23/04/2026

അഗ്രഹാരം : ഭാഗം 16

രചന – നിവേദ്യ ഹരിഹരൻ

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലെ തിരക്ക് കഴിഞ്ഞപ്പോൾ എബി ഫോണെടുത്തു. ആഷ്മിയുടെ നമ്പർ ഡയൽ ചെയ്തു. ആദ്യത്തെ റിംഗിൽ തന്നെ അവൾ കോളെടുത്തു. “ഹലോ… ആഷ്മി …? “ആഹ് എന്താടാ… “നീയിപ്പോ ഫ്രീയാണോടീ… പേഷ്യന്റ്സ് ഉണ്ടോ…?? “ഞാൻ തിയേറ്ററിൽ ആടാ… ഒരു സിസേറിയൻ കഴിഞ്ഞേ ഉള്ളു. നീ പറഞ്ഞോ… “ആഷി …. അത് ….നീയന്നു പറഞ്ഞ കാര്യം ഞാൻ ശരിയ്ക്കും ആലോചിച്ചു. എനിയ്ക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ലെടി.. അയാം സോറി.. മറുതലയ്ക്കൽ നിശബ്ദമായി …. “ആഷി .. ആഷീ നീ കേൾക്കുന്നുണ്ടോ…?? “മമ് ഉണ്ട് എബി.. നീ പറഞ്ഞോ.. അവളുടെ സംസാരത്തിൽ കലർന്ന സങ്കടം എബിക്ക് തിരിച്ചറിയാനായി. “ടീ നീ സങ്കടപ്പെടരുത്… പ്ലീസ്… എബി മൃദുവായ ശബ്ദത്തിൽ പറഞ്ഞു.

“നോ എബി… നോ പ്രോബ്ളം.. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ .. അവളുടെ സംസാരത്തിൽ നിരാശ നിറഞ്ഞു നിന്നു. “അതല്ല ആഷി.. എനിക്ക് മറ്റൊരു കുട്ടിയോട്… എനിയ്ക്കൊരാളെ ഇഷ്ടാ… എബിക്ക് വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി. “എന്താ…എന്താന്ന്..?? ആഷ്മിയുടെ ശ്വാസഗതി ഉയർന്നു. “അതേടീ … ഞാനിപ്പോ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കുട്ടിയോട് എനിയ്ക്കൊരു ചെറിയ ഇഷ്ടമുണ്ട്.. പക്ഷെ അതിപ്പോ എന്റെ മനസ്സിൽ മാത്രം ഉള്ളു. ഞാനത് ആളോട് പറഞ്ഞിട്ടില്ല… പക്ഷെ എനിക്കവളെ ഭയങ്കര ഇഷ്ടാടീ…. എബിയുടെ സംസാര ശൈലിയിൽ നിന്നും അവന് ആ പെൺകുട്ടിയോടുള്ള സ്നേഹം ആഷ്മിക്ക് വായിച്ചെടുക്കാൻ സാധിച്ചു. “ഓഹ് കൺഗ്രാറ്റ്സ് ടാ… വിറയ്ക്കുന്ന ചുണ്ടുകളോടെ ആഷ്മി പറഞ്ഞു. അവൾക്ക് നെഞ്ചുപൊട്ടി പിളരുന്ന പോലെ വേദന തോന്നി.

കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. “അങ്ങനെ കൺഗ്രാറ്റ്സ് ഒന്നും പറയാറായിട്ടില്ല.. അവളുടെ മനസ്സിപ്പോഴും എനിക്കന്യമാടീ…. പിന്നെയും വേറെ കുറേ പ്രോബ്ളംസ് ഉണ്ട്. അതൊക്കെ നിന്നെ നേരിൽ കാണുമ്പോൾ പറയാം. “നീയിനി എന്നെ പ്രതീക്ഷിച്ച് ജീവിതം കളയരുത് ആഷി… എനിക്കതേ പറയാനുള്ളു..!! ഇത് പറയാൻ വേണ്ടിയാ വിളിച്ചത്.. നിനക്ക് സങ്കടായിന്ന് അറിയാം… എന്നാലും… എനിയ്ക്കിത് പറഞ്ഞേ പറ്റു ആഷി. “ഉം…. എനിയ്ക്ക് മനസ്സിലായെടാ… എന്റെ പ്രണയം സക്സസ്സ് ആയില്ല. നിന്റേതെങ്കിലും അങ്ങനെ ആവട്ടെ എബി … കാരണം തിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. ആഷ്മിയ്ക്ക് നെഞ്ചിൽ നിറഞ്ഞ സങ്കടത്താൽ സംസാരിക്കാൻ സാധിക്കുന്നുണ്ടായില്ല. എങ്കിലുമത് പ്രകടിപ്പിക്കാതെ അവൾ പറഞ്ഞു.

