The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
പതിയെ ഒഴുകിയെത്തും പോലെ വന്നു നിന്ന ആഡംബര കാറിൽ നിന്നും പുറത്തേക്കിറങ്ങിയവൻ ചുറ്റുമൊന്ന് നോക്കി.
കൂടി നിന്നവരൊക്കെയും ഒരു നിമിഷം വിറച്ചു പോയിരുന്നു.
അവനിറങ്ങാൻ വേണ്ടി ഡോർ തുറന്നു കൊടുത്തു കൊണ്ട് പിന്നിൽ നിൽക്കുന്നവന്റെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു കാണാം.
വൃത്തിയായി ഇൻ ചെയ്തു ധരിച്ച കറുത്ത ഷർട്ടിനൊപ്പം… ഓഫ് വൈറ്റ് കളർ പാന്റും..
കൂളിംഗ് ഗ്ലാസ് കയ്യിലിട്ട് കറക്കി കൊണ്ടവൻ നേർത്തൊരു ചിരിയോടെ.. എടുപ്പോടെ മുന്നോട്ട് നടന്നു.
അവന് പിറകെ കറുത്ത വസ്ത്രം ധരിച്ചു.. കരുത്തരായ മൂന്നോ നാലോ പേര് കൂടിയുണ്ട്.
“എവിടെയവൻ?”
കയ്യിലുള്ള മൊബൈൽ ഫോണിലേക്ക് വെറുതെയൊന്നു നോക്കിയിട്ട് അവനത് ചോദിച്ചു.
ഒട്ടും പരുക്കമല്ലാത്ത സോഫ്റ്റായ അവന്റെ സ്വരം.
“അകത്തുണ്ട് “കൂടെയുള്ള ഒരുത്തൻ അവനുള്ള മറുപടി കൊടുത്തു.
“എല്ലാം ഒക്കെയല്ലേ? ആർക്കും ഡൌട്ട് ഒന്നുമില്ലല്ലോ?”
വീണ്ടും അതേ ഭാവത്തിൽ തന്നെ അവൻ ചോദിച്ചു.
“നോ സർ.. ഒരീച്ച പോലും അറിഞ്ഞിട്ടില്ല.. അവന്റെ മിസ്സിംഗ് ”
കൂടെയുള്ളവന്റെ അഭിമാനം നിറഞ്ഞ മറുപടിയിൽ അവന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി തെളിഞ്ഞു.
“ഗുഡ്..”അതേ ചിരിയോടെ അവൻ പറഞ്ഞു.
ഒരു കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി നല്ല വേഗതയിലാണ് അവന്റെ ചുവടുകൾ.
കണ്ണുകൾ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.
കയ്യിലുള്ള ഫോൺ ബെല്ലടിച്ചതും നടത്തതിനിടയിൽ തന്നെ അവനതെടുത്തു ചെവിയിൽ ചേർത്ത് വെച്ചു.
“ഷാഹിദ് ഹിയർ….”
ഗൗരവം നിറഞ്ഞ അവന്റെ ശബ്ദം അവിടമിലാകെ പ്രതിധ്വനിച്ചു..
❣️❣️❣️
ഫോൺ കട്ട് ചെയ്തു കഴിഞ്ഞു ക്രിസ്റ്റി ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു പിടിച്ചു.
ഹൃദയമിടിപ്പ് ക്രമം തെറ്റിയിട്ടുണ്ട്.
അതൊന്നും ശെരിയാവുന്നത് നോക്കി നിൽക്കാനുള്ള നേരമൊന്നുമില്ല.
ഇതിനേക്കാൾ താളം പിഴച്ചൊരു മനസ്സോടെ ഭയന്ന് വിറച്ചു നിൽക്കുന്നവളെ കുറിച്ചോർക്കെ,അവന്റെ ഹൃദയം ആർദ്രമായി പോയിരുന്നു.
ഫോൺ തിരികെ പോക്കറ്റിലേക്ക് തന്നെയിട്ട് കൊണ്ട് ക്രിസ്റ്റി പാത്തുവിന്റെ അരികിലേക്ക് ചെന്നു.
അവനരികിൽ ചെന്നതും അവളെ തന്നെ നോക്കി കിടന്നിരുന്ന ടോമി തല താഴ്ത്തി നിലത്തേക്ക് പതിഞ്ഞു കിടന്നു.
അത് കാണെ പാത്തു അറിയാതെ തന്നെ നെടുവീർപ്പിട്ട് കൊണ്ട് ചുവരിലേക്ക് ചാരി നിന്ന് കിതപ്പടക്കി.
“വാ…പോവാം ”
അവൾക്കരികിൽ ചെന്ന് നിന്നിട്ട് ക്രിസ്റ്റി വിളിക്കുമ്പോൾ പാത്തു അവനെ തുറിച്ചു നോക്കി.
“ഇല്ല.. ഞാൻ വരില്ലങ്ങോട്ട്. അവരെന്നെ.. പ്ലീസ്.. ഞാൻ.. ഞാനിവിടെ എവിടെങ്കിലുമൊരു മൂലയിൽ.. നിങ്ങൾക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ല. പ്ലീസ്.. എന്നെയങ്ങോട്ട് പറഞ്ഞയക്കരുത് ”
അറക്കൽ തറവാട്ടിലേക്കാണ് ക്രിസ്റ്റി വിളിക്കുന്നതെന്ന് കരുതി പാത്തു വീണ്ടും കരഞ്ഞു കൊണ്ട് അവന് നേരെ കൈ കൂപ്പി.
