17/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 10

രചന – ആതിര

പുലർച്ചെയായിരുന്നു ആറാട്ട്..അതുകൊണ്ട് തന്നെ ശങ്കരമംഗലത്തുള്ളവർ വീട്ടിലെത്തുയപ്പോഴേക്കും നേരം വെളുത്തതിരുന്നു..ക്ഷീണത്തിന്റെ ആലസ്യത്തിൽ വീണിടം വിഷ്ണുലോകം എന്ന പോലെ സെറ്റിയിലും ഹാളിലുമൊക്കെ ചുരുണ്ടുകൂടി..കൂട്ടത്തിൽ രണ്ടുപേർക്ക് മാത്രം അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതോർത്ത് ഉറങ്ങാനെ കഴിഞ്ഞില്ല… അൽപസമയം മയങ്ങിയിട്ട് സുമിത്ര കുളിച്ച് വേഷം മാറി അടുക്കളയിൽ കയറി ചായ ഉണ്ടാക്കി.. രാവിലത്തേക്കുള്ള ഇഡലിക്കുള്ള മാവ് ഇഡലിചെമ്പിൽ ഒഴിക്കുമ്പോഴാണ് ദേവി അങ്ങോട്ട് വന്നത്..വന്നപാടെ ചമ്മന്തിയ്ക്കുള്ള തേങ്ങ ചിരണ്ടാൻ തുടങ്ങി..ലതയും അപ്പോഴത്തേക്കും എത്തിയിരുന്നു.. സാമ്പാറിനുള്ള കഷ്ണങ്ങൾ അരിയുന്ന സുമിത്രയുടെ അടുത്ത് ചെന്ന് മറ്റൊരു പിച്ചാത്തതിയെടുത്ത് പച്ചക്കറി അരിയാൻ തുടങ്ങി..

“നിങ്ങൾ ഇന്ന് തന്നെ പോകുവോ ദേവി..???” “ഇന്ന് രണ്ടാം ശനിയല്ലേ..സിദ്ധു മോന് ഇന്നവധിയാ..ഉച്ചക്ക് ഊണ് കഴിഞ്ഞു ഇറങ്ങണം…” “നാളെ പോകാം നാത്തൂനേ.. ഇത്രയും ദിവസം എല്ലാരും ഒരുമിച്ച് ഉണ്ടായിട്ട് ഇന്ന് തന്നെ എല്ലാരുംകൂടി പോകുവാണോ..കാവ്യമോൾടെ കൂട്ടുകാരാണെങ്കിൽ ഇന്ന് പോകാൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തിരിക്കുന്നു..”(സുമിത്ര) “എത്ര ദിവസമായി വീട്ടില് വിളക്ക് കൊളുത്തിട്ട്..ഇപ്പോ തന്നെ മുറ്റത്തും പറമ്പിലും കരിയിലയൊക്കെ നിറഞ്ഞു കാണും..ഞാൻ തന്നെ അതൊക്കെ ചെയ്യണ്ടേ..പോകാതെ പറ്റില്ല..” “ഹ്മ്മ്….അല്ല പിള്ളേരൊന്നും എഴുനേറ്റില്ലേ…ഞാൻ അവരെ പോയി വിളിച്ച് എഴുനേല്പിയ്ക്കട്ടെ..” ഹാളിലെ സെറ്റിയിൽ ഒന്നിനു മേലേ ഒന്നായി അട്ടിയടങ്ങി കിടക്കുന്ന കാവ്യയെയും സേറയെയും നീനയെയും സുമിത്ര തട്ടി വിളിച്ചു.. മൂവരും മുഖം ചുളിച്ചുകൊണ്ട് എഴുനേറ്റു.. “എഴുനേറ്റ് പോയി പല്ലുതേച്ച് കുളിച്ചുവാ..” അവർ കുളിച്ച് വന്നപ്പോഴേക്കും പ്രസാദും ദേവിയും ലതയും കഴിച്ചു കഴിഞ്ഞിരുന്നു..ലതയ്ക്കും ദേവിയ്ക്കും ഷുഗർ ഉള്ളതിനാൽ ആഹാരം കൃത്യസമയത്ത് കഴിക്കണം..അതുകൊണ്ട് സുമിത്ര തന്നെ അവരെ നിർബന്ധിച്ച്‌ കഴിപ്പിച്ചു..

