19/04/2026

അത്രയേറെ : അവസാന ഭാഗം

രചന – സുധീ മുട്ടം

“രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഞായറാഴ്ച ആണ്…അന്ന് കാർത്തിയേച്ചിയുടെ വീട്ടിലേക്ക് മാറാം….

അഞ്ജലിയുടെ നിർദ്ദേശം നന്ദിതക്ക് സ്വീകാര്യമായിരുന്നു….

കാർത്തിയേച്ചിയുടേയും ഇച്ചായന്റെയും ലൈഫ് സുഗമമായി ഒഴുകട്ടെ…അവിടെ നിന്നാൽ അവർക്കൊരു തടസ്സമാകുമെന്ന് കരുതി….

” വീടെല്ലാം വൃത്തിയായി സൂക്ഷിച്ചു ഇരിക്കുവാണെന്നാ കാർത്തിയേച്ചി പറഞ്ഞത്..നമ്മൾ ചെന്ന് താമസിച്ചാൽ മതിയത്രേ..എങ്കിലും ശനിയാഴ്ച ചെന്ന് നമുക്ക് ഒന്നൂടെ അടിച്ചു വാരാം….

അഞ്ജലി അത് ശരി വെച്ചു…..

അങ്ങനെ അവർ കാത്തിരുന്ന ദിവസമെത്തി.,ശനിയാഴ്ച ഒന്നുകൂടി ക്ലീൻ ചെയ്തു വീട്ടിലേക്ക് തിരിച്ചു പോന്നു…

ഞായറാഴ്ച ദിവസം രാവിലെ ഒമ്പത് മണിക്ക് പാല് കാച്ചി താമസം ആരംഭിച്ചു…

“കാർത്തിയേച്ചി പാല് കാച്ചിയാൽ മതി…

” വേണ്ട മക്കളെ നിങ്ങൾ ചെയ്താൽ മതി…

കാർത്തിക ഒഴിഞ്ഞു മാറാനൊരു ശ്രമം നടത്തി എങ്കിലും അവർ വിട്ടില്ല…

“ഞങ്ങളുടെ ചേച്ചിയല്ലേ…ചേച്ചി മതി….

അവരുടെ സ്നേഹത്തിന് മുമ്പിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നു….

കാർത്തിക അടുക്കളയിൽ കയറി പാല് കാച്ചി.. ആ ചടങ്ങ് കഴിഞ്ഞതോടെ ചായയിട്ട് എല്ലാവർക്കും കൊടുത്തു..കേറി താമസത്തിൽ പങ്കെടുക്കാൻ ഇച്ചായനും റീത്താമ്മയും ഡേവിഡും കുഞ്ഞു കാത്തുവും വന്നിരുന്നു….

ചടങ്ങുകൾ കഴിഞ്ഞു കുറച്ചു സമയം കൂടി നിന്ന ശേഷം കാർത്തികയും വീട്ടുകാരും മടങ്ങി…അവിടെ അഞ്ജലിയും നന്ദിതയും മാത്രമായി….

കുഞ്ഞതെങ്കിലും ഭംഗിയുള്ള ആ വീട് അവർക്കേറെ ഇഷ്ടമായി.

.മല നിരയിൽ നിന്നും വീശുന്ന തണുത്ത കാറ്റിൽ മുടിയിഴകൾ പാറി കളിച്ചു…

” ഹൊ…ഇപ്പോഴും നല്ല അടിപൊളി തണുപ്പ്…ഊട്ടിയും മൂന്നാറും മാറി നിൽക്കും…

നെറ്റിയിലേക്ക് വീണ മുടിഴികൾ മാടിയൊതുക്കി നന്ദിത അഞ്ജലിയെ നോക്കി…

“യെസ്… ബട്ട് ഇങ്ങനെ സംസാരിച്ചു നിന്നാൽ ഉച്ചക്ക് പട്ടിണിയാകും…

ചിരിയോടെ അഞ്ജലി ഓർമ്മിപ്പിച്ചതും നന്ദിത കൂടെ ചെന്നു….രണ്ടു പേരും കൂടി ഉത്സാഹിച്ചു ജോലികൾ ചെയ്ത് തീർത്തു….

അന്ന് രാത്രിയിൽ അത്താഴവും കഴിഞ്ഞ് കിടക്കുകയായിരുന്നു അഞ്ജലിയും നന്ദിതയും….

” നന്ദാ…ഞാനൊരു കൂട്ടം പറയട്ടെ….