ക്രിസ്റ്റിക്ക് വല്ലാതെ നൊന്തിരുന്നു, അവളുടെയാ ദയനീയ ഭാവം.
അവൻ വേഗം തല ചെരിച്ചു കൊണ്ട് നോട്ടം മാറ്റി.
“ഇവിടിങ്ങനെയിരിക്കാൻ പറ്റില്ലല്ലോ ഫാത്തിമ.?പറഞ്ഞല്ലോ ഞാൻ… ധാരാളം വന്യജീവികളുള്ള സ്ഥലമാണ്. അവയിലേതെങ്കിലുമൊന്ന് നിന്നെ കടിച്ചു കീറി ടേസ്റ്റ് നോക്കി പോയാൽ.. ഉത്തരം പറയേണ്ടത് ഞങ്ങളാവും. പ്രതേകിച്ച് ഈ ഞാൻ അതിന്റെ ഉത്തരവാദിത്തം മുഴുവനും ഏറ്റെടുക്കേണ്ടിയും വരും. അത് കൊണ്ട് പറഞ്ഞത് അനുസരിക്ക് നീ ആദ്യം. എന്റെ കൂടെ വാ ”
ക്രിസ്റ്റി ഗൗരവത്തോടെ തന്നെ പറഞ്ഞു.
“നിങ്ങളെന്നെ അറക്കലേക്ക് കൊണ്ട് വിട്ടാലും ഇന്നല്ലങ്കിൽ നാളെ ഈ പറഞ്ഞത് തന്നെ സംഭവിക്കും. കാട്ടിലുള്ളതിനേക്കാൾ ഭീകര വിഷ ജന്തുക്കൾ നിറഞ്ഞതാണ് അവിടം. അവരെന്നെ കടിച്ചു പറിക്കും. ജീവൻ ബാക്കി കിട്ടിയേക്കും.. വീണ്ടും വീണ്ടും കടിച്ചു പറിക്കാനായിട്ട് അവരുടെ ഭിക്ഷയായി.ദയവായി അതിനെന്ന.. എറിഞ്ഞു കൊടുക്കരുത്.. പ്ലീസ് ”
പാത്തു വീണ്ടും അവന് മുന്നിൽ കൈ കൂപ്പി.
“നിന്നെ ഞാൻ അറക്കൽ തറവാട്ടിലേക്കല്ല ഫാത്തിമ വിളിക്കുന്നത് ”
ക്രിസ്റ്റി അവളുടെ മുഖത്തേക്ക് നോക്കി പതിയെ ശാന്തമായി പറഞ്ഞു.
“പിന്നെ… പിന്നെ എങ്ങോട്ട് പോകും.. ഈ പാതിരാത്രി?”
പാത്തുവിന്റെ മുഖത്തു നിറയെ സംശയങ്ങളുണ്ട്.
“ദേ.. ആ കാണുന്നത് എന്റെ വീടാണ്. വീട്ടിലെന്റെ രണ്ട് അമ്മമാരും ഒരു അനിയനും അനിയത്തിയും അവരുടെ അച്ഛനുമുണ്ട്. അങ്ങോട്ടാണ് നിന്നെ ഞാനിപ്പോ വിളിക്കുന്നത്. തത്കാലം വീട്ടിലുള്ളവരൊന്നും അറിയാതെ വേണം അകത്തേക്ക് കയറാൻ. ഇന്നൊരു രാത്രി നീ അഡ്ജസ്റ്റ് ചെയ്യണം. നാളെ ഞാൻ ഒന്നാലോചിച്ചു നോക്കട്ടെ നിന്റെ കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്ന്. അത് പോലെ ചെയ്യാം. ഇപ്പൊ ഏതായാലും നീ വാ ”
ക്രിസ്റ്റി അവൾക്ക് മനസ്സിലാകുന്നത് പോലെ പറഞ്ഞു കൊടുത്തു.
“വേണ്ട… വേണ്ട… നിങ്ങൾക്കത് ബുദ്ധിമുട്ടാവും.. ഞാൻ.. ഞാനിവിടെ..”
പാത്തു നിഷേധിച്ചു കൊണ്ട് തലയാട്ടി.
“പറയുന്നത് മനസ്സിലാക്ക് ഫാത്തിമാ നീ ആദ്യം. കണ്മുന്നിൽ ഇത്രേം ഗതികെട്ട് നിൽക്കുന്ന നിന്നെയിവിടെ ഉപേക്ഷിച്ചു പോകാൻ മാത്രം മനസാക്ഷിയില്ലാത്തവനല്ല ഈ ഞാൻ.”
അവന്റെ മുറുക്കമുള്ള വാക്കുകൾ.
പാത്തു മുഖം കുനിച്ചു.
“നിനക്കെന്നെ വിശ്വാസമുണ്ടോ? ”
ക്രിസ്റ്റിയുടെ ചോദ്യം കേട്ടതും പാത്തു അവന് നേരെ മുഖമുയർത്തി നോക്കി.
“ധൈര്യമായിട്ട് പറഞ്ഞോ.. ഈ ലോകത്തിലെ പുരുഷമാർക്കെല്ലാം ഒരേ മനസ്സാണെന്ന് കരുതുന്നുണ്ടോ ഫാത്തിമാ നീ?”
വീണ്ടുമവന്റെ ചോദ്യം കേട്ടതും പാത്തു വേഗം ഇല്ലെന്ന് തലയാട്ടി കാണിച്ചു.
