രചന – ഗൗരി ലക്ഷ്മി
കോളിംഗ് ബെൽ കേട്ടതും ആദി ചെന്ന് വാതിൽ തുറന്നു..
മുൻപിൽ നിൽക്കുന്നവനെ സംശയത്തോടെ ഒന്ന് നോക്കി അല്ലി അകത്തേയ്ക്ക് കയറി..
എന്താ ആദി.. സുഖമില്ലേ നിനക്ക്..
സംശയത്തോടെ ചോദിച്ചുകൊണ്ടവൾ അവനെ നോക്കി..
ഹേയ്.. ഒരു തലവേദന..
തീരെ നേർത്ത ശബ്ദത്തിൽ പറയുന്നവനെ ഒന്നു നോക്കി കയ്യിലിരുന്ന കവർ ഡൈനിങ് ടേബിളിൽ വെച്ച ശേഷം ചെന്ന് അവന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി അവൾ..
പനി ഇല്ല.. പിന്നെന്താ..
അറിയില്ല.. തലവേദന.. തീരെ പറ്റുന്നില്ല..
അവൻ ഒഴിഞ്ഞുമാറികൊണ്ടു പറഞ്ഞു..
നിനക്ക് വയ്യെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ ആദി.. ഞാൻ വരില്ലായിരുന്നോ.. ഒറ്റയ്ക്ക് ഇവിടെ വന്നു കിടക്കാൻ.. അല്ലേൽ ക്രിസ്റ്റിയോട് പറഞ്ഞൂടായിരുന്നോ..
അവൾ തെല്ല് പരിഭവത്തോടെ അവനെ നോക്കി..
ആരേം മെനക്കെടുത്തേണ്ട എന്നു തോന്നി..
എന്ത് ബുദ്ധിമുട്ട്.. അല്ലേൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ബുദ്ധിമുട്ടുന്നതിന്റെ കണക്കൊക്കെ നീ എപ്പോ മുതൽക്കാടാ എടുത്തുതുടങ്ങിയത്..
അല്ലി അവനെ നോക്കി..
ഹേയ്.. അങ്ങനെ അല്ല.. നീ കാട് കയറേണ്ട.. നീ ഇത്രേം വൈകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..
ആദി പറഞ്ഞൊഴിഞ്ഞു..
മ്മ്.. ഞാനൊരു ഫ്രണ്ടിനെ കണ്ടു.. പിന്നെ ഓഫീസിലും ഒന്ന് കേറിയിട്ടാ വന്നത്.. നിനക്ക് വയ്യെന്നറിഞ്ഞിരുന്നേൽ ഞാൻ അങ്ങോട്ട് പോകില്ലായിരുന്നു.. ലേറ്റ് ആയോണ്ട് ഫുഡും വാങ്ങിയാണ് വന്നത്..
മ്മ്.. നീ കഴിച്ചിട്ട് കിടക്ക്.. ഞാൻ കിടക്കാൻ പോവാ.. ഒട്ടും വയ്യ..
അതും പറഞ്ഞവൻ അകത്തേയ്ക്ക് പോകുന്നതും നോക്കി ഒന്നും മനസ്സിലാകാതെ അല്ലി നിന്നു.. ശേഷം ഫോണെടുത്തു ക്രിസ്റ്റിയെ വിളിച്ചു..
ആദിക്ക് എന്തുപറ്റി..
ഫോണെടുത്തപാടെ അല്ലിയുടെ ചോദ്യം കേട്ട് ക്രിസ്റ്റി അമ്പരന്നുപോയി..
ആദിക്ക് എന്തുപറ്റി..
ക്രിസ്റ്റി തിരിച്ചും ചോദിച്ചതും അല്ലി ഒരു നിമിഷം മൗനമായി നിന്നു..
അവൻ വൈകീട്ട് എന്നെ വിളിക്കും വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ.. എന്ത് പറ്റി..
ക്രിസ്റ്റി ചോദിച്ചു..
അറിയില്ല.. ഞാൻ വന്നപ്പോ തലവേദന എന്നും പറഞ്ഞു കിടക്കുന്നു.. എന്തോ പ്രശ്നം ഉള്ളപോലെ.. അതാ നിന്നെ വിളിച്ചത്..
അല്ലി പറഞ്ഞു..