“സിദ്ധു എഴുനേറ്റില്ലാല്ലോ ഇതുവരെ..?? “ഈ ചെക്കൻ വീട്ടിലും ഇങ്ങനെയാ..അവധി ദിവസം എഴുന്നേൽക്കുമ്പോൾ ഉച്ചയാകും.. ഞാൻ ചെന്ന് വിളിക്കാം അവനേ..” ദേവി സിദ്ധൂനെ വിളിക്കാനായി കസേരയിൽ നിന്നും പൊങ്ങി.. “വേണ്ടാ..അന്യവീടൊന്നും അല്ലല്ലോ ഇത്..അവൻ എഴുനേൽക്കുമ്പോൾ എഴുനേൽക്കട്ടെന്നെ..അല്ല ഗീതൂനെ ഇതുവരെ കണ്ടേ ഇല്ലല്ലോ.. അവളിതുവരെ എഴുനെറ്റില്ലേ.. ഇന്നലെ മേലാണ്ട് പോന്നതല്ലേ..ഒന്നു ചെന്ന് എങ്ങാനൊണ്ടെന്ന് നോക്കി കൂടിയില്ല.. ഞാൻ ഒന്ന് നോക്കട്ടെ..” “അമ്മയിതെങ്ങോട്ടാ പോകുന്നേ.. അവൾ അടുക്കളയിൽ അല്ലേ??”” സുമിത്ര ഗീതുനെ കാണാനായി റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും കാവ്യ ചോദിച്ചു.. “അടുക്കളായിലോ..അവൾ ഇന്നാ പരിസരത്ത് വന്നില്ലല്ലോ..അവൾ ഉറങ്ങുവല്ലേ..” “ഗീതു മുറിയിൽ ഒന്നും ഇല്ല..ഞങ്ങൾ ഫ്രഷ് ആകാനായി ചെന്നപ്പോഴും അവളെ മുറിയിൽ കണ്ടില്ല.. ഞാനോർത്ത് അവൾ നിങ്ങടെ കൂടെ കാണുമെന്ന്..അവൾ പിന്നെ എവിടെ പോകാനാ??” “അയ്യോ ..ന്റെ കുഞ്ഞ്..അവള് പിന്നെവിടെ പോയി..??” സുമിത്ര കരയാൻ തുടങ്ങി… അതുകേട്ട് പ്രസാദും അങ്ങോട്ട് വന്നു..

” നീ കരയാതെ അവളെവിടെ പോകാനാ…ഇവിടെ എവിടേലും ഒക്കെ തന്നെ കാണും..നിങ്ങൾ എല്ലായിടത്തും ഒന്ന് നോക്ക്..മോളേ ഗീതു മുറിയിൽ ഇല്ലെന്നുള്ളത് ഒറപ്പല്ലേ..??” “അതേ അച്ഛാ.. ഞങ്ങൾക്ക് മൂന്ന് പേർക്കും തെറ്റു പറ്റുമോ..അവൾ മുറിയിൽ ഇല്ല..” ” വാ നമുക്ക് ഇവിടെയൊക്കെ ഒന്ന് നോക്കാം..അവൾ ഇവിടെ തന്നെ കാണുമെന്നേ..??”(ദേവി) അവർ എല്ലാ മുറിയിലും ബാത്റൂമിലും പറമ്പിലും എന്നു വേണ്ട എല്ലായിടവും നോക്കി..പക്ഷേ അവളെ മാത്രം കണ്ടില്ല..സുമിത്ര ദേവിയുടെ തോളിൽ ചാരി കരയാൻ തുടങ്ങി..പ്രസവിച്ചതല്ലെങ്കിലും അവളുടെ സ്വന്തം മോള് തന്നെയായിരുന്നു ഗീതു… അവളെ കാണാതായത്തിൽ ആ പോറ്റമ്മയുടെ നെഞ്ചും നീറുകയാണ്..അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതവരുടെ കുറ്റം മാത്രമാകും.. പോറ്റമ്മ പെറ്റമ്മയാകിലെന്ന് സംസാരം ഉണ്ടാകും.. മറ്റുള്ളവരുടെയും സ്ഥിതി മറിച്ചായായിരുന്നില്ല…. “ദേവി..നീ സിദ്ധു മോനെ വിളിച്ച് റെഡിയാകാൻ പറ.. പോലീസ് സ്റ്റേഷനിൽ പോയി എന്തായാലും ഒരു കംപ്ലയിന്റ് കൊടുക്കാം.. “അയ്യോ..എന്റെ കുഞ്ഞിന്ന് എന്താണോ സംഭവിച്ചത്..??പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കാൻ മാത്രം അവൾ‌ക്കെന്ത് ആപത്താ പ്രസാദേട്ടാ സംഭവിച്ചത്..???” പ്രാസാദിന്റെ ഷർട്ടിൽ പിടിച്ച് സുമിത്ര കരഞ്ഞുകൊണ്ട് ചോദിച്ചു..