“എങ്കിൽ എന്റെ കാര്യം ഓർത്തിട്ട് നീ ടെൻഷനാവേണ്ട. എനിക്കറിയാം എന്ത് വേണമെന്ന്. ഇപ്പൊ.. നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ എനിക്കൊപ്പം വരാം. ആരുമറിയാതെ കൊണ്ട് പോകുന്നതെല്ലാം നീ എനിക്ക് വിട്ടേക്ക്. ഈയൊരു രാത്രി നിന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് ഞാൻ വിളിക്കുന്നത്.”
ക്രിസ്റ്റി ഗൗരവത്തോടെ തന്നെയാണ് പറയുന്നത്.
“വരുന്നെങ്കിൽ പെട്ടന്ന് വേണം. ഇനിയും എനിക്കിവിടിങ്ങനെ നിൽക്കാനാവില്ല.”
ക്രിസ്റ്റി വീണ്ടും പറഞ്ഞു.
പാത്തു എന്ത് വേണമെന്നറിയാത്തൊരു ഭാവത്തിൽ അവനെ നോക്കി.
“തീരുമാനം എന്താണെങ്കിലുമത് നിനക്കെടുക്കാം. അറക്കൽ തറവാട്ടിലേക്ക് പോണമെങ്കിൽ അതുമാവാം. പക്ഷേ.. ഇവിടെ ഇരിക്കാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നത്.. ഈ റബ്ബർ മരങ്ങളെ ഊറ്റി വിറ്റ് ജീവിക്കുന്നവനാണ് ഞാൻ. അതും വെളുപ്പിന്. നീ കാരണം അതില്ലാതെയാക്കാൻ തത്കാലം എനിക്ക് പറ്റില്ല. റിയലി സോറി ”
മനസ്സിലുള്ളത് ക്രിസ്റ്റി അത് പോലെ തന്നെ അവളോട് പറഞ്ഞു.
നഖം കടിച്ചും തട്ടം കയ്യിലിട്ട് ഞെരിച്ചും ഒരു തീരുമാനമെടുക്കാൻ ആലോചിച്ചു ബുദ്ധിമുട്ടുന്നവളെ നോക്കുമ്പോഴെല്ലാം അവനുള്ളമൊരു കുറുമ്പുകാരിയെ തിരഞ്ഞു.
ഇച്ഛയുടെ കയ്യും പിടിച്ചു അവളീ ലോകത്തിന്റെ ഏതറ്റത്തേക്ക് വേണമെങ്കിൽ പോലും വരുമായിരുന്നു.
ഇച്ഛാ എന്ത് പറഞ്ഞാലും അവൾക്കതായിരുന്നു വേദവാക്യം!
ഇച്ഛ ചെയ്യുന്നതെന്തും അവൾക്ക് ശെരിയാണ്.
അല്ലെന്ന് പറയുന്നവരുടെ നേരെ ചീറി പായുന്നൊരു പെൺപുലി കൂടിയായിരുന്നു അന്നവൾ. സലാമിന്റെ പുലികുട്ടി!
അവന്റെ ചുണ്ടിലൊരു നനുത്ത ചിരി വിരിഞ്ഞു.
“ഞാൻ… ഞാൻ വരാം..”
വളരെ പതിഞ്ഞ ശബ്ദത്തിൽ പാത്തു പറയുമ്പോൾ ക്രിസ്റ്റിയുടെ കണ്ണുകൾ തിളങ്ങി.
ഹൃദയം കുതിച്ചു പൊങ്ങി.
അത് വരെയുമവനെ വലയം ചെയ്തിരുന്ന ഭയത്തിന്റെ ചങ്ങലകൾ അറുത്തു മാറ്റി കളഞ്ഞത് പോലെ.
“എങ്കിൽ വാ ”
അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി മുന്നേയിറങ്ങി. അവന് പിറകെ ടോമിയും ചാടി എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ടോമിയുള്ളത് കൊണ്ട് തന്നെ പാത്തു പതിയെയാണ് നടന്നിരുന്നത്.
“ഒന്നനങ്ങി വാ എന്റെ കൊച്ചേ. ഇല്ലേലിപ്പോ അകത്തെത്തും മുന്നേ നേരം വെളുക്കുമല്ലോ?”
ശബ്ദം കുറച്ചു കൊണ്ട് ക്രിസ്റ്റി കൈ മാടി വിളിച്ചു.
ആരെങ്കിലും കാണും മുന്നേ അകത്തു കയറി പറ്റണമെന്ന് മാത്രമായിരുന്നു അവന്റെ ഉള്ളം മുഴുവനും.
പാത്തു കുറച്ചു കൂടി സ്പീഡിൽ അവനൊപ്പം അടുക്കള മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
ടോമിയൊന്നു നീട്ടി കുരച്ചു കൊണ്ട് മുന്നിലേക്ക് ഓടി കയറി.
“ഓഓഓഓഓ.. മിണ്ടാതെടാ.. ആരെങ്കിലും ഇറങ്ങി വരും.. ”
ക്രിസ്റ്റി അവനെ നോക്കി പല്ല് കടിച്ചതും വാലാട്ടി കൊണ്ടവന്റെ കാലിൽ മുട്ടിയുരുമ്മി.
“നമ്മുടെ ആളാണ്…”
പാത്തുവിനെ നോക്കിയാണ് അവന്റെയാ നിൽപ്പെന്നു മനസ്സിലാക്കി അൽപ്പം കുനിഞ്ഞിട്ട് അവന്റെ തലയിലൊന്ന് തലോടി ക്രിസ്റ്റി പതിയെ പറഞ്ഞു.
