18/04/2026

താലി ബന്ധനം : ഭാഗം 07

രചന – സെലുനിസു

ദയനീയ ഭാവത്തോടെ അവളവനെ നോക്കി നിന്നു……

കഴിക്കാൻ ഇരുന്നപ്പോഴും അവൻ അവളെ ശ്രദ്ധിച്ചതേ ഇല്ലാ….

ഹരിക്കുട്ടാ… നീ എന്താടാ ചക്ക പുഴുക്ക് കഴിക്കാത്തേ…

എനിക്ക് വേണ്ടാ…

ഏഹ്… വേണ്ടന്നോ… അതെന്താപ്പോ അങ്ങനെ.

അമ്മക്കിതെന്താ…. എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ….

ഹരിമോനേ…. കുറച്ചെങ്കിലും കഴിച്ചു നോക്കെടാ….ലച്ചു ഉണ്ടാക്കിയതാ..നല്ല രുചിയുണ്ട്….

എനിക്ക് വേണ്ടാഞ്ഞിട്ടാ ചെറിയമ്മായി എന്നും പറഞ്ഞവൻ കഴിപ്പ് നിർത്തി എഴുന്നേറ്റു പോയതും…ലച്ചുവിന് സങ്കടം സഹിക്കാൻ വയ്യാതെയായി. മിഴികളിൽ കണ്ണുനീർ ഉരുണ്ട് കൂടിയതും അവൾ പെട്ടന്ന് പാത്രം എടുത്ത് എഴുന്നേറ്റു…

ലച്ചൂ… മുഴുവൻ കഴിച്ചിട്ട് പോ..അച്ഛൻ പറയാറില്ലേ ഭക്ഷണം കളയാൻ പാടില്ലാന്ന്…അവരിവിടെ ഇല്ലാത്തത് നിന്റെ ഭാഗ്യം.. അല്ലേൽ ഇപ്പൊ കഴിക്കണ്ട ആവിശ്യം ഇല്ലായിരുന്നു. വയറു നിറഞ്ഞേനെ…..

എനിക്ക് വേണ്ടാഞ്ഞിട്ടാ അമ്മാ.. എന്തോ ഒരു തലവേദന പോലെ….

സാരമില്ല ഏടത്തി അവൾക്ക് വയ്യാത്തത് കൊണ്ടല്ലേ….പൊക്കോട്ടെ..

ഓ…അല്ലേലും ചെറിയമ്മക്ക് ലച്ചു ചേച്ചിയെ ആരെന്ത് പറഞ്ഞാലും സഹിക്കില്ലല്ലോ…..
നമ്മളൊക്കെ ആയിരുന്നേൽ കമാന്നൊരക്ഷരം മിണ്ടില്ല….

കിച്ചു… വേണ്ടാട്ടോ…നിന്റെ കാര്യത്തിന് നീ മതിയല്ലോ…. ഇവളൊരു പാവമായത് കൊണ്ടല്ലേ ഇങ്ങനെ എല്ലാത്തിനും മിണ്ടാതെ നിക്കുന്നത്…

ഓ… ആയിക്കോട്ടെ…നമ്മളില്ലേ…. എന്നും പറഞ്ഞവൾ കഴിക്കാൻ തുടങ്ങിയതും ശ്യാമ പൊക്കോന്ന് കണ്ണു കൊണ്ട് കാണിച്ചതും അവൾ തലയാട്ടി അടുക്കളയിലേക്ക് കയറി… പാത്രം കഴുകി വെച്ച് അവൾ മുറിയിലേക്ക് കയറാൻ ഒരുങ്ങവേ.. ഹരിയുടെ മുറിക്ക് നേരെ ഒന്ന് നോക്കി… അടച്ചിരിക്കുവാണ്.. ഇപ്പൊ ചെന്നാൽ ശരിയാവില്ല… കുറച്ച് കഴിഞ്ഞാൽ എല്ലാവരും ഉച്ച മയക്കത്തിൽ ആവും അപ്പൊ ചെന്ന് നോക്കാം എന്നെല്ലാം സ്വയം പറഞ്ഞവൾ തന്റെ മുറിയിലേക്ക് കയറി…ടേബിളിൽ ഇരുന്ന ബുക്ക്‌ എടുത്ത് കട്ടിലിലേക്ക് ഇരുന്ന് ജനൽ തുറന്നിട്ടതും…. അത് വഴി കുളക്കടവിലേക്ക് പോവുന്ന ഹരിയെ കണ്ടു അവൾ ബുക്ക്‌ ബെഡിൽ വെച്ച് വേഗം പുറത്തേക്കോടി…..

