രചന – അരുന്ധതി
അവർക്കെതിരായുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു ദേവി . അതിന്റെ ഭാഗമായി ഇപ്പോൾ കോകില,
പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവര് മൂലം നശിച്ചു. ഒരു വലിയ റാക്കറ്റ് അവർക്ക് പിന്നിലുണ്ട്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അച്ചായൻ “”
“”എങ്കിൽ എന്റെ സീതയടക്കം ഒരുപാട് പെൺകുട്ടികളുടെ ആത്മാവ് സന്തോഷിയ്ക്കും “”
“”അതേ മോളെ,,
സീത, അവൾക്ക് സന്തോഷമാവും””
“”ദേവി മോളെ വാ അങ്ങോട്ടിയ്ക്കാം ഞാൻ ചായ എടുക്കാം വാ “”
“”അതേ മോളെ, ഞാനും പുറത്തേക്കിറങ്ങണം എന്നല്ലേ വന്നപ്പോഴേ നീ പറഞ്ഞത്. “”
“”പക്ഷേ രാഘവേട്ടാ,,, “”
രാഘവൻ പറഞ്ഞത് കേട്ട് ദേവി സംശയത്തോടെ അദ്ദേഹത്തെ നോക്കി.
“”നീ നോക്കിയതിന്റെ അർത്ഥം എനിയ്ക്ക് മനസ്സിലായി. ഞാനെങ്ങനെ പുറത്തിറങ്ങും എന്നല്ലേ??
അതിനുള്ള സൗകര്യങ്ങളൊക്കെ ദാ ഈ നിൽക്കുന്ന അർജുൻ സാറ് അവിടെ ഇരുന്ന് കൊണ്ടേ ചെയ്ത് തന്നിരുന്നു. എല്ലാം പറയാം ആദ്യം മോള് ചായ കുടിയ്ക്ക് “”
“”ശെരി എങ്കിൽ ഞങ്ങള് പുറത്തിരിയ്ക്കാം””
എന്നും പറഞ്ഞ് ദേവിയും അർജുനും പുറത്തേക്കിറങ്ങി. കുറച്ച് കഴിഞ്ഞതും രാഘവേട്ടൻ കൃത്രിമമായി പിടിപ്പിച്ച കാലിൽ പുറത്തേയ്ക്ക് വന്നു.
“”മല്ലികേ പുറത്തേക്കിരിയ്ക്കാം അങ്ങോട്ട് ചായ എടുത്തോ “”
അവരെല്ലാവരും പുറത്തിറങ്ങിയിരുന്നു.
“”അതേ ആദ്യമേ ഞാനൊരു കാര്യം പറയട്ടെ””
അർജുൻ രാഘവേട്ടന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.
“”എന്തിനാ സാറേ ഒരു മുഖവുര. പറഞ്ഞോളൂ “”
“”എന്നെ രാഘവേട്ടൻ
സാറേ എന്ന് വിളിയ്ക്കരുത്. ദേവിയ്ക്ക് മൂത്ത ചേട്ടന് തുല്യനാണ് രാഘവേട്ടൻ. എനിയ്ക്കും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ളപ്പോൾ എന്നെ സാറേ എന്ന് വിളിയ്ക്കുമ്പോൾ,,, “”
ബാക്കി പറയാനാവാതെ അർജുൻ രാഘവേട്ടനെ നോക്കി
“”പക്ഷേ,, “”
ഒരു മറുപടി പറയാനാവാതെ രാഘവേട്ടൻ കുഴങ്ങി.
“”ഒരു പക്ഷേയുമില്ല “”
“”നിങ്ങള് രണ്ടാളും ഒന്ന് മിണ്ടാതിരുന്നേ,, രാഘവേട്ടാ,,, ഇത് പറ. എങ്ങനെയാ അച്ചുവേട്ടൻ നിങ്ങളെ കണ്ടു പിടിച്ചേ “”
“”ഞാൻ പറയാം…..