“ഒന്നും പറ്റിയില്ല..എങ്കിലും ഒന്ന് പറഞ്ഞിരിക്കണ്ടേ.. നീ പേടിക്കാതെ ഗീതൂന് ഒന്നും ഇല്ല…ദേവി…!!” സിദ്ധൂനെ വിളിക്കാൻ ദേവി അവന്റെ മുറിയിലേക്ക് നടന്നു..മുറി അടച്ചിരുന്നു..അകത്ത് നിന്ന് പൂട്ടിയിരുന്നില്ല..അവർ കതക് തുറന്ന് അകത്തുകയറിയതും അകത്ത് കണ്ട കാഴ്ചയിൽ തറഞ്ഞുനിന്നു.. കട്ടിലിൽ സിദ്ധുവിനൊപ്പം ഒരു പുതപ്പിൻ കീഴിൽ ഗീതു..!!! അവനോടൊട്ടി കിടക്കുന്ന അവളെ കൈകൊണ്ട് ചുറ്റി അവന്റെ നഗ്നമായ നെഞ്ചോടടക്കി പിടിച്ചിട്ടുണ്ട്.. അവന്റെ ഷർട്ട് കട്ടിലിനു താഴയായി കിടപ്പുണ്ട്.ഒപ്പം ഗീതുവിന്റെ ചുരിദാറിന്റെ ഷോളും.. ദേവിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല..ദേഹം തളർന്നവർ ഭിത്തിയിൽ താങ്ങി പുറത്ത് വന്നു..ദേവിയുടെ അവസ്‌ഥ കണ്ട കാവ്യ ഓടി അരികിലെത്തി അവരെ താങ്ങി.. “എന്തു പറ്റി ദേവി..?സിദ്ധു എന്തിയെ..??” പ്രാസാദിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം അവർ തേങ്ങിക്കൊണ്ട് നേര്യത്തിന്റെ തുമ്പ് ചുണ്ടോടടക്കി കരഞ്ഞു.. “അച്ഛാ….!!!!!” തുറന്ന് കടന്ന വാതിലിലൂടെ അകത്ത് കണ്ട കാഴ്ചയിൽ കാവ്യ വിളിച്ചു..

“അച്ഛാ..ഗീതുവും സിദ്ധുവും ഇവിടുണ്ട്..” “ഈശ്വരാ..അവിടുണ്ടോ… സമാധാനമായി..വെറുതെ പേടിച്ചു..” പ്രസാദ് ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് അവിടേക്ക് ചെന്നു..കൂടെ ലതയും സുമിത്രയും.. എന്നാൽ അവിടെ കണ്ട കാഴ്ച്ച എല്ലാവരെയും ഒരേപോലെ സ്തബ്‌ധരാക്കി..സിദ്ധുവിനെയും ഗീതുവിനെയും അവർ അങ്ങനെയൊരു സാഹചര്യത്തിൽ പ്രതീക്ഷിരുന്നില്ല..പ്രസാദ് ആശ്രയമെന്നോണം തിരിഞ്ഞു നിന്ന് സുമിത്രയുടെ തോളിൽ പിടി മുറുക്കി..പിന്നെ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി.. സുമിത്രയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…കണ്മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുനിന്നു..ഒരിക്കലും ഗീതുവിൽ നിന്ന് ഇത്തരത്തിൽ ഒന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല..അവളെ അത്രയും വിശ്വാസവും ഇഷ്ടവുമായിരുന്നു അവളുടെ ചിറ്റയ്ക്ക്..എന്നാൽ ഇന്ന്…. ലത വേഗം പോയി രണ്ടാളെയും തട്ടി വിളിച്ചു..ഗീതു എഴുന്നേൽക്കാൻ നോക്കി..എന്നാൽ വയറിലായി എന്തോ ഭാരം തോന്നിയവൾ വയറിലേക്ക് നോക്കി..തന്നെ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കൈകളിലേക്കും ആ കൈയുടെ ഉടമയിലേക്കും പകപ്പോടെ നോക്കി..