എന്നാൽ തലവേദന ആയിട്ടാകും.. അവനു തലവേദന കൂടിയാൽ പ്രാന്താണെന്നു നിനക്കറിയാമല്ലോ.. അതാകും.. നിന്റെ ചോദ്യം കേട്ടപ്പോ ഞാനും പേടിച്ചുപോയി..
ക്രിസ്റ്റി പറഞ്ഞതും ഒന്നു മൂളി അവൾ ഫോൺ കട്ടാക്കി..
ആദി.. ആദി..
തട്ടി വിളിച്ചിട്ടും അനങ്ങാതെ കിടക്കുന്നവനെ ബലമായി അവൾ തിരിച്ചു കിടത്തി..
ആദി കണ്ണുചിമ്മിതുറന്നു..
എന്താ നിനക്ക്.. പെയിൻ കുറവില്ലേ.. ടാബ്‌ലറ്റ് വേണോ..
ഞാൻ കഴിച്ചതാ..
ആദി പറഞ്ഞുകൊണ്ട് മുഖം പുറംകയ്യാൽ പൊത്തി..
ഒന്നും കഴിക്കാതെയോ.. നീ വന്നേ.. വല്ലോം കഴിക്കാം.. ഞാൻ ഫുഡ് എടുത്തു വെച്ചു.. എണീക്ക്..
എനിക് വേണ്ടല്ലി..
അതൊന്നും പറഞ്ഞാൽ പറ്റില്ല.. ദേ നിന്റെ ഫേവറേറ്റ് ചിക്കൻ ഫ്രൈഡ് റൈസും പനീർ ബട്ടർ മസാലയും ആണ്..എഴുന്നേൽക്ക് ആദി..
ച്ഛെ.. ഇത് വല്യ ശല്യമായല്ലോ. നിനക്കെന്താ അല്ലി പറഞ്ഞാൽ മനസ്സിലാകില്ലേ.. നീയെന്താ വല്ല കൊച്ചു കുട്ടിയുമാണോ.. ചുമ്മാ വാശി പിടിക്കാൻ.. എനിക്ക് വേണേൽ കഴിക്കാൻ എനിക്കറിയില്ലേ.. നിനക്ക് വേണേൽ പോയി കഴിക്ക്.. എനിക്കൊന്ന് കിടക്കണം.. ഇത്തിരി സ്വൈര്യം താ..
ആദി പെട്ടെന്ന് പൊട്ടിത്തെറിച്ചതുപോലെ പറഞ്ഞതും അല്ലി ഭയന്ന് കട്ടിലിൽ നിന്നെഴുന്നേറ്റ് പോയിരുന്നു..
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു പെട്ടെന്നവൾ പുറത്തേയ്ക്ക് പോയതും ആദി തലയിൽ കൈവെച്ചു പോയി..
പിന്നാലെ പോയി അവളെ ഒന്നാശ്വസിപ്പിക്കാൻ തോന്നിയെങ്കിലും ഏതോ ആലോചനയിൽ അത് വേണ്ടാന്നുവെച്ചവൻ കിടക്കയിലേക്ക് വീണിരുന്നു..
നെഞ്ചുരുകി അവൻ കരയുമ്പോൾ എടുത്തു വെച്ച ഭക്ഷണത്തിന് മുൻപിൽ അല്ലിയും വേദനയോടെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു..
അസ്വസ്ഥമായ മനസ്സോടെ..
********************
കണ്ണൊന്ന് ചിമ്മിതുറന്നു ജനാലയ്ക്കലേയ്ക്ക് നോക്കിയതും കർട്ടനിടയിലൂടെ വരുന്ന പകൽ വെളിച്ചം കണ്ട് ആദിചാടി എഴുന്നേറ്റു ക്ലോക്കിലേയ്ക്ക് നോക്കി…
സമയം 7 കഴിഞ്ഞിരിക്കുന്നു..
അല്ലിയുടെ ഭാഗം നോക്കിയപ്പോഴേയ്ക്കും അവിടം ശൂന്യമായിരുന്നു..
അല്ലി എന്താ വിളിക്കാത്തത് എന്നോർത്തപ്പോഴേയ്ക്കും തലേന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി മനസ്സിലേക്ക് വന്നതും അവനൊന്ന് ദീർഘമായി നിശ്വസിച്ചു..