“മ്ം… നീ പറയ്…

” അടുത്ത ആഴ്ച വീട്ടിൽ ചെന്ന് അച്ഛനേയും അമ്മയേയും കൂട്ടി വരണം…അവരൂടെ ഉണ്ടെങ്കിൽ നല്ല രസമായിരിക്കും..ജീവിതത്തിന് കുറച്ചു കൂടി അർത്ഥം വരും…..

ആ നിമിഷം നന്ദിത തന്റെ മാതാപിതാക്കളെ ഓർത്തു….അവളുടെ കണ്ണുകളൊന്ന് നനഞ്ഞു….

“നീ ചെന്ന് കൂട്ടിയിട്ട് വാ അഞ്ജു….
അഞ്ജലി കുറച്ചു സമയത്തേക്കൊന്നും മിണ്ടിയില്ല… പതിയെ ചിലമ്പിച്ച കരച്ചിൽ മുറിയിൽ മുഴങ്ങി..നന്ദിത ആകെ അമ്പരന്നു പോയി….

” എന്ത് പറ്റി അഞ്ജു…

അവൾ ചാടി എഴുന്നേറ്റു….

“എനിക്ക് മാതാപിതാക്കളെ കുഞ്ഞിലേ നഷ്ടപ്പെട്ടതാ….ഇരുവരും പരസ്പരം പിരിഞ്ഞ് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു..ഞാനെന്ന ഒരാളെ അവർ പരിഗണിച്ചില്ല.ഈഗോ ആയിരുന്നു പരസ്പരം.അമ്മമ്മ ഉള്ളത് കൊണ്ട് ഞാൻ വളർന്നു..കഴിഞ്ഞ വർഷം അവശേഷിച്ച ഏക ബന്ധവും ഭൂമിയിൽ എന്നെ തനിച്ചാക്കി പോയി…

നന്ദിത തരിച്ചിരുന്നു…ഇത്രയേറെ അടുത്തിട്ടും ഒരിക്കൽ പോലും അഞ്ജലി മനസ്സ് തുറന്നട്ടില്ല..വിഷാദമൂകയായിരുന്നു പലപ്പോഴും..ആദ്യമായി കണ്ടപ്പോഴും അവൾ ശോകമൂകയായിരുന്നെന്ന് ഓർത്തു….

ചുരുങ്ങിയ വാചകങ്ങളിൽ ജീവിതത്തിലെ അനാഥത്വത്തെ കുറിച്ചു പറയുമ്പോൾ അവൾ അനുഭവിച്ച വേദനകൾ നന്ദിതക്ക് മനസ്സിലാകുമായിരുന്നു….

” സാരല്യാ… സങ്കടപ്പെട്ടതൊക്കെ മതി…നല്ലൊരു കൂടപ്പിറപ്പായും കൂട്ടുകാരിയായും ഞാനുണ്ടാകും കൂടെ…

അത്രയും മതിയായിരുന്നു അഞ്ജലിക്ക് തന്റെ സങ്കടങ്ങൾ മറക്കാൻ….

“നെക്സ്റ്റ് വീക്കൻഡിൽ നമ്മൾ വീട്ടിലേക്ക് പോകുന്നു…അച്ഛനേയും അമ്മയേയും കൂട്ടി വരുന്നു….

വിഷാദത്തിന് ഇടയിലും മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചവൾ….

” വിവാഹമല്ല സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്ക്…സ്വന്തമായൊരു തൊഴിൽ…ശേഷം ഇത്രയും കാലം വളർത്തിയ മാതാപിതാക്കളെ നല്ല രീതിയിൽ സംരക്ഷിക്കുക..നമുക്കൊരു കൂട്ടു വേണമെന്ന് തോന്നിയാൽ മാത്രം മതി വിവാഹം…ഇനിയഥവാ വിവാഹം കഴിച്ചില്ലെങ്കിൽ കൂടിയും മറ്റൊരാളുടെ തണലിൽ ജീവിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം….

അഞ്ജലി പറഞ്ഞതിനെ ശരി വെയ്ക്കുമ്പോൾ താനെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് അഭിമാനത്തോടെ നന്ദിത ഓർത്തു….

“വേണ്ടാത്ത ഒരാൾക്കായി കരഞ്ഞു ജീവിക്കുന്നതിലും നല്ലത് നമ്മൾക്കായി ജീവിക്കുന്നതാണ് ഉചിതം..

ശുഭം…

അത്രയേറെ കഥ ഇവിടെ അവസാനിക്കുന്നു… ഇനിയുള്ള ദിനങ്ങൾ നന്ദിതക്കും അഞ്ജലിക്കും അച്ഛനും അമ്മക്കും കൂടി വേണ്ടിയാണ്🥰🥰🥰🥰

കഥ ഇഷ്ടം ആയാൽ രണ്ടു വരി എഴുതുക