അവളുടെ ആ സംസാരം കേട്ടപ്പോൾ എബിയ്ക്കും വല്ലായ്മ തോന്നി. അവളുടെ ഹൃദയത്തിന്റെ പിടപ്പ് അവന് ഊഹിക്കാമായിരുന്നു. “ഓക്കെ ആഷീ .. ഞാൻ നിന്നെ പിന്നെ വിളിയ്ക്കാം. നീ മനസ്സ് ഒന്നു സമാധാനപ്പെടുത്ത്.. നിനക്കിതിൽ നിന്നും വേഗം റിക്കവർ ആകാൻ സാധിക്കും.. എബി അവൾക്ക് കൂടുതൽ ധൈര്യം പകർന്നു. “ഞാൻ ശ്രമിക്കാടാ… എനിയ്ക്കിത് അക്സപ്റ്റ് ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട് . എങ്കിലും ഞാൻ നിന്നെ മറക്കാൻ ശ്രമിക്കും എബി.. ടേക്ക് കെയർ .. സീ യൂ ടാ… ആഷി കോൾ കട്ട് ചെയ്തു. ആഷ്മിയെ കുറിച്ചോർത്ത് എബി അസ്വസ്ഥനായി കസേരയിലേക്ക് ചാഞ്ഞിരുന്നു.

അനു ഡാൻസ് ക്ലാസിലേക്ക് ചെല്ലുമ്പോൾ പുറത്ത് ബ്ലാക്ക് BMW കിടക്കുന്നുണ്ടായിരുന്നു. അർജുന്റേതാകും കാർ എന്ന് മനസ്സിലോർത്തു കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത്. പക്ഷെ അവിടെങ്ങും അവനെ കണ്ടില്ല. കുട്ടികൾ വന്നു തുടങ്ങുന്നുണ്ടായുള്ളു. അതിരാവിലെയുള്ള ക്ലാസ്സ് സ്ക്കൂൾ കുട്ടികൾക്കു വേണ്ടിയുള്ളതായിരുന്നു. പിന്നീട് അവളുടെ ഡാൻസ് ടീമിനൊപ്പമുള്ള പ്രാക്ടീസ് ചെയ്യും. പിറ്റേ മാസം പലസ്ഥലങ്ങളിൽ പ്രോഗ്രാം ഏറ്റിരുന്നു. അതിന്റെ തിരക്കിലായിരുന്നു അനു . അർജുനെ അവിടെങ്ങും കാണാതായപ്പോൾ അനു സന്തോഷിച്ചു. കുട്ടികളെത്തി നൃത്തം ആരംഭിക്കാൻ തുടങ്ങവേ അർജുൻ അങ്ങോട്ട് കയറി ചെന്നു. “മാഡത്തിനോട് എനിയ്ക്ക് കുറച്ചു സംസാരിക്കാനുണ്ട്.. ഒന്നു പുറത്തേക്ക് വരാമോ…?? വളരെ ശാന്തമായി അർജുൻ ചോദിച്ചു. അവന്റെ ശബ്ദം കേട്ട് കുട്ടികളെ നോക്കി തിരിഞ്ഞു നിന്നിരുന്ന അനു ഒന്നു ഞെട്ടി. അവൾ വാതിലിനടുത്തേക്കു നോക്കി. അർജുൻ കൈകൾ കെട്ടി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.

