൽ നോക്കി..ഇരുനിറമുള്ളതെങ്കിലും കാണാൻ അഴക് നിറഞ്ഞൊരു പെൺകുട്ടി.. ഈ നാട്ടുകാരി അല്ലെന്ന് അവർക്കെല്ലാം ഉറപ്പായിരുന്നു…
“ദാ കുഞ്ഞ്യേ ചായ…
കടക്കാരൻ ചെറിയൊരു ശബ്ദത്തോടെ ചായഗ്ലാസ് കാർത്തികക്ക് മുമ്പിൽ വെച്ചു… ചായഗ്ലാസ് കയ്യിലെടുത്തു മെല്ലെ ഊതി കുടിക്കാൻ തുടങ്ങി… പുറത്തെ തണുപ്പും ചായയുടെ ചൂടും കൂടി ശരീരത്തിനൊരു ഉന്മേഷം പകർന്നു…
” മനസ്സറിഞ്ഞ കടുപ്പവും മധുരവും….
മനസ്സറിഞ്ഞ് ചായ കുടിച്ച ശേഷം ഗ്ലാസ് ഡ്സ്ക്കിൽ വെച്ച ശേഷം ബാഗുമായി എഴുന്നേറ്റു…
“എത്രയാ ചേട്ടാ…
” എട്ടു രൂപ…
അവൾക്ക് അത്ഭുതമായിരുന്നു നല്ല ചായക്ക് എട്ടു രൂപയെന്നത്..തന്റെ നാട്ടിലൊക്കെ പത്തും പതിനഞ്ച് രൂപയുമാണ് ചായക്കൊക്കെ വില…
“മോൾ എവിടെ നിന്നാ…
നര കയറിയ തലമുടിയുളള അറുപതോളം വയസ്സ് തോന്നിക്കുന്ന കടയുടമ ചോദിച്ചു…
” കുറച്ചു അകലേന്നാ…എന്തെങ്കിലും ജോലി കിട്ടുമോന്ന് തിരക്കി ഇറങ്ങിയതാ…
“ഈ കുഗ്രാമത്തിലോ…
അയാൾക്ക് അത്ഭുതമായിരുന്നു…
” ജീവിക്കണ്ടേ ചേട്ടാ അതാ ഇത്രയും ദൂരം….
പാതിയിൽ വാക്കുകൾ മുറിഞ്ഞു വീണു..ഉള്ളിലെ നീറ്റൽ പുറത്ത് കാണിച്ചില്ല.
“ഇവിടെ താമസിക്കാൻ ചെറിയൊരു വീട് കിട്ടോ ചേട്ടാ….
” ഇവിടങ്ങനെ വാടക ചെറുതൊന്നും കിട്ടില്ല കുഞ്ഞ്യേ..എല്ലാം വലിയ വലിയ മണി മാളികകളാ….
അവൾക്ക് വല്ലാത്ത നിരാശ അനുഭവപ്പെട്ടു…എങ്കിലും തോൽക്കാൻ മനസ്സ് അനുവദിച്ചില്ല…
“പ്ലീസ് ചേട്ടാ.. ഒന്നു ഹെൽപ്പ് ചെയ്യണം. എനിക്ക് ഇവിടെ അധികം പരിചയമൊന്നും ഇല്ല…
കരയും പോലെ ആയിരുന്നു സ്വരം..ഇവിടെ വിട്ടു മറ്റൊരിടത്തേക്ക് ഭാഗ്യ പരീക്ഷണം നടത്താൻ മനസ്സ് അനുവദിച്ചില്ല…
” അത് പിന്നെ….
കടക്കാരൻ മെല്ലെ തല ചൊറിഞ്ഞ ശേഷം അവൾക്ക് നേരെ നോക്കി…
“എന്റെ വീടിനോട് ചേർന്നൊരു ചെറിയ മുറിയുണ്ട്…അതിൽ താമസിക്കാമോ?