കുളക്കടവിന്റെ വാതിൽ തുറന്നതും വെള്ളത്തിലേക്ക് കല്ല് പൊറുക്കി എറിയുന്ന ഹരിയെ കണ്ടവൾ ഒന്ന് ചിരിച്ചു പടവുകൾ ഇറങ്ങി അവന്റെ അടുത്ത് ചെന്നിരുന്നു….

തന്റെ അടുത്തായി വന്നിരിക്കുന്ന ലച്ചുവിനെ കണ്ടതും അവൻ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി എഴുന്നേറ്റു പോകാൻ ഒരുങ്ങവേ അവൾ എണീറ്റ് അവന്റെ കയ്യിൽ കയറി പിടിച്ചു…..

വിടെടി…

ഇല്ലാ… ഈ ദേഷ്യത്തിന്റെ കാരണം എനിക്കറിയണം….

എനിക്കാരോടും ഒരു ദേഷ്യവും ഇല്ലാ…. നീ കയ്യീന്ന് വിട്ടേ…

ചുമ്മാ പറയുവാ…. എന്നോടുള്ള ദേഷ്യം കാരണല്ലേ ചക്ക പുഴുക്ക് പോലും കഴിക്കാഞ്ഞേ…ഹരിയേട്ടന് ഇഷ്ട്ടമാണെന്ന് പറഞ്ഞത് കൊണ്ട് എന്തോരം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാന്ന് അറിയോ….

നിന്നോട് ഞാൻ പറഞ്ഞോ ഉണ്ടാക്കാൻ…. കൊണ്ട് പോയി നിന്റെ മറ്റവന് കൊടുക്ക്….. എന്നും പറഞ്ഞവൻ അവൾ പിടിച്ചു വെച്ച കൈ ബലമായിട്ട് അവളിൽ നിന്ന് എടുത്ത് മുന്നോട്ട് പടവുകൾ കയറിയതും അവൾ ഓടി ചെന്ന് അവന്റെ മുന്നിലേക്ക് കയറി നിന്നു….

ലച്ചൂ… ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ മാറി നിന്നോ… ഇല്ലേൽ നീ വെള്ളത്തിൽ കിടക്കും…

കിടന്നോട്ടെ എന്നാലും കുഴപ്പമില്ല… ഹരിയേട്ടൻ ഇപ്പൊ പറഞ്ഞില്ലേ മറ്റവൻ അതാരാ….

നിന്റെ അമ്മേടെ നായര്….

ദേ… എന്റെ അച്ഛന് പറഞ്ഞാലുണ്ടല്ലോ….

പറഞ്ഞാ നീ എന്ത് ചെയ്യും….. വേണ്ടാത്ത ഓരോന്ന് കാട്ടി കൂട്ടി വന്നിരിക്കുന്നു…. വൃത്തികെട്ടവൾ…

ഹരിയേട്ടൻ കുറേ നേരമായല്ലോ ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു.അതിന് മാത്രം ഞാൻ എന്ത് ചെയ്തൂന്നാ…

ഒന്നും ചെയ്തില്ലേ…..കെട്ടിപിടിച്ചു നിക്കുന്നത് കണ്ടിരുന്നല്ലോ നിന്റെ മനുവേട്ടൻ… അതങ്ങ് സുഖിച്ച പോലെ അവനോട് ഒട്ടി നിക്കുന്നത് കണ്ടിരുന്നല്ലോ…

ദേ…ഹരിയേട്ടാ… ചുമ്മാ കാര്യം അറിയാതെ ഓരോന്ന് പറയരുത്….