“സിദ്ധുവേട്ടൻ…!!!” അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അവൾ അവന്റെ കൈകൾ തട്ടിമാറ്റി..ആ ശക്തിയിൽ പുതപ്പ് അവരിൽ നിന്ന് വേർപ്പെട്ടുമാറി.. ഇത്രയും നേരം അവന്റെ നഗ്‌നമായ നെഞ്ചിൽ താൻ ചേർന്ന്‌ കിടക്കുകയായിരുന്നുവെന്നവൾ ഞെട്ടലോടെ മനസ്സിലാക്കി.. അവന്റെയും ഉറക്കം മുറിഞ്ഞ് കണ്ണു തുറന്നു..തന്റെ കൂടെ കട്ടിലിൽ ഗീതുവിനെ കണ്ടവൻ ചാടിയെഴുന്നേറ്റു..ചുറ്റും കൂടി നിൽക്കുന്നവരെ കണ്ട് രണ്ടുപേരും ഭയന്നു..ഇതിനോടകം തന്നെ ഗീതു മുഖം പൊത്തി കരച്ചിൽ തുടങ്ങിയിരുന്നു.. എന്താണ് സംഭവിക്കുന്നതെന്നവന് മനസ്സിലായേ ഇല്ല.. എന്നാൽ ഗീതുവെങ്ങനെ തന്റെയൊപ്പം വന്നുവെന്ന് അവന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല..ചായ കുടിച്ചതും കട്ടിലിൽ വന്ന് കിടന്നതും മാത്രേ അവന് ഓർമ്മയുള്ളൂ.. അവൻ പകപ്പോടെ ദേവിയെയൊന്ന് നോക്കിയെങ്കിലും അവിടെ ചുട്ടെരിക്കാൻ പാകത്തിൽ ദേഷ്യത്തോടെ നോക്കുന്ന അമ്മായെയാണ് അവൻ കണ്ടത്.. പ്രസാദിനെ നോക്കാൻ അവന് മടിതോന്നി… ഗീതുവിന് എന്ത് സംഭവിച്ചെന്നോ എങ്ങനെ സംഭവിച്ചെന്നോ അറിയില്ല.എന്നാൽ ഇന്ന്എല്ലാർക്കും മുൻപിൽ താനൊരു തെറ്റുകാരിയായി മാറിയെന്ന് മാത്രം മനസ്സിലായി.അവളുടെ തേങ്ങലുകൾ കൂടി വന്നു..

“സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചിട്ട് ഇനി നീ എന്തിനാ പെണ്ണേ ഇങ്ങനെ കിടന്ന് മോങ്ങുന്നത്‌..ഇവന്റൊപ്പം കിടന്ന് കൊടുത്തപ്പോൾ ഇതൊന്നും ഓർത്തിലായിരുന്നോ..അല്ല വേറെ പലതിലും മുഴുകുമ്പോൾ അതൊക്കെ ഓർക്കാൻ എവിടെ നേരം..” ലത അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. ലതയുടെ വാക്കുകൾ അവളെ കുത്തി നോവിച്ചു..എന്നാൽ മറുപടി കൊടുക്കാനാകാത്ത വിധം അവൾ തളർന്നു പോയിരുന്നു ആ വാക്കുകളിൽ.. അപ്പോഴേക്കും വെളിയിൽ നിന്ന് പന്തലുകാർ ഹാളിലേക്ക് കയറി വരുന്നകണ്ട പ്രസാദ് അവർക്കരികിലേക്ക് ഓടിയെത്തി.. മുറ്റത്ത് പന്തൽ അഴിക്കുന്ന ജോലിക്കാർ ഗീതുവിനെ കാണാത്തതറിഞ്ഞ് പ്രസാദിനൊപ്പം തിരയാൻ കൂടിയിരുന്നു.. “ആ കൊച്ചിനെ കണ്ടോ ചേട്ടാ..??(ജോലിക്കാരൻ) “ആ മോളിവിടെത്തന്നെ ഉണ്ടായിരുന്നു..നിങ്ങളുടെ പണി കഴിഞ്ഞങ്കിൽ പൊയ്ക്കോ..കാശ് കമ്മിറ്റി ഓഫിസിൽ ഏൽപ്പിച്ചിട്ടുണ്ട്”(പ്രസാദ്) കഴിഞ്ഞു..എങ്കിൽ ഞങ്ങൾ ചെല്ലട്ടെ..”..??(ജോലിക്കാരൻ) “ശരി” (പ്രസാദ്) ഒരുവേള അവർ ഗീതുവിനെയും സിദ്ധുവിനെയും കണ്ടുകാണുമോന്ന് പ്രസാദ് ഭയന്നു..