ഞാൻ ഇവരെ അന്വേഷിയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ നാളായി. എന്നെ സഹായിയ്ക്കാൻ അച്ചായനും ഉണ്ടായിരുന്നു. അങ്ങനെ അച്ചായനാണ് ഇവരിവിടെയുണ്ടെന്ന് കണ്ടുപിടിച്ചത്. അതെന്നെ അറിയിച്ചത് അവരുടെ നിശ്ചയത്തിന്റെ തലേ ദിവസം രാത്രിയിലാണ്. അച്ചായൻ ഈ വിവരം അറിഞ്ഞപ്പോൾ തന്നെ വേണ്ട കാര്യങ്ങളൊക്കെ ചെയ്തിരുന്നു. എന്നിട്ടാണ് എന്നോട് പറയുന്നത്. നിന്നോട് നിശ്ചയം കഴിഞ്ഞ് അന്ന് വൈകിട്ട് എല്ലാം പറയാനിരുന്നതാ ഞാൻ. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയല്ലേ അന്ന് വൈകിട്ട് അങ്ങനെ ഒരു സന്തോഷ വാർത്ത അറിഞ്ഞത്. ആ സമയത്ത് ഇതറിയിയ്ക്കണ്ട എന്ന് വിചാരിച്ചു. ഡോക്ടറെ കണ്ടതിന് ശേഷം നിന്നെ അറിയിയ്ക്കാം എന്ന് കരുതി. “”
അർജുൻ പറഞ്ഞ് തീർന്നതും ദേവിയെ നോക്കി.
“”അച്ചായനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അല്ലേ “”
“”അതേ മോളെ എന്നെ ആശുപത്രിയിൽ ആക്കാനും, മറ്റ് കാര്യങ്ങളും ഒക്കെ ചെയ്ത് തന്നത് ആ സാറാണ്.””
അത്രയും പറഞ്ഞതും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
“”അതെല്ലാം കഴിഞ്ഞില്ലേ ഇനി കരയാതെ ,,,,
രാഘവേട്ടനോട് ഒരു സന്തോഷ വാർത്ത പറയാനുണ്ട്. “”
“”എന്താ മോളെ? “”
“”സീതയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് രാഘവേട്ടനോർമ്മയുണ്ടോ? “”
“”ഒന്നും മറന്നിട്ടില്ല മോളെ.””
വിഷമത്താൽ അദേഹത്തിന്റെ മുഖം കുനിഞ്ഞു.
“”എങ്കിൽ ആ ആഗ്രഹം സാധിച്ചു. “”
“”എന്താ നീ പറഞ്ഞത്? “”
“”അതേ രാഘവേട്ടാ,,,
കണ്ണൻ,,, അവൻ എന്റെ കൂടെയുണ്ട്. “”
“”എന്താ നീ പറഞ്ഞത്? കണ്ണൻ,,,
അവൻ,,,
എങ്ങനെ? എവിടുന്ന് കിട്ടി മോളെ? “”
“”അവൻ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് മാത്രം. “”
“”നീ പറഞ്ഞ് വരുന്നത്,,, “”
അദ്ദേഹം സംശയത്തോടെ അവളെ നോക്കി.
“”അതേ രാഘവേട്ടാ,,, അവൻ തന്നെ.
നവീൻ,,, എനിയ്ക്ക് ഈശ്വരൻ തന്നനുഗ്രഹിച്ചു എന്ന് ഞാൻ പറഞ്ഞ എന്റെ അനിയൻ. “”
“”അവനോ??
എന്റെ ഈശ്വരാ എനിയ്ക്കിത് വിശ്വസിയ്ക്കാൻ വയ്യ മോളെ. “”
“”അതേ രാഘവേട്ടാ,,, അവൻ തന്നെ. “”
അപ്പോഴേയ്ക്കും മല്ലിക ചായയുമായി വന്നു.
“”മല്ലികേ,,,
നമ്മുടെ സീതേടെ കണ്ണനെ ഇവൾക്ക് കിട്ടിയെന്ന്. ഒരിയ്ക്കൽ നമ്മളോട് പറഞ്ഞിരുന്നില്ലേ ഒരനിയനെ കിട്ടിയെന്നും, ഡോക്ടർ ആക്കാൻ പഠിപ്പിക്കുന്നുവെന്നും
ഒക്കെ,, അത് തന്നെയാണ് കണ്ണനെന്ന് . “”
“”രാഘവേട്ടാ,,,
കേട്ടത് വിശ്വസിയ്ക്കാൻ പറ്റുന്നേയില്ല. എങ്കിലും ഇതെങ്ങനെ?? “”
അത്ഭുതത്തോടെ മല്ലിക ദേവിയെ നോക്കി.
