18/04/2026

മൂക്കുത്തി : ഭാഗം 25

രചന – ആയിഷ അക്ബർ

അവൻ മിഴികൾ അവളിൽ നിന്നും അടർത്തി പതിയേ നിലത്തേക്കിരുന്നു….

പത്മ അവന്റെ പ്രവർത്തി എന്താണെന്ന് ഊഹിക്കാൻ പോലും സാധിക്കാതെ അങ്ങനെ നിൽക്കുകയാണ്….

എല്ലാവരും ഒരു നിമിഷം അവനിലേക്ക് തന്നെ ശ്രദ്ധിച്ചു……

അവൻ നിലത്തു ചിതറി കിടക്കുന്ന ഓരോ ന്നും പെറുക്കിയെടുത് കവറിലേക്കിട്ടു കൊണ്ടെഴുന്നേറ്റു…..

പിന്നീടാ കവർ പതിയേ അവളിലേക്ക് നീട്ടി…

അപ്പോഴാണ് എല്ലാവരുടെയും മിഴികൾ വാതിലിനപ്പുറത്തായി നിൽക്കുന്ന അവളെ തേടി പ്പോയത്…..

സുകന്യയും ശോഭയും അവളെ കണ്ട് പരസ്പരം നോക്കി…..

പത്മ നിൽക്കുന്നിടത് നിന്ന് ഒന്ന് കൂടി നീങ്ങിയപ്പോഴാണ് അവളെ കണ്ടത്….

അവരുടെ കണ്ണുകൾ ചുരുങ്ങി….

ഒരു കരി നീല കളർ ചുരിദാറാണ് അവളുടേ വേഷം…..

വിടർന്ന മിഴികളിൽ ദയനീയ ഭാവം നിറഞ്ഞു നിൽക്കുന്നു…..

ഇളം വെളുത്ത മുഖത്തേക്കാൾ വളരേ മനോഹരമായ ചുണ്ടുകൾ അവളുടേ ഭംഗി കൂട്ടുന്നത് പോലെ യായിരുന്നു…..

പണ്ടെപ്പോഴൊക്കെയോ താനവളെ കണ്ടിട്ടുണ്ടെങ്കിൽ കൂടി വല്ലാതെ ശ്രദ്ധിച്ചിട്ടില്ല……

നിസ്സഹായി നിൽക്കുന്ന അവളെ അവർ ഒന്ന് കൂടി കനപ്പിച്ചു നോക്കി…..

അവളുടേ കണ്ണുകൾ അവനിലേക്ക് തറഞ്ഞു നില്കുകയാണ്….

ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാണ്….

നീട്ടി പിടിച്ച കവർ വാങ്ങാൻ മടിച്ചു നിന്ന അവളുടേ കയ്യിലേക്ക് അവനത് പിടിപ്പിച്ചു കൊണ്ടാണവന്നത് പറഞ്ഞത് …

അവൾ അവനെ തന്നെ നോക്കി നിന്നു……

പത്മക്ക് ശരീരം തളരുന്നത് പോലെ തോന്നി…..

അവൻ പതിയേ പത്മയുടെ അടുത്തേക്ക് വന്നു….

അമ്മക്ക് എത്ര വേണമെങ്കിലും എന്നേ തല്ലാം…..
പക്ഷെ ഇവിടം വിട്ട് കൂടെ വരാൻ മാത്രം എന്നോട് പറയരുത്…….

കഴുത്തിലൊരു താലി കെട്ടിയിട്ടാണ് ഞാനിവളെ കൂടി കൂട്ടി കൊണ്ട് വന്നത്…..

അത് കൊണ്ട് തന്നെ ഇവളെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല……

അവൻ പത്മ യുടെ മുഖത്ത് നോക്കി അങ്ങേയറ്റം ഗൗരവമേറിയ ശബ്ദത്തിൽ അത് പറഞ്ഞതും തന്നെ എതിർത്തൊരു വാക്ക് അവനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നത് കൊണ്ട് തന്നെ അവർക്കൊരു വിതുമ്പൽ ഉള്ളിൽ ഊറി നിന്നു……

അവന്റെ മുഖത്ത് യാതൊരു കുലുക്കവുമില്ല….
പറഞ്ഞത് തെറ്റാണെന്ന് പോലുമില്ലാത്ത ആ ഭാവം പത്മയെ ഏറെ വേദനിപ്പിച്ചിരുന്നു….