മുറിയിൽ അപ്പോഴും ലത രണ്ടുപേരെയും കുറ്റപ്പെടുത്തി ക്കൊണ്ടിക്കുകയാണ്… “അതിന് എന്തു സംഭവിച്ചെന്നാ ലതച്ചിറ്റ പറഞ്ഞുവരുന്നത്..ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടില്ല..ഇവൾ എന്റെ മുറിയിൽ എങ്ങനെ വന്നുവെന്നും അറിയില്ല..”(സിദ്ധു) “മോനെ നിന്റെ ഈ പ്രായം കഴിഞ്ഞാണ് ഞാൻ വന്നത്..നീയും ഇവളുംകൂടി ഇത്തിന്റകത്ത് കാട്ടി കൂട്ടിയതൊക്കെ പറയാൻ എനിക്കിച്ചിരി നാണം ഉണ്ട്.. കെട്ടുപ്രായം തികഞ്ഞ മൂന്ന് പെങ്കൊച്ചുങ്ങൾ ഇവിടെ നിൽപ്പുണ്ട്..” “സത്യമായും ചിറ്റേ ഒന്നും സംഭവിച്ചിട്ടില്ല..എങ്ങനെ ഇവിടെ വന്നെന്ന് അറിയില്ല..” ഗീതു സുമിത്രയുടെ അടുത്ത് ചെന്ന് പറഞ്ഞു.. “ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് ചായ കുടിച്ച് ക്ഷീണം തോന്നിയ കാരണം കിടന്നതായിരുന്നു..പിന്നെ ഇപ്പഴാ എഴുന്നേൽക്കുന്നത്..ഇവൾ ഇതിനിടക്ക് ഇവിടെ എങ്ങനെ എത്തിയെന്ന് എനിക്കറിയില്ല.. ഇവൾ നിങ്ങളുടെ കൂടെ അമ്പത്തിൽ വന്നതല്ലായിരുന്നോ..” സിദ്ധു സംശയത്തോടെ ചോദിച്ചു..

” ഇടക്ക് ഇവൾക്ക് തലകറക്കം വന്നു..ഇങ്ങോട്ട് ഞങ്ങളാ കൊണ്ടുവന്നത്..മുറിയിലാക്കി കിയത്തിയിട്ടാ വന്നത്.. വീട്ടിലെത്തിയപ്പോഴേക്കും അവൾ ഓക്കേയായന്ന് പറയുകയും ചെയ്തു..സിദ്ധു വേട്ടന് ഉണ്ടല്ലോന്ന സമാധാനത്തിൽ ഞങ്ങൾ ഇങ്ങു പോന്നു.. ഇവളും പറഞ്ഞു പോയ്കോള്ളാൻ..” കാവ്യ ഭാവഭേദമില്ലാതെ പറഞ്ഞു.. അവരെ ബുദ്ധിമുട്ടിക്കണ്ട എന്നോർത്ത് താൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ തന്നിലെ പെണ്ണിന്റെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്യാനായുള്ള കൂരമ്പുകളായി മാറിയെന്ന്‌ ഗീതു വേദനയോടെ മനസ്സിലാക്കി.. “ഇതിനാരുന്നോടി നീ ഞങ്ങളെ പൊയ്ക്കോന്ന് നിർബന്ധിച്ച് പറഞ്ഞു വിട്ടത്..പറഞ്ഞതാ ഞങ്ങൾ ഇവിടെ നിൽക്കാന്ന്.. ഞങ്ങൾ ഉണ്ടെങ്കിൽ ഇവന്റൊപ്പം പോയി കിടക്കാൻ പറ്റുവോ.. എന്നാലും ഇവന്റെ ചൂടും തേടി പോകുവെന്ന് ആരാറിഞ്ഞു..ഇവളേം കുറ്റം പറയാൻ പറ്റുവോ.. പ്രായം പത്തിരുപത്താറായില്ലേ.. ചോരേം നീരുമുള്ള ഒരാണ് തനിച്ച് വീട്ടിൽ..കാണാനോ സുന്ദരൻ.. അവൾക്കും ഇല്ലേ പ്രായത്തിന്റെ വിചാരങ്ങൾ..കെട്ട് പ്രായം തികഞ്ഞ പെൺകുട്ടികളെ വീട്ടിൽ നിർത്തരുത്തെന്ന് ഇതുകൊണ്ടാ പറയുന്നേ..” ലതയുടെ വാക്കുകൾ അവളിലെ പെണ്ണിന്റെ മാനം തകർക്കാൻ കെല്പുള്ളവയായിരുന്നു…