“”അതാണ് ഈശ്വരന്റെ കരവിരുതുകൾ. മനുഷ്യന്റെ ചിന്തയേക്കാളും ആഗ്രഹത്തേക്കാളും ഒക്കെ പ്രസക്തി വിധിയ്ക്കാണ്. അല്ലെങ്കിൽ കണ്ണനും ദേവിയും തമ്മിൽ പരസ്പരം മനസ്സിലാക്കും മുൻപ് തന്നെ ഇത്രയും ആത്മബന്ധം തോന്നുമോ? “”
“”എന്നിട്ട് അവനെവിടെ മോളെ. നിങ്ങളുടെ കൂടെയുണ്ടോ? “”
മല്ലിക ചോദിച്ചതും ദേവി രാഘവേട്ടനെ നോക്കി.
“”അവൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്. ഉടനെ തന്നെ അവൻ എല്ലാ അർത്ഥത്തിലും കുടുംബത്തിലെ ഒരാളായി മാറാൻ പോകുവാ. “”
“”മോളെ,,,, “”
പറഞ്ഞത് മനസ്സിലാവാതെ അദ്ദേഹം അവളെ നോക്കി.
“”ഞാൻ പറഞ്ഞിരുന്നില്ലേ രാഘവേട്ടാ,
എന്റെ അനിയത്തി ദേവൂനെ കുറിച്ച്?
അവളെ കണ്ണന്റെ കൈയ്യിൽ ഏല്പിയ്ക്കാൻ തീരുമാനിച്ചു. അടുത്ത ആഴ്ചയാണ് കല്യാണം. “”
അത് കേട്ടതും രാഘവേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“”മോളെ ദേവീ,,,
ഓരോ തവണയും നീയീ രാഘവേട്ടനെ ഞെട്ടിക്കുവാ. നിന്നെ പോലെ ആവാൻ നിനക്ക് മാത്രേ പറ്റൂ മോളേ . “”
“”ദേ രാഘവേട്ടാ,,,
ഇതിലെന്താ ഇത്ര വലിയ കാര്യം? എന്റെ അനിയനെ ഒരിയ്ക്കലും ആരും ഒരു കുറവും പറഞ്ഞ് മാറ്റി നിർത്തരുത്. പിന്നെ ഒരിച്ചിരി സ്വാർത്ഥത കൂടിയുണ്ട്.
അവന് മറ്റേതെങ്കിലും പെൺകുട്ടിയാണ് ഭാര്യ ആയിട്ട് വരുന്നതെങ്കിൽ പിന്നെ എനിയ്ക് എന്റെ അനിയനായി അവനെ കിട്ടുവോ. “”
അവള് രാഘവേട്ടന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. കണ്ണ് നിറഞ്ഞ് ആ മനുഷ്യൻ അവളെ നോക്കി പുഞ്ചിരിച്ചു.
“”ഇങ്ങനെയൊക്കെ മനസ്സിൽ ആഗ്രഹം ഒളിപ്പിച്ച് പാവം എന്റെ ഭാര്യ ഇരുന്നപ്പോഴാണ് രണ്ടും കൂടി മുട്ടൻ അടി. പിന്നെ ദേവി ഈ കാര്യം പുറമേ ആരോടും പറഞ്ഞില്ല. അങ്ങനെ ഇരുന്നപ്പോഴല്ലേ ഒരു ദിവസം അറിയുന്നത് രണ്ടും കൂടി ഭയങ്കര പ്രണയമാണെന്ന്.
അപ്പോൾ പിന്നെ എല്ലാം അനുകൂലമായി വന്നല്ലോ. പിന്നെ വെച്ച്
താമസിപ്പിയ്ക്കണ്ടല്ലോ എന്ന് കരുതി. അതാ ഇത്ര പെട്ടെന്ന് നടത്താൻ തീരുമാനിച്ചത്. “”
“”അതൊക്കെ അവിടെ നിൽക്കട്ടെ,,,
ഞാൻ ഇനി പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ പോകുവാ. മല്ലിക ചേച്ചിയും കേൾക്കണം. രണ്ടാളും എതിര് പറയരുത്. “”
“”എന്താ മോളെ “”
ദേവിയുടെ മുഖത്തേയ്ക്ക് നോക്കി ആകാംക്ഷയോടെ മല്ലിക ചോദിച്ചു.