“നീ വിട്ടോ.. ഞാൻ അകത്തേക്ക് പോകുവാണ് ”
ഒരിക്കൽ കൂടി അവന്റെ തലയിലൊന്ന് തൊട്ട് നിവർന്നു നിന്നിട്ട് ക്രിസ്റ്റി പറഞ്ഞു.
അടുക്കള മുറ്റത്തെ ലൈറ്റ് മാത്രം കത്തി കിടപ്പുണ്ട്. അതിലൂടെ വേണം പാത്തുവിനെയും കൊണ്ട് അകത്തേക്ക് പോകാൻ.
അത് അപകടമാണ്. ആദ്യം പോയിട്ട് ആ ലൈറ്റ് ഓഫ് ചെയ്തിട്ട് പോരണം.
ക്രിസ്റ്റി പാത്തുവിനെ നോക്കി.
അവളപ്പോഴും ചുറ്റുമുള്ള കാഴ്ചകളെ പകർത്തുവാണ്.
“നീ ഇവിടെ നിൽക്. ഞാനാദ്യം പോയിട്ടാ ലൈറ്റ് ഓഫ് ചെയ്തിട്ട് വരാം. അല്ലാതെ നമ്മൾക്ക് അകത്തേക്ക് കയറാനാവില്ല ”
ക്രിസ്റ്റി ശബ്ദം കുറച്ച് പറഞ്ഞു.
“ന്റള്ളോ ”
പാത്തുവിന്റെ കണ്ണുകൾ വീണ്ടും ഭയത്തോടെ ടോമിയെ നോക്കി.
“അവനൊന്നും ചെയ്യില്ല.. പേടിക്കേണ്ട ”
അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അടുക്കളയിലേക്ക് കയറിയതും അവിടെ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചാണ്.
തുടരും.
ആദ്യമൊന്നു പകച്ചു പോയെങ്കിലും ക്രിസ്റ്റി ഞെടിയിട കൊണ്ട് പുറത്തേക്കുള്ള ലൈറ്റ് ഓഫ് ചെയ്തു.
“നിനക്കുറങ്ങാനായിട്ടില്ലേ?”അത്യാവശ്യം ഉറക്കെ തന്നെയാണ് ക്രിസ്റ്റിയത് ചോദിച്ചത്.
പുറത്ത് നിൽക്കുന്നവൾ അകത്തേക്ക് ഓടി കയറി വരുമോ എന്നവനൊരു ഭയമുണ്ടായിരുന്നു.
വല്ലാത്തൊരു മുറുക്കത്തിൽ അവൻ ദിലുവിനെ നോക്കി.
മനസ്സിലപ്പോഴും പുറത്തെയിരുട്ടിൽ ടോമിയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കുന്നവളെയോർത്താണ് പിടച്ചത്.
“ഞാൻ… ഞാനിച്ചിരി വെള്ളമെടുക്കാൻ…”
കയ്യിലുള്ള ജെഗ്ഗ് ഉയർത്തി കാണിച്ചു കൊണ്ട് ദിലു വിക്കി.
അവനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ നന്നായി ഭയന്ന് പോയിരുന്നു.
ക്രിസ്റ്റിയെ കേൾക്കാതെ അവനെ കുറിച്ച് പറയുമെങ്കിലും ആ മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം അവൾക്കെപ്പോഴുമില്ല.
അവൾക്കെന്നല്ല… അത് റിഷിനുമില്ല.
“കിടക്കാൻ നേരം ഇച്ചിരി വെള്ളമെടുത്തു കൊണ്ട് വെച്ചൂടെ.. ഈ പാതിരാത്രിയിങ്ങനെ ഇറങ്ങി നടക്കാൻ…”
ക്രിസ്റ്റി വീണ്ടും കടുപ്പത്തിൽ പറഞ്ഞു.
“മറന്ന്.. മറന്നു പോയതാ ”
തല കുനിച്ചു കൊണ്ട് വീണ്ടും ദിൽന പറഞ്ഞു.
“നിന്ന് വിക്കി കളിക്കാതെ പെട്ടന്ന് വെള്ളമെടുത്തു പോകാൻ നോക്ക് ”
ക്രിസ്റ്റി പറഞ്ഞതും ദിൽന വേഗം പൈപ്പ് തുറന്നിട്ട് ജഗ്ഗ് അതിന് കീഴേക്ക് പിടിച്ചു.
ക്രിസ്റ്റി അവളെ തന്നെ നോക്കി നിൽപ്പുണ്ട്.
വൈകുന്നേരത്തെ റോയ്സിന്റെ പെരുമാറ്റത്തെ കുറിച്ച് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു ക്രിസ്റ്റിക്ക്.
പക്ഷേ അത്രയും നേരം കൂടി പുറത്ത് നിൽക്കുന്നവളുടെ ഭയത്തെ പരീക്ഷിക്കാൻ വയ്യെന്നത് പോലെ അവനത് മനഃപൂർവം വിട്ട് കളഞ്ഞു.
ക്രിസ്റ്റി സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ടിട്ടാണ്…കയ്യിലുള്ള ജഗ്ഗ് നിറയാൻ പോലും കാത്ത് നിൽക്കാതെ ദിൽന കിട്ടിയ വെള്ളവുമെടുത്തു കൊണ്ട് ധൃതിയിൽ അടുക്കളയിൽ നിന്നും ഇറങ്ങി പോയത്.