അറിയാതെ ഒന്നും അല്ലെടി… ഞാൻ കണ്മുന്നിൽ കണ്ട കാര്യം തന്നെയാ പറഞ്ഞത്….

കണ്ട കാര്യം മാത്രം നോക്കി ഒരാളെ അവിശ്വസിക്കുന്നതിന് മുൻപ് അതിന്റെ കാരണം അറിയാനുള്ള സാമാന്യ ബുദ്ധി കാണിക്കാൻ പഠിക്കണം ആദ്യം….അതാണ് ഒരു നല്ല മനുഷ്യന്റെ ലക്ഷണം….

ഞാൻ കുറച്ച് മോശപ്പെട്ടവൻ തന്നെയാടി… നീ പോയി അവന്റെ കൂടെ പൊറുക്ക്….. ഉടുത്തിരുന്നത് കയറ്റി വെച്ച് നിന്നിരുന്നല്ലോ അവന് മുന്നിൽ എന്നവൻ പറഞ്ഞതും അവൾക്ക് ദേഷ്യം കത്തി കയറിയിരുന്നു…

ഹരിയേട്ടാ… സൂക്ഷിച്ചു സംസാരിക്കണം… മനുവേട്ടൻ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാ…. തിരിച്ച് മനുവേട്ടനും അങ്ങനെ തന്നെയാ…വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കരുത്…

ഓ… പിന്നെ…. എന്ന് അവൻ പറഞ്ഞോ നിന്നോട്….
ഈ വക സ്വഭാവം കൊണ്ട് തന്നെയാവും നിന്റെ അച്ഛനും അമ്മയും നിന്നെ അടുപ്പിക്കാത്തേ….. എന്നവൻ പറഞ്ഞതും അവളുടെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു…. അതിന്റെ ഫലമായി അവളുടെ മിഴികൾ നിറയാൻ തുടങ്ങിയതും ദയനീയമായി അവനെയൊന്ന് നോക്കി താഴെ പടവിലേക്കിറങ്ങി മുട്ടുകാലിൽ മുഖം ചേർത്തിരുന്നവൾ ഏങ്ങി കൊണ്ടിരുന്നു………

അത് കണ്ട് അവനൊന്ന് എരിവ് വലിച്ചു സ്വയം തലയിലൊന്ന് കൊട്ടി അവളെ അടുത്തേക്ക് ചെന്നിരുന്ന് തോളിൽ കൈ വെച്ചതും അവളാ കൈ തട്ടി മാറ്റി കരഞ്ഞു കലങ്ങിയ മിഴികളാൽ അവനെ ഒന്ന് തുറിച്ചു നോക്കി….

ഇങ്ങനെ നോക്കി ദഹിപ്പിക്കാതെടി… സോറി…

വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞിട്ട് അവസാനം ഒരു മാപ്പ് പറച്ചിലിൽ മായ്ക്കാൻ പറ്റുന്ന ഒന്നല്ല ആ വാക്കുകൾ കൊണ്ട് മനസ്സിനേറ്റ മുറിവ്…..എന്നും പറഞ്ഞവൾ മുഖം പൊത്തി കരയാൻ തുടങ്ങിയതും അവൻ അവളെ ചേർത്ത് പിടിച്ചു….

തൊട്ട് പോവരുതെന്നെ… എന്നും പറഞ്ഞവൾ അവനിൽ നിന്ന് കുതറി മാറി കൊണ്ട് എഴുന്നേറ്റ് നിന്ന് അവന് നേരെ വിരൽ ചൂണ്ടിയതും അവനൊന്ന് ഞെട്ടി അവളെ നോക്കി എഴുന്നേറ്റു നിന്നു….