“”നിങ്ങള് ഞങ്ങൾടെ കൂടെ വരണം. ആരും തുണയില്ലാതെ എന്തിനാ നിങ്ങള് ഇവിടെ കഴിയുന്നെ. എല്ലാം ഞങ്ങള് നോക്കിക്കൊള്ളാം “‘
ദേവി വലിയ ആത്മവിശ്വാസത്തോടെ ചോദിച്ചു.
“”ഇല്ല മോളെ… അതിന് നീ നിർബന്ധിയ്ക്കരുത്. ഞാൻ വരില്ല. “”
ഒറ്റ വാക്കിൽ രാഘവേട്ടൻ മറുപടി പറഞ്ഞു
“”എന്താ രാഘവേട്ടാ ഞാൻ ആരും അല്ലാതായോ നിങ്ങൾക്ക്? “”
ഉള്ളിലെ സങ്കടം അവളുടെ മുഖത്തും പ്രകടമായി.
“”നീ എനിയ്ക്ക് സ്വന്തം അനിയത്തിയും, മകളും ഒക്കെയാണ്. അതുകൊണ്ടാ ഞാൻ പറഞ്ഞത്. “”
“”രാഘവേട്ടാ,,,
അവളുടെ ആഗ്രഹം തന്നെയാണ് എനിയ്ക്കും. “”
അർജുനും അവന്റെ ഉള്ള് വ്യക്തമാക്കി.
“”ദേവി മോളെ,,,
അന്ന് ഞാൻ രക്ഷപ്പെടുത്തി വിട്ട അന്നത്തെ ദേവിയല്ല ഇന്ന് നീ.
ഇന്ന് നീയൊരു ഭാര്യയാണ്, മരുമകളാണ്, ഏട്ടത്തിയാണ്, ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം നിനക്കുണ്ട്. അതും അല്ല നീയൊരു ഒരമ്മയാവാൻ പോകുന്നു. ഇനി മോൾടെ ജീവിതത്തിൽ ഞങ്ങളുടെ സ്ഥാനം അൽപ്പം അകലത്തിൽ ഇരുന്നാൽ മതി. കാരണം എക്കാലവും ഈ ബന്ധം ഇതേ പോലെ തന്നെ നിലനിൽക്കാൻ ഒരു ചെറിയ അകലം നല്ലതാ. അതാണ് അതിന്റെ ശെരി. മോൾക്കെപ്പോൾ കാണണമെങ്കിലും ഇവിടെ വരാല്ലോ പിന്നെന്താ. അതും അല്ല ഈ കാടും, മലകളും ഒന്നും വിട്ട് വരാൻ എന്നെക്കൊണ്ടാവില്ല മോളെ. പണ്ടും ഇതുപോലെയുള്ള സ്ഥലത്തായിരുന്നില്ലേ താമസം. ശീലിച്ചു പോയി. “”
“”രാഘവേട്ടാ,,, “”
ദേവി ഒന്ന് കൂടി വിളിച്ചു.
“”പറയുന്നത് മനസ്സിലാക്കാനുള്ള ബോധം എന്റെ ദേവികുട്ടിയ്ക്കുണ്ടായിരുന്നു. ഇപ്പോഴും ആ പക്വത നിന്നിലുണ്ട് എന്നാണെന്റെ വിശ്വാസം . അതുകൊണ്ട് പറയുന്നത് കേൾക്ക്. പിന്നെ ഒരു കാര്യം ചെയ്താൽ മതി. എനിയ്ക്കിനി എഴുന്നേറ്റ് ഒരു ജോലി ചെയ്യാനൊന്നും പറ്റില്ല. അതുകൊണ്ട് മല്ലികയ്ക്കൊരു ജോലി. അതുമാത്രം മോള് ചെയ്ത് തന്നാൽ മതി. “”
രാഘവേട്ടൻ പറഞ്ഞ് തീർന്നതും ദേവി തിരിഞ്ഞൊന്ന് അർജുനെ നോക്കി. അവൻ അനുവാദം എന്നോണം അവളെ കണ്ണടച്ച് കാണിച്ചു.