ഒരു നിമിഷം അവനെ ഒന്ന് നോക്കി നിന്ന ശേഷം അവർ ദേഷ്യത്തോടെ അകത്തേക്ക് പോയത് ഇനിയും അവിടെ നിന്നാൽ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുമോയെന്ന് ഭയന്നിട്ട് തന്നെയായിരുന്നു……..

അഞ്ജലി നിറഞ്ഞ കണ്ണുകളോടെ അർജുനേ നോക്കി…..

അവൻ അവൾക്ക് പോലും മിഴികൾ കൊടുക്കാതെ അകത്തേക്ക് കയറി പ്പോയി….

സുകന്യയും ശോഭയും ഏറിയ നിരാശയോടെ അങ്ങനെ നിന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അഞ്ജലി പതിയേ മുറിയിലേക്ക് നടന്നു…..

മുറിയിൽ ചെന്നപ്പോൾ കാണുന്നത് ജനലഴികളിൽ പിടിച്ചു നിൽക്കുന്ന അർജുനെയാണ്….

ആ മുഖത്ത് നിറഞ്ഞു നിന്ന സങ്കടത്തിന്റെ നിഴൽ എന്തോ അവളെയും വല്ലാതെ വേദനിപ്പിച്ചു…..

ഇയാൾക്ക്….. പൊയ്ക്കൂടേ…..

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടതും അവനൊരു ഞെട്ടലോടെ അവളിലേക്ക് നോക്കി….

അത് പറയാൻ നീയാരാ….
എനിക്ക് പോകണമെങ്കിൽ ഞാൻ പോകും…. അതിന് നിന്റെ സമ്മതം ആവശ്യമില്ല……

അവൾക്ക് നേരെ നിന്നവന്നത് പറയുമ്പോൾ ആ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു….

അവൾക്ക് വേണ്ടിയാണ് എല്ലാം…. എന്നിട്ടും അവളങ്ങനെ പറഞ്ഞപ്പോൾ അവനെന്തോ സഹിക്കാൻ പറ്റിയില്ല….

അവളോട് പറഞ്ഞതത്രയും ദേഷ്യത്തിലാണെങ്കിൽ കൂടി മനസ്സ് വല്ലാത്തെ നൊന്തിരുന്നവന്റെ…..

പക്ഷെ എന്നത്തേയും പോലെ അവൻ ദേഷ്യപ്പെടുമ്പോൾ അവൾ കണ്ണുകൾ അവനിൽ നിന്നടർത്തിയില്ല…..

അവനെ തന്നെ നോക്കിയങ്ങനെ നിന്നു….

അവളുടെ പതിവില്ലാത്ത ആ നോട്ടത്തിൽ അവനും ഒന്ന് പതറി പ്പോയി….

എനിക്ക്….
എനിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നെനിക്കറിയാം…….
ചെയ്ത് തന്ന സഹായങ്ങൾ ഏറെ യുണ്ട്….
ഇനിയും ഞാൻ കാരണം ഇയാൾക്കൊരു ബുദ്ധിമുട്ടുണ്ടായി കൂടാ…

അത് കൊണ്ട് തന്നെയാ പറയുന്നത് അമ്മയോടൊപ്പം പോകണം….

ഇനി അവരുടെ ശാപം കൂടി ഇയാള് വാങ്ങി വെക്കേണ്ട…..

അവളതും പറഞ് നിർത്തുമ്പോഴും വാക്കുകളിൽ കലർന്നത് തന്നെ കുറിച്ചുള്ള ആശങ്കയാണെന്നത് കൊണ്ട് അവനാധ്യമായൊരു സന്തോഷം തോന്നി…..

തന്നോട് പോലും അനുവാദം ചോദിക്കാതെ കൂടെ കൂട്ടിയത് പാതിക്ക് ഇട്ടിട്ട് പോകാനല്ല….

പിന്നെ ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാ…

അത് കൊണ്ടൊന്നും അർജുൻ തളരില്ല….

അമ്മ…. അമ്മ പാവമാ….
പതിയേ പറഞ് ഞാൻ മനസ്സിലാക്കിക്കോളാം…..

അവൻ അത് പറയുമ്പോൾ അവൾക്കല്പം ആശ്വാസം തോന്നി….

താൻ അവനോട് പൊയ്ക്കോളാൻ പറഞ്ഞെങ്കിലും പോകരുതെന്ന് തന്റെ മനസ്സ് ആയിരമാവർത്തി പറഞ് കഴിഞ്ഞിരുന്നു…..