അവൾ പോയതോടെയാണ് ക്രിസ്റ്റിയുടെ ശ്വാസം നേരെ വീണത്.
അവൾ മുകളിലേക്കുള്ള സ്റ്റെയർ കയറി പോയെന്ന് ഹാളിലെത്തി ഉറപ്പിച്ചതിനു ശേഷമാണ് ക്രിസ്റ്റി വീണ്ടും അടുക്കളയിലെത്തിയത്..
💞💞💞
പുറത്തേക്കുള്ള ലൈറ്റ് ക്രിസ്റ്റി ഓഫ് ചെയ്തതും പാത്തു ശ്വാസം പിടിച്ചു നിന്ന് പോയി.
ടോമിയൊരു പ്രതേക ശബ്ദമുണ്ടാക്കി കൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി നിന്നിരുന്നു.
അത് കൂടി ആയതോടെ വീണ്ടുമവൾക്ക് ശ്വാസം വിലങ്ങി.
ഉറക്കെ മിടിക്കുന്ന ഹൃദയത്തിന് മുകളിൽ കൈ ചേർത്ത് പിടിച്ചു വിറച്ചു കൊണ്ടവൾ നിന്നു.
അകത്തു നിന്നും ക്രിസ്റ്റിയുടെ ഉറക്കെയുള്ള സംസാരം കേൾക്കാൻ കഴിയുന്നുണ്ട്.
അവിടെയാരോ ഉണ്ടെന്നുറപ്പായി.അതറിയിക്കാൻ വേണ്ടിയാവും അവനുറക്കെ സംസാരിക്കുന്നത്.
കുറച്ചു കൂടി ചുവരിലേക്ക് ചേർന്ന് ആരും കാണാതെ മറഞ്ഞു നിൽക്കണമെന്നുണ്ടായിരുന്നു പാത്തുവിന്.
പക്ഷേ അവൾ ഒന്നനങ്ങിയ നിമിഷം ടോമി വീണ്ടും മുരണ്ടു.
അതിൽ പിന്നെ ഓരോ സെക്കന്റും ഓരോ യുഗം പോലെ..
അകത്തേക്ക് കയറി പോയവനൊന്നു വേഗം തിരികെ വന്നെങ്കിലെന്ന് മാത്രം ചിന്തിച്ചു കൊണ്ട് ശ്വാസം പോലും വിടാൻ പേടിച്ച് അവളതേ.. നിൽപ്പ് തുടർന്നു.
❣️❣️❣️
ധൃതിയിൽ അടുക്കളയിലെ ലൈറ്റ് കൂടി ഓഫ് ചെയ്തിട്ട് മൊബൈൽ ഫ്ലാഷ് പോലുമിടാതെ.. അതിന്റെ സ്ക്രീൻ ലൈറ്റ് മാത്രം തെളിയിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും മുറ്റത്തേക്കിറങ്ങി പാത്തുവിന്റെ അരികിലേക്ക് ചെന്നു.
വാ.. ”
പാത്തുവിന് നേരെ കൈ മാടി വിളിച്ചു കൊണ്ടവൻ തിരിഞ്ഞു നോക്കി.
അവളുടെ കാൽ ചുവട്ടിൽ പതിഞ്ഞു കിടന്നിരുന്ന ടോമിയിലാണ് പാത്തുവിന്റെ ശ്രദ്ധയത്രയും.
ടോമി… ”
ക്രിസ്റ്റിയുടെ പതിഞ്ഞൊരു വിളി കേട്ടതും ടോമി എഴുന്നേറ്റു മാറി നിന്നു.
“പെട്ടന്ന് വാ..”
ക്രിസ്റ്റി ധൃതി കൂട്ടിയിട്ടും അപ്പോഴുമൊതുങ്ങാത്ത വിറയലോടെ പാത്തു അനങ്ങാൻ കൂടി കഴിയാതെ നിന്ന് പോയി.
“ഇവളെന്നേം കൂടി കൊലക്ക് കൊടുക്കുവോ എന്റെ കർത്താവെ…?”
ക്രിസ്റ്റി അറിയാതെ തന്നെ മുകളിലേക്ക് നോക്കി ചോദിച്ചു പോയി.
“അടുക്കളയിലെന്റെ അനിയത്തി ഉണ്ടായിരുന്നു. അവളെ പറഞ്ഞു വിടാനെടുത്ത ടൈം ആണ്. ഡോണ്ട് വറി. വാ..”
ദയനീയമായി അവനെ നോക്കുന്ന പാത്തുവിന് നേരെ ക്രിസ്റ്റിയുടെ കൈകൾ നീണ്ടു.
ഒരു നിമിഷം കൂടി അങ്ങനെ നിന്നതിനു ശേഷം.. അവൻ നീട്ടി പിടിച്ച കയ്യിലേക്ക് പാത്തു വലതു കൈ ചേർത്ത് വെച്ചു.
അവളിലെ അതേ വിറയൽ ക്രിസ്റ്റിയുടെ ഉള്ളം കയ്യിലേക്കും പടർന്നത് പോലെ.
എങ്കിലും അവനാ കൈകൾ മുറുകെ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
❣️❣️❣️
തനിക്ക് മുന്നിലിരിക്കുന്നവന്റെ മുഖത്തേക്ക് ഷാഹിദ് പരിഹാസത്തോടെ നോക്കി.