അല്ലി.. താനെന്തിനാണ് അവളോട് അത്രയും ചൂടായത്.. വേണ്ടിയിരുന്നില്ല.. അല്ലിയുടെ ജീവിതം അവളുടെ സ്വാതന്ത്ര്യമാണ്.. ഒരിക്കലും അവൾ ആഗ്രഹിക്കാത്ത തന്റെ ജീവിതത്തിൽ അവളെ പിടിച്ചു വെയ്ക്കുന്നത് അത്രത്തോളം തെറ്റാണ്..
ആദി സ്വയം തിരുത്തി.. ശേഷം എഴുന്നേറ്റ് ഫ്രഷാകാൻ കയറി..
അടുക്കളയിലേക്ക് അവൻ ചെല്ലുമ്പോൾ അവിടം ശൂന്യമായിരുന്നു..
ഇത്രേം കാലത്തെ എവിടെ പോയി..
സ്വയം അതും പറഞ്ഞു സ്ലാബിൾ നോക്കിയതും പാത്രങ്ങളൊക്കെ തലേന്ന് കഴുകി വെച്ച പോലെ ഇരിപ്പുണ്ട്.. ചായ പോലും ഇട്ടിട്ടില്ല..
അവൻ തിരികെ ചെന്ന് മേം ഡോർ നോക്കിയതും ഡോർ ഉള്ളിൽ നിന്ന് ലോക്ക് ആണെന്ന് മനസ്സിലായതും ആഡ്യഹ ബെഡ് റൂമിൽ ചെന്ന് നോക്കി..
അല്ലി കിടക്കുന്നത് കണ്ടതും അവൻ സംശയത്തോടെ അകത്തേയ്ക്ക് കയറി..
സാധാരണയായി അങ്ങനെ ആ മുറി ഉപയോഗിക്കാറില്ല.. രാത്രി ഏറെ വൈകിയും ജോലി ഉണ്ടെങ്കിൽ മാത്രമാണ് അവിടെ കിടക്കുന്നത്.. അതല്ലെങ്കിൽ ക്രിസ്റ്റിയോ റോയിച്ചനോ വരണം..
തലേന്നത്തെ വഴക്കിന്റെ ഭാഗമാണ് ആ കിടപ്പ് എന്നു മനസ്സിലായതും ആദിക്ക് വേദന തോന്നി..
വയ്യ അല്ലി.. ഇനിയും മോഹിച്ചിട്ട് നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ..
അതും മനസ്സിൽ പറഞ്ഞവൻ തിരികെ അടുക്കളയിൽ ചെന്നു..
ചായയ്ക്കുള്ള വെള്ളം വെച്ചു പാലെടുക്കാൻ ഫ്രിഡ്ജ് തുറന്നതും തലേന്ന് അല്ലി വാങ്ങികൊണ്ടുവന്ന ഫുഡ് അതുപോലെ അതിനുള്ളിൽ വെച്ചിരിക്കുന്നത് കണ്ടതും ആദിക്ക് വേദന തോന്നി..
ബ്രേക്ഫാസ്റ്റ് റെഡിയാക്കി ടേബിളിൽ കൊണ്ടു വെച്ചു തിരിയുമ്പോഴാണ് അല്ലി ഓഫീസിൽ പോകാൻ റെഡിയായി ഇറങ്ങുന്നത് ആദി കണ്ടത്..
താൻ ഇത്ര പെട്ടെന്ന് റെഡിയായോ.. ഞാൻ കിച്ചനിൽ കേറി.. ഗോതമ്പ് ദോശ ഉണ്ടാക്കിയിട്ടുണ്ട്.. നീ കഴിക്ക്.. അപ്പോഴേയ്ക്ക് ഞാൻ റെഡിയാകാം..
അതും പറഞ്ഞവൻ തിരിഞ്ഞപ്പോഴേയ്ക്കും വാച്ച് കെട്ടി അല്ലി ബാഗും എടുത്തിറങ്ങിയിരുന്നു..
ഞാൻ പോവാണ്..
ഫുഡ് കഴിച്ചിട്ട് പോ അല്ലി..
വേണ്ട.. തലവേദന കുറഞ്ഞോ..
ഗൗരവത്തിലാണ് ചോദ്യം..