“”എങ്കിൽ,,,
ഇവിടെയുള്ള ഞങ്ങളുടെ എസ്റ്റേറ്റിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം ഇനി രാഘവേട്ടനാണ്. അപ്പോൾ രാഘവേട്ടന് ഈ കാടിനെയും , മലകളെയും ഒന്നും പിരിയേണ്ടിയും വരില്ല. എല്ലാം രാഘവേട്ടന്റെ ആഗ്രഹം പോലെ തന്നെ നടക്കും. “”
“”പക്ഷേ മോളെ,,, “”
എതിർപ്പെന്നോണം എന്തോ രാഘവേട്ടൻ പറയാനൊരുങ്ങിയതും,,
“”അരുത് രാഘവേട്ടാ,,,
ഇതിനും കൂടി എതിര് പറയരുത്. അങ്ങനെ പറഞ്ഞാൽ ഞാൻ തീർത്തും ഒരു അന്യയായി പോവും “”
“”അതേ,,,
ഒരിയ്ക്കലും ഇത് എന്റെ ദേവിയെ ഞങ്ങൾക്ക് നേടി തന്നതിനുള്ള പ്രതിഫലമോ, നന്ദി പ്രകടിപ്പിയ്ക്കുന്നതോ ഒന്നുമല്ല.
ദേവി രാഘവേട്ടനെ സ്വന്തം ആങ്ങളയുടെ സ്ഥാനത്ത് തന്നെയാ കാണുന്നെ. അങ്ങനെയുള്ളപ്പോൾ ഈ അവസ്ഥയിൽ താങ്ങായി അവള് കൂടെ നിൽക്കണ്ടേ. അതുകൊണ്ട് മറ്റൊന്നും ഇനി ചിന്തിയ്ക്കണ്ട. “”
അർജുൻ പറഞ്ഞ് തീർന്നതും. രാഘവേട്ടൻ നിറഞ്ഞ കണ്ണുകളോടെ ദേവിയെ നോക്കി.
“”ദേ ഇനി ഇങ്ങനെ ഇരുന്നാലുണ്ടല്ലോ നല്ല അടി വെച്ച് തരും ഞാൻ “”
ദേവി പറഞ്ഞതും അദ്ദേഹം ഒന്ന് ചിരിച്ചു.
“”നിങ്ങള് ഉച്ചയൂണ് കഴിഞ്ഞല്ലേ പോകൂ “”
മല്ലികയാണ് ചോദിച്ചത്.
“”അതിന് ഞങ്ങളിന്ന് പോകുന്നില്ലല്ലോ. ഇന്നൊരു ദിവസം നിങ്ങൾടെ കൂടെ ഇവിടെ തങ്ങി നാളെയെ പോകുന്നുള്ളൂ. “”
“”എങ്കിൽ ഞാൻ പോയി ഉച്ചയ്ക്കത്തേക്കുള്ള കാര്യം നോക്കട്ടെ. “”
അതും പറഞ്ഞ് അവര് അകത്തേയ്ക്ക് പോയി.
നല്ലൊരു പകൽ അവർക്കൊപ്പം അവര് രണ്ടാളും കഴിച്ചുകൂട്ടി.
രാത്രി ആയപ്പോൾ അർജുനും, ദേവിയും കൂടി പുറത്തേക്കിറങ്ങി. വീടിനു പുറത്തിറങ്ങി അവര് രണ്ടാളും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം കൈ കോർത്ത് പിടിച്ച് ആസ്വദിച്ചു. വീടിന്റെ വാതിലിൽ നിന്നും ദൂരെയുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു.
“”അച്ചുവേട്ടാ,,,
നമുക്ക് വെള്ളച്ചാട്ടം കാണാൻ പോകാം””
“”ഇപ്പോഴോ ഈ രാത്രിയിൽ വേണ്ട ദേവി “”
“”എന്താ മോനേ എവിടെ പോകുന്ന കാര്യമാ ദേവി ചോദിക്കുന്നെ “”
ഭക്ഷണം കഴിയ്ക്കാൻ അവരെ വിളിയ്ക്കാൻ വന്ന മല്ലിക ചോദിച്ചു.
“”ചേച്ചി ഇവൾക്കിപ്പം വെള്ളച്ചാട്ടം കാണാൻ പോകണം എന്ന് “”
“”അയ്യോ മോളെ,,,
ഈ രാത്രിയിൽ വേണ്ട. ഇനിയൊരിയ്ക്കലാവട്ടെ. ആ പിന്നേ,,, പുറത്തൂടെ അധികം നടക്കണ്ട രണ്ടാളും. കുറച്ച് കൂടി രാത്രി ആയാൽ മഞ്ഞിറങ്ങും. ഈ സമയത്ത് ശ്വാസ തടസ്സമോ മറ്റോ വന്നാൽ അത് ശെരിയാവില്ല. അതുകൊണ്ട് കയറി വാ “”
അവരുടെ ഓരോ വാക്കുകളിലും നിറഞ്ഞ് നിൽക്കുന്ന ദേവിയോടുള്ള സ്നേഹം അർജുൻ സന്തോഷത്തോടെ നോക്കിക്കാണുകയായിരുന്നു.
