22/04/2026

നിവേദ്യ : ഭാഗം 08

രചന -രോഹിണി ആമി

ശ്രീദേവ് നിവേദ്യയെ ചേർത്തുപിടിച്ചു മുന്നോട്ടാഞ്ഞു …….. പിന്നിൽ നിന്നും എന്തോ തിരിച്ചു വലിക്കുന്നു…… തന്റെ ഒരു കൈ ആരുടെയോ കൈക്കുള്ളിലാണ്…….. തിരിഞ്ഞു നോക്കി….. ആദിത്യന്റെ കൈക്കുള്ളിൽ തന്റെ കൈ അമർന്നിരിക്കുന്നു…. നിവേദ്യയുടെ നോട്ടം കണ്ടപ്പോഴാണ് ആദിത്യനും അത് ശ്രദ്ധിച്ചത്…….

ഓഹ്……. സോറി….. കൈവിട്ടിട്ടു പറഞ്ഞു…….

ഞാൻ വരില്ല ദേവേട്ടാ…….. ഞാൻ എങ്ങോട്ടും ഇല്ല…… നിവേദ്യ പറഞ്ഞു……

നീ വരും……. നിന്നെ കൊണ്ടുപോകും വേദൂ….. നിർബന്ധം പിടിക്കേണ്ട ….. ആരെതിർത്താലും കൊണ്ടുപോകും……. ശ്രീദേവ് ആദിത്യനെയും അച്ചായനെയും നോക്കി പറഞ്ഞു……

അപ്പാ…… എല്ലാവരും ശബ്ദം കെട്ടിടത്തേക്ക് നോക്കി…… നന്ദുമോൻ ഉറക്കപ്പിച്ചു സ്റ്റെപ് ഇറങ്ങി വരുന്നുണ്ട്….. എല്ലാവരെയും നോക്കുന്നുണ്ട്……. കണ്ണു തിരുമ്മി……. നിവേദ്യയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….. പെട്ടെന്നു ആദിത്യന് അടുത്തേക്ക് ചെന്നു…… ആദിത്യൻ നന്ദുവിനെ വാരിയെടുത്തു…….. കഴുത്തിൽ കെട്ടിപ്പിടിച്ചു പറഞ്ഞു…… അമ്മു…… കുഞ്ഞുവിരൽ നിവേദ്യയുടെ മുഖത്തേക്ക് ചൂണ്ടി വീണ്ടും പറഞ്ഞു……. അമ്മു…….

ചുണ്ടിലെ മുറിവ് കണ്ടിട്ടാണ് നന്ദു പറയുന്നതെന്ന് ആദിത്യന് മനസ്സിലായി……..

അമ്മു ഒന്നു വീണതാ മോനൂസേ……. കരയണ്ടാട്ടോ…… ആദിത്യൻ അവന്റെ പുറത്തു തലോടി……..

നിവേദ്യ ശ്രീദേവിന്റെ കൈ വിടുവിച്ചു നന്ദുവിനെ എടുത്തു…….. ചേർത്തു പിടിച്ചു…….

ദേവേട്ടാ…. ഇതാണ് എന്റെ ലോകം…… ഇപ്പോൾ ഇവൻ മാത്രമേ എന്റെ ജീവിതത്തിൽ ഉള്ളൂ….. വേറെ ആരും വേണ്ടാ എനിക്ക്…… നിവേദ്യ കരഞ്ഞു പറഞ്ഞു……

അമ്മു കരയുന്നത് കണ്ടിട്ട് നന്ദു എല്ലാവരെയും നോക്കുന്നുണ്ട്……. അവനും കരയാൻ തുടങ്ങി…… ഒപ്പം നിവേദ്യയുടെ കണ്ണു തുടച്ചു കൊടുക്കുന്നുമുണ്ട്…….. അവനെയും എടുത്തു അന്നയുടെ മുറിയിലേക്ക് നടന്നു……
പോകും വഴി അവൻ ആദിത്യന്റെ ഷർട്ടിൽ പിടിച്ചു…….

അപ്പാ……. വാ…… വാ….. ഷർട്ടിൽ പിടിച്ചു വലിച്ചു…… നന്ദു പേടിച്ചെന്നു ആദിത്യന് മനസ്സിലായി കൂടെ ചെന്നു ……….

നിവേദ്യയുടെ അടുത്ത് ഇരുന്നു ആദിത്യൻ…..

വേദനിച്ചോടോ തനിക്ക്….. സാരമില്ല….. തന്റെ സഹോദരനല്ലേ……. എല്ലാം ഉള്ളിലൊതുക്കി നടക്കുന്ന തന്നെ കാണുമ്പോൾ ഒരടി തരാൻ എനിക്കും തോന്നിയിട്ടുണ്ട്……. സ്വാഭാവികം….