ഭയം കൊണ്ട് വിറങ്ങലിച്ച ആ മുഖം നിറയെ ജീവിക്കാനുള്ള കൊതിയായിരുന്നു നിറഞ്ഞതത്രയും.
കാരണം… ഷാഹിദിന്റെ കയ്യിലകപ്പെട്ടത്തോടെ തന്റെ വിധിയെന്താവുമെന്ന് അയാൾ ഉറപ്പിച്ചതാണ്.
അങ്ങകലെ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കലങ്ങി ചുവന്ന കണ്ണുകൾ അവനെ ആ അവസ്ഥയിലും മുറിപ്പെടുത്തി.
“ബിസ്മി ഗ്രൂപ്പ് ആണ് എതിരെ നിൽക്കുന്നതെന്നറിഞ്ഞിട്ടും പിന്നെന്തിനാണ് ജാബിറെ നീ അത് തന്നെ പ്രോസീഡ് ചെയ്തത്? നിനക്കറിയില്ലേ അതെന്റെയാണെന്ന്?നിനക്കാരും പറഞ്ഞു തന്നില്ലേ എനിക്കെതിരെ കളിക്കാനിറങ്ങിയാലുള്ള പ്രത്യാഘാതം?”
ഇരിക്കുന്ന കസേരയിലേക്ക് ഒന്ന് കൂടി ചാഞ്ഞു കൊണ്ട്.. തീർത്തും ശാന്തമായി ഷാഹിദ് ചോദിക്കുമ്പോൾ.. അവന് മുന്നിലെ കസേരയിൽ കൈകൾ ചേർത്ത് കെട്ടി മുഖമാകെ അടി കൊണ്ട് ചോരയോലിപ്പിച്ചു കൊണ്ടിരിക്കുന്ന ജാബിർ ഭയനീയമായി ഷാഹിദിനെ നോക്കി.
“ഞാൻ ചോദിച്ച ചോദ്യങ്ങൾ നീ കേട്ടില്ലെന്നുണ്ടോ ജാബിറെ? അതോ എനിക്കുത്തരം തരില്ലെന്നുള്ള വാശിയാണോ?”
അപ്പോഴും നേർത്തൊരു ചിരിയുണ്ട് ഷാഹിദിന്റെ ചുണ്ടിൽ.
അവനപ്പോഴും അങ്ങേയറ്റം ശാന്തനാണ്.
സത്യത്തിൽ ആ അപൂർവ ശാന്തത.. അത് തന്നെയാണ് അവനെ അത്രത്തോളം അപകടകാരിയാക്കുന്നതും. എന്നും.. എപ്പോഴും…
മുറിയിൽ മാറ്റാരുമില്ല.
ഷാഹിദ് ജാബിറിനെ തന്നെ നോക്കി ഇരിപ്പാണ്.
ഹൃദയം നുറുങ്ങിയത് പോലൊരു പൊട്ടി കരച്ചിലാണ് ജാബിർ അതിനുത്തരമായി നൽകിയത്.
ഷാഹിദ് അപ്പോഴും ചിരിച്ചു.
നെഞ്ചുലഞ്ഞു ജാബിർ കരഞ്ഞു തീരുവോളം അവനാ ചിരിയോടെ തന്നെ നോക്കിയിരുന്നു.
അല്ല.. അങ്ങനല്ലത്!
ഹൃദയമുരുകി മുന്നിലിരുന്ന് കരയുന്നവന്റെ ആ ഗതികേട്.. അവൻ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും.
“ഞാൻ.. ഞാൻ പിടിച്ചു നിൽക്കാൻ വേണ്ടിയിട്ടാ. ഗതികെട്ടു കൊണ്ടാ ഞാനീ ഗൾഫിലെത്തിയത്. കടം കൊണ്ടെനിക്ക് നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഒരുപാട് അലഞ്ഞു നടന്നിട്ടാണ് എനിക്കാ ജോലിക്ക് കയറാൻ കഴിഞ്ഞത്. ഒരു കൊല്ലത്തിനുള്ള എഗ്രിമെന്റ് സൈൻ ചെയ്തതിനു ശേഷമാണ് അവരെന്നോട്…”
കരച്ചിൽ കൊണ്ട് ജാബിർ ഉലഞ്ഞു പോകുന്നതാറിട്ടും ഷാഹിദ് ചിരി മായാതെ അവനെ നോക്കിയിരുന്നു.
“അവരെന്നോട് ആവിശ്യപ്പെട്ടത് ചെയ്യാതെ എനിക്കാ കമ്പനിയിൽ തുടരാൻ കഴിയില്ലായിരുന്നു. എനിക്കാ ജോലിയപ്പോൾ അത്രയും അത്യാവശ്യമായിരുന്നു. അത്.. അത് കൊണ്ടാണ് ഞാൻ അങ്ങനൊരു.. എന്നോട് പൊറുക്കണം ഷാഹിദ് സർ…”
കൂട്ടി കെട്ടിയ കൈകൾ ജാബിർ മനസ്സ് കൊണ്ട് ഷാഹിദിനു നേരെ കൂപ്പുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.
ഷാഹിദ് അപ്പോഴും ഒന്നും പറയുന്നില്ല.
അങ്ങേയറ്റം നിശബ്‍ദമായിരുന്നു.