“”ആ വരുവാ ചേച്ചി “”
“”എങ്കിൽ ശെരി. ഞാൻ എടുത്ത് വെയ്ക്കാം””
അതും പറഞ്ഞ് മല്ലിക അകത്തേയ്ക്ക് നടന്നു.
“”ഒരു പ്രതിഫലവും പ്രതീക്ഷിയ്ക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നവരെ ഇന്നത്തെക്കാലത്ത് കണ്ട് കിട്ടാൻ പാടാ. ദൈവം അനുഗ്രഹിച്ച് ഇപ്പോൾ നമുക്ക് ചുറ്റും ഉള്ളവരെല്ലാം നമ്മളെ ഒരുപാട് സ്നേഹിക്കുന്നവരാ. “”
അർജുൻ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു.
“”അത് ശെരിയാ അച്ചുവേട്ടാ “”
അതും പറഞ്ഞ് രണ്ടാളും അകത്തേയ്ക്ക് പോയി.
“”വാ വാ വന്നിരിയ്ക്ക് രണ്ടാളും. “”
അവർക്കുള്ള ഭക്ഷണം എടുത്ത് വെയ്ക്കുന്നതിനിടയിൽ മല്ലിക പറഞ്ഞു.
“”ഇതെന്തൊക്കെയാ ചേച്ചി?? “”
ആവി പറക്കുന്ന കഞ്ഞി, ചുട്ട പപ്പടം, പയറ് തോരൻ, ചീര തോരൻ, ചമ്മന്തി. സത്യത്തിൽ ഇങ്ങനത്തെ ഭക്ഷണ രീതിയൊക്കെ ഇപ്പോൾ അന്യം നിന്ന് പോയി അല്ലേ അച്ചുവേട്ടാ. ഇപ്പോൾ ബാർബി ക്യു, അൽഫ ചിക്കൻ , ഷവായി, കുവായി അങ്ങനെയൊക്കെ മതിയല്ലോ എല്ലാർക്കും. സത്യത്തിൽ രാത്രിയിൽ ഇതുപോലെ ഉള്ള ഭക്ഷണമൊക്കെ തന്നെയാ നല്ലത്. “”
“”ശെരി. നിങ്ങള് കഴിയ്ക്ക്. ഞാൻ രാഘവേട്ടനെ വിളിയ്ക്കാം. “”
അതും പറഞ്ഞ് മല്ലിക മുറിയിലേയ്ക്ക് പോയി.
പിന്നെ രാഘവേട്ടനും, അവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
“”എങ്കിൽ നിങ്ങള് കിടന്നോ. നാളെ രാവിലെ പുറപ്പെടേണ്ടതല്ലേ. വെറുതെ ഉറക്കം കളയണ്ട.
മല്ലികേ,,, “”
അത്രയും പറഞ്ഞ് അദ്ദേഹം മല്ലികയെ വിളിച്ചു.
“”മുറി ഞാൻ ശെരിയാക്കിയിട്ടിട്ടുണ്ട്. “”
“”എങ്കിൽ ശെരി നാളെ കാണാം രാഘവേട്ടാ.””
“”കമ്പിളി രണ്ടെണ്ണം ഞാനവിടെ വെച്ചിട്ടുണ്ട് കേട്ടോ. “”
മുറിയിലേയ്ക്ക് നടന്ന അവരെ നോക്കി മല്ലിക വിളിച്ച് പറഞ്ഞു.
മുറിയിലെത്തി അർജുൻ ആദ്യമേ കയറി കിടന്നു. ശേഷം അവനടുത്തായി ദേവിയും.
“”എന്താ അച്ചുവേട്ടാ പുതയ്ക്കാതെ കിടക്കുന്നെ? തണുക്കുന്നില്ലേ?? “”
അവന് നേരെ നോക്കിക്കൊണ്ട് അവള് ചോദിച്ചു.
“”എനിയ്ക്ക് ഈ കമ്പിളി വേണ്ട “”
“”വേണ്ടെങ്കിൽ വേണ്ട. എനിയ്ക്കെന്തായാലും വേണം. തണുത്തിട്ടൊരു രക്ഷയുമില്ല. “”എന്നിട്ട് അവള് കമ്പിളി എടുത്ത് പുതച്ചു.