എങ്കിൽ പിന്നെ അടി കിട്ടിക്കോട്ടേന്നു വിചാരിക്കണമായിരുന്നു…… എന്തിനാ തടഞ്ഞത്……

മറുപടി പറയാതെ ആദിത്യൻ ചോദിച്ചു…… വീട്ടിൽ പോകുന്നോ താൻ……

ഇല്ല…….

കൊണ്ടുപോയാലോ അവർ…….
എവിടെ പോയാലും അറിയിക്കണം എന്നെ……. ഒന്നു വിളിച്ചാൽ മതി……. ഇനിയിപ്പോൾ ഈ കഥയുടെ ബാക്കി അറിയാനുള്ള അവകാശം എനിക്കുണ്ട്……

വേദൂ……. നീയപ്പോൾ ഇന്നലെ മുങ്ങിയതാണല്ലേ അവിടുന്ന്…… നീതു അകത്തേക്ക് കയറി വന്നു അടുത്തിരുന്നു ചോദിച്ചു…….

ആദിത്യൻ നീതുവിന് മുഖം കൊടുക്കാതെ എഴുന്നേറ്റു……. നിവേദ്യ ആദിത്യന്റെ കയ്യിൽ പിടിച്ചു വലിച്ചു ഇരുത്തി…….

എങ്ങോട്ടാ പോകുന്നേ…… ഇവിടിരി…….രഹസ്യം ഒന്നുമില്ല…. നിങ്ങൾ രണ്ടാളും അറിയാത്തതു…… തിരിഞ്ഞു നന്ദുവിനോടായി പറഞ്ഞു….. മോൻ ആന്റിയുടെ അടുത്തു പൊക്കോ……

നന്ദു ആദിത്യനെ നോക്കി……. പൊക്കോളാൻ കണ്ണുകൊണ്ടു കാണിച്ചു…… സിഗ്നൽ കിട്ടിയതും അവൻ എഴുന്നേറ്റു …… ആദിത്യന്റെ പുറത്തു കയറി കഴുത്തിൽ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു………

പൊക്കോ….. അപ്പാ ഇപ്പോൾ വരാം…. ആദിത്യൻ നന്ദുവിന്റെ കവിളിൽ ഉമ്മ കൊടുത്തു പറഞ്ഞു…….

രണ്ടാളുടെയും സ്നേഹം കണ്ടു അന്തംവിട്ടു ഇരിക്കുന്ന നീതുവിനോട് ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം നിവേദ്യ പറഞ്ഞു……..

ഇനിയെന്താ നിന്റെ പ്ലാൻ വേദൂ…… വീട്ടിൽ ആരോടും പറയാതെ രാവിലെ ഇറങ്ങിയതാണ് ഞങ്ങൾ………….. നിന്നെ കൊണ്ടുപോകുമെന്ന് വാശി പിടിച്ചിരിക്കുവാ ദേവേട്ടൻ…… ഞാനിപ്പോൾ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത്……. തല കുനിച്ചിരിക്കുന്ന നിവേദ്യയോടായി നീതു ചോദിച്ചു……

നീതുവിന്റെയും ആദിത്യന്റെയും കണ്ണുകൾ തമ്മിൽ ഒന്നുടക്കിയപ്പോൾ ആദിത്യൻ എണീറ്റു പറഞ്ഞു …… ഞാൻ വെളിയിൽ ഉണ്ടാവും……

ഞാൻ കാരണം ആരും പോകണ്ട……. ഞാൻ പൊക്കോളാം…… നീതു എഴുന്നേറ്റു……

തുടങ്ങി….. രണ്ടും കൂടി…… എപ്പോൾ എന്റെ പ്രോബ്ലം പരിഹരിക്കാൻ വരുന്നോ അന്ന് അടിയാ രണ്ടും……. ഇനി രണ്ടും മിണ്ടിയാൽ ഞാൻ പുറത്താക്കും രണ്ടിനെയും…… ഞാൻ തനിയെ സൊല്യൂഷൻ കണ്ടെത്തിക്കോളാം….. നിവേദ്യ തലക്കു കൈ കൊടുത്തു പറഞ്ഞു…..