“നാട്ടിൽ എനിക്ക് പ്രായമായ ഉമ്മയും ഭാര്യയും എന്റെ.. എന്റെ രണ്ടു കുഞ്ഞു മക്കളുമാണ്. അവർക്കുള്ള ഏക ആശ്രയം.. അത് ഞാനാണ് സർ.. എന്നോട് ക്ഷമിക്കണം ”
ജാബിർ വീണ്ടും കരഞ്ഞു പോയി.
അത് കൊണ്ടൊന്നും മായാത്ത ചിരിയോടെ തന്നെ ഷാഹിദ് അവന് മുന്നിലിരുന്നു.
“എനിക്കറിയില്ലായിരുന്നു ഇത്.. ഇതൊരു ചതിയാണെന്നും ആ കമ്പനിയും നിങ്ങളുടെ ബിസ്മി ഗ്രൂപ്പും തമ്മിലുള്ള ഇഷ്യുസും ഒന്നും ഒന്നും ഞാനറിഞ്ഞില്ല സർ.ഞാൻ പെട്ടു പോയതാണ്.. അവരെന്നെ.. പ്ലീസ്.. പ്ലീസ് സർ.. ദയവായി എന്നോട്.. എന്റെ.. എന്റെ മക്കളെ ഓർത്തെങ്കിലും..”
ജാബിർ നിറഞ്ഞൊഴുകുന്ന കണ്ണോടെ ഷാഹിദിനെ നോക്കി.
അവനെ തന്നെ നോക്കി അതേയിരുപ്പാണ്.
ഒരക്ഷരം മിണ്ടുന്നില്ലയെങ്കിലും.. ആ മൗനമാണ് ജാബിറിനെ വീണ്ടും വീണ്ടും ഭയപെടുത്തുന്നത്.
“തീർന്നോ?”
ഇത്തിരി നേരത്തെ നിശബ്‍ദക്ക് ശേഷം ഷാഹിദ് ചോദിച്ചു.
ജാബിർ അവനെ പകച്ചു നോക്കി.
ഈ പറഞ്ഞതിൽ ഒരക്ഷരം പോലും അവനെ സ്പർശിചിട്ടില്ലെന്നു ജാബിർ ആ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ മനസ്സിലാക്കി.
അവനുള്ളിൽ ഭയത്തിന്റെ കരിവണ്ടുകൾ മൂളി പടർന്നു.
“ബൈ…”
അത്ര മാത്രം പറഞ്ഞു കൊണ്ട് ഷാഹിദ് എഴുന്നേറ്റു.
“സർ.. പ്ലീസ്…”
പിന്തിരിഞ്ഞു നടക്കുന്നവനെ നോക്കി ജാബിർ ഉറക്കെ കരഞ്ഞു കൊണ്ട് വിളിച്ചു.
വാതിൽ കടന്നിറങ്ങും മുന്നേ ഷാഹിദ് അതെ ചിരിയോടെ തിരിഞ്ഞു നോക്കി കൊണ്ട് ജാബിറിനൊരു ഉമ്മ കൊടുക്കുന്നത് പോലെ ആക്ഷൻ കാണിച്ചു.
കരയാൻ പോലും മറന്ന് ഭയന്ന് വിറച്ചിരിക്കുന്നവന്റെ മുന്നിൽ വലിയൊരു ശബ്ദത്തോടെ ആ മുറിയുടെ വാതിലടഞ്ഞു.
അടഞ്ഞു പോയതവന്റെ ജീവിതത്തിന്റെ വാതില് കൂടിയായിരുന്നു.
അനേകം നോവുകളെ ബാക്കി വെച്ചിട്ട്… പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളെയും.. സ്നേഹിച്ചു മതി വരാത്ത പ്രിയതമയെയും ഇനിയൊരു ആയുസ്സ് മുഴുവനും വേദനിക്കാനിട്ട് കൊടുത്തിട്ട് ജാബിറിന്റെ വിധിയവിടെ എഴുതി ചേർക്കുന്നുണ്ടായിരുന്നു.
പടച്ചോനല്ല….
പടച്ചോനെ പോലും വെല്ലുവിളിക്കാവുന്നത്രയും ദാർഷ്ട്യത്തോടെയൊരുവൻ..
അറക്കൽ ഷാഹിദ്…
💞💞💞
“പേടിക്കേണ്ട…”
തന്റെ കയ്യിൽ പിടയുന്നത് പാത്തുവിന്റെ ഹൃദയം കൂടിയാണെന്ന് തോന്നി ക്രിസ്റ്റിക്ക്.
വളരെ സൂക്ഷിച്ചു കൊണ്ടാണ് ക്രിസ്റ്റി ഓരോ ചുവടും വെക്കുന്നത്.
ഫോണിന്റെ സ്ക്രീനിന്റെ നേർത്ത വെളിച്ചത്തിൽ അവൻ സ്റ്റെപ്പുകൾ കയറി മുകളിലെത്തി.
ദിൽനയുടെയും റിഷിയുടെയും റൂമുകളിൽ വെളിച്ചമുണ്ടെന്ന് അവൻ മുകളിൽ എത്തിയപ്പോഴാണ് മനസ്സിലാക്കിയത്.
“വേഗം വാ ”
തനിക് മറവിൽ പതുങ്ങി നിൽക്കുന്ന പാത്തുവിനെയും വലിച്ചു കൊണ്ടവൻ വലതു സൈഡിലെ തന്റെ മുറിയിലേക്ക് ഓടുകയായിരുന്നു.
“കയറ്.. ഇതാണെന്റെ റൂം ”
പാത്തുവിനെ വലിച്ചു വാതിനടുത്തേക്ക് നിർത്തി… കിതപ്പോടെ പിന്നിലേക്ക് നോക്കി ക്രിസ്റ്റി ശബ്ദമടക്കി പറഞ്ഞു..