ലച്ചൂ… ഞാൻ… അവൻ നിന്നെ കെട്ടിപിടിച്ചു നിക്കുന്നത് കണ്ടിട്ട് സഹിച്ചില്ല… അതാ അങ്ങനെയൊക്കെ പറഞ്ഞേ….

പിന്നെ മനുവേട്ടൻ എന്ത് ചെയ്യണമായിരുന്നു… ഞാൻ വീഴാൻ പോയപ്പോ പിടിക്കാതെ ഇരിക്കണോ…..

നീ വീഴാൻ പോയത് അവൻ നിന്റെ കയ്യിൽ പിടിച്ചു വലിച്ചിട്ടല്ലേ… നിന്നെ തൊടാനുള്ള അധികാരം അവനാരാ കൊടുത്തേ….

ഒന്ന് കയ്യിൽ പിടിച്ചെന്ന് കരുതി അതിന് വേറെ അർത്ഥം കാണുന്നത് അത് കാണുന്ന ആളുടെ മനസ്സിന്റെ അഴുക്കാണ്….
പിന്നെ അത് തെറ്റാണെങ്കിൽ ഹരിയേട്ടൻ ഈ കാണിക്കുന്നതൊക്കെയോ…. അതിന് ഞാൻ എന്ത് പേരിട്ട് വിളിക്കണം….

അവനെ പോലെ ആണോടി ഞാൻ…
എന്നവൻ ചോദിച്ചതും അവൾ അവനിൽ നിന്ന് മുഖം തിരിച്ചു പടവുകൾ കയറാൻ തുടങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു…..

എന്റെ ചോദ്യത്തിന് ഉത്തരം തന്നിട്ട് പോയാ മതി നീ … പറ അവനെ പോലെയാണോ നിനക്ക് ഞാൻ….

എന്നവൻ വീണ്ടും ചോദിച്ചതും അവൾ കൈ കെട്ടി വെള്ളത്തിലേക്ക് നോക്കി നിന്നു…

തന്റെ ചോദ്യം കേൾക്കാത്തത് പോലുള്ള അവളുടെ നിൽപ്പ് കണ്ടതും അവന് നന്നേ ദേഷ്യം വന്നിരുന്നു….

ഡീ…. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്…..

ഹരിയേട്ടന് ദേഷ്യം വരാൻ പ്രേത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ….

അതേടി… ഹരികൃഷ്ണൻ ഇങ്ങനെ തന്നെയാ….നിന്റെ കാര്യത്തിൽ ഇനി തുടർന്നും ഇങ്ങനെ തന്നെ ആയിരിക്കും…. എന്നേക്കാൾ കൂടുതൽ നിന്നോട് ആരും അടുപ്പം കാണിക്കുന്നത് എനിക്കിഷ്ട്ടമല്ല…. നീ എന്റെയാ….

എന്ന് ഹരിയേട്ടൻ മാത്രം തീരുമാനിച്ചാൽ മതിയോ…. എനിക്കുമില്ലേ എന്റേതായിട്ടുള്ള ഇഷ്ട്ടങ്ങൾ…

ച്ചി… വാ അടക്കെടി…അവളുടെ ഒരിഷ്ട്ടങ്ങൾ…. എന്നിട്ട് എന്താടി….നീ നിന്റെ തന്തയോട് ഇത് പറയാത്തത്… അവരുടെ ഇഷ്ട്ടങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കുവല്ലാതെ എന്നെങ്കിലും അവർ നിന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞു ചെയ്ത് തന്നിട്ടുണ്ടോ…. അവർക്ക് മുന്നിൽ സംസാര ശേഷി ഇല്ലാത്തവളെ പോലെ നിൽക്കുന്നത് കാണാമല്ലോ…..