നീ കണ്ടില്ലേ വേദൂ…….. എന്നോടൊന്നു മിണ്ടുന്നു കൂടിയില്ല……. ഞാൻ എന്തോ തെറ്റു ചെയ്ത പോലെ……ഒന്നു ചിരിച്ചെങ്കിലും കാണിച്ചുകൂടെ….. നീതു കണ്ണു നിറച്ചു……..മുഖം തിരിച്ചു……

നീയെന്നു മുതലാ തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണു നിറക്കാൻ തുടങ്ങിയത്…… നാണമില്ലേ……. ആദിത്യൻ കളിയാക്കി……. എനിക്ക് ഒരു പിണക്കവുമില്ല നീതു നിന്നോട്…… ബഹുമാനം കൂടിയിട്ടേ ഉള്ളൂ…….നിവേദ്യക്ക് നീ കാരണം കുടുംബം തിരിച്ചുകിട്ടണം …….. ചിലപ്പോൾ ഇതാവും ദൈവം തീരുമാനിച്ചത്……അതിനു ഞാൻ ഒരു നിമിത്തം ആയെന്നു മാത്രം……… ഇങ്ങോട്ടു നോക്ക്…. ഇനി ചിരിച്ചു കാണിച്ചില്ലെന്നു വേണ്ടാ…… ഈൗ………..

ഈ അളിഞ്ഞ ചിരി എനിക്കു വേണ്ടാ…… നീതു ചിരിച്ചു പറഞ്ഞു………

എന്റെ മോനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല….. ഞാൻ അവന്റെ അടുത്ത് പോട്ടെ….. നിങ്ങൾ സംസാരിക്ക്……. ആദിത്യൻ എണീറ്റു…….

അച്ചായനോട് സംസാരിച്ചിരിക്കുവായിരുന്നു ശ്രീദേവ്……. ആദിത്യനെ കണ്ടപ്പോൾ ഒന്നു ചിരിച്ചു….. കൈനീട്ടി……

അച്ചായൻ പറഞ്ഞു ഇവിടെ നടക്കുന്ന നാടകമൊക്കെ…… എത്രനാൾ ഇങ്ങനെ മോനെ കളിപ്പിക്കാൻ പറ്റും…….

അറിയില്ല…… അവൻ കണ്ടുപിടിക്കും വരെ…. ആദിത്യൻ ചിരിയോടെ പറഞ്ഞു……

നന്ദുമോന്റെ അച്ഛൻ ആരാണെന്നു അവൾ അന്നും പറഞ്ഞിട്ടില്ല……അവളുടെ അച്ഛന്റെ അടികൾ വാങ്ങുമ്പോഴും കണ്ണു നിറച്ചതല്ലാതെ അവൾ പറഞ്ഞില്ല ആരാണെന്നു……. നീതുവിനോടും പറഞ്ഞിട്ടില്ല എന്നാണ് അവൾ പറഞ്ഞത്….. വേദുവിന് ഒരു ജീവിതം വേണം….. ഇനിയും തനിച്ചാവരുത്…… അതിനു അറിഞ്ഞേ പറ്റു…… ഒരുപക്ഷേ ആദിത്യനോട് അവൾ മനസ്സ് തുറന്നെന്നു വരും….. ഇനി നീതുവിനോട് മനസ്സ് തുറക്കുമെന്ന് തോന്നുന്നില്ല…. കാരണം ഞാൻ അറിയുമോ ന്ന് പേടി ഉണ്ടാവും…….. അതുകൊണ്ട് ഞങ്ങളെ ആദിത്യൻ ഒന്നു സഹായിച്ചേ പറ്റു……. ശ്രീദേവ് പറഞ്ഞു……..

അതിനെന്താ……. എനിക്കതിൽ സന്തോഷം മാത്രേ ഉള്ളൂ……. എന്റെ അടുത്ത ഫ്രണ്ട് ആണ് നിവേദ്യ……. ഞാൻ കാരണം അയാൾക് ഒരു നല്ലത് നടക്കുന്നെങ്കിൽ വളരെ സന്തോഷം……

അപ്പോഴേക്കും അന്നയുടെ കൂടെ നന്ദു വന്നു….. ആദിത്യന്റെ മടിയിൽ ചാടിക്കയറി…… ശ്രീദേവ് നന്ദുവിന്റെ നേർക്ക് കൈ നീട്ടി…… അവൻ ഒന്നുകൂടി ആദിത്യനെ ചേർന്നിരുന്നു……. എങ്കിലും ഒന്നു ചിരിച്ചു കാണിച്ചു……

ഞാൻ ഒന്ന് വേദൂനോട് സംസാരിക്കട്ടെ…… ഇതുവരെ അടിയൊന്നും കൊടുത്തിട്ടില്ല….. ഒരുപാട് വിഷമം ആയിക്കാണും…… പോയി പിണക്കം മാറ്റട്ടെ…….. ശ്രീദേവ് മുറിയിലേക്ക് പോയി…….