“”തണുപ്പ് മാറ്റാൻ ഈ പുതപ്പ് തന്നെ വേണം എന്നൊന്നുമില്ല. “”
“”അയ്യടാ മോനേ കമ്മീഷ്ണറെ,,,
മനസ്സിലിരുപ്പ് ഇത് തന്നെയാണെന്ന് എനിയ്ക്കറിയാം. തല്ക്കാലം അത് എട്ടായിട്ട് മടക്കി പോക്കെറ്റിൽ വെച്ചിട്ട് അങ്ങോട്ട് നീങ്ങി കിടന്നേ. “”
അവന് നേരെ മുഖം വെച്ച് അതും പറഞ്ഞ് അവള് ഒന്ന് കൂടി പുതച്ച് കിടന്നു.
“”അയ്യോ എനിയ്ക്ക് പോക്കറ്റില്ല “”
അതും പറഞ്ഞവൻ അവൾ പുതച്ചിരുന്ന കമ്പിളിയിലേയ്ക്ക് കയറി
“”അച്ചുവേട്ടാ,,,
കിടന്നുറങ്ങുന്നുണ്ടോ, രാവിലെ എഴുന്നേൽക്കാനുള്ളതാ “”
“”അതിന് ഞാൻ ഉറങ്ങാൻ പോകുവാണല്ലോ. “”
“”എങ്കിൽ അങ്ങോട്ട് നീങ്ങി കിടന്നേ “”
“”അച്ഛന്റെ കുഞ്ഞി,,,
ഇത് കണ്ടോ? ഈ അമ്മയ്ക്കിപ്പോൾ ഭയങ്കര അഹങ്കാരമാ. പാവം ഈ അച്ഛനോട് ഒരു സ്നേഹവുമില്ല. അച്ഛേടെ കുഞ്ഞി ഇങ്ങ് വന്നിട്ട് വേണം നമുക്ക് എല്ലാം ഒന്ന് മാറ്റി കൊടുക്കാൻ “”
സാരി നീക്കി അവളുടെ അണിവയറിൽ തഴുകി കൊണ്ട് അവൻ പറഞ്ഞു.
“”ഓ ഇപ്പോൾ അച്ഛനും, മോളും ഒരു സെറ്റ്. ഞാൻ വേറെ അല്ലേ??? ഹ്മ്മ് “”
അവള് മുഖം കോട്ടി.
“”അങ്ങനെ അങ്ങോട്ട് പിണങ്ങാതെ എന്റെ പെണ്ണേ “”
അതും പറഞ്ഞവൻ അവളോട് കുറച്ച് കൂടി ചേർന്ന് കിടന്നു.
💟💟💟
“”എങ്കിൽ ഞങ്ങളിറങ്ങട്ടെ….
പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ രണ്ടാൾക്കും,,,
കല്യാണത്തിന് രണ്ട് ദിവസം മുന്നേയെങ്കിലും അങ്ങെത്തിയേക്കണം. “”
ഇറങ്ങാൻ നേരം ഒന്ന് കൂടി ദേവി അവരെ ഓർമ്മിപ്പിച്ചു
“” എന്റെ മോളെ നീ ഇപ്പോൾ തന്നെ ഇതെത്രാമത്തെ തവണയാ പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ “”
രാഘവേട്ടൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.
“”എന്നിട്ട് അവസാനം വരാതെ ഏങ്ങാനും ഇരുന്നാൽ ഞാൻ മിണ്ടില്ല നോക്കിക്കോ “”
“”ഞാൻ വരും മോളെ.
നിങ്ങളിപ്പോൾ ഇറങ്ങാൻ നോക്ക്. അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ വൈകും.””
“”എങ്കിൽ ഇറങ്ങട്ടെ… “”
“”സൂക്ഷിച്ചു പോണേ.. “”
“””ശെരി. എങ്കിൽ ഇറങ്ങട്ടെ “”
പോകുമ്പോൾ ദേവി രാഘവേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി. ആ കൺകോണുകളിൽ എവിടെയോ ഒരു നീർത്തിളക്കം വന്നതവൾ കണ്ടു. മറ്റാരും കാണാതെ അത് തുടച്ച് മാറ്റുന്നതും.