ആ അത് ചിലപ്പോ നിന്നെന്നിരിക്കും… അവർ എനിക്ക് ജന്മം തന്നവരാ..ആ ബഹുമാനം അവർക്ക് കൊടുത്തിരിക്കും….അത് കരുതി നിസ്സാര കാര്യത്തിന് മനസ്സ് മരവിക്കും വിധം വായിൽ തോന്നിയത് വിളിച്ചു പറയുന്നവർക്ക് മുന്നിൽ അങ്ങനെ നിന്ന് തരുമെന്ന് കരുതണ്ടാ….എന്നും പറഞ്ഞവൾ തിരിഞ്ഞതും അവനൊന്ന് പല്ലിറുമ്പി കണ്ണ് ചിമ്മി തുറന്നു അവളെ തിരിച്ചു നിർത്തി അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി….

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായത് കൊണ്ട് തന്നെ അവളുടെ മിഴികൾ വിടർന്നു വന്നു…. ഒരുപ്പാട് എതിർപ്പ് കാണിച്ചെങ്കിലും അവളെ കൂടുതൽ തന്നിലേക്കടുപ്പിച്ചു അവളോടുള്ള ദേഷ്യം മുഴുവൻ അവനാ ചുംബനത്തിൽ അലിയിക്കാൻ തുടങ്ങി……

വേദന സഹിക്കാൻ കഴിയാതെ ആയതും അവളുടെ നഖങ്ങൾ അവന്റെ പുറത്തേക്കു ആഴ്ന്നിറങ്ങി…. മിഴികൾ നിറഞ്ഞൊഴുകി ചുംബനത്തിൽ കലർന്നതും അവൻ അവളിൽ നിന്നകന്ന് നിന്നു അവളുടെ മുഖത്തേക്ക് നോക്കി….

ചുവന്നു തുടുത്തു മുറിവായ അധരങ്ങളും കണ്മഷി പടർന്നു വരുന്ന മിഴിനീരോടും കൂടി താഴേക്ക് നോക്കി നിൽക്കുന്നവളെ കാണെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു…

തന്റെ ചൂണ്ട് വിരലാൽ അവളുടെ താടിത്തുമ്പിൽ പിടിച്ചവൻ മുഖം ഉയർത്തിയതും അവനെ രൂക്ഷമായി നോക്കിയവൾ അവന്റെ വിരലിൽ തട്ടി….

അത് കണ്ട് അവനൊന്ന് ഇളിച്ചു കാട്ടി അവളുടെ കാതോരം മുഖം കൊണ്ട് പോയി….

വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ തലയിൽ കയറിയിട്ടല്ലേ…ഇത് നീ ചോദിച്ചത് വാങ്ങിയതാ മോളെ….സാരല്ല…. കെട്ട് കഴിയുമ്പോഴേക്കും ഇതൊക്കെ ശീലമാവുന്നത് നല്ലതാ…
എന്നും പറഞ്ഞവൻ അവളുടെ കാതിൽ മെല്ലെ കടിച്ചതും അവൾ അവന്റെ തോളിൽ കൈ വെച്ച് ഒന്നുയർന്നു പൊങ്ങി….

നീ… എന്റെയാ…. എന്റെ മാത്രം… മേലിൽ മറ്റൊരാൾ നിന്റെ ദേഹത്ത് കൈ വെക്കുന്നത് കണ്ടാൽ…. അതിനുള്ള എന്റെ ദേഷ്യം ഞാൻ ഇങ്ങനെയൊക്കെ തീർത്തിരിക്കും. അത് കൊണ്ട് എന്റെ ലച്ചൂ മോൾ അതൊക്കെ ഒന്ന് സൂക്ഷിച്ചോണം… കേട്ടോടി അധിക പ്രസംങി എന്നും പറഞ്ഞവൻ അവളുടെ മുറിവായ അധരങ്ങളിലേക്ക് കൈ കൊണ്ട് പോകവേ പല്ലിറുമ്പി അവന്റെ നെഞ്ചിൽ കൈ വെച്ചവൾ പിറകിലേക്ക് ആഞ്ഞു തള്ളിയതും അവൻ വെള്ളത്തിലേക്ക് ചെന്ന് വീണു……