മറുപടി കൊടുക്കാനാകാതെ അവൾ നിന്നുരുകി.. “ഗീതുന് സിദ്ധുവേട്ടനെ ഇഷ്ടാണച്ഛാ..ആർക്കും അറിയില്ലെങ്കിലും എനിക്കറിയാം.. ആരും കാണാതെ സിദ്ധുവേട്ടൻറെ ഫോട്ടോ അവൾ ഡയറിക്കുള്ളിൽ വെച്ചിരുന്നത് കണ്ടാണ്‌ വായിച്ചത്.. അങ്ങനെയാ അവൾക്ക് സിദ്ധുവേട്ടനെ ഇഷ്ടാന്ന് മനസ്സിലായത്..പിന്നെ ഇവിടെ സിദ്ധുവേട്ടൻ വരുമ്പോൾ ഇവള് എല്ലാം മറന്നു നോക്കി നിൽക്കുന്നതൊക്കെ ന്റെ ശ്രദ്ധയിൽപ്പെട്ടതാണ്…” കാവ്യയുടെ തുറന്ന് പറച്ചിൽ ഗീതുവിനെ ശരിക്കും ഞെട്ടിച്ചു.. പണ്ടെന്നോ സൂക്ഷിച്ച് വെച്ചിരുന്ന ഫോട്ടോയും പഴയ ഡയറിയുമായായിരുന്നു അത്.. മോഹിക്കാൻ പാടില്ലെന്ന് മനസ്സിനെ പറഞ്ഞ് മനസിലാക്കിയെങ്കിലും ആ ഫോട്ടോയും ഡയറിയും അവൾ നശിപ്പിച്ചില്ല…ഇപ്പോൾ അതൊക്കെ തനിക്കെതിരെയുള്ള തെളിവുകൾ ആയിരിക്കുന്നവൾ മനസ്സിലാക്കി.. ഇനി ആരും തന്നെ വിശ്വസിക്കില്ലെന്ന സത്യം അവളെ വരിഞ്ഞു മുറുക്കി.. സിദ്ധുവിനും അതൊരു പുതിയ അറിവായിരുന്നു..പകപ്പിന് പകരം അവന് അവളോട് പുച്ഛം തോന്നി..

തന്നെ മോഹിക്കാനും മാത്രം അവൾക്കുള്ള യോഗ്യതയോർത്തിട്ട്…. “അപ്പോ..അതു തന്നെ കാര്യം.. പെണ്ണിന് മുട്ടി നിൽക്കുവാരുന്നു.. എന്നാലും ഗീതു നീ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല..”(ലത) “ഞങ്ങൾ തമ്മിൽ അരുതാത്തതോന്നും സംഭവിച്ചിട്ടില്ല.. ഉറക്കത്തിൽ പോകും എന്തെങ്കിലും ഉണ്ടായാൽ അറിയാൻ പറ്റില്ലേ ഞങ്ങൾക്ക്..ഒന്നു വിശ്വസിക്ക്..”(സിദ്ധു) അതു തന്നെ ഗീതുവും പറഞ്ഞു.. “പ്രസാദേ കൊച്ചിനെ എത്രേം വേഗം കെട്ടിച്ചുവിടാൻ നോക്ക്.. നാട്ടുകാരറിഞ്ഞാൽ പറയേണ്ടല്ലോ..” “അപ്പച്ചീ..!!!!” (ഗീതു) “നീ ഞായറാഴ്ച ആ സാവിത്രിടെ വീട്ടിലൊട്ട് പോകുന്നതും ഇതിനാണോടി..അവിടെ ഉണ്ടല്ലോ ഇവൾടെ കൂട്ടുകാരൻ ചെറുക്കൻ എന്നുപറയുന്നവൻ.. ഇവിടാണേൽ അവളെ കയറൂരി വിട്ടിരിക്കുവല്ലേ..അവൾക്കും അത് സൗകര്യമായല്ലോ..ആർക്കറിയാം അവന്റെ മുൻപിലും ഇതുപോലെ തുണിയുരിഞ്ഞ് കിടന്ന് കൊടുത്തിട്ടുണ്ടോന്ന്..” ഗീതു ചെവിരണ്ടും പൊത്തി നിലത്തിരുന്നു..ഏങ്ങലുകളുടെ ശക്തികൂടി പൊട്ടിക്കരയാൻ തുടങ്ങി..