“ഇപ്പോ ഞാൻ ബിസിയാ .. വരാൻ പറ്റില്ല നിങ്ങൾ പോണം . ചെറിയ ദേഷ്യത്തോടെ അനു പറഞ്ഞു. “അങ്ങനെ പറയരുത് അനു കുട്ടി.. താൻ എന്നോട് സംസാരിക്കാൻ വരും വരെ ഞാൻ ദേ ഇവിടെ ഈ നിൽപ്പു നിൽക്കും. അത് പിന്നെ കുട്ടികൾക്കും തനിയ്ക്കും ബുദ്ധിമുട്ടാകുവേ… അല്ലേ പിള്ളാരെ …?? അവൻ ക്ലാസ്സിനു വന്ന കുട്ടികളെ നോക്കി ചോദിച്ചു. അവർ പരസ്പരം ഇയാൾ ആരാ എന്ന മട്ടിൽ നോക്കി. കുട്ടികളുടെ മുഖഭാവം കണ്ടപ്പോൾ അനു അവരോട് “ഇപ്പോ വരാമെന്ന് .. പറഞ്ഞ് അർജുന്റെ നേർക്ക് നടന്നു ചെന്നു. അവർ നടന്ന് വരാന്തയിലേക്കിറങ്ങി. “അല്ലാ … നമുക്ക് കോൺട്രാക്റ്റ് ഒന്നു പുതുക്കണ്ടേ … പണ്ടത്തെ മുതലാളി അല്ലല്ലോ ഇപ്പോ ?? വാടകയും പുതുക്കി നിശ്ചയക്കണം . ചെറു ചിരിയോടെ അർജുൻ പറഞ്ഞു നിർത്തി.

“കോൺട്രാക്റ്റ് പുതുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അർജുൻ . ഞാൻ മറ്റേതെങ്കിലും സ്ഥലം കണ്ടു പിടിച്ചോളാം. കോൺട്രാക്റ്റ് പുതുക്കാതെ തന്നെ ഈ ഒരു മാസം ഇവിടെ കണ്ടിന്യൂ ചെയ്യാൻ ലീഗലി എനിയ്ക്ക് അവകാശമുണ്ട്. അനുവിന്റെ ശബ്ദം കനത്തിരുന്നു. “ഓഹ് … അപ്പോ അതാണ് തന്റെ പ്ലാൻ അല്ലേ ?? അതെന്താടോ താൻ വേറെ സ്ഥലം നോക്കണത്. ഇവിടെ നിന്നാൽ എന്നെക്കണ്ട് കണ്ട് എന്നോട് പ്രണയം തോന്നിപ്പോകുമോ എന്ന പേടിയുണ്ടല്ലേ .. എനിയ്ക്ക് മനസ്സിലാകും. താനൊരു സാധാരണ പെണ്ണല്ലേ സ്നേഹം തോന്നാം.. വച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ് അൽപ്പം താഴ്ത്തി ആ വിടവിലൂടെ അർജുൻ അവളെ നോക്കി. “എനിയ്ക്ക് ഒരു പേടിയുമില്ല. തന്റെ മുഖം കാണാൻ താൽപര്യമില്ലാഞ്ഞിട്ടാ … തന്നെ കാണുന്നതേ എനിക്ക് വെറുപ്പാ … അൽപ്പം ഉയർന്ന ശബ്ദത്തിൽ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അനു ഒന്നു കിതച്ചു.

“താൻ ഇങ്ങനെ വൈലന്റ് ആവണ്ടടോ … ഇവിടുന്നു പോകണമെങ്കിൽ അനുവിന് പോകാം . പക്ഷേ എവിടെ പോയാലും പുറകെ ഞാനും വരും. വന്നിരിക്കും !! എന്റെ കണ്ണുവെട്ടിച്ച് ഈ അനുക്കുട്ടി ഇനി എങ്ങോട്ടും പോകാൻ പോണില്ല. പിന്നെ ഞാനിവിടെ മുകളിലെ നിലയിൽ ശ്രീശൈലം ഗ്രൂപ്പിന്റെ ഒരു ഓഫീസ് തുടങ്ങാൻ പോവ്വാ .. ബിസിനസ്സ് ഇങ്ങോട്ടും ആക്കുവാണല്ലോ… അതാ… അവൻ അനുവിനെ നോക്കി വീണ്ടും ചിരിച്ചു അനു ദേഷ്യത്തോടെ അവിടെയൊന്നാഞ്ഞു ചവിട്ടിക്കൊണ്ട് ക്ലാസ്സ് റൂമിലേക്കു നടന്നു.. ❣️❣️❣️❣️ വൈകിട്ട് വെറുതെ ഇരുന്ന് ബോറടിച്ചിട്ടാ എബി ബുള്ളറ്റെടുത്ത് കോവിലിനടുത്തെ ആൽത്തറയിലേക്ക് പോയത്. ഇടയ്ക്കൊക്കെ അവനവിടെ പോയിരിക്കും. മനസ്സൊന്നു ശാന്തമാകുമ്പോൾ തിരിച്ചു വരും. രാവിലെ ആഷ്മി ആയിട്ടുള്ള സംസാരത്തിൽ മനസ്സാകെ കലുഷിതമായിരുന്നു. ഓരോന്നും ആലോചിച്ചിരിക്കെ കോവിലിൽ നിന്നും ഇറങ്ങി വരുന്ന പെൺകുട്ടിയെ കണ്ട് എബി ഒന്നു സൂക്ഷിച്ചു നോക്കി. “അനു…” ചുണ്ടുകൾ മന്ത്രിച്ചു. അവളെ കണ്ടപ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി അവന്റെ ചെടിയിൽ മിന്നി മറഞ്ഞു.