കുറഞ്ഞു.. ഇന്നലെ ഞാനാ ടൈമിൽ വെറുതെ ദേഷ്യപ്പെട്ടു.. സോറി..
മ്മ്.. സാരമില്ല..
നീ കഴിച്ചിട്ട് പോ..
വേണ്ട..
അതും പറഞ്ഞു പെട്ടെന്നിറങ്ങി പോകുന്നവളെ നോക്കി നിൽക്കെ അവന്റെ കണ്ണുകൾ ചെറുങ്ങനെ നിറയുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ അവഗണന താൻ അർഹിക്കുന്നു എന്ന തോന്നലിൽ അവൻ ഒരു പുഞ്ചിരിയോടെ ഒരുങ്ങാൻ കയറി..
*****************
നീ എന്തൊക്കെയാ ആദി പറയുന്നേ.. ഇപ്പൊ നീ ആരോടും ചോദിക്കാതെ നാട്ടിൽ പോയി ഡിവോഴ്‌സ് ഫയൽ ചെയ്താൽ പ്രശ്നം സോൾവ് ആകുമോ..
ക്രിസ്റ്റി ദേഷ്യത്തോടെ ചോദിച്ചു..
പ്രശ്നം സോൾവ് ആകില്ല.. പക്ഷെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാവില്ല ക്രിസ്റ്റി..
ആദി പറഞ്ഞു..
ടാ.. ഞാൻ പറയുന്നത് കേൾക്ക് നീ.. ഇപ്പൊ നീ എങ്ങോട്ടും പോകേണ്ട.. ഓഡിറ്റ് ഒക്കെ കഴിയട്ടെ.. ഞാനും വരാം.. നമുക്ക് നാട്ടിൽ പോകാം.. എല്ലാവരോടും സംസാരിക്കാം..
കാർത്തിയുടെ കാര്യത്തിൽ ആരും അല്ലിയോടൊപ്പം നിൽക്കുമെന്നെനിക് തോന്നുന്നില്ല.. അവൻ ശരിയല്ല.. അതോണ്ട് തന്നെ അല്ലി അവനുമായി ജീവിക്കുന്നത് എനിക്കും ഇഷ്ടമില്ല..
ഇനി അങ്ങോട്ട് പോയാലും പിന്നേം ആ പ്രസീദാന്റിയുടെ കൂടെയല്ലേ ജീവിക്കാൻ പോകുന്നത്.. നല്ല ബെസ്റ്റ് കുടുംബം ആണ്..
ക്രിസ്റ്റി പറഞ്ഞു..
ഇതൊക്കെ നമ്മുടെ വ്യൂ അല്ലേ.. അല്ലിയുടെ ജീവിതമാണ് ഇത്..
അല്ലിയുടെ അല്ല.. നിങ്ങളുടെ.. ഇന്ന് നിങ്ങൾ വെറും ഫ്രണ്ട്സ് അല്ല.. നിൻ്റെ ഭാര്യയാണ് അല്ലി.. അതിൻ്റെ ഉത്തരവാദിത്വം അവൾക്ക് ഉണ്ട്..
ക്രിസ്റ്റി പറഞ്ഞു..
എനിക്ക് വേണ്ടി എൻ്റെ പക്ഷം ചേർന്നാണ് നീയിപ്പോ സംസാരിക്കുന്നത്.. ഞാൻ മാത്രമല്ല അല്ലിയും നിൻ്റെ ഫ്രണ്ട് ആണ് ക്രിസ്റ്റി.. അവളുടെ ഭാഗത്ത് നിന്നും നമുക്ക് ചിന്തിക്കേണ്ട..
കാർത്തി അവളുടെ ഇഷ്ടമാണ്.. അ ഇഷ്ടം ഒരിക്കൽ ഞാൻ കാരണം നഷ്ടമായി പോയതാണ്..
ഒരു പ്രണയം.. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞാൽ ഒരാൾക്കും മനസ്സിലാകില്ല ക്രിസ്റ്റി.. അത് നല്ലതുപോലെ അനുഭവിച്ച ഒരാളാണ് ഞാൻ.. അല്ലിയ്ക്ക് ഒരിക്കൽ കാർത്തിയെ നഷ്ടപ്പെടാൻ കാരണം ഞാനാണ്.. ഇനിയും അതിനെനിക്ക് പറ്റില്ല ക്രിസ്റ്റി..