കാർത്തികക്ക് സന്തോഷം തോന്നി…അതുവരെ ടെൻഷനടിച്ച് അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു…
” ആം മതി ചേട്ടാ…
സന്തോഷത്തോടെ തലയാട്ടി…
“മാസം അഞ്ഞൂറ് രൂപ വെച്ചു തരണം…
” സമ്മതിച്ചു ചേട്ടാ…
അയാൾ സന്തോഷത്തോടെ എഴുന്നേറ്റു..
“ഡാ.. രമേശാ…
” എന്തോ…
കടയുടെ അടുക്കള ഭാഗത്ത് നിന്നും ഒരു ചെറുപ്പക്കാരന്റെ തലയുടെ ഭാഗം വെളിയിലേക്ക് വന്നു…
“ഇടക്കിടെ ഇങ്ങോട്ട് കൂടിയൊന്ന് നോക്കിക്കോ..ഞാൻ വീടുവരെ പോയിട്ട് വരാം…
” ശരി രാമേട്ടാ….
“വാ കുഞ്ഞ്യേ….
കടക്കാരൻ വിളിച്ചതോടെ അയാൾക്ക് പിന്നാലെ കാർത്തിക ബാഗും എടുത്തു നടന്നു…
കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ വഴി അരികിലായി കുഞ്ഞൊരു ക്ഷേത്രം കണ്ടതും കണ്ണുകൾ വിടർന്നു…. അതിനടുത്തായി വലിയൊരു സ്കൂളും…
” വിളിച്ചാൽ വിളി കേൾക്കണ ദേവിയാ…
അവൾ സന്തോഷത്തോടെ കുറച്ചു സമയം മിഴികളടച്ചു അവിടെ നിന്ന് പ്രാർത്ഥിച്ചു.. ഇമകളിലൂടെ മിഴിധാരകൾ ഒലിച്ചിറങ്ങി….
“ഞാൻ ഓരോന്നും ഓർത്തു പോയതാ ചേട്ടാ…
പുഞ്ചിരിയോടെ പറഞ്ഞിട്ട് വീണ്ടും മുന്നോട്ടു നടന്നു…
” ആരുടെ സ്കൂളാ ചേട്ടാ…അവിടെ ടീച്ചറായി ജോലി കിട്ടോ?…
കടക്കാരനൊന്നു പുഞ്ചിരിച്ചു…
“കിട്ടില്ല കുഞ്ഞേ.ജോലി കിട്ടണമെങ്കിൽ കനത്ത തുക എണ്ണിക്കൊടുക്കണം..എങ്കിലേ കിട്ടൂ..ഇതുപോലെ പൈസക്ക് ആർത്തിയുള്ളൊരു ദുഷടൻ….
കാർത്തികക്ക് ഉള്ളിൽ വല്ലാത്ത നിരാശ തോന്നി…
” ഡേവിഡിന്റെ ഒരേയൊരു മകൻ ഡെറിക് ഡേവിഡ് പാലക്കുന്നേലിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ..കണ്ണിൽ ചോര ഇല്ലാത്തവനാ അവൻ…
“ഡെറിക് ഡേവിഡ് പാലക്കുന്നേൽ…
വെറുതെ ആ പേരൊന്ന് ഉച്ഛരിച്ചു നോക്കി കൗതുകത്തോടെ….
പത്തു പതിഞ്ച് നടത്തത്തിനു ശേഷം ചെറിയൊരു ഓടിട്ട വീടിനു മുമ്പിലെത്തി അവർ…വീടിനോട് ചേർന്ന മുറി തുറന്നു കൊടുത്തു…
” തന്റെ ജീവിതം ഇന്നു മുതൽ ഈ നാല് ചുമരുകൾക്ക് ഉള്ളിലാണ്..ഇവിടെ നിന്നാണ് ജീവിതമിനി പച്ച പിടിപ്പിക്കേണ്ടത്….
അപ്പോഴേക്കും കാർത്തികയുടെ ചുണ്ടിലൊരു നറുമന്ദഹാസം വിരിഞ്ഞു…
തുടരും