മുങ്ങി നിവർന്നു വന്ന അവനെ കണ്ട് കൈ രണ്ടും മാറിൽ പിണച്ചു കെട്ടിയവൾ വിജയ ചിരിയാൽ അവനെ നോക്കിയതും അവനവളെ നോക്കി പല്ലിറുമ്പി….

ഡീ……

പോടാ…. എന്നും വിളിച്ചവൾ അവനെ നോക്കി കൊഞ്ഞനം കുത്തി പടവുകൾ ഓടി കയറി പോയതും… അവൻ വായും തുറന്നു നിന്നു….

ഏഹ്..അവളിപ്പോ എന്നെ പോടാന്നല്ലേ വിളിച്ചേ….ഓ…ബഹുമാനൊക്കെ പോയോ…. എങനെ പോവാതിരിക്കും അമ്മാതിരി പണിയല്ലേ ചെയ്ത് കൂട്ടുന്നേ…..പെണ്ണ് കാണുന്ന പോലൊന്നും അല്ല സൂക്ഷിക്കണം…. ഇല്ലേൽ പറഞ്ഞ പോലെ അവളെന്നെ തൊഴിക്കാൻ ചാൻസ് ഉണ്ട്…ഈ ദേഷ്യം കാരണം ഞാൻ ഇനി എന്തൊക്കെ അനുഭവിക്കണോ എന്തോ….ഇതിന് വല്ല മരുന്നും കാണുവോ… ഏയ്‌ ശേ…. ഉണ്ടെങ്കിൽ ഞാൻ പഠിച്ചതിൽ കാണുമായിരുന്നു…… ആ കിട്ടിപ്പോയ്… മോനേ…. ദാസപ്പാ…ഞാൻ ദേ വരുന്നെടാ….എന്നും പറഞ്ഞവൻ ഒന്ന് മുങ്ങി നിവർന്നു….

വിറച്ചു ഒട്ടി വരുന്ന ഹരിയെ കണ്ടതും ഉമ്മറത്തിരിക്കുന്ന എല്ലാവരുടെയും കണ്ണുകൾ അവനിലേക്കായി….

ഹരിക്കുട്ടാ…. എന്താടാ ഇത് എന്നും ചോദിച്ചു മാലു അവന്റെ അടുത്തേക്ക് ഓടി ചെന്നപ്പോഴാണ് അവൻ ഉമ്മറത്തേക്ക് നോക്കിയത്. അമ്മായിമാരും കിച്ചുവും ശ്രീയും ഒക്കെ തന്നെ കണ്ട് കണ്ണും തള്ളി നിക്കുന്നുണ്ട്….

ഓ… ഒക്കെ ഹാജരാണല്ലോ… ഇവർക്ക് അപ്പുറത്തെങ്ങാനും പോയി ഇരുന്നൂടെ…. എന്നു മനസ്സിൽ പറഞ്ഞവൻ അവരെ നോക്കി ഒന്നിളിച്ചു കാട്ടി….

എന്താടാ ചോദിച്ചിട്ട് ഒന്നും പറയാതെ ഇളിച്ചോണ്ട് നിക്കുന്നത്….. എന്നും പറഞ്ഞു മാലു അവന്റെ കയ്യിൽ അമർത്തി ഒന്ന് പിച്ചി…

ഊ….. എന്താ അമ്മാ… ഈ കാണിക്കുന്നത്… എന്നും ചോദിച്ചവൻ മാലു പിച്ചിയ ഭാഗം തിരുമ്മാൻ തുടങ്ങി…

നിന്നോട് ചോദിച്ചത് കേട്ടില്ലേ…. എന്താ ഇത്….