ഓകെ.. നീ പറയുന്നത് ഞാൻ അക്‌സപ്റ്റ് ചെയ്യാം.. അപ്പോഴും എനിക്കൊരു ചോദ്യമുണ്ട്.. നിയ തിരികെവന്നാൽ ആദി ഇതുപോലെ സ്വീകരിക്കുമോ..
ക്രിസ്റ്റിയുടെ ചോദ്യത്തിന് മുൻപിൽ ആദി മൗനം പാലിച്ചു..
ആ ചോദ്യം അതിനും ഏറെ മുൻപ് മുതൽ താൻ സ്വയം ചോദിക്കുന്നുണ്ട്.. കഴിയില്ല എന്നതാണ് ഉത്തരം..
ആദി ഓർത്തു..
കഴിയില്ല നിനക്ക്.. കാരണം എന്താണെന്നോ.. നീ താലി കെട്ടിയ നിന്റെ ഭാര്യ അവിടെയുണ്ട് എന്നുനിനക്ക് ബോധ്യമുണ്ട്.. ആ സ്ഥിതിക് ഇവിടെ അല്ലി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ എനിക്ക് വിരോധമുണ്ട്.. പിന്നെ അവളോട് ഞാൻ സംസാരിക്കാത്തത് വേറൊന്നും കൊണ്ടല്ല..ഇതേപ്പറ്റി അവളെന്നോടിതുവരെ ഒന്നും സംസാരിച്ചിട്ടില്ല.. ഞാൻ മുൻപ് സംസാരിക്കാൻ ചെന്നപ്പോഴും അവൾ ഒഴിഞ്ഞു മാറുകയായിരുന്നു..
ഒരു ഫ്രണ്ട് ആണേലും അവളുടെ പേഴ്‌സണൽ ലൈഫിൽ എനിക്കൊരു ലിമിറ്റേഷൻ ഉണ്ട്.. നിന്റെ കാര്യത്തിലും അതേനിക്കുണ്ട് ആദി..
എങ്കിലും പറയുവാ.. വെറുതെ എടുത്തുചാടി ഇപ്പൊ വീട്ടുകാരെകൂടി വിഷമിപ്പിക്കേണ്ട.. അല്ലി കാർത്തിയോടൊപ്പം പോവാണെന്നു പറയട്ടെ.. അപ്പോഴല്ലേ.. അത് അപ്പോൾ നോക്കാം..
ക്രിസ്റ്റി ഉറപ്പോടെ പറഞ്ഞു..
എന്നാലും ടാ..
ഒരെന്നാലും ഇല്ല.. നീ തൽക്കാലം ഇതേപ്പറ്റി മിണ്ടാൻ പോലും നിൽക്കേണ്ട.. അതുപോലെ മര്യാദയ്ക്ക് നിങ്ങൾക്കിടയിലുള്ള പിണക്കം തീർത്തേയ്ക്കണം.. വെറുതെ ഒരു പ്രശ്നവും നമുക്കിടയിൽ വേണ്ട..
മ്മ്..
ആദി മൂളി.. ക്രിസ്റ്റി ഒന്ന് പുഞ്ചിരിച്ചു.. ശേഷം അവന്റെ തോളിൽ ഒന്ന് തട്ടി പോകുമ്പോഴും തന്റെ ജീവിതത്തെ എങ്ങനെ കൈപ്പിടിയിൽ നിർത്താമെന്ന ചിന്തയിലായിരുന്നു ആദി.. ഉത്തരമില്ലാത്ത കുറേയേറെചോദ്യങ്ങൾക്ക് മുൻപിൽ അവനാദ്യമായി പതറി തുടങ്ങിയിരുന്നു ആ നിമിഷം..
****************
സി എം അസോസിയേറ്റസിൽ കുറച്ചുനാൾ ഉണ്ടായിരുന്നു..എനിക്ക് പേഴ്സണലി അറിയാവുന്ന ആളാ..
മ്മ്..
റോയ് പറഞ്ഞതും അല്ലി ഒന്ന് മൂളി.
റോയിച്ചാ..
ആ.. പിള്ളേരെ.. വാ.. ഇരിക്ക്..
റോയിച്ചൻ പറഞ്ഞതും ആദിയും ക്രിസ്റ്റിയും അല്ലിയുടെ അരികിൽ ചെന്നിരുന്നു..