“അനു എടോ… അവനെ കാണാതെ നടന്നു നീങ്ങിയ അവളെ നോക്കി എബി ഉറക്കെ വിളിച്ചു. “ആഹ് ഡോക്ടർ …. അവൾ ആൽത്തറയ്ക്കടുത്തേക്ക് നടന്നു ചെന്നു. “അന്യജാതിക്കാരനെന്താ ഞങ്ങടെ ആൽത്തറയിൽ കാര്യം…?? കുസൃതി ഒളിപ്പിച്ച മിഴികളോടെ അനു ചോദിച്ചു. “ആൽത്തറയിലിരിക്കാനും ജാതി സർട്ടിഫിക്കറ്റ് വേണോ വൈഫീ…? അവൻ കണ്ണുകളിറുക്കി.. “വൈഫീ വിളി കുറച്ച് കൂടുന്നുണ്ട് ഡോക്ടർക്ക്. അനു മുഖം ചുളിച്ചു.. മറുപടിയായി എബി ഒന്നു ചിരിച്ചു. ” അതുപോട്ടെ അകത്ത് ഭഗവാനോട് താൻ എന്താ പ്രാർത്ഥിച്ചത്..? “പ്രത്യേകിച്ച് ഒന്നൂല്ല.. മനസ്സിനു കുറച്ചു സമാധാനം തന്നേക്കണേന്ന് പറഞ്ഞു… ഇപ്പോ അത്യാവശ്യമായി എനിയ്ക്ക് വേണ്ടത് അതാ ഡോക്ടറെ…. അനു മിഴികൾ താഴ്ത്തി. “അവൻ പിന്നേം പ്രശ്നത്തിന് വന്നോ അനു…? “വല്ല്യ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.. എന്നാലും അവനിവിടെ ഉള്ള കാലം വരെ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കും ഡോക്ടറെ…. അനുവിന്റെ ശബ്ദത്തിൽ സങ്കടം മുഴച്ചു നിന്നു.

“മമ് … എബി അകലേയ്ക്ക് നോക്കിക്കൊണ്ട് ഒന്നുമൂളി. “ഡോക്ടർക്ക് ചന്ദനം വേണോ..? കൈയ്യിലിരുന്ന ഇല ചീന്ത് നിവർത്തിക്കൊണ്ട് അനു ചോദിച്ചു. “ഞാനൊരു സത്യക്രിസ്ത്യാനിയാണ് . എങ്കിലും ചന്ദനം തൊടുന്നത് ദേഹം തണുപ്പിക്കുമെന്ന് സയന്റിഫിക്കായി തെളിയിച്ചിട്ടുള്ളതു കൊണ്ട് തൊട്ടേക്കാം… എബി ഇലയിൽ നിന്നും ചന്ദനം തൊടാനായി ആഞ്ഞു “ഞാൻ തൊട്ടു തരാം ഡോക്ടറെ… എന്നു പറഞ്ഞ് അനു ചന്ദനമെടുത്ത് അവന്റെ നെട്ടിയിൽ തൊട്ടു. കണ്ണുകൾ പരസ്പരം കൊരുത്തപ്പോഴും ഇരുവരും അതേ നിൽപ്പു തുടർന്നു.. അവർക്കിടയിൽ പ്രണയം മൊട്ടിടുന്നതിന് ആൽത്തറയിലെ കാറ്റും കോവിലിലെ ദേവനും സാക്ഷികളായി..! തുടരും