ദേവേട്ടൻ സംസാരിക്ക്…… ഞാൻ വെളിയിൽ ഉണ്ടാവും…….. നീതു പതിയെ മുങ്ങി……

ശ്രീദേവ് നിവേദ്യയുടെ അടുത്തിരുന്നു…… കയ്യിൽ പിടിച്ചു……. അവളതു തട്ടിമാറ്റി……

വേദൂട്ടാ………

എന്നോട് മിണ്ടണ്ട……. അടിച്ചില്ലേ എന്നെ….. നിവേദ്യ വിതുമ്പിക്കൊണ്ട് ചോദിച്ചു……

നീയിപ്പോഴും പഴയ ആ പൊട്ടി തന്നെ……. വേദനിച്ചോ വേദൂ…….

മ്മ്…….

നന്നായിപ്പോയി……. ഇത്രയും കാലം ഞങ്ങളെ വേദനിപ്പിച്ചതിനു ദേവേട്ടൻ ഇത്രയെങ്കിലും തരേണ്ടേ വേദൂ………

ശ്രീദേവിന്റെ തോളിലേക്ക് പതിയെ ചാഞ്ഞിരുന്നു കയ്യിൽ ചേർത്ത് പിടിച്ചു നിവേദ്യ….

ദേവേട്ടൻ ഒരു കാര്യം പറയട്ടെ…….. മുഖത്തു തലോടി ചോദിച്ചു………

മ്മ്……

വീട്ടിലേക്കു നിനക്ക് ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി……. ഞാൻ നിർബന്ധിക്കുന്നില്ല…… എപ്പോൾ വന്നാലും ആരും നിന്നെ തള്ളിപ്പറയില്ല…….. കാരണം എല്ലാവരും നിന്നെ കാണാൻ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്……… പക്ഷേ….. അതിനുമുൻപ് എനിക്കറിയണം……… നിന്റെ ജീവിതം ഇങ്ങനെ ആക്കിയതാരാണെന്നു……… നീ തെറ്റുകാരിയാണെങ്കിൽ അതേപോലെ തന്നെ അയാളും തെറ്റുകാരനാണ്………. അയാൾ മാത്രം മാന്യനായി ജീവിക്കണ്ട………. പറ വേദൂ…..

ഒന്നുകൂടി കയ്യിൽ ഇറുക്കി പിടിച്ചതല്ലാതെ അവളൊന്നും പറഞ്ഞില്ല……..

നീയൊന്നു ചിന്തിച്ചു നോക്കിയേ…… ഇപ്പോൾ നശിക്കുന്നത് ആദിത്യന്റെ ജീവിതം കൂടിയാണ്….. വെളിയിൽ ആരെങ്കിലും അറിഞ്ഞാൽ അയാൾക്കൊരു നല്ല ജീവിതം കിട്ടുമോ……. ആരെങ്കിലും വിശ്വസിക്കുവോ ഇതൊക്കെ……. മാത്രമല്ല……. മോനെ എത്രനാൾ കളിപ്പിക്കും നീ……

അറിയില്ല ദേവേട്ടാ……. എന്തായാലും ആദിത്യന്റെ ജീവിതത്തിന് നന്ദു ഒരു തടസ്സമാവില്ല…… ഒരിക്കലും…… ഞാനും………

നിവേദ്യയുടെ മുടിയിൽ പതിയെ തലോടി ശ്രീദേവ് ചോദിച്ചു……… നിനക്ക് ആരെയും കാണാൻ ആഗ്രഹമില്ലേ വേദൂ…… മുത്തശ്ശിയെ പോലും……

ഒരു കരച്ചിൽ അല്ലാതെ വേറൊന്നും കേൾക്കാൻ സാധിച്ചില്ല അയാൾക്ക്……..

കരയണ്ട…….. നീ വീട്ടിലേക്കു വരുമ്പോൾ കൂടെ നന്ദുവിന്റെ അച്ഛനും ഉണ്ടാവണം……… അതിനു നിനക്കു എത്ര സമയം വേണമെങ്കിലും എടുക്കാം …….. എന്നിട്ടേ ഞാൻ വീട്ടിൽ പറയുന്നുള്ളൂ എല്ലാം…… നിന്നെയൊന്നു കാണാൻ ചാടിപ്പുറപ്പെട്ടതാ ഞങ്ങൾ…. വീട്ടിൽ നിന്നും വിളി വന്നുകൊണ്ടിരിക്കുവാ……… ഞങ്ങൾ ഇറങ്ങുവാ……. ഇടയ്ക്കു വരാം…. എന്റെ അനന്തിരവനെ കാണാൻ………

ശ്രീദേവ് എഴുന്നേറ്റു…… കൂടെ കയ്യിൽ തൂങ്ങി നിവേദ്യയും……

ദേവേട്ടാ……. ആദ്യത്തെ വിരുന്ന് ഇവിടുന്ന് ആയിക്കോട്ടെ……. എന്റെ കൈകൊണ്ടു……

കുറച്ചു നേരം ആലോചിച്ചു…… എന്നിട്ട് പറഞ്ഞു…….