അല്ല ഞാൻ പറയുവായിരുന്നു.. നിങ്ങൾ കഴിഞ്ഞ ദിവസം ഒരു ചാർട്ടേഡ് അകൗണ്ടന്റിന്റെ കാര്യം പറഞ്ഞില്ലേ.. അതിന് പറ്റിയ ഒരാളുണ്ടെന്ന്..
ആരാ റോയിച്ചാ.
ക്രിസ്റ്റി ചോദിച്ചു..
എബ്രഹാം കുഴികാട്ടിൽ.. എന്റെ ഒരു സുഹൃത്താ.. ഇടയ്ക്ക് അവനെ ഇവിടുത്തെ കണക്ക് മൊത്തത്തിൽ ഏൽപ്പിക്കാൻ ഞാൻ നോക്കിയതാ.. അപ്പൊ ജോയിച്ചൻ അതങ്ങ് ഏറ്റെടുത്തു.. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോയിച്ചനെ കൊണ്ടത് നടക്കുമെന്ന് തോന്നുന്നില്ല.. ഒന്നാമത് സ്റ്റെഫിയുടെ അവസ്ഥ..
മ്മ്..
ആദി മൂളി..
അത് മാത്രമല്ല റോയിച്ചാ.. ഇപ്പൊ ചീഫ് അകൗണ്ടന്റ് തരുന്ന കണക്ക് നമ്മൾ പ്രൈവറ്റ് ആയിട്ടല്ലേ നോക്കിക്കുന്നത്.. ഇനി അത് പോര.. മിഡ് ടേം ഓഡിറ്റ് ഒക്കെ വേണം.. കമ്പനിയുടെ പ്രൊഫിറ്റും ലോസും എപ്പോഴും പഠിച്ചോണ്ട് ഇരിക്കണം.. അല്ലെങ്കിൽ ടാക്‌സ് ഇനത്തിൽ നല്ല നഷ്ടം നമുക്കുണ്ടാകും..
അല്ലി പറഞ്ഞു..
അതേ റോയിച്ചാ.. നമുക്ക് അകൗണ്ട്‌സ് വിങ് ഒന്നൂടെ സ്‌ട്രോങ് ആക്കണം..
ആദിയും പറഞ്ഞു..
എന്നാൽ പിന്നെ എബ്രഹാം സാറിന്റെ കാര്യം തീരുമാനിച്ചോ റോയിച്ചാ.. അതാകുമ്പോൾ റോയിച്ചനും അറിയുന്ന ആളല്ലേ.. നമുക്ക് പേടി വേണ്ടല്ലോ..
ക്രിസ്റ്റിയും പറഞ്ഞു..
മ്മ്.. ജോയിച്ചനോട് ഇതേപ്പറ്റി ഇന്നൊന്ന് സൂചിപ്പിക്കട്ടെ.. എന്നിട്ട് തീരുമാനമെടുക്കാം..
റോയിച്ചൻ പറഞ്ഞു.. അതിനെല്ലാവരും സമ്മതം മൂളിയതും അയാൾ ഉടനെ തന്നെ എബ്രഹാമിനെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ചു..
അപ്പൊ അക്കാര്യത്തിൽ തീരുമാനമായി..
റോയ് പറഞ്ഞതും ആദിയും അല്ലിയും ക്രിസ്റ്റിയും പുഞ്ചിരിച്ചു..
********************
അല്ലി..
ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് ആദി പിന്നിൽ നിന്ന് വിളിച്ചത്.. അല്ലി അവനെ തിരിഞ്ഞു നോക്കി..
സോറി..
എന്തിന്..
അല്ലി കൈകെട്ടി അവനെ നോക്കി നിന്നു..
ഇന്നലെ ഞാൻ പറഞ്ഞില്ലേ.. എനിക്കൊട്ടും വയ്യായിരുന്നു.. അതാ നീ നിര്ബന്ധിച്ചപ്പോ ഞാൻ..
സാരമില്ല..
അതും പറഞ്ഞവൾ തിരിഞ്ഞു നിന്നു..
നീ ഇങ്ങനെ നിൽക്കല്ലേ അല്ലി.. എനിക്കാകെ വട്ട് പിടിക്കുന്നുണ്ട്..