😍😍😍
തിരികെ വീട്ടിലെത്തിയതും,,,
“”ആഹാ എത്തിയല്ലോ രണ്ടാളും.
അമ്മേ,, അപ്പച്ചി,, വിച്ചുവേട്ടാ,, കണ്ണാ,, ഒന്നിറങ്ങി വന്നേ ഇതാരൊക്കെയാ വന്നേക്കുന്നതെന്ന് നോക്കിക്കേ “”
അവരെ കണ്ടതും ഭാമ അകത്തേയ്ക്ക് നോക്കി വിളിച്ചു കൂവി.
“”എന്താടി കുട്ടിപ്പിശാശ്ശെ ഇങ്ങനെ വിളിച്ചു കൂവുന്നെ ഞങ്ങളെന്താ വിരുന്ന്കാരോ? “”
“”ഇന്നലെ വരാം എന്നും പറഞ്ഞ് പോയതല്ലേ. പോട്ടെ,,, ഇവൾക്കോ ഒരു ചിന്തയുമില്ല. ഏട്ടനെങ്കിലും ഒന്നുണ്ടായിക്കൂടെ. ഈ സമയത്തിങ്ങനെ.. അല്ലെങ്കിൽ വേണ്ട ഞാനൊന്നും പറയുന്നില്ല. “”
ഭാമ അവളുടെ മനസ്സിലെ പേടി പുറമേ തുറന്നു പറഞ്ഞു.
“”അയ്യോ ന്റെ ഭാമക്കുട്ടി ഇങ്ങനെ മുഖം വാട്ടല്ലേ. കാണാനൊരു ഭംഗിയുമില്ല “”
ദേവി അവളുടെ വീർപ്പിച്ച മുഖത്തിനിട്ടൊരു കുത്ത് കൊടുത്തു പറഞ്ഞു.
“”ആഹാ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു. മോളെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ അല്ലേ “”. രേവതിയാണ് ചോദിച്ചത്.
“”ഇല്ലമ്മേ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര സുഖമായിരുന്നു. “”
“”ബാക്കി രണ്ടെണ്ണത്തെ കൂടി എന്റെ പൊന്നനിയത്തി വിളിച്ചിരുന്നല്ലോ. അവരെവിടെ? “”
“”അടിപൊളി…..
രണ്ടും ഇവിടില്ല ബിരിയാണി ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോയി. “”
“”ബിരിയാണിയോ ??? അതെന്താ ഇപ്പോൾ അങ്ങനെയൊരു മോഹം? “”
“”ആർക്കറിയാം. എന്നെ ഒന്നിനും വിളിച്ചേക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ആരും വേണ്ട. രണ്ടാളും കൂടി ഏറ്റെന്നാ പറയുന്നേ… കണ്ടറിയണം “‘
ഭാമ ചിരിയോടെ പറഞ്ഞു.
“”അതിന് നിനക്ക് എന്തെങ്കിലും ഉണ്ടാക്കാനറിയുവോ. തിന്നാനല്ലേ അറിയൂ “”
അർജുൻ ഭാമയെ നോക്കി ചോദിച്ചു.
“”ദേ ഏട്ടാ “”
ഭാമ അവനെ നോക്കി കണ്ണുരുട്ടി.
“”അല്ലാ,,,
അവര് പോയെന്നറിഞ്ഞിട്ടാണോ നീ ഇവിടെ കിടന്ന് വിളിച്ച് കാറിയത് “”
ഭാമയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് അർജുൻ ചോദിച്ചു.
“”അത് പിന്നെ ഒരു ഗുമ്മിന്,,, “”
ഒരു വളിച്ച ചിരിയോടെ ഭാമ പറഞ്ഞു.
“”അവളുടെയൊരു ഗുമ്മ് “”
എന്നും പറഞ്ഞവൻ അവളുടെ ചെവിയ്ക്ക് പിടിച്ച് തിരിച്ചു
“”മോളെ ദേവി,,,
യാത്ര ചെയ്ത് വന്നതല്ലേ പോയി ഒന്ന് കുളിയ്ക്ക്. അച്ചൂ നീയും ചെല്ല് “”
രേവതി രണ്ടാളോടും പറഞ്ഞു.
“”എങ്കിൽ ചെല്ലട്ടെ ”
എന്നും പറഞ്ഞ് ദേവി മുകളിലേയ്ക്ക് നടന്നു.
തുടരും,,,

by