അവൾ അമ്മയുടെ കൈ വിരൽ പതിഞ്ഞ അവന്റെ കവിളിലേക്കൊന്ന് നോക്കി..

അത് സാരമില്ലെടോ….
അമ്മയല്ലേ….

അവളുടേ കണ്ണുകളിൽ നിറഞ്ഞ നോവ് അവനറിഞ്ഞെന്ന പോൽ ചെറു ചിരിയോടെ അതും പറഞ്ഞവനാ മുറി വിട്ട് പോകുമ്പോൾ അവളവന്റെ യാ പുഞ്ചിരിയിൽ കുരുങ്ങി കിടക്കുക യായിരുന്നു….

ഇത് വരെ അവൻ തന്നോട് ചിരിച്ചിട്ടില്ല….

ഒന്നുകിൽ ദേഷ്യം…. അതുമല്ലെങ്കിൽ നിർവികാരത…..

അവൾ പോലുമറിയാതെ എന്തോ ഒരു ആനന്ദം മനസ്സിൽ നിറഞൊഴുകും പോലെ തോന്നിയവൾക്ക്….

ആ പുഞ്ചിരി ഹൃദയം അത്ര മേൽ ചേർത്ത് വെച്ചത് പോലെ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മക്ക് സമാധാനമായിട്ടുണ്ടാവും അല്ലേ……

അവനെ ഇങ്ങനെ യാക്കിയെടുക്കാൻ അമ്മക്കെങ്ങനെ തോന്നി….

പത്മ മുത്തശ്ശിയോടത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…….

ഇവിടെ വരും വരെ അവനിങ്ങനെ അല്ലായിരുന്നു……..

ഞാൻ പറഞ്ഞതിനപ്പുറം ഒരു വാക്കവനില്ലായിരുന്നു….

ഇപ്പൊ ഞാൻ വിളിച്ചാലും അവൻ കൂടെ വരില്ലത്രേ….

പത്മ സങ്കടം നിൽക്കാതെ അത് പറയുമ്പോൾ മുത്തശ്ശിയും ഒന്ന് ഞെട്ടി പ്പോയിരുന്നു…….

അർജുൻ തിരിച് പോകില്ലെന്നാണ് പറഞ്ഞിരിക്കുന്നത്….

അതെ…. അത് തന്നെയാണ് ശെരി….

അവർക്കവനെ കുറിച്ചൊർക്കേ അഭിമാനം തോന്നി….

മംഗലത്തമ്മ പത്മയെ നോക്കിയൊന്നിരുന്ന ശേഷം എഴുന്നേറ്റു….

നീയിങ്ങനെ കരയേണ്ട ആവശ്യമൊന്നുമില്ല….

ശെരിയാ…. അവൻ നിന്നോട് പോലും പറയാതെ വിവാഹം കഴിച്ചത് തെറ്റ് തന്നെയാ…

പക്ഷേ അതാ കുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നു….

അവനങ്ങനെ ഒരു ത്യാഗം ചെയ്തിട്ടുണ്ടെങ്കിൽ അമ്മയെന്ന നിലക്ക് നിനക്കഭിമാനിക്കാം….

മംഗലത്തമ്മ അത് പറഞ്ഞതും പത്മ അവരെയൊന്നു തുറിച്ചു നോക്കി…..

നീയവനെ കൊണ്ട് പൊയ്ക്കോ…
പക്ഷെ ഇപ്പൊ ഇവിടെ നിന്ന് അവൻ പോയാൽ ആളുകളെന്ത് പറയും….

ആ കുട്ടിയുടെ പഠിത്തം തീരും വരെ മാത്രമേ അതിനെ ഇവിടെ നിർത്തു….

നിനക്കറിയില്ലേ ശേഖരന്റെ പെങ്ങൾ ഹേമയെ…

അവളിപ്പോ പാലക്കാടാണല്ലോ…….

അവർക്കൊരു സ്കൂളുണ്ടവിടെ…..
അതിലൊരു ജോലി ഞാൻ പറഞ് വെച്ചിട്ടുണ്ട്….

അത് കഴിഞ്ഞാ അവള് നിങ്ങളുടെ ഒന്നിലേക്കും വരില്ല……

ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം…..

നീ നിന്റെ മോനെ കൊണ്ട് പൊയ്ക്കോ….

അത് വരെ നീയൊന്നടങ്ങ് പത്മേ ….
ദേവനൊന്നും ഇക്കാര്യം ഇപ്പോഴറിയേണ്ട……

മംഗലത്തമ്മ അത് പറഞ്ഞതും പത്മക്ക് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു…..