ആദി അവൾക്കരികിൽ ചെന്നവളെ ചേർന്ന് നിന്നു പറഞ്ഞതും അവൾ ഗൗരവത്തിൽ തന്നെ അവനെ നോക്കി..
ഈ കല്യാണത്തിന് നമ്മളൊരിക്കലും സമ്മതിക്കരുതായിരുന്നു അല്ലെ ആദി..
ആദി ഞെട്ടി അല്ലിയെ നോക്കി..
എ.. എന്ത് പറ്റി.. ഇത് വലിയൊരു തെറ്റായി പോയെന്ന് തോന്നുന്നോ…
ആദി ചോദിച്ചു..
ഇപ്പൊ ശെരിക്കും തോന്നുന്നുണ്ട്.. എന്തോ ഈ കല്യാണം കൊണ്ട് നമ്മുടെ ഒക്കെ ഫ്രണ്ട്ഷിപ്പ് പോലും നഷ്ടപ്പെടും പോലെ.. ആർക്കും ആരേം ഇപ്പൊ മനസ്സിലാകുന്നുപോലുമില്ല..
അല്ലി പറഞ്ഞു.. ആദി അവളെ തെല്ല് ബലമായി തനിക്ക് നേരെ തിരിച്ചുനിർത്തി..
എന്താ നിനക്ക്..
അവൻ ചോദിച്ചു..
ഒന്നുമില്ല.. എന്തോ.. എനിക്ക് ഇവിടം ശ്വാസം മുട്ടി തുടങ്ങി ആദി.. ഒന്ന് നാട്ടിൽ പോണം.. അമ്മേം അച്ഛനേം കാണണം.. എത്ര നാളായി..
അവൾ ദയനീയമായി അവനെ നോക്കി..
കല്യാണം കഴിഞ്ഞു നാട്ടിലേക്ക് നമ്മൾ ഒന്നിച്ചു പോയിട്ടേയില്ലല്ലോ.. അമ്മയും അച്ഛനും ഭാമയാന്റിയും മുരളി അങ്കിളും.. അവർക്കൊക്കെ തോന്നില്ലേ നമ്മളെ കാണണമെന്ന്.. ടോം അങ്കിൾ വല്ലപ്പോഴും ഇവിടെ ക്രിസ്റ്റിയുടെ കൂടെ വന്നു നിൽക്കുന്നെങ്കിലും ഉണ്ട്..
അല്ലി പറഞ്ഞു..
അവനും അച്ഛനെയും അമ്മയെയും ഓർത്തു.. എന്നും വിളിക്കുമ്പോഴുള്ള പരാതിയാണ്.. ഇടയ്ക്ക് മൂന്നാലു വട്ടം അല്ലി നാട്ടിലേക്ക് പോയതാണ്.. അപ്പോൾ താൻ
തിരക്കിൽ പെട്ടുപോയി.. താൻ പോയപ്പോൾ അവൾ തിരക്കിലും..
നമുക്കു റോയിച്ചനോട് പറയാം ആദി..
മ്മ്..
ആദി മൂളി..
ഈ പോക്കിൽ നമ്മുടെ ഡിവോഴ്സിന്റെ കാര്യവും സംസാരിക്കാം അല്ലെ..
ആദി ചോദിച്ചു.. അല്ലി ഒന്നും മിണ്ടിയില്ല.. അല്പനേരത്തെ മൗനത്തിന് ശേഷം അവളവനെ നോക്കി..
അവർ എങ്ങനെ റിയാക്റ്റ് ചെയ്യും..
അറിയില്ല..
ആദി പറഞ്ഞു..
ഇപ്പൊ വേണ്ട..
ആദി സംശയത്തോടെ അവളെ നോക്കി..
ഏതായാലും മൂന്നു മാസം കൂടെങ്കിലും കഴിയാതെ മ്യൂച്വൽ ഡിവോഴ്‌സ് കൊടുത്താൽ പോലും നൂലാമാലകൾ കൂടുതലാകും.. അവരെ ഇപ്പോഴേ ടെൻഷൻ അക്കേണ്ടല്ലോ.. കുറച്ചൂടെ കഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം ആദി..