❣️❣️❣️
“ഷാദി വിളിച്ചോ ഹമീദിക്കാ? ”
ഹാളിലെ വലിയ സോഫയിലിരിക്കുകയായിരുന്ന ഹമീദിന് അടുത്ത് വന്നിരുന്നു കൊണ്ട് നിയാസ് ചോദിച്ചു.
“ഇല്ലെടാ… അവനാ കമ്പനിയിൽ കയറി കളിച്ചവനെ കാണാൻ പോകുവാണെന്ന് പറഞ്ഞിരുന്നു. അത് തീർന്ന് കാണില്ല. അത് കഴിഞ്ഞു വിളിക്കുവായിരിക്കും.”
കയ്യിലുള്ള ചായ ഒന്ന് മൊത്തി കൊണ്ട് ഹമീദ് മറുപടി പറഞ്ഞു.
സലാമിന് നേരെ താഴെയുള്ളവനാണ് ഹമീദ്.
അയാൾക്ക് താഴെ രണ്ടു പെങ്ങന്മാരാണ്.
റംലയും സുഹ്‌റയും.
ഏറ്റവും ഇളയവനാണ് നിയാസ്.
അറക്കൽ അഹമ്മദ് ഹാജിയുടെ വിശാലമായ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ് ഹമീദ്. അൻപതു വയസ്സിലും.. ദുനിയാവിൽ ഇനിയും എന്തൊക്കെയോ വെട്ടി പിടിക്കാനുണ്ട് എന്ന് മാത്രമാണ് ഹമീദിന്റെ ചിന്ത.
അതിന് വേണ്ടി… ബാങ്കിൽ കുമിഞ്ഞു കൂടുന്ന സമ്പാദ്യങ്ങളുടെ വർധനയ്ക്ക് വേണ്ടി അയാളെന്തും ചെയ്യും.
ഇക്കയെക്കാൾ ഒട്ടും മോശമല്ല ഈ കാര്യത്തിൽ.. നിയാസും.
അഹമ്മദ് ഹാജിയുടെ പെങ്ങൾ സുലേഖയുടെ മകനാണ് ഷാഹിദ്.
അവനാണ് ഹമീദിന്റെയും നിയാസിന്റെയും പറയപ്പെട്ട ദൈവം.
അവനെ പ്രീതി പെടുത്തുകയെന്നത് ആ കുടുംബത്തിലുള്ളവരുടെ പ്രിയപ്പെട്ട വിനോദമാണെന്ന് വേണമെങ്കിൽ പറയാം.
രഹസ്യമായി അവനെ മോഹിക്കുന്നവരായിരുന്നു അറക്കലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും.
ചെറുപ്പം മുതൽ അറക്കൽ തറവാട്ടിൽ നിന്നാണ് ഷാഹിദ് വളർന്നത്.
അവന് അറിവാകും മുന്നേ തല്ലി പിരിഞ്ഞ ഉപ്പയും ഉമ്മയും..
അഹമ്മദ് ഹാജി പെങ്ങളുടെയും മകന്റെയും ഉത്തരവാദിത്തം മുഴുവനും ഏറ്റെടുത്തു.
ചെറുപ്പം മുതൽക്കേ മിടുക്കനായി ഷാദി വളർന്നു.
എല്ലാവർക്കും പ്രിയപ്പെട്ട ഷാദി.. എല്ലാവർക്കും വേണ്ടപ്പെട്ട ഷാദി..
ആരോടും യാതൊരു വഴക്കിനും പോവാതെ എല്ലാമൊരു ചിരിയോടെ നേരിടാൻ പഠിച്ച ഷാദി വളർച്ചയുടെയും സമൃതിയുടെയും പടവുകൾ മിന്നല് പോലെയാണ് കയറി പോയത്.
പഠിച്ച എല്ലായിടത്തും റാങ്കുകൾ വാരി കൂട്ടി..
മോഹിക്കുന്നതെന്തും നിമിഷങ്ങൾ കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന അവന്റെ ലോകം വളരുകയായിരുന്നു.. അവനൊപ്പം.
അറക്കൽ ഷാഹിദ്… അങ്ങനെയാണ് അറക്കൽ വീടിന്റെ അവസാനവാക്കായി മാറിയതും… ആ വീടവനെ ചുറ്റി തിരിയാൻ തുടങ്ങിയതും.
അവനിഷ്ടമില്ലാത്തതൊന്നും അവിടെയാരും ചെയ്യാറില്ല.
വളർന്നു വരുന്നൊരു തലമുറയ്ക്ക് മുന്നിലേക്ക് മാതൃകയായി തുറന്നു വെച്ചേക്കുന്ന ഷാഹിദ് എന്ന പാഠപുസ്തകത്തിൽ അനേകം പേജുകളിൽ അനീതിയുടെയും ക്രൂരതയുടെയും ചുവന്ന മഷി പേനയുടെ അടയാളങ്ങളെ അധികമാരും തിരിച്ചറിഞ്ഞതുമില്ല.
അതുമല്ലങ്കിൽ… നേർത്തൊരു ചിരി കൊണ്ട് പൊതിഞ്ഞ അവനെ അവരാരും അറിഞ്ഞില്ല… അറിയാൻ ശ്രമിച്ചവരെ അവൻ നിരാശ പെടുത്തിയതുമില്ല.
തുടരും..