ഏത്…

ഓ… ഇവനെ കൊണ്ട്…. ഡാ… നീ എങ്ങനെയാ നനഞ്ഞേ…

ആ… അതാണോ…. അത് ഞാനൊന്ന് കുളിച്ചു… അപ്പൊ നനഞ്ഞു…

ഷർട്ടും മുണ്ടും ഇട്ടിട്ടാണോടാ കുളിക്കുന്നത്….

അതെന്താ ഷർട്ടും മുണ്ടും ഇട്ട് കുളിക്കാൻ പാടില്ലാന്ന് വല്ല നിയമവും ഉണ്ടോ…

നീ എന്തെക്കെയാടാ… ഹരി പറയുന്നേ….

ഒന്നൂല്ല വല്ല്യമ്മായി ചുമ്മാ എന്നും പറഞ്ഞവൻ ശാരുവിനൊന്ന് കൺ ചിമ്മി കാണിച്ചു….

അവനെ ഇങ്ങനെ നിർത്തി ചോദ്യം ചെയ്യാതെ അകത്തേക്ക് വിട് മാലു….ആ ചെക്കന് പനി പിടിക്കും….

ആ… അതാണ്… ചെറിയാമ്മായിക്ക് മാത്രമേ ഇവിടെ ബുദ്ധി ഒള്ളു….

ഈ കോലത്തിൽ അവൻ അകത്തേക്ക് കയറിയാ അവിടം മൊത്തം വെള്ളമാവും….

ഓ….എന്താ അമ്മാ… അതങ്ങ് തുടച്ചാ പോരെ…

ഓ… പിന്നെ എനിക്കെങ്ങും വയ്യ…..നീ തുടച്ച് കളയുമെങ്കിൽ കയറിക്കോ…

രണ്ടാങ്ങളമാരും കൂടി കൊഞ്ചിച്ച് വഷളാക്കിയേക്കുവാ… അമ്മക്ക് നല്ല രണ്ട് അടിയുടെ കുറവുണ്ട്….

എങ്കി നീ അടിക്കെടാ….

ശെടാ… ഇതിപ്പോ നല്ല കഥ….
ഡീ ശ്രീ…. ഒരു തോർത്തെടുത്തു ഹരിക്ക് കൊണ്ട് കൊടുത്തേ…..

അയാം തെ സോറി അമ്മാ….ഞങ്ങൾ ഗെയിം കളിക്കുവാ…എണീറ്റ് പോവാൻ പറ്റില്ല … ഇവളേ കള്ള കളിയുടെ ആശാത്തിയാ എന്നും പറഞ്ഞവൾ കിച്ചുവിനെ നോക്കിയതും. കിച്ചു അവളെ നോക്കി പല്ലിറുമ്പി….

പറഞ്ഞാ അനുസരണ ഇല്ലാത്ത രണ്ട് അസത്തുക്കൾ……

മോളെ ലച്ചൂ…

എന്തോ….

ഒരു തോർത്ത് എടുത്ത് പെട്ടന്ന് ഇങ് വന്നേ..

ആ.. ദാ വരുന്നു….

കണ്ടോടി… ഇങെനെയാവണം പെൺകുട്ടികൾ…എന്ന് ശ്രീയേയും കിച്ചുവിനേയും നോക്കി… ശ്യാമ പറഞ്ഞതും അവർ മുഖം കോട്ടി അവരുടെ കളിയിലേക്ക് തിരിഞ്ഞു…..

ദാ…. ചെറിയമ്മേ തോർത്ത്‌…..

ഹരിക്ക് കൊടുക്ക് മോളെ… അവൻ ഒരുപ്പാട് നേരായി നനഞ്ഞു നിക്കുന്നു എന്നവര് പറഞ്ഞതും അവൾ തോർത്തിൽ ഒന്നൂടെ പിടി മുറുക്കി……….

തുടരും…..