മ്മ്….. ശരി…… നീ പറയുന്നത് കേട്ടിട്ടല്ലേ ഉള്ളൂ ഞാൻ……..

ആരാ ദേവേട്ടാ ആ പെണ്ണ്……..

ഏതു പെണ്ണ്……. നിവേദ്യയെ സൂക്ഷിച്ചു നോക്കി……..

നീതു പറഞ്ഞല്ലോ എന്നോട്…… ഏതോ ഒരു പെണ്ണ് ദേവേട്ടന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന്…….

ഉണ്ടായിരുന്നു……. അതൊക്കെ കഴിഞ്ഞു……
ഇനിയിപ്പോ അതൊക്കെ ഓർമ്മകൾ മാത്രമാണ്………..

കുഞ്ഞു കുട്ടികളെപ്പോലെ കയ്യിൽ തൂങ്ങി നടക്കുന്ന വേദുവിനെ നോക്കി…… മനസ്സിൽ ഉണ്ടായിരുന്നു ഒരു പെണ്ണ്……. പക്ഷേ മനസ്സിലെ ഇഷ്ടം പറയാൻ താമസിച്ചു പോയെന്നു മനസ്സിലായത് അവൾക്കു വേറൊരാളെ ഇഷ്ടമാണെന്നും അയാളുടെ കുഞ്ഞ് അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോഴുമാണ്……… എങ്കിലും ഇഷ്ടം ഒരുതരി കുറഞ്ഞില്ല…… ഒരുപാട് തേടി…… കണ്ടെത്തിയത് ഇപ്പോഴും…….. കുറച്ചു ആഴ്ചകൾക്കു മുൻപ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ നീ വീട്ടിൽ കണ്ടേനെ വേദൂ……

എന്താ ദേവേട്ടാ ചിരിക്കുന്നെ …….. നിവേദ്യ ചോദിച്ചപ്പോഴാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്……

ഒന്നുമില്ല…… പോയി വല്ലതും ഉണ്ടാക്ക്…… പെട്ടെന്ന് പോണം………… നിവേദ്യയുടെ കൈ വിടുവിച്ചു പറഞ്ഞു………..

തിരക്ക് കൂട്ടണ്ട…… മൊബൈൽ ഓഫ് ചെയ്തു വച്ചോ…….. ഇന്ന് താമസിക്കാൻ ഒന്നും ഞാൻ പറയില്ല……. പക്ഷേ വൈകിട്ടേ പോകൂ ഇവിടുന്ന്…….. അറിയാല്ലോ വേദൂനേ…… വിരൽ ചൂണ്ടി പറഞ്ഞു……. കൈകൂപ്പി നിന്നു ശ്രീദേവ്……..

ഭക്ഷണം കഴിക്കുമ്പോൾ ആദിത്യന്റെ കണ്ണുകൾ ഇടയ്ക്കിടെ നീതുവിന്റെ മുഖത്തേക്ക് ചെന്നു….. നിവേദ്യ രഹസ്യമായി ആദിത്യനോട് പറഞ്ഞു…..

കുറുക്കൻ ചത്താലും കണ്ണു കോഴിക്കൂട്ടിലേക്കാണല്ലോ……..

പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ഭക്ഷണം തലയിൽ കയറി ചുമക്കാൻ തുടങ്ങി…….. നിവേദ്യ വെള്ളം എടുത്തു കൊടുത്തു…….കൂടെ തലയിൽ തട്ടിക്കൊടുത്തു……. ആദിത്യൻ നിവേദ്യയെ നോക്കി കണ്ണുരുട്ടി…….

ഉരുട്ടി പേടിപ്പിക്കേണ്ട…… ഉള്ളത് പറഞ്ഞതാ….. ചിരിച്ചു പറഞ്ഞു……..

തമ്മിൽ നോക്കി ചിരിക്കുന്നതിനിടയിൽ അവരെ മറ്റുള്ളവർ ശ്രദ്ധിക്കുന്നത് രണ്ടാളും അറിഞ്ഞില്ല…..

തുടരും