അതുമല്ല കല്യാണം കഴിഞ്ഞിട്ട് നമ്മൾ ഒന്നിച്ചാദ്യമായി പോവല്ലേ.. എന്തിനാ എല്ലാവരെയും സങ്കടപെടുത്തുന്നത്.. ഈ പോക്ക് അവർക്കും സന്തോഷം കൊടുക്കട്ടെ.
നമുക്ക് നല്ല ഭാര്യയും ഭർത്താവുമായി നിൽക്കാം ആദി.. അവര് കാരണം ഇപ്പോഴും നമ്മൾ സങ്കടത്തിലാണ് എന്ന തോന്നൽ വേണ്ട.. അവർക്ക് അത്രയെങ്കിലും സന്തോഷം കൊടുക്കാം നമുക്ക്..
അല്ലി പറഞ്ഞു..
എത്രനാളത്തേയ്ക്ക്..
ആദി ചോദിച്ചു..
കൂടിയാൽ മൂന്ന് മാസം.. അത് കഴിയുമ്പോൾ ഡിവോഴ്‌സ് പെറ്റിഷൻ കൊടുക്കാൻ നിൽക്കുന്ന നമ്മൾ അവർക്ക് മുൻപിൽ അഭിനയിച്ചിട്ടെന്ത് കാര്യമാ അല്ലി..
ഇതൊക്കെ കണ്ട് ആശ്വസിച്ചു നിൽക്കുമ്പോൾ ഒരു ഷോക്ക് കൊടുക്കണോ…
ആദി അവളെ നോക്കി..
ഇപ്പോഴേ സത്യങ്ങൾ പറഞ്ഞു അവരെ വേദനിപ്പിക്കേണ്ട എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..
അല്ലി പറഞ്ഞു..
ആദി ഒന്നും മിണ്ടിയില്ല..
നമുക്ക് പോകാം.. റോയിച്ചനോടും ക്രിസ്റ്റിയോടും പറയാം… എന്നിട്ട് പറ്റിയാൽ ഈ ഫ്രൈഡേ തന്നെ പോകാം..
ആദി പറഞ്ഞതും.അല്ലി അവനെ നോക്കി..
വോൾവോ മതി..
അല്ലി പറഞ്ഞു..
മ്മ്.. പക്ഷെ ഒരു കണ്ടീഷൻ…
അവൾ സംശയത്തോടെ അവനെ നോക്കി..
നിന്റെയീ മൂഡോഫ് ഒക്കെ മാറ്റിവെച്ചു ഹാപ്പി ആയിക്കോണം.. എന്നോടുള്ള പിണക്കവും ഇവിടെ തീർത്തേയ്ക്കണം..
അല്ലി ഒന്ന് ചിരിച്ചു..
നിന്നോടല്ലേൽ അനിക്കെത്ര നേരം പിണങ്ങിയിരിക്കാൻ പറ്റും..
അവൾ പുഞ്ചിരിയോടെ ചോദിച്ചു..
അവനും ചിരിച്ചു..
സത്യത്തിൽ അമ്മയെയും അച്ഛനെയുമൊക്കെ വല്ലാണ്ട് മിസ് ചെയ്തു..അതിന്റെ ഒരു മൂഡോഫിൽ ആയിരുന്നു ഞാൻ.. അല്ലാതെ നിന്നോട് പിണക്കമൊന്നുമായിട്ടല്ല..
അവൾ വിശദീകരിച്ചു..
എന്നാൽ ഇന്നലത്തെ ഫ്രൈഡ് റൈസ് ചൂടാക്കാം അല്ലെ..
അവൻ ചോദിച്ചതും അവളിൽ മനോഹരമായ പുഞ്ചിരി വിടർന്നു..
മെല്ലെ മെല്ലെ ആ പുഞ്ചിരി അവന്റെ ചുണ്ടിലേയ്ക്കും പടരുമ്പോൾ അസ്വസ്ഥത പടർന്നിരുന്ന മനസ്സുകളിൽ ഒരു ആശ്വാസത്തിന്റെ കിരണം നിറഞ്ഞു തുടങ്ങിയിരുന്നു.. വരാൻ പോകുന്ന നാളുകളിൽ കാത്തിരിക്കുന്ന വിപത്തുകൾ അറിയാതെ അടുത്ത പകലിനായി അവർ കാത്തിരുന്നു.. പ്രതീക്ഷയോടെ..
തുടരും..

by