തോന്നുകയല്ലാതെ മറ്റു വഴികളൊന്നും അവർക്ക് മുമ്പിലുണ്ടായിരുന്നില്ല…

അവൻ വരില്ലെന്ന് തീർത്ത പറഞ്ഞ സ്ഥിതിക്ക് അമ്മ പറഞ്ഞ വാക്കിനൊപ്പം നിൽക്കാനെ അവർക്കാകുമായിരുന്നുള്ളു……

എന്നാലും കൂടെ വരില്ലെന്നവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞില്ലേ…..

പത്മ വീണ്ടും അതും പറഞ്ഞോന്നു വിതുമ്പി…

അവന് നിന്നെക്കാൾ ചിന്തിക്കാനുള്ള കഴിവുണ്ട്…
അതെല്ലാം കണക്ക് കൂട്ടി തന്നെയായിരിക്കാം അവനങ്ങനെ പറഞ്ഞത്..

മംഗലത്തമ്മ അതും കൂടി പറഞ്ഞതും പത്മ യുടെ കണ്ണുകൾ വറ്റി….

അപ്പോഴും അവരുടെ ഉള്ള് നീറുന്നുണ്ടായിരുന്നു…….

അല്ലാ….. നീ വന്നു കയറിയ പാടേ പോയാൽ കാര്യങ്ങളെങ്ങനെ ശെരിയാകും…..

ഗോപി ഗൗരവത്തോടെ പത്മയോടത് ചോദിക്കുമ്പോൾ അവൾ വന്നാൽ അർജുൻ കൂട്ടി പോകുമെന്ന പ്രതീക്ഷ പാടേ നശിച്ചതിന്റെ നിരാശ അവരിൽ പ്രകടമായിരുന്നു…

ഞാനിനി നിന്നിട്ടെന്തിനാ ഏട്ടാ….. അവൻ വരില്ല….

പത്മ അത് പറയുമ്പോൾ വാക്കുകൾക്കൊരു തളർച്ചയുണ്ടായിരുന്നു…..

അവളുടേ പഠിത്തം കഴിഞ്ഞാൽ അവൻ അങ്ങോട്ട് വരുമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്…..
വരട്ടെ……
അവന് തോന്നുമ്പോൾ വരട്ടെ…..

പത്മ അത് പറയുമ്പോഴും മനസ്സ് വല്ലാത്തെ വേദനിച്ചിരുന്നു…..

കുട്ടികൾ വല്ല അവിവേകവും കാണിച്ചെന്ന് വെച്ച് നീയിങ്ങനെ തകർന്നാലോ….

അമ്മ പറഞ്ഞിട്ടാവും അവനിങ്ങനെയൊക്കെ ചെയ്തത്…..

ഇപ്പോഴാണെങ്കിൽ സഹതാപം മാത്രമേ അവന്റെ മനസ്സിലുള്ളു….

എന്നാൽ അവളാള് ചില്ലറക്കാരിയല്ല…..
അരുണിനെ അവളൊന്ന് വലയിലാക്കാൻ നോക്കിയതാ നിനക്കറിയാമല്ലോ…..

ജയൻ അത് പറഞ്ഞതും പത്മയുടെ ഉള്ളൊന്ന് ആളി….

അവനാണെങ്കിൽ അവളോട് സഹതാപം കൂടി അതിനി വല്ല പ്രേമവും ആക്കി തീർക്കും അവള്….

സുകന്യ പുച്ഛത്തോടെ അതും കൂടി പറഞ്ഞതും പത്മയുടെ മനസ്സ് ഒന്ന് കൂടി വിറച്ചു……

അവനാണെങ്കിൽ ഞങ്ങളെയൊക്കെ പുല്ല് വിലയാ……
ആ പണിക്കാരി പെണ്ണിന് വേണ്ടി സംസാരിക്കാൻ അവന് നല്ല നാവാണ്….
അവളെ ഒന്ന് നിലക്ക് നിർത്താൻ നീയിവിടെ ഉണ്ടാവുക തന്നെ വേണം….

ശോഭ വാക്കുകൾ പത്മയിലേക്ക് തൊടുത് വിട്ടതും ശെരിയെന്നു പത്മക്കും തോന്നി തുടങ്ങിയിരുന്നു….

അതിലേറെ അവനെ കുറിച്ചുള്ള ആധി അവരെ കീഴ്പ്പെടുത്തിയിരുന്നു……

(തുടരും)