“എനിക്കറിയാം ന്റെ മോളെ..!!!!അവൾ ഒരു തെറ്റും ചെയ്യില്ല.. ഇതെന്തോ അബദ്ധം സംഭവിച്ചതാണ്..നാത്തൂന്റെ പിഴച്ച നാവിന് എല്ലില്ലന്നും കരുതി എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ നോക്കിയാൽ..അവളെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചാൽ പൊറുക്കാൻ ,കേട്ടുനിൽകാൻ ഈ സുമിത്രയെ കിട്ടില്ല.. സ്ഥാനം മറന്ന് വല്ലോം ഞാൻ ചെയ്തിരിക്കും.. പറഞ്ഞില്ലെന്ന് വേണ്ടാ..” സുമിത്രയുടെ വാക്കുകൾ കരണം പുകച്ചൊരു അടിയെന്ന പോലെ ലതയ്ക്ക് തോന്നി..സുമിത്രയുടെ വാക്കുകൾ കേട്ട ഗീതു ഓടി ചെന്ന് അവരെ കെട്ടിപിടിച്ചു..റാഞ്ചാൻ വരുന്ന പരുന്തിൽ നിന്നും തള്ളകോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുംപോലെ സുമിത്ര ഗീതുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.. അമ്മയുടെ മാറിലെ ചൂടിൽ അവൾ അഭയം തേടി.. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഭയം അവിടെ മാത്രമാണന്നറിഞ്ഞുകോണ്ട്.. “ഇനി ഇവിടെ ഇതിനെക്കുറിച്ചൊരു സംസാരം വേണ്ട..ലതയോട് കൂടിയാണ് പറയുന്നത്..ലത പറഞ്ഞതിനൊന്നും മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല..പറഞ്ഞ് വശലാക്കണ്ടെന്നു കരുത്തിയിട്ടാണ്..

കുട്ടികൾ പറഞ്ഞല്ലോ ഒന്നും സംഭവിച്ചിട്ടില്ലെന്ന്..ഇതിവിടെ തീർന്നു..മനസ്സിലായോ..ദേവിയെന്ത് പറയുന്നു..??” “പ്രസാദേട്ടൻ പറയുംപോലെ..എനിക് എന്റെ കുഞ്ഞിനെ നല്ല വിശ്വാസമാണ്..ഗീതുമോളേം..” സിദ്ധുവും ദേവിയും അപ്പോൾ തന്നെ റെഡി ആയി വീട്ടിലേക്ക് പോയി..കാവ്യ നീനയെയും സേറയെയും നോയലിനേയും വിവേകിനെയും കൊണ്ടുവിടാൻ പോയി..നീനയോടും സേറയോടും വീട്ടിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ അവരോട് പറയണ്ടെന്ന് പ്രത്യേകം പറഞ്ഞു.. ഇന്ന് തനിക്കുനേരെയുയർന്ന ആരോപണങ്ങളിൽ,തന്റെ മാനത്തിനെ പോലും ചവിട്ടിയരച്ചതിൽ ഒപ്പം സിദ്ധുവിന്റെ കണ്ണിൽ തന്നോട് കണ്ട അവജ്ഞയിൽ വെറുപ്പിൽ അവൾ നീറി..കണ്ണുനീർ ചാലുകൾ തീർത്ത് അവളുടെ കവിളുകളിൽ ഒഴുകികൊണ്ടേയിരുന്നു..തങ്ങളുടെ പദ്ധതി പൂർണവിജയമായതിൽ രണ്ടുപേർ മാത്രം സന്തോഷിച്ചുകൊണ്ടിരുന്നു…(തുടരും)